കേരളത്തെ ഒരു ആധുനിക വൈജ്ഞാനിക സമൂഹമായി വാര്‍ത്തെടുക്കാനുള്ള വലിയ പരിശ്രമങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ വഴി നമ്മുടെ സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ നടന്നടുക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇടപെടലുകളാണ് ഈയൊരു നേട്ടത്തിന് കാരണമായിട്ടുള്ളത്.
മാറ്റത്തിനായുള്ള സംവാദം
പൊതുവിദ്യാഭ്യാസ രംഗത്ത് സംഭവിച്ച മാറ്റത്തിനും ഉണര്‍വിനും അനുസൃതമായ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രകടമായില്ല എന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. കാലാനുസൃതമായ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രതിഫലിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ എങ്ങനെയൊക്കെയാകണം എന്നതു സംബന്ധിച്ച് വ്യത്യസ്തങ്ങളായ അന്വേഷണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു തന്നെ ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് അന്ന് സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലെയും വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. ‘സിഎം@ക്യാമ്പസ്’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ധാരാളം ആശയങ്ങളുണ്ട്. അവ അനുഭാവപൂര്‍വമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം വിദഗ്ധാഭിപ്രായങ്ങള്‍ തേടുന്നതിന് ഈ രംഗത്തെ വിദഗധരുമായും സംവദിച്ചു. ഇവയുടെയെല്ലാം പരിണിതിയായാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിന് മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചത്. ഈ കമ്മീഷനുകള്‍ ഒന്‍പത് മാസത്തിനകം തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഓരോ നിര്‍ദ്ദേശവും സൂക്ഷ്മമായി പരിശോധിച്ച് നടപ്പിലാക്കാവുന്നവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
ഉന്നതവിദ്യാഭ്യാസ രംഗത്തിന്‍റെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നു എന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ പരിശോധനയില്‍ കേരള സര്‍വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, ശ്രീ ശങ്കരാചാര്യ, കുസാറ്റ് എന്നീ സര്‍വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് സര്‍വകലാശാലകളും മികച്ച പ്രകടനമാണ് വിവിധ മേഖലകളില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പുറത്തിറങ്ങിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പല സ്ഥാപനങ്ങളും ആദ്യ നൂറില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ മൂന്ന് സര്‍വകലാശാലകള്‍ ഓവറോള്‍ റാങ്കിങ്ങിലെ ആദ്യ നൂറിലുണ്ട്. യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങില്‍ നമ്മുടെ നാലു സര്‍വകലാശാലകള്‍ ആദ്യ നൂറിലുണ്ട്. കോളേജുകളില്‍ 17 എണ്ണമുണ്ട്. മാനേജ്മെന്‍റ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, ഡെന്‍റല്‍ എന്നിവയില്‍ ഓരോന്ന് വീതവുമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ളതും എന്നാല്‍ കേരളത്തില്‍ സ്ഥിതി ചെയ്യുന്നതുമായ മൂന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍, രണ്ട് മാനേജ്മെന്‍റ് കോളേജുകള്‍, ആര്‍ക്കിടെക്ച്ചര്‍, മെഡിക്കല്‍ എന്നിവയിലെ ഓരോ കോളേജുകള്‍ വീതവും അതത് പഠന ശാഖകളുടെ ആദ്യ നൂറെണ്ണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കണക്കുകള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിനാകെ പ്രചോദനമാണ്.
അടിസ്ഥാനസൗകര്യം ഉറപ്പാക്കും
സര്‍വകലാശാലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറികളും ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏതു സമയത്തും സ്വതന്ത്രമായും നിര്‍ഭയമായും പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. ഇതിന് മികച്ച ഹോസ്റ്റല്‍ സൗകര്യം ആവശ്യമാണ്. ആദ്യ ഘട്ടമെന്ന നിലയില്‍ 5 സര്‍വകലാശാലകളില്‍ (കേരള, മഹാത്മാഗാന്ധി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂര്‍) ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ ലഭ്യമാക്കുന്നതിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര രംഗത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 50 വീതം മുറികളുള്ള ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമാണ്. കിഫ്ബി വഴി നടപ്പിലാക്കുന്ന ഹോസ്റ്റല്‍ നിര്‍മ്മാണ പദ്ധതിയുടെ സ്പെഷ്യല്‍ വെഹിക്കിള്‍ ആയി അതത് സര്‍വകലാശാലകളെ നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. മറ്റ് നടപടികള്‍ പുരോഗമിച്ചുവരികയാണ്. 2024 നകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരമാവധി സഹായം നല്‍കും. കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇപ്പോള്‍ 14 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഐ എച്ച് ആര്‍ ഡി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി 22.80 കോടി രൂപയാണ് അനുവദിച്ചത്. എഞ്ചിനീയറിങ് കോളേജുകളുടെ വികസനത്തിന് 37.60 കോടി രൂപയും പോളിടെക്നിക്കുകളുടെ വികസനത്തിന് 42 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. നൈപുണ്യ വികസനം ലക്ഷ്യംവെച്ചാണ് ഇക്കൊല്ലം കെ ഡിസ്കിലൂടെ 200 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കോണ്‍സ്റ്റിറ്റ്യുവന്‍റ് കോളേജുകള്‍
ഘട്ടംഘട്ടമായി കോളേജുകളെല്ലാം കോണ്‍സ്റ്റിറ്റ്യുവന്‍റ് കോളേജുകളാക്കണമെന്നാണ് നാം ലക്ഷ്യമിടുന്നത്. ഓരോ കോണ്‍സ്റ്റിറ്റ്യുവന്‍റള കോളേജും മികവിന്‍റെ കേന്ദ്രങ്ങളായി മാറും. അക്കാദമിക സ്വാതന്ത്ര്യവും സമഗ്രതയും ഉറപ്പാക്കി സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മ വിദ്യാഭ്യാസ കേന്ദ്രങ്ങളായി കോണ്‍സ്റ്റിറ്റ്യുവന്‍റ് കോളേജുകള്‍ മാറണം. അതിന് സഹായകമാകുംവിധം പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഗവേഷണാവസരവും ഉറപ്പാക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ പത്ത് കോളേജുകളെ കോണ്‍സ്റ്റിറ്റ്യുവന്‍റ് പദവിയിലേക്ക് ഉയര്‍ത്തും. ഘട്ടംഘട്ടമായി എല്ലാ കോളേജുകളെയും കോണ്‍സ്റ്റിറ്റ്യുവന്‍റ് കോളേജുകളാക്കും.
പാഠ്യപദ്ധതിയും സിലബസും
പരിഷ്കരിക്കും
പാഠ്യപദ്ധതിയും സിലബസും അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്. സമകാലികമായ അക്കാദമിക അനുഭവങ്ങള്‍ സ്വാംശീകരിച്ച് മുന്നേറാന്‍ സാധിക്കുംവിധമാണ് പാഠ്യപദ്ധതി പരിഷ്കരിക്കുക. വിമര്‍ശനാത്മക ചിന്തയുണര്‍ത്തുന്നതും സര്‍ഗ്ഗാത്മകപോഷണം പ്രോത്സാഹിപ്പിക്കുന്നതും സാങ്കേതികവിദ്യാധിഷ്ഠിത പഠനത്തെ പ്രയോജനപ്പെടുത്തുന്നതുമായ പാഠ്യപദ്ധതിക്കു രൂപം കുറിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രാവിഷ്കാരത്തിനും ഗവേഷണപരതയ്ക്കും അവസരമൊരുക്കും. ലോകത്തിന്‍റെ ഏതു ഭാഗത്തുമുള്ള വിദ്യാര്‍ത്ഥികളുമായി കിടപിടിക്കാനാകുംവിധം നമ്മുടെ സര്‍വകലാശാലകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളെ പരുവപ്പെടുത്തണം. അതുവഴി വിശ്വപൗരരായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ മാറുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് ആകര്‍ഷിക്കാനും കഴിയേണ്ടതുണ്ട്. ഇതിനെല്ലാം സഹായകമാകുംവിധം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണമാണ് ലക്ഷ്യം.
അക്കാദമിക വിദഗ്ധരുടെ സഹായത്തോടെ രൂപീകരിക്കുന്ന കേരള ഹയര്‍ എജ്യൂക്കേഷന്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ജനകീയ ചര്‍ച്ചകളിലൂടെ അന്തിമമാക്കും. ജനകീയ ചര്‍ച്ചകള്‍ക്കായി ലഭ്യമാക്കേണ്ട കരട് കേരള ഹയര്‍ എജ്യൂക്കേഷന്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് 2023 മാര്‍ച്ച് മാസത്തോടെ തയ്യാറാക്കേണ്ടതുണ്ട്. ഈ ചട്ടക്കൂടിന് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരണവും നവീകരണവും അതത് സര്‍വകലാശാലകള്‍ ഉറപ്പാക്കണം. വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കുകയും നവകേരളം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
നാലു വര്‍ഷ ബിരുദ കോഴ്സ്
ബിരുദ കോഴ്സുകളെക്കുറിച്ചുള്ള ചിന്ത മാറിവരുകയാണ്. മൂന്ന് വര്‍ഷ ബിരുദ കോഴ്സ് എന്ന ആശയം ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രഗത്ഭമായ സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്നില്ല. ഈ മാതൃക പിന്തുടര്‍ന്ന് കേരളത്തിലും നാല് വര്‍ഷ ബിരുദ കോഴ്സ് വിഭാവനം ചെയ്യും. ഈ വര്‍ഷം തന്നെ അതിന് അവസരം ഒരുക്കുന്നത് സംബന്ധിച്ച് അക്കാദമിക ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ച് അടുത്ത അക്കാദമിക വര്‍ഷം നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കാന്‍ സാധിക്കണം. ഉദ്ഗ്രഥിത ബിരുദാനന്തര ബിരുദ, പി എച്ച് ഡി കോഴ്സുകളെ സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്.
പഠനത്തിനൊപ്പം തൊഴിലിനും പ്രാമുഖ്യം കല്‍പ്പിക്കേണ്ടതുണ്ട്. അക്കാദമിക പരിപാടികളില്‍ ഈ ഭാഗത്തിനു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതാണ് നമ്മുടെ അനുഭവം. പ്രായോഗിക പരിശീലനം ആവശ്യമുള്ള കോഴ്സുകള്‍ക്കുപോലും വേണ്ടവിധം അത് ലഭിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മാറിയ സാഹചര്യത്തില്‍ ചെറുതും വലുതുമായ നിരവധി കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിനായി എത്തുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിചയമുള്ള വിദഗ്ധരെ കേരളത്തില്‍ നിന്നും ലഭിക്കുന്നില്ല എന്ന പരിമിതി പല നിക്ഷേപകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മികച്ച പ്രതിഭകളുള്ള നമ്മുടെ യുവത്വം അവരുടെ കഴിവും ശേഷിയും ഇതര രാജ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. ഈ നിലയ്ക്ക് കാര്യമായ മാറ്റമുണ്ടാകണം. അവരുടെ നൈപുണിയും പ്രാഗത്ഭ്യവും നമ്മുടെ സംസ്ഥാനത്ത് വിനിയോഗിക്കപ്പെടണം. അതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. വൈജ്ഞാനിക സമൂഹസൃഷ്ടിയിലൂടെ നാം ലക്ഷ്യംവെക്കുന്നത് അത്തരത്തിലുള്ള മുന്നേറ്റമാണ്.
നൈപുണ്യ വികസനത്തിന്
അവസരമൊരുക്കും
പഠന കാലത്തു തന്നെ തങ്ങളുടെ അറിവുകളും കഴിവുകളും പ്രയോഗിക്കാന്‍ അവസരമുണ്ടാവുക പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. ഇതിനായി സര്‍വകലാശാലകളും സ്റ്റാര്‍ട്ടപ്പുകളും ഇന്‍ക്യുബേഷന്‍ സെന്‍ററുകളും സ്ഥാപിക്കും. ചില സര്‍വകലാശാലകളില്‍ ഇവ നിലവില്‍ വന്നു കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവനയ്ക്കും നൈപുണ്യത്തിനും അനുസൃതമായി അവരുടെ മുന്‍കൈയില്‍ ആരംഭിക്കുന്ന സംരംഭങ്ങളിലൂടെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ സംരംഭകരായും തൊഴില്‍ ദാതാക്കളായും മാറും. അതിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും സര്‍ക്കാര്‍ നല്‍കും. സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ക്കായി 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വ്യവസായ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനായി 25 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസനത്തിനുള്ള അവസരം ഒരുക്കുന്നതിനായി 140 കോടി രൂപ നീക്കിവെച്ചു. കഴക്കൂട്ടത്തും കളമശ്ശേരിയിലുമുള്ള അസാപ് സ്കില്‍ പാര്‍ക്കുകളില്‍ ഓഗ്മെന്‍റ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി ലാബുകള്‍ സ്ഥാപിക്കുന്നതിന് 35 കോടി രൂപയും വകയിരുത്തി. വ്യവസായ സംരംഭവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന സൗകര്യവും ഒരുക്കും. സര്‍വകലാശാലകള്‍ക്കൊപ്പം ഇതര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാകണം.
ഗവേഷണതല്‍പരരും തൊഴിലാഭിമുഖ്യമുള്ളവരുമായ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമാണ് ട്രാന്‍സ്ലേഷണല്‍ ലാബുകളിലൂടെ സൃഷ്ടിക്കാനാവുക.
നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
നാടിന്‍റെ വികസനത്തിന് സഹായകമാകുംവിധം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നവകേരള സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ ഉപകരിക്കുന്ന ഗവേഷണ ഫലങ്ങള്‍ ഈ ഗവേഷണ പദ്ധതികളിലൂടെ ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം മികച്ച ഗവേഷണ രൂപരേഖ സമര്‍പ്പിച്ച 77 പേര്‍ക്ക് ഫെലോഷിപ്പ് നല്‍കിക്കഴിഞ്ഞു.
പരീക്ഷ പരിഷ്കരണം
പരീക്ഷ പരിഷ്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന മറ്റൊരു അക്കാദമിക ഇടപെടല്‍ മേഖല. പരീക്ഷയുടെ നടത്തിപ്പും ഫലപ്രഖ്യാപനവും ഉദ്ദേശിച്ച അക്കാദമിക നേട്ടങ്ങളെ പ്രതിഫലിപ്പിക്കാന്‍ സഹായകമാകുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് പലവിധ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഈ നിലയ്ക്കെല്ലാം നല്ല മാറ്റമുണ്ടാകണം. എല്ലാ സര്‍വകലാശാലകളുടെയും അക്കാദമിക കലണ്ടര്‍ പ്രസിദ്ധീകരിക്കണം. പരീക്ഷകളുടേതുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും തീയതികള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ നടക്കുകയും വേണം. സമയബന്ധിതമായി അക്കാദമിക പ്രവര്‍ത്തനങ്ങളും പരീക്ഷയും പൂര്‍ത്തീകരിച്ച് അധികം താമസമില്ലാതെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കഴിയണം. നിലവിലെ 80:20 അനുപാതത്തിലുള്ള ഗ്രേഡ് സമ്പ്രദായം 60:40 ആക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. പൊതുവില്‍ അക്കാദമിക സമൂഹം ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. ഒപ്പം ഒന്നിടവിട്ട സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം അതത് കോളേജുകളില്‍ അധ്യാപകര്‍ നിര്‍വഹിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.
ഇ-ഗവേണന്‍സ്
പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നതു മുതല്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി ഇ ഗവേണന്‍സ് സംവിധാനമൊരുക്കും. വിദ്യാര്‍ത്ഥി ജീവിത ചക്രത്തിന്‍റെ എല്ലാഭാഗങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ പരിഷ്കരണമാണ് ലക്ഷ്യം. ഇതിനായി കേരള റിസോഴ്സ് ഫോര്‍ എജ്യുക്കേഷണല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിംഗ് (കെറീപ്) ആരംഭിക്കും. ഭരണപരവും അക്കാദമികവുമായ എല്ലാ ഘടകങ്ങളും ഉള്‍ച്ചേര്‍ന്ന കെറീപ് സോഫ്റ്റ്വെയര്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. ആദ്യ ഭാഗങ്ങള്‍ ഒന്നര വര്‍ഷം കൊണ്ടും വിമര്‍ശനാത്മക ചിന്തയുണര്‍ത്തുന്ന ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റം മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉദ്ദേശിച്ച രീതിയില്‍ നടപ്പിലാവുകയാണെങ്കില്‍ ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അക്കാദമിക വിദഗ്ധര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സമഗ്രമായ വിദ്യാഭ്യാസ ഇ ഗവേണന്‍സ് കം ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റമായി ഇത് മാറും.
വര്‍ഗീയവത്കരണത്തിനെതിരെ
കേരളത്തിന്‍റെ ബദല്‍
ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ രംഗത്തിന് കാര്യമായ പരിക്കുകളാണ് ഏല്‍പ്പിക്കുക. വാണിജ്യവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം, കേന്ദ്രീകരണം എന്നിവയാണ് ഈ നയത്തിന്‍റെ പ്രധാന സവിശേഷത. ഫെഡറല്‍ തത്ത്വങ്ങള്‍ക്കുപോലും ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. യൂണിയന്‍ ലിസ്റ്റിലെ 66-ാം ഇനമായ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗവേഷണവും ശാസ്ത്ര – സാങ്കേതിക സ്ഥാപനവും അവയുടെ നിലവാരവും ഏകോപനവും പ്രയോജനപ്പെടുത്തിയാണ് കേന്ദ്രീകൃത സംവിധാനങ്ങള്‍ ഒരുക്കുന്നത്. ചരിത്രത്തെ മാത്രമല്ല ശാസ്ത്രമുള്‍പ്പെടെ എല്ലാ വിഷയങ്ങളെയും കാവിവല്‍ക്കരിക്കാനും വര്‍ഗ്ഗീയവല്‍ക്കരിക്കാനും ബോധപൂര്‍വമായ നീക്കം നടക്കുന്നു. ക്യാമ്പസുകളെ വര്‍ഗ്ഗീയവല്‍ക്കരിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാകുന്നു. ഈ സാഹചര്യത്തിലാണ് കേരളം ജനകീയ ജനാധിപത്യ മതനിരപേക്ഷ ബദല്‍ വിദ്യാഭ്യാസം ഒരുക്കാന്‍ ശ്രമിക്കുന്നത്. ഈ ബദല്‍ അന്വേഷണം കേരളത്തിന്‍റെ പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതും വൈജ്ഞാനിക സമൂഹ സൃഷ്ടിക്ക് ഉതകുന്നതുമാകണം. അതിനായുള്ള പരിശ്രമത്തിന്‍റെ മുന്നുപാധി കൂടിയാണ് നമ്മെ സംബന്ധിച്ചിടത്തോളം ഉന്നതവിദ്യാഭ്യാസ രംഗത്തിന്‍റെ ശാക്തീകരണം.