Friday, October 18, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ലാഭത്തെ സംബന്ധിച്ച മാർക്സിസ്റ്റ് സംവാദങ്ങൾ - 2

ലാഭത്തെ സംബന്ധിച്ച മാർക്സിസ്റ്റ് സംവാദങ്ങൾ – 2

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 56

ലാഭനിരക്കിലെ ഇടിവ് സംബന്ധിച്ച മാർക്സിന്റെ നിരീക്ഷണങ്ങളെക്കുറിച്ച് ഡേവിഡ് ഹാർവെ നടത്തുന്ന ചില നിരീക്ഷണങ്ങളുണ്ട്. ലാഭനിരക്ക് ഇടിയുന്നതിനെതിരായി പ്രവർത്തിക്കുന്ന ഘടകങ്ങളാണ്.

1. വിവിധരൂപത്തിലുള്ള ചൂഷണനിരക്കിലെ വർദ്ധന
2. സ്ഥിരമൂലധനചെലവിലെ ഇടിവ്
3. അധ്വാനശേഷിയുടെ മൂല്യത്തേക്കാൾ കൂലിനിരക്കുകൾ കുറയ്ക്കുക
4. വ്യാവസായിക കരുതൽസേനയുടെ എണ്ണത്തിലുള്ള വർദ്ധന

ഈ ഘടകങ്ങൾ ലാഭനിരക്ക്‌ ഇടിയുന്നതിൽ നിന്നും തടയുമോ എന്നത് വളരെ മൗലികമായ ഒരു ചോദ്യമായി ഹാർവെ ഉയർത്തുന്നുണ്ട്. അതുപോലെ മുതലാളിത്തപ്രതിസന്ധിയിൽ ലാഭനിരക്കിലെ ഇടിവിന്റെ പങ്കെന്ത്? ഇത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ ലാഭനിരക്കിന്റെ ഇടിവ് മുതലാളിത്ത തകർച്ചയെ ചൂണ്ടിക്കാട്ടുന്നുണ്ടോ?

ഇത് സംബന്ധിച്ച സംവാദങ്ങൾ നിറഞ്ഞതാണ് സമകാലിക മാർക്സിസ്റ്റ് സാഹിത്യം. മറ്റെല്ലാ ഘടകങ്ങളും എതിരായി നിന്നാലും ലാഭനിരക്കിലെ ഇടിവ് തുടരുമെന്നായിരുന്നു മാർക്സിന്റെ നിലപാടെന്ന് ഹൊവാഡ് കിംഗ് ചൂണ്ടിക്കാട്ടുന്നു. ഹാർവെയുടെ നിരീക്ഷണവും ഇത്തരത്തിലാണ്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി, ലാഭനിരക്കിലെ ഇടിവ് മുതലാളിത്ത കുഴപ്പങ്ങളിലേക്ക് നയിക്കുമെങ്കിലും ശാശ്വതമായ തകർച്ചയിലേക്ക് നീങ്ങുമെന്ന് മാർക്സ് സൂചിപ്പിക്കുന്നില്ല എന്ന് ക്ലിമാനെപ്പോലെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഉല്പാദനോപകരണങ്ങളുടെ വിലയിടിച്ചിലിലൂടെ ലാഭനിരക്ക് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ മതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

വർത്തമാനലോകത്തെ ഔദ്യോഗിക സാമ്പത്തിക സംവർഗങ്ങൾ മാർക്സിയൻ രീതിയിലുള്ളതല്ല എന്നതിനാൽ ഇത്തരമൊരു കണക്കെടുപ്പ് തന്നെ വളരെ ശ്രമകരമാണ്. ഉദാഹരണത്തിന് മിച്ചമൂല്യത്തിന്റെ വിതരണം പ്രായോഗികമായി നടക്കുന്നത് മുതലാളിമാർ കരസ്ഥമാക്കുന്ന ലാഭത്തിലൂടെ മാത്രമല്ല വാടക, പലിശ, നികുതി എന്നിങ്ങനെ പല രൂപങ്ങളിലാണ് എന്ന് ഹാർവേ ചൂണ്ടിക്കാട്ടുന്നു. ഉല്പാദനക്ഷമമല്ലാത്ത അധ്വാനശക്തിയായും മിച്ചമൂല്യം വിതരണം ചെയ്യപ്പെടുന്നുണ്ട് എന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. പട്ടാള ചെലവുകൾ, നിയമസംവിധാനങ്ങൾക്കും ബാങ്കിങിനും വേണ്ടിയുള്ള ചിലവുകൾ, പരസ്യചെലവുകൾ എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. ഇതിനാൽ മിച്ചമൂല്യത്തിൽ വർദ്ധനയുണ്ടാകുമ്പോഴും യഥാർത്ഥ ലാഭനിരക്കുകൾ ഇടിയാനുള്ള സാധ്യതകൾ നിലനിൽക്കുന്നു.

ലാഭനിരക്ക് ഇടിയുന്നതിലേക്കു നയിക്കുന്ന മറ്റ് ഘടകങ്ങളെക്കുറിച്ച് മാർക്സ് തികച്ചും ബോധ്യമുള്ളയാളായിരുന്നു. വർഗസമരം ലാഭനിരക്ക് ഇടിക്കുന്ന പ്രധാനഘടകമായി മാർക്സ് കണ്ടിരുന്നു. പക്ഷേ മറ്റ് ഘടകങ്ങൾ സ്ഥായിയായി നിൽക്കുമ്പോൾ ലാഭനിരക്കിൽ ഇടിവ് സംഭവിക്കും എന്നായിരുന്നു മാർക്സിന്റെ നിരീക്ഷണം. ഇക്കാരണത്താൽ മാർക്സിന്റെ മൂലധനത്തെ ചരിത്രത്തിന്റെ ഒരു രൂപരേഖയായി കാണുകയല്ല വേണ്ടത്. പകരം വളരെ അമൂർത്തമായ സാമ്പത്തിക വിശകലന രേഖയായിട്ടാണ് കാണേണ്ടത് എന്ന അഭിപ്രായമാണ് റോബർട്ട് അൽബ്രിട്ടനും മൈക്കിൾ ലെബോവിട്സും മുന്നോട്ടുവെച്ചത്. ബാഹ്യശക്തികളുടെ ഇടപെടലുകൾ ഇല്ലെങ്കിൽ മുതലാളിത്ത ഉല്പാദനക്രമത്തിന് എന്ത് സംഭവിക്കുന്നുവെന്ന ആഴമേറിയ വിശകലനമാണ് മൂലധനത്തിൽ മാർക്സ് നടത്തിയിരിക്കുന്നത് എന്നതാണ് ഇവരുടെ നിരീക്ഷണം. ലാഭനിരക്കിലെ ഇടിവ് എന്ന സാമ്പത്തികപ്രവണത മാത്രമല്ല സാമൂഹികപ്രക്രിയകളിൽ ഇടപെടുന്നത് എന്നും മറ്റ് നിരവധി സമ്മർദങ്ങൾ അതിൽ പ്രതിപ്രവർത്തിക്കുന്നുണ്ട് എന്നുമാണ് ഇവർ മുന്നോട്ടുവെയ്ക്കുന്ന വാദമുഖങ്ങൾ. ജർമൻ ഐഡിയോളജി പോലുള്ള കൃതികളിൽ മാർക്സും ഇത് സംബന്ധിച്ച നിരവധി സൂചനകൾ നൽകുന്നുണ്ട്.

മുതലാളിത്തത്തെ അതിന്റെ വഴിക്കുവിട്ടാൽ ലാഭനിരക്കിലെ ഇടിവ് എന്ന പ്രതിഭാസം കൊണ്ടുമാത്രം അത് തകരുമെന്ന് അൽബ്രിട്ടനെപ്പോലുള്ളവർ വാദിച്ചു. എന്നാൽ മറ്റുപലരും ഇതിനെ ശക്തമായി വിമർശിച്ചു. മൂലധനത്തിന്റെ ജൈവഘടനയിൽ (organic composition of capital) ലാഭനിരക്കിലെ ഇടിവിന്റെ കാരണം നിലകൊള്ളുന്നുണ്ടെന്നും ഉല്പാദനക്ഷമതയിലെ വർധനവാണ് അതിലേക്ക് നയിക്കുന്നതെന്നുമായിരുന്നു മാർക്സിന്റെ ഏറ്റവും മൗലികമായ നിരീക്ഷണം. ഇവിടെ ചില ഭിന്നസ്വരങ്ങൾ ചിലർ ഉയർത്തുന്നുണ്ട്. കൂടിയ ലാഭനിരക്കിനു സാധ്യതയില്ലെങ്കിൽ സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലിന് മുതലാളിമാർ എന്തിനു പരിശ്രമിക്കണം. ഉല്പാദനക്ഷമത കൂടിയാൽ ലാഭനിരക്ക് ഉയർന്നേ മതിയാകൂ എന്നാണ് ഇവർ വാദിച്ചത്. കാരണം ഒരു നിശ്ചിത അളവ് ഉല്പാദനം ഉറപ്പുവരുത്താനാവശ്യമായ input ഘടകങ്ങളിൽ കുറവ് സംഭവിക്കുന്നുണ്ട് എന്നതിനാൽ പൊതുവായ ലാഭനിരക്കിൽ വർധന ഉണ്ടാകും.

ഈ വാദത്തിന് ദീർഘമായ ചരിത്രമുണ്ട്. ഇറ്റലിക്കാരനായ ബെനഡിക്ട് ക്രോഷെയും ഉക്രെയിൻകാരനായ മിഖായേൽ റ്റുഗെൻ ബാറാനോവ്സ്കിയും ചേർന്ന് 1899ൽ ഈ വാദം ഉയർത്തിയിരുന്നു. മൂലധനത്തിന്റെ ജൈവഘടന എന്ന സങ്കൽപ്പനത്തിന്റെ അയുക്തിയെക്കുറിച്ച് ഇവർ നടത്തിയ വിമർശനത്തെ കൗട്സ്കി നിരാകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച മാർക്സിനെതിരായ വിമർശനങ്ങൾ പക്ഷേ അക്കാലത്ത് വേണ്ട രീതിയിൽ പ്രതിരോധിക്കപ്പെട്ടിരുന്നില്ല. ഉപഭോഗക്കുറവിനെ മുൻനിർത്തി മുതലാളിത്തക്കുഴപ്പത്തെ വിശദീകരിക്കാനാണ് റോസ ലക്സംബർഗും, ഹിൽഫെർഡിങ്ങും, കൗട്സ്കിയുമൊക്കെ അക്കാലത്ത് പൊതുവെ ശ്രമിച്ചിരുന്നത്. പോൾ സാമ്വൽസണെ പോലുള്ളവർ പിൽക്കാലത്ത് ക്രോച്ചേയുടെയും ടുഗന്റെയും സിദ്ധാന്തങ്ങളെ വികസിപ്പിച്ചു. ഈ പരിശ്രമങ്ങൾ ഓകിഷിയോ സിദ്ധാന്തത്തിൽ (1961) ചെന്ന് കലാശിച്ചു. ഈ സിദ്ധാന്തപ്രകാരം സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടവും സ്ഥായിയായ വേതനനിരക്കും കാരണം ലാഭനിരക്കിലെ ഇടിവ് അസാധ്യമാണ്.

എന്നാൽ പിൽക്കാലത്ത് എറിക് പപ്രെയിസറിനെപ്പോലുള്ള ചിലർ ലാഭനിരക്കിലെ ഇടിവ് സംബന്ധിച്ച സിദ്ധാന്തത്തെ ശക്തമായി സാധൂകരിക്കാൻ ശ്രമിച്ചു. ഏർണെസ്റ്റ്‌ മാൻഡിലും ഡേവിഡ് യാഫും മറ്റും ഈ സംവാദത്തിൽ പങ്കുചേർന്നു. സമീപകാലത്താണ് മാർക്സിന്റെ ലാഭനിരക്ക് സിദ്ധാന്തത്തിന്റെ സാധൂകരണങ്ങൾ ലോജിക്കലായി വിശകലനം ചെയ്യപ്പെടുന്നത്.

1960കൾക്കുശേഷം വളർച്ചാനിരക്കിലും ലാഭത്തിന്റെ തോതിലുമുള്ള ഇടിവിനെ മുൻനിർത്തി ബ്രെന്നെറെ പോലുള്ള സമകാലിക സാമ്പത്തിക വിദഗ്ധർ വർത്തമാനകാല ലോകം നേരിടുന്ന ദീർഘകാല മാന്ദ്യത്തെകുറിച്ച് സമർഥിക്കാറുണ്ട്. രണ്ടാം ലോകയുദ്ധാനന്തരം പാശ്ചാത്യലോകത്ത്, മൂലധനവും തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിലെ താരതമ്യേനയുള്ള ലഘൂകരണം മറികടന്നുകൊണ്ട് നിയോ ലിബറൽ ലോകത്തിന്റെ ഉദയം ഇതിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. വിലപേശൽ കരുത്തിൽ തൊഴിൽശക്തിക്കുണ്ടായ ശോഷണവും മഹാമാന്ദ്യകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഉയർന്ന തൊഴിലില്ലായ്മാ നിരക്കുകളുമെല്ലാം ഇതിന്റെ ഉപോല്പന്നങ്ങളായി പലരും സൂചിപ്പിക്കുന്നുണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും ലാഭനിരക്കിലെ ഇടിവെന്ന പ്രതിഭാസമോ സാമ്പത്തിക തകർച്ചയോ തടഞ്ഞുനിർത്താൻ നിയോലിബറൽ നയങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്ന് വർത്തമാനകാല ലോകത്തെ സംഭവവികാസങ്ങൾ ഒന്നൊന്നായി കാട്ടിത്തരുന്നു.

രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിൽ രൂക്ഷമായ മത്സരാത്മകത ലാഭനിരക്കിന്റെ ഇടിവിലേക്ക് നയിച്ച കാരണമായി ബ്രെന്നെർ ചൂണ്ടിക്കാട്ടുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ ജപ്പാനും പാശ്ചാത്യ രാജ്യങ്ങളും കൈവരിച്ച വളർച്ചയ്ക്കൊപ്പം നിൽക്കാൻ നവീന സാങ്കേതികവിദ്യകൾ പ്രാപ്തമല്ലാത്ത രാജ്യങ്ങൾക്ക് കഴിയാതെ പോയി. കുറഞ്ഞ ലാഭനിരക്കിലും പ്രവർത്തനം തുടരാൻ നിർബന്ധിതമാകുന്ന സ്ഥാപനങ്ങൾ മൊത്തം ലാഭനിരക്കിന്റെ തോതിനെ ഇടിക്കുന്നു. ബ്രെന്നറുടെ ഈ വാദം രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ലാഭനിരക്കിലെ ഇടിവും രൂക്ഷമായ മത്സരാത്മകതയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് ടുമേനിലും ലെവിയും വാദിക്കുന്നത് .വൻതോതിൽ സാങ്കേതിക മൂലധനത്തിലധിഷ്ഠിതമായ മേഖലകളൊഴികെ, സമ്പദ്‌വ്യവസ്ഥയുടെ ഏതാണ്ടെല്ലാ മേഖലകളിലും ലാഭനിരക്കിലെ ഇടിവ് ബാധിച്ചിട്ടുണ്ട് എന്നാണ് അവരുടെ വാദം. നിർമാണമേഖലയിൽ മാത്രമാണ് മാന്ദ്യം ബാധിച്ചിരിക്കുന്നതെന്ന ബ്രെണ്ണറുടെ വാദത്തോടും ഇവർ വിയോജിക്കുന്നു, സമ്പദ്‌വ്യവസ്ഥയിലെ എല്ലാ മേഖലകളും ഇതിനിരയാണെന്നാണ് ഇവരുടെ വാദം. മൂലധനത്തിന്റെ ജൈവഘടനയും ലാഭനിരക്കിലെ ഇടിവുമായി ബന്ധമുണ്ടെന്ന് ഫ്രീമാൻ സമർത്ഥിക്കുന്നു. കാലഹരണപ്പെടുന്ന യന്ത്രോപകരണങ്ങൾ ഉല്പാദനവും മൂലധനവും തമ്മിലുള്ള അനുപാതത്തെ വിപരീതമായി ബാധിക്കുന്നു എന്നാണ് ഫ്രീമാന്റെ വാദം.

ഇത്തരത്തിൽ തീർത്തും വ്യത്യസ്തങ്ങളായ നിരവധി വാദങ്ങളാണ് ലാഭനിരക്കിന്റെ ഇടിവിനെ സംബന്ധിച്ച് നിലവിലുള്ളത്. 150 വർഷങ്ങൾക്ക് മുൻപ് മാർക്സ് നടത്തിയ ഈ നിരീക്ഷണങ്ങൾ ഉല്പാദനസമ്പ്രദായങ്ങൾ പാടെ വ്യത്യസ്തമായ ഇന്നത്തെ കാലത്ത് എത്രമാത്രം പ്രസക്തമാണെന്ന് ഈ സംവാദങ്ങൾ കാട്ടിത്തരുന്നു. മുതലാളിത്ത ഉല്പാദനസമ്പ്രദായങ്ങൾ അകപ്പെട്ടിരിക്കുന്ന കുരുക്കഴിക്കാൻ ശ്രമിക്കുന്നവരും ഈ പ്രതിസന്ധികളിൽ സാമൂഹ്യമാറ്റത്തിന്റെ നിഴലാട്ടങ്ങൾ ദർശിക്കുന്നവരും ഒരേപോലെ ഈ വിശകലനത്തിൽ ഗൗരവമായി ഇടപെടുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular