Friday, April 19, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍വ്യതിയാനങ്ങളെ അതിജീവിച്ച് പിസിഡൊബി

വ്യതിയാനങ്ങളെ അതിജീവിച്ച് പിസിഡൊബി

എം എ ബേബി

ബ്രസീലില്‍ പൊതുതിരഞ്ഞെടുപ്പിന്‍റെ ഒന്നാംവട്ടം (എശൃെേ ഞീൗിറ) കഴിഞ്ഞു. 11 സ്ഥാനാര്‍ഥികളാണ് ഒക്ടോബര്‍ രണ്ടിന്‍റെ മത്സരത്തിനുണ്ടായിരുന്നത്. എന്നാല്‍ പ്രധാനമത്സരം നിലവിലെ പ്രസിഡന്‍റും നവഫാസിസ്റ്റുമായ ജയര്‍ ബൊള്‍സനാരൊയും മുന്‍പ്രസിഡന്‍റും വര്‍ക്കേഴ്സ് പാര്‍ടി നേതാവുമായ ലുല ഡ സില്‍വയും തമ്മിലായിരുന്നു. മറ്റു സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും സെന്‍ട്രിസ്റ്റുകള്‍ എന്നറിയപ്പെടുന്ന മധ്യവലതുപക്ഷ ലിബറലുകളാണ്.

തിരഞ്ഞെടുപ്പിനുമുന്‍പു നടന്ന അഭിപ്രായ സര്‍വെകളിലെല്ലാം ബൊള്‍സനാരൊയെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ലുല. ലുലയ്ക്ക് 47-48% വരെ വോട്ടും ബൊള്‍സനാരൊയ്ക്ക് 32-33 ശതമാനം വരെ വോട്ടും എന്നായിരുന്നു സര്‍വെ. എന്നാല്‍ ജനവിധി വന്നപ്പോള്‍ ബൊള്‍സനാരോയ്ക്ക് ഇടതുപക്ഷ വിരുദ്ധ വോട്ടുകളാകെ സമാഹരിക്കാന്‍ കഴിഞ്ഞതായാണ് കാണുന്നത്. കൃത്യമായ വലത്-ഇടത് ധ്രുവീകരണമാണ് നടന്നത്. അതാണ് അഭിപ്രായസര്‍വെകളില്‍ കണ്ടതില്‍നിന്നു വ്യത്യസ്തമായി ബൊള്‍സനാരൊയുടെ വോട്ടുവിഹിതം 10 ശതമാനം വര്‍ധിച്ചത്. പൊതുവില്‍ വലതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബ്രസീല്‍. പാര്‍ലമെന്‍റിലും നിരവധി പ്രവിശ്യാ അസംബ്ലികളിലും ബൊള്‍സനാരോ പക്ഷത്തിനും സെന്‍ട്രിസ്റ്റുകള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിനും മേല്‍ക്കൈ ലഭിച്ചത്. അതിന്‍റെ പ്രതിഫലനമാണ് വലിയൊരു വിഭാഗം ഇടത്തരക്കാരുള്ള ബ്രസീലിയന്‍ സമൂഹത്തില്‍ ഇവാഞ്ചലിക്കല്‍ മതവിശ്വാസത്തിനും ആഴത്തില്‍ വേരോട്ടമുണ്ട്. ഈ വിഭാഗങ്ങളാണ് പൊതുവില്‍ ബൊള്‍സനാരൊയുടെയും മറ്റു തീവ്രവലതുപക്ഷ വിഭാഗങ്ങളുടെയും ശക്തികേന്ദ്രം. ആ പശ്ചാത്തലത്തിലാണ് പിസിഡൊബി (ജഇറീആ)തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനസാമാന്യത്തോട് നവഫാസിസ്റ്റുകള്‍ക്കെതിരെ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ലുല പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വര്‍ക്കേഴ്സ് പാര്‍ടി നയിക്കുന്ന, പിസിഡൊബി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ-ജനാധിപത്യപാര്‍ടികളുടെയും സംഘടനകളുടെയും ഒരു കൂട്ടായ്മയുടെ പ്രതിനിധിയായാണ്. 2006ല്‍ ലുലയുടെ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ജെറാള്‍ഡൊ അല്‍ക്മിനും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയും ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കൂട്ടുകെട്ടിനൊപ്പമാണ്; മാത്രമല്ല, ലുലയ്ക്കൊപ്പം വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി അല്‍ക്മിന്‍ മത്സരിക്കുന്നുമുണ്ട്. നവഫാസിസത്തിന്‍റെയും തീവ്രവലതുപക്ഷത്തിന്‍റെയും മുന്നേറ്റത്തെ ചെറുക്കാന്‍ വിശാലമായൊരു സഖ്യത്തിനു മാത്രമേ കഴിയുകയുള്ളൂ; അത്തരത്തിലൊരു തന്ത്രത്തിന്‍റെ ഭാഗമായാണ് വര്‍ക്കേഴ്സ് പാര്‍ടിയും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീലും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കൂട്ടുകെട്ട് രൂപപ്പെടുത്തിയിരിക്കുന്നത്. മാര്‍ക്സിസം-ലെനിനിസത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മൂര്‍ത്തമായ സാഹചര്യങ്ങള്‍ മൂര്‍ത്തമായി വിശകലനം ചെയ്ത് എത്തിച്ചേര്‍ന്നതും കഴിഞ്ഞകാല പാളിച്ചകളുടെ അനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ടതുമായ പാഠങ്ങളുടെ പ്രയോഗവല്‍ക്കരണമാണ് പിസി ഡൊ ബി ഇതിലൂടെ കൈക്കൊണ്ടത്.

1993ല്‍ കല്‍ക്കത്തയില്‍ കാറല്‍ മാര്‍ക്സിന്‍റെ 175-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സിപിഐ എം സംഘടിപ്പിച്ച കമ്യൂണിസ്റ്റു പാര്‍ടികളുടെ സാര്‍വദേശീയ സെമിനാറില്‍ പങ്കെടുത്ത പാര്‍ടികളിലൊന്നാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീല്‍ (പിസിഡൊബി). ആ സെമിനാറിലെ ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് പിസി ഡൊബിയുടെ പ്രതിനിധി സംഘത്തിലെ ലൂയി ഫെര്‍ണാണ്ടസ് നടത്തിയ ഒരു നിരീക്ഷണം ഇങ്ങനെയാണ്: “മാര്‍ക്സിസം ഒരു വിശ്വാസപ്രമാണമല്ല, പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയാണ്. നാം ഇന്ന് ചര്‍ച്ച ചെയ്തതില്‍ യോജിപ്പിലെത്തിയ അടിസ്ഥാനപ്രമാണങ്ങളില്‍ ഒന്ന് ഇതാണ്.” ഈ സെമിനാറില്‍ പങ്കെടുത്ത പിസിഡൊബിയുടെ മറ്റൊരു പ്രതിനിധി റനാതോ റബേലൊ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം നടത്തുന്നുണ്ട്: “സോഷ്യലിസത്തിലേക്കുള്ള പാത ഒന്നുമാത്രമല്ലെന്നും ഓരോ രാജ്യത്തിനും അവയ്ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന പാതകളുണ്ടെന്നുമാണ് നമുക്കിടയിലുള്ള ഐക്യം സൂചിപ്പിക്കുന്നത്…സോഷ്യലിസത്തിന് ഒരു മാതൃക മാത്രമല്ല ഉള്ളതെന്നും ഓരോ രാജ്യവും അനുവര്‍ത്തിക്കേണ്ട വ്യത്യസ്ത മാതൃകകളുണ്ടെന്നുമാണ് നമ്മുടെയെല്ലാം അനുഭവം കാണിക്കുന്നത്. സോഷ്യലിസത്തിലേക്ക് ഒരു പാത മാത്രമല്ല ഉള്ളതെന്നതാണ് അതിനുള്ള വ്യക്തമായ കാരണം”.

ദീര്‍ഘകാലത്തെ സമരാനുഭവങ്ങളില്‍നിന്നും നിരന്തരം നടത്തിയ തെറ്റുതിരുത്തലുകളില്‍ നിന്നും പിസിഡൊബി ഒടുവില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളാണ് കല്‍ക്കത്ത സെമിനാറില്‍ ഈ സഖാക്കള്‍ അവതരിപ്പിച്ചത്.

1962ല്‍ ചേര്‍ന്ന 5-ാം പാര്‍ടി കോണ്‍ഗ്രസില്‍ വെച്ച് റിവിഷനിസത്തോട് വിടപറഞ്ഞ് പിസിഡൊ ബി രൂപീകരിക്കുമ്പോള്‍തന്നെ അത് ഇടതുപക്ഷ വ്യതിയാനത്തിന്‍റെ പാതയിലേക്ക് തിരിയുകയാണുണ്ടായത്. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്ര ചേരിതിരിവില്‍ പിസിഡൊബി അന്ന് ചൈനീസ് കമ്യൂണിസ്റ്റു പാര്‍ടിയുടെ നയങ്ങള്‍ക്കൊപ്പം അന്ധമായി ഉറച്ചുനില്‍ക്കുകയായിരുന്നു. ചൈനയും അല്‍ബേനിയയും മാത്രമാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളെന്നും സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം സോഷ്യല്‍ ഇമ്പീരിയലിസ്റ്റുകളാണെന്നുമുള്ള നിലപാടാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഈ നിലപാടിന്‍റെ തുടര്‍ച്ചയായി ആഭ്യന്തരരംഗത്ത് ചൈനീസ് വിപ്ലവത്തിന്‍റെ മാതൃകയാണ് വേണ്ടതെന്ന നിലപാടിലും എത്തി. എന്നാല്‍ ചൈനയില്‍നിന്ന് വ്യത്യസ്തമായി മുതലാളിത്തം വികസിച്ച ഒരു രാജ്യമാണ് ബ്രസീല്‍ എന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യം കണക്കിലെടുക്കാന്‍പോലും തയ്യാറാകാതെയാണ് അവര്‍ അന്ധമായി ചൈനീസ് പാത പിന്തുടര്‍ന്നത്.

1960കളുടെ ഒടുവില്‍ കത്തോലിക്കാ സഭയുമായി ചില കാര്യങ്ങളില്‍ ആശയപരമായി അടുപ്പമുണ്ടായിരുന്ന ഒരുവിഭാഗം (പിന്നീട് വിമോചന ദൈവശാസ്ത്രം എന്ന പേരില്‍ അറിയപ്പെട്ട പ്രത്യയശാസ്ത്രനിലപാടുള്ളവര്‍) അതില്‍ നിന്ന് വേര്‍പെട്ട് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പോപ്പുലര്‍ ആക്ഷന്‍ എന്ന ഗ്രൂപ്പിന് രൂപം നല്‍കിയിരുന്നു. ഈ ഗ്രൂപ്പ് ചൈനീസ് വിപ്ലവപാതയോട് ആകൃഷ്ടരായിരുന്നു. ഇവര്‍ പിസിഡൊബിയില്‍ ലയിക്കാന്‍ സന്നദ്ധരായി പാര്‍ടിയെ സമീപിച്ചു. പിന്നീട് 1975ല്‍ ഈ വിഭാഗം പിസിഡോബിയില്‍ ലയിച്ചു. 1980 കളുടെ തുടക്കത്തില്‍ ബ്രസീലിയന്‍ കമ്യൂണിസ്റ്റു പാര്‍ടിയിലെയും എംആര്‍ 8 എന്ന മറ്റൊരു സായുധ ഗറില്ലാ സംഘത്തിലെയും അംഗങ്ങളില്‍ ഒരു വിഭാഗവും പിസിഡൊബിയില്‍ ചേര്‍ന്നതോടെ പാര്‍ടിക്ക് കൂടുതല്‍ കരുത്തുനേടാന്‍ അവസരമൊരുങ്ങി.

എന്നാല്‍ ഇതിനിടയില്‍ നടന്ന ഒരു കൂട്ടക്കൊലയുമായി പാര്‍ടിയെ ബന്ധപ്പെടുത്താന്‍ സൈനിക ഭരണകൂട മുതിര്‍ന്നു. അത് വലിയ അടിച്ചമര്‍ത്തലിനിടയാക്കി. ഇത് പാര്‍ടിയുടെ വളര്‍ച്ചയില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചു. 1976 ഡിസംബര്‍ 16നാണ് സാവൊ പോളൊയില്‍ ലാപ കൂട്ടക്കൊലയെന്ന പേരില്‍ അറിയപ്പെടുന്ന സംഭവമുണ്ടായത്. സൈനികവാഴ്ചയ്ക്കെതിരെ കമ്യൂണിസ്റ്റു പാര്‍ടി ഉള്‍പ്പെടെ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ വലിയ ജനപിന്തുണ നേടിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഒരു വീടാക്രമിച്ച് മൂന്നുപേരെ കൊലപ്പെടുത്തുകയും മറ്റു നാലുപേരെ തടവിലാക്കുകയും ചെയ്ത സംഭവമുണ്ടായത്. പാര്‍ടി നേതൃത്വത്തിനാകെ രാജ്യംവിട്ട് പോകേണ്ട സ്ഥിതി ഈ സംഭവം സംജാതമാക്കി. എന്നാല്‍ പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തിയത് ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയയാള്‍ ഒറ്റുകാരനായിരുന്നുവെന്നാണ്. ബ്രസീലിയന്‍ കമ്യൂണിസ്റ്റു പാര്‍ടിയില്‍നിന്നും പില്‍ക്കാലത്ത് പിസിഡൊബിയിലേക്കു വന്ന് അതിന്‍റെ ഉന്നത നേതൃനിരയില്‍ എത്തിയ ഇയാളെ 1983ല്‍ പാര്‍ടിയില്‍ നിന്ന് പുറത്താക്കി.

അന്ധമായി ചൈനീസ് വിപ്ലവപാത പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് നിരന്തരമുണ്ടായ തിരിച്ചടികള്‍ക്കൊടുവില്‍ ആ നയം തിരുത്താന്‍ പാര്‍ടി തയ്യാറായി. ഇതു പക്ഷേ ബ്രസീലിലെ വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ വിലയിരുത്തലിനെ തുടര്‍ന്നെന്നതിലുപരി മൗ സേദോങ്ങിന്‍റെ മരണത്തെ തുടര്‍ന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ദെങ് സിയാവൊ പിങ്ങിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുതിയ പരിഷ്കരണങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നുവെന്നതാണ് വാസ്തവം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്നുതന്നെ അകന്ന പിസിഡൊബി അല്‍ബേനിയന്‍ പാര്‍ടിയുടെയും അതിന്‍റെ നേതാവ് അന്‍വര്‍ ഹോജയുടെയും നയങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുകയുമാണ് ചെയ്തത്. ഈ പുതിയ നയത്തെ തുടര്‍ന്ന് ചൈനയെയും സോഷ്യല്‍ ഇമ്പീരിയലിസ്റ്റ് എന്ന് മുദ്രകുത്തി, ഒരേയൊരു സോഷ്യലിസ്റ്റു രാജ്യം അല്‍ബേനിയ മാത്രമാണെന്ന നിഗമനത്തിലാണ് പിസിഡൊബി എത്തിയത്. 1980കളുടെ അവസാനം വിഭാഗീയമായ ഈ നിലപാടില്‍നിന്നും മാറുകയും പ്രത്യയശാസ്ത്ര പ്രശ്നങ്ങളില്‍ ആഴത്തിലുള്ള ആത്മപരിശോധന നടത്തുകയും ചെയ്തതിന്‍റെ പ്രതിഫലനമാണ് പിസിഡൊബിയുടെ പ്രതിനിധികള്‍ കല്‍ക്കത്ത സെമിനാറില്‍ പ്രകടിപ്പിച്ചത്.

1985ല്‍ രാജ്യത്ത് സൈനികസ്വേച്ഛാധിപത്യത്തിന് അറുതിയായതോടെ പാര്‍ടിയുടെ പ്രവര്‍ത്തനശൈലിയില്‍തന്നെ മാറ്റമുണ്ടായി. അതിനുമുന്‍പുതന്നെ 1979ല്‍ പാര്‍ടിയുടെമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കുകയും പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത് നിയമവിധേയമായി പ്രവര്‍ത്തിക്കാനുള്ള വഴിയൊരുക്കി. ഒളിവിലും വിദേശത്തുമായി പ്രവര്‍ത്തിച്ചിരുന്ന നേതാക്കളെല്ലാം പുറത്തുവന്നു. സൈനികവാഴ്ചയ്ക്കു കീഴില്‍തന്നെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാനും പാര്‍ടി തയ്യാറായി. നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പിസിഡൊബി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും എംഡിബിയെന്ന ജനാധിപത്യ പ്രസ്ഥാനവുമായി സഹകരിച്ച് അതിന്‍റെ ബാനറില്‍ പാര്‍ടി കാഡര്‍മാര്‍ മത്സരിക്കുകയും ചെയ്തു; പാര്‍ടിയുടെ പാര്‍ലമെന്‍ററി സാന്നിധ്യം ഉറപ്പിക്കുകയുമുണ്ടായി.

നിയമവിധേയമാക്കപ്പെട്ടതുമുതല്‍ പിസി ഡൊ ബി ട്രേഡ് യൂണിയന്‍ രംഗത്തും യുവജന -വിദ്യാര്‍ഥി രംഗങ്ങളിലും ശ്രദ്ധിക്കാന്‍ തുടങ്ങി. ട്രേഡ് യൂണിയന്‍ രംഗത്ത് ആദ്യം ബ്രസീലിയന്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ (റിവിഷനിസ്റ്റ് വിഭാഗം) നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1983 മുതല്‍ ആ പ്രവര്‍ത്തനം മിതവാദികളും കമ്യൂണിസ്റ്റിതരരുമായ ട്രേഡ് യൂണിയന്‍ നേതാക്കളുമായും ബന്ധപ്പെട്ട് കൂടുതല്‍ വിപുലമാക്കി. തൊഴിലാളിവര്‍ഗ ഐക്യം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമിട്ടാണ് പാര്‍ടി ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഒളിവില്‍നിന്ന് പരസ്യപ്രവര്‍ത്തനമാരംഭിച്ച 1979 മുതല്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനവും പാര്‍ടി സജീവമാക്കി. 1979 മുതല്‍ ഇന്നുവരെ, 1987ലും 1988ലും ഒഴികെ ബ്രസീലിലെ സര്‍വകലാശാലകളില്‍ പിസി ഡൊബിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി വിഭാഗത്തിനാണ് നിര്‍ണായകമായ മേധാവിത്വമുള്ളത്. 1984ല്‍ പിസി ഡൊബിയുടെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്ത് എന്ന സംഘടന രൂപീകരിച്ചു. പാര്‍ടി സഖാക്കളുടെ മുന്‍കൈയിലുള്ള ഈ യുവജന സംഘടനയ്ക്കും ബ്രസീലിയന്‍ ചെറുപ്പക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും, ദരിദ്രരും ആദിവാസികളും ഏറെ താമസിക്കുന്ന രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍, നല്ല സ്വാധീനമുള്ള സംഘടനയായി വളര്‍ന്നുകഴിഞ്ഞു.

1984ല്‍ പിസി ഡൊ ബി, സൈനികനിയന്ത്രണത്തിലുള്ള ഭരണത്തിനെതിരായ എല്ലാ പ്രതിപക്ഷ പാര്‍ടികളുടെയും കൂട്ടായ്മയായ ‘ഉശൃലരേ ഋഹലരശേീിെ ചീം’ (ഉടന്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പ്) പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. അതേ സമയം 1985ല്‍ ഇലക്ടറല്‍ കോളേജില്‍നിന്നുള്ള പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിയായ ട്രാന്‍ക്രെഡൊ നെവെസിനെ മത്സരിപ്പിച്ചു. ബ്രസീലിയന്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെയും എംആര്‍ 8ന്‍റെയും പിന്തുണയോടെയാണ് പിസിഡൊബി മത്സരിച്ചത്. അതില്‍ വിജയിക്കാനായില്ലെങ്കിലും 1986ല്‍ നടന്ന കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി (ഭരണഘടനാ നിര്‍മാണസഭ) തിരഞ്ഞെടുപ്പില്‍ പിസിഡൊബിയുടെ 6 പ്രതിനിധികളെ വിജയിപ്പിക്കാനായി.

1989ലെ തിരഞ്ഞെടുപ്പുമുതല്‍ ഇതേവരെയുള്ള പൊതുതിരഞ്ഞെടുപ്പുകളിലെല്ലാം വര്‍ക്കേഴ്സ് പാര്‍ടിയോടുചേര്‍ന്നാണ് പിസി ഡൊബി മത്സരിച്ചത്. 1989ല്‍ ഈ സഖ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലുല ഡ സില്‍വയായിരുന്നു. ആ വര്‍ഷമോ

ഈ കാലഘട്ടത്തില്‍ പിസി ഡൊ ബിയുടെയും വര്‍ഗ ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ വലതുപക്ഷ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളും നടന്നിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് 1992ല്‍ നടന്ന, ബ്രസീലിനെയാകെ പിടിച്ചുകുലുക്കിയ വിദ്യാര്‍ഥി പ്രക്ഷോഭമാണ്.

1989ല്‍ ബെര്‍ലിന്‍ മതിലിന്‍റെ പതനത്തെ തുടര്‍ന്ന് അല്‍ബേനിയയിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്‍റും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റു സോഷ്യലിസ്റ്റ് ഭരണങ്ങള്‍ക്കൊപ്പം തകര്‍ന്നു. ഇതോടെ പിസി ഡൊബിയുടെ നയമനുസരിച്ചുള്ള ഏക സോഷ്യലിസ്റ്റു രാജ്യവും ഇല്ലാതായി. ഇത് പാര്‍ടി തുടര്‍ന്നിരുന്ന പ്രത്യയശാസ്ത്ര നിലപാടുകളില്‍ മാറ്റം അനിവാര്യമാക്കിത്തീര്‍ത്തു. ഈ സാഹചര്യത്തിലാണ് 1992ല്‍ പിസിഡൊബിയുടെ 8-ാം കോണ്‍ഗ്രസ് ചേര്‍ന്ന് തങ്ങള്‍ തുടര്‍ന്നിരുന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ നിലപാടുകളാകെ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയത്. “തന്ത്രപരമായ പ്രതിരോധ”ത്തിന്‍റെ ഘട്ടമാണിതെന്ന് വിലയിരുത്തിയ പിസിഡൊബി സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചരണത്തിന് ഊന്നല്‍നല്‍കി.

അതുവരെ കണ്ടുവന്നിരുന്നതില്‍നിന്ന് വ്യത്യസ്തമായി “സോഷ്യലിസം ജയിക്കട്ടെ” എന്ന മുദ്രാവാക്യമാണ് ആ പാര്‍ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തര കൊറിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളാണെന്ന വിലയിരുത്തലിലെത്തി. ഈ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്‍റുകളെ സംരക്ഷിക്കലാണ് അടിയന്തരകടമയെന്നും കണ്ടെത്തി. ഈ പാര്‍ടികളുമായെല്ലാം പാര്‍ടിതല ബന്ധം സ്ഥാപിക്കുകയുമുണ്ടായി. 1995ല്‍ ചേര്‍ന്ന 9-ാം പാര്‍ടി കോണ്‍ഗ്രസ് ബ്രസീലിനായുള്ള ഒരു സോഷ്യലിസ്റ്റു പരിപാടിക്കു രൂപം നല്‍കി. ഇതിനെതുടര്‍ന്ന് അതേവരെ ബ്രസീലിയന്‍ കമ്യൂണിസ്റ്റു പാര്‍ടിയുമായി ബന്ധപ്പെട്ടു നിന്നിരുന്ന നിരവധി മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ ഉള്‍പ്പെടെ കൂടുതല്‍ ജനവിഭാഗങ്ങള്‍ പിസിഡൊബിയോട് അടുക്കാനും അതില്‍ അംഗങ്ങളാകാനും തുടങ്ങി.

ഈ പുതിയ പ്രത്യയശാസ്ത്ര നിലപാട് മറ്റ് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ടിന്‍റെ കാര്യത്തില്‍ അയവേറിയ നിലപാടെടുക്കാന്‍ അവസരമായി. അങ്ങനെയാണ് 2002ലെയും 2006ലെയും തിരഞ്ഞെടുപ്പുകളില്‍ വര്‍ക്കേഴ്സ് പാര്‍ടിക്കും മറ്റു ഇടതുപക്ഷ പാര്‍ടികള്‍ക്കുമൊപ്പം മുന്നണിയായി മത്സരിച്ചത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ലുല രണ്ടാം റൗണ്ടില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ഈ സഖ്യം ദേശീയതലത്തില്‍ മാത്രമല്ല, സംസ്ഥാനതലങ്ങളിലും രൂപപ്പെടുത്തി. 2000ത്തില്‍ പാര്‍ടിക്ക് ഒരു മേയര്‍ സ്ഥാനം ലഭിച്ചു. 2006ല്‍ ആദ്യമായി ഒരു സെനറ്റര്‍ സ്ഥാനവും നേടി. 2010 ആയപ്പോള്‍ ഒരു സെനറ്റംഗത്തെക്കൂടി വിജയിപ്പിക്കാനായി.

2002ല്‍ ലുല വിജയിച്ചശേഷം രൂപീകരിച്ച കാബിനറ്റില്‍ പിസിഡൊ ബിയുടെ പ്രതിനിധി, സ്പോര്‍ട്സ് മന്ത്രിയുടെ ചുമതലയേറ്റു. അതിനും പുറമെ പാര്‍ടി എംപിയായ ആള്‍ഡൊ റെബെയ്റൊയെ ഗവണ്‍മെന്‍റിന്‍റെ ഏകോപന ചുമതലയും ഏല്‍പ്പിച്ചു. അദ്ദേഹം ചേംബര്‍ ഡെപ്യൂട്ടീസിന്‍റെ അധ്യക്ഷനുമായി. മാത്രമല്ല 2006ല്‍ ഇദ്ദേഹം ഒരു ദിവസത്തേക്ക് രാജ്യത്തിന്‍റെ പ്രസിഡന്‍റുമായി. ലുല ഗവണ്‍മെന്‍റിന്‍റെ പല സാമ്പത്തികനിലപാടുകളോടും വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുതന്നെ പിസിഡൊബി ലുലയുടെ കാബിനറ്റില്‍ തുടരുകയും സര്‍ക്കാരിന് പിന്തുണനല്‍കുകയും ചെയ്തു. ഐക്യവും സമരവും എന്ന വൈരുദ്ധ്യാത്മക ബന്ധത്തിലാണ് ഇപ്പോഴും പിസിഡൊബി ഈ മുന്നണിയില്‍ തുടരുന്നത്.

ചില വന്‍നഗരങ്ങളില്‍ ഉള്‍പ്പെടെ 40 മേയര്‍ സ്ഥാനങ്ങള്‍ കമ്യൂണിസ്റ്റു പാര്‍ടിക്കുണ്ട്. ദേശീയ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും പാര്‍ടിക്ക് പ്രാതിനിധ്യമുണ്ട്. ഒരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഭരണവുമുണ്ട്. 2022ലെ തിരഞ്ഞെടുപ്പിനുശേഷം പാര്‍ടിയുടെ സ്ഥിതി എന്തെന്നറിയാന്‍ ഒക്ടോബര്‍ 30 വരെ കാത്തിരിക്കണം.

ബ്രസീലിലെ ഇടതുപക്ഷം കമ്യൂണിസ്റ്റു പാര്‍ടികള്‍ മാത്രമല്ല, അവയുള്‍പ്പെടെ പല ധാരകള്‍ ചേര്‍ന്നതാണ്. ഇവയില്‍ ഏറ്റവും പ്രധാനമാണ് 1980ല്‍ രൂപീകരിച്ച വര്‍ക്കേഴ്സ് പാര്‍ടി. ലുലയെ പോലെയുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും കമ്യൂണിസ്റ്റ് പാര്‍ടികളിലും വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളിലുമായി പ്രവര്‍ത്തിക്കുകയും അവയില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയും ചെയ്തിരുന്ന വിഭാഗങ്ങളും ചേര്‍ന്നാണ് സൈനിക സ്വേച്ഛാധിപത്യം ദുര്‍ബലമായിക്കൊണ്ടിരുന്ന ഘട്ടത്തില്‍ഈ പാര്‍ടി രൂപീകരിച്ചത്.

മറ്റൊരു പ്രധാന ഇടതുപക്ഷ വിഭാഗമാണ് ലാന്‍ഡ്ലെസ് വര്‍ക്കേഴ്സ് മൂവ്മെന്‍റ് (എംഎസ്ടി). 1980കളിലാണ് ഇതിന്‍റെയും ആവിര്‍ഭാവം. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള ധീരോദാത്തമായ പോരാട്ടങ്ങള്‍ക്ക് ഈ പ്രസ്ഥാനം നേതൃത്വം നല്‍കി. പിസിഡൊബിയില്‍നിന്നും പിസിബിയില്‍നിന്നും വേറിട്ടുനിന്നവരും മറ്റു ചെറുഗ്രൂപ്പുകളും ചേര്‍ന്നാണ് ഈ പ്രസ്ഥാനത്തിനും രൂപംനല്‍കിയത്. വര്‍ക്കേഴ്സ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള പോര്‍ടോ അലേഗ്രെയിലെ സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍നിന്ന് നടപ്പാക്കിയ അധികാരവികേന്ദ്രീകരണവും പാര്‍ടിസിപ്പേറ്ററി ബജറ്റിങ്ങും രാജ്യത്തെങ്ങുമുള്ള ഇടതുപക്ഷ ശക്തികള്‍ ഏറ്റെടുക്കുകയും വലിയ ക്യാമ്പയ്നായി മാറുകയും ചെയ്തതും ഇടതുപക്ഷത്തിന്‍റെ മുന്നേറ്റത്തെ സഹായിച്ചു.

അതുപോലെ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് അടിത്തറയൊരുക്കിയ രണ്ടുപ്രസ്ഥാനങ്ങളാണ് പൗലോ ഫ്രെയറിന്‍റെ നൂതന വിദ്യാഭ്യാസപദ്ധതിയും (മര്‍ദിതരുടെ ബോധനശാസ്ത്രം) വിമോചനദൈവശാസ്ത്രവും. 1960കളില്‍ കത്തോലിക്ക സഭയ്ക്കുള്ളില്‍ രൂപംകൊണ്ട വിമോചനദൈവശാസ്ത്രം കമ്യൂണിസ്റ്റുകാരുമായി സഹകരിച്ച് ജനസാമാന്യത്തിന്‍റെ നന്മയ്ക്കു വേണ്ടിയും സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരെയും പൊരുതിയെന്നു മാത്രമല്ല, പുരോഹിതരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീലിന്‍റെ പ്രവര്‍ത്തകരുമായി. ഈ വിവിധ ധാരകള്‍ ചേര്‍ന്നാണ് ബ്രസീലില്‍ ഇടതുപക്ഷം പൊതുവിലും കമ്യൂണിസ്റ്റു പാര്‍ടി പ്രത്യേകിച്ചും വളര്‍ന്ന് ശക്തിയാര്‍ജിച്ചത്.

പിസിഡൊബിയുടെ കേന്ദ്ര കമ്മിറ്റി 2020 ഏപ്രില്‍ 18ന് അംഗീകരിച്ച പ്രമേയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. “കുടങ്ങളില്‍ മുട്ടിയുള്ള പ്രതിഷേധങ്ങള്‍പോലെ (അതില്‍നിന്നുയരുന്ന ശബ്ദം ‘ബൊള്‍സനാരൊ പുറത്തു പോകൂ’ എന്ന് രാജ്യത്താകെ പ്രതിധ്വനിച്ചു)യുള്ളവ വര്‍ധിച്ചു വരുകയാണ്; നാനാരൂപങ്ങളിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്യുക- ഈ മാര്‍ഗദര്‍ശനത്തോടെ, സാമൂഹികവും രാഷ്ട്രീയവുമായ ശക്തികളുടെ വിശാലമായ ഐക്യത്തോടെ രാജ്യം മഹാമാരിയെ അതിജീവിക്കുകയും ബൊള്‍സനാരൊയെ പുറത്താക്കുകയും ചെയ്യുമെന്നും രാജ്യത്തെ ജനങ്ങള്‍ക്കാകെ അഭിവൃദ്ധി ഉറപ്പുനല്‍കുമെന്നും പിസിഡൊബി ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഇനിയും ബൊള്‍സനാരൊയെ സഹിക്കാന്‍ വയ്യ. മരണത്തിന്‍റെ വ്യാപാരിയെ ഒറ്റക്കെട്ടായിനിന്ന് നമുക്ക് പുറത്താക്കാം!”

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + seven =

Most Popular