Monday, October 14, 2024

ad

Homeരക്തനക്ഷത്രങ്ങള്‍മാര്‍ക്സിനെ അഗാധമായി സ്നേഹിച്ച പരിണാമ ജീവശാസ്ത്രജ്ഞന്‍

മാര്‍ക്സിനെ അഗാധമായി സ്നേഹിച്ച പരിണാമ ജീവശാസ്ത്രജ്ഞന്‍

പി എസ് പൂഴനാട്

ചാള്‍സ് ഡാര്‍വിന്‍റെയും മാര്‍ക്സിന്‍റെയും ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത യുവാവായ പരിണാമ ശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു എഡ്വിന്‍ റെ ലാങ്കസ്റ്റര്‍. ചാള്‍സ് ഡാര്‍വിനും തോമസ് ഹക്സിലിക്കുശേഷം പരിണാമ ശാസ്ത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോക്താവായും പ്രചാരകനായും നിറഞ്ഞുനിന്ന ബൗദ്ധിക പ്രതിഭയായിരുന്നു എഡ്വിന്‍ റെ ലാങ്കസ്റ്റര്‍. ചാള്‍സ് ഡാര്‍വിന്‍റെയും തോമസ് ഹക്സിലിയുടെയും ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്നു അദ്ദേഹം. റെ ലാങ്കസ്റ്ററുടെ പിതാവാകട്ടെ (എഡ്വിന്‍ ലാങ്കസ്റ്റര്‍) ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ ഫെലോ ആയിരുന്നു. വിപ്ലവ രാഷ്ട്രീയത്തോട് വളരെയധികം ആഭിമുഖ്യവും അടുപ്പവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. താന്‍ ജീവിച്ച കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു രോഗാണുശാസ്ത്രജ്ഞനെന്ന നിലയിലും ലാങ്കസ്റ്ററുടെ പിതാവ് കഴിവ് തെളിയിച്ചിരുന്നു. സമ്പന്നനായ ഒരു മില്ലുടമയുടെ മകളായിരുന്നു അമ്മ. സ്ത്രീകളെ സംബന്ധിച്ചുള്ള വിക്ടോറിയന്‍ ധാരണകള്‍ക്ക് വിരുദ്ധമായി, വിദ്യാസമ്പന്നയും പ്രകൃതി ഗവേഷകയുമായിരുന്നു അവര്‍. ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ചെറുപ്പം മുതലേ റെ ലാങ്കസ്റ്ററിന് പ്രാപ്യമായിരുന്നു. തോമസ് ഹക്സിലിയുടെ തോളില്‍ കയറി കളിച്ചും ചാള്‍സ് ഡാര്‍വിനില്‍നിന്നും  ആമകളെക്കുറിച്ചുള്ള കഥകള്‍ കേട്ടുമാണ് ആ കുട്ടി വളര്‍ന്നത്. ഇവരെല്ലാവരും കുടുംബ സുഹൃത്തുക്കളായിരുന്നു. ഓക്സ്ഫോര്‍ഡിലെയും കേംബ്രിഡ്ജിലെയും വിദ്യാലയങ്ങളായിരുനു ആ കുട്ടിയെ വളര്‍ത്തിയത്. തന്‍റെ ആദ്യത്തെ ശാസ്ത്ര ലേഖനം പ്രസിദ്ധീകരിക്കുമ്പോള്‍ ലാങ്കസ്റ്ററിന്  പ്രായം 16 മാത്രമായിരുന്നു. റോയല്‍ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ലാങ്കസ്റ്ററുടെ പ്രായം ഇരുപതു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ചാള്‍സ് ഡാര്‍വിനും തോമസ് ഹക്സിലിക്കും ശേഷമുള്ള തലമുറയിലെ ഏറ്റവും പ്രതിഭയും പ്രാഗത്ഭ്യവുമുള്ള പരിണാമ ജീവശാസ്ത്രജ്ഞനായി റെ ലാങ്കസ്റ്റര്‍ വളര്‍ന്നുകൊണ്ടിരുന്നു.

ചാള്‍സ് ഡാര്‍വിന്‍റെയും തോമസ് ഹക്സിലിയുടെയും ആശയലോകങ്ങളുടെ അഗാധതകളിലൂടെ സഞ്ചരിച്ച ആ പ്രതിഭാശാലി വിപ്ലവകാരിയായ കാറല്‍ മാര്‍ക്സിന്‍റെയും ഏറ്റവും അടുത്ത യുവ സുഹൃത്തായി മാറിത്തീരുകയായിരുന്നു. മാര്‍ക്സിന്‍റെ മകളായ എലനോര്‍ മാര്‍ക്സുമായും ലാങ്കസ്റ്ററിന് നല്ല സൗഹൃദമുണ്ടായിരുന്നു. മാര്‍ക്സിന്‍റെ കുടുംബത്തിലെ നിത്യസന്ദര്‍ശകനായും  ലാങ്കസ്റ്റര്‍ മാറി. മാര്‍ക്സിന്‍റെ ജീവിതത്തിലെ അവസാനത്തെ മൂന്നു വര്‍ഷങ്ങളിലായിരുന്നു ഈ ബൗദ്ധിക സൗഹൃദം ഉടലെടുത്തതും തഴച്ചുവളര്‍ന്നതും. മാര്‍ക്സിന്‍റെ മൂലധനം റെ ലാങ്കസ്റ്റര്‍ ആവേശത്തോടെ വായിക്കുന്നുണ്ട്. ഒരു മാര്‍ക്സിസ്റ്റായിത്തീര്‍ന്നില്ലെങ്കിലും ജീവിതത്തിലുടനീളം വിപ്ലവകാരിയായ ഒരു സ്വതന്ത്ര ചിന്തകനായും ഫേബിയന്‍ രൂപത്തിലുള്ള ഒരു സോഷ്യലിസ്റ്റായും പ്രതിഭാശാലിയായ ആ പരിണാമ ശാസ്ത്രജ്ഞന്‍ നിലകൊണ്ടു.

ലോകപ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ജോണ്‍ ബെല്ലമി ഫോസ്റ്റര്‍ എഴുതുന്നു: “സ്വന്തമായും തന്‍റെ വിദ്യാര്‍ത്ഥികളായിരുന്ന ആര്‍തര്‍ ടാന്‍സ്ലി, എച്ച് ജി വെല്‍സ്, ജൂലിയന്‍ ഹക്സിലി എന്നിവരിലൂടെയും, പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടങ്ങളിലും, പാരിസ്ഥിതിക വിമര്‍ശനത്തെ വികസിപ്പിച്ചെടുക്കുന്നതില്‍  ലാങ്കസ്റ്റര്‍ വളരെ അടിസ്ഥാനപരമായ പങ്കാണ് നിര്‍വഹിച്ചത്. സോഷ്യലിസ്റ്റ് ആശയ സ്വരൂപവും ഡാര്‍വീനിയന്‍ ചിന്തയും തമ്മിലും, ചരിത്രത്തെ സംബന്ധിച്ചുള്ള ഭൗതികവാദ സങ്കല്‍പ്പനവും പ്രകൃതിയെ സംബന്ധിച്ചുള്ള ഭൗതികവാദ സങ്കല്‍പ്പനവും തമ്മിലും നിലനില്‍ക്കുന്നതും തുടരുന്നതുമായും സങ്കീര്‍ണവും വിമര്‍ശനാത്മകവുമായ ചരിത്രബന്ധത്തെയാണ് വ്യക്തിപരമായും ധൈഷണികമായും റെ ലാങ്കസ്റ്റര്‍  പ്രതീകവല്‍ക്കരിക്കുന്നത്. (John Bellamy Foster, The Return of Nature: Socialism and Ecology, Monthly Review Press 2020).

ജീവിവര്‍ഗങ്ങളുടെയും നാഗരികതകളുടെയും അപചയത്തെയും അധ:പതനത്തെയും കുറിച്ചുള്ള തന്‍റെ അന്വേഷണങ്ങളുടെ തീക്ഷ്ണതയാര്‍ന്ന ഘട്ടങ്ങളിലായിരുന്നു എഡ്വിന്‍ റെ ലാങ്കസ്റ്റര്‍ മാര്‍ക്സുമായി പരിചയത്തിലാകുന്നത്. 1879 – 80 കാലഘട്ടത്തിലായിരുന്നു ആ പരിചയപ്പെടല്‍ അരങ്ങേറിയത്. ഏത് സമയത്ത് ഏത് സ്ഥലത്തുവെച്ചാണ് ആദ്യമായി അവര്‍ കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമല്ല. മാര്‍ക്സുമായും മാര്‍ക്സിന്‍റെ മകളായ എലിനോറുമായും മാര്‍ക്സിന്‍റെ കുടുംബവുമായും  റെ ലാങ്കസ്റ്ററുടെ ബന്ധം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദൃഢമായിത്തീര്‍ന്നു. മാര്‍ക്സിന്‍റെയും ലാങ്കസ്റ്ററുടെയും അടുത്ത സുഹൃത്തും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പുരാവസ്തു ശാസ്ത്രാധ്യാപകനുമായിരുന്ന ചാള്‍സ് വാള്‍ഡ്സ്റ്റീന്‍ വഴിയാണ് മാര്‍ക്സും ലാങ്കസ്റ്ററും തമ്മില്‍ ആദ്യമായി പരസ്പരം ബന്ധപ്പെടുന്നതെന്ന് കരുതപ്പെടുന്നു. എന്നാല്‍ മറ്റൊരു സാധ്യതയെയും തള്ളിക്കളയാനാവില്ലെന്ന് റെ ലാങ്കസ്റ്ററുടെ ജീവചരിത്രകാരനായ ജോസഫ് ലെസ്റ്റര്‍ (E. Ray Lankester and The Making of British Biology, 1995) വ്യക്തമാക്കുന്നുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ റെ ലാങ്കസ്റ്ററുടെ സഹപ്രവര്‍ത്തകനായിരുന്ന ചരിത്ര പ്രൊഫസറായിരുന്ന എഡ്വേര്‍ഡ് സ്പെന്‍സര്‍ ബീസ്ലിയാകട്ടെ മാര്‍ക്സിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുകളില്‍ ഒരാളും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തോട് അങ്ങേയറ്റം അനുഭാവം പുലര്‍ത്തിയിരുന്ന ചരിത്രപണ്ഡിതനുമായിരുന്നു. റെ ലാങ്കസ്റ്ററിനെ മാര്‍ക്സിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ സ്പെന്‍സര്‍ ബീസിലിയുടെ പങ്കും തള്ളിക്കളയാനാവില്ല. എന്തായാലും പരിണാമ ജീവശാസ്ത്രത്തില്‍ അങ്ങേയറ്റം അവഗാഹമുണ്ടായിരുന്ന യുവാവായ റെ ലാങ്കസ്റ്ററുമായി തന്‍റെ ജീവിതത്തിന്‍റെ അവസാന മൂന്നു വര്‍ഷങ്ങളില്‍ മാര്‍ക്സ് അഗാധമായ ബൗദ്ധിക സൗഹൃദം സ്ഥാപിക്കുന്നുണ്ട്.

മാര്‍ക്സും ലാങ്കസ്റ്ററും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സമകാലിക മാര്‍ക്സിസ്റ്റ് ചിന്തകരില്‍ പ്രമുഖനും മാര്‍ക്സ് – എംഗല്‍സ് സമ്പൂര്‍ണ്ണ കൃതികളുടെ എഡിറ്റര്‍മാരില്‍ ഒരാളുമായ മാര്‍സെല്ലോ മുസ്റ്റോ (Marcello Musto) എഴുതുന്നു: “തന്‍റെ ജീവിതത്തിന്‍റെ അവസാനഘട്ടത്തില്‍, പ്രകൃതി ശാസ്ത്രത്തിലേക്കുള്ള പ്രത്യേകിച്ചും ജന്തുശാസ്ത്രത്തിലേക്കും ജീവശാസ്ത്രത്തിലേക്കും പാരിസ്ഥിതികവിജ്ഞാനീയത്തിലേയ്ക്കുമുള്ള മാര്‍ക്സിന്‍റെ തുറസ്സിനെ തീര്‍ച്ചയായും എഡ്വിന്‍ റെ ലാങ്കസ്റ്റുമായുള്ള സുഹൃദ്ബന്ധം ഉത്തേജിപ്പിച്ചിട്ടുണ്ട്. ഓക്സ്ഫെഡിലെ എക്സിറ്റര്‍ കോളേജിലെ ഫെലോയും ഗ്രാന്‍റ് മ്യൂസിയം ഓഫ് സുവോളജിയുടെ ക്യുറേറ്ററുമായിരുന്നു റെ ലാങ്കസ്റ്റര്‍. വളരെയധികം ആനന്ദത്തോടെയും ഒരുപാട് ഫലങ്ങള്‍ തന്നില്‍ സന്നിവേശിപ്പിച്ചുകൊണ്ടുമായിരുന്നു മൂലധനത്തിന്‍റെ വായന ലാങ്കസ്സ്റ്റര്‍ പൂര്‍ത്തിയാക്കിയത്. അതു മാത്രമല്ല, മാര്‍ക്സുമായി അഗാധതലങ്ങളിലുള്ള ധൈഷണിക സംവാദങ്ങളിലും അദ്ദേഹം നിരന്തരം ഏര്‍പ്പെട്ടിരുന്നു. മാനുഷികമായ തലത്തില്‍ മാര്‍ക്സുമായി അടുത്ത ബന്ധമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത്. മാര്‍ക്സിന്‍റെ കുടുംബത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന ഭീകരമായ രോഗാതുരതകളെ നേരിടുന്നതിനുവേണ്ടി അനുയോജ്യരായ ഡോക്ടര്‍മാരെ കണ്ടെത്തി നല്‍കുന്നതിലും മാര്‍ക്സിന്‍റെ സഹായിയായി അദ്ദേഹം നിലകൊണ്ടു”. (Marcello Musto, The Last Years of Karl Marx: An Intellectual Biography, Stanford University Press  2020).

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular