Wednesday, October 9, 2024

ad

Homeപുസ്തകംലെനിനെക്കുറിച്ചറിയാൻ ഒരു പുസ്‌തകം

ലെനിനെക്കുറിച്ചറിയാൻ ഒരു പുസ്‌തകം

ജി വിജയകുമാർ

ലെനിൻ, ലെനിനിസം
കെ എ വേണുഗോപാലൻ,
പ്രസാധകർ: ചിന്ത പബ്ലിഷേഴ്‌സ്‌
വില: 230 രൂപ
ലോകം മഹാനായ ലെനിന്റെ 100‐ാം ചരമവാർഷികം ആഘോഷിക്കുന്ന വർഷമാണിത്‌. ലോകത്തെ വിവിധ രാജ്യങ്ങളിൽ, വിവിധ ഭാഷകളിൽ ലെനിന്റെ ജീവിതത്തെയും വിപ്ലവസിദ്ധാന്തത്തെയും സംബന്ധിച്ച്‌ ഒട്ടേറെ കൃതികൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ ഇത്തരത്തിൽ കൃതികൾ മലയാളത്തിൽ പുറത്തുവരുന്നതായി കാണുന്നില്ല. പ്രത്യേകിച്ചും ഇടതുപക്ഷത്തിനു ശക്തമായ വേരുകളുള്ള, നമ്മൾ പൊതുവെ പറയാറുള്ളതുപോലെ ഇടതുപക്ഷ മനസ്സുള്ള ഒരു ജനത അധിവസിക്കുന്ന കേരളത്തിലാണ്‌ ഇത്തരമൊരവസ്ഥയെന്ന്‌ പറയുമ്പോൾ അത്‌ അവിശ്വസനീയമെന്ന്‌ തോന്നാം. എന്നാൽ യാഥാർഥ്യമതാണ്‌. ആ കുറവ്‌ നികത്തുന്നതാണ്‌ കെ എ വേണുഗോപാലൻ എഴുതി ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ‘ലെനിൻ ലെനിനിസം’ എന്ന കൃതി.

ലെനിന്റെ ജീവിതം വിവരിക്കുന്ന ആദ്യ അധ്യായങ്ങൾക്ക്‌ പുറമെ (ആദ്യത്തെ 50 പേജ്‌) ലെനിന്റെ കൃതികളെയും ആശയങ്ങളെയും സംബന്ധിച്ചുള്ള ലഘുവും ലളിതവുമായ ഒരു പരിശോധനയാണ്‌ നടത്തിയിട്ടുള്ളത്‌. ലെനിൻ മുന്നോട്ടുവച്ച മുഖ്യ ആശയങ്ങളെ, പ്രത്യേകിച്ച്‌ സാമ്രാജ്യത്വം, ജനാധിപത്യ കേന്ദ്രീകരണം എന്നിവയെക്കുറിച്ച്‌ സമകാലിക പരിശോധനയും നടത്തിയിട്ടുണ്ട്‌ എന്ന സവിശേഷതയുമുണ്ട്‌. ലെനിന്റെ ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന കൃതിയിൽ സാമ്രാജ്യത്വം സംബന്ധിച്ച്‌ ലെനിൻ മുന്നോട്ടുവച്ച ആശയങ്ങൾ വിവരിക്കുന്നതിനൊപ്പം ആ കൃതിയുടെ രചനാകാലമായ ഒന്നാം ലോകയുദ്ധത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന ചരിത്രഘട്ടത്തിൽനിന്ന്‌ 21‐ാം നൂറ്റാണ്ടിലെത്തുമ്പോൾ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച്‌ കേവലമായ വിശദീകരണത്തിനപ്പുറം സിപിഐ എമ്മിന്റെ 20‐ാം പാർട്ടി കോൺഗ്രസ്‌ രേഖയിൽ ഇതുസംബന്ധിച്ച്‌ പറയുന്ന ഭാഗം ഉദ്ധരിച്ച്‌ വ്യക്തത വരുത്തുന്നുമുണ്ട്‌. അങ്ങനെ സാമ്രാജ്യത്വം എന്ന ലെനിന്റെ സങ്കൽപനം കാലഹരണപ്പെട്ടുവെന്നും ഇപ്പോൾ അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യമാണെന്നുമുള്ള വികലമായ വാദഗതിക്ക്‌ മറുപടി പറഞ്ഞാണ്‌ ഈ കൃതി അവസാനിപ്പിക്കുന്നത്‌. സാമ്രാജ്യത്വം എന്ന ലെനിനിസ്റ്റ്‌ സങ്കൽപനത്തെ നിഷേധിക്കുന്നവർ യഥാർഥത്തിൽ അന്താരാഷ്‌ട്ര ധനമൂലധനത്തെയും അതിന്റെ നീരാളിപ്പിടിത്തത്തെയും വെള്ളപൂശുകയാണെന്നും ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസത്തെ സംബന്ധിച്ചും തൊഴിലാളി‐കർഷക ഐക്യം എന്ന ലെനിന്റെ ആശയത്തെക്കുറിച്ചും വിവരിച്ചുകൊണ്ടാണ്‌ വേണുഗോപാലൻ മുതലാളിത്തത്തിന്റെ ഉയർന്ന ഘട്ടമായ സാമ്രാജ്യത്വം സംബന്ധിച്ച കൃതിയുടെ പരിശോധനയിൽ എത്തുന്നത്‌. തുടർന്നദ്ദേഹം ‘ഭരണകൂടവും വിപ്ലവവും’ കൃതിയിൽ തൊഴിലാളിവർഗ സർവാധിപത്യം, ജനാധിപത്യകേന്ദ്രീകരണം, സോഷ്യലിസ്റ്റ്‌ ജനാധിപത്യം എന്നിവയെക്കുറിച്ച്‌ ലഘുവായി പരാമർശിക്കുന്നുണ്ട്‌. ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്ക്‌ സംബന്ധിച്ച ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയിലെ വിശകലനത്തെ സംബന്ധിച്ചും ലേഖകൻ വിശദീകരിച്ചിട്ടുണ്ട്‌.

ലെനിന്റെ ‘ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്‌ടത’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിനുള്ളിൽ കടന്നുകൂടാനിടയുള്ള ഇടത്‌‐വലത്‌ വ്യതിയാനങ്ങളിലേക്കും വിരൽചൂണ്ടുന്നുണ്ട്‌. ഇക്കാര്യത്തിലുള്ള കാലികപ്രസക്തി വ്യക്തമാക്കാൻ ഗ്രന്ഥകർത്താവ്‌ സിപിഐ എമ്മിന്റെ പതിനാലാം പാർട്ടി കോൺഗ്രസ്‌ പ്രമേയത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾകൂടി അവതരിപ്പിക്കുന്നു.

1950കളിൽ ഇ കെ നായനാർ എഴുതിയ ‘വിപ്ലവാചാര്യനായ ലെനിൻ’ എന്ന കൃതിയും, ലെനിൻ കൃതികളിലൂടെ ലെനിനിസത്തെ പരിചയപ്പെടുത്തുന്ന ഇ എം എസിന്റെ ലെനിനിസം: ഉത്ഭവവും വളർച്ചയും, ഭരണകൂടം വിപ്ലവം അതിവിപ്ലവം എന്നീ പ്രശസ്‌ത കൃതികളുമല്ലാതെ മലയാളത്തിൽ ലെനിനെയും ലെനിനിസത്തെയും അടയാളപ്പെടുത്തുന്ന മറ്റൊരു കൃതിയും രചിക്കപ്പെട്ടിട്ടില്ലായെന്ന പോരായ്‌മ നികത്തുന്നതാണ്‌ കെ എ വേണുഗോപാലൻ എഴുതിയ ലെനിൻ ലെനിനിസം എന്ന കൃതി.

എന്നാൽ അവതാരികയിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ചൂണ്ടിക്കാണിക്കുന്നതുപോലെ മറ്റീരിയലിസം ആൻഡ്‌ എംപീരിയൊ ക്രിട്ടിസിസം എന്ന ലെനിന്റെ തത്വചിന്തയുമായി ബന്ധപ്പെട്ട കൃതിയെക്കുറിച്ചുകൂടി ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. മാത്രമല്ല, സാമ്രാജ്യത്വത്തെക്കുറിച്ചും തൊഴിലാളിവർഗ വിപ്ലവത്തെക്കുറിച്ചും കൂടുതൽ പഠിക്കാനും ഒക്ടോബർ വിപ്ലവത്തിൽ അതിന്റെ പ്രയോഗവത്‌കരണത്തിനും ലെനിനെ പ്രാപ്‌തമാക്കിയ അദ്ദേഹത്തിന്റെതന്നെ തത്വശാസ്‌ത്രപരമായ പഠനങ്ങളുടെ കുറിപ്പുകൾ അടങ്ങിയ ഫിലോസഫിക്കൽ നോട്ട്‌ ബുക്‌സ്‌ കൂടി ഇക്കൂട്ടത്തിൽ പരാമർശവിധേയമാക്കിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. ഇ എം എസ്‌ തന്നെ ഈ കൃതിയുടെ, പ്രത്യേകിച്ചും അതിൽ ചേർത്തിട്ടുള്ള ഡയലക്ടിക്‌സിനെക്കുറിച്ചുള്ള ഹ്രസ്വമായ കുറിപ്പിന്റെ, പ്രാധാന്യത്തെക്കുറിച്ച്‌ 1995 ഏപ്രിൽ 22ന്‌ ലെനിന്റെ 125‐ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ പ്രഭാഷണത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്‌.

മാത്രമല്ല, തൊഴിലാളികളെ പ്രാഥമികമായ ട്രേഡ്‌ യൂണിയൻ ബോധത്തിൽനിന്ന്‌ ഉയർന്ന രാഷ്‌ട്രീയബോധത്തിലേക്ക്‌ ഉയർത്തേണ്ടതിന്റെ അനിവാര്യതയും അതിനായി വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ലെനിൻ വിശദമാക്കുന്ന ‘എന്തു ചെയ്യണം?’, തൊഴിലാളിവർഗ വിപ്ലവത്തിന്‌ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെയും അതിനു സ്വീകരിക്കേണ്ട സമീപനങ്ങളെയും വിശദീകരിക്കുന്ന ‘ജനാധിപത്യ വിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ടടവുകൾ’ എന്നീ കൃതികളെക്കുറിച്ചുകൂടി പരാമർശിക്കേണ്ടതുണ്ടായിരുന്നു.

ലെനിൻ 20‐ാം നൂറ്റാണ്ടിലെ ഇതിഹാസതുല്യനായ വിപ്ലവകാരിയാകുന്നത്‌ റഷ്യയിൽ തൊഴിലാളിവർഗ വിപ്ലവത്തിന്‌ വിജയകരമായ നേതൃത്വം നൽകുകയും വിപ്ലവാനന്തരം സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള പാത തെളിയിക്കുകയും ചെയ്‌തുവെന്നതിനാലാണ്‌. എങ്ങനെ സോഷ്യലിസം കെട്ടിപ്പടുക്കാമെന്നത്‌ സംബന്ധിച്ച്‌ മുൻപരിചയമോ (മാർക്‌സോ എംഗൽസോ രേഖപ്പെടുത്തിവച്ചിട്ടുള്ള) മാർഗരേഖയോ ഇല്ലാത്ത പശ്ചാത്തലത്തിൽ ലെനിനാണ്‌ ആദ്യമായി സോഷ്യലിസം കെട്ടിപ്പടുക്കാൻ തുടങ്ങിയത്‌. വിപ്ലവത്തെ വിജയത്തിലേക്ക്‌ നയിച്ചതും സോവിയറ്റ്‌ യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുത്തതും മൂർത്തമായ സാഹചര്യത്തെ മൂർത്തമായി വിശകലനം ചെയ്‌തുകൊണ്ടാണ്‌. 1917 ഒക്ടോബർ 25നും അതിനുമുന്പും ശേഷവുമായി ലെനിൻ എഴുതിയ കുറിപ്പുകളും ലേഖനങ്ങളും കത്തുകളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ ലെനിൻ എങ്ങനെയാണ്‌ കണ്ടതെന്നും വിശകലനം ചെയ്‌തതെന്നും വ്യക്തമാക്കുന്നുണ്ട്‌. അതിലേക്കുകൂടി വെളിച്ചംവീശിയിരുന്നെങ്കിൽ ഈ കൃതി കൂടുതൽ നന്നാകുമായിരുന്നു.

എന്നിരുന്നാലും ഇതിന്റെ പ്രാധാന്യവും പ്രസക്തിയും ഇല്ലാതാകുന്നില്ല. ഈ പുസ്‌തകം രചിച്ച കെ എ വേണുഗോപാലനും പ്രസിദ്ധീകരിച്ച ചിന്ത പബ്ലിഷേഴ്‌സും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 4 =

Most Popular