വലതുപക്ഷ രാഷ്ട്രീയം കടുത്ത വെല്ലുവിളി നേരിടുമ്പോഴെല്ലാം– അത് കോൺഗ്രസെന്നോ ബിജെപിയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ലാതെ, അതായത് തനി മനോരമ മോഡലിൽ തന്നെ– അവതാരപുരുഷനെപ്പോലെ അതിന് താങ്ങും തണലുമേകാൻ ചാടി വീഴുന്ന ഒരു മഹാനാണ് ജെ എസ് അടൂർ. വലതുപക്ഷ രാഷ്ട്രീയത്തിന്റെ കങ്കാണിയായി ഇദ്ദേഹത്തെ കാണാനാവുന്നതാണ്. ഇന്ത്യൻ എക്സ്പ്രസിൽ എഡിറ്റ് പേജ് ലേഖനമെഴുതിയിട്ടുണ്ടെന്നല്ലാം വീരവാദം മുഴക്കുന്ന ഇദ്ദേഹം (സോഷ്യൽ മീഡിയയിൽ അതിന്റെ ലിങ്ക് ഷെയർ ചെയ്ത് താൻ പറയുന്നതിന്റെ ആധികാരികത ഉറപ്പാക്കുന്നുമുണ്ട്) മനുഷ്യാവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലനായ ബുദ്ധിജീവിയാണ് താനെന്ന് മേനി നടിക്കാനും മടിക്കാറില്ല.
ഇന്ത്യൻ മാധ്യമലോകം കണ്ടതിൽവച്ച് ഏറ്റവും വലിയ കടന്നാക്രമണത്തിനാണ് ഒക്ടോബർ മൂന്നിന് രാജ്യം സാക്ഷ്യം വഹിച്ചത്. ന്യൂസ് ക്ലിക്കെന്ന വാർത്താ പോർട്ടലും അതിനെ നയിക്കുന്നവരും അതിൽ പണിയെടുക്കുന്നവരും അതിൽ എഴുതിയവരും മാത്രം നേരിട്ട ആക്രമണമായല്ല സ്വാതന്ത്ര്യബോധവും തലയ്ക്ക് വെളിവുമുള്ള മനുഷ്യരെല്ലാം കാണുന്നത്. എന്നാൽ നമ്മുടെ സംഘി– കോങ്കികൾക്കെല്ലാം വേണ്ടി പേന ഉന്തുകയും നാവനക്കുകയും ചെയ്യുന്ന ജെ എസ് അടൂരെന്ന വിദ്വാൻ ഈ സംഭവത്തെ അങ്ങനെയല്ല കാണുന്നത്. കേരളത്തിൽ മറുനാടൻ മലയാളി ഫെയിം സാജൻ സ്-കറിയയെന്ന അശ്ലീല വ്യാപാരിക്കെതിരെ നാട്ടുകാരിൽ നിന്നാകെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പൊലീസ് കെെക്കൊണ്ട നടപടിയുമായിട്ടാണ് മോദി സർക്കാരിന്റെ ഈ ഭീകര മാധ്യമവേട്ടയെ അടൂരാൻ സമീകരിക്കുന്നത്.
ഒക്ടോബർ നാലിന് ജെ എസ് അടൂർ എന്നയാളിന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം നടത്തുന്ന ഒരു കമന്റ് ഇങ്ങനെയാണ്: ‘‘ഷാജൻ സ്-കറിയയെ കള്ളക്കേസിൽ കുടുക്കി അകത്താക്കാൻ ശ്രമിച്ചതും അധികാരത്തിന്റെ അകമ്പടിക്കാരാണ്.’’ ഇത്തരമൊരു പ്രസ്താവന നടത്തുന്നയാൾ ശരിക്കും ചെയ്യുന്നത് ഷാജൻ സ്-കറിയയെന്ന തെറിക്കച്ചവടക്കാരനെ ന്യായീകരിക്കലാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും തനിനിറമാണ് ഇവിടെ പ്രകടമാകുന്നത്.
ഇക്കാര്യം വ്യക്തമാകാൻ ന്യൂസ് ക്ലിക്ക് എന്ത് മാധ്യമ ധർമമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയിലേക്ക് ഒരെത്തിനോട്ടം നടത്തേണ്ടതുണ്ട്. ന്യൂസ്-ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തയെയും എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തതിനു കാരണമായി ഡൽഹി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് രാജ്യ വിരുദ്ധ നടപടികളിലും പ്രചരണത്തിലും അവർ ഏർപ്പെട്ടുവെന്നാണല്ലോ. അതാണ് മാധ്യമങ്ങളിലൂടെ സംഘപരിവാറുകാർ നടത്തുന്ന പ്രചാരണവും. കസ്റ്റഡിയിൽ എടുത്ത മാധ്യമപ്രവർത്തകരോട് ഡൽഹി പൊലീസ് ചോദിച്ചത് നിങ്ങൾ സിഎഎയ്ക്കെതിരായ പ്രക്ഷോഭം റിപ്പോർട്ടു ചെയ്തിട്ടുണ്ടോ, നിങ്ങൾ കർഷക സമരത്തിനനുകൂലമായി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടോയെന്നെല്ലാമാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടവരിൽ പ്രമുഖനായ എഴുത്തുകാരിൽ ഒരാൾ പരഞ്ജൊയ് ഗുഹ താക്കൂർത്തയാണ്. മോദിയുടെ ഉറ്റ തോഴൻ അദാനിയുടെ കൊള്ളകളെ നിരന്തരം തുറന്നുകാണിക്കുന്നയാളാണ് താക്കുർത്ത. റിലയൻസും അംബാനിമാരും മറ്റു കോർപറേറ്റുകളും നടത്തുന്ന തീവെട്ടിക്കൊള്ളകൾക്കെതിരെ നിരവധി ഗ്രന്ഥങ്ങളെഴുതിയ താക്കൂർത്ത കോർപറേറ്റ് ലോകത്തിന്റെയും അവരുടെ ഇഷ്ടതോഴരായ മോദി വാഴ്ചയുടെയും കണ്ണിലെ കരടാണ്. ഏറ്റവും ഒടുവിൽ അനിൽ അംബാനിക്കുവേണ്ടി മോദി നടത്തിയ റാഫേൽ ഇടപാടുകൾക്കുപിന്നിലെ വെട്ടിപ്പുകളെക്കുറിച്ച്, അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തുന്ന Flying Lies എന്ന കൃതിയാണ്. ഇങ്ങനെയൊരു മാധ്യമപ്രവർത്തകനെ വർഷങ്ങളോളം ഐഐഎമ്മുകളിലും ഡൽഹി സർവകലാശാലയിലും അധ്യാപനം നടത്തിയ ഒരു മഹാപണ്ഡിതനെ വേട്ടയാടുന്നതിനെ ഷാജൻ സ്-കറിയയെന്ന സമൂഹവിരുദ്ധനെതിരെ കേസെടുത്തതുമായി ഉപമിക്കുന്നയാളിന്റെ തല പരിശോധിക്കപ്പെണ്ടേതുതന്നെ.
ന്യൂസ് ക്ലിക്ക് കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത മറ്റൊരു വ്യക്തിത്വം പ്രമുഖ മനുഷ്യാവകാശപ്രവർത്തകയായ ടീസ്റ്റ സെത്തൽവാദാണ്. ഗുജറാത്ത് വംശഹത്യയിൽ ഇരകളാക്കപ്പെട്ടവർക്കൊപ്പം പൊരുതുന്ന, മോദി ഭരണത്തിലെ കോർപറേറ്റ് പ്രീണനത്തിനും ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ പൊരുതുന്ന, ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ എന്നറിയപ്പെടുന്ന ടീസ്റ്റ സെത്തൽവാദിനെതിരായ നടപടിയെ ഷാജൻ സ്-കറിയയ്ക്കെതിരായ നടപടിയോട് ഉപമിക്കാൻ തോന്നുന്നതുതന്നെ ഒരു തരം സൂക്കേടാണ്. ശാസ്ത്രജ്ഞനും അനീതികൾക്കെതിരെ എക്കാലവും പൊരുതുന്ന മാധ്യമപ്രവർത്തകനുമായ പ്രബീറിനെയും രഘുനന്ദനെയുംപോലെയുള്ളവരെ മറുനാടൻ സ്-കറിയ്ക്കൊപ്പം കാണാൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ താളം തെറ്റിയ മനസ്സുകൾക്കല്ലാതെ മറ്റാർക്കുമാവില്ല.
ന്യൂസ്-ക്ലിക്ക്, ബ്ലാക്ക‍് മെയ്ലിങ്ങും അശ്ലീലക്കഥയെഴുത്തും മനുഷ്യരെ കുറിച്ച് അപവാദ പ്രചരണവുമല്ല നടത്തുന്നത്. ജനങ്ങൾ നടത്തുന്ന, മുഖ്യധാരാ മാധ്യമങ്ങൾ മൂടിവയ്ക്കുന്ന പോരാട്ടങ്ങൾ പൊതുമണ്ഡലത്തിലെത്തിക്കുകയെന്ന ധർമമാണ് അത് നിർവഹിക്കുന്നത്. സിഎഎ എന്ന ഭരണഘടനാ വിരുദ്ധമായ, ഇന്ത്യൻ ജനതയെ മതാടിസ്ഥാനത്തിൽ ചേരിതിരിക്കുകയെന്ന ലക്ഷ്യത്തോടെ മോദി–ഷാ കൂട്ടുകെട്ട് കെട്ടിയിറക്കിയ കാടൻ നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന ജനകീയ പോരാട്ടത്തിനൊപ്പമായിരുന്നു ന്യൂസ് ക്ലിക്ക്. ഇന്ത്യയിലെ കർഷകജനസാമാന്യം നടത്തിയ ഒരു വർഷം നീണ്ട ഐതിഹാസികമായ പോരാട്ടത്തിനൊപ്പം, കർഷക വിരുദ്ധവും കോർപറേറ്റുകൾക്കുവേണ്ടിയുള്ളതുമായ മോദിയുടെ നിയമത്തിനെതിരെ നടന്ന പോരാട്ടത്തിനൊപ്പം നിന്ന ബദൽ മാധ്യമങ്ങളിലൊന്നായിരുന്നു ന്യൂസ് ക്ലിക്ക്. ഭരണാധികാരികൾ നടത്തുന്ന അനീതിയും അക്രമവും അഴിമതിയും തുറന്നു കാണിക്കുകയും അവയ്ക്കെതിരെ നടക്കുന്ന ചെറുതും വലുതുമായ സമരങ്ങളെ പൊതുമണ്ഡലത്തിലെത്തിക്കുകയും ചെയ്യുകയെന്ന യഥാർഥ മാധ്യമധർമമാണ് ന്യൂസ് ക്ലിക്ക് നിർവഹിക്കുന്നത്. ന്യൂസ് ക്ലിക്കിനു നേരെ മാത്രമല്ല, ദി വയർ, കാരവാൻ, ആൾട്ട് ന്യൂസ്, ന്യൂസ് ലോംട്രി തുടങ്ങിയ നിരവധി ബദൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നത് നാട്ടിൽ നടക്കുന്ന അനീതികളും അവയ്ക്കെതിരായ പോരാട്ടങ്ങളും പുറത്തുകൊണ്ടുവരുന്നതുകൊണ്ടാണ്. ഒരാളെയും, മോദിയെപോലും, വ്യക്തിഹത്യ നടത്തുകയുമല്ല, അശ്ലീലക്കഥകളെഴുതി സമൂഹാന്തരീക്ഷത്തെ മലീമസമാക്കുകയുമല്ല അവ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്ന മറുനാടൻ സ്-കറിയമാർക്ക് മോദി വാഴ്ചയും അവരുടെ വെെതാളികരും സംരക്ഷണ കവചമൊരുക്കുന്നതാണ് നാം കാണുന്നത്. അതാണ് അടൂരാൻമാരുടെ അവതാരരഹസ്യവും എന്ന് പറയാതിരിക്കാനാവില്ല. മറുനാടൻ സ്-കറിയയ്ക്കെതിരായ കേസിനെ ന്യൂസ് ക്ലിക്ക് കേസുമായി താരതമ്യം ചെയ്യുന്നവർ യഥാർഥത്തിൽ മോദി സർക്കാരിന്റെ നടപടികളെ ന്യൂനീകരിക്കുകയും വെള്ളപൂശുകയും ചെയ്യുന്നവരാണ്. കേരളത്തിലെ കോൺഗ്രസിൽ ഇന്നവശേഷിക്കുന്നത് അടൂരാനെപോലുള്ള മോദി ഭക്തരാണെന്ന് ചുരുക്കം.
മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് കഴിഞ്ഞ 30 വർഷമായി നിരവധി ലേഖനങ്ങളെഴുതി അടരാടിയിട്ടുള്ള ഒരു കുഞ്ഞുമഹാനാണ് താനെന്ന് വീമ്പടിക്കുന്ന അടൂരാൻ കരുതിയിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യമെന്നാൽ ആർക്കെതിരെയും എന്തും വിളിച്ചുപറയാനുള്ള, അപവാദ പ്രചരണത്തിനും വ്യക്തിഹത്യക്കുമുള്ള സ്വാതന്ത്ര്യമാണെന്നായിരിക്കണം. എന്നാൽ ഏതെങ്കിലുമൊരു മാധ്യമം, അത് മുഖ്യധാരയിലെ അച്ചടി–ദൃശ്യ–ശ്രവ്യമാധ്യമങ്ങളോ ഒാൺലെെൻ മാധ്യമങ്ങളോ ആകട്ടെ, ആർക്കെങ്കിലുമെതിരെ വാർത്ത ചമയ്ക്കുമ്പോൾ അതിനിരയാകുന്ന ഒരാളുടെ മനുഷ്യാവകാശവും പൗരാവകാശവുമാണ് ഹനിക്കപ്പെടുന്നത് എന്ന കാര്യം അടൂരാനും സഹവലതുപക്ഷ പ്രചാരകർക്കും ഓർമയുണ്ടോ ആവോ. അങ്ങനെ ഒരോർമയുള്ള ഒരാൾക്കും മറുനാടൻ ഷാജൻമാരെയും ഷാജഹാൻമാരെയും ന്യായീകരിക്കാനും അവരും ന്യൂസ് ക്ലിക്കിനെപോലെ ബദൽ മാധ്യമപ്രവർത്തനമാണ് നടത്തുന്നത് എന്ന് പറയാനുമാവില്ല.
യുട്യൂബ് ചാനലിലൂടെ നിരന്തരം അടിസ്ഥാനരഹിതമായി ആർക്കെതിരെയും എന്തും വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ഷാജഹാനെ, അയാൾ ഹെെക്കോടതി ജഡ്-ജിമാർക്കെതിരെ തിരിഞ്ഞപ്പോഴാണ് നല്ല മുട്ടൻ പണികിട്ടിയത്. കോടതി അയാൾക്കെതിരെ നടപടിയെടുത്തതിനും അയാളുടെ വായടപ്പിച്ചതിനും നാട്ടിലെ ഇടതുപക്ഷക്കാരും പിണറായി സർക്കാരും പിഴ മൂളണമെന്നാണോ അടൂരാനും സംഘവും നിലവിളിച്ചോണ്ടിരിക്കുന്നത്. ഷാജഹാൻ നടത്തിക്കൊണ്ടിരുന്നത് മാധ്യമപ്രവർത്തനമല്ല, ക്രിമിനൽ കുറ്റകൃത്യങ്ങളാണ് എന്ന് കേരള ഹെെക്കോടതിയുടെ അയാൾക്കെതിരായ വിധിന്യായം ഒന്ന് നോക്കിയാൽ അടൂരാനും കൂട്ടുബുദ്ധിജീവികൾക്കും പിടികിട്ടും.
ഏഷ്യാനെറ്റിലെ വിനുവിനും സിന്ധു സൂര്യകുമാറിനുമെതിരെ കേസുവന്നത് മാധ്യമധർമത്തിനു നിരക്കാത്ത വിധം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വ്യാജ വാർത്ത ചമച്ചതിനാണ്. മയക്കുമരുന്നു കച്ചവടവും പെൺകുട്ടികളെ ദുരുപയോഗം ചെയ്യലും നടക്കുന്നുവെന്ന് സ്ഥാപിക്കാൻ വ്യാജനിർമിതി നടത്തുന്നതും മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്നാണ് നമ്മുടെ വലതുപക്ഷ ‘‘ചിന്തകർ’’ ധരിച്ചുവശായിട്ടുള്ളതെന്ന് തോന്നുന്നു. രാഷ്ട്രീയമേലാളന്മാരിൽനിന്നും കോർപറേറ്റ് പ്രഭുക്കളിൽനിന്നും പണം പറ്റി വ്യാജ നിർമിതികൾ നടത്തി രാജ്യത്തെ പണിയെടുക്കുന്നവന്റെ പ്രസ്ഥാനത്തെ തകർക്കാനെത്തുന്നവർക്കെതിരെ, അത് ഏഷ്യാനെറ്റായാലും മറ്റേതു മാധ്യമമായാലും, ജനങ്ങൾ പ്രതിഷേധിക്കും, മാർച്ചു നടത്തും. അത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമല്ല, മറിച്ച് യഥാർഥ മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. യഥാർഥ മാധ്യമസ്വാതന്ത്ര്യമെന്നാൽ ജനങ്ങൾക്ക് സത്യമറിയാനുള്ള,സത്യം മാത്രമറിയാനുള്ള സ്വാതന്ത്ര്യമെന്നാണ്. വ്യാജ നിർമിതികൾ നടത്തുകയും നിരന്തരം നുണപ്രചരണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നവർ യഥാർഥത്തിൽ സത്യം മൂടിവയ്ക്കാനും അങ്ങനെ സത്യം അറിയാനുള്ള സാധാരണ മനുഷ്യരുടെ അവകാശത്തെ ഹനിക്കുന്നതിന് ശ്രമിക്കുന്നവരുമാണ്. വ്യാജന്മാരെ അഴിച്ചുവിട്ട് സത്യത്തെ കുഴിച്ചുമൂടാൻ നോക്കുന്ന ഭരണവർഗനിലപാടുകൾക്കെതിരായ പോരാട്ടത്തിലൂടെ കൂടിയാണ് രാജ്യത്ത് യഥാർഥ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്നത്.
മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ ഉദ്ധരിച്ച് മറുനാടൻമാരെയും ഷാജഹാൻമാരെയും വാഴ്-ത്തുന്ന ജെ എസ് അടൂർ നടത്തുന്നത് യഥാർഥത്തിൽ ഇത്തരക്കാർ അഴിച്ചുവിടുന്ന നുണപ്രചരണങ്ങളുടെ ആഘാതം സാധാരണ മനുഷ്യരുടെ ജീവനും ജീവിതത്തിനും മേലാണ് വന്നുപതിക്കുന്നത്. ഇത്തരം കള്ളക്കളികൾക്ക് നിന്നുകൊടുക്കാൻ കേരളീയ സമൂഹവും ഇപ്പോഴത്തെ സർക്കാരും തയ്യാറല്ലയെന്നുവരുമ്പോൾ സർക്കാരിനും സമൂഹത്തിൃനുമെതിരെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രചരണം നടത്തുന്ന അടൂരാൻമാർ സാമൂഹ്യവിരുദ്ധ നിലപാടാണ് കെെക്കൊള്ളുന്നത്.
കേരളത്തിൽ നുണപ്രചരണം നടത്തുകയും വ്യാജനിർമിതികൾ നടത്തുകയും ചെയ്യാത്ത, സാധാരണ മനുഷ്യരിൽനിന്നുള്ള പരാതിക്ക് ഇട വരുത്താത്ത ഏതു മാധ്യമത്തിനെതിരെയാണ് എന്തെങ്കിലും നടപടി ഉണ്ടായിട്ടുള്ളത്. സംസ്ഥാന സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഒരു മാധ്യമത്തിനെതിരെയും മാധ്യമ പ്രവർത്തകനെതിരെയും ഒരു നടപടിയും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. ഷാജൻ സ്-കറിയക്കെതിരെ നാടെങ്ങും കേസുണ്ടായത് അയാളുടെ അധാർമികമായ നുണപ്രചരണങ്ങൾക്ക് ഇരയാകുന്ന മനുഷ്യർ നാടെങ്ങും ഉള്ളതുകൊണ്ടും തങ്ങൾക്കുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് പരിഹാരം തേടി അവർ കോടതികളെയും പൊലീസിനെയും സമീപിക്കുന്നതുംകൊണ്ടുമാണ്. മോദി സർക്കാർ നടത്തുന്ന, ഭരണകൂടത്തിന്റെ സർവ വകുപ്പുകളെയും ഇറക്കിയുള്ള മാധ്യമവേട്ടകളെയും കാടൻ കടന്നാക്രമണങ്ങളെയും ഇതുമായി താരതമ്യപ്പെടുത്താൻ കാണ്ടാമൃഗത്തെയും തോൽപ്പിക്കുന്ന തൊലിക്കട്ടി തന്നെവേണം. ഇക്കാലത്തെ വലതുപക്ഷ ആശയപ്രചാരകർക്ക് പിടിച്ചുനിൽക്കാൻ ഇത്തരം തൊലിക്കട്ടിയും ആമത്തോടിന്റെ കവചവും അനിവാര്യമായിരിക്കുകയാണ്.
ജെ എസ് അടൂരിനെപ്പോലെ സോഷ്യൽ മീഡിയയിൽ പതിയിരുന്ന് വലതുപക്ഷത്തിനുവേണ്ടി വാചാടോപം നടത്തുന്നവർ ഒരേ സമയം കോൺഗ്രസിനും സംഘപരിവാറിനും സ്വീകാര്യരാകുന്നത് അവർ സത്യത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയല്ല, മറിച്ച് ഇതിന്റെയെല്ലാം എതിർപക്ഷത്താണ് നിൽക്കുന്നതെന്നത് എന്തുകൊണ്ടാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം അകപ്പെട്ടിട്ടുള്ള ജീർണതയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ അടൂരാൻമാർ വിതണ്ഡവാദങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കാണാനാവുന്നത്. കോൺഗ്രസ് കേരളത്തിൽ ബിജെപിയുടെ പാതയിലൂടെ ചലിക്കുന്നതുകൊണ്ടാകണമല്ലോ ഇത്തരം അധാർമികതകൾക്ക് കുടപിടിക്കുന്നത്. ജെ എസ് അടൂരിനെപ്പോലുള്ളവർ ഇതിൽ ഏതുകൂട്ടർക്കുവേണ്ടിയാണെന്ന് തിരിച്ചറിയുന്നതിന് ഈ സയാമീസ് ഇരട്ടകൾ വേർപെട്ടാലേ അറിയാനാകൂ. ♦