Saturday, April 20, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍തൊഴില്‍മേളകള്‍ എന്തിനു വേണ്ടി?

തൊഴില്‍മേളകള്‍ എന്തിനു വേണ്ടി?

ഡോ. ടി എം തോമസ് ഐസക്

ഴുപത്തയ്യായിരം പേര്‍ക്ക് ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാരില്‍ ജോലി! വിവിധ കേന്ദ്രങ്ങളിലെ ദേശീയ തോഴില്‍മേള പ്രധാനമന്ത്രി തന്നെ ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യുന്നു. മാധ്യമങ്ങളില്‍ എല്ലാം ആരവം. ലോകസഭ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷവും ഏതാനും മാസങ്ങളും മാത്രം. ബിജെപിയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് രൂക്ഷമായ തൊഴിലില്ലായ്മയാണ്. പ്രതിവര്‍ഷം 2 കോടി ആളുകള്‍ക്കുവീതം തൊഴില്‍ നല്‍കും എന്നായിരുന്നു വാഗ്ദാനം. അത് ചെയ്തിരുന്നുവെങ്കില്‍ രാജ്യത്ത് തൊഴിലില്ലായ്മ പ്രശനം ഇന്ന് നിലനില്‍ക്കില്ലായിരുന്നു.ലഭ്യമായ സര്‍ക്കാര്‍ കണക്കുകള്‍ തന്നെ തെളിയിക്കുന്നത് മോദി ഭരണംതൊഴിലില്ലായ്മയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കാലമായി മാറിയിരിക്കുന്നു എന്നാണ്.

ഈ തൊഴില്‍ മേളയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രധാന്യം ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയിലേക്കാണു വിരല്‍ചൂണ്ടുന്നത് എന്നാണ് തൊഴില്‍മേളയുടെ പിറ്റേന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിച്ചത്. മോദി അധികാരത്തില്‍ വന്ന 2014നു ശേഷം ഉള്ള കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള അപേക്ഷകരുടെ എണ്ണം 22 കോടി ആയിരുന്നു. അതില്‍ നിന്ന് 7.2 ലക്ഷം പേരെയാണ് റിക്രൂട്ട് ചെയ്തത് എന്നാണ് ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി ഗവണ്‍മെന്‍റ് വ്യക്തമാക്കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്‍റ് നടന്നത് തിരഞ്ഞെടുപ്പ് നടന്ന 2019ല്‍ ആയിരുന്നു.

പത്ത് ലക്ഷം ഒഴിവുകള്‍ സര്‍ക്കാരില്‍ മാത്രം
ഒരുപക്ഷെ നിങ്ങള്‍ ചിന്തിച്ചേക്കാം 7.2 ലക്ഷം പേര്‍ക്ക് ജോലി നല്‍കിയത് വലിയ കാര്യമല്ലേ. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്നവരുടെ എണ്ണം 40 ലക്ഷം പേരാണെന്ന് ഓര്‍ക്കണം. അവരില്‍ ഗണ്യമായ വിഭാഗം എല്ലാ വര്‍ഷവും റിട്ടയര്‍ ചെയ്യുമല്ലോ. ആ ഒഴിവുകള്‍ എല്ലാം നികത്തിയിരുന്നുവെങ്കില്‍ ഇതിന്‍റെ ഇരട്ടിയില്‍ അധികം പേര്‍ക്ക് ജോലി നല്‍കാമായിരുന്നു.

2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ ഒഴിവുകള്‍4.2ലക്ഷമായിരുന്നു.മോദിയുടെ എട്ടുവര്‍ഷംകൊണ്ട് അത് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. പാര്‍ലമെന്‍റില്‍ ചോദ്യത്തിന് ഉത്തരമായിനല്‍കിയ കണക്കു പ്രകാരം 2020 മാര്‍ച്ച് 1ന് ഇത് 9 ലക്ഷംവരുമായിരുന്നു. ഇതിനുശേഷമുള്ളരണ്ടുവര്‍ഷത്തെ കണക്കുകള്‍കൂടി ചേര്‍ത്താല്‍ ചുരുങ്ങിയത് 10 ലക്ഷം വേക്കന്‍സികള്‍ സര്‍ക്കാരില്‍ നികത്താതെ ഒഴിഞ്ഞു കിടക്കുകയാണെന്ന് പറയാം. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകള്‍ ഉള്ളതില്‍ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്.ഇതില്‍ 75,000 വേക്കന്‍സികള്‍ നികത്തുന്നുവെന്നതാണ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്.

മൊത്തം 25 ലക്ഷം ഒഴിവുകള്‍
മേല്‍ പറഞ്ഞ കണക്ക് കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഒഴിവുകളാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ സായുധ സേനയിലും, പൊതുമേഖല ബാങ്കുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ വഴി നടപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ – ആരോഗ്യ സ്കീമുകളിലും മറ്റും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളുടെ എണ്ണമെടുത്താല്‍ 25 ലക്ഷം എന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ലഭിക്കുക. 2021 ജൂലായില്‍ പീയൂഷ് ശര്‍മ്മ വയര്‍ എന്ന പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് പട്ടിക ഒന്നിലെ കണക്ക് എടുത്തിട്ടുള്ളത്. വിവിധങ്ങളായ ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

റെയില്‍വേയില്‍ 14 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. സമീപകാലത്താണ് 72,000 തസ്തികകള്‍ റെയില്‍വേയില്‍ വേണ്ട എന്നു വെച്ചത്. ഇത്തരത്തില്‍ തസ്തികകള്‍ ഇല്ലാതാക്കിയിട്ടും 2022 ഫെബ്രുവരി മാസത്തില്‍ 2.65 ലക്ഷം തസ്തികകള്‍ ഒഴിവ് കിടക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷണവിന് സമ്മതിക്കേണ്ടിവന്നു.

പൊതുമേഖലയിലെ ഒഴിവുകള്‍
പൊതുമേഖലാ കമ്പനികളിലെയും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2013-14 ല്‍ കേന്ദ്ര പൊതുമേഖല കമ്പനികളില്‍ ജോലി ഉണ്ടായിരുന്നവരുടെ എണ്ണം 13.49 ലക്ഷമായിരുന്നു. 2020-21ല്‍ അത് 8.61 ലക്ഷമായി ചുരുങ്ങി. (8 വര്‍ഷം കൊണ്ട് പൊതുമേഖല തൊഴില്‍ മേഖയില്‍ 35 ശതമാനമാണ് കുറഞ്ഞത്). ചിത്രം 1ല്‍ കാണുന്നതുപോലെ ദിവസവേതനക്കാരുടെയും കരാര്‍ തൊഴിലാളികളുടെയും ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിലും ബന്ധപ്പെട്ട മേഖലകളിലെയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുന്നത് യാദൃച്ഛികമല്ല. സര്‍ക്കാരിന്‍റെ വലിപ്പം കുറയ്ക്കുവാനുള്ള ബോധപൂര്‍വമായ ഒരു സമീപനത്തിന്‍റെ ഭാഗമാണ് ഇത്. മിനിമം ഗവണ്‍മെന്‍റ് എന്നുള്ളതാണല്ലോ മോഡിയുടെ ആപ്തവാക്യം.പക്ഷേ അത്ഭുതകരം എന്നു പറയട്ടെ അമേരിക്ക അടക്കമുള്ള മറ്റു രാജ്യങ്ങളിലും സര്‍ക്കാര്‍പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ഇത് ചിത്രം 2ല്‍ വ്യക്തമായി കാണാം. നോര്‍വെയില്‍ 1000 ജനങ്ങള്‍ക്ക് 159 സര്‍ക്കാര്‍പൊതുമേഖലാ തൊഴിലാളികളുണ്ട്. അമേരിക്കയില്‍ 77 പേരുണ്ട്. ഇന്ത്യയെപ്പോലെ വളരുന്ന സമ്പദ്ഘടനയായ ബ്രസീലില്‍ 111 പേരുണ്ട്. ഇന്ത്യയില്‍ കേവലം 16ഉം. എങ്കിലും ഈ എണ്ണം അധികമാണെന്നു പറഞ്ഞ് വെട്ടിച്ചുരുക്കാനാണ് ബിജെപി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്!

