“ലോകവികസനത്തിന് ചൈന അനിവാര്യമാണെന്നും ചൈനയ്ക്ക് വളരാന്‍ ലോകത്തിന്‍റെ പിന്തുണ ആവശ്യമാണെ”ന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് സമാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ടിയായ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനകീയജനാധിപത്യറിപ്പബ്ലിക് ഭരിക്കുന്ന പാര്‍ടിയാണ്. രാജ്യത്തെ ആഭ്യന്തരരംഗത്തിനെ മാത്രമല്ല സാര്‍വദേശീയ സ്ഥിതിഗതികളെയും നിര്‍ണായകമായി സ്വാധീനിക്കുന്ന സാമ്പത്തിക, സൈനിക, രാഷ്ട്രീയശക്തിയാണ് ഇന്ന് ചൈന.
വിസ്മയകരമായ മാറ്റങ്ങള്‍
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലത്തെ ചൈനയുടെ പരിഷ്കരണശ്രമങ്ങള്‍ വിസ്മയകരമായ മാറ്റങ്ങളാണ് ചൈനീസ് സമൂഹത്തിലുണ്ടാക്കിയത്. ഒന്നാമതായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോളമൂലധനവ്യവസ്ഥയുടെ സര്‍വവിധ ഉപരോധങ്ങളെയും അതിജീവിച്ചുകൊണ്ടുതന്നെ ദ്രുതഗതിയിലുള്ള സാമ്പത്തികവികസനം കൈവരിച്ചു. രണ്ടാമതായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യസുസ്ഥിരത ഉറപ്പുവരുത്തി. ചൈനയുടെ ഈ വളര്‍ച്ചയുടെ അടിസ്ഥാനം ജനങ്ങളും പാര്‍ടിയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും ഇനിയുമത് തുടരണമെന്നുമാണ് സിപിസിയുടെ 20-ാം കോണ്‍ഗ്രസിനുശേഷം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ ആദ്യ പ്ലീനറി യോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് ജനറല്‍ സെക്രട്ടറി ഷീ ജിന്‍പിങ് പറഞ്ഞത്.
1990 കളില്‍ സോവിയറ്റ് യൂണിയന്‍റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്‍റെയും തകര്‍ച്ചയ്ക്കുശേഷം ഏകധ്രുവലോകക്രമം കെട്ടിപ്പടുക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ എല്ലാവിധ നീക്കങ്ങളെയും ചെറുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ചൈന വഹിച്ചിട്ടുള്ളത്. അമേരിക്കയുടെ ലോകാധിപത്യശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് സാമ്പത്തിക, വാണിജ്യ, സൈനിക മേഖലകളില്‍ ചൈന ദ്രുതഗതിയിലുള്ള വളര്‍ച്ച നേടിയത്. 1949-ല്‍ വിപ്ലവം നടക്കുമ്പോള്‍ ‘കിഴക്കിന്‍റെ രോഗി’ യെന്ന് അറിയപ്പെട്ടിരുന്ന ചൈന ഇന്ന് ലോകത്തെ അത്ഭുതപ്പെടുത്തുന്ന സാമ്പത്തികശക്തിയാണ്. ജപ്പാനെ പുറന്തള്ളിക്കൊണ്ട് ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന വളര്‍ന്നുകഴിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന ചൈന വളര്‍ന്നുവികസിച്ചത് സാമ്രാജ്യത്വത്തിനും ജന്മിനാടുവാഴിത്വത്തിനുമെതിരെ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെയാണ്. ഇന്ന് ലോകസമ്പദ്ഘടനയെ ചലിപ്പിക്കുന്ന എഞ്ചിനായിട്ടാണ് ചൈനയെ പല സാമ്പത്തികവിദഗ്ധരും വിശേഷിപ്പിക്കുന്നത്. 2008 ലെ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളസമ്പദ്ഘടനയും വിപണിയും മാന്ദ്യത്തിലേക്ക് പതിച്ചപ്പോള്‍ ചൈനയാണ് ശതകോടിക്കണക്കിന് ഡോളര്‍ സാര്‍വദേശീയ വിപണിയില്‍ നിക്ഷേപിച്ച് ആഗോളസമ്പദ്ഘടനയ്ക്ക് ഉത്തേജനമേകിയത്.
കടപ്പാട് മാര്‍ക്സിസത്തോട്
ഈയൊരു വിസ്മയകരമായ വളര്‍ച്ച സിപിസിയുടെ ശരിയായ രാഷ്ട്രീയ, സൈദ്ധാന്തിക നിലപാടുകളുടെയും ചൈനീസ് സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ടുള്ള ചൈനീസ് ഭരണകൂടത്തിന്‍റെ സോഷ്യലിസ്റ്റ് ആസൂത്രണത്തിന്‍റെയും ഫലമായിരുന്നു. സിപിസിയുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് ശരിയായി ചര്‍ച്ചചെയ്തതും വിലയിരുത്തിയതും ഇങ്ങനെ: “ചൈനീസ് സ്വഭാവസവിശേഷതകളുള്ള ഞങ്ങളുടെ പാര്‍ടിയുടെയും സോഷ്യലിസത്തിന്‍റെയും വിജയത്തിന് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത് മാര്‍ക്സിസത്തോടാണ്”.
ചൈനീസ് സാഹചര്യങ്ങളെയും സാര്‍വദേശീയമുതലാളിത്തത്തിന്‍റെ വളര്‍ച്ചയെയും അത് ലോകസമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെയും ശരിയായി വിലയിരുത്താന്‍ മാര്‍ക്സിസം ലെനിനിസമാണ് സഹായിച്ചതെന്നാണ് പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. പാര്‍ടി ഒരിക്കലും മാര്‍ക്സിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് മാറില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ‘Self Revolution’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഒരാശയം പാര്‍ടി കോണ്‍ഗ്രസിനുമുമ്പില്‍ അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. ആഗോളഫൈനാന്‍സ് മൂലധനവും സാമ്രാജ്യത്വശക്തികളും സൃഷ്ടിക്കുന്ന ഭീഷണികളെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ മാര്‍ക്സിസത്തിന്‍റെ ചൈനീസ് സാഹചര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള പ്രയോഗത്തെയും സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയെയും സംബന്ധിച്ച വ്യക്തത വരുത്തുകയാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളും വിലയിരുത്തലുകളുംവഴി സിപിസി ചെയ്തിരിക്കുന്നത്. സ്വയം വിപ്ലവമെന്നത് “ചൈനയെ മാന്ദ്യത്തിലേക്കു നയിക്കുന്ന ചരിത്രപരമായ ചക്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന സോഷ്യലിസ്റ്റ് നിര്‍മ്മിതിയാണെന്നാ”ണ് പാര്‍ടികോണ്‍ഗ്രസ് പ്രമേയങ്ങള്‍ സൂചിപ്പിക്കുന്നത്.
മുന്‍കാല വിഭാഗീയതകളെയും ഒരു പിന്നാക്കരാജ്യത്ത് സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട സമീപനഭിന്നതകളെയും അതിജീവിച്ചുകൊണ്ടാണ് ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി 1978-ല്‍ ദെങ്സിയാവോ പിങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനീസ് സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ടുള്ള സോഷ്യലിസ്റ്റ് നിര്‍മ്മാണപ്രക്രിയക്ക് വേഗം കൂട്ടിയത്. 1978 നും 1989 നുമിടയില്‍ ദരിദ്രരുടെ എണ്ണം കുറയ്ക്കുന്നതിനും സമസ്തമേഖലകളിലും ഉല്‍പാദനശക്തികളെ, ശാസ്ത്ര സാങ്കേതിക അടിത്തറയില്‍ വികസിപ്പിക്കുന്നതിനും ചൈനയ്ക്ക് കഴിഞ്ഞു.
സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച
അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കനുസരിച്ച് ചൈന ദ്രുതവും സുസ്ഥിരവുമായ സാമ്പത്തികവളര്‍ച്ചയ്ക്കൊപ്പം വിശാലമായ സാമ്പത്തികപരിവര്‍ത്തനവും കൈവരിച്ചിരിക്കുകയാണ്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കാതെ നീതിപൂര്‍വകമായ വിതരണവും സോഷ്യലിസ്റ്റ് സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളും കേവലം കാല്‍പനികം മാത്രമായിരിക്കുമെന്ന് ചൈനീസ് പാര്‍ടി തിരിച്ചറിഞ്ഞു. 1980 കളോടെ ചൈനയുടെ കാര്‍ഷികമേഖലയില്‍ പരിഷ്കാരങ്ങള്‍ ആരംഭിച്ചു. താഴെ തട്ടിലുള്ള കര്‍ഷകര്‍ക്ക് സഹായകരമാവുന്ന വിപണി ഇളവുകള്‍ നല്‍കിക്കൊണ്ട് ഉല്‍പാദനക്ഷമത ഉയര്‍ത്തിയെടുക്കുകയായിരുന്നു. അതോടൊപ്പം പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്തതും അദ്ധ്വാനം ആവശ്യമുള്ളതുമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇത് കാര്‍ഷികേതര തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
ഈയൊരു പരിഷ്കാരങ്ങളെ വിശകലനം ചെയ്തിട്ടുള്ള ലോകബാങ്ക് അടക്കമുള്ള ഏജന്‍സികള്‍ സൂചിപ്പിക്കുന്നത് പരിഷ്കരണങ്ങളും അതുമൂലമുണ്ടായ വലിയരീതിയിലുള്ള നഗരവല്‍ക്കരണവും കുടിയേറ്റത്തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്നാണ്. അടിസ്ഥാന സൗകര്യമേഖലകളില്‍ പൊതുനിക്ഷേപം വന്‍തോതില്‍ വന്നുചേരുകയും ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും കൂടുകയും ചെയ്തു. പരിഷ്കാരങ്ങള്‍ സൃഷ്ടിക്കുന്ന അസന്തുലിതത്വങ്ങളെയും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള ദാരിദ്ര്യലഘൂകരണപദ്ധതികള്‍ പട്ടിണിയും ഭക്ഷണക്ഷാമവുമില്ലാത്ത സമൂഹമാക്കി ചൈനയെ മാറ്റി.
പരിഷ്കാരങ്ങളുടെ 40 വര്‍ഷത്തിനുള്ളില്‍
പരിഷ്കാരങ്ങളുടെ 40 വര്‍ഷക്കാലയളവിനുള്ളില്‍ ചൈന 80 കോടി മനുഷ്യരെയാണ് അതീവ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. 2021 ആകുമ്പോഴേക്കും ചൈന അതിദാരിദ്ര്യത്തെ ഉന്മൂലനം ചെയ്തുകഴിഞ്ഞുവെന്നും ഒരു ലഘുസമ്പന്നസമൂഹമായി ചൈന പരിവര്‍ത്തനപ്പെട്ടുവെന്നുമാണ് പി.ഡി.ആര്‍ ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ 20-ാം പാര്‍ടി കോണ്‍ഗ്രസ് ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ വളര്‍ത്തിയെടുക്കാനുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും തീരുമാനങ്ങളുമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്ത രണ്ട് ദശകങ്ങള്‍ ചൈനയിലെ എല്ലാ വിഭാഗം ജനങ്ങളെയും സാമ്പത്തികമായി കൂടുതല്‍ ഉയര്‍ന്നതലത്തിലെത്തിക്കാനുള്ള ലക്ഷ്യമാണ് പാര്‍ടി മുന്നോട്ടുവെച്ചിരിക്കുന്നത്.
മിതസമ്പന്ന രാജ്യം
സി.പി.സിയുടെ 100-ാം വാര്‍ഷികത്തില്‍ കേവലദാരിദ്ര്യ നിര്‍മാര്‍ജനം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച ചൈന ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ‘മിതമായ ഒരു സമൃദ്ധ സമൂഹ’മായി (മിതസമ്പന്ന രാജ്യം) വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 2049-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 100-ാം വാര്‍ഷികത്തില്‍ സിപിസി ലക്ഷ്യംവെക്കുന്നത്; “സമൃദ്ധവും ശക്തവും ജനാധിപത്യപരവും സാംസ്കാരികമായി പുരോഗമിച്ചതും ഐക്യസമ്പൂര്‍ണവുമായ ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യമാണ്”. 20-ാം പാര്‍ടി കോണ്‍ഗ്രസിന്‍റെ ചര്‍ച്ചകളെയും തീരുമാനങ്ങളെയും സമാഹരിച്ചുകൊണ്ട് ഷീജിന്‍പിങ് അത് പ്രഖ്യാപിക്കുകയും ചെയ്തു.
ആഗോളസാമ്രാജ്യത്വശക്തികള്‍ക്ക്, വിശിഷ്യ അതിന്‍റെ അധിനായകനായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ചൈന മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാശ്ചാത്യ മാധ്യമങ്ങള്‍ ചൈനയ്ക്കെതിരായി നിരന്തരമായ പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ ചൈന അതിന്‍റെ നിലപാട് കൃത്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 20-ാം പാര്‍ടി കോണ്‍ഗ്രസ് വ്യക്തമാക്കുന്നത് ചൈന ലോകത്തിന്‍റെ ഒരു പ്രധാന വ്യാപാര പങ്കാളിയും വിദേശ നിക്ഷേപത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനവുമായി പരിവര്‍ത്തനപ്പെട്ടിരിക്കുന്നുവെന്നാണ്. ചൈന ഒരിക്കലും അധികാരം മറ്റ് രാജ്യങ്ങളുടെമേല്‍ പ്രയോഗിക്കില്ലെന്നും ഒരുതരത്തിലുള്ള വിപുലീകരണനീക്കങ്ങളിലും സൈനികമായി ഇടപെടില്ലെന്നുമാണ്.
സാമ്പത്തിക തന്ത്രം
സാമ്രാജ്യത്വത്തിന്‍റെ വിപണിക്കും വിഭവങ്ങള്‍ക്കുംവേണ്ടിയുള്ള അധിനിവേശയുദ്ധങ്ങളില്‍ നിന്നും വിപുലനനീക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജ്യങ്ങളും ലോകങ്ങളുമായി കൂടുതല്‍ കൂടുതല്‍ ബന്ധങ്ങളുണ്ടാക്കി ചൈനീസ് ജനത നേടിയെടുത്ത സമ്പത്തും സാങ്കേതികനേട്ടങ്ങളും ലോകത്തിന് കൈമാറുമെന്നുമാണ്. അടിയുറച്ച മാര്‍ക്സിസ്റ്റ് നിലപാടുകളില്‍ നിന്നുകൊണ്ട് മാറുന്ന ലോകത്തിന്‍റെ ഉല്‍പാദനപ്രക്രിയയിലും വിതരണശൃംഖലകളിലും ഇടപെടുകയാണ് ചൈന. ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും വിതരണം നീതിപൂര്‍വമാക്കാനുമുള്ള സോഷ്യലിസ്റ്റ് ശ്രമങ്ങള്‍ക്കൊപ്പം ആഗോളവിതരണശൃംഖലകളില്‍ ഇടപെടാനുള്ള ‘ഇരട്ട സര്‍ക്കുലേഷന്‍’ എന്ന സാമ്പത്തികതന്ത്രം മുന്നോട്ടുവെച്ചിരിക്കുകയാണ്. സ്വന്തം വിതരണശൃംഖലകളുടെ പ്രതിരോധശേഷിയിലും ഉയര്‍ന്നനിലവാരത്തിലുള്ള വികസനത്തിലും കേന്ദ്രീകരിക്കുന്ന സാമ്പത്തികതന്ത്രമാണിത്. വിദേശനിക്ഷേപത്തിന് സമാന്തരമായി ആഭ്യന്തര ഡിമാന്‍റ് വിപുലീകരിക്കുന്നതിന് പ്രഥമപരിഗണന നല്‍കുന്നതാണ് ഈ സാമ്പത്തികതന്ത്രം.
സമത്വത്തെ യാഥാര്‍ത്ഥ്യമാക്കല്‍
ഭൗതികസമ്പത്തിന്‍റെ നീതിപൂര്‍വമായ വിതരണം ഉറപ്പുവരുത്തുകയെന്നത് ഉല്‍പാദനവും വിതരണവും തമ്മിലുള്ള നിശ്ചിതമായ പാരസ്പര്യത്തെ ഉറപ്പിച്ചുകൊണ്ടേ കഴിയൂ. അതായത് സോഷ്യലിസ്റ്റ് രാഷ്ട്രീയമെന്നത് സാമൂഹ്യ ഉല്‍പാദനവും വിതരണവും തമ്മിലുള്ള പ്രശ്നത്തെ ശരിയായി നിര്‍വഹിക്കുകയെന്നതാണ്. മുതലാളിത്ത സ്വത്തുടമ വ്യവസ്ഥയ്ക്കകത്ത് ഉല്‍പാദന ഉപകരണങ്ങളുടെ കൈവശാവകാശമുള്ളവര്‍ അതില്‍ നിന്ന് ഉത്ഭൂതമാകുന്ന സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും സിംഹഭാഗവും കയ്യടക്കുന്നു. സ്വകാര്യസ്വത്തിന്‍റെ ഉന്മൂലനവും സമൂഹ സ്വത്തുടമസ്ഥതയുടെ സ്ഥാപനവും സാമൂഹ്യസമത്വം നേടുന്നതിനുവേണ്ടിയുള്ള മഹത്തായ കാല്‍വെപ്പായിരിക്കുമ്പോള്‍തന്നെ, ‘ഗോഥാപരിപാടി’യില്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയതുപോലെ മനുഷ്യര്‍ക്ക് ആവശ്യമായതെല്ലാം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഉല്‍പാദനശക്തികള്‍ വികസിക്കേണ്ടതുണ്ട്. സമൃദ്ധിയുടെ വിശാലചക്രവാളങ്ങളിലേക്ക് മനുഷ്യര്‍ക്ക് കൈയെത്തിപ്പിടിക്കാന്‍ കഴിയുമ്പോഴാണ് സമത്വത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുക.
ജിഡിപി തോതനുസരിച്ച് അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈനയിന്ന് വളര്‍ന്നിരിക്കുന്നു. ആഗോള ജി.ഡി.പിയുടെ 17.1% വരുന്ന 14 ലക്ഷം കോടി ഡോളറിലേറെ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാണ് ഇന്ന് ചൈന. ഏഷ്യന്‍ പ്രദേശങ്ങളിലൂടെ മധ്യപൗരസ്ത്യദേശം കടന്ന് ആഫ്രിക്കയിലേക്ക് നീണ്ടുപോകുന്ന ചൈനയുടെ ബെല്‍റ്റ് & റോഡ് പദ്ധതിയെ ഒരു വന്‍ശക്തിയായി ചൈന മാറുന്നതിന്‍റെ പ്രഖ്യാപനമായിട്ടാണ് ചൈനീസ് അനുകൂലികളെന്നപോലെ എതിരാളികളും കാണുന്നത്. ഈ സാഹചര്യത്തിലാണ് സിപിസിയുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് മാറുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ ചൈനയെ ഒരാധുനിക സോഷ്യലിസ്റ്റ് രാജ്യമായി ഉയര്‍ത്താനും ചൈനയുടെ നേട്ടങ്ങള്‍ ലോകജനതയ്ക്ക് പകര്‍ന്നുനല്‍കാനുമുള്ള സോഷ്യലിസ്റ്റ് സാര്‍വദേശീയ പ്രഖ്യാപനത്തോടെ സമാപിച്ചിരിക്കുന്നത്. •