തനിക്കും തന്റെ ഭരണകൂടത്തിനുമെതിരെ ഉയരുന്ന ഏതു ചെറിയ ശബ്ദവും ഏകാധിപതികളുടെ ഉറക്കം കെടുത്തും. അത്തരം നാവുകളെ നിശബ്ദമാക്കാൻ അവരെന്തും ചെയ്യും. ഏതറ്റം വരെയും പോകും. പരിധിയില്ലാത്ത കുടിലതയുടെ അത്തരം തേർവാഴ്ചകളാൽ മുഖരിതമാണ് നരേന്ദ്രമോദിയുടെ ഭരണകാലം. ന്യൂസ്-ക്ലിക്കിനും പ്രബീർ പുർകായസ്തയ്ക്കും അമിത് ചക്രവർത്തിയ്ക്കുമെതിരെ നടന്ന പൊലീസ് വേട്ട ഒട്ടും അപ്രതീക്ഷിതമല്ല. സ്റ്റാൻ സ്വാമിയ്ക്കു വ്യവസ്ഥാപരമായ വധശിക്ഷ വിധിച്ച അതേ ശക്തികൾ തന്നെയാണ് പ്രബീറിന്റെ വേട്ടയ്ക്കു പിന്നിലും.
പ്രചാരത്തിന്റെയോ സ്വാധീനത്തിന്റെയോ കാര്യത്തിൽ അത്ര വലിയ സ്ഥാനമൊന്നും ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിനില്ല. എന്നാൽ അവരുടെ എഡിറ്റോറിയൽ ഉള്ളടക്കങ്ങൾക്ക് മോദിയുടെയും കൂട്ടരുടെയും ഉറക്കംകെടുത്താനുള്ള കരുത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന പ്രശ്നങ്ങളാണ് ന്യൂസ് ക്ലിക്കിന്റെ വാർത്താ വിഭവമാകുന്നത്. കര്‍ഷക, തൊഴിലാളി പ്രക്ഷോഭങ്ങൾക്കും ജനകീയ സമരങ്ങൾക്കുമൊന്നും ഒരു പ്രാധാന്യവും മുഖ്യധാരാമാധ്യമങ്ങൾ കൽപ്പിക്കുന്നില്ല. വിവിധ വിഷയങ്ങളിൽ സർക്കാർ കൈക്കൊള്ളുന്ന കോർപറേറ്റ് അനുകൂല നയങ്ങളുടെ പ്രത്യാഘാതങ്ങളും മുഖ്യധാരാ പത്രങ്ങളും ചാനലുകളും അവഗണിച്ചുതള്ളുകയാണ്. ഇത്തരം വിഷയങ്ങൾ സംബന്ധിച്ച വാർത്തകളും വിശകലനങ്ങളുമാണ് ന്യൂസ് ക്ലിക്ക് നൽകുന്നത്. എഡിറ്റോറിയൽ ടീമാകട്ടെ, ഇടതുപക്ഷത്ത് വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചിരിക്കുന്ന പൊതുപ്രവർത്തകരും.
മോദിയെ വിമർശിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കുന്ന ആളല്ല പ്രബീർ. അടിയന്തരാവസ്ഥക്കാലത്തെ തടവുകാരെ ആദരിക്കാൻ 2015 ഒക്ടോബറില്‍ കേന്ദ്രസർക്കാർ ഒരു ചടങ്ങ് സംഘടിപ്പിച്ചു. തടവുകാർക്ക് നരേന്ദ്രമോദി വക പുരസ്കാര സമർപ്പണം. പ്രബീറും അടിയന്തരാവസ്ഥ തടവുകാരനാണ്. സ്വാഭാവികമായും അദ്ദേഹത്തിനും ക്ഷണം ലഭിച്ചു. ചടങ്ങ് ബഹിഷ്കരിക്കാനായിരുന്നു പ്രബീറിന്റെ തീരുമാനം. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയിൽ നിന്നും ഇത്തരമൊരു പുരസ്കാരം സ്വീകരിക്കാൻ താനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിലടങ്ങിയ വെല്ലുവിളിയും ചങ്കൂറ്റവും പ്രകോപിപ്പിക്കേണ്ടവരെയൊക്കെ പ്രകോപിപ്പിച്ചു. അതേത്തുടർന്നായിരുന്നു ന്യൂസ് ക്ലിക്കിന് താഴിടാനും പ്രബീറിനു കാരാഗ്രഹം വിധിക്കാനുമുള്ള കുറുക്കുവഴികൾക്കു വേണ്ടിയുള്ള ഗവേഷണം തുടങ്ങിയത്.
