Wednesday, October 9, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികം1917 ഫെബ്രുവരി മുതൽ 
ഒക്ടോബർ വരെ റഷ്യൻ വിപ്ലവത്തിന്റെ 
മുഹൂർത്തം കുറിച്ച് ലെനിൻ

1917 ഫെബ്രുവരി മുതൽ 
ഒക്ടോബർ വരെ റഷ്യൻ വിപ്ലവത്തിന്റെ 
മുഹൂർത്തം കുറിച്ച് ലെനിൻ

ജി വിജയകുമാർ

ഫെബ്രുവരിയിൽ റഷ്യയിൽ സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തിന് അറുതിവരുത്തിയ വിപ്ലവം നടന്നപ്പോൾ ലെനിൻ സൂറിച്ചിൽ പ്രവാസിയായി കഴിയുകയായിരുന്നു. അദ്ദേഹം ഈ കാലയളവിൽ വിദേശത്തായിരുന്നുവെന്നതിനർഥം റഷ്യയിലെ സംഭവ വികാസങ്ങളെക്കുറിച്ച് സൂറിച്ചിലെ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ നിന്നുള്ള അറിവു മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂവെന്നല്ല. ഒളിവിലായിരുന്നപ്പോഴും റഷ്യയിൽനിന്ന് പ്രവർത്തനം നടത്താനാകാത്തതുമൂലം പ്രവാസിയായി കഴിയാൻ നിർബന്ധിതനായിരുന്നപ്പോഴുമെല്ലാം ലെനിൻ റഷ്യയിൽനിന്നിരുന്ന പാർട്ടി പ്രവർത്തകരുമായും ജനകീയ നേതാക്കളുമായും നിരന്തരം സമ്പർക്കത്തിലായിരുന്നു. അങ്ങനെ ഓരോ സംഭവത്തെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകളും അവരുടെ വികാര വിചാരങ്ങളും ഹൃദയസ്പന്ദനങ്ങൾപോലും അദ്ദേഹം അറിഞ്ഞിരുന്നു. ലെനിന്റെ ഓരോ വാക്കിലും വരിയിലും അതിന്റെ പ്രതിഫലനമുണ്ടായിരുന്നു. ലെനിൻ പ്രവാസിയായി കഴിഞ്ഞിരുന്നത് സൂറിച്ചിലോ പാരീസിലോ ലണ്ടനിലോ മറ്റെവിടെയെങ്കിലുമോ ആകട്ടെ, അപ്പോഴും അദ്ദേഹം റഷ്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നടുനായകത്വം വഹിച്ചുകൊണ്ട് റഷ്യയിലെ വിപ്ലവപ്രസ്ഥാനത്തിനൊപ്പം, ബോൾഷെവിക് പാർട്ടി പ്രവർത്തകർക്കൊപ്പം തന്നെയായിരുന്നു. അതുകൊണ്ടാണ് എവിടെയിരുന്നും റഷ്യയിലെ മൂർത്തമായ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാനും അതു മൂർത്തമായി വിശകലനം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞത്.

ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് ലെനിൻ റഷ്യയിലെ ബോൾഷെവിക് പാർട്ടി പ്രവർത്തകർക്ക് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചുള്ള കൃത്യമായ നിർദേശങ്ങൾ അപ്പപ്പോൾ തന്നെ നൽകിയിരുന്നു. ‘‘അകലെ നിന്നുള്ള കത്തുകളി’’ൽ തുടങ്ങി ഒക്ടോബർ 24ന് കേന്ദ്ര കമ്മിറ്റിക്കും സഖാക്കൾക്കുമെഴുതിയ കത്തുകൾ വരെയുള്ള ലെനിന്റെ രചനകളിൽ കാണുന്ന അദ്ദേഹത്തിന്റെ വെെരുദ്ധ്യാത്മകമായ വിശകലന ശേഷിയാണ് റഷ്യൻ വിപ്ലവത്തെ വിജയത്തിലേക്കെത്തിച്ചത്. റഷ്യയിൽ തൊഴിലാളി വർഗ വിപ്ലവം വിജയത്തിലെത്തിക്കാൻ വേണ്ട സിദ്ധാന്തത്തിന് ലെനിൻ 1917 ഫെബ്രുവരിക്കുശേഷം പൊടുന്നനെ രൂപംനൽകുകയല്ല ചെയ്തത്. രണ്ടു ദശകത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സെെദ്ധാന്തികമായ പഠനങ്ങളുടെ ആകത്തുകയായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവസിദ്ധാന്തം; അതനുസരിച്ചാണ് റഷ്യൻ സമൂഹത്തെ അദ്ദേഹം വിശകലനം ചെയ്തത്; അതിന്റെ അടിസ്ഥാനത്തിലാണ് വിപ്ലവത്തിന്റെ സ്വഭാവം നിർണയിക്കുകയും അതു വിജയിപ്പിക്കാനാവശ്യമായ സംഘടനാ സംവിധാനത്തെ സംബന്ധിച്ച് വ്യക്തത വരുത്തുകയും ചെയ്തത്-. 1890കൾ മുതൽ 1916 വരെയുള്ള കാലത്തെ ലെനിന്റെ രചനകൾ മാത്രമല്ല, വിപ്ലവപ്രവർത്തനങ്ങളും ഇടപെടലുകളുമെല്ലാം ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു.

1917 ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള, അതായത് രണ്ട് വിപ്ലവങ്ങൾക്കിടയ്ക്കുള്ള എട്ടുമാസക്കാലം അദ്ദേഹം എഴുതിയ ലേഖനങ്ങളും കുറിപ്പുകളും കത്തുകളുമാകെ വിപ്ലവത്തിന്റെ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച മൂർത്തമായ പാഠങ്ങൾ മുന്നോട്ടുവയ്ക്കുന്നതാണ്. ബോൾഷെവിക് പാർട്ടി അണികളുമായും റഷ്യയിലെ ബഹുജനങ്ങളുമായുമുള്ള ലെനിന്റെ ഉറ്റബന്ധമാണ് റഷ്യയിൽ അനുദിനമുണ്ടായിക്കൊണ്ടിരുന്ന സംഭവവികാസങ്ങളെ അതിന്റെ സമഗ്രതയിൽ, അതിന്റെ എല്ലാ വെെരുദ്ധ്യങ്ങളോടുംകൂടിത്തന്നെ മനസ്സിലാക്കാൻ ലെനിനെ പ്രാപ്തനാക്കിയത്.

അകലെ നിന്നുള്ള കത്തുകൾ
1917 മാർച്ച് 7നും മാർച്ച് 26ന് സൂറിച്ചിൽ (സ്വിറ്റ്സർലണ്ട്)നിന്ന് റഷ്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപുമുള്ള കാലം വരെയും ലെനിൻ എഴുതിയ അഞ്ചുകത്തുകളാണ് ‘അകലെ നിന്നുള്ള കത്തുകൾ’ എന്ന പേരിൽ മാർച്ച് 21 മുതൽ ബോൾഷെവിക് മുഖപത്രമായ പ്രാവ‍്ദയിൽ പ്രസിദ്ധീകരിച്ചത്. റഷ്യയിൽ ബൂർഷ്വാ താൽക്കാലിക ഗവൺമെന്റും പെട്രോഗ്രാഡിലെ തൊഴിലാളി–സെെനിക പ്രതിനിധികളുടെ സോവിയറ്റിന്റെ എക്സിക്യൂട്ടീവും നിലവിൽ വന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായ ഉടൻ തന്നെ ലെനിൻ പ്രാവ്ദയ്ക്കുവേണ്ടി എഴുതിയ ലേഖനങ്ങളാണ് ‘അകലെ നിന്നുള്ള കത്തുകൾ’.

‘‘സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി’’ മാറ്റാൻ റഷ്യൻ സോഷ്യലിസ്റ്റുകൾ ശ്രമിക്കണമെന്ന ആശയമാണ് ലോകയുദ്ധത്തിന്റെ തുടക്കംമുതൽ ലെനിൻ മുന്നോട്ടുവച്ചത്. അങ്ങനെയാകുമ്പോൾ റഷ്യയെ സംബന്ധിച്ച് സാറിസ്റ്റ് ഗവൺമെന്റ് ദുർബലമാവുകയും അത് വിപ്ലവസാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന നിലപാടാണ് 1915 മാർച്ചിൽ വിദേശത്തുവച്ച് ചേർന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (ആർഎസ്ഡിഎൽപി) യിലെ വിവിധ ഗ്രൂപ്പുകളുടെ യോഗത്തിൽ കെെക്കൊണ്ടത്. അതിന്റെ സാക്ഷാത്കാരമായിരുന്നു, രണ്ടുവർഷത്തിനുശേഷം 1917 ഫെബ്രുവരിയിൽ നടന്നത്.

1917 ഫെബ്രുവരിയിൽ നടന്ന വിപ്ലവം ‘ബൂർഷ്വാ വിപ്ലവം’ ആണെന്നും അലക്സാണ്ടർ കെറൻസ്-കിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട താൽക്കാലിക ഗവൺമെന്റ് ‘മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും ഗവൺമെന്റാ’ണെന്നുമായിരുന്നു ലെനിന്റെ അഭിപ്രായം. സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തെ തകർത്തത് തൊഴിലാളിവർഗവും കർഷകരും നടത്തിയ വിപ്ലവപരമായ മുന്നേറ്റമാണ്. സാറിസ്റ്റ് വാഴ്ചയെ കടപുഴക്കിയെറിയുന്നതിനായി പൊരുതിയ തൊഴിലാളികൾക്കും കർഷകർക്കും വേണ്ടത് അടിയന്തരമായും സമാധാനം സ്ഥാപിക്കലാണ്, യുദ്ധത്തിന് അറുതി വരുത്തലാണ്. എന്നാൽ, ബൂർഷ്വാസിയുടെ താൽപ്പര്യം സംരക്ഷിക്കുന്ന അലക്സാണ്ടർ കെറൻസ്-കിയുടെ നേതൃത്വത്തിലുള്ള പ്രൊവിഷണൽ ഗവൺമെന്റ് യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിലായിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ലെനിൻ ‘അകലെ നിന്നുള്ള കത്തുകൾ’ എഴുതിയത്.

മാർച്ച് 12ന് എഴുതിയ നാലാമത്തെ കത്തിൽ ലെനിൻ ഇങ്ങനെ വ്യക്തമാക്കി: ‘‘ജനാധിപത്യപരമായ സമാധാനത്തിനായി ഈ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നത്, വേശ്യാലയം നടത്തിപ്പുകാരന‍് സദാചാരബോധമുണ്ടാക്കാൻ ശ്രമിക്കുന്നതുപോലെയാണ്.’’ യഥാർഥത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ലെനിൻ മൂന്നാമത്തെ കത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘ഇപ്പോൾ കെെവരിച്ച നേട്ടങ്ങൾ ഉയർത്തിപ്പിടിക്കാനും സമാധാനവും ഭക്ഷണവും സ്വാതന്ത്ര്യവും നേടാനായി മുന്നേറാനുമാണ് തൊഴിലാളിവർഗം താൽപ്പര്യപ്പെടുന്നതെങ്കിൽ, മുൻപേ തയ്യാറാക്കി വച്ചിട്ടുള്ള ഈ ഭരണകൂടത്തെ തകർക്കുകയും (മാർക്സിന്റെ ഒരു പ്രയോഗമാണിത്) തൽസ്ഥാനത്ത് പുതിയൊരു ഭരണയന്ത്രത്തെ പ്രതിഷ്ഠിക്കുകയുമാണ് വേണ്ടത്.’’ അതുകൊണ്ട് കെറൻസ്-കിയുടെ താൽക്കാലിക ഗവൺമെന്റിനെ പിന്തുണയ്ക്കുകയല്ല വേണ്ടതെന്നും തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും വിപ്ലവപരമായ സർവാധിപത്യം സ്ഥാപിക്കാൻ തൊഴിലാളികളെയും കർഷകരെയും സെെനികരെയും സജ്ജരാക്കുകയാണ് വേണ്ടത് എന്നും ലെനിൻ വ്യക്തമാക്കി. അതിന് ബൂർഷ്വാ പാർലമെന്റായ ദൂമയുടെ സ്ഥാനത്ത് ജനകീയാധികാരത്തിന്റെ ഉപകരണമായ സോവിയറ്റുകളെ കൊണ്ടുവരണമെന്നും ലെനിൻ വാദിച്ചു. തൊഴിലാളി–കർഷക സഖ്യം അധികാരം പിടിച്ചെടുക്കുന്നതിനായി ശ്രമിക്കണം എന്നർഥം.

