ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം’’ എന്നാണ് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാം സമ്മേളനം അധികാരത്തിലിരുന്ന ഫാസിസത്തെ നിർവചിച്ചത്. ഇത്തരത്തിൽ ഫാസിസം നിലവിലിരുന്ന രാജ്യങ്ങളിൽ പ്രമുഖമായ രണ്ടെണ്ണമാണ് ഇറ്റലിയും ജർമ്മനിയും. ഇവിടെ ഫാസിസ്റ്റുകളെ അധികാരത്തിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കെന്ത്, അവർ അധികാരത്തിൽ വന്നതിനുശേഷം മാധ്യമങ്ങളെ കൈകാര്യം ചെയ്തതെങ്ങനെ എന്നിവ പരിശോധിക്കുന്നത് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമായ കാര്യമാണ്. ഒരു നൂറ്റാണ്ടിലേറെക്കാലം മുമ്പ് 1914–- 18 ലാണ് ഒന്നാം ലോകയുദ്ധം നടന്നത്. യുദ്ധാനന്തര ജർമ്മനി 1918 മുതൽ 1933 വരെ വെയ്മർ റിപ്പബ്ലിക് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജർമ്മനി എന്ന രാജ്യത്തിന്റെ ആദ്യത്തെ ജനാധിപത്യ അനുഭവമായിരുന്നു ആ കാലഘട്ടം. മാധ്യമസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഒക്കെ അന്ന് ജർമ്മനിയിൽ അനുഭവവേദ്യമായിരുന്നു. അന്നത്തെ ജർമനിയിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ ദിനപത്രങ്ങളും റേഡിയോയും ആയിരുന്നു. 1932ൽ 2483 ദിനപത്രങ്ങളും വാരികകളും ആണ് ജർമ്മനിയിൽ ഉണ്ടായിരുന്നത്. 6.5 കോടി ജനങ്ങളാണ് ജർമ്മനിയിൽ അന്ന് ഉണ്ടായിരുന്നത്. സ്വതന്ത്രവും ഉദാരമായി പൗരാവകാശങ്ങൾ അനുവദിക്കുന്നതുമായ ഒരു ഭരണ വ്യവസ്ഥയാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാൽ ഇത് അധികകാലം നിലനിന്നില്ല. മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് അവരുടെ ഉടമകൾക്ക് നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയോടും അതിന്റെ നേതാവായ അഡോൾഫ് ഹിറ്റ്ലറോടും ഭ്രാന്തമായ ഒരഭിനിവേശം അക്കാലത്ത് രൂപപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രചാരണവേദികളായി മാധ്യമങ്ങൾ സ്വയം മാറി. അങ്ങനെയാണ് 1933ല്‍ ഹിറ്റ്ലർ ജർമ്മനിയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നത്. നാസികൾക്കാവശ്യം ജനങ്ങളുടെ പൂർണ്ണമായ മാനസിക അടിമത്തമായിരുന്നു. അത് രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവർത്തനമാണ് പിന്നീട് മാധ്യമങ്ങൾ നിർവഹിച്ചത്. സജീവവും വിമർശനാത്മകവുമായ പൗരത്വ സംസ്കാരത്തിൽ നിന്ന് ജർമ്മൻ ജനതയെ അടിമകളെപ്പോലെ അനുസരിക്കുന്നവരാക്കി