സ്റ്റാൻ സ്വാമി:
കുടിലതയുടെ ഇര
വ്യക്തിയോടു പക വീട്ടാൻ ഭരണകൂടം ഏതറ്റം വരെ പോകുമെന്നറിയാൻ സ്റ്റാൻ സ്വാമിയെ ഓർത്താൽ മതി. ഇന്ത്യൻ ഭരണകൂടത്തിന്റെയോ സംഘപരിവാറിന്റെയോ ശക്തിയ്ക്കും സ്വാധീനത്തിനും മുന്നിൽ ഒരു തുലനത്തിനും പോന്ന മനുഷ്യനായിരുന്നില്ല അദ്ദേഹം. മെല്ലിച്ച ശരീരമുള്ള ഒരു വയോവൃദ്ധൻ. പക്ഷേ, അദ്ദേഹത്തിന്റെ നിലപാടുകളുടെ ഉൾക്കരുത്ത് സംഘപരിവാറിനും കോർപറേറ്റുകൾക്കും അവരുടെ ഏറാൻമൂളികളായ പൊലീസിനും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആദിവാസികളുടെ ഉന്നമനത്തിനും അവകാശത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു സ്വാമി നയിച്ചത്. അതും നിയമപോരാട്ടം. ആ പോരാട്ടം നയിച്ചതിന്റെ പേരിൽ വ്യവസ്ഥാപരമായ മാർഗങ്ങളിലൂടെ ഏറ്റവും നിർദ്ദയമായി അദ്ദേഹത്തിന്റെ ജീവനെടുത്തുകൊണ്ടായിരുന്നു ഭരണകൂടത്തിന്റെ പ്രതികാരനിർവഹണം. സ്റ്റാൻ സ്വാമിയുടെ വഴിയേ പോകുന്നവർക്കെല്ലാം ഇതായിരിക്കും അനുഭവമെന്ന ബിജെപിയുടെ മുന്നറിയിപ്പ്.
ഝാർഖണ്ഡിലെ ജനസംഖ്യയുടെ മുപ്പതു ശതമാനത്തോളം ആദിവാസികളാണ്. വൻകിട വികസനപദ്ധതികളുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നതും കുടിയൊഴിപ്പിക്കപ്പെടുന്നതും വഴിയാധാരമാകുന്നതും ആദിവാസി വിഭാഗമാണ്. ഭൂമി നഷ്ടപ്പെടുന്നതിനും ന്യായമായ പുനരധിവാസം ലഭിക്കാത്തതിനുമെതിരെ ചെറുതും വലുതുമായ അനേകം പ്രക്ഷോഭങ്ങളാണ് ഝാർഖണ്ഡിൽ നടക്കുന്നത്. ആ പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ നിർഭയസാന്നിധ്യമായിരുന്നു സ്റ്റാൻ സ്വാമി. ഭരണകൂടത്തിനു വഴങ്ങാനും കീഴടങ്ങാനും മാത്രം അറിയുമായിരുന്ന പാവങ്ങളുടെ സിരകളിൽ അവകാശബോധം നിറയ്ക്കാനുള്ള കർത്തവ്യമാണ് സ്വാമി ഏറ്റെടുത്തത്. തൽഫലമായി കുടിയൊഴിക്കപ്പെടുന്നവർ ചെറുത്തുനിൽക്കാൻ തുടങ്ങി. മതിയായ നഷ്ടപരിഹാരത്തിനും പകരം ഭൂമിയ്ക്കും വേണ്ടി വിലപേശാൻ അവർ പഠിച്ചു. ചെറുത്തുനിൽപ്പ് പ്രക്ഷോഭങ്ങളിലേയ്ക്കും തർക്കം കേസുകളിലേയ്ക്കും വളർന്നു. പഴയതുപോലെ ഒരുത്തരവു കൊണ്ട് ആയിരങ്ങളെ ആട്ടിയകറ്റി ഭൂമി സ്വന്തമാക്കാൻ സർക്കാരിന് കഴിയാതെ വന്നു. വേണേൽ ജീവൻ തരാം, പക്ഷേ, ഭൂമി തരില്ല എന്ന മുദ്രാവാക്യം ആദിവാസി ഊരുകളിൽ അലയടിച്ചു. ആ അവകാശബോധത്തിലേയ്ക്ക് ഝാർഖണ്ഡിലെ ആദിവാസികളെ വളർത്തിയതിൽ നിർണായകസ്വാധീനമായിരുന്നു സ്റ്റാൻ സ്വാമിയ്ക്ക്.