അത്തരമൊരു നീക്കം നടത്തുന്നതിന്, തൊഴിലാളിവർഗത്തിന്റെ വിപ്ലവസംഘടന കെട്ടിപ്പടുക്കണമെന്നും ലെനിൻ വ്യക്തമാക്കി. ‘‘തൊഴിലാളിവർഗ സംഘടനയെന്ന അത്ഭുതം സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അടുത്ത, ‘യഥാർഥ’ വിപ്ലവത്തിൽ സുസ്ഥിരവിജയം കെെവരിക്കാൻ കഴിയില്ല’’ എന്നാണ് ലെനിൻ മൂന്നാമത്തെ കത്തിൽ വ്യക്തമായി പറയുന്നത്.

ഈ ഘട്ടത്തിൽ ലെനിൻ പൊതുവിൽ പറഞ്ഞുവെക്കുന്നത്, രാജവാഴ്ചയ്ക്ക് അറുതി വരുത്തിയെങ്കിലും ജനാധിപത്യ വിപ്ലവത്തിന്റെ കടമകൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ടെന്നതാണ്. ഫെബ്രുവരി വിപ്ലവത്തിന്റെ മുന്നണിയിൽനിന്നു പ്രവർത്തിച്ച തൊഴിലാളികളുടെയും കർഷകരുടെയും സെെനികരുടെയും മുദ്രാവാക്യങ്ങൾ – യുദ്ധം അവസാനിപ്പിക്കൽ, ഭൂമിയും ഭക്ഷണവും തുടങ്ങിയവ – സാക്ഷാത്കരിക്കുന്നതിനായി സോഷ്യൽ ഡെമോക്രാറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുകയും പ്രൊവിഷണൽ ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ജനങ്ങളെ അണിനിരത്തുകയും ചെയ്യണമെന്നാണ്.

ഏപ്രിൽ തീസിസ്
സൂറിച്ചിൽനിന്ന് റഷ്യയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുൻപെഴുതിയ അഞ്ചാമത്തെ കത്ത് അപൂർണമായി അവസാനിപ്പിച്ചാണ് ലെനിൻ തീവണ്ടിയിൽ പെട്രോഗ്രാഡിലേക്ക് തിരിച്ചത്. ഏപ്രിൽ മൂന്നിന് രാത്രി അദ്ദേഹം പെട്രോഗ്രാഡിലെ ഫിൻലണ്ട് സ്റ്റേഷനിൽ എത്തി. അടുത്ത ദിവസം തന്നെ പെട്രോഗ്രാഡിൽ ചേർന്ന രണ്ട് യോഗങ്ങളിലാണ് – ഒന്ന് ബോൾഷെവിക് പാർട്ടിയുടെ നേതൃതല യോഗവും മറ്റൊന്ന് ബോൾഷെവിക് , മെൻഷെവിക് സംയുക്തയോഗവും– ‘ഏപ്രിൽ തീസിസ്’’ എന്ന പേരിൽ പ്രസിദ്ധമായ ‘ഇപ്പോഴത്തെ വിപ്ലവത്തിൽ തൊഴിലാളിവർഗത്തിന്റെ കടമകൾ’ എന്ന രേഖ ലെനിൻ അവതരിപ്പിച്ചത്.

ലെനിൻ ആ രേഖ അവതരിപ്പിച്ചപ്പോൾ ബോൾഷെവിക് നേതാക്കളും പ്രവർത്തകരും സ്തംഭിച്ചിരുന്നുപോയി; ലെനിൻ മുന്നോട്ടുവച്ച രാഷ്ട്രീയ പദ്ധതി അവരെയാകെ അന്ധാളിപ്പിച്ചു. ‘ഭ്രാന്തന്റെ ജൽപനങ്ങൾ എന്നാണ് ചില പ്രമുഖർ അതിനെ വിശേഷിപ്പിച്ചത്. ‘‘ലെനിന് വട്ടുപിടിച്ചുപോയോ എന്ന ഭീതിയിലായി ഞാൻ’’ എന്നാണ് ലെനിന്റെ ജീവിത പങ്കാളി കൂടിയായ ബോൾഷെവിക് വിപ്ലവകാരി നടേഷ്ദ ക്രൂപ്സ്-കായ പ്രതികരിച്ചത്. (നീൽഹാർഡിങ്ങിന്റെ ‘ലെനിനിസം’ എന്ന കൃതിയിൽനിന്ന്). ഇവിടെ നാം തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ലെനിൻ മറ്റുള്ളവരെക്കാൾ, തന്റെ അടുത്ത സഹപ്രവർത്തകരെക്കാൾ വളരെ മുന്നിലായിരുന്നു, വളരെ ഉയരത്തിലായിരുന്നുവെന്നതാണ്.

