ചൈനയിൽ നിന്നും ഫണ്ട് കൈപ്പറ്റി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണല്ലോ ന്യൂസ്-ക്ലിക്കിനെക്കുറിച്ച് സംഘപരിവാർ കേന്ദ്രങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളും ചമച്ച കഥ. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാൻ ഒട്ടും അദ്ധ്വാനിക്കേണ്ട കാര്യമേയില്ല. ന്യൂസ്-ക്ലിക്കിന്റെ വെബ്സൈറ്റിൽ അവർ തയ്യാറാക്കുന്ന എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന വാർത്തകളും വിശകലനങ്ങളും വീഡിയോകളും ലഭ്യമാണ്. ആർക്കും അത് എളുപ്പത്തിൽ പരിശോധിക്കാനാകും. അതിന്റെ ആമുഖ പേജിൽ തന്നെ ഉള്ളടക്കം സംബന്ധിക്കുന്ന സൂചനാ വാക്ക് വച്ച് നമുക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാനും സാധിക്കും. ആയിരക്കണക്കിന് വാർത്താ വിഭവങ്ങൾ ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ വൈവിധ്യമേറിയതാണ് അവർ കൈകാര്യം ചെയ്തിരിക്കുന്ന മേഖലകൾ. അതിൽ തന്നെ ഇംഗ്ലീഷിലും ഹിന്ദിയിലും വാർത്തകളും വിശകലനങ്ങളും ലേഖനങ്ങളും കാണാം. ലോകസംഭവ വികാസങ്ങളും കായിക രംഗവും പുസ്തക പരിചയങ്ങളും ഉൾപ്പടെ സമൂഹത്തിലെ ബഹുമുഖമായ വികാസങ്ങളെയും സംഭവങ്ങളെയും അവതരിപ്പിക്കാൻ അവർ ശ്രമിച്ചതായി കാണാം. അത്തരത്തിലുള്ള നൂറുകണക്കിന് എഴുത്തുകളിൽ ചൈനയെക്കുറിച്ച് നേരിയ പരാമർശമെങ്കിലുമുള്ള ഒരൊറ്റ ലേഖനമാണ് ഒരു മാസത്തിനിടയിൽ കണ്ടെത്താനായത്. അതാകട്ടെ മാലിദീപിലെ രാഷ്ട്രീയ വികാസങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ ചൈനയെയും ഇന്ത്യയെയും ബന്ധപ്പെടുത്തി നടക്കുന്ന ചില പ്രചരണങ്ങളുടെ പൊള്ളത്തരം സൂചിപ്പിക്കാനുമാണ്. അത് എഴുതിയതോ, മുൻ നയതന്ത്രജ്ഞനും തുർക്കിയിലെയും ഉസ്ബക്കിസ്ഥാനിലെയും ഇന്ത്യൻ അംബാസിഡറുമായിരുന്ന എം കെ ഭദ്രകുമാറും. ചൈനയുടെ പക്ഷം പിടിക്കുന്നത് പോയിട്ട് ചൈനയെ സംബന്ധിക്കുന്ന മറ്റൊരു എഴുത്തും ആ മാസം പ്രസിദ്ധീകരിച്ചിട്ടേയില്ല.
ഇത്രയും കാലത്തിനിടയിൽ ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് വാർത്താ സാമഗ്രികൾക്കിടയിൽ ചൈനയെ കേന്ദ്രമാക്കിയുള്ളവയുടെ എണ്ണം വിരലിലെണ്ണാവുന്നത്രയും മാത്രമാണ്. ഇനി ചൈനയെക്കുറിച്ച് എഴുതുന്നതും ചൈനയിലെ സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും അവയെ വിശകലനത്തിന് വിധേയമാക്കുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടേണ്ടതുണ്ടോ? ജനാധിപത്യ മനസുള്ള ആർക്കും അങ്ങനൊരു നിലപാട് സ്വീകരിക്കാനാകില്ല. ബ്രിക്സ് ഉൾപ്പടെ ചൈനയും ഇന്ത്യയും ഒന്നിച്ചണിനിരക്കുന്ന വിവിധ വേദികളും ഉണ്ട്. എന്നാൽ ചൈനയല്ല, ഇന്ത്യയും ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ന്യൂസ്-ക്ലിക്കിന്റെ പ്രധാന അന്വേഷണ മേഖലയെന്ന് അവർ ഇന്നുവരെ തയ്യാറാക്കിയ ഉള്ളടക്കങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുകയെങ്കിലും ചെയ്യുന്നവർക്ക് എളുപ്പത്തിൽ മനസിലാക്കാനാകും.
എന്നാൽ, ഇന്ത്യൻ ഗവൺമെന്റിന്റെയും അവരുടെ കോർപ്പറേറ്റ് ചങ്ങാതിമാരുടെയും താല്പര്യങ്ങൾക്കൊപ്പമല്ല, മറിച്ച് അവരുടെ നേട്ടങ്ങൾക്കായി ഇരകളാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും നിശബ്ദമാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമാണ് ന്യൂസ് ക്ലിക്ക് ഭയരഹിതമായി നിലകൊണ്ടത്. ഇനി ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമവും ചൈനീസ് ഗവണ്മെന്റിന്റെ താല്പര്യവും തമ്മിൽ വൈരുധ്യങ്ങൾ ഉടലെടുക്കുന്ന സന്ദർഭങ്ങൾ ഉരുത്തിരിയുന്ന സാഹചര്യത്തിൽ ന്യൂസ് ക്ലിക്ക് ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം തന്നെയാണ് നിലപാടെടുത്തത് എന്നും കാണാം. ഉദാഹരണത്തിന് ആർ സി ഇ പി (റീജിയണൽ കോമ്പ്രഹൻസീവ് ഇക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച് ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ച വിശകലനങ്ങൾ പരിശോധിക്കാം. ചൈനയെ സംബന്ധിച്ചിടത്തോളം ആർ സി ഇ പി അവർക്ക് നേട്ടമുണ്ടാക്കാൻ സഹായിക്കുന്നതാണ്. എന്നാൽ ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും വ്യവസായങ്ങളെയും അത് പ്രതികൂലമായി ബാധിക്കുമെന്നാണ് ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ച വിശകലനങ്ങളിൽ വാദിക്കുന്നത്. ന്യൂസ് ക്ലിക്ക് തയ്യാറാക്കുന്ന വാർത്തകളും വിശകലനങ്ങളും സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും ഒരു ബാഹ്യ കേന്ദ്രത്തിന്റെയും ആജ്ഞാനുസൃതമല്ല ആ സ്ഥാപനം പ്രവർത്തിച്ചുവരുന്നതെന്നും ഇതിൽ നിന്നുതന്നെ വ്യക്തമാണല്ലോ.
ഇനി ന്യൂസ് ക്ലിക്ക് ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച വിഷയങ്ങളിലേക്ക് വരാം. ഒക്ടോബർ മാസത്തെ മാത്രം വാർത്തകൾ പരിശോധിച്ചാൽ തന്നെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും അവഗണിച്ചതോ തീരെ പ്രാധാന്യം നൽകാതിരുന്നതോ ആയ എത്രയെത്ര പ്രശ്നങ്ങളും സംഭവങ്ങളുമാണ് അവർ പൊതുജനങ്ങളിലേക്കെത്തിക്കാൻ മുൻ കൈയെടുത്തത് എന്ന് കാണാനാകും. രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ അതിർത്തികളിൽ നടന്ന ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന്റെ കൂടെ നിന്നു എന്നതാണല്ലോ മോദി സർക്കാരിനെ പ്രകോപിപ്പിച്ച കാരണങ്ങളിൽ ഒന്ന്. ഇന്ത്യയിലെ കർഷകർ നേരിടുന്ന അനീതിയെക്കുറിച്ചും അവരുടെ ജീവിതം ദുസ്സഹമാക്കുന്ന നയങ്ങളെക്കുറിച്ചും ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകർ നിരന്തരം അന്വേഷിക്കുന്നുണ്ട്. ഈ വർഷം അരിയുടെയും ഗോതമ്പിന്റെയും ഉല്പാദനത്തിൽ റിക്കോർഡ് വർധനവ് ഉണ്ടായിട്ടും അതിന്റെ ഗുണഭോക്താക്കളായി കർഷകരെ മാറ്റാനോ അതേ സമയം വിലക്കയറ്റം തടയാനോ സാധിക്കാത്ത ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് വിശദീകരിക്കുന്നതാണ് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ ഒന്ന്.
ബംഗാളിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ പൂജ ആഘോഷവേളയിൽ 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് നടത്തുന്ന സമരം, മിനിമം കൂലി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് ബീഹാറിലെ തൊഴിലാളികളുടെ സമരം, വിവിധ സംസ്ഥാനങ്ങളിലെ അംഗൻവാടി തൊഴിലാളികൾ നേരിടുന്ന കൊടിയ അവഗണനയ്ക്കെതിരായ സമരം, മണ്ഡി സംവിധാനം പുനഃസ്ഥാപിക്കാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാകുന്ന ഉത്തർപ്രദേശിലെ കർഷകരുടെ സാഹചര്യം… ഇങ്ങനെ കോർപ്പറേറ്റ് മാധ്യമങ്ങൾ കവർ ചെയ്യാൻ തയാറാകാത്ത എത്രയോ സമര വാർത്തകൾ ന്യൂസ്-ക്ലിക്ക് പുറം ലോകത്തെത്തിച്ചതിന്റെ അനുഭവങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം കാണാം.
ന്യൂസ് ക്ലിക്ക് വാർത്തകൾ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ മാത്രമല്ല. ജോലി സ്ഥിരതയും മെച്ചപ്പെട്ട വേതനവും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ സ്കൂൾ ടീച്ചർമാർ നടത്തിയ സമരത്തിനെതിരെ അവിടത്തെ പോലീസ് അഴിച്ചുവിട്ട അക്രമവും സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഉച്ചഭക്ഷണ തൊഴിലാളികൾ കൊൽക്കത്തയിൽ നടത്തിയ സമരവുമെല്ലാം ന്യൂസ്-ക്ലിക്കിന്റെ പേജിൽ കാണാനാകും. ഇങ്ങനെ ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിലാളികളുടെയും കർഷകരുടെയും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം നിൽക്കുന്ന മാധ്യമ സ്ഥാപനത്തെ അമിതാധികാര സ്വഭാവമുള്ള ഭരണകൂടത്തിന് സഹിക്കാനാകില്ലല്ലോ.
ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള പരസ്യ ബോർഡുകൾ തെരുവുകളിൽ മുഴുവൻ നിറയുമ്പോഴും ഉത്തർ പ്രദേശിലെ 16,630 പ്രൈമറി സ്കൂളുകളിൽ വൈദ്യുതി കണക്ഷൻ പോലും ഇല്ലെന്ന വാർത്ത ന്യൂസ് ക്ലിക്ക് പുറത്തുകൊണ്ടുവന്നത് ദിവസങ്ങൾക്ക് മുൻപാണ്. മുസഫർ നഗർ വർഗീയ കലാപത്തിന്റെ ഇരകൾക്ക് ഒരു ദശകത്തിനു ശേഷവും നീതി ലഭിക്കാത്തതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും കാണാം. മധ്യപ്രദേശിലെ 541 കിലോമീറ്റർ നീളമുള്ള ലളിത്പൂർ-സിംഗ്രൗളി റയിൽവേ ലൈൻ നിർമാണത്തിനിടയിൽ ഭൂമി നഷ്ടപ്പെട്ട ഭൂരിപക്ഷവും ആദിവാസികളായ ജനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാതെ അതിൽ അഴിമതി നടത്തി കോടികൾ കൈവശപ്പെടുത്തിയ അധികാരികളുടെ വാർത്ത പ്രസിദ്ധീകരിക്കാൻ തയ്യാറായ ചുരുക്കം മാധ്യമങ്ങളിൽ ഒന്നായിരിക്കും ന്യൂസ് ക്ലിക്ക്. ഇന്ത്യയിലെമ്പാടും ആദിവാസികൾക്കും ദളിതർക്കും മതന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മനസിലാക്കണമെങ്കിൽ നമുക്ക് ആശ്രയിക്കാവുന്ന അപൂർവം ഇടങ്ങളിൽ ഒന്നായി ന്യൂസ് ക്ലിക്ക് മാറുന്നു.
ന്യൂസ് ക്ലിക്ക് തയ്യാറാക്കുന്ന വീഡിയോകൾക്ക്, പ്രത്യേകിച്ചും ഹിന്ദിയിലുള്ളവയ്ക്ക് ജനങ്ങൾക്കിടയിൽ വലിയ പ്രചാരം ലഭിക്കാറുണ്ട്. ഇന്ത്യയിൽ നടക്കുന്ന വർഗീയ പ്രചരണങ്ങളും കോർപ്പറേറ്റ് കൊള്ളയും ജനാധിപത്യവും ഭരണഘടനയും എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നുവെന്നും ലളിതമായ ഭാഷയിൽ ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുന്ന നിരവധി വീഡിയോകൾ അവർ തയ്യാറാക്കിയിട്ടുണ്ട്. ശാസ്ത്ര ബോധവും ചരിത്രത്തെക്കുറിച്ചുള്ള ശരിയായ അറിവും പകരുന്ന അഭിമുഖങ്ങളും അവതരണങ്ങളുമെല്ലാം സമൂഹത്തിൽ പടരുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാൻ ശ്രമിക്കുന്നവർക്ക് ആശയപരമായ ആയുധങ്ങൾ തന്നെയാണ്.
സെലിബ്രിറ്റികളുടെ വേഷവിധാനങ്ങളോ കോർപ്പറേറ്റ് പക്ഷം ചേരുന്ന വിശകലനങ്ങളോ അരാഷ്ട്രീയ പ്രചരണങ്ങളോ ഒന്നും തങ്ങളുടെ റീച്ച് കൂട്ടാനായി ന്യൂസ് ക്ലിക്കിന് വാർത്താ വിഭവങ്ങളായിട്ടില്ല. ജനാധിപത്യത്തിന് കാവലാകാനും കരുത്താകാനും എന്തുകൊണ്ട് സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടതുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ന്യൂസ് ക്ലിക്കിന്റെ പേജ് ഒന്നിരുത്തി വായിച്ചാൽ മാത്രം മതിയാകും. എന്തുകൊണ്ടാണ് ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനം ഇങ്ങനെ വേട്ടയാടപ്പെടുന്നത് എന്ന ചോദ്യത്തിനും അവിടെത്തന്നെ ഉത്തരമുണ്ട്. ♦