Wednesday, October 9, 2024

ad

Homeഇവർ നയിച്ചവർഹർകിഷൻ സിങ്‌ സുർജിത്‌: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ്‌ പോരാളി

ഹർകിഷൻ സിങ്‌ സുർജിത്‌: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ്‌ പോരാളി

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം രൂപീകരിക്കപ്പെട്ട 1964 മുതൽ പാർട്ടി പൊളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു ഹർകിഷൻ സിങ്‌ സുർജിത്‌. ആദ്യ പൊളിറ്റ്‌ ബ്യൂറോയിൽ സുർജിത്‌ ഉൾപ്പെടെ ഒമ്പതുപേരായിരുന്നു ഉണ്ടായിരുന്നത്‌. നവരത്‌നങ്ങൾ എന്നാണ്‌ അവർ അറിയപ്പെട്ടിരുന്നത്‌. സിപിഐ എം പതിനാലാം പാർട്ടി കോൺഗ്രസ്‌ മുതൽ പതിനെട്ടാം പാർട്ടി കോൺഗ്രസ്‌ വരെയുള്ള ഒരു വ്യാഴവട്ടക്കാലം പാർട്ടിയുടെ അമരക്കാരനായിരുന്നത്‌ സുർജിത്താണ്‌. ദേശീതതലത്തിലും സാർവദേശീയതലത്തിലും സിപിഐ എം ഏറെ ശ്രദ്ധിക്കപ്പെട്ട കാലയളവായിരുന്നു അത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടി റിവിഷനിസത്തിനടിപ്പെട്ട സമയത്തും ഇടതു തീവ്രവാദം പാർട്ടിപ്രവർത്തകരെ വഴിതെറ്റിക്കാൻ ശ്രമിച്ചപ്പോഴും അവയ്‌ക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടിയ നേതാവാണ്‌ സുർജിത്ത്‌. 1964ൽ പാർട്ടി പരിപാടിക്ക്‌ രൂപം നൽകിയതിലും 2000ൽ ആ പരിപാടി കാലോചിതമായി ഭേദഗതി ചെയ്‌തപ്പോഴും സുർജിത്‌ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. ഹിന്ദുത്വ വർഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിനും അവരെ അധികാരത്തിൽനിന്ന്‌ അകറ്റിനിർത്തുന്നതിനും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കാണ്‌ സുർജിത്ത്‌ നേതൃത്വം നൽകിയത്‌.

1916 മാർച്ച്‌ 23ന്‌ പഞ്ചാബിലെ ജലന്ധർ ജില്ലയിൽ രൂപോവാൾ ഗ്രാമത്തിലാണ്‌ ഹർകിഷൻസിങ്‌ സുർജിത്തിന്റെ ജനനം. പിതാവിന്റെ പേര്‌ ഹർണാംസിങ്‌. മാതാവ്‌ ഗുർബചൻ കൗർ. ഒന്നാം ലോകയുദ്ധക്കാലം വരെ ബ്രിട്ടീഷ്‌ പട്ടാളത്തിലായിരുന്നു ഹർണാംസിങ്‌ ജോലി ചെയ്‌തിരുന്നത്‌. പട്ടാളത്തിൽനിന്ന്‌ വിരമിച്ചശേഷം അദ്ദേഹം ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും പങ്കാളിയായി. അകാലി പാർട്ടിയിൽ അംഗമായ ഹർണാംസിങ്‌ ആ പാർട്ടിയുടെ ജലന്ധർ ജില്ലാ പ്രസിഡന്റായി താമസിയാതെ തിരഞ്ഞെടുക്കപ്പെട്ടു. സിഖ്‌ പുരോഹിതരുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ അകാലിദൾ ശക്തമായി പോരാടി. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ ഗുരുധ്വാരകളുടെ ഭരണം നടത്തേണ്ടത്‌ എന്ന ശക്തമായ നിലപാടാണ്‌ അകാലിദളെടുത്തത്‌. അതിനായി അകാലിദൾ നിസ്സഹകരണം ആരംഭിക്കുകയും ചെയ്‌ത ഘട്ടത്തിലാണ്‌ സുർജിത്തിന്റെ പിതാവ്‌ ഹർണാംസിങ്‌ ജലന്ധർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌.

പോവാൾ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലാണ്‌ സുർജിത്തിനെ ചേർത്തത്‌. മിടുക്കനായ ആ വിദ്യാർഥിക്ക്‌ ഏഴുവയസ്സുള്ളപ്പോൾ ഉണ്ടായ രാഷ്‌ട്രീയ അനുഭവം ആ കുട്ടിയെ ഗണ്യമായി സ്വാധീനിച്ചു. ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവമായിരുന്നു അത്‌. അകാലി പ്രസ്ഥാനത്തിലെ അഞ്ഞൂറോളം പേർ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച്‌ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ജനങ്ങളെ ബോധവൽക്കരിക്കാൻ തീരുമാനിച്ചു. സുർജിത്തിന്റെ പിതാവായരുന്നു പ്രാദേശികമായി ആ കാന്പയിന്‌ നേതൃത്വം നൽകിയത്‌.

അകാലിപ്രസ്ഥാനത്തിലെ പ്രവർത്തകർക്കാർക്കും പച്ചവെള്ളം പോലും കൊടുക്കരുതെന്നായിരുന്നു ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ഉത്തരവ്‌. അതുകൊണ്ട്‌ ഭക്ഷണം അവർക്ക്‌ നൽകാൻ പലരും മടിച്ചു. എന്നാൽ അകാലി പ്രവർത്തകർക്ക്‌ രഹസ്യമായി ഭക്ഷ്യവിഭവങ്ങൾ നൽകി സഹായിക്കാൻ ഗ്രാമീണരിൽ പലരും തയ്യാറാ

കുകയും ചെയ്‌തു. അകാലിദൾ പ്രവർത്തകരെ അവരുടെ വീടുകളിലെ സ്‌ത്രീകളും അനുഗമിച്ചു. അവർ, ഗ്രാമീണരിൽനിന്ന്‌ രഹസ്യമായി ലഭിച്ച ഗോതന്പും മറ്റ്‌ ഭക്ഷ്യവിഭവങ്ങളും പാചകം ചെയ്‌ത്‌ പ്രവർത്തകർക്കാകെ നൽകി.

അകാലി കേഡർമാർക്ക്‌ ഭക്ഷണം പാചകം ചെയ്‌ത്‌ നൽകുന്നതിന്‌ സുർജിത്തിന്റെ അമ്മ ഗുർബചനും പോയി. ആ അമ്മ തന്റെ ഏഴുവയസ്സുകാരൻ മകനെയും കൂടെ കൂട്ടി. കേഡർമാർക്കൊപ്പമുള്ള ആ കാന്പയിൻ ബാലനായ സുർജിത്തിനെ വല്ലാതെ ആവേശംകൊള്ളിച്ചു. ബ്രിട്ടീഷ്‌ വിരുദ്ധ വികാരം ആ കുട്ടിയുടെ ചിന്തയെയും പ്രവർത്തനങ്ങളെയുമെല്ലാം ആഴത്തിൽ സ്വാധീനിച്ചു.

1924ൽ സുർജിത്ത്‌ വീട്ടിൽ കളിച്ചെുകൊണ്ടിരിക്കവെ പൊടുന്നനെ പൊലീസുകാർ പാഞ്ഞുവന്നു. അവർ അച്ഛനെ അറസ്റ്റ്‌ ചെയ്‌ത്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. തൊട്ടുപിന്നാലെ ഗ്രാമീണർ ഒന്നടങ്കം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ ചെയ്‌തു.

ബാബ കരംസിങ്‌ ചീമ

രണ്ടുവർഷത്തെ തടവിന്‌ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. രണ്ടുവർഷത്തിനുശേഷം അച്ഛൻ ജയിലിൽനിന്ന്‌ തിരിച്ചെത്തി. പിന്നീട്‌ ഒരുവർഷത്തിനുശേഷം വീണ്ടും അറസ്റ്റ്‌ ചെയ്യപ്പട്ടു. ആറുമാസത്തെ ജയിൽവാസമാണ്‌ ഇത്തവണ ശിക്ഷയായി ലഭിച്ചത്‌. ആ ശിക്ഷ കൂടി കഴിഞ്ഞ്‌ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീട്ടിലെ സാന്പത്തികസ്ഥിതി തീരെ പരിതാപകരമായി. സാന്പത്തികസഹായത്തിനായി ഹർണാംസിങ്‌ തന്റെ അമ്മയെ സമീപിച്ചു. ഹർണാംസിങ്ങിന്റെ കുടുംബത്തിന്‌ കുറേ വസ്‌തുക്കൾ രൂപോവാൾ ഗ്രാമത്തിലുണ്ടായിരുന്നു. എന്നാൽ ആ അമ്മ മകനെ കൈവിടുകയായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ മകനെ സഹായിച്ച്‌, അധികാരികളെ വെറുപ്പിക്കാൻ അവർ തയ്യാറായില്ല. മകനെ പരസ്യമായി തള്ളിപ്പറയാനും അവർ തയ്യാറായി.

അതോടെ ഹർണാംസിങ്ങിന്റെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചു. തന്റെ പക്കൽ ആകെയുണ്ടായിരുന്ന രണ്ടേക്കർ ഭൂമി ഹർണാംസിങ്‌ പണയംവെച്ചു. ആ പണംകൊണ്ട്‌ അദ്ദേഹം നിയമവിരുദ്ധമായി ഒരു പാസ്‌പോർട്ട്‌ സംഘടിപ്പിച്ച്‌ അമേരിക്കയ്‌ക്ക്‌ പോയി. പക്ഷേ അവിടെയും അദ്ദേഹത്തിന്‌ സാന്പത്തികമായി പുരോഗമിക്കാനായില്ല; കുറേക്കാലത്തേക്ക്‌ വീട്ടിലേക്ക്‌ പണമയയ്‌ക്കാൻ സാധിച്ചുമില്ല.

അതുമൂലം അമ്മയ്‌ക്ക്‌ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഠിനാധ്വാനം ചെയ്യേണ്ടിവന്നു.

 

കുട്ടിയായിരിക്കുമ്പോഴേ സംഘടനാമികവ്‌ തെളിയിക്കുന്നു
സുർജിത്ത്‌ ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെയുണ്ടായ ഒരു സംഭവം ജീവിതത്തെ പാടേ മാറ്റിമറിച്ചു. വൈകിട്ട്‌ സ്‌കൂൾ വിട്ട്‌ സുർജിത്ത്‌ വീട്ടിലെത്തുമ്പോൾ ബാബാ കരംസിങ്‌ ചീമയും ബാഗ്‌സിങ്‌ കനേഡിയനും വീട്ടിൽ കടന്നിരിക്കുന്നു. ആദ്യം ഗദാർ പാർട്ടിയുടെയും പിന്നീട്‌ പഞ്ചാബിലെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും നേതാക്കളായിരുന്നല്ലോ ഇരുവരും. സുർജിത്തിന്റെ പിതാവിന്റെ ഉറ്റ സുഹൃത്തുക്കൾ കൂടിയായിരുന്നു അവരിരുവരും. ആ സമയത്ത്‌ അവരുടെ പാർട്ടി പഞ്ചാബിൽ നിരോധിക്കപ്പെട്ടിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ്‌ അവർ സുർജിത്തിന്റെ വീട്ടിലെത്തിയത്‌. പാർട്ടിയുടെ ഒരു പൊതുയോഗം ഉടനെ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയെന്ന വലിയ ചുമതല അവർ സുർജിത്തിനെ ഏൽപിച്ചു.
ഉടൻതന്നെ അടുത്തുള്ള ഒരു ഗുരുദ്വാരയിലെത്തി ഒരു മേശയും കസേരയും ഒരു മണിയും അദ്ദേഹം സംഘടിപ്പിച്ചു. മേശയും കസേരയും ഭംഗിയായി സജ്ജീകരിച്ചതിനുശേഷം ഗ്രാമം മുഴുവൻ മണി കിലുക്കി, പൊതുയോഗം നടക്കുന്ന കാര്യം അറിയിച്ചു. വലിയൊരു ജനാവലിതന്നെ പൊതുയോഗത്തിന്‌ എത്തിച്ചേർന്നു. ബാബ കരംസിങ്‌ ചീമയും ബാഗ്‌സിങ്‌ കനേഡിയനും യോഗത്തിൽ പ്രസംഗിച്ചു. സുർജിത്തിന്റെ നേതൃപാടവം തെളിയിക്കുന്ന ആദ്യ സംഭവമായിരുന്നു അത്‌.

സ്‌കൂളിൽനിന്ന്‌ പുറത്താക്കപ്പെടുന്നു
എന്നാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. അടുത്തദിവസം സ്‌കൂളിൽ സുർജിത് ചെന്നപ്പോൾ പൊലീസുകാർ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാൻ കാത്തുനിൽക്കുകയായിരുന്നു. ഹെഡ്‌മാസ്റ്റർ സുർജിത്തിന്റെ പിതാവിന്റെ അടുത്ത സ്‌നേഹിതനായിരുന്നു. സുർജിത്ത്‌ നന്നേ ചെറുപ്പമാണെന്നും അറസ്‌റ്റ്‌ ചെയ്യരുതെന്നും ഹെഡ്‌മാസ്റ്റർ പൊലീസിനോട്‌ അപേക്ഷിച്ചു.

എന്നാൽ സുർജിത്ത്‌ മാപ്പുപറയണമെന്നും മേലാൽ ഈ ‘തെറ്റ്‌’ ആവർത്തിക്കില്ലെന്ന്‌ വാക്കുകൊടുക്കണമെന്നുമായി പൊലീസ്‌. എന്നാൽ മാപ്പുപറയാൻ സുർജിത്ത്‌ തയ്യാറായില്ല. തൽക്കാലം അറസ്റ്റ്‌ ഒഴിവാക്കി പൊലീസിനെ അനുനയിപ്പിച്ചു വിടുന്നതിൽ ഹെഡ്‌മാസ്റ്റർ വിജയിച്ചു. പക്ഷേ ഹെഡ്‌മാസ്റ്റർക്കുമേൽ സമ്മർദമേറി. മാപ്പ്‌ പറഞ്ഞില്ലെങ്കിൽ സ്‌കൂളിൽനിന്ന്‌ സുർജിത്തിനെ പുറത്താക്കണമെന്ന്‌ അധികാരികൾ ശഠിച്ചു. ഗത്യന്തരമില്ലാതെ ഹെഡ്‌മാസ്റ്റർ സുർജിത്തിനെ സ്‌കൂളിൽനിന്ന്‌ പുറത്താക്കി.

മകനെ മറ്റൊരു സ്‌കൂളിൽ ചേർക്കാൻ അമ്മ പരമാവധി പരിശ്രമിച്ചു. പക്ഷേ സുർജിത്തിന്‌ പ്രവേശനം നൽകാൻ അടുത്തുള്ള സ്‌കൂളുകളൊന്നും തയ്യാറായില്ല. അതോടെ ജലന്ധറിലെ ദോബ ഹൈസ്‌കൂളിൽ സുർജിത്ത്‌ ചേർന്നു. പക്ഷേ താമസിച്ച്‌ പഠിക്കണമെങ്കിൽ ഹോസ്റ്റൽ ഫീസ്‌ നൽകണം. അത്‌ ആ കുടുംബത്തിന്‌ താങ്ങാവുന്നതായിരുന്നില്ല. എരുമയെ വളർത്തി അതിനുള്ള പണം സ്വരുക്കൂട്ടാമെന്ന്‌ അമ്മ വ്യക്തമാക്കി. അതോടൊപ്പം തയ്യൽജോലി ചെയ്യാനും താൻ തയ്യാറാണെന്ന്‌ ആ അമ്മ മകനെ ബോധ്യപ്പെടുത്തി.

ദോബ ഹൈസ്‌കൂൾ സ്ഥിതിചെയ്‌തിരുന്ന ജലന്ധർ പട്ടണം ആവേശോജ്വലമായ പോരാട്ടങ്ങളുടെ വേദി കൂടിയായിരുന്നു. 1920കളുടെ അവസാനവും 1930കളുടെ ആരംഭവും പഞ്ചാബിന്റെ കാർഷിക സന്പദ്‌ഘടന തകർച്ച നേരിടുന്ന ഘട്ടമായിരുന്നു. 1929ൽ അമേരിക്ക നേരിട്ട സാന്പത്തിക പ്രതിസന്ധിയുടെ അനന്തരഫലം കൂടിയായിരുന്നു ഇത്‌. കാർഷികോൽപന്നങ്ങളുടെ വില പാടേ തകർന്നടിഞ്ഞു. ഇത്‌ കർഷകരെ വല്ലാത്ത പ്രതിസന്ധിയിലാണകപ്പെടുത്തിയത്‌. തങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ ന്യായമായ വില ലഭിക്കാൻ കർഷകർക്ക്‌ പോരാട്ടമല്ലാതെ മറ്റു മാർഗമില്ലായിരുന്നു. വിലവർധനവ്‌ ആവശ്യപ്പെട്ട്‌ പഞ്ചാബിലൊട്ടാകെ പൊതുയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടു. ദേശീയ നേതാക്കളാണ്‌ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്‌തത്‌. ഇത്തരം പൊതുയോഗങ്ങളിൽ പതിവായി പങ്കെടുക്കുകയും നേതാക്കളുടെ പ്രസംഗങ്ങൾ സാകൂതം കേൾക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അതിനായി സ്‌കൂൾ അധികൃതരുടെ കണ്ണുവെട്ടിച്ചാണ്‌ അദ്ദേഹം ഹോസ്റ്റലിൽനിന്ന്‌ പുറത്തിറങ്ങിയിരുന്നത്‌. അകാലി നേതാവ്‌ മാസ്റ്റർ മോട്ടോസിങ്ങിന്റെയും കോൺഗ്രസ്‌ നേതാവ്‌ ഡോ. സെയ്‌ഫുദ്ദീൻ കിച്ച്‌ലുവിന്റെയും പ്രഭാഷണങ്ങൾ ആവേശത്തോടെയാണ്‌ സുർജിത്ത്‌ കേട്ടത്‌.

നിരവധി കോൺഗ്രസ്‌ നേതാക്കൾ സുർജിത്തിന്റെ പിതാവിന്റെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‌ പ്രത്യേക പരിഗണനയും അവരിൽനിന്ന്‌ ലഭിച്ചു.

ഭഗത്‌സിങ്ങിന്റെ സ്വാധീനത്തിൽ
ഭഗത്‌സിങ്ങിന്റെ പ്രവർത്തനങ്ങളെ ആരാധനയോടെയും അത്ഭുതത്തോടെയും സുർജിത്ത്‌ കണ്ട സമയമായിരുന്നു അത്‌. ഭഗത്‌സിങ്ങുമായി പരിചയപ്പെട്ട അദ്ദേഹം ഭഗത്‌സിങ്‌ രൂപം നൽകിയ നവ്‌ജവാൻ ഭാരത്‌ സഭയിൽ അംഗമായി. സായുധപോരാട്ടം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഈ സംഘടനയുടെ ജനറൽ സെക്രട്ടറി ഭഗത്‌സിങ്‌ തന്നെയായിരുന്നു. അന്ന്‌ സുർജിത്തിന്‌ കേവലം പതിനാലുവയസ്സായിരുന്നു പ്രായം.

1931 മാർച്ച്‌ 23ന്‌ ഭഗത്‌സിങ്ങും രാജ്‌ഗുരുവും സുഖ്‌ദേവും തൂക്കിലേറ്റപ്പെട്ട സംഭവം സുർജിത്തിനെ വല്ലാതെ ഉലച്ചു. അതിന്റെ ദുഃഖഭാരം സുർജിത്തിനെ ദീർഘകാലം അലട്ടി. സുർജിത്തിന്റെ പഠനത്തെപ്പോലും ബാധിക്കുന്ന തരത്തിൽ ദുഃഖഭാരം വർധിച്ചു. എങ്കിലും പഠനം ഉപേക്ഷിക്കാതെ അദ്ദേഹം പിടിച്ചുനിന്നു.

കോടതിവളപ്പിൽ ത്രീവർണപതാക പാറിച്ച ധീരൻ
1932 മാർച്ചിൽ മെട്രിക്കുലേഷൻ സുർജിത്‌ പൂർത്തിയാക്കി. അവധിക്കാലത്ത്‌ ഹോഷിയാർപൂരിലുള്ള അപ്പുപ്പന്റെ സഹോദരിയുടെ വീട്‌ സുർജിത്‌ സന്ദർശിച്ചിരുന്നു. അവിടെയെത്തുമ്പോഴൊക്കെ അദ്ദേഹം കോൺഗ്രസിന്റെ ഓഫീസും സന്ദർശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹോഷിയാർപൂരിലെ കോൺഗ്രസ്‌ പ്രവർത്തകർക്കെല്ലാം സുർജിത്ത്‌ സുപരിചിതനായിരുന്നു.

സംഭവബഹുലമായ സുർജിത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭമാണ്‌ 1932 മാർച്ച്‌ 23ന്‌ നടന്നത്‌. ഭഗത്‌സിങ്ങിന്റെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഹോഷിയാർപൂരിൽ ഒരു സമ്മേളനം സംഘടിപ്പിക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചു. അതേദിവസം തന്നെ പഞ്ചാബിലെ ബ്രിട്ടീഷ്‌ ഗവർണർ ഹോഷിയാർപൂർ സന്ദർശിക്കാൻ തീരുമാനിച്ചു. ഗവർണർ സന്ദർശിക്കുന്നു എന്നറിഞ്ഞപ്പോൾ ഹോഷിയാർപൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഒരു ഉശിരൻ തീരുമാനമെടുത്തു: ‘‘ജില്ലാ കോടതിയുടെ കൊടിമരത്തിലുള്ള ബ്രിട്ടീഷ്‌ പതാക അഴിച്ചുമാറ്റും. ആ സ്ഥാനത്ത്‌ കോൺഗ്രസിന്റെ ത്രീവർണ പതാക പാറിക്കും’’. ഈ തീരുമാനം പ്രഖ്യാപിക്കപ്പെട്ടതോടെ ജില്ലാ കളക്ടർ കോടതിക്കു ചുറ്റും പട്ടാളത്തെ വിന്യസിച്ചു. ആരെങ്കിലും ത്രീവർണ പതാക ഉയർത്താൻ ശ്രമിച്ചാൽ അവരെ വെടിവെച്ചിടാനും കളക്ടർ ഉത്തരവ്‌ പുറപ്പെടുവിച്ചു.

കോൺഗ്രസ്‌ ഓഫീസിലെത്തിയ സുർജിത്ത്‌ ഓഫീസ്‌ സെക്രട്ടറി ഹനുമാനിൽ നിന്ന്‌ ഈ വിവരങ്ങൾ അറിഞ്ഞു. ത്രിവർണ പതാക ഉയർത്താനുള്ള തീരുമാനം നടപ്പാക്കാതെ പോയത്‌ കടുത്ത അപമാനമായാണ്‌ സുർജിത്ത്‌ കരുതിയത്‌. ‘‘നിങ്ങൾക്ക്‌ ധൈര്യമുണ്ടെങ്കിൽ പതാക ഉയർത്തുക’’ എന്ന്‌ ഓഫീസ്‌ സെക്രട്ടറി സുർജിത്തിനെ വെല്ലുവിളിക്കുകയും ചെയ്‌തു.

ജീവൻ നഷ്ടപ്പെട്ടാലും ത്രിവർണ പതാക കോടതിവളപ്പിൽ പാറിക്കുമെന്ന നിശ്ചയദാർഢ്യത്തോടെ സുർജിത്ത്‌, കന്പിൽ കെട്ടിയ പതാകയുമായി കോടതിവളപ്പിലെത്തി. കോൺഗ്രസുകാർ കൊടി ഉയർത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന സമയം കഴിഞ്ഞതിനാൽ പട്ടാളക്കാർ അത്ര കരുതലോടെയല്ല നിന്നത്‌. ഈ തക്കത്തിന്‌ പുറംവാതിലിലെ സ്‌റ്റെയർകെയ്‌സിലൂടെ സുർജിത്ത്‌ കെട്ടിടത്തിന്റെ മുകളിൽ ചാടിക്കയറി; ബ്രിട്ടീഷ്‌ പതാക വളരെവേഗം അഴിച്ചുമാറ്റി ആ സ്ഥാനത്ത്‌ ത്രിവർണ പതാക പാറിച്ചു. അങ്ങനെ സുർജിത്ത്‌ എന്ന ഒറ്റയാൾ പട്ടാളം കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ അഭിമാനകരമായ തീരുമാനം നടപ്പാക്കി.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + ten =

Most Popular