Thursday, November 21, 2024

ad

Homeനിരീക്ഷണംലക്ഷ്യം ബഹുസ്വരതയെ തകര്‍ക്കല്‍

ലക്ഷ്യം ബഹുസ്വരതയെ തകര്‍ക്കല്‍

സി പി നാരായണന്‍

രാഴ്ചമുമ്പ് ഹരിയാനയിലെ ഫരീദാബാദില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഒരു രാഷ്ട്രം, ഒരു പൊലീസ് യൂണിഫോം’ എന്നത് രാജ്യത്തിനു അത്യുത്തമ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാഷ്ട്രം ഒരു മൊബിലിറ്റി കാര്‍ഡ് എന്നൊക്കെ പറയുന്നതുപോലെ ഇതും നല്ല ഒരു ലക്ഷ്യമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കള്‍ക്ക് ഒരു രാജ്യം ‘ഒരു ഭാഷ, ഒരു രാജ്യം, ഒരു സര്‍ക്കാര്‍,’ ഒരു രാജ്യം ഒരു പാര്‍ടി എന്നിവപോലെ ഏറെ പ്രിയപ്പെട്ടവയാണ് ഈ മുദ്രാവാക്യവും. ഇക്കാര്യം പല സന്ദര്‍ഭങ്ങളിലായി അവര്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ഇവിടെ ഓര്‍മ വരുന്നു.

ഇങ്ങനെ രാജ്യത്തിനാകെ ഒരൊറ്റ പാര്‍ടി, ഒരൊറ്റ സര്‍ക്കാര്‍, ഒരൊറ്റ ഭാഷ എന്നൊക്കെ പറയുമ്പോള്‍ ചിലര്‍ക്കൊക്കെ വലിയ ആവേശം കാണും. ഒറ്റ അജന്‍ഡ വച്ചുള്ള ഒറ്റകക്ഷി ഭരണം എന്ന ഫാസിസ്റ്റ് ചിന്ത തലയില്‍ കേറിയവര്‍ക്ക് പ്രത്യേകിച്ചും. ബിജെപിയുടെയും അതിന്‍റെ പൂര്‍വരൂപമായ ജനസംഘത്തിന്‍റെയും മാതൃസംഘടന എന്നോ പ്രത്യയശാസ്ത്രനേതൃത്വം എന്നോ പറയാവുന്നതാണ് ആര്‍എസ്എസ്. 1925ല്‍ അത് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്‍റെ സ്ഥാപകനേതാക്കള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ആയിരുന്നു ഒരൊറ്റരാജ്യം, ഒരൊറ്റ മതം, ഒരൊറ്റ ഭാഷ, ഒരൊറ്റ ഭരണം മുതലായവ. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം പല രൂപഭാവങ്ങളില്‍ ഈ രാജ്യത്ത് പ്രവര്‍ത്തിച്ചിട്ടും ആ സംഘടനയ്ക്കും അതിന്‍റെ നേതൃത്വത്തിനും അനുയായികള്‍ക്കും നൂറ്റാണ്ടുകളായുള്ള ഈ രാജ്യത്തിന്‍റെ മനോഗതി എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല എന്നുവേണം ധരിക്കാന്‍. അല്ലെങ്കില്‍, മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് അവര്‍ നടിക്കുന്നു.

സംഗതി സ്പഷ്ടമാണ്. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അത് ആവര്‍ത്തിച്ചു സ്പഷ്ടമാക്കുന്നുമുണ്ട്. ഒരൊറ്റ രാജ്യം, ഒരൊറ്റ ജനത, ഒരൊറ്റ പാര്‍ടി, ഒരൊറ്റ സര്‍ക്കാര്‍, ഒരൊറ്റ ഭാഷ, ഒരൊറ്റ മതം എന്നൊക്കെയുള്ളത്. ബിജെപിക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളാണ്. 2024ല്‍ പാര്‍ലമെന്‍റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വീണ്ടും തങ്ങളുടെ പാര്‍ടി ഭൂരിപക്ഷം നേടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതോടെ തങ്ങളുടെ മേല്‍പ്പറഞ്ഞ ലക്ഷ്യം നടപ്പാക്കണമെന്ന ആഗ്രഹവും നടപ്പാക്കും എന്നു തങ്ങളെ പിന്താങ്ങുന്ന ജനങ്ങളോടുള്ള പ്രഖ്യാപനവും കൂടിയാണ് ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേവരെ സിപിഐ എം ഒഴികെ മറ്റു പ്രധാന പാര്‍ടിക്കാരൊന്നും അതിനോട് പ്രതികരിക്കാത്തതിനാല്‍, എല്ലാവരും തങ്ങളുടെ ഡിമാന്‍ഡ്, നിലപാട് അംഗീകരിച്ചിരിക്കുന്നു എന്ന നിഗമനത്തില്‍ ബിജെപി നേതൃത്വം എത്തിച്ചേര്‍ന്ന മട്ടാണ്. തങ്ങള്‍ ജയിക്കും, തങ്ങള്‍ ഭരിക്കും എന്നുവരെ മറ്റു പാര്‍ടിക്കാര്‍ സമ്മതിച്ചതിന്‍റെ സൂചനയാണ് ഇതൊക്കെ പറഞ്ഞിട്ടും എതിര്‍ത്തൊന്നും അവയുടെ നേതാക്കള്‍ പ്രതികരിക്കാത്തത് എന്നും ബിജെപി നേതാക്കള്‍ കരുതുന്നുണ്ടാകാം.

തങ്ങള്‍ വിജയക്കുതിപ്പിലാണ് എന്നുറച്ചുവിശ്വസിക്കുന്നതുകൊണ്ടും എതിര്‍ത്ത് ഒരു പാര്‍ടിയോ സംസ്ഥാനമോ ഒരക്ഷരംപോലും പ്രതികരിക്കാത്തതുകൊണ്ടും ബിജെപി നേതാക്കള്‍ തങ്ങളുടെ ഇഷ്ടമുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ പ്രതികരണമെന്ത് എന്നു സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍നിന്ന് അവര്‍ക്ക് ലഭിച്ച അനുകൂലപ്രതികരണം-ജനങ്ങള്‍ ആരും തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കാത്തത്-കണ്ട് ആവേശം കൊണ്ടിട്ടാവണം, നരേന്ദ്രമോദി മുതല്‍ക്കുള്ള ബിജെപി നേതാക്കള്‍ ഭരണത്തിന്‍റെ ഘടനയും ലക്ഷ്യവും മാര്‍ഗവുമൊക്കെ ഒറ്റയടിക്കു മാറ്റാം എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ പൊതുവിലുള്ള പ്രതികരണം തങ്ങള്‍ക്ക് അനുകൂലമാണ് എന്നു മോദിയും കൂട്ടരും ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെ അല്ലാത്തവരെ തങ്ങളുടെ പക്ഷത്തേക്കു കൊണ്ടുവരാന്‍ കൂടിയാണ് അവര്‍ “ഒരൊറ്റ” മുദ്രാവാക്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന സംഘപരിവാരം നാനാജാതി -മത-ഭാഷാ-സംസ്കാരങ്ങള്‍ പിന്തുടരുന്ന ഇന്ത്യന്‍ ജനത എന്ന യാഥാര്‍ഥ്യത്തിനുനേരെ കണ്ണടച്ചാണ് ഇങ്ങനെ നിര്‍ദേശിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ രാജ്യവും ജനങ്ങളും പിന്തുടര്‍ന്നതും വികസിപ്പിച്ചതുമായ പാത, അതു വഴി ഇവിടെ സാക്ഷാത്കരിക്കപ്പെട്ട പരിഷ്കാരങ്ങളുടെ വൈവിധ്യമാര്‍ന്ന സൃഷ്ടികള്‍ ഇവയെല്ലാം “ഒറ്റ” ഒന്നിനുവേണ്ടി തച്ചുതകര്‍ക്കാനാണ് ബിജെപി ഒരുമ്പെടുന്നത്.

ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഏകോദരസഹോദരങ്ങളായി വീക്ഷിക്കുന്ന വിശാല ആശയമല്ല ഈ “ഒരൊറ്റ” മുദ്രാവാക്യത്തിലൂടെ മോദിയും കൂട്ടരും ജനസമക്ഷം അവതരിപ്പിക്കുന്നത്. മുസ്ലീങ്ങളെ മാത്രം ചേര്‍ത്ത് പാകിസ്താന്‍ രൂപീകരിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെടുകയും ബ്രിട്ടീഷ് സാമ്രാജ്യത്വം അതിനു വഴങ്ങുകയും ചെയ്തപ്പോള്‍, ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും അവശേഷിക്കുന്ന ഇന്ത്യ എന്നാണ് മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനുവേണ്ടി കൈക്കൊണ്ട നിലപാട്. ഈ ഭൂമിയില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചവരുടെ സന്തതിപരമ്പരകള്‍ക്ക് അവരുടെ പൈതൃകവും വിശ്വാസവും നിലപാടും ആഗ്രഹാഭിലാഷങ്ങളും എന്തായാലും ഇവിടെ തുടരാം എന്നായിരുന്നു ആ നിലപാട്. നാനാത്വത്തിലെ ഏകത്വം എന്നാണ് ഇന്ത്യയെ നമ്മുടെ മുന്‍തലമുറകള്‍ വിശേഷിപ്പിച്ചിരുന്നത്.

നമുക്ക് ദര്‍ശനം ഒന്നായിരുന്നില്ല, ആറെണ്ണമായിരുന്നു. ഷഡ് ദര്‍ശനങ്ങള്‍. ക്രിസ്തു-ഇസ്ലാം മതങ്ങള്‍ വരുംമുമ്പും ഇവിടെ മതം ഒന്നായിരുന്നില്ല. വേദങ്ങളെ പിന്തുടര്‍ന്നവരുടെ മതം, ബുദ്ധ-ജൈന-ചാര്‍വാകാദിമതങ്ങള്‍ എന്നിങ്ങനെ പലതും. പല ചിന്താഗതികളും അഭിപ്രായഗതികളും. ഏകത്വത്തിനായിരുന്നില്ല, ബഹുത്വത്തിനായിരുന്നു ഇന്ത്യയില്‍ പ്രാചീനകാലം മുതല്‍ മുന്‍ഗണന, അംഗീകാരം. ഈ വൈവിധ്യം ഇന്ത്യയുടെ കഴിഞ്ഞ കാലങ്ങളില്‍ മുഴുവന്‍ നിലനിന്നിട്ടുണ്ട്, നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്. ഒറ്റരാജ്യമോ ഒറ്റജനതയോ ആയിരുന്നില്ല ഇന്ത്യക്കാര്‍ ഒരുകാലത്തും.

ഈ ചരിത്രപരമായ വൈവിധ്യത്തെ നിലനിര്‍ത്തിക്കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനക്ക് രൂപം നല്‍കപ്പെട്ടത്. അതിന്‍റെ ഒന്നാം വകുപ്പുതന്നെ പറയുന്നത്. “ഭാരതം ആയ ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയന്‍ ആയിരിക്കും” എന്നാണ്. ഇന്ത്യയെ ഭരിക്കുന്നത് ഒരു കേന്ദ്ര സര്‍ക്കാരും രണ്ടു ഡസനിലേറെ സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാണ്. ഒറ്റകേന്ദ്രത്തില്‍നിന്നല്ല. ഇന്ത്യയില്‍ ദേശീയഭാഷകളായി 22 എണ്ണം അംഗീകരിക്കപ്പെട്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ലിപി ഉള്ളതും ഇല്ലാത്തതുമായി ആയിരക്കണക്കിനു ഭാഷകള്‍ ഈ രാജ്യത്തുണ്ട്. അവയെ നിലനിര്‍ത്താനും വളര്‍ത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും പല മേഖലകള്‍ കൂടിച്ചേര്‍ന്നതാണ് നമ്മുടെ രാജ്യമായ ഇന്ത്യ. സാംസ്കാരികമായും നിരവധി ധാരകള്‍ ചേര്‍ന്നുണ്ടായതാണ് ഇന്ത്യ. പുതിയവയെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്‍റെ സഹജ സ്വഭാവമാണ് ഇത്തരം വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും തുടരാന്‍ അനുവദിക്കുകയും അവയുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുവളരാന്‍ അനുവദിക്കുകയും ചെയ്യുക എന്നത്.

അതുകൊണ്ടാണ് നമ്മുടെ രാജ്യത്തോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ആഭ്യന്തരകലഹംമൂലം ജനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും വേറിട്ടുപോകുകയും അങ്ങനെ നാനാതരം നശീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തപ്പോള്‍, ഇന്ത്യ ഭിന്നഭാവങ്ങളെയും സ്വരങ്ങളെയും ചിന്താഗതികളെയും ഒക്കെ നിലനിര്‍ത്തിക്കൊണ്ട്, ഭിന്നിച്ചുപോകാതെ ദേശീയൈക്യം ശക്തിപ്പെടുത്തിക്കൊണ്ട് നിലനിന്നതും, കൂടുതല്‍ ശക്തിയും വികാസവും പ്രാപിച്ചതും.

മറ്റുള്ളവരെ ജീവിക്കാനും വളരാനും വികസിക്കാനും അനുവദിച്ചുകൊണ്ട് മാത്രമേ ജനാധിപത്യസാഹചര്യങ്ങളില്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്താനും സ്വയംവളരാനും കഴിയൂ എന്നും ഇന്ത്യയെ കാലാകാലങ്ങളില്‍ നയിച്ചവരും ഭരിച്ചവരും ഒക്കെ മനസ്സിലാക്കിയിട്ടുണ്ട്. പണ്ടുകാലത്ത് ഭിന്നചിന്തകളെയും സ്വരങ്ങളെയും അഭിപ്രായങ്ങളെയും ജീവിതരീതികളെയും നിലനില്‍ക്കാനും വളരാനും അനുവദിക്കാതിരുന്ന വേളകളിലെല്ലാം ഇവിടെ ആഭ്യന്തരകലഹങ്ങളും കലാപങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം ഏറ്റുമുട്ടലുകളാണ് ഇന്ത്യ വിദേശാധിപത്യത്തിന്‍കീഴിലാകുന്നതിനിടയാക്കിയത് എന്നു സ്വാതന്ത്ര്യലബ്ധിക്കുശേഷം നാം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം അഭിപ്രായം, തീരുമാനം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ആഭ്യന്തരകലഹത്തിലേക്ക് നയിക്കും എന്നു കഴിഞ്ഞകാലത്തെ സ്വാനുഭവങ്ങളിലൂടെ നമ്മുടെ പൂര്‍വികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം ആഭ്യന്തരകലഹങ്ങള്‍ ഒഴിവാക്കാനുള്ള വഴി പരസ്പരം ചര്‍ച്ച ചെയ്തും വിട്ടുവീഴ്ച ചെയ്തും യോജിച്ച ധാരണ ഉണ്ടാക്കുകയാണ്, സഹവര്‍ത്തിത്വമാണ് എന്ന് നമ്മുടെ മുന്‍ഗാമികള്‍ മനസ്സിലാക്കി. അത് നമ്മെ പഠിപ്പിച്ചു. അതിന്‍റെ സൂചകങ്ങളാണ് ഭരണഘടന ഉള്‍പ്പെടെ രാജ്യവും ജനങ്ങളും അംഗീകരിച്ച ഔദ്യോഗിക നിലപാടുകള്‍. നമ്മുടെ രാജ്യത്തെ ചരിത്രകാരന്മാര്‍ ബ്രിട്ടീഷുകാര്‍ക്കുശേഷം തിരുത്തിയെഴുതിയ ഇന്ത്യാ ചരിത്രം ഈ വസ്തുത സുവ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെ ഒരു കാലത്ത് അടക്കിവാണ സാമ്രാജ്യശക്തിയായിരുന്നു ബ്രിട്ടന്‍. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രിയാക്കാന്‍ അവിടെ ഭരണത്തിലുള്ള യാഥാസ്ഥിതിക കക്ഷി ഇന്നു തയ്യാറായിരിക്കുന്നത് മാറിവന്ന കാലത്തിന്‍റെ ചുവരെഴുത്ത് വായിച്ചിട്ടാണ്. രാജാവിനെ ഔപചാരിക ഭരണാധികാരിയാക്കി നിലനിര്‍ത്തി അവിടെ ഭരിക്കുന്നത് ജനങ്ങളുടെ പ്രതിനിധികളാണ്. അങ്ങനെയൊരു ഭരണസമ്പ്രദായം നിലവില്‍ വരുത്തിയത് ജനാധിപത്യവ്യവസ്ഥയാണ്.

അതാണ് ഇന്ത്യ മാതൃകയായി സ്വീകരിച്ചിട്ടുള്ളത്; അത് തുടരുമ്പോള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ സ്വാര്‍ഥപരമായ ആഗ്രഹാഭിലാഷങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ജനാധിപത്യത്തില്‍ ന്യൂനപക്ഷത്തിനും അര്‍ഹമായ സ്ഥാനമുണ്ട്. കയ്യൂക്കുക്കൊണ്ട് സ്വന്തം ഇച്ഛ അടിച്ചേല്‍പ്പിക്കുന്നതിനെ ജനാധിപത്യത്തില്‍ ജനങ്ങള്‍ വെച്ചുപൊറുപ്പിക്കുകയില്ല.

ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഈ കുത്സിതനീക്കത്തിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 7 =

Most Popular