Thursday, November 21, 2024

ad

Homeവിശകലനംകാര്‍ഷിക മേഖലയില്‍ പുതിയ സാധ്യതകള്‍ക്ക് കെ - ഫോണ്‍

കാര്‍ഷിക മേഖലയില്‍ പുതിയ സാധ്യതകള്‍ക്ക് കെ – ഫോണ്‍

വിജൂ കൃഷ്ണന്‍

ഴുക്കിനെതിരെ നീന്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഓഹരി വിറ്റഴിക്കല്‍, നിയന്ത്രണങ്ങള്‍ നീക്കംചെയ്യല്‍, പൊതുമേഖല പൊളിച്ചടുക്കല്‍, സാമൂഹിക മേഖലയിലെ ചെലവഴിക്കലില്‍നിന്നും പിന്‍വാങ്ങല്‍ എന്നിവയാണ് നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ കാലത്തെ പൊതുവായ പ്രവണത. എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ നേതൃത്വത്തില്‍ കേരളം ഈ ഒഴുക്കിനെതിരെ നീന്തുകയും അത്ഭുതകരമായ വിജയം കൈവരിക്കുകയും ചെയ്തിരിക്കുന്നു. പ്രളയം, കൊടുങ്കാറ്റ്, നിപ്പ, അഭൂതപൂര്‍വമായ കോവിഡ് മഹാമാരി എന്നിവയിലെല്ലാം കേരളം വലിയതോതില്‍ ലോകത്തിന്‍റെയാകെ അംഗീകാരം പിടിച്ചുപറ്റിയ മുന്നോട്ടുപോക്കിനാണ് നേതൃത്വം നല്‍കിയത്. ക്ഷേമ പെന്‍ഷനുകള്‍, ഭൂരഹിതര്‍ക്ക് ഭൂമി, ഭവനരഹിതര്‍ക്ക് വീട്, ലോക്ഡൗണ്‍ തുടങ്ങിയതുമുതല്‍ 90 ലക്ഷം ജനങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍, മികച്ച ആരോഗ്യരംഗവും ഉയര്‍ന്ന സാക്ഷരതാ നിരക്കും, അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യസ സൗകര്യങ്ങള്‍, തൊഴിലവസര സൃഷ്ടി, ശാസ്ത്ര സാങ്കേതികവിദ്യാരംഗത്തും അതുപോലെതന്നെ ഐടിമേഖലയിലും ഊന്നല്‍ നല്‍കല്‍, ജനങ്ങളെ ഈ ബദല്‍ നയങ്ങളുടെയെല്ലാം കേന്ദ്രമാക്കി നിറുത്തല്‍ എന്നിവയാണ് കേരളത്തെ മൂല്യവത്തായ മാതൃകയാക്കി തീര്‍ക്കുന്നത്.

എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ്
‘ഡിജിറ്റല്‍ ഇന്ത്യ’യുമായി ബന്ധപ്പെട്ട് വലിയ പ്രചാരം നടക്കുന്നുണ്ടെങ്കിലും, രാജ്യത്ത് നിലവിലുള്ള സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളാല്‍ ദൃഢീകരിക്കപ്പെട്ട ‘ഡിജിറ്റല്‍ ഡിവൈഡും’ അതിനോടൊപ്പംതന്നെ ശക്തമാകുന്നുണ്ട്. കോവിഡ് മഹാമാരിയും ലോക്ഡൗണും ഡിജിറ്റല്‍ ക്ലാസുകളും ഈ ഡിവൈഡിനെ മുന്‍പെന്നത്തേക്കാളും കൂടുതല്‍ പ്രകടമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ ‘എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ്’ എന്നും ഡിജിറ്റല്‍ വിടവ് ഒഴിവാക്കണമെന്നും വെറുതെ പറയുന്നതുകൊണ്ടു കാര്യമില്ല, യഥാര്‍ഥത്തില്‍ അത് നടപ്പാക്കുകയാണ് വേണ്ടത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (കെ – ഫോണ്‍) എന്ന പേരില്‍ സ്വന്തമായ ഇന്‍റര്‍നെറ്റ് സേവനം തുടങ്ങിവെച്ചതുവഴി കേരളം അത്തരമൊരു സാഹസിക ഉദ്യമം നടപ്പാക്കിയ ഒരേയൊരു സംസ്ഥാനമായി മാറി. ഇന്‍ഫര്‍മേഷന്‍റേതായ ലോകം ലഭ്യമാക്കുന്നതിനുള്ള വിഭവങ്ങള്‍ ഇക്കാലംവരെ പരിമിതമായി മാത്രം ലഭിക്കുകയോ, അതില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്തവര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക എന്ന എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ വ്യക്തമായ കാഴ്ചപ്പാടിന്‍റെ ഫലമായി ഇന്‍റര്‍നെറ്റ് ലഭ്യത പൗരരുടെ അടിസ്ഥാന അവകാശമാകുകയാണ്. ഏതാണ്ട് 20 ലക്ഷത്തോളം വരുന്ന ദരിദ്രവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റില്‍നിന്നും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രാമീണ ബ്രോഡ്ബാന്‍ഡിനെ
അമേരിക്ക തട്ടിക്കളിക്കുന്നു

കേരളത്തിന്‍റെ ഈ നേട്ടത്തെക്കുറിച്ച് എഴുതുമ്പോള്‍ ‘എല്ലാ അമേരിക്കക്കാര്‍ക്കും ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയും രാജ്യത്താകെയുള്ള സമൂഹങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ഡിവൈഡിന്‍റെ അന്തരം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ദ ബ്രോഡ്ബാന്‍ഡ് ഫോര്‍ റൂറല്‍ അമേരിക്ക ആക്ടിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ അമേരിക്കന്‍ കോണ്‍ഗ്രസ് ഇപ്പോഴും തട്ടിക്കളിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കന്‍ കൃഷിവകുപ്പ് ഈ ഭരണകാലത്താണ് ഗ്രാമീണ ബ്രോഡ്ബാന്‍ഡുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യത്തിന് ഭാഗികമായി ഫണ്ട് കണ്ടെത്തുന്നതിനുവേണ്ടി ഗ്രാമീണ വികസന പരിപാടിയില്‍നിന്നും 10 ശതമാനം ഗ്രാന്‍റോ അഥവാ ലോണോ അനുവദിച്ചത്. ഇന്‍ഡ്യാന പ്രവിശ്യയില്‍, കൃഷിയുമായി ബന്ധപ്പെട്ട ബ്രോഡ്ബാന്‍ഡ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു എയറോസ്റ്റാറ്റ് ബ്ലിംപ് (Aerostat Blimp) കൊണ്ടുവരുവാനുള്ള പദ്ധതിയുണ്ട്. അമേരിക്ക അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സൊയബീന്‍ ബോര്‍ഡ് 2019ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്, സര്‍വെ ചെയ്ത മൂന്നില്‍ രണ്ടു കര്‍ഷകര്‍ക്കും കൃത്യമായ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ല എന്നാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോഴേ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ തീരുമാനത്തിന്‍റെ യഥാര്‍ഥ പ്രാധാന്യം നമുക്കു മനസ്സിലാകൂ. ഗ്രാമീണ ബ്രോഡ്ബാന്‍ഡ് എന്ന ആശയത്തെ അമേരിക്ക തട്ടിക്കളിക്കുമ്പോള്‍ കേരളം സംസ്ഥാനവ്യാപക പശ്ചാത്തല സൗകര്യമുറപ്പാക്കുകയും ഇന്‍റര്‍നെറ്റ് സേവനം സൗജന്യമായി ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയിലെ സാഹചര്യവുമായും ഒരു താരതമ്യം നടത്തേണ്ടതുണ്ട്. ക്ലെഫ്മാന്‍ ഗ്രൂപ്പ് 2016ലും 2017ലും 14 സംസ്ഥാനങ്ങളിലായി ചോളം കര്‍ഷകരുടെയിടയില്‍ അവരുടെ ഇന്‍റര്‍നെറ്റ് സ്വഭാവത്തെക്കുറിച്ച് നടത്തിയ പഠനം വെളിപ്പെടുത്തിയത്, 2016മായി താരതമ്യപ്പെടുത്തുമ്പോള്‍ 2017ല്‍ കൂടുതല്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമായി, പക്ഷേ ഇവരുടെ എണ്ണം 13 ശതമാനത്തില്‍നിന്നും കേവലം 17 ശതമാനത്തിലേക്കു മാത്രമേ ഉയര്‍ന്നിട്ടുള്ളൂ എന്നാണ്. വ്യക്തമായി പറഞ്ഞാല്‍, ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം ഇപ്പോഴും കുറവാണ്, അവരുടെ ഉപയോഗത്തിലെ ആവൃത്തിയില്‍ കുത്തനെയുള്ള വര്‍ദ്ധനവും കാണാനില്ല. 2016ല്‍ നടത്തിയ പഠനത്തില്‍ 4,294 കര്‍ഷകര്‍ പങ്കെടുക്കുകയുണ്ടായി; അതേസമയം 2017ല്‍ നടത്തിയ പഠനത്തില്‍ 4225 കര്‍ഷകരാണ് പങ്കെടുത്തത്. മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും ഇന്‍റര്‍നെറ്റ് വ്യാപനം ഏറെ പിന്നിലാണ്, മിക്കവാറും സംസ്ഥാനങ്ങളില്‍ അതിപ്പോഴും ഒറ്റഅക്കത്തിലാണുള്ളത്. ഇത്തരമൊരു പശ്ചാത്തലത്തില്‍, കേരളത്തിന്‍റെ കുറ്റമറ്റ സാക്ഷരതാനിലയും ഇ -സാക്ഷരതയും അതിവേഗ ഇന്‍റര്‍നെറ്റിന്‍റെ സൗജന്യ ലഭ്യതയും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വിഭിന്നമായ നേട്ടങ്ങള്‍ പ്രദാനം ചെയ്യും. യൂണിയന്‍ ഗവണ്‍മെന്‍റ് ആമസോണ്‍, മൈക്രോസോഫ്റ്റ്, പതഞ്ജലി തുടങ്ങിയവ പോലെയുള്ള സ്വകാര്യ കമ്പനികളുടെ താല്‍പര്യാനുസരണം ഇന്ത്യ ഡിജിറ്റല്‍ എക്കോസിസ്റ്റം ഫോര്‍ അഗ്രിക്കള്‍ച്ചറിനെ (IDEA) ക്കുറിച്ചും അഗ്രിസ്റ്റാക്കിനെക്കുറിച്ചും (കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ലക്ഷ്യമിട്ട് കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ചിട്ടുള്ള സാങ്കേതികവിദ്യകളുടെയും ഡിജിറ്റല്‍ ഡാറ്റാബേസുകളുടെയും ശേഖരം)  ചര്‍ച്ച ചെയ്തുവരികയാണ്. എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ സമീപനം ഈ സമീപനത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്.

ഡിജിറ്റല്‍വത്കരണരംഗത്തെ കുതിച്ചു ചാട്ടം
2000ങ്ങളില്‍ കേരളം ഡിജിറ്റല്‍വത്കരണത്തിലേക്കു കാലെടുത്തുവെച്ചതു മുതലിങ്ങോട്ട് കെ – ഫോണിന്‍റെ രൂപത്തില്‍ നടത്തിയ മഹത്തായ കുതിച്ചുചാട്ടം, സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കിയത്, വര്‍ധിച്ചുവരുന്ന ഇ – സാക്ഷരത, ഇന്‍ഫര്‍മേഷന്‍റെ ഇ – വിതരണം, അതുപോലെതന്നെ ബഹുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കിയത് എന്നീ പ്രവര്‍ത്തനങ്ങളെല്ലാം ഇ – ഗവേണന്‍സ് സേവനങ്ങള്‍ ജനജീവിതത്തിന്‍റെ സര്‍വമണ്ഡലങ്ങളിലും സ്പര്‍ശിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചു. ഉയര്‍ന്ന സാക്ഷരതാ നിരക്കിന്‍റെയും ഒപ്പംതന്നെ ഇ – സാക്ഷരതയുടെയും ഗുണങ്ങളുള്ള കേരളംപോലൊരു സംസ്ഥാനത്ത് സൗജന്യ ഇന്‍റര്‍നെറ്റ് ലഭ്യതയില്‍നിന്നും ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കാനാകും. കൃഷിയെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും മത്സ്യബന്ധനം പോലെയുള്ള അനുബന്ധ മേഖലകള്‍ക്കുമാണ് ഇതെല്ലാം കൂടുതല്‍ ഗുണപ്പെടുക. കൃഷിയോഗ്യമായ സ്ഥലത്തിന്‍റെ 80 ശതമാനത്തിലധികവും സുഗന്ധദ്രവ്യങ്ങള്‍, തെങ്ങ്, റബര്‍, കാപ്പി, തേയില തുടങ്ങിയ വാണിജ്യ വിളകള്‍ കൃഷി ചെയ്യുന്നൊരു സംസ്ഥാനമാണ് കേരളം; ഇവയുടെയെല്ലാം വില ലോക കമ്പോളത്തെ ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്; ആയതുകൊണ്ടുതന്നെ ചരക്ക് കമ്പോളത്തെ അനുഗമിക്കുന്നതിനും കാലാവസ്ഥാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും കഴിവുള്ള ഉപഭോക്താക്കളിലേക്കെത്തുന്നതിനും ഇന്ത്യയ്ക്കകത്തും ലോകത്തുടനീളവുമുള്ള കമ്പോളങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ഇന്‍റര്‍നെറ്റ് ലഭ്യത കര്‍ഷകരെ സഹായിക്കും. സുഭിക്ഷ കേരളം, നവകേരളം എന്നിങ്ങനെയുള്ള നൂതന പരിപാടികളുമായി എല്‍ഡിഎഫ് ഗവണ്‍മെന്‍റ് മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും സൗജന്യ ഇന്‍റര്‍നെറ്റ്  കര്‍ഷകര്‍ക്ക് ഒരു വഴിത്തിരിവായി മാറും. കാര്‍ഷികോത്പന്നങ്ങളുടെ  സംസ്കരണം, മൂല്യവര്‍ധനവ്, ബ്രാന്‍ഡിങ്ങും വിപണനവും എന്നിവ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചാണ് സുഭിക്ഷകേരളം പദ്ധതിയും നവകേരളവും പറയുന്നത്. ദ്രുതഗതിയിലുള്ള വികസനം മുന്‍കാലങ്ങളില്‍ വിവരങ്ങളറിയുന്നതിന് പറഞ്ഞറിവ്, പത്രം, റേഡിയോ, ടിവി എന്നിവ ഉപയോഗിച്ചിരുന്നതില്‍നിന്നും മാറി കര്‍ഷകര്‍ ഇന്‍റര്‍നെറ്റോ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയോ ഉപയോഗിക്കുന്നതിലേക്കെത്തിക്കും; ഹൈവേയും റെയില്‍വേയും ജലമാര്‍ഗവും വ്യോമമാര്‍ഗവും ആശ്രയിച്ചിരുന്നതുപോലെ അവര്‍ ഇന്‍റര്‍നെറ്റിനെയും ആശ്രയിച്ചു തുടങ്ങും. വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ സാക്ഷരത, ഇന്‍റര്‍നെറ്റ് വ്യാപനം, ബാന്‍ഡ്വിഡ്ത്ത് ലഭ്യത, വിതരണ സേവനങ്ങളുടെ ജനകീയത എന്നിവയാല്‍ സമ്പുഷ്ടമാണിന്ന് കമ്പോളം.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്ന പിന്തുണയും സബ്സിഡിയുംകൊണ്ട് ഉല്‍പാദനം നടത്തുന്ന ചെറുകിട കര്‍ഷകരാണ് കേരളത്തിലെ കൃഷിയുടെ സവിശേഷത. ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഉല്‍പാദനഘട്ടത്തിലും ഒപ്പം പലപ്പോഴും മറ്റ് മൂല്യശൃംഖലാ സേവനങ്ങളുടെ ചെലവിലുമായിരുന്നു സംഭരണത്തിനും സംസ്കരണത്തിനും മൂല്യവര്‍ധനവിനും മതിയായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുമൂലം വിപണനത്തിന്‍റെ കാര്യത്തില്‍ കര്‍ഷകര്‍ മത്സരാധിഷ്ഠിതമായ പ്രതികൂലാവസ്ഥയിലാണ് നിന്നിരുന്നത്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ വിഷയങ്ങളെക്കൂടി പരിഗണിക്കുവാന്‍ സുഭിക്ഷകേരളവും നവകേരള ആശയവും ശ്രമിച്ചു. പ്രസിദ്ധമായ സുഗന്ധദ്രവ്യങ്ങള്‍, കാപ്പി, തേയില, തെങ്ങ്, ഔഷധ സസ്യങ്ങളും തോട്ട വിളകളും, ജിഐ ടാഗ്, കാര്‍ബണ്‍ – ന്യൂട്രല്‍ രീതി എന്നിങ്ങനെ സംസ്ഥാനത്തിന്‍റെ ഗുണങ്ങളെ മുന്‍നിര്‍ത്തി ഒരു ‘കേരള ബ്രാന്‍ഡ്’ വികസിപ്പിക്കുന്നതു സംബന്ധിച്ചും അത് വിഭാവനം ചെയ്തിട്ടുണ്ട്. ഏറ്റവും അധികം ഇന്‍റര്‍നെറ്റ്  വ്യാപനമുള്ള സംസ്ഥാനമായി കേരളം അതിവേഗം മാറും. ഇന്‍റര്‍നെറ്റ് സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികാസവും, ഇന്‍റര്‍നെറ്റ് പ്ലസ് സാങ്കേതികവിദ്യകളുടെയും ഇന്‍റര്‍നെറ്റധിഷ്ഠിത  സേവനങ്ങളുടെയും നീണ്ട നിരയോടുകൂടി കര്‍ഷകര്‍ക്ക് അത് ലഭ്യമാകുന്നത് ആദായകരമായ വിലയും വിശ്വാസയോഗ്യമായ കമ്പോളവും തിരിച്ചറിയുന്നതിന് അവരെ സഹായിക്കും. സഹകരണ സംഘങ്ങളുടെയും കര്‍ഷക ഉല്‍പാദക സംഘടനകളുടെയും കുടുംബശ്രീകളുടെയും രൂപത്തിലും അതുപോലെതന്നെ കാര്‍ഷിക സംസ്കരണത്തിലും കൃഷിയധിഷ്ഠിത വ്യവസായത്തിലും കൂട്ടായ പ്രവര്‍ത്തനത്തിനുവേണ്ടിയുള്ള എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ യത്നമുള്ളതിനാല്‍, കെ – ഫോണ്‍ ഗ്രാമീണ സമ്പദ്ഘടനയുടെ ഉദ്ഗ്രഥനം, പരിവര്‍ത്തനം, നവീകരണം എന്നീ രംഗങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കും.

കേരളത്തിന്‍റെ ബദല്‍
വില, കമ്പോളം, കാര്‍ഷിക ഡാറ്റ, വിപുലീകരണ സേവനങ്ങളുടെ ലഭ്യത, കാലാവസ്ഥാ നിരീക്ഷണം എന്നിവയെല്ലാം സംബന്ധിച്ച് കര്‍ഷകര്‍ക്കിപ്പോള്‍ തത്സമയ വിവരം ലഭിക്കും. സ്ഥിരമായ കാലാവസ്ഥാ നിരീക്ഷണം, തീരുമാനമെടുക്കുന്നതില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള പുരോഗമന ചിന്താഗതിക്കാരായ കര്‍ഷകരിലെ നൈപുണ്യവും അറിവും പങ്കുവെയ്ക്കല്‍, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയെ കൂട്ടിയിണക്കല്‍, കമ്പോളങ്ങളുമായി ബന്ധപ്പെടുത്തുല്‍, തങ്ങളുടെ വിളകളുടെ സവിശേഷത സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതുവഴി വില്‍പനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യല്‍  എന്നിവയെല്ലാം കര്‍ഷകര്‍ക്കിപ്പോള്‍ സാധിക്കും. കൂടുതലും ഓണ്‍ലൈന്‍ വില്‍പനകള്‍ ജനകീയമായിത്തീരുന്നുണ്ട്; എന്നാല്‍ ഒട്ടേറെയിടങ്ങളില്‍ ഇന്‍റര്‍നെറ്റ് ലഭ്യതയുടെ ചെലവ് അഥവാ അങ്ങേയറ്റം മന്ദഗതിയിലുള്ള ഇന്‍റര്‍നെറ്റ് സേവനം കര്‍ഷകരെ കുഴപ്പത്തിലാക്കുന്നുണ്ട്. ഉപഭോക്താക്കളിലേക്കെത്തുന്നതിന് ഇ – വാണിജ്യത്തോടൊപ്പം ഇന്‍റര്‍നെറ്റ് പ്രാപ്തമാക്കുന്ന വിതരണശൃംഖല, കൃഷിയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് ഉത്തോലകമാകുന്ന സാങ്കേതികവിദ്യ എന്നിവ കൃഷിയെ വിജയകരമാക്കും. ഈ നീക്കം ഇന്നത്തെ സ്ഥിതിയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുന്ന ഒന്നാണ്. പുതിയ സാധ്യതകളെ തുറന്നുവിടുവാനും കര്‍ഷക സംരംഭകരെ സൃഷ്ടിക്കുവാനും സാങ്കേതികവിദ്യ അവസരമൊരുക്കും. ഐടി സജ്ജരായ കര്‍ഷക കൂട്ടായ്മകള്‍ നഗരങ്ങളിലെ ചര്‍ച്ചയായി മാറും; ഏറെ അംഗീകരിക്കപ്പെട്ട കേരളത്തിന്‍റെ ബദലിലേക്കൊരു പൊന്‍തൂവല്‍ കൂടിയായി അത് മാറും. സാധ്യതകള്‍ അനേകമാണ്; അവയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് യഥാര്‍ഥ വെല്ലുവിളി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − ten =

Most Popular