മാറ്റുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് നിർവഹിച്ചത്. നാസികൾ ജർമ്മനിയിലെ ദിനപത്രങ്ങളെ ദേശസാൽക്കരിക്കാൻ ശ്രമിച്ചില്ല. ലളിതമായ ഒരു പ്രക്രിയയിലൂടെ അവർ തങ്ങളെ വിമർശിച്ചിരുന്ന ദിനപത്രങ്ങളെ വരുതിയിലാക്കി. വിമർശകരായ ദിനപത്രങ്ങളുടെ ഉടമകൾക്ക് അവരുടെ പത്രങ്ങളെ വിറ്റ് കയ്യൊഴിയേണ്ട അവസ്ഥ രൂപപ്പെടുത്തി. ഇന്ത്യയിൽ എൻഡിടിവിയ്ക്ക് സംഭവിച്ചത് അതിന്റെ ആധുനികരൂപമാണ്. 1933 ഒക്ടോബർ നാലിന് പത്രാധിപർമാരെ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമവും നാസികൾ കൊണ്ടുവന്നു. രാജ്യത്തിനകത്തോ പുറത്തോ ജർമ്മനിയുടെ മഹത്വത്തെ ഇകഴ്ത്തി കാണിക്കുന്നതൊന്നും പ്രസിദ്ധീകരിക്കാൻ പാടില്ല എന്നാണ് ആ നിയമം പത്രാധിപന്മാരോട് പറഞ്ഞത്. രാജ്യം എന്നത് ഭരണകൂടമായി നിർവചിക്കപ്പെട്ടു. ഭരണകൂടത്തിനേയോ ഭരണകൂടാധിപനേയോ വിമർശിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമായി ഹിറ്റ്ലറുടെ മന്ത്രിസഭയിൽ ഒരു മന്ത്രിയും അദ്ദേഹത്തിന് ഒരു വകുപ്പും ഉണ്ടായിരുന്നു. നുണ നൂറാവർത്തിച്ചാൽ സത്യമായി മാറും എന്ന് പരസ്യമായി പറഞ്ഞ ജോസഫ് ഗീബൽസ് ആയിരുന്നു ആ മന്ത്രി. കോളം നിറയ്ക്കാനാവശ്യമായ വാർത്തകളൊക്കെ മാധ്യമങ്ങൾക്ക് നൽകുന്നത് അദ്ദേഹത്തിന്റെ വകുപ്പായിരുന്നു. ഇന്നലെവരെ സ്വതന്ത്രചിന്തകരും ഉദാരമതികളും ഒക്കെയായി വാഴ്ത്തപ്പെട്ടിരുന്ന പത്രാധിപർമാരും ലേഖകരും ഒക്കെ നാസി ഭരണകൂടത്തിന്റെ കനത്ത സമ്മർദ്ദത്തെ എതിർക്കാനാവാതെ അവർക്ക് വഴിപ്പെടുകയും നാസി ഭരണകൂടവുമായി സമരസപ്പെടുകയും ചെയ്തു. അതിന്റെ . ഉത്തമ ഉദാഹരണമായിരുന്നു 1938 നവംബർ 9,10 തീയതികളിൽ നൂറിലേറെ ജൂതന്മാരെ കൂട്ടക്കൊലയ്-ക്കിരയാക്കുകയും അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതും ക്രിസ്റ്റൽ നാച്ച്, നൈറ്റ് ഓഫ് ബ്രോക്കൺ ഗ്ലാസ് എന്നറിയപ്പെടുന്ന നാസികളുടെ ക്രൂരകൃത്യം മറച്ചുവെക്കപ്പെട്ട രീതി. അങ്ങനെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ ഒരു മാധ്യമവും ജർമ്മനിയിൽ തയ്യാറായില്ല. 1933 ൽ നിന്ന് 1938 ൽ എത്തിയതോടെ മാധ്യമങ്ങളുടെ ഭരണകൂടത്തോടുള്ള അടിമത്തം പൂർണമായി. വെറും അഞ്ചുവർഷംകൊണ്ട് സ്വാതന്ത്ര്യത്തിൽ നിന്ന് പാരതന്ത്ര്യത്തിലേക്ക് മാധ്യമങ്ങൾ വളരെ വേഗം എത്തി. 2014 ൽ നിന്ന് 2023 ൽ എത്തുമ്പോഴേക്കും മാധ്യമ സ്വാതന്ത്ര്യ സൂചിക ഇന്ത്യയിൽ എത്രമാത്രം കുറഞ്ഞു എന്നത് നമുക്കറിയാമല്ലൊ? രാജ്യത്തിനകത്തെ മാധ്യമങ്ങളെ ഇങ്ങനെയാണ് കൈകാര്യം ചെയ്തതെങ്കിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് സ്വീകരിച്ച നയം മറ്റൊന്നായിരുന്നു. വിമർശനാത്മക സ്വഭാവം വെച്ചുപുലർത്തിയ വിദേശ മാധ്യമങ്ങളെ മുഴുവനും ഒരു വർഷത്തിനകം പൂർണമായി നിരോധിച്ചു. വിദേശ മാധ്യമങ്ങൾക്കു വേണ്ടി പ്രവർത്തിച്ചുവന്നിരുന്ന ജൂതരായ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുകയും കീസ്റ്റോൺ, വൈഡ് വേൾഡ് ഫോട്ടോസ് തുടങ്ങിയ ബ്രിട്ടീഷ് –അമേരിക്കൻ ഏജൻസികളുടെ ആപ്പീസുകൾ പൂട്ടിക്കുകയും ചെയ്തു. ജർമൻ നിയമത്തിന് കീഴടങ്ങി, അവർക്ക് അനുകൂലമായ വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കു എന്ന് ഉറപ്പു കൊടുത്ത വിദേശ മാധ്യമങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി ലഭിച്ചത്. നാസി പാർട്ടിയുടെ പ്രചാരണ വിഭാഗത്തിൽ പ്രവർത്തിച്ചുവന്നിരുന്ന റിപ്പോർട്ടർമാരെ വിദേശ മാധ്യമങ്ങളിൽ ജോലിക്ക് എടുക്കാൻ നിർബ്ബന്ധിച്ചു.വിദേശത്ത് നടത്തേണ്ട പ്രചാരണത്തിന് അനുയോജ്യമായ ചിത്രങ്ങളും ഉള്ളടക്കങ്ങളുമൊക്കെ ഹിറ്റ്ലർ നേരിട്ടാണ് വിദേശ മാധ്യമങ്ങൾക്ക് വിതരണം ചെയ്തിരുന്നത്. എന്താണ് ഇറ്റലിയിൽ ഇതിനുസമാനമായി നടന്നത് എന്ന് നോക്കാം. 1922 ലാണ് മുസോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. തുടർന്ന് 1925 ൽ അദ്ദേഹം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും പിരിച്ചുവിടുകയും സ്വയം നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. വ്യാപകമായ ജനവിശ്വാസ ഉല്പാദനവും മറുഭാഗത്ത് ഭീകരവാദവും കൂടിയാണ് മുസോളിനിക്ക് ആവശ്യമായ ഭരണതലം ഒരുക്കിക്കൊടുത്തത്. വിനാശകരമായ ഈ അഭിനിവേശ ഉല്പാദനപ്രക്രിയ സമ്പദ്ഘടന, നീതിന്യായ വ്യവസ്ഥ,നീതി നിർവഹണ വ്യവസ്ഥ എന്നിവയിലേക്കൊക്കെ പടർന്നിറങ്ങിയിരുന്നു. ഏറ്റവും അപകടകരമായ കാര്യം ജനങ്ങളിൽ വലിയ വിഭാഗവും ഈ ആശയഗതികളോടൊപ്പമായിരുന്നു എന്നതാണ്. സ്വാഭാവികമായും ഫാസിസ്റ്റ് ആശയങ്ങളുടെ ഈ ആന്തരികവത്കരണം നിരന്തരമായി നിലനിൽക്കും എന്ന് ഫാസിസ്റ്റുകൾ പ്രതീക്ഷിച്ചു. വിമർശനാത്മകമായതൊന്നും പുറത്തുവരാതെ നോക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. മാധ്യമ വ്യവസായവുമായി ഒരു ഭാഗത്ത് സഹകരണവും മറുഭാഗത്ത് അടിച്ചമർത്തലും അതീവ പ്രാധാന്യത്തോടെയാണ് അവർ അന്ന് കൈകാര്യം ചെയ്തത്. ഇന്ത്യയിലും ഇന്ന് ഇത് രണ്ടും നടക്കുന്നുണ്ട്. 