പ്രിയപ്പെട്ട സഖാവ് സീതാറാം യെച്ചൂരിയുടെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മുക്തമാകാൻ ഇപ്പോഴും സാധിക്കുന്നില്ല. സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ പെട്ടെന്നുണ്ടായ വേർപാട് പാർട്ടിക്ക് ഒരു വലിയ നഷ്ടം തന്നെയാണ്. യെച്ചൂരിയെപ്പോലെ ഒരു നേതാവിനെ നമ്മുടെ നാടിന് അനിവാര്യമായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം നമ്മെ വിട്ടു പോയിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്കാകെ അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
യെച്ചൂരിയെ കുറിച്ച് ഒരുപാട് ഓർമകൾ ഓരോരുത്തർക്കും പങ്കുവയ്ക്കാൻ ഉണ്ട്. കടുകട്ടിയായ വിഷയങ്ങൾ പോലും ലളിതമായ ഭാഷയിൽ സാധാരണക്കാരനെ മനസിലാക്കിക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ശേഷി എല്ലാവരും എടുത്തു പറയുന്ന ഒരു കാര്യമാണ്. മാത്രമല്ല ഓരോ പ്രവർത്തകനെയും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കാനും അവരുടെ തോളിൽ തട്ടി കുശലം പറയാനും പരിചയം പുതുക്കാനും സൗഹൃദം സൂക്ഷിക്കാനുമൊക്കെ സ്വതസിദ്ധമായിത്തന്നെ അദ്ദേഹത്തിന് സാധിച്ചിരുന്നു.
സഖാവ് യെച്ചൂരിയെ ഞാൻ ആദ്യമായി അടുത്തു കാണുന്നത് 1985ൽ കൊല്ലത്തു നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ്. ആ സംസ്ഥാന സമ്മേളനത്തിനിടയിലാണ് പ്രിയപ്പെട്ട സഖാവ് എൻ എസ് അപകടത്തിൽ മരണപ്പെടുന്നത്. അതുകാരണം അന്ന് ആ സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കി. അദ്ദേഹത്തിന്റെ ഭൗതികശരീരം ആലപ്പുഴയിലെ വലിയചുടുകാട്ടിൽ ആണ് അടക്കം ചെയ്തത്. അന്ന് മത്തായി ചാക്കോയുടെയും വി ശിവൻകുട്ടിയുടെയും ഒപ്പം യെച്ചൂരിയും ചടങ്ങിൽ പങ്കെടുത്തു. അതിനുശേഷം ആലപ്പുഴ പാർട്ടി ഓഫീസിലാണ് അദ്ദേഹം തങ്ങിയത്. അന്നവിടെ താമസിച്ചതും പുറത്തുള്ള തട്ടുകടയിൽ പോയി ഭക്ഷണം കഴിച്ചതുമെല്ലാം അന്ന് ഒപ്പമുണ്ടായിരുന്ന സഖാവ് ചന്ദ്രബാബു ഇപ്പോഴും ഓർത്തു പറയാറുണ്ട്. ആലപ്പുഴ പാർട്ടി ഓഫീസുമായുള്ള ബന്ധം അന്നുമുതൽ അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. വി എസ്, സുശീല ഗോപാലൻ, ഗൗരിയമ്മ, പി കെ സി തുടങ്ങിയ പാർട്ടിയുടെ സമുന്നതരായ നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു.
ഞാനന്ന് എസ്എഫ്ഐയുടെ പ്രധാന പ്രവർത്തകയായി മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. 1986ൽ ആലപ്പുഴ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തത് സഖാവ് യെച്ചൂരിയായിരുന്നു. മുനിസിപ്പൽ മൈതാനിയിൽ നടന്ന അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്നു. പ്രധാനപ്പെട്ട ചില സംഘടനകൾ അന്ന് അവിടെ വെച്ച് അദ്ദേഹത്തിന്റെ പരിപാടി ബുക്ക് ചെയ്തു പോയതും ആവേശത്തോടെയാണ് ഓർക്കുന്നത്.
ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറണമെന്നും അത് പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. അതിനുശേഷം വിജയവാഡയിൽ ചേർന്ന എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റായിരുന്ന സഖാവ് യെച്ചൂരി സ്ഥാനം ഒഴിഞ്ഞ് പകരം സഖാവ് എ വിജയരാഘവൻ പ്രസിഡന്റായി. അന്ന് അദ്ദേഹം നടത്തിയ വിടവാങ്ങൽ പ്രസംഗം ഇപ്പോഴും എന്റെ ഓർമയിലുണ്ട്. ആ ഘട്ടമായപ്പോഴേക്കും യെച്ചൂരി പാർട്ടിയുടെ അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.