2008ലാണ് വൻകിട സ്റ്റീൽ പ്ലാന്റു പണിയാൻ ആർസെലർ മിത്തൽ 12,000 ഏക്കർ ഭൂമി വേണമെന്ന ആവശ്യമുന്നയിച്ച് പദ്ധതി രേഖ സമർപ്പിച്ചത്. പതിനായിരക്കണക്കിന് ആദിവാസി കുടുംബങ്ങൾ അധിവസിക്കുന്ന 12,000 ഏക്കർ ഭൂമി ആരോടും കൂടിയാലോചിക്കാതെ സ്റ്റീൽ പ്ലാന്റിന് വിട്ടുകൊടുക്കാൻ ഒരു സുപ്രഭാതത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പക്ഷേ, ആ ഭൂമി ഇന്നേവരെ ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, ആ ആവശ്യത്തിൽ നിന്ന് ആർസെലർ മിത്തലിന് പിന്നോട്ടു പോകേണ്ടതായും വന്നു. കാരണം ആദിവാസികളുടെ ചെറുത്തുനിൽപ്പായിരുന്നു. വൻകിട പദ്ധതികളുടെ പേരിൽ കിടപ്പാടവും കൃഷിഭൂമിയും ഒരു ചെറുത്തുനിൽപ്പും കൂടാതെ വിട്ടുകൊടുത്ത തലമുറയുടെ സ്ഥാനത്ത് വിട്ടുവീഴ്ചയില്ലാതെ ചെറുത്തുനിൽക്കാൻ ശേഷിയുള്ള യുവതലമുറ രംഗത്തു വന്നു. ഇനിയങ്ങോട്ട് കാര്യങ്ങൾ അത്രയെളുപ്പമല്ലെന്ന് സർക്കാരിനും കോർപറേറ്റുകൾക്കും മനസിലായി.
ഈ വെല്ലുവിളി അതിജീവിക്കാൻ സർക്കാർ എളുപ്പവഴി കണ്ടെത്തി. ഭൂമിയ്ക്കായി പ്രക്ഷോഭത്തിനിറങ്ങുന്ന ആദിവാസി യുവാക്കളെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി ജയിലിലടയ്ക്കുക. യുഎപിഎ വകുപ്പു ചുമത്തിയാൽ മതി, ആയുഷ്കാലം ജയിലിൽ കിടത്താം. ആദിവാസികൾക്ക് എവിടുന്ന് നിയമസഹായം കിട്ടാൻ. പ്രക്ഷോഭത്തെ അങ്ങനെയാണ് സർക്കാർ നേരിട്ടത്. ഫലമോ, പതിനായിരക്കണക്കിന് ആദിവാസി യുവാക്കൾ ജയിലിലായി.
സ്വാമിയും വെറുതേയിരുന്നില്ല. അവർക്കു നിയമസഹായം ഉറപ്പുവരുത്താൻ അരയും തലയും മുറുക്കി അദ്ദേഹം രംഗത്തിറങ്ങി. ജില്ലകൾ തോറും കയറിയിറങ്ങി ജയിലിൽ കിടക്കുന്നവരുടെ കുടുംബങ്ങളെ സന്ദർശിച്ചു. ജാമ്യം ലഭിക്കാതെ അനന്തമായി നീളുന്ന വിചാരണയും കാത്ത് ജയിലിൽ കിടക്കുന്നവരെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി. മൂവായിരം ആദിവാസി യുവാക്കളും രണ്ടായിരം ദളിത് യുവാക്കളും ഇത്തരത്തിൽ കുറ്റപത്രം പോലും നൽകാതെ ജയിലിൽ കിടക്കുന്ന വിവരം കൃത്യമായ തെളിവുകളോടെ ഝാർഖണ്ഡ് ഹൈക്കോടതിയെ ധരിപ്പിച്ചു. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടു. സർക്കാരിന്റെ മുഖം വികൃതമായി.
സർക്കാരും വെറുതെയിരുന്നില്ല. ആദിവാസികൾക്കുവേണ്ടി തയ്യാറാക്കിയ അതേ ചാപ്പ സ്വാമിയ്ക്കും ചാർത്തപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എങ്ങനെ തെളിയിക്കും? വേണ്ടത് ഡിജിറ്റൽ തെളിവുകളാണ്. നിരോധിച്ച സംഘടനകളുമായി നിരന്തരം ബന്ധമുണ്ടെന്നും അവരുമായി പലതും കൂടിയാലോചിച്ചുവെന്നും തെളിയിക്കണം. സിനിമാ ഭാഷയിൽ പറഞ്ഞാൽ ക്ലിഞ്ചിംഗ് പ്രൂഫും ഇൻക്രിമിനേറ്റിംഗ് എവിഡൻസും വേണം. അതിന് സ്വീകരിച്ച വഴികൾ വിശദീകരിക്കാനും ഒരു അമേരിക്കൻ പത്രം വേണ്ടി വന്നു. 2022 ഡിസംബറിൽ വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച Hackers planted evidence on computer of jailed Indian priest, report says എന്ന തലക്കെട്ടിലെ വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. വിരോധമുള്ളവരെ കേസിൽ കുടുക്കാൻ അവരുടെ വീട്ടിനുള്ളിൽ കഞ്ചാവു പൊതി നിക്ഷേപിച്ച ശേഷം റെയിഡു നടത്തുന്ന പോലീസുകാരെ നാം ഒട്ടേറെ സിനിമകളിൽ കണ്ടിട്ടുണ്ട്. അത്തരമൊരു തരംതാണ പണിയാണ് സ്റ്റാൻ സ്വാമിയോടും കൂട്ടുകാരോടും പൊലീസ് കാണിച്ചത്.
ഭീമാ കൊറേഗാവ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിനു മുന്നേ തന്നെ സ്വാമിയുടെ വീട് റെയിഡ് ചെയ്ത് കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈലുമൊക്കെ പൊലീസ് പിടിച്ചെടുത്തു. മാവോയിസ്റ്റ് ബന്ധം തെളിഞ്ഞത് ആ കമ്പ്യൂട്ടറുകളിൽ നിന്നായിരുന്നു.
സ്വാമിയുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ പൊലീസ് ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളെല്ലാം കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നാണ് പുതിയ വെളിപ്പെടുത്തൽ. വിദഗ്ധരായ ഹാക്കർമാരെ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നുഴഞ്ഞു കയറി പൊലീസിനാവശ്യമായ തെളിവുകൾ സൃഷ്ടിക്കുകയായിരുന്നു. 2014 മുതൽ ഹാക്കർമാർ സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടർ കൈവശപ്പെടുത്തിയിരുന്നു എന്നാണ് ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. റെയിഡിന് തൊട്ടു മുമ്പു വരെ (2019 ജൂൺ) സ്വാമിയുടെ കമ്പ്യൂട്ടറിൽ ഹാക്കർമാർ വ്യാജ സന്ദേശങ്ങളും ഡോക്യുമെന്റുകളും സ്ഥാപിച്ചുകൊണ്ടേയിരുന്നു. ഈ ഫയലുകളൊന്നും സ്വാമി ഒരിക്കൽപ്പോലും തുറന്നു നോക്കിയതിന് ഡിജിറ്റൽ രേഖകളില്ലെന്നും റിപ്പോർട്ട് സ്ഥാപിക്കുന്നു.
അമേരിക്ക ആസ്ഥാനമാക്കിയ ആര്‍സനല്‍ കണ്‍സള്‍ട്ടിങ് എന്ന ഫോറന്‍സിക് വിശകലന സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കുറ്റാരോപിതരുടെ കമ്പ്യൂട്ടറുകളിൽ കടന്നു കയറി രഹസ്യ ഫോള്‍ഡറുണ്ടാക്കി കെട്ടിച്ചമച്ച തെളിവുകള്‍ അവയിൽ സ്ഥാപിക്കുകയായിരുന്നു. സ്റ്റാൻ സ്വാമി മാത്രമല്ല, അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ റോണ വില്‍സൺ, വരവരറാവു, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രൊഫസറായ ആനന്ദ് തെല്‍തുംബ്ഡേ, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, നടനും പ്രസാധകനുമായ സുധീര്‍ ധവാളെ, നാഗ്പുര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഷോമ സെന്‍, കമ്യൂണിസ്റ്റ് നേതാവ് സുധ ഭരദ്വാജ്, എഴുത്തുകാരന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹാനി ബാബു എന്നിവരിൽ പലരുടെയും കമ്പ്യൂട്ടറുകളിൽ ഇത്തരത്തിൽ വ്യാജത്തെളിവുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ആര്‍സനലിന്റെ കണ്ടെത്തൽ.
അന്വേഷണ സംഘത്തിന്റെ രീതി ഏതാണ്ട് ഇങ്ങനെയാണ്. അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം ചേർന്ന് പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും അതിന് ആയുധം വാങ്ങാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ ആരോപണം നിരത്തും. ഇത്തരം ആരോപണങ്ങൾ ഒരിക്കലും കോടതിയ്ക്ക് ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയില്ല. തങ്ങളുടെ ആരോപണത്തിന്റെ തെളിവ് താമസംവിനാ അറസ്റ്റു ചെയ്യപ്പെട്ടവരുടെ ലാപ്ടോപ്പുകളിൽ നിന്ന് അന്വേഷണ സംഘത്തിന് “കിട്ടും”. ഈ തെളിവുകൾ കമ്പ്യൂട്ടറുകളിൽ നിക്ഷേപിക്കുന്ന ചുമതലയാണ് ഹാക്കർമാർക്ക്. പൊലീസ് പുള്ളിതൊട്ടു നിർത്തിയിരിക്കുന്നവരുടെ കമ്പ്യൂട്ടറുകളിൽ അവർ നേരത്തെ തന്നെ കടന്നുകയറും. രഹസ്യ ഫോൾഡറുകളുണ്ടാക്കി പൊലീസിനാവശ്യമായ തെളിവുകൾ സ്ഥാപിക്കും. ഉടമകൾ പോലുമറിയാതെ, അവരുടെ ഇ മെയിൽ വിലാസത്തിൽ നിന്ന് സന്ദേശങ്ങൾ പുറപ്പെടും. അയച്ച സന്ദേശങ്ങൾ ഹാക്കർമാർ തന്നെ ഡിലീറ്റു ചെയ്യും, പൊലീസിന്റെ ഫോറൻസിക് പരിശോധനയിൽ അവ വീണ്ടെടുക്കപ്പെടും. ഈ തെളിവുകളെ അവഗണിക്കാൻ ഒരു കോടതിയ്ക്കും കഴിയില്ല.
ഇത്തരം ഹാക്കർമാരുടെ സേവനം കിട്ടാൻ പൊലീസ് മാത്രം വിചാരിച്ചാൽ പോര. അതിന് വൻകിട കോർപറേറ്റു ബുദ്ധി തന്നെ വേണം. അത്രമാത്രം പണച്ചെലവുള്ള ദൗത്യമാണത്. സ്റ്റാൻ സ്വാമി അടക്കമുള്ളവരുടെ പ്രയത്നത്തിന്റെ ഫലമായി ഭൂമി ഏറ്റെടുക്കൽ സ്വപ്നം തകർന്നുപോയ കോർപറേറ്റ് ഭീമന്മാർ തന്നെയാണ് ഇത്തരം വ്യാജതെളിവുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എന്ന് ന്യായമായും അനുമാനിക്കാം. ഇത്തരമൊരു കുടിപ്പക പൊലീസിന് ഇവരോട് തോന്നേണ്ട ഒരു കാര്യവും സാമാന്യബുദ്ധിയ്ക്ക് കണ്ടെത്താൻ കഴിയില്ല.
ശേഷം ചരിത്രമാണ്. അറസ്റ്റിലാകുമ്പോൾ 84 വയസാണ് സ്വാമിയ്ക്ക്. കടുത്ത പാർക്കിൻസൺസ് രോഗം. കുടിവെള്ളം കുടിക്കാൻ ഒരു സ്ട്രോയും സിപ്പറും അനുവദിച്ചു കിട്ടാൻ കോടതിയുടെ ദയയ്ക്കു വേണ്ടി ഇരന്നിട്ടും ആരും കനിഞ്ഞില്ല. സ്വാമിയുടെ ആവശ്യത്തോട് പ്രതികരിക്കാൻ എൻഐഎ ആവശ്യപ്പെട്ടത് 20 ദിവസമാണ്. വാർദ്ധക്യസഹജമായ അവശതകളുടെയും രോഗത്തിന്റെയും അങ്ങേയറ്റത്തു നിൽക്കുന്ന ഒരു വയോധികന് വെള്ളം കുടിക്കാന്‍ ഗ്ലാസു നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ വേണ്ടി വന്ന നടപടിക്രമങ്ങളാണിത്. 20 ദിവസം കഴിഞ്ഞ് എൻഐഎ കൈമലർത്തി. വെള്ളം കുടിക്കാനുള്ള ഗ്ലാസ് കിട്ടാൻ ജയിലിൽ കിടക്കുന്ന എൺപത്തിനാലു വയസുള്ള ഒരു വൃദ്ധന് ഹൈക്കോടതിയെ സമീപിക്കേണ്ടി വരുന്ന അവസ്ഥ. ഏതായാലും ആ ഹർജി ഹൈക്കോടതി തീർപ്പാക്കുന്നതിനു മുമ്പ് സ്വാമിയെ മരണം മോചിപ്പിച്ചു.
സ്വാമി ഏറ്റെടുത്ത പോരാട്ടം സംബന്ധിച്ച റിപ്പോർട്ടുകൾ ന്യൂസ് ക്ലിക്കും നൽകിയിട്ടുണ്ട്. ഝാർഖണ്ഡിൽ ഭൂമി സംരക്ഷണത്തിന് ആദിവാസികൾ നടത്തുന്ന പോരാട്ടങ്ങളുടെ വിശദമായ റിപ്പോർട്ടുകൾ. പ്രബീറിനും അമിത് ചക്രവർത്തിയ്ക്കും വിധിച്ചിരിക്കുന്നത് സ്റ്റാൻ സ്വാമിയുടെ ഗതിയാണെന്നതിന്റെ സൂചനകൾ ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ വേണ്ടുവോളമുണ്ട്. മാധ്യമസ്ഥാപനം എത്ര ചെറുതോ അതിന്റെ സ്വാധീനം സമൂഹത്തിൽ തുലോം തുച്ഛമോ ആകട്ടെ. ചൊടിപ്പിക്കേണ്ടവരെ ചൊടിപ്പിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചാൽ വിവരമറിയും എന്ന് പച്ചയ്ക്കു തന്നെ ഭീഷണി മുഴക്കുകയാണ് മോദി സർക്കാർ. ♦