Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിസത്യത്തിന്റെ നാവരിയുന്ന 
നുണഫാക്ടറികൾ

സത്യത്തിന്റെ നാവരിയുന്ന 
നുണഫാക്ടറികൾ

ടി ഗോപകുമാർ

ന്യൂസ്‌ ക്ലിക്കിനെതിരായ കേസിൽ, സത്യസന്ധമായ അവരുടെ ഉള്ളടക്കത്തോടുള്ള കേന്ദ്രസർക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്നത് വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവർ അതൊന്നും പറയാത്തത് എന്നത് ശ്രദ്ധേയമാണ്. പറഞ്ഞാൽ ആ സത്യത്തോട് നേർക്കുനേർ ഏറ്റുമുട്ടാൻ അവർക്കാവില്ല എന്നുറപ്പാണ്. അപകടകരമായ വാർത്തകളോ നുണകളോ പ്രചരിപ്പിച്ച മാധ്യമമല്ല ന്യൂസ്-ക്ലിക്ക്. എന്നാൽ സംഘപരിവാറിന്റെ ചരിത്രം മുഴുവൻ അതാണുതാനും. മാധ്യമങ്ങളെ വിരട്ടിയും വശീകരിച്ചും വിലയ്ക്കെടുത്തും ഇപ്പോൾ ചെയ്യുന്നതിനും എത്രയോ മുൻപേ തന്നെ നവമാധ്യമങ്ങളെ ഉപയോഗിച്ച് വലിയ നുണകൾ വ്യാപകമായി പ്രചരിപ്പിച്ചാണ് അവർ അധികാരത്തിലെത്തിയത്.

തീവ്രവലതുപക്ഷം ആഗോളാടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രചരണത്തിനുള്ള ഉപാധിയായി സ്വീകരിക്കുന്നത് നവമാധ്യമങ്ങളെയാണ്. ടെലഗ്രാം ചാനലുകളിലൂടെയും ട്വിറ്റർ (ഇപ്പോഴത്തെ X) ഹാൻഡിലുകളുമാണ് അവരുടെ മുഖ്യ രാഷ്ട്രീയ പ്രചരണോപാധി. ഇത്തരത്തിൽ ഉപയോഗിക്കാൻ പലകാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം നുണയെ പുനരുല്പാദിപ്പിക്കാനും പ്രചരിപ്പിക്കാനുമാകുന്ന ഒരു മാധ്യമമാണ് എന്നതാണ്.

സത്യാനന്തര കാലത്തിന്റെ മികച്ച ഗുണഭോക്താക്കൾ എന്ന നിലയിൽ പുനരുല്പാദിപ്പിക്കപ്പെടാവുന്ന അസത്യങ്ങളുടെ പിൻബലത്തിൽ ആക്രമണോത്സുക രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് വലതുപക്ഷത്തിന്റെ പ്രവർത്തനരീതി. ഇന്ത്യയിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെ പ്രധാന പ്രചാരണ ഉപാധിയും സോഷ്യൽ മീഡിയയാണ്. നുണകൾ പ്രചരിപ്പിക്കുക മാത്രമല്ല, കൃത്രിമമായി പൊതുസമ്മതി രൂപീകരിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ വിദഗ്ധമായി ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന വലിയ ശൃംഖലയാണ് സംഘപരിവാറിന്റെ ഐടി സെൽ.

മാധ്യമ പ്രവർത്തകയായ സ്വാതി ചതുർവേദിയുടെ “I Am A Troll: Inside the Secret World of the B.J.P.’s Digital Army’ എന്ന പുസ്തകത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും ബിജെപി സർക്കാരുകളെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരേയും എന്തിന്, വൻകിട കോർപ്പറേറ്റുകളെപ്പോലും എങ്ങനെയെല്ലാമാണ് സംഘപരിവാർ ഐടി സെൽ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കേവലമായ ആശയപ്രചാരണ ഉപാധി മാത്രമല്ല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെന്നും മറിച്ച് മനുഷ്യരെയും സംഘടനകളെയും അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനും ഉപയോഗിക്കാവുന്ന മൂർച്ചയേറിയ ആയുധമാണതെന്നും സംഘപരിവാർ എത്രയോ തവണ തെളിയിച്ചിട്ടുണ്ട്.

സംഘപരിവാർ ഫ്രിഞ്ച് ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുന്നത് രാജ്യം മുഴുവൻ പരന്നുകിടക്കുന്ന വാട്ട്സ്ആപ്പ് ശൃംഖലകൾ വഴിയാണ്. ഈ ശൃംഖലയ്ക്കകത്ത് നടക്കുന്ന കാര്യങ്ങളെ വിലയിരുത്താനും നയിക്കാനും എല്ലാദിവസവും നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ തന്നെ യോഗം കൂടാറുണ്ടെന്ന് സ്വാതി ചതുർവേദി തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

സ്ത്രീകളായ മാധ്യമ പ്രവർത്തകരുടെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല വീഡിയോകളും നിർമിച്ച് പങ്കുവെക്കുന്ന ആയിരക്കണക്കിന് വ്യാജ ട്വിറ്റർ അക്കൗണ്ടുകളാണ് ബിജെപി ഐടി സെല്ലിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമങ്ങളിലെ നിഷ്-പക്ഷ മാധ്യമ പ്രവർത്തകരായ പലർക്കും പാക്കിസ്ഥാൻ ചാര സംഘടനയായ ISI യുമായി ബന്ധമുണ്ടെന്ന പ്രചാരണവും ട്വിറ്ററിൽ വ്യാപകമായി നടന്നിരുന്നു. ഇതും ബിജെപി ഐടി സെല്ലിന്റെ ഉല്പന്നമായിരുന്നു. നിർദ്ദോഷമെന്ന് നമുക്ക് തോന്നുന്ന ഒരു പരസ്യത്തിന്റെ പേരിൽ ‘മിന്ദ്ര’ എന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റിനെ, ഈ സൈബർ ആർമിയെ ഉപയോഗിച്ച് അതിന്റെ വിശ്വാസ്യത തകർക്കുകയായിരുന്നു. കീഴടങ്ങുക അല്ലാതെ അവർക്ക് വേറെ വഴിയില്ലായിരുന്നു.

ബർഖാ ദത്ത്, സാഗരിക ഘോഷ്, രജ്ദീപ് സർദ്ദേശായി എന്നിവരെയൊക്കെ അതിനീചമായ സൈബർ ആക്രമണത്തിന് വിധേയരാക്കി. മോഡിയുടെ വികസന വാചകമടിയിൽ വീണുപോയി ബിജെപി ഐ റ്റി സെല്ലിൽ ചെന്നുപെട്ടവരെ പോലും അവർ സത്യം മനസ്സിലാക്കി പുറത്തുവന്നപ്പോൾ അതിക്രൂരമായി സൈബർ ആക്രമണത്തിന് വിധേയരാക്കി തേജോവധം ചെയ്തു.

മണിപ്പൂർ കലാപത്തിനു കാരണമായി പറയുന്ന മെയ്തി വിഭാഗത്തിലെ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി എന്ന രീതിയിൽ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഈ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ബി ജെപിയുടെ മണിപ്പൂർ ഐടി സെല്ലാണെന്ന് റിപ്പോർട്ടുകൾ പിന്നീട് വന്നു. ഇതടക്കമുള്ള നുണകളെ പ്രതിരോധിക്കാനുള്ള എല്ലാ മാർഗങ്ങളും അടയ്ക്കാൻ വേണ്ടി ഇന്റർനെറ്റ് നിരോധിക്കുകയാണ് മണിപ്പൂരിലെ ബിജെപി സർക്കാർ പിന്നീട് ചെയ്തത്. തങ്ങൾക്ക് പങ്കുവെക്കാനുണ്ടായ നുണകൾ ഗ്രൗണ്ടിലെത്തി എന്ന് ബോധ്യപ്പെട്ടാൽ ഉടൻ കൗണ്ടർ നരേറ്റീവുകൾ ഉണ്ടാകാതിരിക്കാൻ ഇന്റർനെറ്റ് തന്നെ വിച്ഛേദിക്കുക എന്നതാണ് അവരുടെ പുതിയരീതി.

ഇന്ത്യയിൽ സമീപകാലങ്ങളിൽ നടന്ന മുഴുവൻ കലാപങ്ങളിലും ഇതേകാര്യങ്ങൾ ആവർത്തിച്ചതായി കാണാം. ഹരിയാനയിലും ഡൽഹിയിലുമെല്ലാം നടന്നത് ഇതു തന്നെയാണ്. വ്യാജ വീഡിയോ പ്രചരിപ്പിച്ച് (ചില സമയങ്ങളിൽ സിനിമകളിലെ രംഗങ്ങൾ വരെ) കലാപങ്ങൾക്ക് മരുന്നിടുക. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ബിജെപി ഐടി സെൽ നിയന്ത്രണത്തിലുണ്ട്. കുടുംബ ഗ്രൂപ്പുകൾ, ആരാധനാകേന്ദ്രങ്ങളുടെ / ക്ഷേത്രങ്ങളുടെ ഗ്രൂപ്പുകൾ എന്നിവയെല്ലാം ഇത്തരം കാര്യങ്ങൾക്കായി വിദഗ്ധമായി അവർ ഉപയോഗിച്ചു വരുന്നുണ്ട്. പോൺ ഗ്രൂപ്പുകൾ വഴി പോലും വർഗീയത വലിയ തോതിൽ പ്രചരിപ്പിക്കുന്നു.

ഗോ സംരക്ഷണ സേനകൾ മുതൽ നരേന്ദ്ര മോഡി ഫാൻസ് വരെയുളള എല്ലാ സംഘപരിവാർ സംഘടനകളും ട്വിറ്ററിൽ ട്രെൻഡിങ് നിയന്ത്രിക്കാൻ ഏകോപനത്തോടെ പ്രവർത്തിച്ചു വരുന്നതായി കാണാം. നരേന്ദ്രമോഡിയുടെ വിദേശ സന്ദർശന സമയങ്ങളിൽ അവ ട്വിറ്ററിൽ വലിയ ട്രെൻഡിങ്ങ് ആകുന്നതും അതിനെതിരെയുളള വിമർശനങ്ങൾക്ക് ദൃശ്യതയില്ലാതെ പോകുന്നതും ഈ ഏകോപനത്തോടെയുള്ള ബിജെപി ഐ ടി സെല്ലിന്റെ പ്രവർത്തനം വഴിയാണ്.

സോഷ്യൽ എഞ്ചിനീയറിംഗ് വഴി തിരഞ്ഞെടുപ്പുകൾ ജയിക്കുന്ന രീതി ആഗോളാടിസ്ഥാനത്തിൽ നവലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായി രൂപപ്പെട്ട ഒന്നാണ്. ഇതിന് സഹായകരമാകുന്ന ജാതി മത ധ്രുവീകരണമാണ് വലിയ തോതിൽ പണം മുടക്കി സോഷ്യൽ മീഡിയ വഴി വലതുപക്ഷം ചെയ്തുവരുന്നത്. ഇന്ത്യയിൽ തീവ്ര-ഹിന്ദുത്വ ശക്തികൾക്ക് സമാനമായ രീതിയിൽ തന്നെയാണ് വലതുപക്ഷ കക്ഷികളെല്ലാം സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നത്. ആം ആദ്മി പാർട്ടിയടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് സമാനമായ രീതിയിലാണെന്ന് കാണാം. നിർഭാഗ്യമെന്ന് പറയട്ടെ, കേരളത്തിലെ കോൺഗ്രസും ഇതുതന്നെയാണ് മാതൃകയാക്കിയിരിക്കുന്നത്. പൊതുസമ്മതിയുള്ള രാഷ്ട്രീയ നേതൃത്വത്തെ അഴിമതിയുടെ മൂടുപടമുപയോഗിച്ച് വിശ്വാസ്യത തകർക്കുക എന്നതാണ് അവർ പിൻപറ്റുന്ന രീതി. അരാഷ്ട്രീയ ആൾക്കൂട്ടങ്ങൾക്ക് കള്ളങ്ങളിൽ ഉറപ്പിച്ച ഒരു ആശയാടിത്തറ നിർമ്മിച്ച് നൽകുക എന്നതാണ് ഇതുവഴി അവരും ചെയ്യുന്നത്. ഇതെല്ലാം ചെയ്യുന്ന സംഘപരിവാറാണ് സത്യം പറയുന്ന മാധ്യമങ്ങളെ അതിന്റെ നാവരിഞ്ഞ് കാരാഗൃഹത്തിൽ തള്ളുന്നത്.

സോഷ്യൽ മീഡിയയിൽ ബിജെപി ഐടി സെല്ലിന്റെ പുതുതായി പ്രചരിപ്പിച്ചു വരുന്ന ഒരു ആഖ്യാനമാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചൈനയുടെ സാമ്പത്തിക സഹായത്തിൽ പ്രവർത്തിക്കുന്നവയാണെന്നത്. അതിനായി നിരവധി വീഡിയോകളാണ് ട്വിറ്ററിൽ അവർ പ്രചരിപ്പിച്ചത്. ന്യൂസ് ക്ലിക്ക് എന്ന ഇടതുപക്ഷ സ്വതന്ത്ര ന്യൂസ് പോർട്ടലിന് ചൈനാബന്ധമുണ്ടെന്ന ആരോപണവും അതിന്റെ ഭാഗമായി ഉയർന്നുവന്ന ഒന്നാണ്. സത്യങ്ങളെ തോൽപ്പിക്കുവാൻ ഫാക്ടറി മോഡിൽ നുണ ഉൽപ്പാദിപ്പിച്ച് വിതരണം നടത്തുകയാണ് അവർ ചെയ്യുന്നത്.

എതിർ രാഷ്ട്രീയത്തെ അപരിഷ്കൃതമായി അരികുവത്കരിക്കാനും ആ രാഷ്ട്രീയത്തിനെതിരായുള്ള വെറുപ്പ് ഉല്പാദിപ്പിക്കാനും നവഹിന്ദുത്വം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയെ പരിമിതമായ ഇടപെടലുകൾ കൊണ്ട് മറികടക്കാൻ ഇന്ത്യയിലെ മതനിരപേക്ഷ ചേരിക്ക് എത്രകാലം കഴിയുമെന്ന് കണ്ടറിയേണ്ടതാണ്. ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള കേരളത്തിൽപ്പോലും മത-ജാതി അടിസ്ഥാനത്തിലുള്ള വെറുപ്പ് ഉൽപ്പാദിപ്പിക്കാൻ അവർക്ക് കഴിയുന്നു എന്നത് നാം ഗൗരവത്തോടെ കാണേണ്ടതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − five =

Most Popular