തൊഴില്‍രഹിത വളര്‍ച്ചയിലേക്ക്
എന്തുകാരണം കൊണ്ടാണെങ്കിലും ഇത്തരത്തില്‍ സര്‍ക്കാര്‍ മേഖയില്‍ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നത് സമ്പദ്ഘടനയില്‍ തൊഴിലവസരങ്ങള്‍ ഗണ്യമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഒരു കാലയളവില്‍ ആയിരുന്നെങ്കില്‍ ഇതിന്‍റെ ആഘാതം കുറച്ചെങ്കിലും ലഘൂകരിക്കാമായിരുന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ മുരടിപ്പ് സമ്പദ്ഘടന നേരിടുന്ന കാലയളവിലാണ് സംഘടിത മേഖലയിലെ ഈ തലതിരിഞ്ഞ നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

പരിഷ്കാരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുള്ള പതിറ്റാണ്ടുകളില്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2 ശതമാനംവീതം ആയിരുന്നു. ഇത് ഏതാണ്ട് ജനസംഖ്യാ വര്‍ധനവിന് ഒപ്പം വരും.എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചപ്പോള്‍ തൊഴിലവസര വര്‍ദ്ധന ഒപ്പം ഉയര്‍ന്നില്ലെന്നു മാത്രമല്ല താരതമ്യേന താഴുകയാണു ചെയ്തത്.

പരിഷ്കാരത്തിന്‍റെ ആദ്യ പതിറ്റാണ്ടില്‍ തൊഴിലവസര വര്‍ധനവ് പ്രതിവര്‍ഷം 1.5 ശതമാനമായി ചുരുങ്ങി. അടുത്ത പതിറ്റാണ്ടിലാണ് സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഉച്ചസ്ഥായിയിലെത്തിയത്.പക്ഷേ,  1999-2009 കാലയളവില്‍ തൊഴിലവസര വര്‍ധന ഏതാണ്ട് 0.75 ശതമാനമായി ചുരുങ്ങി. 2009-10 മുതല്‍ 2017-18 വരെയുള്ള കാലമെടുത്താല്‍ ദേശീയ തൊഴിലവസര വര്‍ദ്ധനവ് നാമമാത്രമായിരുന്നു. പ്രതിവര്‍ഷം 0.6 ശതമാനംവീതം മോദി ഭരണകാലത്ത് അതും നിലച്ചു. ഈ വിമര്‍ശനത്തിനു മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച തൊഴിലുറപ്പ്, മുദ്ര തുടങ്ങിയ സ്കീമിലൂടെയുള്ള തൊഴിലവസര കണക്കുകളാണ്. അവ പൂര്‍ണമായും നമുക്കു നിഷേധിക്കുവാന്‍ ആവില്ല. പക്ഷേ, പുതിയ തൊഴിലവസരങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നോട്ട് നിരോധനം പോലുള്ള മഠയത്തരങ്ങള്‍ കൊണ്ട് ഇല്ലാതായി.

പെരുകുന്ന തൊഴിലില്ലായ്മ 
ഇതിന്‍റെ ഫലമായി തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുകയാണ്. 1972-73ല്‍അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് 1.25 ശതമാനമായിരുന്നു. പരിഷ്കാരങ്ങള്‍ ആരംഭിക്കുമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 2.85 ശതമാനമായി ഉയര്‍ന്നു.പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഏതാണ്ട് ഈ നിലയില്‍ തൊഴിലില്ലായ്മ നിരക്ക് തത്തിക്കളിച്ചു നിന്നു.എന്നാല്‍ ചിത്രം 4ല്‍ കാണാവുന്നതുപോലെ നോട്ട് നിരോധനത്തിനുശേഷം 2017-18ല്‍ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയര്‍ന്നു.ഇതു മറച്ചുവയ്ക്കാന്‍ കുറച്ചുനാള്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറായില്ല.