രാജ്യത്തെമ്പാടുമുള്ള എസ്എഫ്ഐ പ്രവർത്തകർ ആരാധനയോടെയായിരുന്നു യെച്ചൂരിയെ കണ്ടിരുന്നത്. ജെഎൻയുവിലെ സമർത്ഥരായ നേതാക്കളായിരുന്ന പ്രകാശ് കാരാട്ടും യെച്ചൂരിയും ഞങ്ങളുടെ കാലത്തെ എസ്എഫ്ഐക്കാർക്ക് ആവേശമായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം ജെഎൻയുവിന്റെ ചാൻസിലർ പദവി ഒഴിയാതിരുന്ന ഇന്ദിരാഗാന്ധിയെ കുറ്റവിചാരണ നടത്തുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ ചിത്രം ആ സമര ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.
1988ൽ ഞാൻ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ ആലപ്പുഴ വച്ച് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു യെച്ചൂരിയെ പിന്നീട് അടുത്തുകണ്ടത്. സഖാവ് ഇഎംഎസ്, സുർജിത്ത് എന്നിവരടക്കമുള്ള നേതാക്കൾക്കൊപ്പം സമ്മേളനത്തിൽ ആദ്യവസാനം ഉണ്ടായിരുന്ന നേതാക്കൾ ആയിരുന്നു പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും. അന്നത്തെ സമ്മേളനത്തിലും പ്രകടനത്തിലും വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. സഖാവ് സുശീല ഗോപാലൻ ഞങ്ങളുടെ പ്രവർത്തനത്തിന് നല്ല പിന്തുണ നൽകിയിരുന്നു. സ്ത്രീ പങ്കാളിത്തത്തെ കുറിച്ച് ആ വേദിയിൽ വച്ചുതന്നെ അഭിനന്ദിക്കുകയും പിന്നീട് പീപ്പിൾസ് ഡെമോക്രസിയിൽ സമ്മേളനത്തെ സംബന്ധിച്ച് എഴുതുന്ന കൂട്ടത്തിൽ മഹിളാ പ്രവർത്തകരുടെ പങ്കാളിത്തത്തെ കുറിച്ച് പ്രത്യേകം പരാമർശിച്ചുകൊണ്ട് കോളം എഴുതുകയും ചെയ്തു. അതിന്റെ കോപ്പി ഏറെ അഭിമാനത്തോടെ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
തുടർന്നുള്ള പാർട്ടി കോൺഗ്രസിലും ഓടിനടന്ന് കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന യെച്ചൂരിയെ മറക്കാൻ കഴിയുന്നില്ല.
പാർട്ടിയുടെ സാർവദേശീയ പ്രവർത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്ന ആളായിരുന്നു യെച്ചൂരി. ലോകത്തെ മറ്റു രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനങ്ങളിലും മറ്റും പങ്കെടുത്തതിനു ശേഷം യെച്ചൂരി എഴുതുന്ന ലേഖനങ്ങൾ സ്ഥിരമായി വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന ആളായിരുന്നു എന്റെ അച്ഛൻ. നേപ്പാളിലെ തർക്കം പരിഹരിക്കാൻ യെച്ചൂരിയെ അയച്ച ഘട്ടത്തിൽ മറ്റ് സഖാക്കളോട് യെച്ചൂരിയെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പ്രത്യശാസ്ത്രപരമായി സഖാക്കളെ സജ്ജരാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
യെച്ചൂരിയുമായി എനിക്ക് കൂടുതൽ അടുത്തിടപഴകാൻ അവസരം ലഭിച്ചത് എംപി ആയിരുന്ന കാലത്തായിരുന്നു. എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനകാലത്ത് പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്ന ജി സുധാകരൻ സഖാവുമായി വളരെ അടുത്ത ബന്ധം യെച്ചൂരിക്ക് ഉണ്ടായിരുന്നു. ഇടതുപക്ഷം ഉജ്ജ്വല വിജയം കരസ്ഥമാക്കിയ തിരഞ്ഞെടുപ്പിൽ ഒന്നാം യുപിഎ ഗവൺമെന്റിനെ ഇടതുപക്ഷം പിന്തുണച്ചു. കോമൺ മിനിമം പരിപാടി തയ്യാറാക്കുന്നതിലും കോഡിനേഷൻ കമ്മിറ്റികളിലുമെല്ലാം യെച്ചൂരി സ്ഥിരമായി പങ്കെടുക്കുമായിരുന്നു. അദ്ദേഹം രാജ്യസഭാംഗമായിരുന്ന ഘട്ടത്തിൽ ഉണ്ടായ നിയമനിർമാണങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഗാർഹിക പീഡന നിരോധന നിയമം, ഭക്ഷ്യ ഭദ്രത നിയമം, വിദ്യാഭ്യാസ അവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ പ്രധാനപ്പെട്ട നിയമങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. ഈ ഘട്ടത്തിൽ നിരവധിയായ പ്രധാനപ്പെട്ട പ്രസംഗങ്ങളും യെച്ചൂരി സഭയിൽ നടത്തിയിട്ടുണ്ട്. യെച്ചൂരി സംസാരിക്കുന്ന ദിവസങ്ങളിൽ അത് കേൾക്കാനായി പ്രതിപക്ഷ അംഗങ്ങൾ പോലും കൃത്യമായി ഹാജരാകുമായിരുന്നു. 2008 ൽ സർവദേശീയ മഹിളാ ദിനത്തിന്റെ നൂറാം വാർഷികത്തിൽ പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം മറക്കാനാകില്ല. വനിതാ സംവരണ ബിൽ പാസാക്കുന്നതിനുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.
കേരളത്തോട് എക്കാലത്തും വളരെ അടുപ്പം കാണിച്ചിട്ടുള്ള നേതാവാണ് യെച്ചൂരി. കേരളത്തിന്റെ അരി വിഹിതം വെട്ടിക്കുറച്ചപ്പോൾ ഡൽഹിയിൽ ഇടത് എംപിമാർ നടത്തിയ സമരത്തിന് അദ്ദേഹം വലിയ പിന്തുണ നൽകിയിരുന്നു. റെയിൽവേ വികസനം, കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമായ എയിംസ്, പാലക്കാട് റെയിൽവെ കോച്ചു ഫാക്ടറി തുടങ്ങിയ നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാർ കേരളത്തെ അവഗണിച്ചപ്പോൾ കേരളത്തോടൊപ്പം അചഞ്ചലമായി യെച്ചൂരി നിലകൊണ്ടു.
പ്രതിപക്ഷ പാർട്ടികളിലെ എല്ലാ നേതാക്കളുമായും അദ്ദേഹം പുലർത്തിയിരുന്ന അടുപ്പം ഞങ്ങൾ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. പാർലമെന്റിൽ അവതരിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ചു വളരെ വ്യക്തതയോടെ അവതരിപ്പിക്കുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് എക്കാലത്തും സ്വീകാര്യതയുണ്ടായിരുന്നു.
പാർലമെന്റ് സെൻട്രൽ ഹാളിലെ കാപ്പിയും ടോസ്റ്റും കഴിച്ചതിനുശേഷം യെച്ചൂരി കോർണറിലേക്ക് ( ആ സ്പേസ് അങ്ങനെയാണ് അറിയപ്പെടുന്നത്) സംസാരിച്ചിരിക്കുന്നതിന് വേണ്ടി ഓടുന്ന പല എംപിമാരെയും ഈ അവസരത്തിൽ ഓർത്തുപോകുന്നു. രാഷ്ട്രീയ ഭേദമന്യേ ഏവർക്കും സ്വീകാര്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചർച്ചകളിൽ ലോകത്തെ എല്ലാ കാര്യങ്ങളും കടന്നുവരുമായിരുന്നു. കേരളത്തിൽ നിന്നുള്ള വനിതാ എംപിമാരായ സഖാവ് സതീദേവിയോടും എന്നോടും പ്രത്യേക കരുതലും വാത്സല്യവും അദ്ദേഹത്തിനുണ്ടായിരുന്നു. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് കടന്നുവരണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എനിക്ക് യെച്ചൂരിയോടൊപ്പം കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് അഭിമാനമായി കരുതുകയാണ്. കമ്മിറ്റികളിലും അദ്ദേഹം അവതരിപ്പിക്കുന്ന കാര്യങ്ങൾ കൃത്യവും ലളിതവുമായിരുന്നു. പുതുതായി കമ്മിറ്റിയിൽ എത്തിയ ഞങ്ങളെപ്പോലുള്ളവരെ അദ്ദേഹം നന്നായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്തിൽ അദ്ദേഹത്തോടൊപ്പം വിയറ്റ്നാം സന്ദർശിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുവമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞാൻ ഉൾപ്പെടെ 5 പേരായിരുന്നു ഡെലിഗേഷനിലുണ്ടായിരുന്നത്. യാത്രയിലുടനീളം വിയറ്റ്നാമിനെക്കുറിച്ചും ഹോചിമിനെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമെല്ലാം അദ്ദേഹം കൃത്യമായി പറഞ്ഞു തന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും അപാരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ആ രാജ്യത്തിന്റെ നേതൃത്വവുമായി നല്ല ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ച് അധിനിവേശ വിയറ്റ്നാം കാലം, വിപ്ലവത്തിന്റെ തയ്യാറെടുപ്പുകൾ, സ്ത്രീ പങ്കാളിത്തം, ഹോചിമിന്റെ ജീവിതം എന്നിവയെക്കുറിച്ചെല്ലാം വിശദമായി അദ്ദേഹം പറഞ്ഞു തന്നു. ഫ്രഞ്ചുകാർ നിർമിച്ച വലിയ ഓഫീസ് കെട്ടിടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു രണ്ടു മുറി വീട്ടിലാണ് ഹോചിമിൻ താമസിച്ചിരുന്നത്. ആ വീടിനു മുന്നിൽ ചെറിയൊരു മത്സ്യക്കുളം ഉണ്ടായിരുന്നതും ആ മത്സ്യങ്ങളെ പിടിച്ച് അവിടെ വരുന്ന അതിഥികൾക്ക് അദ്ദേഹം പാചകം ചെയ്തു കൊടുക്കുന്നതുമായ കഥകളൊക്കെ യെച്ചൂരി പറഞ്ഞാണ് ഞങ്ങൾ അറിയുന്നത്.
വിയറ്റ്നാം വിപ്ലവവുമായി ബന്ധപ്പെട്ട് യെച്ചൂരിക്ക് ഉണ്ടായ അനുഭവങ്ങളും ഓർമകളും അവിടത്തെ നേതാക്കളുമായി അദ്ദേഹം പങ്കുവെച്ചു. വിയറ്റ്നാം വിപ്ലവം വിജയിച്ച വാർത്തയറിഞ്ഞ് ജെ എൻ യുവിൽ നിന്നും വിദ്യാർത്ഥികൾ എംബസിയിലേക്ക് നടത്തിയ ജാഥയെ കുറിച്ചും ഹോചിമിന്റെ കൽക്കത്ത സന്ദർശനത്തെ കുറിച്ചും പാർട്ടി ഓഫീസിലെ താമസത്തെക്കുറിച്ചുമെല്ലാം അദ്ദേഹം ആവേശത്തോടെ ഓർത്തു പറഞ്ഞു. ഹോചിമിന്റെ പേരിൽ കൽക്കത്തയിൽ ഒരു സ്ട്രീറ്റുമുണ്ട്. ഇതെല്ലാം ആയിരിക്കണം വളരെ ലളിതമായി ജീവിക്കാൻ യെച്ചൂരിയെയും പ്രേരിപ്പിച്ചത്.
അവിടെവച്ച് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ വനിത നേതാവായ മാഡം മായുമായി നടത്തിയ കുടിക്കാഴ്ചയിൽ കേരളത്തെക്കുറിച്ച് വളരെ അഭിമാനത്തോടുകൂടിയാണ് യെച്ചൂരി സംസാരിച്ചത്. രാജ്യത്തിന് മാതൃകയാക്കാവുന്ന ഒരു ഇടതു ബദൽ ആയി കേരളത്തെ അദ്ദേഹം അവിടെ അവതരിപ്പിച്ചു.
അദ്ദേഹത്തിന്റെ മുറിയിൽ ഇരുന്നു ഞങ്ങൾ സംസാരിക്കുമ്പോഴാണ് വീട്ടിലെ ജോലികൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം പറയുന്നത്. എത്ര വൈകി വീട്ടിൽ ചെന്നാലും പാത്രങ്ങളെല്ലാം കഴുകി വയ്ക്കുകയും വൃത്തിയാക്കുകയും ഒക്കെ ചെയ്യുന്നത് യെച്ചൂരിയായിരുന്നു. തുല്യത പ്രസംഗിക്കാൻ മാത്രമുള്ളതല്ല വീട്ടിൽ നിന്നുതന്നെ ആരംഭിക്കേണ്ടതാണെന്ന കാര്യവും അദ്ദേഹം ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ട്.
വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളായിരുന്നു അദ്ദേഹം. ലോകത്തിന്റെ പല കോണുകളിലുമുള്ള വിവിധതരം ഭക്ഷണങ്ങളെ കുറിച്ച് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് അനുഭവത്തിലൂടെ ഞാൻ അറിഞ്ഞ കാര്യമാണ്. ഞങ്ങൾ താമസിച്ച ഹോട്ടലിൽ ഞങ്ങൾ കഴിച്ചു കൊണ്ടിരുന്ന വിഭവങ്ങളെ കുറിച്ചെല്ലാം അദ്ദേഹം സംസാരിക്കുമായിരുന്നു. നമ്മുടെ നാട്ടിലെ ചക്ക അവിടെവച്ച് കണ്ടപ്പോൾ അവർ അത് മാർക്കറ്റ് ചെയ്യുന്ന രീതിയെക്കുറിച്ച് പറഞ്ഞുതരികയും കേരളത്തിന് അത് മാതൃകയാക്കാവുന്നതാണ് എന്ന് ഉപദേശിക്കുകയും ചെയ്തു. യാത്രയിലുടനീളം ഒരു മൂത്ത സഹോദരനെപ്പോലെയാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. ആ വിയറ്റ്നാം യാത്ര ഒരിക്കലും മറക്കാനാവുന്നതല്ല.
അതിനുശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും ആലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തശേഷം സജി ചെറിയാൻ, ആർ നാസർ, സി ബി ചന്ദ്രബാബു, ഞാൻ എന്നിവരുൾപ്പെടെയുള്ള സഖാക്കൾക്കൊപ്പം പാർട്ടി ഓഫീസിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് അദ്ദേഹം തിരിച്ചുപോയത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിന് ചെന്നപ്പോഴും അതിനു ശേഷം കരുനാഗപ്പള്ളിയിൽ പാർട്ടി റിപ്പോർട്ടിങ്ങിന് വന്നപ്പോഴും അദ്ദേഹത്തിന് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും രോഗം ഭേദമായി തിരിച്ചു വരും എന്നുതന്നെയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.
തന്റെ അവസാന കാലം വരെ പാർട്ടി പ്രവർത്തനങ്ങളിലും ഇന്ത്യയുടെ ജനാധിപത്യ പോരാട്ടങ്ങളിലും നിറസാന്നിധ്യമായിരുന്ന സഖാവ് യെച്ചൂരി ചിരിച്ചുകൊണ്ട് കടന്നുപോയി. യെച്ചൂരിയുടെ ജീവിതം പുതിയ തലമുറയ്ക്കും ഇടതുപക്ഷ പ്രവർത്തകർക്കും ഒരു പാഠപുസ്തകം തന്നെയാണ്.
ലളിതമായജീവിതവും ഉയർന്നചിന്തയും എന്നു നാം പറയാറുള്ളത് ജീവിതത്തിൽ സ്വീകരിച്ചയാളായിരുന്നു യെച്ചൂരി.ഏത് ജീവിതസാഹചര്യത്തെയും മനസ്സിലാക്കി ഇതിൽ ചേർന്നുനില്ക്കുക എന്നതും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.ലോകത്തെഅറിഞ്ഞ് ഇന്ത്യയെ മനസ്സിലാക്കി ജീവിച്ച അദ്ദേഹത്തിന്റെ വേർപാട് ഇന്ത്യൻജനാപത്യത്തിനും കനത്ത നഷ്ടമാണ്.അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനായി പൊരുതിയ അദ്ദേഹം അവസാനനാളുകളിലും ഇന്ത്യയുടെ മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാനുള്ള സമരത്തിലായിരുന്നു. ഇന്ത്യയുടെ ജനാധിപത്യപോരാട്ടചരിത്രത്തിൽ തിളങ്ങിനില്ക്കുന്ന പേരായിരിക്കും സീതാറാമിന്റേത്.മാർക്സിസ്റ്റ് സമീപനത്തിലൂടെ ലോകത്തെ വിലയിരുത്തിയ സഖാവിന് ആദരവോടെ വിട പറയുന്നു; ഒപ്പം ഏറെവേദനയോടെയും. l