കേരളം രൂപീകരിക്കപ്പെട്ട് പിറ്റേവര്‍ഷം തന്നെ ജനങ്ങള്‍ ഇടതുപക്ഷത്തെ അധികാരത്തിലേറ്റി. അവരുടെ പ്രതീക്ഷകളെ സഫലീകരിക്കുന്നതായിരുന്നു ആ സര്‍ക്കാരിന്‍റെ പ്രധാന പരിഷ്കാരങ്ങള്‍. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഭരണപരിഷ്കരണം എന്നിങ്ങനെ അത് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥക്കുമുമ്പില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടു. മറ്റു സംസ്ഥാനങ്ങളിലുള്ള ഭൂകേന്ദ്രീകരണം അന്നുതന്നെ കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാലും ഭൂമിയില്‍ പണിയെടുക്കുന്ന പാട്ടക്കുടിയാന്മാര്‍ക്കു അതിന്‍റെ അവകാശം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂപരിഷ്കരണ നിയമം ആ സര്‍ക്കാര്‍ കൊണ്ടുവന്നു. അതിനേക്കാള്‍ പ്രധാനമായിരുന്നു ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസാവകാശം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികള്‍. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും സംസ്ഥാനത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും അതിന്‍റെ അര്‍ഥം കുറച്ചെങ്കിലും മനസ്സിലായത് ആ സര്‍ക്കാര്‍ നടപ്പാക്കിയ ഇത്തരം നടപടികളിലൂടെയായിരുന്നു.
അതുകൊണ്ടുതന്നെ ആ സര്‍ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അനുവദിച്ചില്ല. കുപ്രസിദ്ധമായ വിമോചനസമരം നടത്തി ആ സര്‍ക്കാരിനെ പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നും എന്നന്നേക്കുമായി പുറന്തള്ളി എന്നായിരുന്നു നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കണക്കാക്കിയത്. എന്നാല്‍, 1967ല്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള മുന്നണി വീണ്ടും അധികാരത്തില്‍ വന്നു. അന്നും അതിനെ വലതുപക്ഷം അട്ടിമറിച്ചു. 1980ല്‍ നിലവില്‍വന്ന എല്‍ഡിഎഫിന്‍റെ സര്‍ക്കാരും അട്ടിമറിക്കപ്പെട്ടു; പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇപ്പോള്‍ നിലവിലുള്ളത് അത്തരത്തിലുള്ള എട്ടാമത്തെ സര്‍ക്കാരാണ്. ഇത്തരം സര്‍ക്കാരുകള്‍ നടപ്പാക്കിയ ഭരണപരിഷ്ക്കാരങ്ങളുടെ ഫലമായാണ് ഏതു നിലയില്‍ നോക്കിയാലും കേരളം ജനസാമാന്യത്തിന്‍റെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍, വിശേഷിച്ച് ദരിദ്രരായ ജനങ്ങളുടെ, മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലെത്തിയത്.
എന്നാല്‍, അതുകൊണ്ടായില്ല. പരമദാരിദ്ര്യത്തില്‍ നിന്നു ജനങ്ങളെ കരകയറ്റാന്‍ കേരളത്തിനു ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതിനു പ്രധാന കാരണം വാര്‍ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യക്ഷേമ നടപടികള്‍ ഒരുവശത്തും, ഭൂപരിഷ്കരണം, മിനിമം കൂലി, സാര്‍വത്രിക പൊതുവിദ്യാഭ്യാസം മുതലായ പരിഷ്കാരങ്ങള്‍ മറുവശത്തുമായി നടത്തിയതുകൊണ്ടാണ്. ഇത്തരം നടപടികളോട് സഹകരിക്കുകയല്ല കോണ്‍ഗ്രസ്സിന്‍റേതായാലും ബിജെപിയുടേതായാലും കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്യുന്നത്. സമ്പന്നവര്‍ഗങ്ങള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും വേണ്ടി അവയ്ക്കു തുരങ്കം വയ്ക്കുകയാണ്. എല്ലാവരും വിദ്യാഭ്യാസവും സാമൂഹ്യബോധവും സംഘബോധവും ഉള്ളവരായാല്‍ അവരെ വേലയുടെയും കൂലിയുടെയും മറ്റും കാര്യങ്ങളില്‍ ചൂഷണം ചെയ്യാന്‍ കഴിയില്ല എന്നതുകൊണ്ടാണ് വലതുപക്ഷം ഇത്തരം സാമൂഹ്യക്ഷേമ-സാമ്പത്തികോന്നമന നടപടികളെ തുരങ്കം വയ്ക്കുന്നത്.
മറ്റു പല കാര്യങ്ങളിലും തമ്മിലടിക്കുന്നവരാണെങ്കിലും, ഇടതുപക്ഷത്തെയും അതിനെ പിന്താങ്ങുന്ന തൊഴിലാളി-കര്‍ഷകാദി ജനസാമാന്യത്തെയും എതിര്‍ക്കുന്നതില്‍ കൈകോര്‍ക്കുന്നവരാണ് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപിയും. അവര്‍ തമ്മിലുള്ള ഈ ഐക്യബോധം 1990കളുടെ തുടക്കംമുതല്‍ കണ്ടുവരുന്നതാണ്. 2016ലെ തിരഞ്ഞെടുപ്പു വിജയം 2021ലും എല്‍ഡിഎഫ് ആവര്‍ത്തിച്ചതോടെ ഉല്‍ക്കണ്ഠാകുലരാണ് അക്കൂട്ടര്‍. എല്‍ഡിഎഫിന്‍റെ ജനകീയാടിത്തറയ്ക്ക് കരുത്തും വ്യാപ്തിയും വര്‍ധിക്കുന്നതില്‍ അവര്‍ അസംതൃപ്തരാണ്. 1980 മുതല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭരിക്കുന്ന മുന്നണി പരാജയപ്പെടുകയാണ് പതിവ്. ഭരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അസംതൃപ്തിയാണ് കര്‍ശനമായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. ഇത്തവണ അത് സംഭവിക്കാത്തത് സംസ്ഥാനത്തെ രാഷ്ട്രീയബലാബലത്തില്‍ ഇരുമുന്നണികളും തുല്യരാണ് എന്ന മുന്‍സ്ഥിതിയില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നതിന്‍റെ സൂചനയായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതിനൊരു കാരണം കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്നതാണ്. കേരളത്തില്‍ 1957ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയോട് തോറ്റിരുന്നു. പിന്നീട് ഒരിക്കലും അതിനു മുന്നേറാനായില്ല. അതിനാല്‍ അവര്‍ വലതുപക്ഷ മുന്നണിക്കു രൂപംകൊടുത്തു. ആ മുന്നണിയോടൊപ്പം കഴിഞ്ഞ 60 വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസ്സും ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. അതേ സമയം സിപിഐ എമ്മും മറ്റ് ഇടതുപക്ഷ ജനാധിപത്യശക്തികളും ചേര്‍ന്നുള്ള മുന്നണി ശക്തിപ്പെട്ടുവരികയാണ്. 2016ലെ വിജയം 2021ല്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞത് അതിനാലാണ്.
കേരളത്തിന്‍റെ ഒരു സവിശേഷത അത് മതനിരപേക്ഷ രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ്. അതുകൊണ്ടാണ് ബിജെപിക്ക് ഇവിടെ വളരാന്‍ കഴിയാത്തത്. പെട്ടെന്നുള്ള സംഭവവികാസമല്ല. 1990കള്‍ മുതല്‍ ഏറെക്കുറെ അതാണ് സ്ഥിതി. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും വര്‍ഗീയതയെയും സാമുദായിക പരിഗണനകളെയും അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ചതാണ് ഇതിനു നിദാനം. അതുകൊണ്ടുതന്നെ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായതുപോലെ ഇവിടെ കോണ്‍ഗ്രസ്സില്‍നിന്നു ബിജെപിയിലേക്ക് കുത്തൊഴുക്കുമുണ്ടായില്ല.
എല്‍ഡിഎഫ്, മുമ്പുപറഞ്ഞതുപോലെ, പരമദാരിദ്ര്യത്തില്‍നിന്നു മൊത്തം ജനങ്ങളെയും മോചിപ്പിക്കുന്നതിലും സാര്‍വത്രിക വിദ്യാഭ്യാസവും സാര്‍വത്രിക ആരോഗ്യരക്ഷയും ഉറപ്പുവരുത്തുന്നതിലും കൈവരിച്ച പുരോഗതി ഇതില്‍ ഒരു പ്രധാന ഘടകമാണ്.
ഇതുകൊണ്ട് അവസാനിപ്പിക്കാനല്ല എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ സാര്‍വത്രിക പൊതുവിദ്യാഭ്യാസത്തില്‍നിന്ന് വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനും വിജ്ഞാന സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതിനുമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, ദാരിദ്ര്യത്തില്‍നിന്നും നിരക്ഷരതയില്‍നിന്നും കരകയറ്റലും സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കലും മാത്രമല്ല, പുരോഗമിച്ച സമൂഹങ്ങള്‍ ലാക്കാക്കുന്ന വിജ്ഞാനസമൂഹവും സമ്പദ്വ്യവസ്ഥയും ഇവിടെ സാക്ഷാത്കരിക്കുക കൂടിയാണ് എല്‍ഡിഎഫിന്‍റെ ലക്ഷ്യം.
രാജ്യത്താകെ അന്യമത വിദ്വേഷം പരത്തി ഒരു വിഭാഗം ജനങ്ങള്‍ക്ക് പൗരത്വവും സന്തുഷ്ട ജീവിതവും നിഷേധിക്കുന്ന സമൂഹം സൃഷ്ടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സിന്‍റെ ലക്ഷ്യമാകട്ടെ, നവഉദാരവല്‍ക്കരണ സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതിനപ്പുറമൊന്നും പോകുന്നുമില്ല. രാജ്യത്തെ രണ്ടു പ്രമുഖ വലതുപക്ഷ ശക്തികള്‍ ഇത്തരത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും സാമൂഹ്യമായും സാമ്പത്തികമായും പുറകോട്ട് അടിപ്പിക്കാനും ശ്രമിക്കുമ്പോഴാണ് എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ടുള്ള വിജ്ഞാന സമൂഹസൃഷ്ടി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്.
ഇങ്ങനെയൊരു ലക്ഷ്യം മുന്നില്‍വച്ചു പ്രവര്‍ത്തിച്ചുകൊണ്ടു മാത്രമേ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെ തറ പറ്റിക്കാനും എല്ലാവര്‍ക്കും തുല്യപ്രാധാന്യവും പങ്കാളിത്തവുമുള്ള നവജനാധിപത്യസമൂഹം ഇവിടെ കെട്ടിപ്പടുക്കാനും കഴിയൂ.