ഇപ്പോള്‍ ലഭ്യമായിട്ടുള്ള സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കു പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 7ശതമാനത്തില്‍ ഏറെയാണ്.ഇപ്പോള്‍ ഇന്ത്യാ സര്‍ക്കാരിന്‍റെ പുതിയ സര്‍വേ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. കോവിഡ് കാലത്തുപോലും തൊഴിലില്ലായ്മ 2017-18 കാലത്തെ അപേക്ഷിച്ച് കുറഞ്ഞു എന്നാണ് ഈ കണക്കുകളിലൂടെ വാദിക്കുവാന്‍ ശ്രമിക്കുന്നത്. അവയ്ക്ക് ഒട്ടും വിശ്വാസ്യത തീരെയില്ല. എന്നിട്ടുപോലും തൊഴിലില്ലായ്മ നിരക്ക് മോദി കാലത്തിനു മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്നതാണ്.

താഴുന്ന തൊഴില്‍ പങ്കാളിത്തം
തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ പലരും തൊഴില്‍ തേടല്‍ അവസാനിപ്പിച്ചു തൊഴില്‍ സേനയ്ക്ക് പുറത്തു പോകും അഥവാ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയും. ജോലി ചെയ്യാവുന്ന  പ്രായത്തിലുള്ള ജനങ്ങളില്‍ എത്ര ശതമാനം പേര്‍ തൊഴില്‍ എടുക്കുന്നു എന്നതാണ് തൊഴില്‍ പങ്കാളിത്ത നിരക്ക് പറയുന്നത്. നോട്ടു നിരോധനത്തിന് മുമ്പ് തൊഴില്‍ പങ്കാളിത്ത നിരക്ക് 46 ശതമാനത്തിനു മുകളില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 40 ശതമാനത്തിനു താഴെ ആയിരിക്കുന്നു. ചിത്രം 5ല്‍ കൊടുത്തിരിക്കുന്ന കണക്ക് സെന്‍ട്രല്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ എക്കോണമി എന്ന ഗവേഷണ സ്ഥാപനത്തിന്‍റേതാണ്. ഇന്ത്യാ സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കും ഇതിനെ ശരിവെക്കുന്നതാണ്.

 പൊട്ടിത്തെറിയിലേക്ക്
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ വേക്കന്‍സികള്‍ പൂര്‍ത്തീകരിക്കാതെ കിടക്കുന്നതിനെതിരെ യുവജനങ്ങളുടെ ഇടയില്‍ വലിയരോഷം പതഞ്ഞു പൊങ്ങുന്നുണ്ട്. കാരണം തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിട്ടുള്ളത് യുവജനങ്ങള്‍ക്കിടയിലാണ്.ശരാശരി തൊഴിലില്ലായ്മ 7 ശതമാനമാണെങ്കില്‍ യുവജനങ്ങള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ  പൊതു തൊഴിലില്ലായ്മയുടെ പലമടങ്ങാണ്. വെള്ള രേഖ പൊതു തൊഴിലില്ലായ്മ നിരക്കാണ്. എന്നാല്‍ ഓറഞ്ച് ബാറുകള്‍ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്കിനെയാണു സൂചിപ്പിക്കുന്നത്. 2021-22ല്‍ യുവജനങ്ങളുടെ തൊഴിലില്ലായ്മ 40 ശതമാനമാണ്. പൊതു തൊഴിലില്ലായ്മയുടെ നാല് മടങ്ങ്.

ഈ അസ്വസ്ഥത പൊട്ടിത്തെറികളിലേക്കും ലഹളകളിലേക്കും നയിച്ചു തുടങ്ങിയിട്ടുണ്ട്. ബീഹാറില്‍ 2019ല്‍ 35,000 റെയില്‍വേ ഒഴിവുകള്‍ക്ക് വേണ്ടി 2.2 കോടി ആളുകളാണ് അപേക്ഷിച്ചത്. ഇത്രയും പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള പ്രയാസംമൂലം ചില ക്രമീകരണങ്ങള്‍ റെയില്‍വേ വരുത്തി. തങ്ങള്‍ കബിളിപ്പിക്കപ്പെടുന്നുവെന്ന് അപേക്ഷകര്‍ക്ക് തോന്നിയപ്പോള്‍ പാട്നയില്‍ വലിയ ലഹള തന്നെ പൊട്ടിപ്പുറപ്പെട്ടു. സായുധ സേനയിലേക്ക് നടത്തിയ പരീക്ഷയുടെ റിസള്‍ട്ട് കാത്തിരിക്കുന്ന കോടികളോട് തങ്ങള്‍ക്ക് അഗ്നിവീര്‍ പദ്ധതി പ്രകാരം താത്കാലിക ജോലിയേ ലഭിക്കുവെന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ലഹള അഞ്ചു സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു.രാജ്യം തൊഴിലില്ലായ്മയുടെ അഗ്നിപര്‍വതത്തിന്‍റെ മുകളിലാണ്.10ലക്ഷം പേര്‍ക്ക് അടിയന്തരമായി തൊഴില്‍ നല്‍കുമെന്ന് ജൂണ്‍ മാസത്തില്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലം ഇതായിരുന്നു.

സ്വജനപക്ഷപാതവും
അഴിമതിയും

നാല് മാസം കൊണ്ട് 75000 പേര്‍ക്കാണ് ജോലി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞത്. അപ്പോള്‍ ഇനിയുള്ള ഒരു വര്‍ഷവും 4 മാസവും കൊണ്ട് എങ്ങനെയാണ് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിയുക? ഇതിനായി നിയമന നടപടികള്‍ ലഘൂകരിക്കും എന്നൊരു പ്രസ്താവനയും തിരഞ്ഞെടുപ്പ് മേളയോട് കൂടി ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നിയമനം കൊടുത്തിരിക്കുന്ന 75,000 പേരുടെ റിക്രൂട്ട്മെന്‍റ് യുപിഎസ്സി നടപടിക്രമപ്രകാരമാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. വലിയ സ്വജനപക്ഷപാതവും അഴിമതിയും ആയിരിക്കും തൊഴില്‍മേളകളുടെ ഭാഗമായി അരങ്ങേറുവാന്‍ പോകുന്നത്. അഗ്നിവീര്‍ പദ്ധതി സായുധ സേനയിലേക്ക് ആര്‍എസ്എസ് അനുഭാവികളെ കുത്തിത്തിരുകുവാനുള്ള അവസരമായി മാറുമെന്ന ആശങ്ക ഈ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ തന്നെ ഉയര്‍ന്നുവെന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്.

തൊഴില്‍ മേള യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാരിന്‍റെ തൊഴില്‍ നയത്തിന്‍റെ പരാജയത്തിന്‍റെ സമ്മതമാണ്.സ്വജനപക്ഷപാതത്തിനും അഴിമതിക്കുമുള്ള അവസരം ഒരുക്കലാണ്.എല്ലാ നിയമനങ്ങളും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചു സുതാര്യമായ രീതിയില്‍ നടത്തുന്നതിനുള്ള മുദ്രാവാക്യം ഉയരണം. ‘എവിടെ എന്‍റെ ജോലി’എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ നടത്തുന്ന കാല്‍നട ജാഥകള്‍ കാലഘട്ടത്തിലെ ഏറ്റവും സുപ്രധാന പ്രശ്നമാണ് ഏറ്റെടുത്തിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 2 =

Most Popular