Sunday, July 14, 2024

ad

Homeകവര്‍സ്റ്റോറിസമാനതകളില്ലാത്ത ചൈനയുടെ സാമ്പത്തിക പരീക്ഷണങ്ങള്‍

സമാനതകളില്ലാത്ത ചൈനയുടെ സാമ്പത്തിക പരീക്ഷണങ്ങള്‍

കെ എസ് രഞ്ജിത്ത്

രണകൂടമോ കമ്പോളമോ, ഒരു രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ ആത്യന്തികമായി നിയന്ത്രിക്കേണ്ട ശക്തി ഏതായിരിക്കണം? മുഖ്യധാരാ സാമ്പത്തികശാസ്ത്ര വ്യവഹാരത്തെ പിന്തുടരുന്നവര്‍ക്ക് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി  തുടരുന്ന പ്രഹേളികയാണിത്. നീണ്ട കാലയളവില്‍ വ്യത്യസ്ത സാമ്പത്തികവ്യവസ്ഥകള്‍ പിന്തുടര്‍ന്നു പോന്നിരുന്ന രാജ്യങ്ങളുടെ അനുഭവങ്ങള്‍ പലതും ഇന്ന് ഇത് സംബന്ധിച്ച വിലയിരുത്തലിനായി  നമ്മുടെ മുന്നിലുണ്ട്. മുപ്പതുകളിലെ മഹാമാന്ദ്യകാലത്തു പോലും തകരാതെ മുന്നേറിയ, യൂറോപ്പിലെ ഏറ്റവും പിന്നാക്കപ്രദേശങ്ങളിലൊന്നായിരുന്നിട്ടുപോലും മുഴുവന്‍ ജനതയ്ക്കും അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഉറപ്പാക്കിയതില്‍ വിജയിച്ച, സമ്പൂര്‍ണ ആസൂത്രണത്തെ അടിസ്ഥാനമാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെ  സോവിയറ്റ് സമ്പദ്വ്യവസ്ഥയും, നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ചൂഷണത്തില്‍ നിന്നും കൈവശം വന്ന മൂലധനത്തെ  ആധാരമാക്കി നടപ്പിലാക്കിയ വ്യവസായ വിപ്ലവവും അതിന്‍റെ പിന്തുടര്‍ച്ചയായ കമ്പോളാധിഷ്ഠിത യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയും, രാഷ്ട്രീയാധികാരപ്രയോഗത്തിന്‍റെ പിന്‍ബലത്തില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ നേതൃത്വത്തില്‍ നടപ്പിലാക്കപ്പടുന്ന നിയോലിബറല്‍ സാമ്പത്തികക്രമം ഇന്നു നേരിടുന്ന പ്രതിസന്ധികളുമെല്ലാം വസ്തുതാപരമായ പരിശോധനയ്ക്കായി ലോകത്തിനു മുന്നിലുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈന കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ലോകത്തെ ഏറ്റവും പ്രധാന സമ്പദ്വ്യവസ്ഥയായത് എങ്ങനെയെന്ന് പലരും അത്ഭുതംകൊള്ളുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയില്‍ ഭരണകൂടത്തിന്‍റെ പങ്കും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തീരുമാനങ്ങളും എത്ര സുപ്രധാനമാണ് എന്ന് ചൈന വീണ്ടും വീണ്ടും ലോകത്തിനു കാട്ടിക്കൊടുക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസ്സ് ഇത്രകണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചതും  ഇതിനാലാണ്. ഏതു വഴിക്കാണ് ചൈനയുടെ അടുത്ത ചുവടുവെയ്പുകള്‍ എന്ന് ലോകം സശ്രദ്ധം വീക്ഷിക്കുന്നതും പ്രധാനമായും  ഇക്കാരണത്താലാണ്.

സമാനതകളില്ലാത്ത സാമ്പത്തിക വളര്‍ച്ച
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ചൈനയുടെ സാമ്പത്തിക വളര്‍ച്ച എല്ലാ അര്‍ത്ഥത്തിലും അമ്പരിപ്പിക്കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ചരിത്രത്തില്‍ ഇതിനു സമാനതകളില്ല. 1980കളുടെ ആരംഭത്തില്‍ വളരെ താഴ്ന്ന നിലയിലായിരുന്നു ചൈനീസ് സമ്പദ്വ്യവസ്ഥയുടെ സ്ഥിതി. ചൈന പുതിയ സാമ്പത്തിക പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത് ഈ സമയത്താണ്. ഇങ്ങനെ പിന്നാക്കാവസ്ഥയില്‍ കിടന്ന ഒരു രാജ്യം ഏതാനും പതിറ്റാണ്ടുകള്‍കൊണ്ട് ലോകത്തെ ഏറ്റവും സുപ്രധാന സാമ്പത്തിക ശക്തിയായതും, ആഗോള ഉല്പാദനവ്യവസ്ഥയുടെ കേന്ദ്രമായി മാറുന്നതും ലോകത്തിന്‍റെയാകെ നിര്‍മാണശാലയായി മാറിത്തീരുന്നതും (Manufacturing workshop of the world) വളരെ ചുരുങ്ങിയ കാലയളവിലാണ്. ഇന്ന് ആഗോള ഉല്പാദന ശൃംഖലയില്‍ ഏറ്റവും നിര്‍ണായകപ്രാധാന്യമുള്ള  രാജ്യം ചൈനയാണ്.ഇലക്ട്രോണിക് ഉപഭോക്തൃ ഉത്പന്നങ്ങളുടെ കാര്യത്തിലായാലും നിര്‍മാണ സാമഗ്രികളുടെ കാര്യത്തിലായാലും മോട്ടോര്‍ വാഹന നിര്‍മാണ സാമഗ്രികളുടെ കാര്യത്തിലായാലും ഇതാണ് സ്ഥിതി.

സാമ്പത്തികരംഗത്തുണ്ടായ ഈ വളര്‍ച്ച ചൈനയിലെ 140 കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടാക്കിയ വമ്പിച്ച മാറ്റമാണ് ഏറ്റവും  വിപ്ലവകരമായ സംഗതി. ലോകജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്ന് ജനങ്ങള്‍ ചൈനയിലാണ് ജീവിക്കുന്നത് എന്ന വസ്തുത കൂടിയുണ്ട്. വലിയ ജീവിതനിലവാരം നിലനില്‍ക്കുന്ന ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും വളരെക്കുറഞ്ഞ ജനസഖ്യമാത്രമുള്ളവയാണെന്നു കൂടി  ഓര്‍ക്കുമ്പോഴാണ് മാനവ വികസന സൂചികകളില്‍ ചൈന കൈവരിച്ച ഈ മുന്നേറ്റത്തിന്‍റെ മാറ്റ് കൂടുന്നത്. (ഏറ്റവുമുയര്‍ന്ന ജീവിതനിലവാരമുള്ള സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ രാജ്യമായ സ്വീഡനിലെ ജനസംഖ്യ ഒരു കോടിമാത്രമാണ്, മറ്റൊരു യൂറോപ്യന്‍ രാജ്യമായ ലക്സംബര്‍ഗിലേത് 5 ലക്ഷം മാത്രമാണ് !!) ചൈനയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെകഴിയുന്ന ജനങ്ങളുടെ ശതമാനം 1981 ല്‍  73.5 ശതമാനം ആയിരുന്നത് 2005 ആയപ്പോഴേയ്ക്ക് 8.1 ശതമാനമായി കുറഞ്ഞു. കാല്‍ നൂറ്റാണ്ടിനിടയില്‍ 50 കോടിയിലധികം വരുന്ന ജനങ്ങളാണ് ഭൗതിക സാഹചര്യങ്ങളില്‍ ഇത്തരത്തിലൊരു മുന്നേറ്റം നടത്തിയത്.1980 കളുടെ തുടക്കത്തില്‍ ഇന്ത്യയും ചൈനയും ഏതാണ്ടെല്ലാ സാമ്പത്തിക സൂചികകളുടെ കാര്യത്തിലും ഒരേ നിലവാരത്തിലായിരുന്നു. ഏതാണ്ട് ഒരേ കാലയളവില്‍, സാമ്പത്തിക രംഗത്ത് ഭരണകൂടത്തിന്‍റെ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയ ചൈനയും ആഗോളമൂലധനത്തിനു കേവലമായി വാതായനങ്ങള്‍ തുറന്നു കൊടുത്ത ഇന്ത്യയും എത്തിച്ചേര്‍ന്നത് എത്ര വ്യത്യസ്തമായ തലങ്ങളിലാണ് എന്നത്  വിശദമായി  പരിശോധിക്കപ്പെടേണ്ടതാണ്.

വികസ്വര രാജ്യങ്ങള്‍ക്ക് പാഠം
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ചൈനയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞ സാമ്പത്തിക മുന്നേറ്റങ്ങള്‍ ദശകങ്ങളോളം തുടര്‍ച്ചയായി നിലനിര്‍ത്തുവാന്‍ കഴിയുമെന്ന് സാമ്പത്തികവിദഗ്ധരാരുംതന്നെ തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. സമ്പദ്വ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തിക്കൊണ്ടുപോവുക എന്നതുമാത്രമല്ല വെല്ലുവിളി, കമ്പോളത്തിന്‍റെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ത്വരിത സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന നടപടികള്‍  സ്വീകരിക്കുന്നത് ചൈനയുടെ രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുമെന്നും പാശ്ചാത്യ പണ്ഡിതര്‍ പലരും വിധിയെഴുതി. പക്ഷേ സമ്പദ്വ്യവസ്ഥയ്ക്കൊപ്പം രാഷ്ട്രീയഘടനയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും അവിടെ  ദൃഢതരമാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇത് ചൈനയ്ക്ക് സാധ്യമായത് എന്തുകൊണ്ടാണ് ? ചൈനയുടെ വികസന മാതൃകകളില്‍ വളരെ തനതായ സവിശേഷതകള്‍ എന്തെങ്കിലുമുണ്ടോ?രാഷ്ട്രീയവും സാമ്പത്തികവുമായ എന്ത് പ്രതിഭാസമാണ് ഇതിനു പിന്നില്‍ ? ലോകത്തിലെ മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് ഇതില്‍നിന്ന് എന്തെങ്കിലും പഠിക്കുവാനുണ്ടോ? ഈ ഹ്രസ്വമായ കുറിപ്പിലൂടെ ഇത് സംബന്ധിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ശ്രമിക്കുന്നത്.

എണ്‍പതുകള്‍ക്കുശേഷം ചൈന നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളെ വിമര്‍ശിക്കുന്നവര്‍ പ്രധാനമായും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലുള്ളവരാണ്. ചൈന മുതലാളിത്തത്തിനുകീഴടങ്ങി എന്ന് ആശങ്കപ്പെടുന്ന ഒരു കൂട്ടര്‍, പാശ്ചാത്യജനാധിപത്യ മാതൃകകള്‍ സ്വീകരിക്കാതെ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായി ചൈന തുടരുന്നു  എന്ന് കുറ്റപ്പെടുത്തുന്ന മറ്റൊരു കൂട്ടര്‍. തങ്ങള്‍ ധരിച്ചിരിക്കുന്ന കണ്ണടയുടെ പരിമിതികള്‍ കൊണ്ട് ചൈനയുടെ സവിശേഷ വികസന മാതൃക കാണാന്‍ ഇവര്‍ക്ക് കഴിയാതെ പോയി എന്നതാണ് യാഥാര്‍ഥ്യം.

എണ്‍പതുകള്‍ക്കുശേഷം ചൈന നടപ്പിലാക്കിയത് ഏകമുഖമായ സാമ്പത്തിക തന്ത്രങ്ങളായിരുന്നില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ചൈനയിലെ വിപ്ലവാനന്തര കമ്യൂണിസ്റ്റ് ഭരണകൂടം ഊന്നല്‍ കൊടുത്ത സാര്‍വത്രികമായ വിദ്യഭ്യാസത്തിന്‍റെയും ആരോഗ്യരക്ഷാ സൗകര്യങ്ങളടക്കമുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെയും  ഗുണഭോക്താക്കളായ വലിയൊരു ജനവിഭാഗമാണ് ഈ സാമ്പത്തിക പരീക്ഷണങ്ങള്‍ സാധ്യമാക്കിയത് എന്നതാണ് മറ്റൊരു കാര്യം. താഴെ തട്ടുവരെ ശക്തമായ പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങളും അധികാരവികേന്ദ്രീകരണവുമാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ക്ക് തുണയായത് എന്നതാണ് മറ്റൊരു സുപ്രധാന വസ്തുത. അന്ധമായ കമ്യൂണിസ്റ്റ് വിരോധമോ മുതലാളിത്ത സ്ഥാപനങ്ങളോടുള്ള ഭക്തിയോ തങ്ങളുടെ ചിന്തയെ നയിക്കുന്ന സംവര്‍ഗങ്ങളുടെ പരിമിതിയോമൂലം പല ചൈനീസ് വിമര്‍ശകര്‍ക്കും ഇത് കാണാന്‍ കഴിയാതെ പോയി എന്നുമാത്രം.

മനുഷ്യവിഭവശേഷിക്ക് ഊന്നല്‍
ആദ്യഘട്ടത്തില്‍ ചൈന നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത് അവിടെ ഏറ്റവും സമ്പന്നമായി ലഭ്യമായിരുന്ന  മനുഷ്യവിഭവശേഷിയെ ഉപയോഗിപ്പെടുത്തിക്കൊണ്ടുള്ള,സാങ്കേതികവിദ്യാപ്രധാനമല്ലാത്ത, സാമ്പത്തിക തന്ത്രങ്ങള്‍ക്കായിരുന്നു. തൊഴില്‍ ശക്തിക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള തന്ത്രമാണ് (Labour Intensive Economic Strategies എന്ന് മുഖ്യധാരാ സാമ്പത്തികശാസ്ത്രം ഇതിനെ വിളിക്കുന്നു)ചൈന ആവിഷ്കരിച്ചതും നടപ്പിലാക്കിയതും. ഐഎംഎഫ് കുറിപ്പടിയുമായി സാമ്പത്തിക പരിഷ്കാരങ്ങള്‍ സമീപകാലത്ത് നടപ്പിലാക്കിയ മറ്റു രാജ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമായിരുന്നു ഇത്. അന്താരാഷ്ട്ര നാണയ നിധി രൂപകല്‍പന ചെയ്ത,സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കുതകുന്ന, മൂലധന കേന്ദ്രീകൃതമായ വികസന തന്ത്രമല്ല ആദ്യഘട്ടത്തില്‍ ചൈന സ്വീകരിച്ചത്. ധനമൂലധനത്തിനു വാതില്‍ തുറന്നുകൊടുക്കുകയും അതുപയോഗിച്ച് ഇറക്കുമതി ചെയ്യുന്ന വന്‍കിട യന്ത്രവല്‍ക്കരണങ്ങളിലേക്കു പോകുന്നതിനും പകരം ആദ്യഘട്ടത്തില്‍ ചൈന ശ്രമിച്ചത് അവിടെ ഏറ്റവും കൂടുതല്‍ ലഭ്യമായ ഗുണമേന്മയുള്ള സാമ്പത്തിക ഘടകമായ മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തിയുള്ള ഉല്പാദന സമ്പ്രദായത്തിന് ഊന്നല്‍ നല്‍കുക എന്നതായിരുന്നു. ഏതാനും ദശകങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാട്ടില്‍ പരക്കെ ലഭ്യമായിരുന്ന വിലകുറഞ്ഞ ചൈനീസ് ഉല്പന്നങ്ങള്‍,കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ചെറുകിട ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ  ഈ രീതിയില്‍ നിര്‍മിക്കപെട്ടവയാണ്. ഇതേ ചൈന ഇന്ന് ലോകത്തെ ഏറ്റവും സങ്കീര്‍ണമായ, ഗുണമേന്മയേറിയ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും നിര്‍മിക്കുന്നു എന്നത് വേറെ കാര്യം. ഇരുന്നിട്ട് വേണം കാലുനീട്ടാന്‍ എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുകയായിരുന്നു ചൈന.

കൃഷിയിടങ്ങളിലും മറ്റും കൂടുതല്‍ സ്വാതന്ത്ര്യം കുടുംബങ്ങള്‍ക്ക് കൊടുക്കുക എന്നതായിരുന്നു അടുത്ത നടപടി. അധിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും അങ്ങനെ സമാഹരിക്കുന്ന തുക കൈവശം വയ്ക്കുവാനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. വിപ്ലവാനന്തര റഷ്യയില്‍ ലെനിന്‍ നടപ്പിലാക്കിയ  പുത്തന്‍ സാമ്പത്തിക നയങ്ങളെ (New Economic Policy)  ഓര്‍മിപ്പിക്കുന്ന ഒന്നാണിത്.

പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സാമ്പത്തിക സംഘാടനമായിരുന്നു പിന്നീട് നടപ്പിലാക്കിയത്. Town and Village Enterprise (TVE) എന്ന് അറിയപ്പെടുന്ന ഇവ നമ്മുടെ നാട്ടിലെ സഹകരണ സംഘങ്ങളുടെ മാതൃക ഏതാണ്ട് പിന്തുടരുന്നവയായിരുന്നു. പലതും പ്രാദേശിക കമ്യൂണിസ്റ്റു ഘടകങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവ കൂടിയായിരുന്നു. ഇത്തരം രാഷ്ട്രീയ പരിരക്ഷകളുള്ളപ്പോഴും ഈ സ്ഥാപനങ്ങള്‍ കാര്യക്ഷമമായും ഉല്പാദനക്ഷമമായും നടക്കും എന്ന കാര്യം ചൈനീസ് ഭരണകൂടം ഉറപ്പു വരുത്തിയിരുന്നു.

സമീപകാലംവരെയും ചൈനയുടെ വളര്‍ച്ചയിലും  ആഭ്യന്തരോത്പാദനത്തിലും കയറ്റുമതിക്കും വിദേശനിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള (FDI) വ്യവസായങ്ങള്‍ക്കുമുള്ള പങ്ക് താരതമ്യേന കുറവായിരുന്നു.ആഗോള വ്യാപാരത്തില്‍ വലിയ കുതിച്ചുകയറ്റമുണ്ടായ 2002-2007 കാലയളവില്‍പോലും ആഭ്യന്തരോത്പാദനത്തിന്‍റെ 15 ശതമാനം പങ്ക് മാത്രമേ കയറ്റുമതിക്കുണ്ടായിരുന്നുള്ളൂ.

എന്നാല്‍ 1990 കളുടെ അവസാനം സാങ്കേതികവിദ്യാപ്രധാനമായ,  മൂലധനകേന്ദ്രിതമായ രീതിയിലേക്ക് ചൈന വികസന തന്ത്രങ്ങള്‍ മാറ്റി. ചൈന നടപ്പിലാക്കിയ വികസന തന്ത്രങ്ങളെ പൊതുവെ ഇങ്ങനെ ചുരുക്കി കാണാം:

1. മനുഷ്യ വിഭവശേഷിക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആദ്യഘട്ടം. ഇതിനായി മനുഷ്യവിഭവശേഷി വര്‍ധനവിനായി  വമ്പിച്ച നിക്ഷേപം നടത്തുക. വിപ്ലവാനന്തര ഭരണകൂടങ്ങള്‍ ഇതിനായി നടത്തിയ പരിശ്രമങ്ങളുടെ ഗുണഫലം പൂര്‍ണമായി ഉപയോഗപ്പെടുത്തുക.

2. സമ്പദ്വ്യവസ്ഥ വികസിക്കുന്നതിനനുസൃതമായി കമ്പോളത്തിന്‍റെ സങ്കേതങ്ങള്‍ക്ക് നിയന്ത്രിത വളര്‍ച്ച  അനുവദിക്കുക.

3. കുടുംബകേന്ദ്രിതമായ സംരംഭകത്വം അനുവദിക്കുക. അതോടൊപ്പം പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സംരഭങ്ങള്‍ ആരംഭിക്കുക.

4. താഴെ തട്ടില്‍  വന്‍തോതിലുള്ള അധികാരവികേന്ദ്രീകരണം നടപ്പിലാക്കുക. ധനപരമായ അധികാരങ്ങള്‍ പ്രാദേശിക ഭരണ സമിതികള്‍ക്ക് വലിയ അളവില്‍ നല്‍കുക. ആഭ്യന്തര വരുമാനത്തിന്‍റെ ഏതാണ്ട് 40 ശതമാനവും  കൈകാര്യം ചെയ്തിരുന്നത് പ്രാദേശിക ഭരണകൂടങ്ങളായിരുന്നു.

5. മനുഷ്യവിഭവ ശേഷിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുക. എല്ലാവരെയും സാക്ഷരരാക്കുകയും മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരം എല്ലാവര്‍ക്കും ഉറപ്പുവരുത്തുകയും ചെയ്യുക. മനുഷ്യ വിഭവശേഷിയില്‍ നല്‍കിയ ഈ ഊന്നലാണ് ലോകത്തിന്‍റെയാകെ നിര്‍മാണശാലയായി ചൈനയെ മാറ്റിത്തീര്‍ത്ത പ്രധാന ഘടകം.

നിരന്തര പരീക്ഷണങ്ങളില്‍
നിന്നുള്ള ഊര്‍ജം

ചൈന തങ്ങളുടേതായ വികസന തന്ത്രങ്ങള്‍ മെനഞ്ഞെടുത്തത് നിരന്തര പരീക്ഷങ്ങളിലൂടെയും അതില്‍ നിന്നു കിട്ടുന്ന അനുഭവ  പഠനങ്ങളിലൂടെയുമായിരുന്നു. എവിടെ നിന്നെങ്കിലും ഇറക്കുമതി ചെയ്ത ആശയങ്ങളായിരുന്നില്ല ഒരിക്കലും അവരെ നയിച്ചത്. ചൈനീസ് സമൂഹത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഭരണകൂടത്തിനുമുള്ള സ്വാധീനം ഒരു ഘട്ടത്തിലും ഒരു ശക്തിക്കും അവര്‍ പണയം വെച്ചതുമില്ല. ആ സ്വാധീനത്തിന്‍റെ കരുത്തിലാണ് അവര്‍ എല്ലാ പരീക്ഷണങ്ങളും നടത്തിയത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കമ്പോള ശക്തികളെ ഉപയോഗപ്പെടുത്തിയുള്ള വികസന തന്ത്രങ്ങളുടെ പാര്‍ശ്വ ഫലങ്ങളെ ഇല്ലാതാക്കാന്‍ കടുത്ത യത്നം നടത്തുകയാണ് ചൈനീസ്  കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും.

1980 ല്‍ ചൈനീസ് ജനസംഖ്യ 98 കോടിയായിരുന്നു. അന്നത്തെ ലോകജനസംഖ്യയുടെ 25 ശതമാനം വരുമായിരുന്നു ഇത്. എന്നാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ 80 ശതമാനം ജനങ്ങളും കഴിയുമ്പോഴും സാക്ഷരതാ നിരക്ക് ഏറെ ഉയര്‍ന്നതായിരുന്നു – 65.15 ശതമാനം; പുരുഷന്മാരില്‍ 79.19 ശതമാനം. ഇതിനര്‍ത്ഥം ഉല്പാദനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ വലിയൊരു വിഭാഗം ജനങ്ങള്‍ രാജ്യത്തുണ്ട് എന്നതായിരുന്നു. വന്‍കിട വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാനായിരുന്നു  ആദ്യകാലത്ത് ശ്രമം നടത്തിയിരുന്നത്. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയും കാര്‍ഷിക വിഭവങ്ങളുടെ കയറ്റുമതിയുമായിരുന്നു വിദേശ നാണയ വരുമാനത്തിന്‍റെ പ്രധാന ഉറവിടം. 1949 ല്‍, 89.4 ശതമാനം ആളുകളും ജീവിച്ചിരുന്നത് ഗ്രാമീണ മേഖലയിലായിരുന്നു. ദേശീയ വരുമാനത്തിന്‍റെ 12.6 ശതമാനം മാത്രമായിരുന്നു വ്യവസായത്തില്‍ നിന്നുമുള്ളത്. മൂലധനോന്മുഖമായ, വന്‍കിട വ്യവസായങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള ഒരു വികസന പാത വെട്ടിത്തുറക്കാന്‍ അന്നു നടത്തിയ  ശ്രമങ്ങള്‍ പലപ്പോഴും തിരിച്ചടികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഉയര്‍ന്ന പലിശനിരക്കുകളും ശുഷ്കമായ വിദേശനാണയ ശേഖരവും ഇത്തരം ശ്രമങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തു. 60 ശതമാനം വിദേശനാണയവും നേടിത്തന്നിരുന്നത് കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്നായിരുന്നു. 75 ശതമാനം ജനങ്ങളും ജീവിച്ചിരുന്നത് കൃഷിയെയോ മറ്റ് ചെറുകിട ഉല്പാദന പ്രവര്‍ത്തനങ്ങളെയോ ആശ്രയിച്ചായിരുന്നു.

1953 നും 1985 നുമിടയില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് 0.5 ശതമാനം മാത്രമായിരുന്നു. ഇതാണ് പിന്നീട് ശരാശരി 10 ശതമാനം നിരക്കില്‍ മൂന്നു പതിറ്റാണ്ടു  തുടര്‍ച്ചയായി മുന്നേറിയത്. വാസ്തവത്തില്‍ ഈ മുന്നേറ്റത്തിന് തുടക്കമിടാന്‍ അടിത്തറ പാകിയത് മനുഷ്യവിഭവ ശേഷി വര്‍ധിപ്പിക്കാന്‍ വിപ്ലവാനന്തര  ചൈനീസ് ഭരണകൂടം നിരന്തരം നടത്തിയിരുന്ന ശ്രമങ്ങളാണ്. ഉയര്‍ന്ന ആരോഗ്യനിലവാരവും സാക്ഷരതയുമുള്ള ജനതയുടെ പിന്‍ബലത്തിലാണ് തൊഴില്‍ ശക്തിക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സാമ്പത്തിക തന്ത്രങ്ങള്‍ സാധ്യമായത്. ഫ്യൂഡലിസത്തിനറുതി വരുത്തി സമ്പൂര്‍ണ ഭൂപരിഷ്കരണം നടപ്പിലാക്കിയതും ജനതയുടെ തൊഴില്‍ ശേഷിയെ കെട്ടഴിച്ചുവിടാന്‍ സഹായിച്ചു. ഉറങ്ങിക്കിടന്നിരുന്ന ചൈനയിലെ സാമ്പത്തിക വ്യാളിയെ ഉണര്‍ത്തിയതും ലോകത്തെ ഒന്നാംകിട സാമ്പത്തികശക്തിയായി മാറ്റിയതിന് അടിത്തറയിട്ടതും വിപ്ലവാനന്തര കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ കൈക്കൊണ്ട ഇത്തരം നടപടികളായിരുന്നു.  വ്യക്തികേന്ദ്രീകൃതമായി പറയുകയാണെങ്കില്‍ മൗ ഉഴുതു മറിച്ചിട്ട മണ്ണില്‍ ഡെങ് സാമ്പത്തിക മുന്നേറ്റത്തിന്‍റെ വിത്തുകളെറിഞ്ഞു എന്ന് പറയുന്നതാവും ശരി. കമ്പോള ശക്തികളെ ഉപയോഗപ്പെടുത്തിയുള്ള വന്‍കുതിപ്പിന്‍റെ സ്വാഭാവിക സൃഷ്ടികളായ അസമമായ വികസനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കുവാനാണ് ഷി ജിന്‍ പിങ്ങിന്‍റെ ചൈന ഇന്ന്  ശ്രമിക്കുന്നത്.

വ്യക്തികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിലെ ശരികേട്
ചൈനയെ സംബന്ധിച്ച ആഖ്യാനങ്ങളില്‍ ഇങ്ങനെ വ്യക്തികള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതില്‍ ഒരു വലിയ ശരികേടുണ്ട്. 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഏറ്റവും പിന്നാക്കം കിടന്നിരുന്ന ഒരു ജനപ്രദേശത്തെ ഫ്യൂഡല്‍ ശക്തികളുടെ കയ്യില്‍ നിന്നും മോചിപ്പിച്ച് അവിടെ ജനങ്ങളുടെ അധികാരം  സ്ഥാപിക്കുകയും, വിവിധ കാലഘട്ടങ്ങളില്‍ പലവിധ വെല്ലുവിളികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് ഉചിതമായ തീരുമാനങ്ങള്‍ ധൈര്യസമേതമെടുത്ത് നടപ്പിലാക്കുയും ചെയ്തത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന ഇന്ന് കൈവരിച്ചിരിക്കുന്ന നേട്ടങ്ങളിലെ യഥാര്‍ത്ഥ നായകന്‍.

കമ്പോളശക്തികള്‍
ഭരണകൂട നിയന്ത്രണത്തില്‍

എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ വിജയിക്കുകയും മറ്റുപലതും പരാജയപ്പെടുകയും ചെയ്യുന്നത് എന്നത് വളരെ ആഴത്തില്‍ പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ്. ഇതിനെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട് . ഇന്ന് ഉയര്‍ന്ന ജീവിതനിലവാരവും മികച്ച സമ്പദ്വ്യവസ്ഥയുമുള്ള പല രാജ്യങ്ങളും അവിടേക്കെത്തിച്ചേര്‍ന്നത് പല വഴികളിലൂടെയാണ്. ആ സ്ഥിതി നിലനിര്‍ത്താനും വളര്‍ത്താനും ശ്രമിക്കുന്നതും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ്. കമ്പോളത്തിന്‍റെ മാന്ത്രികവടി ചുഴറ്റിയാണ് ഇത് സാധ്യമാക്കിയത് എന്ന ആഖ്യാനം മിതമായി പറഞ്ഞാല്‍ വസ്തുതയ്ക്കു നിരക്കാത്തതാണ്. കമ്പോള ശക്തികളെ വഴിതുറന്നു വിട്ടതുകൊണ്ടുമാത്രം സാമ്പത്തിക വളര്‍ച്ച സാധ്യമാകില്ല എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരങ്ങളാണ് സോവിയറ്റ് അനന്തര കാലഘട്ടത്തിലെ കിഴക്കന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍. ഇതിനു വിപരീതമായി കമ്പോള ശക്തികള്‍ ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ വിധേയത്വത്തില്‍ വേണം പ്രവര്‍ത്തിക്കാന്‍ എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ആധുനിക ചൈനയുടെ കഥ. കമ്പോള വ്യാപനത്തിന്‍റെ വിപരീത ഫലങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ സമീപകാലത്തു ചൈനീസ് ഭരണകൂടം എടുക്കുന്ന കര്‍ശന നടപടികളും കാട്ടിത്തരുന്നത് ഇതാണ്. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് കൈക്കൊണ്ട നടപടികളും ഇതിന് ഊന്നല്‍ നല്‍കുന്നവയാണ്. ജനങ്ങളുടെയും ഭരണകൂടത്തിന്‍റെയും നിയന്ത്രണത്തില്‍ വേണം ആത്യന്തികമായി കമ്പോള ശക്തികള്‍ ഒരു രാജ്യത്ത് വര്‍ത്തിക്കേണ്ടത്  എന്നതാണ് എല്ലാ വികസ്വര രാഷ്ട്രങ്ങള്‍ക്കും ചൈനയുടെ സാമ്പത്തിക വിജയം പകര്‍ന്നു നല്‍കുന്ന പാഠം. •

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 2 =

Most Popular