1929 ൽ മുസ്സോളിനി മാധ്യമ രംഗത്ത് ഒരു ഹൈക്കമ്മിഷനെ നിയോഗിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന വിധത്തിലായിരുന്നു അതിന്റെ അവതരണം. എന്നാൽ വളരെ വിശാലമായ ചില പദപ്രയോഗങ്ങൾ കൊണ്ട് മാധ്യമസ്വാതന്ത്ര്യത്തെ കർശനമായി നിയന്ത്രിക്കുകയും ചെയ്തു. “ദേശീയ താല്പര്യത്തിന് വിരുദ്ധമായതൊന്നും പ്രസിദ്ധീകരിക്കരുത് ’ “പിതൃഭൂമിയോട് വിശ്വാസ്യത പുലർത്തണം’ എന്നിത്യാദി പ്രയോഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ദേശീയ താല്പര്യം എന്ന് പറയുന്നതിനെ മുസോളിനി എന്ന ഭരണാധികാരിയുടെ താൽപര്യങ്ങളുമായി സമീകരിക്കുക എളുപ്പമായിരുന്നു. പിതൃഭൂമിയോടുള്ള വിശ്വാസ്യതയും സമാനമായ പ്രയോഗം തന്നെയായിരുന്നു. ഭരിക്കുന്ന കക്ഷിയെ വിമർശിക്കുന്നതുപോലും രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് എളുപ്പമാണെന്ന് നമുക്ക് അറിയാമല്ലോ. എന്നാൽ ഇതൊന്നും ഇറ്റലിയിൽ പ്രയോഗിക്കേണ്ടി വന്നില്ല. വൻകിട മുതലാളിമാരുടെ കൈവശമുണ്ടായിരുന്ന മാധ്യമങ്ങളെല്ലാം അടിമത്തം മനസ്സാവരിച്ചു കഴിഞ്ഞിരുന്നു. മാധ്യമപ്രവർത്തകർക്കും പത്രാധിപർമാർക്കും ഒക്കെ അവരുടെ ജോലി ജനാധിപത്യ സംരക്ഷണമല്ല മറിച്ച് രാഷ്ട്ര സേവനമാണെന്ന് അതിവേഗം ബോധ്യപ്പെട്ടു. ഫാസിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിനായി അവർ സ്വയമേവ സന്നദ്ധരായി. മുസോളിനി സ്വയം പുരോഗമനവാദിയായി പ്രഖ്യാപിക്കുകയും തന്റെ നയങ്ങൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും എന്ന് അവകാശപ്പെടുകയും ചെയ്തു. മാധ്യമങ്ങൾ സ്വയമേവ അത് ഏറ്റുപാടി. വിമർശനങ്ങൾ അല്ല വാഴ്ത്തുപാട്ടുകളാണ് രചിക്കേണ്ടതെന്ന് മാധ്യമപ്രവർത്തകർ അതിവേഗം മനസ്സിലാക്കി. കാര്യമായ എതിർപ്പൊന്നും കൂടാതെ ഫാസിസ്റ്റുകൾക്ക് അവരുടെ ലക്ഷ്യം നടപ്പിലാക്കാനായി. തന്നോട് പ്രതിബദ്ധതയുള്ള മാധ്യമലോകം ആവശ്യമാണ് എന്ന് മുസോളിനിക്ക് ബോധ്യമായിരുന്നു. തനിക്കെതിരോ നിഷേധാത്മകമോ ആയ ഒന്നും തന്നെ പുറത്തു വരരുതെന്നും അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. സ്വമനസാലെ അത് നടത്തിക്കൊടുക്കുന്ന ഒന്നായി ഇറ്റലിയിലെ മാധ്യമലോകം മാറി. പക്ഷേ രണ്ടു കൂട്ടരുടെയും അന്ത്യം എന്തായിരുന്നു എന്ന് അവസാനം നാം കണ്ടതാണ്. ഹിറ്റ്ലറും ഭാര്യയും ആത്മഹത്യ ചെയ്തു. മുസോളിനിയും ഭാര്യയും വധശിക്ഷക്ക് വിധിക്കപ്പെട്ടു. അതാണ് ചരിത്രം നമ്മെ പഠിപ്പിച്ചത്. ♦