Sunday, July 14, 2024

ad

Homeകവര്‍സ്റ്റോറിമുന്നിലേക്ക് നോക്കാന്‍ പിന്നിലേക്കൊരെത്തിനോട്ടം

മുന്നിലേക്ക് നോക്കാന്‍ പിന്നിലേക്കൊരെത്തിനോട്ടം

ടിങ്സ് ചക്ക്, വിജയ് പ്രഷാദ്

ക്ടോബര്‍ 16 മുതല്‍ 22 വരെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈന (സിപിസി) യുടെ 20-ാം ദേശീയ കോണ്‍ഗ്രസ് ചേര്‍ന്നു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ 9.6 കോടി അംഗങ്ങളുടെ പ്രതിനിധികള്‍ പാര്‍ടിയുടെ ഉന്നത നേതാക്കളെ തിരഞ്ഞെടുക്കുന്നതിനും പാര്‍ടിയുടെ തുടര്‍ന്നുള്ള ദിശ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നതിനും യോഗം ചേരുന്നു. ഇപ്പോഴത്തെ പാര്‍ടി കോണ്‍ഗ്രസ്സിന്‍റെ മുഖ്യ വിഷയങ്ങളിലൊന്ന് “ആധുനികതയിലേക്കുള്ള ചൈനയുടെ പാത” എന്നതാണ്. കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സിപിസിയുടെ ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ് ഈ “പാത”യുടെ ചരിത്രം അവതരിപ്പിക്കുകയും മുന്നോട്ടേയ്ക്കുള്ള വഴി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ബെയ്ജിങ്ങില്‍ യഥാര്‍ഥത്തില്‍ നടന്നതും പറഞ്ഞതുമായ കാര്യങ്ങള്‍ അവഗണിച്ചിട്ട്, പകരം പാര്‍ടിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ചുള്ള ലക്കുകെട്ട ഊഹാപോഹങ്ങള്‍ അവതരിപ്പിക്കലാണ് പാര്‍ടി കോണ്‍ഗ്രസിനെ സംബന്ധിച്ച് മിക്കവാറും മാധ്യമ വിശകലനങ്ങളില്‍ കാണുന്നത് (മുന്‍ പ്രസിഡന്‍റ് ഹൂ ജിന്താവൊ അസുഖംമൂലം പെട്ടെന്ന് ഹാളില്‍ നിന്ന് പുറത്തുപോയതിനെ കുറിച്ചുള്‍പ്പെടെ). ആളുകള്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ തന്നെ ഏറെ കാര്യങ്ങള്‍ ലഭിക്കും; എന്നാല്‍ ആളുകളുടെ വായില്‍ തങ്ങള്‍ക്കുവേണ്ട വാക്കുകള്‍ തിരുകികയറ്റുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.

സോഷ്യലിസ്റ്റ് ആധുനികവല്‍ക്കരണം
1949ല്‍ ചൈനയില്‍ കമ്യൂണിസ്റ്റു പാര്‍ടി അധികാരത്തിലെത്തിയപ്പോള്‍ ലോകത്തിലെ അതിദരിദ്ര രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു ചൈന. 1839 മുതല്‍ ചൈനയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ യുദ്ധങ്ങളോടെ തുടങ്ങിയ “നാണക്കേടിന്‍റെ നൂറ്റാണ്ടി”നുശേഷം ഇതാദ്യമായി ഇപ്പോള്‍ ചൈന പ്രമുഖ ശക്തിയായിരിക്കുകയാണ്; ഇപ്പോള്‍ ചൈനീസ് ജനത 1949ലെ അവരുടെ അവസ്ഥ വെച്ചു നോക്കുമ്പോള്‍  തിരിച്ചറിയാനാവാത്ത സാമൂഹ്യ സാഹചര്യത്തില്‍ എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നടന്ന ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍നിന്നും അല്‍പദൂരം നടന്നാല്‍ ചെയര്‍മാന്‍ മാവോ സ്മാരക ഹാളില്‍ എത്തും; 1949ലെ വിപ്ലവത്തിന്‍റെ അളവറ്റ നേട്ടങ്ങളെക്കുറിച്ചും ചൈനീസ് സമൂഹത്തില്‍ അതുണ്ടാക്കിയ അനന്തരഫലങ്ങളെക്കുറിച്ചും ആളുകളെ ഓര്‍മിപ്പിക്കുന്നതാണ് ഇത്.

2012ല്‍ 18-ാം ദേശീയ കോണ്‍ഗ്രസ്സിലാണ് ഷി ജിന്‍പിങ് സിപിസിയുടെ ജനറല്‍ സെക്രട്ടറിയായത്; 2013 മാര്‍ച്ചില്‍ അദ്ദേഹം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം രാജ്യം ശ്രദ്ധേയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. സാമ്പത്തികമായി ചൈനയുടെ ജിഡിപി ഇരട്ടിയോളമായി; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയായി അത് മാറി; 59.3 ലക്ഷം കോടി യുവാനില്‍നിന്നും 114.37 ലക്ഷം കോടി യുവാനായാണ് (2013- 2021) അത് വളര്‍ന്നത്; പ്രതിവര്‍ഷം 6.6 ശതമാനം നിരക്കില്‍ ചൈനീസ് സമ്പദ്ഘടന വികസിച്ചു. അതേസമയം തന്നെ പ്രതിശീര്‍ഷ ജിഡിപി ഇരട്ടിയിലധികമായി; അങ്ങനെ ചൈന ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുടെ കൂട്ടത്തിലെത്തി. ലോകസമ്പദ്ഘടനയുടെ കാര്യമെടുത്താല്‍, ആഗോള ജിഡിപിയുടെ 18.5 ശതമാനം ചൈനയുടെ സംഭാവനയാണ്; ലോകത്തെ ചരക്കുല്‍പ്പാദനത്തില്‍ 30 ശതമാനവും ചൈനയുടേതാണ് – ഒരു പതിറ്റാണ്ട് മുന്‍പ് ഇത് 20 ശതമാനമായിരുന്നു. 1978ല്‍ സാമ്പത്തിക പരിഷ്കാരം ആരംഭിച്ചതിനെത്തുടര്‍ന്ന് ദശകങ്ങളായുള്ള, ചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമായ വിധമുണ്ടായ പ്രതിവര്‍ഷം 9.8 ശതമാനം വളര്‍ച്ചാ നിരക്ക്  എന്നത് ഇതിനോട് ചേര്‍ത്തുവെയ്ക്കപ്പെട്ടു. സാമ്പത്തികരംഗത്തെ ഈ നേട്ടങ്ങള്‍ നിശ്ചയമായും ചരിത്രപ്രാധാന്യമുള്ളതാണ്; എന്നാല്‍ വെല്ലുവിളികളും പ്രത്യാഘാതങ്ങളുമൊന്നും കൂടാതെ ഉണ്ടായ നേട്ടങ്ങളല്ല അവ.

ഈ കോണ്‍ഗ്രസ്സിന്‍റെ ഉദ്ഘാടനവേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു പതിറ്റാണ്ടു മുന്‍പ് ചൈനീസ് ജനത നേരിട്ടിരുന്ന അവസ്ഥയെക്കുറിച്ച് ഷി സംസാരിച്ചു : “പരിഷ്കരണം, തുറന്നുകൊടുക്കല്‍, സോഷ്യലിസ്റ്റ് ആധുനികവല്‍ക്കരണം എന്ന സമീപനങ്ങളിലൂടെ കൈവരിച്ച മഹത്തായ നേട്ടങ്ങളാണിവ…. എന്നാല്‍ അതേസമയംതന്നെ, അസംഖ്യം പ്രമുഖ വിഷയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും (ഇവയില്‍ ചിലവ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും മറ്റുള്ളവ അടുത്തയിടെ ഉയര്‍ന്നുവന്നതുമാണ്) അടിയന്തര നടപടി വേണ്ടതായിട്ടുണ്ട്”. തുടര്‍ന്ന് അദ്ദേഹം “ദുര്‍ബലവും പൊള്ളയായതും വെള്ളം ചേര്‍ക്കപ്പെട്ടതുമായ പാര്‍ടി നേതൃത്വത്തിലേക്കുള്ള വഴുതിമാറലിനെ” സംബന്ധിച്ച് പറഞ്ഞു; “അസന്തുലിതവും ഏകീകരണമില്ലാത്തതും സുസ്ഥിരമല്ലാത്തതുമായ” വികസന പ്രക്രിയയിലെ ആഴത്തില്‍ വേരുറച്ച പ്രശ്നങ്ങള്‍, പണത്തിനോടുള്ള ആര്‍ത്തി, സുഖാസക്തി, അഹന്ത, ചരിത്രപരമായ നിഷേധാത്മകത” എന്നിവയെല്ലാമാണ് നേരിടുന്ന പ്രശ്നങ്ങള്‍.

അഴിമതി
ഒരു പതിറ്റാണ്ടുമുന്‍പ്, സിപിസിയുടെ പതിനെട്ടാം ദേശീയ കോണ്‍ഗ്രസ്സിലെ തന്‍റെ പ്രസംഗത്തില്‍, സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി ഹൂ ജിന്താവൊ 18 തവണയാണ് “അഴിമതി” എന്ന വാക്ക് പരാമര്‍ശിച്ചത്. “ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ നാം പരാജയപ്പെടുകയാണെങ്കില്‍, അത് പാര്‍ടിയെ സംബന്ധിച്ചിടത്തോളം മാരകമാണെന്ന് തെളിയിക്കപ്പെടും; പാര്‍ടിയുടെ തകര്‍ച്ചയ്ക്കും ഭരണകൂടത്തിന്‍റെ തകര്‍ച്ചയ്ക്കും വരെ അതിടയാക്കും” എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്. ഈ പ്രശ്നം കൈകാര്യം ചെയ്യലായിരുന്നു ഷി ജിന്‍പിങ്ങിന്‍റെ ആദ്യ ദൗത്യം. പാര്‍ടി തലവനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍, “ഒരേ സമയം കടുവകളെയും ഈച്ചകളെയും നേരിടുന്നതിന്” താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ഷി പറഞ്ഞു; അത്യുന്നതങ്ങള്‍ മുതല്‍ തൃണമൂലതലം വരെ വ്യാപിച്ചിരിക്കുന്ന അഴിമതിയെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. അംഗങ്ങള്‍ക്കായി “എട്ടിന” നടപടികള്‍ക്ക് പാര്‍ടി രൂപം നല്‍കി; അപ്രധാനമായ യോഗങ്ങള്‍, ആഡംബരപൂര്‍ണമായ സല്‍ക്കാരങ്ങള്‍ തുടങ്ങിയ നടപടികള്‍ പരിമിതപ്പെടുത്തുന്നതിനു നിര്‍ദ്ദേശിക്കുകയും കഠിനാദ്ധ്വാനം ചെയ്യാനും മിതവ്യയത്തിനുമായി വാദിക്കുകയും ചെയ്തു.

ഒരു വര്‍ഷത്തിനുള്ളില്‍, 25 ശതമാനം ഔദ്യോഗിക യോഗങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു; ഗവണ്‍മെന്‍റ് സേവനത്തില്‍നിന്നും 1,60,000 “അനാവശ്യ ജീവനക്കാര്‍” നീക്കം ചെയ്യപ്പെട്ടു; അനാവശ്യമായ 2,580 ഔദ്യോഗിക കെട്ടിട നിര്‍മാണ പദ്ധതികള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇരുപത് ലക്ഷത്തിലേറെ പാര്‍ടി അംഗങ്ങള്‍ അന്വേഷണവിധേയരായി; തെറ്റായ നടപടികളുടെ പേരില്‍ 8 ലക്ഷം പേര്‍ പാര്‍ടിയില്‍നിന്നും പുറത്താക്കപ്പെട്ടു. അഴിമതിയുടെ പേരില്‍ 43 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ആറ് പൊളിറ്റ് ബ്യൂറോ അംഗങ്ങളും ശിക്ഷിക്കപ്പെട്ടു; ഇതില്‍ മുന്‍മന്ത്രിമാരും പ്രവിശ്യാ ഗവര്‍ണര്‍മാരും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍കിട ബാങ്കുകളുടെ പ്രസിഡന്‍റുമാരും ഉള്‍പ്പെടുന്നു.

1978നുശേഷമുണ്ടായ വലിയ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ സിപിസി അംഗങ്ങള്‍ ജനങ്ങളില്‍നിന്ന് വലിയ തോതില്‍ അകന്നതിലുള്ള ഉല്‍ക്കണ്ഠ പ്രതിഫലിപ്പിക്കുന്നതായിരുന്നു ജിന്താവൊയുടെ പരാമര്‍ശങ്ങളും ഷി ജിന്‍പിങ്ങിന്‍റെ നടപടികളും. പ്രസിഡന്‍റായതിനെ തുടര്‍ന്നുള്ള ആദ്യ മാസങ്ങളില്‍ പാര്‍ടിയെ തൃണമൂലതലത്തിലേക്ക് അടുപ്പിക്കുന്നതിനായി  ഷി “ബഹുജന കാംപെയ്ന്‍” ആരംഭിച്ചു. 2014ല്‍ ആരംഭിച്ച “ടാര്‍ജറ്റഡ് പൊവര്‍ട്ടി അലിവിയേഷന്‍” കാംപെയ്ന്‍റെ ഭാഗമായി 30 ലക്ഷം പാര്‍ടി കാഡര്‍മാരെ 1,28,000 ഗ്രാമങ്ങളില്‍ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും അയച്ചു. 2020ല്‍ കോവിഡ് 19 മഹാമാരി ആയിട്ടും ചൈന വിജയകരമായി അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു; കഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളില്‍ ആഗോളതലത്തില്‍ നടന്ന ദാരിദ്ര്യനിര്‍മാര്‍ജനത്തിന്‍റെ 76 ശതമാനവും സംഭാവന ചെയ്തത് ചൈനയാണ്.

പാര്‍ടിയുടെ സ്വയംതിരുത്തലിനുപുറമേ അഴിമതിക്കാരായ “ഈച്ചകള്‍ക്കും കടുവകള്‍ക്കു”മെതിരായ ഷിയുടെ ശക്തമായ വാക്കുകളും നടപടികളും ഗവണ്‍മെന്‍റിലുള്ള ചൈനീസ് ജനതയുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനിടയാക്കി. 2020ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠന പ്രകാരം ചൈനയിലെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ജനങ്ങള്‍ക്കിടയിലെ അംഗീകാരം 93.1 ശതമാനമാണ്; നാട്ടിന്‍പുറങ്ങളിലെ ഏറെ വികസ്വരമയ മേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കാണുന്നത്. ഗ്രാമീണ മേഖലകളിലെ ആത്മവിശ്വാസത്തിന്‍റെ ഈ ഉയര്‍ച്ച വര്‍ധിച്ച തോതിലുള്ള സാമൂഹിക സേവനങ്ങളുടെയും പ്രാദേശിക അധികാരികളിലുള്ള വിശ്വാസത്തിന്‍റെയും ദാരിദ്ര്യത്തിനെതിരായ കാംപെയ്ന്‍റെയും ഫലമാണ്.

ചരിത്രത്തിന്‍റെ ശരിയായ വശം
ചൈനയുടെ “നാണക്കേടിന്‍റെ നൂറ്റാണ്ട്” ഉള്‍പ്പെടെയുള്ള കൊളോണിയലിസത്തിന്‍റെ ചരിത്രവും ചൈനയുടെ മുന്നോട്ടുപോക്കിന് ഇതുണ്ടാക്കാവുന്ന അനന്തരഫലങ്ങളുമാണ് ഇരുപതാം കോണ്‍ഗ്രസില്‍ ഷി പ്രതിഫലിപ്പിച്ചത്. ഷി ഇങ്ങനെ പറഞ്ഞു, “ആധുനികവല്‍ക്കരണവുമായി മുന്നോട്ടുപോകുന്നതിന് ചില രാജ്യങ്ങള്‍ നടപ്പാക്കിയ യുദ്ധത്തിന്‍റെയും കൊളോണിയലിസത്തിന്‍റെയും കൊള്ളയുടെയും പാത ചൈന പിന്തുടരില്ല. മറ്റുള്ളവരുടെ ചെലവില്‍ സമ്പന്നമാകുന്നതിനുള്ള നിഷ്ഠുരവും ചോരക്കറയുള്ളതുമായ ആ പാതയാണ് വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വളരെയേറെ ദുരിതങ്ങള്‍ക്ക് കാരണമായത്. നാം ചരിത്രത്തിന്‍റെ ശരിയായ വശത്തും മനുഷ്യ പുരോഗതിയുടെ വശത്തും ഉറച്ചുനില്‍ക്കും”.

തങ്ങളുടെ രാജ്യത്തിന് ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്നാണ് ചൈനീസ് അധികൃതര്‍ പതിവായി നമ്മോടു പറയുന്നത്. മാനവരാശിയുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനും അതിനായി ശ്രമിക്കാനും മറ്റു രാജ്യങ്ങളുമായി സഹകരിക്കാനാണ് ചൈന താല്‍പര്യപ്പെടുന്നത്. ഉദാഹരണത്തിന്, ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് 2013ല്‍ ആരംഭിച്ചത് വിജയകരമായി വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്; 120 രാജ്യങ്ങളില്‍ ഒരു ലക്ഷം കോടി ഡോളറിന്‍റെ നിക്ഷേപത്തോടെ അവശ്യംവേണ്ട പശ്ചാത്തല സൗകര്യവികസനം അങ്ങനെ കെട്ടിപ്പടുക്കുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ലോകത്താകെ ഉണ്ടാക്കിയ പുതിയ വനങ്ങളുടെ നാലിലൊന്നും നട്ടു പിടിപ്പിച്ചുകൊണ്ടും, വൈദ്യുതി വാഹന ഉല്‍പാദനത്തിലും പുതുക്കാവുന്ന ഊര്‍ജ നിക്ഷേപത്തിന്‍റെ കാര്യത്തിലും ലോകത്തെ നായകസ്ഥാനത്തുനിന്നുകൊണ്ടും ചൈന കാലാവസ്ഥാ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള തങ്ങളുടെ താല്‍പര്യം വെളിപ്പെടുത്തുകയാണ്. പൊതുജനാരോഗ്യത്തിന്‍റെ കാര്യത്തില്‍; ചൈന ഒരു കോവിഡ് 19 നയം അംഗീകരിച്ചു; ലാഭത്തിലുപരി മനുഷ്യജീവന് മുന്‍ഗണന നല്‍കുന്നതാണ് ആ നയം; 32.5 ലക്ഷം വാക്സിനുകളാണ് ചൈന സംഭാവനയായി നല്‍കിയത്. ദശലക്ഷക്കണക്കിനു ജീവനുകളാണ് അങ്ങനെ രക്ഷിച്ചത്. തല്‍ഫലമായി, ചൈനീസ് ജനതയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.2 വയസ്സിലെത്തി; ഇതാദ്യമായി അമേരിക്കയുടെ ആയുര്‍ദൈര്‍ഘ്യത്തിനു മുന്നിലായി ചൈന; രണ്ടാംലോക യുദ്ധാനന്തരമുള്ള ഏറ്റവും വലിയ ആയുര്‍ദൈര്‍ഘ്യ ഇടിവിനാണ് അമേരിക്ക ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

തങ്ങളുടെ സാമൂഹ്യവികാസത്തിന്‍റെ സുദീര്‍ഘമായ പ്രക്രിയയുടെ പശ്ചാത്തലത്തിലല്ലാതെ ചൈനയിലെ കമ്യൂണിസ്റ്റുകാര്‍ സംഭവങ്ങളെ കാണാറില്ല. ഇരുപത്തിയഞ്ച് വര്‍ഷത്തെയും 50 വര്‍ഷത്തെയും നിശ്ചയമായും 100 വര്‍ഷത്തെപോലും സമയപരിധിവെച്ചാണ് അവര്‍ ചിന്തിക്കുന്നത്. ഇരുപത്തിയേഴ് വര്‍ഷം കഴിയുമ്പോള്‍ ചൈന വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കും. 1997ല്‍ തന്നെ ചൈനയുടെ പ്രസിഡന്‍റ് ജിയാങ് സെമിന്‍ രണ്ട് ശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് പറഞ്ഞു – കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിച്ചതിന്‍റെ (1921) നൂറാം വാര്‍ഷികവും ചൈനീസ് വിപ്ലവത്തിന്‍റെ (1949) നൂറാം വാര്‍ഷികവും. ആ കാലത്ത് ഊന്നല്‍ നല്‍കിയത് വളര്‍ച്ചാനിരക്കിലാണ്. 2017ല്‍ ഈ ലക്ഷ്യങ്ങളുടെ ഊന്നലില്‍, “കഠിനമായ മൂന്നു പോരാട്ടങ്ങള്‍” എന്ന നിലയില്‍ ഷി ജിന്‍പിങ് മാറ്റം വരുത്തി – മുഖ്യ ധനകാര്യ വിപത്തുകളിലെ പ്രതിസന്ധിക്ക് പരിഹാരം കാണല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, മലിനീകരണ നിയന്ത്രണം. ചൈനയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ചൈനീസ് ജനതയുടെ അന്തസ്സ് ഉയര്‍ത്തുന്നതിനുമുള്ള ആ “കഠിനമായ പോരാട്ടങ്ങള്‍”ക്കും അപ്പുറം കടന്നുപോയിരിക്കുകയാണ് 20-ാം പാര്‍ടി കോണ്‍ഗ്രസ്സ്•

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 4 =

Most Popular