Saturday, April 20, 2024

ad

Homeമാധ്യമ നുണകള്‍എന്തൊരോട്ടം!

എന്തൊരോട്ടം!

ഗൗരി

വംബര്‍ ഒന്നിന്‍റെ മനോരമയുടെ ഒന്നാം പേജില്‍ ചേലൊത്ത രണ്ടിനങ്ങള്‍ അവതരിപ്പിക്കുന്നു. ഒന്നാമത്തേത് ടോപ്പില്‍ വലതുപക്ഷം ചേര്‍ന്ന്, “സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍പ്രായം 60. ഒന്നരലക്ഷത്തോളം ജീവനക്കാര്‍ക്ക് ബാധകം” എന്നൊരിനം നല്‍കീറ്റുണ്ട്. ഇടതോരം ചേര്‍ന്ന് ഗുജറാത്തിലെ തകര്‍ന്ന പാലത്തിന്‍റെ ചിത്രത്തിനു താഴെയായി, 150 ഓളം മനുഷ്യജീവന്‍ പൊലിഞ്ഞ വന്‍ദുരന്തത്തെ വാര്‍ത്തയില്ലാതെ വെറും ചിത്രത്തില്‍ മാത്രം ഒതുക്കിയതിനു താഴെയായി രണ്ടാം ഇനം: “അരി, പച്ചക്കറി, സോപ്പ്, ബിസ്ക്കറ്റ്…..കൊല്ലും വില” എന്ന് ശീര്‍ഷകം. രണ്ടാം സങ്കതിയില്‍നിന്ന് തുടങ്ങാം.

നവംബര്‍ ഒന്ന് കേരളപ്പിറവിദിനം കൂടിയാണല്ലോ. ആ ദിവസം ഒന്നു പൊലിപ്പിച്ചു കളയാമെന്ന് മനോരമ ചിന്തിച്ചെങ്കില്‍ പക്കാ ഐറ്റം എന്നല്ലേ പറയാനാകൂ. സവാള മുതല്‍ വെളുത്തുള്ളിവരെയുള്ളവയുടെ വിലകുതിച്ചതായി പത്രം വിലപിക്കുന്നു. സംഗതിനേര്. ജനങ്ങളുടെ പങ്കപ്പാട് അവതരിപ്പിക്കുന്നത് പൊതുമാധ്യമത്തിന്‍റെ ധര്‍മം തന്നെ. അത് സത്യമായിരിക്കണമെന്നതിനുമപ്പുറം സമ്പൂര്‍ണമായും കാര്യങ്ങള്‍ സത്യസന്ധമായി തുറന്നവതരിപ്പിക്കണം എന്നതിലും രണ്ടുപക്ഷമില്ല. പക്ഷേ മനോരമതന്നെ കഴിഞ്ഞ ഒരാഴ്ചയ്ക്കകം സമാനമായ മറ്റൊരു വാര്‍ത്ത നല്‍കിയിരുന്നു. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നിരിക്കുന്നുവെന്നാണ് ആ ഉള്‍പ്പേജ് വാര്‍ത്തയുടെ സാരം. എന്നുമാത്രമല്ല അതിനൊപ്പം പണപ്പെരുപ്പവും വിലക്കയറ്റവും ആഗോളപ്രതിഭാസമാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന മറ്റൊരൈറ്റംകൂടി ഇതിനൊപ്പം തൂക്കീറ്റുണ്ട്. എന്നാല്‍ കേരളപ്പിറവിദിനത്തിലെ ഒന്നാം പേജ് ഐറ്റം എക്സ്ക്ല്യൂസീവ് കേരള ഐറ്റമാണ്. മറ്റു സംസ്ഥാനങ്ങളുമായോ അഖിലേന്ത്യാ നിലവാരവുമായോ താരതമ്യമേയില്ല. അതുനല്‍കിയാല്‍ കേരളത്തില്‍ മാത്രം ഭീകരവിലക്കയറ്റം എന്ന ചിത്രമിടാന്‍ പറ്റില്ലല്ലോ. അതാണ് ഇതിനുപിന്നിലെ മനോരമ അജന്‍ഡ.

