Monday, April 22, 2024

ad

Homeനിരീക്ഷണംവിശ്വാസവും അന്ധവിശ്വാസവും അതിര്‍വരമ്പേത്?

വിശ്വാസവും അന്ധവിശ്വാസവും അതിര്‍വരമ്പേത്?

കെ എ വേണുഗോപാലന്‍

വിശ്വാസത്തിനും, അന്ധവിശ്വാസത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ഏത് എന്ന് നിശ്ചയിക്കുക ഏറെ ദുഷ്കരമാണ്. മതവിശ്വാസം രൂപപ്പെടുന്നത് എങ്ങനെ എന്ന് ‘ഡ്യൂറിങ്ങിനെതിരെ’ എന്ന വിഖ്യാതമായ ഗ്രന്ഥത്തില്‍ എംഗല്‍സ് വിശദീകരിക്കുന്നുണ്ട്. മതമെന്നു പറയുന്ന ഏതു സംഗതിയും ആളുകളുടെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികള്‍ അവരുടെ മനസ്സില്‍ ഉളവാക്കുന്ന അത്ഭുതകരമായ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. ഈ പ്രതിഫലനത്തില്‍ ഭൗമിക ശക്തികള്‍ അമാനുഷിക ശക്തികളുടെ രൂപം കൈക്കൊള്ളുന്നു. ചരിത്രാരംഭത്തില്‍ പ്രകൃതിശക്തികളാണ് ആദ്യമായി ഇപ്രകാരം പ്രതിഫലിപ്പിക്കപ്പെട്ടത്. തുടര്‍ന്നുള്ള പരിണാമഗതിക്കിടയില്‍ ഈ ശക്തികള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിവിധങ്ങളായ പല രൂപങ്ങളും കൈക്കൊണ്ടു……പക്ഷേ ഏറെത്താമസിയാതെ പ്രകൃതിശക്തികള്‍ക്ക് സമാന്തരമായി സാമൂഹ്യ ശക്തികളും സക്രിയമാകുന്നുണ്ട്. ഈ ശക്തികളും പ്രകൃതിശക്തികളുടെ അത്രതന്നെ അന്യവും പിടികിട്ടാത്തതും എന്ന നിലയ്ക്കാണ് മനുഷ്യനെ അഭിമുഖീകരിക്കുന്നത്. അത്രതന്നെ പ്രകടമായ സ്വാഭാവിക വശ്യതയോടെയാണ് അവയും മനുഷ്യന്‍റെ മേല്‍ ആധിപത്യം ചെലുത്തുന്നത്. തുടക്കത്തില്‍ പ്രകൃതിയുടെ നിഗൂഢശക്തികളെ മാത്രം പ്രതിഫലിപ്പിച്ചിരുന്ന അത്ഭുതരൂപങ്ങള്‍ക്ക് ചില സാമൂഹ്യ സവിശേഷതകള്‍ കൈവരികയും അവ ചരിത്രശക്തികളുടെ പ്രതിനിധികളായിത്തീരുകയും ചെയ്യുന്നു. പരിണാമത്തിന്‍റെ ഇനിയുമൊരു ഉത്തര ഘട്ടത്തില്‍ എണ്ണമറ്റ ദൈവങ്ങളുടെ പ്രകൃതിസഹജവും സാമൂഹികവുമായ സവിശേഷതകള്‍ എല്ലാം സര്‍വശക്തനായ ഒരൊറ്റ ദൈവത്തില്‍ അവരോധിക്കപ്പെടുന്നു. ഈ സര്‍വ്വശക്തനാകട്ടെ “അമൂര്‍ത്ത മനുഷ്യന്‍റെ ഒരു പ്രതിഫലനം മാത്രവുമാണ്. ഏകേശ്വരവാദത്തിന്‍റെ ഉത്ഭവം ഇവിടെ നിന്നാണ്”. തന്നെ ഭയപ്പെടുത്തിയിരുന്ന പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന മനുഷ്യന്‍ പിന്നീട് വിവിധങ്ങളായ ദൈവങ്ങളെ ആരാധിക്കുന്നതും തുടര്‍ന്ന് ഏകദൈവ സങ്കല്‍പ്പത്തിലേക്ക് എത്തിച്ചേരുന്നതുമായ ചരിത്രമാണ് എംഗത്സ് ഏതാനും വാചകങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത്. ഈ പരിണാമ പ്രക്രിയയില്‍ ആദ്യകാലത്തെ പ്രകൃതി ശക്ത്യാരാധന മുതല്‍ ഏകദൈവ വിശ്വാസം വരെയുള്ള വിശ്വാസങ്ങളുടെ അവശിഷ്ടങ്ങളെല്ലാം  മനുഷ്യമനസ്സുകളില്‍ വ്യത്യസ്ത അളവുകളില്‍ ഇന്നും നിലനില്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചിലര്‍ അന്ധവിശ്വാസമായിക്കാണുന്നതിനെ മറ്റു ചിലര്‍ ആധുനികവിശ്വാസത്തിന്‍റെ ഭാഗമായാണ് കാണുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പഴയ മതങ്ങളില്‍ ഒന്നായ ഹിന്ദുമതത്തില്‍ ഈ പ്രക്രിയ എങ്ങനെയാണ് സംഭവിച്ചതെന്ന് പരിശോധിക്കാം. പഴയ മതം ഹിന്ദു മതമാണെന്നു പറഞ്ഞതുകൊണ്ട് അന്ന് ഈ മതത്തിന് ഹിന്ദുമതം എന്ന് പേരുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് ഉത്തരം. അന്നത്തേതിനെ ബ്രാഹ്മണ മതം എന്നു വിളിക്കുന്നതാവും ശരി. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതിന് ഉതകുന്ന ഒരു ചാതുര്‍വര്‍ണ്യ വ്യവസ്ഥയും അതിനെ ദൈവത്തിന്‍റെ പേരില്‍ നീതീകരിക്കുന്ന പ്രത്യയശാസ്ത്രങ്ങളും ആരാധനയും യജ്ഞങ്ങളും ആചാരങ്ങളും ഒക്കെ അടങ്ങുന്നതായിരുന്നു അന്നത്തെ ബ്രാഹ്മണമതം. അതു മാത്രമല്ല ഇന്നത്തെ ഹിന്ദു മതം. ഈ കാലയളവിനുള്ളിലെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഇടയില്‍ അത് ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ഒപ്പം തന്നെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. വൈഷ്ണവ മതത്തിന്‍റെയും ശൈവ മതത്തിന്‍റെയും ബുദ്ധമതത്തിന്‍റെയും ചാര്‍വാക സിദ്ധാന്തങ്ങളുടെയും മുതല്‍ നവീന മുതലാളിത്തത്തിന്‍റെ വരെ ആശയങ്ങള്‍ അത് ഉള്‍ക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പല പണ്ഡിതന്മാരും ഹിന്ദുമതം ഒരു മതമല്ലെന്നും ജീവിതരീതി മാത്രമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഹിന്ദുമതത്തിന്‍റെ മതപരമായ അംശങ്ങള്‍ ഒക്കെത്തന്നെ ഇന്നും പ്രതിനിധീകരിക്കുന്നത് ബ്രാഹ്മണ മതത്തിന്‍റെ ആശയങ്ങള്‍ തന്നെയാണ്.

ലോകത്തിലെ തന്നെ ഏറ്റവും പഴയ ഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. ബി സി 1500 നും 1000 ത്തിനുമിടയില്‍ ഇന്തോ ആര്യന്മാരാല്‍ എഴുതപ്പെട്ടതാണ് വേദങ്ങളെല്ലാം തന്നെ. വാമൊഴിയായി ദീര്‍ഘകാലം തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ് അതിലെ വരികള്‍. വേദകാല മനുഷ്യന്‍ ആര്‍ജിച്ച വിജ്ഞാനമൊക്കെ വാമൊഴികളിലൂടെ തലമുറ തലമുറയായി കൈമാറുകയും അതുവഴി അതിനെ സംരക്ഷിക്കുകയും ചെയ്തു. മന്ത്രങ്ങള്‍ എന്നാണ് അന്ന് അത് അറിയപ്പെട്ടിരുന്നത്. അവയുടെ സമാഹാരമാണ് പിന്നീട് ഋഗ്വേദം, സാമവേദം, യജുര്‍വേദം, അഥര്‍വവേദം എന്നീ പേരുകളില്‍ സമാഹരിച്ച് ഗ്രന്ഥങ്ങള്‍ ആക്കപ്പെട്ടത്. ബ്രാഹ്മണ പുരോഹിതന്മാരാണ് അവരവരുടെ ഓര്‍മ്മശക്തിക്ക് അനുസരിച്ച് അവ സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറുകയും ചെയ്തത്. അവരെ അന്നത്തെ സഞ്ചരിക്കുന്ന ഗ്രന്ഥശാലകളായി കണക്കാക്കാവുന്നതാണ്. ഇതില്‍ ഒരു വേദം മാത്രം പൂര്‍ണമായി അറിയുന്നവര്‍ വേദികളായും രണ്ടു വേദങ്ങള്‍ അറിയുന്നവര്‍ ദ്വിവേദികളായും മൂന്നു വേദം അറിയുന്നവര്‍ ത്രിവേദികളായും നാലു വേദം അറിയുന്നവര്‍ ചതുര്‍വേദികളായും അറിയപ്പെട്ടു.

ഇന്ത്യയില്‍ ഇപ്പോഴും ഭൂമിയുടെ, വെള്ളത്തിന്‍റെ,വായുവിന്‍റെ, അഗ്നിയുടെ ഒക്കെ പേരിലുള്ള പ്രകൃതിദൈവങ്ങള്‍ നിലനില്‍ക്കുകയും ഒപ്പം സാര്‍വത്രിക ദൈവങ്ങളായ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും രാമനും കൃഷ്ണനും സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. പഴയതില്‍ ഭൂരിഭാഗത്തെയും നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യയില്‍ ത്രിമൂര്‍ത്തികള്‍ എന്ന പേരില്‍ സര്‍വവ്യാപികളായ ദൈവങ്ങള്‍ രൂപപ്പെട്ടത്. അതായത് ആദിമകാലത്ത് വിശ്വാസങ്ങള്‍ ആയിരുന്ന പലതും ഇന്ന് അന്ധവിശ്വാസങ്ങളും ചരിത്രത്തിന്‍റെ ഭാഗം മാത്രവും ആയി മാറിയിരിക്കുന്നു.

ഈ മാറ്റത്തില്‍ വലിയ പങ്കുവഹിച്ചത് മതങ്ങളാണ്. എങ്ങനെയാണ്  മതങ്ങള്‍ രൂപം കൊണ്ടത് ? കൃഷി മനുഷ്യന്‍റെ മുഖ്യ തൊഴിലായി മാറുന്നതിനു മുമ്പ് മനുഷ്യന്‍ ഗോത്രങ്ങളായാണ് ജീവിച്ചുവന്നിരുന്നത്. എന്നാല്‍ കൃഷി മുഖ്യതൊഴിലായി മാറിയതോടു കൂടി അവര്‍ക്ക് ഫലഭൂയിഷ്ടമായ ഭൂമി തേടി അലയേണ്ടി വന്നു. അങ്ങനെ അലഞ്ഞുതിരിഞ്ഞ ഗോത്രങ്ങള്‍ ഒരേ സ്ഥലം കയ്യടക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അവര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ കീഴ്പ്പെടുത്തുകയും ചെയ്തു. അവരാണ് പിന്നീട് അടിമകളായി മാറിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവരാണ് പിന്നീട് ശൂദ്രനും അതിന് താഴെയുള്ള അവര്‍ണരും ആയി മാറിയത്. എന്നാല്‍ യൂറോപ്പിലും ഈജിപ്റ്റിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഒക്കെ അടിമകളോട് ക്രൂരമായ സമീപനമാണ് ഉടമകള്‍ സ്വീകരിച്ചിരുന്നത് എങ്കില്‍ ഇന്ത്യയില്‍ അത്രത്തോളം ക്രൂരത ഉണ്ടായിരുന്നില്ല. ആത്മീയതയില്‍ അവരെ മയക്കിക്കിടത്താന്‍ ഭരണവര്‍ഗത്തിന് കഴിഞ്ഞിരുന്നു.

എന്തൊക്കെയായാലും അടിമകളും ഉടമകളും തമ്മില്‍ ലോകമാകെ ഏറ്റുമുട്ടി. ആ ഏറ്റുമുട്ടലുകളില്‍ നിന്ന് ഉടമകളെ സംരക്ഷിക്കുന്നതിന് രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രപരമായ ഉപകരണമാണ് മതം. അടിമകളെയും ഉടമകളെയും സമ്പന്നരെയും ദരിദ്രരെയും ഒക്കെ സൃഷ്ടിച്ചത് സര്‍വശക്തനായ ദൈവമാണ്. പ്രപഞ്ചത്തിന്‍റെ, മൃഗങ്ങളുടെ, മനുഷ്യന്‍റെ, ദേവീ ദേവന്മാരുടെ ഒക്കെ സ്രഷ്ടാവ് സര്‍വശക്തനായ ദൈവമാണ്. ദൈവം സര്‍വവ്യാപിയായി നിലകൊള്ളുന്നു എന്ന് മതം പഠിപ്പിച്ചു. ഇന്ത്യയില്‍ ശൂദ്രരേയും അവര്‍ണരെയും ഒക്കെത്തന്നെ മതവിശ്വാസത്തിന്‍റെ പേരില്‍ അടക്കി നിര്‍ത്താന്‍ സവര്‍ണര്‍ക്ക് കഴിഞ്ഞത് ഈ മതപരമായ പരിവേഷം ഉപയോഗപ്പെടുത്തിയാണ്. അങ്ങനെയാണ് മനുഷ്യനിര്‍മ്മിത മതങ്ങളും ദൈവങ്ങളും രൂപം കൊണ്ടത്. ദൈവം, ആത്മാവ്, പുനര്‍ജന്മം,ആരാധന,ആചാരങ്ങള്‍,ബലികള്‍, യജ്ഞങ്ങള്‍ ഇവയെയൊക്കെ അധ്വാനിക്കുന്ന ജനവിഭാഗത്തെ അടിച്ചമര്‍ത്തി സ്വന്തം താല്പര്യം സംരക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ സവര്‍ണര്‍ക്ക് കഴിഞ്ഞു. ഋഗ്വേദത്തിന്‍റെ പുരുഷസൂക്തത്തില്‍ അടങ്ങിയിരിക്കുന്ന ചാതുര്‍വര്‍ണ്യത്തിന്‍റെ നിര്‍മ്മിതി അതിന് തീര്‍ത്തും അനുയോജ്യമാണ്.

ഈ ചാതുര്‍വര്‍ണ്യ സങ്കല്‍പ്പനത്തിന്‍റെ വര്‍ഗപരമായ ഉള്ളടക്കം പൂര്‍ണമായി വ്യക്തമാക്കപ്പെടുന്നത് മനുസ്മൃതിയിലാണ്. ബ്രാഹ്മണരുടെ, ക്ഷത്രിയരുടെ, വൈശ്യരുടെ, ശൂദ്രരുടെ ഒക്കെ അധികാരങ്ങളും കടമകളും അദ്ദേഹം മനുസ്മൃതിയില്‍ ചിട്ടപ്പെടുത്തി. അതൊക്കെ സര്‍വശക്തനായ ദൈവത്തിന്‍റെ പേരിലാണ് അവതരിപ്പിക്കപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാല്‍ മനുസ്മൃതി പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയില്‍ മതം ഭരണവര്‍ഗത്തിന്‍റെ ഒരു മര്‍ദ്ദനോപകരണമായി മാറി. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നതും താഴെ തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് സ്വത്ത് സമ്പാദിക്കാനവകാശമില്ല എന്നതുമൊക്കെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പൊതുബോധമായി മാറി. ഈ പൊതുബോധത്തെ മറികടക്കണമെങ്കില്‍ ജനങ്ങള്‍ക്ക് ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിയണം. അതിന് സാധാരണക്കാര്‍ക്ക് പ്രാപ്തി ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഭരണവര്‍ഗത്താല്‍ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെട്ടതാണ് ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെല്ലാം. അന്ധവിശ്വാസത്തിനെതിരായ പോരാട്ടം വര്‍ഗ സമരത്തിന്‍റെ ഭാഗമാവുന്നത് അതുകൊണ്ടാണ്.

ഓരോ മനുഷ്യന്‍റെയും യുക്തിബോധത്തില്‍ വ്യത്യാസമുണ്ടെന്നതു കൊണ്ട് ഒരാള്‍ക്ക് വിശ്വാസമായി തോന്നുന്നത് മറ്റൊരാള്‍ക്ക് അന്ധവിശ്വാസമായി തോന്നിയേക്കാം. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍റെ അനുയായികള്‍ക്ക് അന്ധവിശ്വാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാവില്ല ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യര്‍ക്കുള്ളത്. എന്നാല്‍ ഏതൊരാള്‍ക്കും കൈവീശാന്‍ മൗലികാവകാശമുണ്ട് ; പക്ഷേ അത് മറ്റൊരുവന്‍റെ മുഖത്തടിച്ചാല്‍ കുറ്റകരമായിത്തീരും എന്നു പറയുന്നതുപോലെ ഏതൊരാള്‍ക്കും തന്‍റെ വിശ്വാസങ്ങളെ സ്വകാര്യമായി സൂക്ഷിക്കുവാന്‍ അവകാശമുണ്ട്. പക്ഷേ അത് മറ്റൊരാളുടെയും മൗലികാവകാശങ്ങളെ ഹനിക്കുന്നതാവരുത്. അങ്ങനെ വന്നാല്‍ അത് കുറ്റകരമായിത്തീരും എന്ന് പൊതുവില്‍ അംഗീകരിക്കാന്‍ വിശ്വാസികള്‍ക്കും അന്ധവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമൊക്കെ ബാധ്യതയുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular