Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിസഖാവ് 
ലോറൻസ് 
ജ്വലിക്കുന്ന 
ഓർമ

സഖാവ് 
ലോറൻസ് 
ജ്വലിക്കുന്ന 
ഓർമ

എളമരം കരീം (സിഐടിയു സംസ്ഥാന 
ജനറൽ സെക്രട്ടറി)

സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് എം എം ലോറൻസ്. പിതാവും സഹോദരനും യുക്തിവാദ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഖാവ് വളർന്നത്. പിന്നീട് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അടിയുറച്ച നേതാവായി എം എം ലോറൻസ് വളർന്നു. അദ്ദേഹത്തിന്റെ ജീവിതത്തെയും ചിന്തകളെയും ഏറെ സ്വാധീനിച്ച നേതാവായിരുന്നു ഇ എം എസ്. എറണാകുളം രാജേന്ദ്ര മെെതാനത്ത് ഇ എം എസ് നടത്തിയ പ്രസംഗം കേൾക്കാനിടയായത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

വിദ്യാർഥിയായിരുന്ന കാലത്തുതന്നെ ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായി. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. അക്കാലത്തെ പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുത്ത്, ആറ് വർഷക്കാലം ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരക്കൊല്ലവും, ഇന്ത്യ–ചെെന യുദ്ധകാലത്ത് രണ്ടുകൊല്ലവും, ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ രണ്ടരവർഷവും സഖാവ് ലോറൻസ് ജയിലിലടയ്ക്കപ്പെട്ടു.

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റംഗം,കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും എൽഡിഎഫ് കൺവീനറായും അദ്ദേഹം പ്രവർത്തിച്ചു. എഐടിയുസിയിലൂടെ ട്രേഡ് യൂണിയൻ പ്രവർത്തകനായി വന്ന സ: ലോറൻസ്, 1970ൽ സിഐടിയു രൂപംകൊള്ളുമ്പോൾ അതിന്റെ മുഖ്യസംഘാടകരിൽ ഒരാളായി. അഖിലേന്ത്യാ വെെസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. രൂപീകരണനാൾ മുതൽ സിഐടിയുവിന്റെ എല്ലാ അഖിലേന്ത്യാ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഇടപ്പള്ളി കേസ് പ്രതികൾ: കെ സി മാത്യു, എം എം ലോറൻസ്, കെ എ വറുതുട്ടി, കുഞ്ഞൻബാവ കുഞ്ഞുമോൻ, 
വി പി സുരേന്ദ്രൻ, എൻ കെ ശ്രീധരൻ, എം എ അരവിന്ദാക്ഷൻ, കെ എ രാജൻ, വി ശൗരിമുത്തു, ഒ രാഘവൻ

ചെരുപ്പ് കുത്തുന്നവർ, റിക്ഷാവണ്ടി തൊഴിലാളികൾ, തോട്ടി തൊഴിലാളികൾ, വള്ള തൊഴിലാളികൾ, ഭാരവണ്ടി തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, പാർസൽ ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. പൊതുവിൽ സമൂഹത്തിന്റെ അടിത്തട്ടിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞിരുന്ന അസംഘടിതരായ അധഃസ്ഥിത ജനവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തൊഴിലാളി സംഘടനാ രംഗത്തേക്ക് ഉയർന്നുവന്നത്. അടുത്തുവന്നാൽ പരിഷ്-കൃതരെന്നു കരുതുന്നവർ ആട്ടിപ്പായിച്ചിരുന്ന തോട്ടിത്തൊഴിലാളികളെ സംഘടിപ്പിക്കാൻ, അവരോടൊപ്പം നടന്നും ഭക്ഷണം കഴിച്ചും അവരുടെ വിശ്വാസമാർജിച്ച് അദ്ദേഹം നടത്തിയ പ്രവർത്തനം അതുല്യമായിരുന്നു; മാതൃകാപരവും. മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സ. ലോറൻസ് തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകർന്നതിനെ ആധാരമാക്കിയെഴുതിയ കവിത അദ്ദേഹത്തിന്റെ ജീവിത മഹത്വം ഉയർത്തിക്കാണിക്കുന്നതാണ്. ധീരതയുടെയും മനുഷ്യസ്നേഹത്തിന്റെയും മറുപേരായി സ. ലോറൻസിനെ നിസ്സംശയം വിശേഷിപ്പിക്കാനാവും. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ വെെസ് പ്രസിഡന്റായി 12 വർഷത്തോളം പ്രവർത്തിച്ചു.

സഖാവ് ലോറൻസിന്റെ വിയോഗം, സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. l

സ: എം എം ലോറൻസ് 
ഉജ്വലനായ സംഘാടകനും 
വീറുറ്റ പോരാളിയും
എം എ ബേബി

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളിനെയാണ് സഖാവ് ലോറൻസ് കടന്നു പോകുന്നതിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 1946 ൽ തന്റെ കൗമാരകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവ്, പത്താം ക്ലാസോടെ വിദ്യാഭ്യാസം ഉപേക്ഷിച്ച് പതിനേഴാം വയസ്സിൽ പൂർണസമയ പാർട്ടി പ്രവർത്തകനായി.  തുറമുഖത്തൊഴിലാളികളുടെയും കൊച്ചിയിലെ തോട്ടിത്തൊഴിലാളികളുടെയും സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിച്ച അദ്ദേഹം വിപ്ലവകരമായ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് 22 മാസം ജയിലിൽ കിടന്ന സഖാവ് ലോറൻസ് കിരാതമായ പൊലീസ് മർദ്ദനത്തിന് ഇരയായി. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായും മറ്റും ജയിലിൽ കിടന്നത് ഉൾപ്പെടെ ആകെ ആറു വർഷക്കാലം തടവിലായിരുന്നു.

1964 ൽ പാർട്ടിയിൽ ഉണ്ടായ പിളർപ്പിനെത്തുടർന്ന് 1967 മുതൽ 1978 വരെയുള്ള അടിയന്തരാവസ്ഥ അടക്കമുള്ള ദുർഘടകാലത്ത് എറണാകുളത്തെ പാർട്ടിയെ ശക്തമാക്കി നിർത്തുന്നതിൽ സഖാവ് എം എം ലോറൻസ് വലിയ പങ്കു വഹിച്ചു. ഇക്കാലത്താണ് എസ് എഫ് ഐ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് സഖാവ് ലോറൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. പില്ക്കാലത്ത് സിഐടിയു നേതാവ് എന്ന നിലയിൽ അദ്ദേഹം കേരളത്തിലെ തൊഴിലാളി സംഘടനയെ വളരെക്കാലം നയിച്ചു.

ഇടുക്കിയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറും ആയിരുന്നു. പില്ക്കാലത്ത് പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി എടുത്തുവെങ്കിലും സഖാവ് ലോറൻസ് വീണ്ടും ക്രമേണ സിപിഐ എം സംസ്ഥാനക്കമ്മിറ്റിയിലേക്ക് ക്ഷണിക്കപ്പെട്ടു.

സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം പേറുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ തലമുറയിലെ ഒരു സഖാവ് കൂടി കാലയവനികയ്ക്കുള്ളിലേക്കു മടങ്ങുകയാണ്. അന്ത്യാഭിവാദ്യങ്ങൾ സഖാവ് ലോറൻസ്! l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 4 =

Most Popular