ഇനി അടുത്ത ഇനം. “പെന്‍ഷന്‍പ്രായം 60” എന്ന മത്തങ്ങ തലക്കെട്ടിലൂടെ വായനക്കാരില്‍ മനോരമ എത്തിക്കുന്ന സന്ദേശം സംസ്ഥാനത്തെ ജീവനക്കാരുടെയാകെ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയെന്നാണല്ലോ. അത്തരമൊരു പ്രതീതി ഉല്‍പ്പാദിപ്പിക്കല്‍ തന്നെയാണ് ഈ പത്രം ലക്ഷ്യമാക്കുന്നത്. പോരെങ്കില്‍, “ഒന്നരലക്ഷത്തോളം ജീവനക്കാര്‍ക്ക് ബാധകം” എന്നുകൂടി ചേര്‍ക്കുമ്പോള്‍ സംഭവം സംഭ്രമജനകമാകും- ചുരുങ്ങിയത് റാങ്ക് ഹോള്‍ഡര്‍മാരായ ചെറുപ്പക്കാരെ സംബന്ധിച്ചെങ്കിലും. അങ്ങനെ അവര്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം ലക്ഷ്യമിടുന്നു. എന്നാല്‍ യാഥാര്‍ഥ്യമോ?

കെഎസ്ഇബി, കെഎസ്ആര്‍ടിസി, ജല അതോറിറ്റി തുടങ്ങിയ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒഴികെയെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കിയിരുന്നു. അത് പരിഗണിക്കാതെയാണ് മനോരമ “ഒന്നരലക്ഷ”ത്തിന്‍റെ കണക്കെടുത്ത് വായനക്കാരുടെ മുന്നിലേക്ക് എറിയുന്നത്. “ഓളം” എന്ന പദപ്രയോഗത്തിലൂടെ ഏതു സംഖ്യയെയും പെരുപ്പിച്ച് കാണിക്കാനും പറ്റുമെന്നാണ് മനോരമേടെ ഒരിത്. ഇവിടെ അര്‍ധസത്യത്തെയാണ് മനോരമ പെരുപ്പിച്ച് സത്യമെന്നപോലെ അവതരിപ്പിക്കുന്നത്.

ഇനി പെന്‍ഷന്‍ പ്രായം സംബന്ധിച്ച ഈ പത്രത്തിന്‍റെയും മറ്റു പത്രങ്ങളുടെയും അഭിപ്രായമെന്താ? “ഉയര്‍ത്തണ്ടണം” എന്നല്ലേ! കാലടി ഗോപീടെ “ഏഴ് രാത്രികള്‍” എന്ന നാടകത്തിലെ (പിന്നീടത് സിനിമേം ആക്കി) പാഷാണംവര്‍ക്കിയെ തോല്‍പ്പിക്കുന്ന ഇരട്ടത്താപ്പിന്‍റെ ആശാന്മാരല്ലേ ഇത്! കന്യകാമറിയത്തിന്‍റെയും ലക്ഷ്മീദേവിയുടെയും ചിത്രങ്ങള്‍ തരാതരംപ്പോലെ കാണിച്ച് ഭിക്ഷ ചോദിക്കുന്ന വര്‍ക്കിയെപോലെ ചെറുപ്പക്കാരുടെ മുന്നില്‍ “ഉയര്‍ത്തണ്ട” എന്നും രണ്ടു വര്‍ഷംകൂടി നീട്ടിക്കിട്ടിയാലെന്താ കടിക്കുമോന്ന് കരുതുന്ന ജീവനക്കാരുടെ മുന്നില്‍ “ഉയര്‍ത്തണം” എന്നുമുള്ള മട്ടില്‍ എത്തുന്ന മനോരമാദികള്‍ പാഷാണത്തെക്കാള്‍ കടുത്ത വിഷമാണ് ചീറ്റുന്നത്.

മാത്രമല്ല, ഈ പ്രചാരണത്തിനിടയില്‍ ചില വസ്തുതകള്‍ ഭംഗ്യന്തരേണ മൂടിവയ്ക്കുന്നുമുണ്ട് ഇവ. ഇപ്പോള്‍ പെന്‍ഷന്‍പ്രായം 60 ആക്കി “ഏകീകരിക്കാന്‍” തീരുമാനിച്ചുവെന്നാണ് ഉത്തരവ്. അതായത് ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ 60 വയസ്സാണ് പെന്‍ഷന്‍പ്രായം. ചിലവയില്‍ 58ഉം 56ഉം. അത് ഏകീകരിച്ചാണ് ഉത്തരവിറക്കിയതും പിന്നീട് യുവജനങ്ങള്‍ക്കിടയില്‍ പൊതുവായി ഉയര്‍ന്ന എതിര്‍പ്പ് പരിഗണിച്ച് മരവിപ്പിച്ചതും. അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വേറെയുണ്ട്. അവരുടെ പെന്‍ഷന്‍പ്രായം 55ല്‍നിന്ന് 56 ആക്കി ഉയര്‍ത്തിയതാരാ? ഉമ്മന്‍ചാണ്ടീടെ കാലത്തല്ലേ! അന്ന് മനോരമാദികള്‍ എവിടെപ്പോയി ഒളിച്ചിരിക്കുകയായിരുന്നു. അതുപോട്ടെ! ഈ അഞ്ചരലക്ഷത്തില്‍ തന്നെ മൂന്നിലൊന്നില്‍ ഏറെപ്പേരും 60 വയസ്സായിട്ട് വിരമിച്ചാല്‍ മതി. എങ്ങനാന്നല്ലേ? കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം 2013ല്‍ ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍വീസില്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ (2002ല്‍ ആന്‍റണിയും ചാണ്ടിയും കൂടി അത് നടപ്പാക്കാന്‍ ചാടിനോക്കിയതാണ്. ജീവനക്കാരുടെ യോജിച്ച ചെറുത്തുനില്‍പ്പിനു മുന്നില്‍ പിന്‍മാറേണ്ടതായി വന്നു) അതിനെതിരായ പ്രതിഷേധത്തിന്‍റെ ഊക്കുകുറയ്ക്കാന്‍ എറിഞ്ഞുകൊടുത്ത എല്ലിന്‍കഷണമായിരുന്നു 2013നുശേഷം സര്‍വീസില്‍ വരുന്നവര്‍ക്ക് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്. അതായത് ഇപ്പോഴുള്ള മൊത്തം ജീവനക്കാരില്‍ 35-40 ശതമാനത്തോളം പേര്‍ 60 എത്തിപിരിഞ്ഞാല്‍ മതി. അതിനര്‍ഥം ഒരു പത്ത് വര്‍ഷം കൂടിക്കഴിയുമ്പോള്‍ മൊത്തം ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 ആകുമെന്നാണ്. അപ്പോള്‍ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിന്‍റെ ആവശ്യമേ ഇല്ലാതാകും. ഇതാണ് നാം ഓര്‍മിക്കേണ്ടത്. ധനവകുപ്പിന്‍റെ ഉത്തരവിനെതിരെ ഉടുമുണ്ടഴിച്ച് തലേല്‍ക്കെട്ടി തെരുവില്‍ ചാടി വീണ യൂത്തന്മാരും മോര്‍ച്ചക്കാരും ചെറുപ്പക്കാരില്‍ നിന്ന് മൂടിവയ്ക്കുന്ന സത്യവും ഇതുതന്നെ. ജീവനക്കാരറിയേണ്ട മറ്റൊരു സത്യം പഴയ പെന്‍ഷന്‍സമ്പ്രദായത്തെ കടപുഴക്കിയെറിഞ്ഞ് കോണ്‍ട്രിബ്യൂട്ടറി കൊണ്ടുവന്നത് കോണ്‍ഗ്രസ്സും ബിജെപിയുമാണെന്നതുകൂടിയാണ്.