എന്താണ് ഏപ്രിൽ തീസിസിന്റെ അന്തഃസത്ത? ‘‘വിപ്ലവപരമായ പ്രതിരോധം’’ എന്ന വാദത്തെ അതായത്, റഷ്യയുടെ പ്രതിരോധത്തിനായി സാമ്രാജ്യത്വ യുദ്ധത്തിൽ നിന്നു പിന്മാറാതെ തുടരേണ്ടതുണ്ടെന്ന വാദത്തെ, പാടെ നിരാകരിക്കണമെന്നതാണ് ലെനിൻ മുന്നോട്ടുവച്ച നിർദേശം. വിപ്ലവകാരികൾ യുദ്ധത്തെ എതിർക്കുകയും ബൂർഷ്വാ –ഭൂപ്രഭു ഭരണത്തിന് അന്ത്യംകുറിക്കാനായി പ്രവർത്തിക്കുകയുമാണ് വേണ്ടത് എന്നതായിരുന്നു ലെനിന്റെ അഭിപ്രായം. സോവിയറ്റുകളെ യഥാർഥ അധികാരകേന്ദ്രമാക്കി മാറ്റണമെന്നതാണ് ലെനിൻ മുന്നോട്ടുവച്ച പ്രധാന ആശയം. റഷ്യ അപ്പോൾ ബൂർഷ്വാസിയുടെ കെെകളിൽ അധികാരമെത്തിച്ച വിപ്ലവത്തിന്റെ ആദ്യഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. വിപ്ലവത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലേക്ക്, അതായത് തൊഴിലാളിവർഗത്തിന്റെയും കർഷകജനതയിലെ പരമദരിദ്ര വിഭാഗത്തിന്റെയും കെെകളിൽ അധികാരമെത്തേണ്ട ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമായിയെന്നതായിരുന്നു ലെനിൻ മുന്നോട്ടുവച്ച മുഖ്യ കാഴ്ചപ്പാട്. ഉടൻ, അപ്പോൾ തന്നെ അതിനായുള്ള പ്രവർത്തനം തുടങ്ങണമെന്ന ലെനിന്റെ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ അന്ധാളിപ്പിച്ചത്.

ഈ ഘട്ടത്തിൽ ലെനിൽ മുന്നോട്ടുവെച്ച സമീപനം ബൂർഷ്വാസി ഇനിയും ജനാധിപത്യ വിപ്ലവത്തിന്റെ കടമകൾ പൂർത്തിയാക്കിയില്ലെന്നും കടമ പൂർത്തിയാക്കാൻ തൊഴിലാളിവർഗം അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നുമാണ്. അതിനായി നിലവിലുള്ള ബൂർഷ്വാ – ഭൂപ്രഭു ഭരണത്തെ പുറത്താക്കണമെന്നും വ്യക്തമാക്കിയ ലെനിൻ അപ്പോഴും അത് സമാധാനപരമായി നേടിയെടുക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. എന്നാൽ ഉയർത്തേണ്ട മുദ്രാവാക്യം അധികാരം സോവിയറ്റുകൾക്ക് കെെമാറണമെന്നാണ്.

തൊഴിലാളി ഡെപ്യൂട്ടികളുടെ സോവിയറ്റിൽ ബോൾഷെവിക് പാർട്ടി ന്യൂനപക്ഷമായിരുന്നുവെന്നതാണ് പാർട്ടി നേരിട്ടിരുന്ന പ്രശ്നം. ഇതിനു പരിഹാരമുണ്ടാക്കാൻ തൊഴിലാളിവർഗത്തിനുമുന്നിൽ പ്രശ്നം നേരിട്ട് അവതരിപ്പിക്കുകയും മറ്റ് സോഷ്യലിസ്റ്റ് വിഭാഗങ്ങളെക്കൂടി ബോൾഷെവിക്കുകൾക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കണമെന്ന് ലെനിൻ അവരോട് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ, മെൻഷെവിക്കുകളോ സോഷ്യലിസ്റ്റ് റവല്യൂഷണറികൾ എന്നറിയപ്പെടുന്ന വിഭാഗമോ മറ്റേതെങ്കിലും സോഷ്യലിസ്റ്റ് ഗ്രൂപ്പോ ലെനിനും ബോൾഷെവിക്കുകളും വികസിപ്പിച്ചതുപോലെയുള്ള കൃത്യമായ ഒരു സിദ്ധാന്തം മുന്നോട്ടുവച്ചിരുന്നില്ല. പ്ലെഖനോവും വേര സാസുലിച്ചും മാർത്തോവും ഉൾപ്പെടെയുള്ള മെൻഷെവിക്കുകളൊന്നും തന്നെ ലെനിൻ വികസിപ്പിച്ചതിനു സമാനമോ സമഗ്രമോ ആയ ഒരു വിപ്ലവപരിപാടിക്ക് രൂപം നൽകിയിരുന്നില്ല. ലെനിനാകട്ടെ, 1898 മുതൽ തന്നെ ഇത്തരമൊരു വിപ്ലവപരിപ്രേക്ഷ്യമാണ് മുന്നോട്ടുവച്ചിരുന്നത്. അതുകൊണ്ട് ലെനിന്റെ സിദ്ധാന്തം മെൻഷെവിക് അണികളിലെത്തിച്ച് നേതൃത്വത്തെ സമ്മർദത്തിലാക്കുകയെന്ന നയമാണ് ലെനിനും ബോൾഷെവിക്കുകളും സ്വീകരിച്ചത്.

ഏപ്രിൽ തീസിസിന്റെ രണ്ടാമത്തെ ഭാഗം പുതിയ വിപ്ലവഭരണകൂടം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചായിരുന്നു. രണ്ടാം വിപ്ലവാനന്തരം, അതായത് സോഷ്യലിസ്റ്റ് വിപ്ലവാനന്തരം സ്വീകരിക്കേണ്ട നയങ്ങളെയും നിയമനിർമാണങ്ങളെയും സംബന്ധിച്ചും ഒരു ഭാഗത്ത് ലെനിൻ സൂചിപ്പിക്കുന്നു. പുതിയ ഭരണസംവിധാനം പാർലമെന്ററി റിപ്പബ്ലിക് ആയിരിക്കില്ലെന്നും സോവിയറ്റ് റിപ്പബ്ലിക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു; രാജ്യത്തുടനീളമുള്ള കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ഡെപ്യൂട്ടിമാർക്ക് അതിൽ പ്രാതിനിധ്യമുണ്ടായിരിക്കുമെന്നും ലെനിൻ വ്യക്തമായി പറയുന്നുണ്ട്. ഭൂപ്രഭുക്കളുടെ എസ്റ്റേറ്റുകൾ പുതിയ ഭരണകൂടം പിടിച്ചെടുക്കുമെന്നും സ്വകാര്യഭൂമിയാകെ ദേശസാൽക്കരിക്കുമെന്നും ഭൂപ്രഭുത്വം പൂർണമായും അവസാനിപ്പിക്കുമെന്നും ലെനിൻ ഏപ്രിൽ തീസിസിന്റ രണ്ടാം ഭാഗത്തു പറയുന്നു. ഭൂപ്രഭുക്കളിൽനിന്ന് പിടിച്ചെടുക്കപ്പെടുന്ന ഭൂമി ദരിദ്ര കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിതരണം ചെയ്യുകയെന്ന പദ്ധതിയും ലെനിൻ മുന്നോട്ടുവച്ചു. മാത്രമല്ല, നിലവിലെ ഭരണസംവിധാനത്തിലുള്ളതുപോലെ ബ്യൂറോക്രസിയോ പൊലീസോ പട്ടാളമോ പുതിയ സംവിധാനത്തിൽ ഉണ്ടായിരിക്കില്ലെന്നും സോവിയറ്റുകൾ ഒരു ‘‘കമ്യൂൺ ഭരണകൂട’’ത്തിന് രൂപം നൽകുമെന്നും ലെനിൻ അടിവരയിട്ട് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്താൻ വിപ്ലവാനന്തരം ലെനിൻ തന്നെ നിർബന്ധിതനായിട്ടുമുണ്ട്.

പുതിയ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ദിശ എന്തായിരിക്കുമെന്ന് ഈ വ്യക്തമാക്കലിലൂടെ സോഷ്യൽ ഡെമോക്രാറ്റുകൾ പിന്തുടരുന്ന നിലപാടുകളിൽ നിന്നു പൂർണമായും വേറിട്ട ഒരു നിലപാട് ബോൾഷെവിക്കുകൾ കെെക്കൊള്ളണമെന്ന ഉറച്ച സമീപനമാണ് ലെനിൻ സ്വീകരിച്ചത്. പാർട്ടിയുടെ പേരുതന്നെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എന്നതിനുപകരം കമ്യൂണിസ്റ്റു പാർട്ടിയാക്കി മാറ്റണമെന്നും ലെനിൻ വ്യക്തമാക്കുന്നുണ്ട്. ‘‘അഴുക്കുപിടിച്ച വസ്ത്രം മാറ്റുകയും പകരം വൃത്തിയുള്ള പുതിയ ഒരെണ്ണം ധരിക്കുകയു’’മാണ് വേണ്ടത് എന്നാണ് ലെനിൻ ഇതിനെക്കുറിച്ചു പറഞ്ഞത്. സോഷ്യൽ ഡെമോക്രസിയുടെ ചാഞ്ചാട്ട സ്വഭാവമില്ലാത്ത പുതിയൊരു ഇന്റർനാഷണലിന് രൂപം നൽകണമെന്നും ലെനിൻ ഇൗ ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.

പാർട്ടി മുഖപത്രമായ ‘പ്രാവ്ദ’യിൽ ഏപ്രിൽ തീസിസിന്റെ ഒന്നാം ഭാഗം മാത്രമാണ് അപ്പോൾ പ്രസിദ്ധീകരിച്ചത്. പത്രാധിപസമിതി രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചു. ഒക്ടോബർ വിപ്ലവാനന്തരമാണ് രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത്. എന്നാൽ പാർട്ടിക്കുള്ളിൽ അതിനകം തന്നെ ഏപ്രിൽ തീസിസ് പൂർണമായും ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു. അങ്ങനെ വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ പ്രേരകശക്തിയും നേതൃകേന്ദ്രവുമായി ഏപ്രിൽ തീസിസ് മാറി. താൻ മുന്നോട്ടുവച്ച പുതിയ തീസിസിന്റെ, പ്രവർത്തനപദ്ധതിയുടെ പ്രയോഗക്ഷമതയെക്കുറിച്ച് പാർട്ടി നേതൃത്വത്തെയും കമ്മിറ്റികളെയും ബോധ്യപ്പെടുത്താൻ ലെനിന് ഒട്ടേറെ പൊരുതേണ്ടതായി വന്നു. മൂന്നാഴ്ച നീണ്ട ഉൾപ്പാർട്ടി സമരത്തിനൊടുവിൽ ഏപ്രിൽ 24ന് ബോൾഷെവിക് പാർട്ടിയുടെ നാഷണൽകോൺഫറൻസ് ലെനിൻ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു. പൂർണമായും ജനാധിപത്യപരമായ ഒരു പ്രക്രിയയിലൂടെ, വിപുലവും ജനാധിപത്യപരവുമായ ആശയവിനിമയത്തിലൂടെയാണ് പാർട്ടി ലെനിന്റെ പ്രമേയം അംഗീകരിക്കുന്നതിലേക്ക് എത്തിയത്.

ഏപ്രിൽ തീസിസിനുശേഷം 
വിപ്ലവത്തിന്റെ സമഗ്രതയിലേക്ക്
വിപ്ലവത്തിന്റെ വിജയത്തിന് 1890കൾ മുതൽ താൻ മുന്നോട്ടുവച്ച തൊഴിലാളി– കർഷകഐക്യം ഊട്ടിയുറപ്പിക്കുകയെന്ന സമരതന്ത്രമാണ് 1917 ഫെബ്രുവരിക്കുശേഷം ലെനിൻ ഉയർത്തിപ്പിടിച്ചത്. നാട്ടുമ്പുറത്തെ പട്ടിണിപ്പാവങ്ങളായ കർഷകസമൂഹത്തിനുമേൽ ലെനിൻ ചെലുത്തിയ ശ്രദ്ധയും ജാഗ്രതയുമാണ് വിപ്ലവത്തിന്റെ ദിശ നിർണയിക്കുന്നതിൽ കാതലായി പ്രവർത്തിച്ചത്.

ജനറൽ കൊർണിലീവിന്റെ പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ 1917 സെപതംബറിൽ ലെനിൻ ‘‘വിപ്ലവത്തിന്റെ മൗലികപ്രശ്നങ്ങൾ’’ എന്ന ലേഖനത്തിൽ പറയുന്നത്, ‘‘തൊഴിലാളി വർഗത്തിന്റെയും ദരിദ്ര കർഷകരുടെയും സർവാധിപത്യത്തിനു മാത്രമേ മുതലാളിമാരുടെ ചെറുത്തുനിൽപ്പിനെ തകർക്കാൻ കഴിയൂവെന്നാണ്. അടുത്ത ദിവസം ബോഷെവിക് പാർട്ടി കേന്ദ്ര കമ്മിറ്റിക്കെഴുതിയ കത്തിൽ ‘‘ഇപ്പോൾ നാം അധികാരം പിടിച്ചില്ലെങ്കിൽ ചരിത്രം നമുക്ക് മാപ്പുനൽകില്ല’’ എന്നും വ്യക്തമാക്കുന്നുണ്ട്.

നാട്ടിൻപുറങ്ങളിലെ കർഷകകലാപത്തിനൊപ്പം ലെനിൻ മുന്നോട്ടുവച്ച മറ്റൊരാശയം സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടിരുന്ന ദേശീയ ജനവിഭാഗങ്ങളുടെ സ്വയം നിർണയാവകാശത്തിന്റെ പ്രശ്നമായിരുന്നു. 1914ൽ തന്നെ ഇതുസംബന്ധിച്ച തന്റെ സിദ്ധാന്തം ലെനിൻ അവതരിപ്പിച്ചിരുന്നു. സാറിസ്റ്റ് നുകത്തിൽനിന്നുള്ള മോചനമെന്ന ബോൾഷെവിക് പാർട്ടിയുടെ ആശയത്തിൽ വിവിധ ദേശീയ ജനവിഭാഗങ്ങളുടെയും മോചനം കൂടി ഉൾപ്പെട്ടിരുന്നു. 1917 സെപ്തംബറായതോടെ വിവിധ മർദ്ദിത ദേശീയതകളിൽപെട്ട ജനങ്ങൾക്കിടയിൽ വിപ്ലവപരമായ അസ്വസ്ഥതകളും കലാപങ്ങളും പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയിരുന്നു.

1917 ഒക്ടോബറിൽ ലെനിൻ ‘‘പ്രതിസന്ധി മൂർച്ഛിച്ചിരിക്കുകയാണ്’’ എന്ന ലേഖനത്തിൽ എഴുതിയത്, ‘‘കാർഷികപ്രശ്നം കഴിഞ്ഞാൽ റഷ്യൻ ഭരണകൂടം ഏറ്റെടുക്കേണ്ട പരമപ്രധാനമായ പ്രശ്നം ദേശീയതയുടേതാണ്; പ്ര‍ത്യേകിച്ചും പെറ്റീ ബൂർഷ്വാ ജനവിഭാഗങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിഷയമാണത്.’’ മറ്റു യൂറോപ്യൻ മാർക്സിസ്റ്റുകളിൽനിന്ന് വ്യത്യസ്തമായി ലെനിൻ കൊളോണിയൽ പ്രശ്നത്തിന്റെയും കോളനികളിലെ ദേശീയ വിമോചനപ്രസ്ഥാനങ്ങളുടെയും പ്രാധാന്യത്തെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. അതാണ് സാമ്രാജ്യത്വയുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ലെനിൻ ദേശീയപ്രശ്നവും കൊളോണിയൽ പ്രശ്നവും സജീവമായ ചർച്ചാ വിഷയമാക്കിയത്. ലെനിന്റെ വിപ്ലവതന്ത്രത്തിനുള്ള ആഗോള പ്രാധാന്യം വർധിപ്പിച്ചതും ഇതാണ്. ഒക്ടോബർ വിപ്ലവത്തിന്റെ സമഗ്രമായ അജൻഡയിൽ ബോൾഷെവിക്കുകൾ അതും ഉൾപ്പെടുത്തിയത് വിപ്ലവ വിജയത്തിന് ആക്കംകൂട്ടിയെന്നതാണ് വസ്തുത.

വിപ്ലവ വിജയത്തിന്റെ പാനപാത്രത്തിലേക്ക് ലെനിൻ അടിവെച്ചടിവച്ചാണ് മുന്നേറിയത്, അദ്ദേഹത്തിന്റേത് ഒരു എടുത്തുചാട്ടമായിരുന്നില്ല. 1917 ഫെബ്രുവരിയെ തുടർന്നുള്ള, പ്രത്യേകിച്ചും ഏപ്രിലിനുശേഷമുള്ള ലെനിന്റെ അടവുപരമായ ഓരോ നീക്കവും അദ്ദേഹത്തിന്റെ ധെെഷണികമായ പ്രതിഭയും അതിസൂക്ഷ്മമായ വിശകലനശേഷിയും വെളിപ്പെടുത്തുന്നതാണ്. ആദ്യഘട്ടത്തിൽ, വിപ്ലവത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള പരിവർത്തനം സമാധാനപരമായ മാർഗത്തിലൂടെയാവാമെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. മെൻഷെവിക്കുകളും സോവിയറ്റ് ഡെപ്യൂട്ടികളിലെ ഭൂരിപക്ഷവും താൽക്കാലിക ഗവൺമെന്റ് ഉയർത്തിയ വെല്ലുവിളി നേരിട്ടുകൊണ്ടു മുന്നേറാനും സോവിയറ്റുകളുടെ അധികാരം സ്ഥാപിക്കാനും തയ്യാറായിരുന്നെങ്കിൽ സമാധാനപരമായ പരിവർത്തനം സാധ്യമാകുമായിരുന്നു. ‘‘എല്ലാ അധികാരവും സോവിയറ്റുകൾക്ക്’’ എന്ന മുദ്രാവാക്യത്തിനുപിന്നിൽ ജനങ്ങളെ അണിനിരത്തുന്നതിനായി ജനങ്ങൾക്കിടയിൽ ക്ഷമയോടുകൂടി പ്രചരണം നടത്തേണ്ടതിന്റെ പ്രാധാന്യം ലെനിൻ ഏപ്രിൽ തീസിസിൽ തന്നെ ഉൗന്നിപ്പറയുന്നുണ്ട്. ജൂലെെ ആയപ്പോൾ ഈ പ്രവർത്തനം ഫലം കണ്ടു തുടങ്ങി. വിനാശകരമായ യുദ്ധത്തിൽനിന്ന് പിന്മാറാൻ തയ്യാറാകാതിരുന്ന താൽക്കാലിക ഗവൺമെന്റിനെതിരെ ജനവികാരം ഉയർന്നു തുടങ്ങി. പെട്രോഗ്രാഡിലെ പ്രകടനങ്ങളിൽ വ്യാപകമായി ‘‘താൽക്കാലിക ഗവൺമെന്റ് തുലയട്ടെ’’എന്ന മുദ്രാവാക്യം ഉയർന്നു തുടങ്ങി.

ജൂലെെ ആദ്യവാരത്തിൽ നടന്ന പത്തു ലക്ഷത്തിലേറെയാളുകൾ അണിനിരന്ന പ്രകടനം പെട്രോഗ്രാഡ് തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചു. ഇതോടെ പരിഭ്രാന്തിയിലായ താൽക്കാലിക ഗവൺമെന്റ് അതിൽ പങ്കാളികളായ മെൻഷെവിക്കുകളുടെയും സോഷ്യലിസ്റ്റ് റവല്യൂഷണറികളുടെയും പിന്തുണയോടെ കടുത്ത അടിച്ചമർത്തൽ ആരംഭിച്ചു. നൂറുകണക്കിന് ബോൾഷെവിക് പാർട്ടി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. ലെനിന് തന്നെ ഫിൻലണ്ടിലേക്ക് ഒളിച്ചു കടക്കേണ്ടതായി വന്നു. ഈ ഘട്ടത്തിലാണ് അടവിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് ഒളിവിലിരുന്ന് ലെനിൻ സൂചന നൽകിയത്. ജൂലെെ 20ന് പ്രസിദ്ധീകരിച്ച ‘രാഷ്ട്രീയ സാഹചര്യം’ എന്ന ലേഖനത്തിൽ ലെനിൻ ഇങ്ങനെ എഴുതി: ‘‘റഷ്യൻ വിപ്ലവം സമാധാനപരമായി വികസിക്കുമെന്നതിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇപ്പോൾ നമുക്കു മുന്നിലുള്ള വസ്തുനിഷ്ഠ സാഹചര്യം ഒന്നുകിൽ സെെനിക സേ-്വച്ഛാധിപത്യത്തിന്റെ സമ്പൂർണ വിജയം അല്ലെങ്കിൽ തൊഴിലാളികളുടെ സായുധ മുന്നേറ്റത്തിന്റെ വിജയം എന്നതാണ്; തൊഴിലാളികളുടെ സായുധ മുന്നേറ്റം സാധ്യമാകണമെങ്കിൽ സായുധ കലാപത്തിനു സമാന്തരമായി തന്നെ ഗവൺമെന്റിനെതിരെയും ബൂർഷ്വാസി സൃഷ്ടിക്കുന്ന സാമ്പത്തികബുദ്ധിമുട്ടുകൾക്ക് പരിഹാരം തേടിയും യുദ്ധം തുടരുന്നതിനെതിരെയും ജനകീയ ചെറുത്തുനിൽപ്പുകൾ ഉയർന്നു വരണം.’’

ഏപ്രിൽ തീസിസിൽ താൻ തന്നെ അവതരിപ്പിച്ച ‘‘എല്ലാ അധികാരവും സോവിയറ്റുകൾക്ക്’’ എന്ന മുദ്രാവാക്യം ഏപ്രിൽ മാസത്തിൽ നിലനിന്നിരുന്ന സമാധാനപരമായി വിപ്ലവം വിജയിക്കാൻ കഴിയുന്ന സാഹചര്യം മാറിയതോടെ പ്രസക്തമല്ലാതായി എന്നു ലെനിൻ വിശദീകരിച്ചു. താൽക്കാലിക സർക്കാരിന്റെ യഥാർഥ അധികാരം സെെനിക സേ-്വച്ഛാധിപത്യത്തിലേക്ക് നീങ്ങാൻ തുടങ്ങിയ ജൂലെെ രണ്ടാം വാരത്തോടെ ആ സ്ഥിതിയിൽ മാറ്റം വന്നതായും ലെനിൻ വ്യക്തമാക്കി. സാഹചര്യം മാറുകയും മറ്റു സോഷ്യലിസ്റ്റു വിഭാഗങ്ങൾ താൽക്കാലിക ഗവൺമെന്റിനെ തള്ളിപ്പറയാൻ അപ്പോഴും തയ്യാറാവാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സായുധ സമരത്തിനു തയ്യാറെടുക്കാൻ ലെനിൻ ബോൾഷെവിക് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 1917 ആഗസ്ത് അവസാനമായപ്പോൾ ജനറൽ കോർണീലിവിന്റെ സെെനിക അട്ടിമറിക്കാർ കീഴ്പ്പെടുത്തപ്പെട്ടു. അതിൽ ബോൾഷെവിക് പാർട്ടിയാണ് നിർണായക പങ്കുവഹിച്ചത്. തൽഫലമായി സെപ്തംബർ ആദ്യമായപ്പോൾ പെട്രോഗ്രാഡിലെയും മോസ്കോയിലെയും സോവിയറ്റുകളിൽ ബോൾഷെവിക്കുകൾക്ക് ഭൂരിപക്ഷ പിന്തുണ നേടാനായി. അത് ജൂലെെ മാസത്തിലേതിൽനിന്നു വ്യത്യസ്തമായ സാഹചര്യമാണ്. അതാണ് സായുധ കലാപത്തിന് തയ്യാറെടുക്കാൻ സെപ്തംബറിൽ ലെനിൻ തന്റെ സഖാക്കളെ ആഹ്വാനം ചെയ്തത്.

ഒളിവിലിരുന്ന്- സെപ്തംബർ 12നും 14നും ലെനിൻ കേന്ദ്രകമ്മിറ്റിക്കെഴുതിയ കത്തിൽ ‘‘വിപ്ലവത്തിന്റെ നിർണായക മുഹൂർത്തത്തിൽ’’ എത്തിയിരിക്കുകയാണെന്നും ‘‘വലിയൊരു വഴിത്തിരിവിലേക്ക്’’ കടക്കുകയാണെന്നും വ്യക്തമാക്കി. ‘‘ഈ അവസരം നഷ്ടപ്പെടുത്തുകയും സോവിയറ്റുകളുടെ കോൺഗ്രസുവരെ കാത്തിരിക്കുകയും ചെയ്യുന്നത് ശുദ്ധമണ്ടത്തരമാണെന്ന്’’ ലെനിൻ കേന്ദ്രകമ്മിറ്റിയെ ഓർമിപ്പിച്ചു. ഈ കത്ത് ലെനിൻ അവസാനിപ്പിച്ചത് കേന്ദ്ര കമ്മിറ്റിയിൽനിന്നുള്ള തന്റെ രാജിസന്നദ്ധത അറിയിച്ചുകൊണ്ടും പാർട്ടി അണികൾക്കിടയിലും പാർട്ടി കോൺഗ്രസിലും താൻ നേരിട്ട് കാംപെയ്ൻ നടത്താൻ പോകുകയാണെന്ന് പറഞ്ഞുകൊണ്ടുമാണ്. ഒക്ടോബർ 24ന്, അതായത് അന്തിമപോരാട്ടത്തിന്റെ തൊട്ടു തലേദിവസം, കേന്ദ്ര കമ്മിറ്റിക്കെഴുതിയ കത്തിൽ ലെനിൻ പറഞ്ഞത‍്, ‘‘സായുധ കലാപം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് മാരകമായിരിക്കു’’മെന്നാണ്. ‘‘ഇന്നു വിജയിക്കാൻ കഴിയുമെന്നിരിക്കെ മറ്റൊരവസരത്തിലേക്ക് അതു മാറ്റിവച്ചാൽ ചരിത്രം വിപ്ലവകാരികൾക്ക് മാപ്പുനൽകില്ലെന്ന്-’’ ലെനിൻ പറഞ്ഞു. ലെനിന്റെ നിരന്തരമായ ഇത്തരം ഇടപെടലുകൾ ഒടുവിൽ ഒക്ടോബർ 25ന് (നവംബർ 7) ആ സുദിനം യാഥാർഥ്യമാക്കി.

പ്രൊഫഷണൽ വിപ്ലവകാരികൾ ഉൾപ്പെടുന്ന വിപ്ലവ പാർട്ടി കെട്ടിപ്പടുക്കാൻ ആർഎസ്ഡിഎൽപിയ്ക്കുള്ളിലെ പോരാട്ടകാലത്തുതന്നെ ലെനിന് കഴിഞ്ഞതാണ് മഹത്തായ ഒക്ടോബർ വിപ്ലവത്തെ വിജയത്തിലെത്തിച്ചത്. 1917 ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള എട്ടുമാസക്കാലത്തെ ലെനിന്റെ രചനകൾ അതിനുമുൻപും അതിനുശേഷവും അദ്ദേഹം എഴുതിയവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ എട്ടുമാസക്കാലത്തെ അദ്ദേഹത്തിന്റെ രചനകളുടെ പ്രസക്തി, അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മതലത്തിൽ വിശകലനം ചെയ്തു മാത്രമേ, കമ്യൂണിസ്റ്റുകാർ അടവുകൾക്ക് രൂപംനൽകാവൂവെന്ന ചരിത്രപാഠം അത‍് നൽകുന്നുവെന്നതാണ്. എങ്ങനെയാണ് മൂർത്തമായ സാഹചര്യത്തെ മൂർത്തമായി വിശകലനം ചെയ്യുന്നതെന്ന് ലെനിൻ തന്റെ ഈ രചനകളിലൂടെ ലോകത്തെവിടെയുമുള്ള എക്കാലത്തെയും കമ്യൂണിസ്-റ്റുകാരെ പഠിപ്പിക്കുകയുമാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടു മാത്രമേ ഏതൊരു വിപ്ലവപ്രസ്ഥാനത്തിനും നിലനിൽക്കാനാവൂ എന്നും ലെനിൻ നമ്മെ പഠിപ്പിക്കുന്നു. 1917 മാർച്ചു മുതൽ ‘‘അകലെ നിന്നുള്ള കത്തുകൾ’’ മുതൽ, നവംബർ 6 വരെ ലെനിൻ എഴുതിയ ലേഖനങ്ങളും കത്തുകളും എങ്ങനെയാണ് അനുദിനം സാഹചര്യങ്ങൾ മാറിമറിയുന്നതെന്നും അതിനനുസരിച്ച് ബോഷെവിക്കുകൾ മുദ്രാവാക്യങ്ങളിലും അടവുകളിലും എങ്ങനെ മാറ്റംവരുത്തണമെന്നും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഇവയാകെത്തന്നെ ഒരു പാഠപുസ്തകംപോലെ ഇന്നും കമ്യൂണിസ്റ്റുകാർ പഠിക്കേണ്ടത് അനിവാര്യമാണ്. പാർലമെന്ററി പ്രവർത്തനത്തിന്റെ ഘട്ടത്തിലും അനുദിനം മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടു മാത്രമേ പാർട്ടിയുടെ മുന്നോട്ടുപോക്ക് സാധ്യമാകൂവെന്ന സന്ദേശമാണ് ലെനിനിന്റെ വാക്കുകളിൽ കാണുന്നത്. അതിന് സാഹചര്യങ്ങൾ കൃത്യതയോടെ വിലയിരുത്തുകയും കൃത്യമായ തീരുമാനങ്ങളിലെത്തിച്ചേരുകയും മാത്രമല്ല അവ കൃത്യമായി നിർവഹിക്കപ്പെടുകയും വേണമെന്നതാണ് ലെനിൻ നൽകുന്ന പാഠം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular