Friday, November 22, 2024

ad

Homeമുഖപ്രസംഗംജനാധിപത്യ കേരളത്തിന്‍റെ പ്രതിഷേധമുയരട്ടെ!

ജനാധിപത്യ കേരളത്തിന്‍റെ പ്രതിഷേധമുയരട്ടെ!

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലംമുതല്‍ കേരളത്തില്‍ ഏറെ ഗവര്‍ണര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഗവര്‍ണറും മന്ത്രിസഭയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ ഉരസിയ സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞയാഴ്ച കേരളം കണ്ടത് ഇതിനുമുമ്പൊരിക്കലും മന്ത്രിസഭയും ഗവര്‍ണറും തമ്മില്‍ ഉണ്ടായിട്ടില്ലാത്ത ഏറ്റുമുട്ടലാണ്. മന്ത്രിസഭ കൈക്കൊണ്ട ഏതെങ്കിലും തീരുമാനമോ അതു സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ഉപദേശമോ ഒന്നുമല്ല ഗവര്‍ണറെ ചൊടിപ്പിച്ചത്.

മന്ത്രി കെ എന്‍ ബാലഗോപാലുമായി അദ്ദേഹം കൊമ്പുകോര്‍ത്തത് ഭരണപരമായ ഏതെങ്കിലും കാര്യത്തിലല്ല. വിദ്യാഭ്യാസത്തിന്‍റെ ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ച് കുറെ ദിവസം മുമ്പ് കേരള സര്‍വകലാശാലയില്‍ മന്ത്രി ചെയ്ത പ്രസംഗത്തിലെ ഉള്ളടക്കമാണ് ഗവര്‍ണറെ ക്രുദ്ധനാക്കിയത്. ഗവര്‍ണറെക്കുറിച്ച് ഒരു പരാമര്‍ശവും അതില്‍ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിന്‍റെ ജനാധിപത്യവല്‍ക്കരണംകൊണ്ട് കേരളത്തിന് ഒരുപാട് നേട്ടങ്ങളുണ്ടായിട്ടുണ്ട് എന്നു പറഞ്ഞാണ് തുടക്കം. കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥി എന്ന നിലയ്ക്കുള്ള തന്‍റെ അനുഭവങ്ങളും രാജ്യസഭാംഗം ആയിരിക്കെ ജെഎന്‍യുവിലെയും അലിഗഢ് സര്‍വകലാശാലയിലെയും സെനറ്റ് അംഗമായുള്ള അനുഭവങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.
മാത്രമല്ല, വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജ്യത്തെ മിക്ക പ്രമുഖ സര്‍വകലാശാലകളും സന്ദര്‍ശിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.
ഒരു പ്രധാന സംഭവം അദ്ദേഹം ഓര്‍മിച്ചു. പശ്ചിമബംഗാളിലെ മിഡ്നാപൂരില്‍ നടന്ന എസ്എഫ്ഐ, ദേശീയ സമ്മേളനത്തില്‍ വച്ചായിരുന്നു അതിന്‍റെ ദേശീയ പ്രസിഡന്‍റായി ബാലഗോപാല്‍ തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം, അവസാനിച്ച് തൊട്ടുപിന്നാലെ അദ്ദേഹത്തിനു ബനാറസ് ഹിന്ദു സര്‍വകലാശാല സന്ദര്‍ശിക്കേണ്ടിവന്നു. അവിടെ അഞ്ചുവിദ്യാര്‍ഥികള്‍ വെടിവെച്ചുകൊല്ലപ്പെട്ട സംഭവത്തെതുടര്‍ന്നായിരുന്നു അത്. പ്രക്ഷുബ്ധമായിരുന്നു അവിടുത്തെ അന്തരീക്ഷം. ആ വിദ്യാര്‍ഥികളെ വെടിവെച്ചത് ആരെന്നറിയാമോ? വൈസ്ചാന്‍സലറുടെ രക്ഷാഭടന്മാര്‍! ഉത്തര്‍പ്രദേശിലുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ക്ക് 50-60 രക്ഷാഭടന്മാരുണ്ട്. അവിടത്തെ പല സര്‍വകലാശാലകളിലെ സ്ഥിതിയും സമാനമായിരുന്നു.

അത്തരമൊരു പ്രദേശത്തുനിന്നും വരുന്ന ഒരാള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളിലെ സ്ഥിതി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. കേരളത്തിലെ സര്‍വകലാശാലകള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.  കേരള സമൂഹത്തില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാകാന്‍ ഈ സര്‍വകലാശാലകള്‍ സഹായിച്ചിട്ടുണ്ട്.

ഈ ജനകീയസ്ഥാപനങ്ങളുടെ ജനാധിപത്യം സ്വാംശീകരിക്കുന്നതിനുള്ള യത്നങ്ങള്‍ ആവശ്യമാണ്. അങ്ങനെ വിദ്യാഭ്യാസത്തെയും അക്കാദമിക ഘടനയെയും ശക്തിപ്പെടുത്തണം. അങ്ങനെ കേരളത്തിലെ വിദ്യാഭ്യാസത്തില്‍ ജനങ്ങള്‍ പങ്കാളികളാകുന്നതിനെ പ്രോത്സാഹിപ്പിക്കണം. രാജ്യത്തെ മറ്റേത് പ്രദേശങ്ങളേക്കാളും വികസിതമാണ് അത്. പല നേട്ടങ്ങളും കൈവരിക്കാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്. അതിനു നാം നമ്മുടെ സെനറ്റുകളെയും അക്കാദമിക കൗണ്‍സിലുകളെയും ശക്തിപ്പെടുത്തേണ്ടതുണ്ട് ഇതാണ് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ ചൊടിപ്പിച്ച മന്ത്രി ബാലഗോപാലന്‍റെ പ്രസംഗത്തിന്‍റെ ചുരുക്കം.

കേരളത്തിന്‍റെ സവിശേഷമായ, ജനാധിപത്യരീതിയില്‍ ഊന്നിനിന്നുകൊണ്ടുള്ള വിദ്യാഭ്യാസരംഗത്തെ, അതുവഴി വിദ്യാര്‍ഥിരംഗത്തെ, വളര്‍ച്ചയാണ് ബാലഗോപാല്‍ വിവരിച്ചത്. മറ്റൊരു സംസ്ഥാനത്തെയോ ജനവിഭാഗത്തെയോ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. അവരെക്കുറിച്ച് എന്തെങ്കിലും കുത്തുവാക്ക് പറഞ്ഞിട്ടില്ല. കേരളത്തിന്‍റെ വിദ്യാര്‍ഥികള്‍ക്കിടയിലടക്കം ജനാധിപത്യരീതികള്‍ രൂഢമൂലമാണ് എന്ന വസ്തുതയാണ് ആ പ്രസംഗം വായിക്കുന്നവര്‍ക്ക് ലഭിക്കുന്ന വാങ്മയചിത്രം.

ഈ പ്രസംഗത്തെ ചൊല്ലിയാണ് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന് മന്ത്രി ബാലഗോപാലില്‍ അപ്രീതി ഉണ്ടായതെങ്കില്‍, പറയേണ്ടത് ബാലഗോപാലിനെക്കുറിച്ചാവില്ല, പരാതിപ്പെട്ടയാളെക്കുറിച്ചാകും. അതുകൊണ്ടായിരിക്കണം മന്ത്രിയുടെ മേല്‍ നടപടിയെടുക്കണം എന്ന ഗവര്‍ണറുടെ നിര്‍ദേശത്തെ മുഖ്യമന്ത്രി അവഗണിച്ചത്. ബാലഗോപാല്‍ പറഞ്ഞത് കേരളത്തിന്‍റെ പൊതുവിലുള്ള രൂഢമൂലമായ ജനാധിപത്യപ്രസ്ഥാനത്തെക്കുറിച്ചാണ്, പ്രത്യേകിച്ച് വിദ്യാഭ്യാസരംഗത്ത്. ഇത് ഏതൊരു ജനാധിപത്യവാദിയായ കേരളീയനും അഭിമാനകരമായ നേട്ടമല്ലേ! ആ നേട്ടത്തെക്കുറിച്ച് പ്രസംഗിച്ച മന്ത്രിയുടെ മേല്‍ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ച ഗവര്‍ണര്‍ക്കല്ലേ ചികിത്സ വേണ്ടത്? അത് ആവശ്യമാണ് എന്നു സംഗതികള്‍ മനസ്സിലാക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന വിധത്തിലല്ലേ ഗവര്‍ണറുടെ പ്രതികരണങ്ങള്‍ ഉണ്ടായത്?

രാജ്യത്തെയും സമൂഹത്തെയും വിദ്യാഭ്യാസത്തെയുംകുറിച്ച് ജനാധിപത്യപരമായ ധാരണകള്‍ ഉള്ള ഒരാള്‍ക്കും മന്ത്രി ബാലഗോപാല്‍ ചെയ്ത പ്രസംഗത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വിമര്‍ശനമോ പരാതിയോ ഉണ്ടാകേണ്ടതില്ല. യുപിപോലുള്ള സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, അവിടങ്ങളിലെ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാര്‍ 50-60 രക്ഷാഭടന്മാരുടെ സംരക്ഷണത്തിലാണ് നില്‍ക്കുന്നത് എന്ന തനിക്കു നേരിട്ടുണ്ടായ അനുഭവം പറഞ്ഞതില്‍ എന്താണ് തെറ്റ്?

ഇവിടെ ഭരണപരമായ കാര്യങ്ങളിലല്ല ഗവര്‍ണറും മന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കുന്നത്. മന്ത്രി എവിടെയോ ചെയ്ത പ്രസംഗത്തെക്കുറിച്ചാണ്. അതില്‍ ഗവര്‍ണറെക്കുറിച്ചോ അദ്ദേഹത്തിന്‍റെ സംസ്ഥാനത്തെയോ രാഷ്ട്രത്തെയോ കുറിച്ചോ ഒന്നും ആക്ഷേപകരമായ പരാമര്‍ശമില്ല. മന്ത്രി ബാലഗോപാല്‍ വിദ്യാര്‍ഥി ജീവിതത്തെ, അത് കേരളത്തിലും അന്യസംസ്ഥാനങ്ങളിലും ഉള്ളതിനെക്കുറിച്ച് സ്വാനുഭവങ്ങളെ മുന്‍നിര്‍ത്തി ചെയ്ത ഒരു പ്രസംഗമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും കേരളവും തമ്മില്‍ വിദ്യാഭ്യാസകാര്യങ്ങളിലും മറ്റു കാര്യങ്ങളിലും വലിയ വ്യത്യാസമുണ്ട്, നിലവാരത്തിന്‍റെയും വ്യാപനത്തിന്‍റെയും മറ്റും ദിശകളില്‍. അതാണ് മന്ത്രി പരാമര്‍ശിച്ചത്.

അതിനെക്കുറിച്ച് ഗവര്‍ണര്‍ പരസ്യമായി പ്രതികരിക്കാന്‍ പോയതേ തെറ്റാണ്. എന്താണ് ബാലഗോപാല്‍ പറഞ്ഞത്, എന്തു പശ്ചാത്തലത്തില്‍, എന്തുദ്ദേശിച്ചാണ് എന്നെല്ലാം മനസ്സിലാക്കി വേണമായിരുന്നു ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ പരസ്യമായി പ്രതികരിക്കാന്‍. അതിനു ഗവര്‍ണര്‍ മുതിരാതിരുന്നത് ഖേദകരമാണ്, ദൗര്‍ഭാഗ്യകരമാണ്. കേരള സംസ്ഥാനവും അതിലെ മന്ത്രിയും ഗവര്‍ണറെ ഏതോ തരത്തില്‍ അപമാനിച്ചു എന്ന പ്രതീതി പരത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. എന്നാല്‍ അങ്ങനെയല്ലല്ലൊ വസ്തുതകള്‍.

ഉത്തര്‍പ്രദേശിനെക്കുറിച്ചും ആ സംസ്ഥാനത്തെ സര്‍വകലാശാലകളെക്കുറിച്ചും കേട്ടപ്പോള്‍ അത് തനിക്കെതിരെയാണ്, തന്‍റെ അന്തസിനെതിരെയാണ് എന്ന് ഗവര്‍ണര്‍ക്കുതോന്നി. അങ്ങനെ തോന്നിപ്പിക്കുന്നത് ഗവര്‍ണറുടെ പിന്നില്‍നിന്ന് ചരടുവലിക്കുന്ന സംഘപരിവാറുകാരാണെന്ന് വ്യക്തമാണ്. ഗവര്‍ണര്‍ ആര്‍എസ്എസിന്‍റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതുതന്നെ അത്യന്തം അപമാനകരമാണ്.

ഭരണഘടനാ തത്ത്വങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നിരന്തരം കാറ്റില്‍പ്പറത്തുന്ന ഗവര്‍ണര്‍ സംസ്ഥാനത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിലൂടെ അപമാനിക്കുന്നത് കേരളത്തിലെ ജനങ്ങളെ ഒന്നാകെയാണ്. മോദി സര്‍ക്കാരിന്‍റെയും ആര്‍എസ്എസിന്‍റെയും അവരുടെ പരിവാര്‍സംഘടനകളുടെയും പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ഗവര്‍ണറാണ് സ്വന്തം സ്ഥാനത്തിന്‍റെ അന്തസ്സിനെ കളഞ്ഞുകുളിക്കുന്നത്. ഇല്ലാത്ത അധികാരം പ്രയോഗിക്കാനുള്ള ആരിഫ് മൊഹമ്മദ്ഖാന്‍റെ ശ്രമം കേരളം ഒറ്റക്കൊട്ടായി ചെറുത്തേ മതിയാകൂ. അതുകൊണ്ടുതന്നെ നവംബര്‍ 15ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ രാജ്ഭവനുമുന്നില്‍ നടക്കുന്ന ജനകീയ കൂട്ടായ്മയും മറ്റു പ്രതിഷേധ പരിപാടികളും വിജയിപ്പിക്കേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.•

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + nine =

Most Popular