ഒക്ടോബര്‍ 31ന്‍റെ മനോരമേടെ 6-ാം പേജില്‍ വിമതന്‍ജിയുടെ “ആഴ്ചക്കുറിപ്പുകള്‍” കിടപ്പുണ്ട്. ആക്ഷേപ ഹാസ്യപംക്തിയായാല്‍ പോലും അതില്‍ തെല്ലെങ്കിലും സത്യമുണ്ടാകണമല്ലോ. എന്നാല്‍ മനോരമയെ സംബന്ധിച്ച് ആക്ഷേപഹാസ്യമെന്നാല്‍ നുണ ഛര്‍ദിക്കാനുള്ള ഇടമെന്നാണ് അര്‍ഥം.

ക്ലീഷെപോലെ മനോരമാദികളും വിമതന്മാരും എടുത്തുചാണ്ടുന്ന “ലാവ്ലിന്‍ മുതല്‍ ബിരിയാണിച്ചെമ്പു”വരെയെന്നുള്ള പ്രയോഗം നോക്കാം. മനോരമ പംക്തികളില്‍ വരുന്ന ഇമ്മാതിരി വിസര്‍ജ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ചാനല്‍ ചര്‍ച്ചകളിലെ സംഘികോങ്കികള്‍ നിരായുധരായിപ്പോകുമായിരുന്നല്ലോ പടച്ചോനേ. വിചാരണക്കോടതിയും ഹൈക്കോടതിയും ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ, വിചാരണാര്‍ഹം പോലുമല്ലെന്ന് കണ്ട വെടക്കിനെ രാഷ്ട്രീയസമ്മര്‍ദം ചെലുത്തി സിബിഐയെക്കൊണ്ട് സുപ്രീംകോടതീല്‍ അപ്പീല്‍ കൊടുപ്പിച്ചവരുടെ ലക്ഷ്യം തീര്‍പ്പാകാതെ അതവിടെ കല്‍പ്പാന്തകാലത്തോളം കെട്ടിക്കിടക്കണമെന്നായിരിക്കുമല്ലോ. അത് തീര്‍പ്പായാല്‍ ഹൈക്കോടതീലും കീഴ്ക്കോടതീലും ഉണ്ടായതിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നറിയാവുന്നത് കോങ്കി-സംഘികള്‍ക്കും അവരുടെ കുഴലൂത്തുകാര്‍ക്കുമായിരിക്കുമല്ലോ. ഓരോ തവണയും സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുമ്പോള്‍ ഉള്ളം കുളിര്‍ക്കുന്നത് മനോരമാദികള്‍ക്കും അവരുടെ രാഷ്ട്രീയമേലാളര്‍ക്കുമാണ്.

ബിരിയാണിച്ചെമ്പും സ്വപ്നേടെ വെളിപ്പെടുത്തലുകളുമെല്ലാം 2020 ജൂലൈ മുതല്‍ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട് തൊടാനാകാത്തവിധം ജീര്‍ണിച്ചുപോയതാണല്ലൊ വിമതന്‍ സാറെ! 164 മൊഴിയായും അല്ലാത്ത മൊഴിയായും എന്‍ഐഎയ്ക്കും കസ്റ്റംസിനും ഇഡിയ്ക്കും നല്‍കപ്പെട്ട മൊഴിയായും വാരങ്ങള്‍ ഓടിയിട്ടും ആധാരമായി ഒരു പുല്‍നാമ്പുപോലും കിട്ടാതെ വിയര്‍ത്ത കേന്ദ്ര ഏജന്‍സികള്‍ പത്രമാധ്യമങ്ങളുടെ കുപ്പത്തൊട്ടിയില്‍ എറിഞ്ഞുകൊടുത്തവകൊണ്ട് കാലംകഴിക്കുകയാണ് മനോരമാദികളും സംഘി-കോങ്കികളും. മൂന്നാറും മുറിയും തേടി സ്വപ്നേടെ പിന്നാലെ പായുന്ന വിമതന്‍ജി പക്ഷേ മുമ്പൊരു മുഖ്യന്‍റെ ഔദ്യോഗിക വസതീലും സെക്രട്ടറിയറ്റിലെ ഓഫീസ് മുറിയിലും വച്ച് പ്രകൃതിവിരുദ്ധമുള്‍പ്പെടെ പല വേലകളും നടന്നതായി പലവട്ടം സരിതയെന്ന സ്ത്രീ പറഞ്ഞപ്പോഴെല്ലാം ആ സ്ത്രീയുടെ ക്രെഡിബിലിറ്റിയും ചാരിത്ര്യവും തേടിപ്പോയ കാര്യം ഓര്‍മേലുള്ള ആളുകള്‍ ഇപ്പോഴും ഈ നാട്ടിലുണ്ടെന്ന് മറക്കണ്ട. അന്നത്തെ മുഖ്യന്‍ മാത്രമല്ല, മന്ത്രിപ്പടയും കൂട്ടിനുണ്ടായിരുന്നു. കേന്ദ്രം വാണിരുന്ന മന്ത്രിപുംഗവന്മാരും കൂടെക്കൂടുകയോ അവര്‍ക്ക് കൂട്ടിക്കൊടുക്കുകയോ ചെയ്തിരുന്നു. അതിന്‍റെയെല്ലാം പിന്നാമ്പുറത്ത് നടന്ന, “അയ്യോ സരിതേ പോവല്ലേ, പാല് തരാം തേന് തരാം പിന്നെന്തുംതരാം” എന്ന മട്ടിലുള്ള ഒതുക്കല്‍ നീക്കങ്ങള്‍ വേറെയുമുണ്ടേ! ഇന്നിവിടെ സ്വപ്ന എന്തു ‘വെളിപ്പെടുത്തിയാലും’ ആരും തിരിഞ്ഞുനോക്കാന്‍ പോണില്ല, സംഘികളല്ലാതെ.

സ്വപ്നേടെ വലിയ വെളിപ്പെടുത്തല്‍ പൊത്തകം ഇറങ്ങീറ്റുണ്ടത്രെ! കള്ളന്‍റെ കഥയും ലൈംഗികത്തൊഴിലാളീടെ ജീവിതം പറച്ചിലും എഴുതി പലരും പത്ത് പുത്തനുണ്ടാക്കിയപോലെ കള്ളക്കടത്തുകാരീടെ തുറന്നുകാട്ടല്‍ സംഘികൂടാരത്തില്‍ രചിക്കപ്പെട്ടതാണെന്ന് ആര്‍ക്കാണറിയാത്തത്. അത് ഒരു ഗുമ്മുകിട്ടാന്‍ സംഘിചാനലിലും കാണിച്ചെങ്കിലും മനോരമേല്‍ പോലും വിമതന്‍ജിയെക്കൊണ്ടു മാത്രമേ പൊക്കിയിടാന്‍ പറ്റിയുള്ളൂ. അത്രയ്ക്ക് വെടക്കാണത്. സരീതേടെ കഥ കഥാപാത്രങ്ങളുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ ഇതള്‍ വിടര്‍ന്ന് വന്നതല്ലെന്നും ഓര്‍മവേണം. ആദ്യം രാജു മജിസ്ട്രേട്ടിന്‍റെ മുന്നില്‍ തനിസ്വരൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതിയാന്‍ അത് രേഖപ്പെടുത്താന്‍പോലും പറ്റാതെ വായും പൊളിച്ചിരുന്നുപോയതും രണ്ട് കടലാസ് തുണ്ടില്‍ കുറിച്ചുതന്നാല്‍ മതിയെന്നു പറഞ്ഞ് കക്ഷിയെ മടക്കിയശേഷം ബന്ധപ്പെട്ട ഏമാന്‍മാര്‍ക്കെല്ലാം വിവരം നല്‍കി ചിക്കിലി വാങ്ങുകയോ ബ്ലാക് മെയില്‍ ചെയ്യുകയോ ഉണ്ടായിയെന്നതും അങ്ങാടിപ്പാട്ട്. ആ രണ്ട് തുണ്ട് കടലാസില്‍ ജയിലില്‍ നിന്നുകുറിച്ചിട്ടതാണ് പിന്നീട് വിശ്വസാഹിത്യത്തില്‍ ഹിറ്റായതത്രെ!

അതോണ്ട് ഉത്തമന്മാരേ സ്വപ്നേടെ കഥയും പറഞ്ഞ് ഈ വഴി വന്നേക്കരുത്. വിമതന്‍സ് പറയുന്നപോലെ മറുപടി പറയാന്‍ മനുഷ്യന്മാര്‍ക്ക് വേറെ പണിയുണ്ട്. സ്വപ്ന സാഹിത്യം വിരചിച്ച സംഘികൂടാരത്തിലെ മഹാന്മാര്‍ക്ക് ഇനിയും ചാന്‍സുണ്ട്. ഷെനെയുടെ ഓര്‍മക്കുറിപ്പുകള്‍ തേടിപ്പിടിച്ച് കാലവും ഇടവും ഊരുംപേരും മാറ്റി എഴുതിയാല്‍ മതി. അവാര്‍ഡുറപ്പ്. സിലിമാപ്പടവും പിടിക്കും ആരേയും! അതോണ്ട് വിമതന്‍മോന്‍ ഒന്നുപോയാട്ടെ!

ഒക്ടോബര്‍ 31ന്‍റെ മാധ്യമത്തില്‍ 5-ാം പേജില്‍ “വിഷക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ച പിണറായി ഗ്രാമം” എന്നൊരിനമുണ്ട്. പാറശ്ശാലയിലെ ഷാരോണിന്‍റെ കൊലപാതകവുമായി ബന്ധപ്പെടുത്തി, 2018ല്‍ പിണറായി സ്വദേശിയായ സൗമ്യ തന്‍റെ അവിഹിതം പുറത്തറിയാതിരിക്കാന്‍ മകളെയും ഒപ്പം സ്വന്തം മാതാപിതാക്കളെയും കൊലപ്പെടുത്തിയ സംഭവത്തെ ഇപ്പോള്‍ മാധ്യമം ഇങ്ങനെ കൂട്ടിക്കെട്ടിയതിന്‍റെ പൊരുളെന്തെന്നാണ് പിടികിട്ടാത്തത്. സ്ത്രീകള്‍ വിഷംകൊടുത്ത് കൊന്നത് സംബന്ധിച്ചാണെങ്കില്‍ സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച കൂടത്തായിക്കേസും വരണം. ദുരൂഹമായ വിധത്തിലുള്ള കൊലപാതകമാണെങ്കില്‍ അടുത്തയിടെയാണ് തിരുവനന്തപുരത്ത് കരമനയില്‍ സ്വത്തു തട്ടാനായി തുടര്‍ച്ചയായി ഒരു കുടുംബത്തിലെ അംഗങ്ങളെ കൊലപ്പെടുത്തിയ കേസ്. അപ്പോള്‍ ഇതൊന്നും അല്ലാതെ പാറശ്ശാലയെയും പിണറായിയെയും ബന്ധപ്പെടുത്തുന്നതെന്തിന്? പാറശ്ശാല കൊലപാതകം പുതിയൊരാളെ വിവാഹംകഴിക്കാന്‍ പഴയ കാമുകനെ കൊലപ്പെടുത്തിയതാണെങ്കില്‍ പിണറായിക്കേസ് അങ്ങനെയുമല്ല. അപ്പോള്‍ “പിണറായി” എന്ന സ്ഥലനാമം മാത്രമാണ് മാധ്യമത്തെ ഇങ്ങനെയൊരു കൂട്ടിക്കെട്ടലിന് പ്രേരിപ്പിച്ചത്.

ഒക്ടോബര്‍ 29ന്‍റെ മനോരമയില്‍ 11-ാം പേജില്‍ “സ്വര്‍ണക്കള്ളക്കടത്തുകേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം. പ്രമുഖരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ഇഡി.” എന്‍റപ്പനേ കൊച്ചീലെ സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മുതല്‍ ഹൈക്കോടതീം കടന്ന് സുപ്രീംകോടതീല്‍ വരെ ഇഡിക്കാര്‍ ഒരേ സത്യവാങ്മൂലമാണ് നല്‍കിയത്. അതുംപൊക്കി അതാത് സമയം മനോരമ അച്ചുനിരത്തീറ്റുമുണ്ട്. നടക്കാത്തകാര്യത്തെക്കുറിച്ച് പ്രചാരണം നടത്തണമെങ്കില്‍ മനോരമയ്ക്ക് ഇങ്ങനെ ഇഡിക്കാരുടെ പിന്നാലെ മണ്ടിനടന്നാലേ പറ്റൂ. ഇനി ഇഡിയുടെ കഥയില്‍ സത്യത്തിന്‍റെ കണികയെങ്കിലുമുണ്ടോന്ന് ഒന്നുനോക്കുന്നതല്ലേ മനോരമക്കാരാ മാധ്യമധര്‍മം. ഇഡിക്കു മുന്നേ എന്‍ഐഎയും  കസ്റ്റംസും തലങ്ങും വിലങ്ങും പരിശോധിച്ചിട്ടും കിട്ടാത്ത തെളിവുതേടി ഇഡി നടന്നാല്‍ എങ്ങനെ കിട്ടാനാണ്! രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഇല്ലാത്ത കറുത്തപൂച്ചയെ കുറ്റാക്കുറ്റിരുട്ടത്ത് തേടുന്നതെന്തിനെന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും മനോരമേലെ മാപ്രകള്‍ക്ക് വേണ്ടേ! ഇല്ലാത്തതുതേടി കിട്ടാത്തതുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെയും പൊലീസിനെയും പഴിച്ചിട്ടെന്തുകാര്യം എന്നെങ്കിലും ഇഡിക്കാരോട് തിരിഞ്ഞുചോദിക്കുകയെന്ന സത്യസന്ധതപോലും ഇല്ലാത്ത മാപ്രകളെപ്പറ്റി എന്തുപറയാന്‍!

മനോരമ അതേ പേജില്‍ തന്നെ ഒരു സാങ്കല്‍പ്പിക “നീക്കം” നടത്തിയിരിക്കുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം കോടതി റദ്ദാക്കിയാല്‍ മന്ത്രിക്കും എജിക്കും എതിരെ നടപടിക്ക് ഗവര്‍ണറുടെ നീക്കം” എന്ന് തലക്കെട്ട്! ഏതു വകുപ്പനുസരിച്ചാണ് മന്ത്രിക്കും എജിക്കുമെതിരെ ഗവര്‍ണര്‍ നടപടിയെടുക്കുകയെന്നുകൂടി മനോരമ ഒന്നു പറഞ്ഞാല്‍ കൊള്ളാമായിരുന്നു. അക്കരെനിക്കണ പട്ടി തുടല് പൊട്ടിക്കുകയും പുഴയിലെ വെള്ളം വറ്റുകയും ചെയ്താല്‍ പട്ടി കടിക്കുമല്ലോന്നു കരുതി മനോരമേടെ ഓടെടാ ഓട്ടമാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + two =

Most Popular