മഹാരാഷ്ട്രയിലെ ഏതാനും ജില്ലകളില്‍ ഒക്ടോബര്‍ 16നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ലഭിച്ച തിളക്കമാര്‍ന്ന വിജയം വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. നാസിക്, അഹമദ് നഗര്‍, താനെ, പാല്‍ഘര്‍ എന്നീ നാലു ജില്ലകളിലാണ് പാര്‍ട്ടിക്ക് മികച്ച വിജയം ഉണ്ടായത്. 92 പഞ്ചായത്തുകളിലാണ് സിപിഐ എം അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തു പ്രസിഡന്‍റുമാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും യുവജനങ്ങളുമാണ്. പാര്‍ട്ടിക്ക് ഇതുവരെ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉണ്ടായിരുന്നിട്ടില്ലാത്ത നൂറുകണക്കിനിടങ്ങളില്‍ ഇപ്രാവശ്യം പ്രാതിനിധ്യം നേടാനും സാധിച്ചു.
അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ കര്‍ഷക ലോങ് മാര്‍ച്ചിന്‍റെ ഉറവിടങ്ങളായ ജില്ലകളിലാണ് ഈ വിജയമുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലോങ് മാര്‍ച്ചിന് മുന്‍പും അതിനുശേഷവും ഗ്രാമീണമേഖലയിലെ ജനസാമാന്യത്തിന്‍റെ ജീവല്‍ പ്രശ്നങ്ങളുന്നയിച്ചു കൊണ്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്ന ജില്ലകളാണിവ.
വനാധികാരനിയമപ്രകാരം അര്‍ഹരായ ആദിവാസികര്‍ഷകര്‍ക്ക് ഭൂമി പതിച്ചു കിട്ടുന്നതിനു വേണ്ടിയും, കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടു കൊണ്ടും കാര്‍ഷിക വിളകള്‍ക്ക് ന്യായവില കിട്ടുന്നതിനുവേണ്ടിയും നിരന്തര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നത് കമ്യൂണിസ്റ്റുകാരാണ്. അഹമദ് നഗര്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ഉജ്വല സമരം എടുത്തു പറയേണ്ടതാണ്. ദരിദ്ര കര്‍ഷകര്‍ക്ക് വീട് നിര്‍മിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനുവേണ്ടിയും നിരന്തര സമരം നടന്നു വരികയാണീ ഈ മേഖലയില്‍. വിലക്കയറ്റത്തിന് ശമനം ഉണ്ടാക്കാന്‍ റേഷന്‍ സംവിധാനം ശക്തിപ്പെടുത്താനും നിരവധി സമരങ്ങളാണ് നടന്നത്.
ധനാധിപത്യവും വര്‍ഗീയതയും മലീമസമാക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ജനാധിപത്യപരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ഇടതുപക്ഷ ബദല്‍ വികസിച്ചുവരുന്നതിന്‍റെ സൂചനകള്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ വാണിജ്യവല്‍ക്കരണവും പണത്തിന്‍റെ കുത്തൊഴുക്കും മൂര്‍ദ്ധന്യത്തിലെത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. അതോടൊപ്പം ഹിന്ദുത്വ പ്രത്യയശാസ്ത്രം മേധാവിത്തം നേടുകയും ചെയ്തതായി കാണാം.
ബിജെപി, ശിവസേന എന്നീ രണ്ടു വര്‍ഗ്ഗീയപാര്‍ട്ടികള്‍ ചിലപ്പോള്‍ പരസ്പരം യോജിച്ചും മറ്റുചിലപ്പോള്‍ പരസ്പരം മത്സരിച്ചും രാഷ്ട്രീയത്തിന്‍റെ മുഖ്യധാര കൈയടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കോണ്‍ഗ്രസും കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ എന്‍സിപിയും ഹിന്ദുത്വശക്തികളുടെ പ്രത്യയശാസ്ത്രത്തോട് സമരസപ്പെട്ടുനില്‍ക്കുകയും ചെയ്യുന്നു. ഔദ്യോഗിക പദവിയൊന്നും വഹിച്ചിട്ടില്ലാത്ത ബാല്‍ താക്കറെ മരിച്ചപ്പോള്‍ ഔദ്യോഗിക ബഹുമതികളോടെയും ആചാരവെടികളോടെയും സംസ്കാര ചടങ്ങുകള്‍ നടത്തിയത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ബാബ്റി മസ്ജിദ് തകര്‍ത്തതിനുശേഷം മുംബൈയില്‍ ശിവസേന നടത്തിയ നരഹത്യ അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാതെ ബാല്‍ താക്കറെയെയും ശിവസേന ക്രിമിനലുകളെയും സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരുന്നത്.
ഹിന്ദുത്വപ്രത്യയശാസ്ത്രത്തോട് സമരസപ്പെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ ബിജെപിയിലേക്കും ശിവസേനയിലേക്കും ആ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കും എന്‍സിപിയിലേക്കും കാലുമാറികൊണ്ടിരിക്കുന്നതു മഹാരാഷ്ട്രയില്‍ സാധാരണ സംഗതിയാണ്. ‘ഔട്ട്ഗോയിംഗ്, ഇന്‍കമിംഗ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തമാശരൂപേണയാണ് മറാത്തി മാധ്യമങ്ങളില്‍ ഈ കാലുമാറ്റങ്ങളെയും കച്ചവടങ്ങളെയും റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ശിവസേനയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരെയും പിളര്‍ത്തിയെടുത്തുകൊണ്ട് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി മുന്നില്‍ നിര്‍ത്തി ബിജെപി നടത്തുന്ന നാടകമാണ് മഹാരാഷ്ട്രത്തിലെ മലീമസ രാഷ്ട്രീയത്തിലെ ഒടുവിലത്തെ അധ്യായം.
ഈ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെ ആധാരമാക്കി തത്ത്വാധിഷ്ഠിതവും സമരോത്സുകവുമായ സെക്കുലര്‍ ജനാധിപത്യ ബദല്‍ മുന്നോട്ടുവെക്കാന്‍ ഇടതുപക്ഷം കഠിനാധ്വാനം ചെയ്യുന്നത്. ഇടതുപക്ഷ ബദലിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ലഭിക്കുന്നതിന്‍റെ ദൃഷ്ടാന്തമാണ് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇന്ത്യയിലെ വന്‍കിടബൂര്‍ഷ്വാസികളുടെയും അവര്‍ കൂട്ടുചേരുന്ന വിദേശ ധനമൂലധനത്തിന്‍റെയും ആസ്ഥാനനഗരമായ മുംബൈ ഉള്‍പ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടത്തെ കര്‍ഷകപോരാളികള്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തതിന്‍റെ അലയൊലികളാണ് ഈ പഞ്ചായത്തു തിരഞ്ഞെടുപ്പു ഫലത്തിലും ദൃശ്യമായത്.
ഗ്രാമീണ മഹാരാഷ്ട്രയിലെ കമ്യൂണിസ്റ്റ് ചുവടുവെപ്പുകളെ നേരിടാന്‍ എന്തൊക്കെ കുതന്ത്രങ്ങളാണ് മുംബൈ ബൂര്‍ഷ്വാസി പ്രയോഗിക്കുക എന്ന് നാം കാണാനിരിക്കുന്നതേയുള്ളൂ. പക്ഷേ സാമാന്യജനങ്ങളുടെ ജീവിതസമരം തന്നെയാണ് രാഷ്ട്രീയത്തിന്‍റെ യഥാര്‍ത്ഥ വിഷയം എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പണാധിപത്യത്തെയും മതവര്‍ഗീയതയെയും നേരിടാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് മഹാരാഷ്ട്രയിലെ ഇടതുപക്ഷം.
(സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖിക)