പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, നാഷണല്‍ റീഹാബ് ഫൗണ്ടേഷന്‍,നാഷണല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ,കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍,ജൂനിയര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ എന്നിങ്ങനെ എട്ട് സംഘടനകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. രാജ്യദ്രോഹ പ്രവര്‍ത്തനം, ഗൂഢാലോചന, ഐഎസ്സുമായുള്ള ബന്ധം, നിരോധിത പണമിടപാടുകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന മാതൃസംഘടനയെയും അതിന്‍റെ പോഷക സംഘടനകളെയും നിരോധിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ നിരോധിക്കപ്പെട്ടിട്ടുമില്ല. ന്യൂനപക്ഷ മത തീവ്രവാദം ഇല്ലാതാക്കുന്നതിനുള്ള ‘മഹനീയമായ’ കാല്‍വെപ്പായാണ് ഇതിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.തീവ്രവാദം നിരോധിക്കുന്നതിന് സംഘടനകളെ നിരോധിക്കുകയല്ല;മറിച്ച് അത്തരം തീവ്രവാദ സംഘടനകള്‍ ഉയര്‍ന്നുവരുന്നതിന് സഹായകമായ ഭൗതിക സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത് എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന മതതീവ്രവാദത്തിന് വളംവച്ചു കൊടുക്കലും പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ കൊടുക്കലുമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചാരവേലയാണ് നടന്നുകൊണ്ടിരിക്കുന്നത്.
നിരോധനം ഹരിഹാരമല്ല എന്ന വസ്തുത ആര്‍എസ്എസിനും ബാധകമാണ്. ഗാന്ധി വധത്തെ തുടര്‍ന്നാണ് സ്വതന്ത്ര ഇന്ത്യയില്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടത്. അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ആര്‍എസ്എസ് നേതാക്കളുടെ പ്രസംഗങ്ങളില്‍ നിറയെ വിഷമാണ് എന്നും ആ വിഷത്തിന്‍റെ അന്തിമഫലമായാണ് മഹാത്മാഗാന്ധിയുടെ വില മതിക്കാനാവാത്ത ജീവന്‍ നഷ്ടപ്പെട്ടത് നമുക്ക് സഹിക്കേണ്ടി വന്നത് എന്നും പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ അന്നത്തെ നെഹ്റു മന്ത്രിസഭയില്‍ പട്ടേലിന്‍റെ കൂടെ മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കുകയും ഭാരതീയ ജനസംഘം എന്ന ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. നിരോധിക്കപ്പെട്ട ആര്‍എസ്എസിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇങ്ങനെ ഒരു പാര്‍ട്ടി രൂപീകരിക്കുന്നതിന് മുഖര്‍ജി തയ്യാറായത്. നിരോധനം പിന്‍വലിക്കുന്നതിനു വേണ്ടി രാഷ്ട്രീയപ്രവര്‍ത്തനം നടത്താതെ സാംസ്കാരിക സംഘടനയായി പ്രവര്‍ത്തിച്ചു കൊള്ളാം എന്ന് ആര്‍എസ്എസ് നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി ആര്‍എസ്എസിന്‍റെ രാഷ്ട്രീയ മുഖമായി അന്നുമുതല്‍ പ്രവര്‍ത്തിച്ചത് ഭാരതീയ ജനസംഘം ആയിരുന്നു.
1975 ല്‍ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരായി ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ നടന്ന സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയെന്നോണം രൂപപ്പെട്ട ജനതാ പാര്‍ട്ടിയില്‍ ലയിച്ചതോടെയാണ് അഖില ഭാരതീയ ജനസംഘം ഇല്ലാതായത്. 1980 കളില്‍ അത് ഭാരതീയ ജനതാ പാര്‍ട്ടിയായി പുനര്‍ജനിച്ചു. അവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. നിരോധനം കൊണ്ട് ആര്‍എസ്എസോ അവരുടെ ആശയങ്ങളോ സംഘടനാ പ്രവര്‍ത്തനമോ ഇല്ലാതായില്ല. മാവോയിസ്റ്റുകള്‍ക്കെതിരായ നിരോധനവും ഫലം കണ്ടില്ല.
ഇനി പോപ്പുലര്‍ ഫ്രണ്ടിലേക്ക് വരാം. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയിലാണ് സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവര്‍ക്ക് ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2001 ല്‍ നിരോധിക്കപ്പെട്ടു. 1977 ല്‍ അലിഗഢില്‍ വെച്ചാണ് സിമി സ്ഥാപിതമായത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം വച്ചാണ് സിമി പ്രവര്‍ത്തിച്ചിരുന്നത്. ജമാഅത്തെ ഇസ്ലാമിയെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാതിരിക്കുക എന്ന കുടില ബുദ്ധിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗാന്ധിജിയെ കൊന്ന ഹിന്ദുമഹാസഭയും ആര്‍എസ്എസും തമ്മില്‍ ബന്ധമില്ല എന്ന സാങ്കേതിക ന്യായം ഉന്നയിക്കുന്നതുപോലെയാണ് ഇതും. സിമി നിരോധിക്കപ്പെട്ടതോടെ സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന പുതിയ സംഘടനയുമായി ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വന്നു. 1987 ന് മുമ്പ് സിമിയുടെ പ്രസിഡന്‍റുമാരായി പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന അംഗങ്ങള്‍ ആയിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഒരു തീവ്രവാദി പ്രസ്ഥാനമായി മുദ്രയടിച്ച് നിരോധിക്കപ്പെടാതിരിക്കാന്‍ അവര്‍ സിമിയെ തള്ളിപ്പറഞ്ഞു.
പ്രമുഖനായ സിമി നേതാവ് സഫ്ദര്‍ നഗോരി പറഞ്ഞത് ഒസാമ ബിന്‍ ലാദന്‍ ഒരു ഭീകരവാദി അല്ലെന്നും മറിച്ച് ഒരു യഥാര്‍ത്ഥ മുജാഹിദിന്‍റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം എന്നുമായിരുന്നു. അന്തര്‍ദേശീയ ഭീകരവാദ പ്രസ്ഥാനങ്ങളായ ജെയ്ഷെ മുഹമ്മദിന്‍റെ മസൂദ് അസ്ഹറും ഹമാസിന്‍റെ ഷേഖ് മുഹമ്മദ് യാസിനും ഒക്കെയായിരുന്നു നവോലിയുടെ മറ്റു പ്രിയ നേതാക്കള്‍. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ ഡി എഫ് ) സ്ഥാപിച്ചത് ഇവരാണ്. ഇതിനെയാണ് പിന്നീട് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഒക്കെയായി രൂപഭേദം വരുത്തിയത്.
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് മയ്യന്നൂരിലാണ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന പേരില്‍ ഒരു സംഘടന രൂപംകൊണ്ടത്. നിരോധിക്കപ്പെട്ട സിമിയിലെ പ്രവര്‍ത്തകര്‍, ജമാഅത്തെ ഇസ്ലാമിയിലെ അസംതൃപ്തരൊക്കെയാണ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സിന്‍റെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1994 ആയപ്പോഴേക്ക് നാഷണല്‍ ഡെവലപ്മെന്‍റ് ഫോഴ്സ് എന്ന പേരില്‍ ഇവരൊരു അഖിലേന്ത്യാ സംഘടനയായി മാറി. സാര്‍വദേശീയരംഗത്ത് രാഷ്ട്രീയ ഇസ്ലാമില്‍ വന്ന പുതിയ താരോദയങ്ങളും വൈരുധ്യങ്ങളുമൊക്കെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു കാണും. ഈ എന്‍ഡിഎഫും തമിഴ്നാട്ടിലെ മനിത നീതി പാടറൈ, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, എന്നീ സംഘടനകളും ചേര്‍ന്നാണ് 2007ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറിയത്. ആന്ധ്രപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ്, ഗോവയിലെ സിറ്റിസണ്‍സ് ഫോറം, രാജസ്താനിലെ സോഷ്യല്‍ ആന്‍ഡ് എഡ്യൂക്കേഷനല്‍ ഫോറം, പശ്ചിമബംഗാളിലെ നാഗരിക്ക് അധികാര്‍ സുരക്ഷാ സമിതി,മണിപ്പൂരിലെ ലിലോങ് സോഷ്യല്‍ ഫോറം എന്നിവ പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ ലയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നയിക്കുന്ന പരിവാര്‍ പ്രസ്ഥാനങ്ങളാണ് ജൂനിയര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണല്‍ വിമന്‍സ് ഫ്രണ്ട്,ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍,നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍,നാഷണല്‍ ലോയേഴ്സ് നെറ്റ്വര്‍ക്ക്,വീഡിയോ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍,സത്യസരണി തുടങ്ങിയവ. ഇവയില്‍ ചിലതാണ് ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ളത്.
സിമി നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒക്കെ രൂപം കൊണ്ടതുപോലെ പുതിയ വേഷത്തിലും ഭാവത്തിലും പോപ്പുലര്‍ ഫ്രണ്ട് തിരിച്ചുവരും എന്നാണ് ഈ ചരിത്രം വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് നിരോധനം ഭീകരവാദത്തിന് ഒരു പരിഹാരമല്ല എന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കിയത്.തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ – ന്യൂനപക്ഷ സംഘടനകളെ രാജ്യത്തെ സാധാരണ നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്.
തീവ്രവാദ കാഴ്ചപ്പാടുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ശത്രുക്കള്‍ എന്ന് കരുതുന്നവരെ ആക്രമിക്കുന്ന സംഘടനയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നുതന്നെയാണ് സിപിഐ എം നിലപാട്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനം സമ്പൂര്‍ണ പരിഹാരമല്ല. വര്‍ഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയും എതിര്‍ക്കുകയുമാണ് വേണ്ടത്. അവരുടെ വര്‍ഗീയ വിഭാഗീയ ആശയങ്ങളെ തുറന്നുകാട്ടി രാഷ്ട്രീയമായി നേരിടണം. ഒപ്പം ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ തന്നെ ഭൂരിപക്ഷ വര്‍ഗീയതയും അതിന്‍റെ ബുള്‍ഡോസര്‍ രാഷ്ട്രീയവും എതിര്‍ക്കപ്പെടണം. പ്രമുഖ മതനിരപേക്ഷ എഴുത്തുകാരുടെയും ധൈഷണികരുടെയും കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതാ സമിതി എന്നിവപോലുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകളും ഉണ്ട്. ഇവയെയൊക്കെ രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ചാണ് നേരിടേണ്ടത്. ആര്‍എസ്എസിനെതിരെയും നടപടി വേണം. ഇത്തരം ശക്തികളെ നേരിടാന്‍ റിപ്പബ്ലിക്കിന്‍റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുകയെന്നത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്.