Sunday, September 8, 2024

ad

Homeവിശകലനംനവയുക്തിവാദത്തിന്‍റെ പ്രതിസന്ധി

നവയുക്തിവാദത്തിന്‍റെ പ്രതിസന്ധി

കെ എന്‍ ഗണേശ്

യുക്തിവാദികള്‍ ഗൗരവമേറിയ പ്രതിസന്ധിയിലാണ്. 19-ാം നൂറ്റാണ്ടില്‍ യുക്തിവാദം വിശ്വാസികള്‍ക്കെതിരായ ശക്തമായ ആയുധമായി ഉപയോഗിക്കപ്പെട്ടിരുന്നു. വളര്‍ന്നുവരുന്ന ശാസ്ത്രത്തിനും യുക്തിചിന്തയ്ക്കുമെതിരായി സൃഷ്ടിവാദം, പ്രാഥമിക ചാലകശക്തി സിദ്ധാന്തം, സത്താവാദം തുടങ്ങിയവ വിശ്വാസികളും മതപണ്ഡിതന്മാരും ഉപയോഗിച്ചപ്പോള്‍ അവരെ തകര്‍ക്കുന്ന ഉപാധിയായാണ് യുക്തിവാദത്തെ പ്രയോജനപ്പെടുത്തിയത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ കേവല യുക്തിപരത വിനാശകാരികളായ ആയുധങ്ങളിലേക്കും യുജെനിക്സ് പോലുള്ള ജൈവശാസ്ത്ര രൂപങ്ങളിലേക്കും അമിതാധികാര പ്രവണതകളിലേക്കും നയിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. വിശ്വാസികള്‍ അവരുടെ ആശയങ്ങളെ സംസ്കാരവും ധാര്‍മികതയുമായി ബന്ധിപ്പിച്ച് പുതിയ പരിവേഷങ്ങള്‍ നല്‍കി. ഭൗതികത്തിലും ജീവശാസ്ത്രത്തിലുമുള്ള പുതിയ കണ്ടെത്തലുകള്‍ അതുവരെ അംഗീകരിക്കപ്പെട്ടുപോന്ന കേവലവും യാന്ത്രികവുമായ ചലന നിയമങ്ങളെ ചോദ്യം ചെയ്തു. ഈ സാഹചര്യങ്ങളിലാണ് യുക്തിവാദത്തിന് പുതിയ ആയുധങ്ങള്‍ തേടേണ്ടിവരുന്നത്.

മറ്റ് പ്രശ്നങ്ങളെയും യുക്തിവാദം നേരിട്ടു. മാര്‍ക്സിസം പോലുള്ള വിശകലന-പ്രയോഗ പദ്ധതികള്‍ യുക്തിവാദത്തിന്‍റെ പല അടിസ്ഥാന ആശയങ്ങളെയും ഉള്‍ക്കൊള്ളുകയും അവയെ കൂടുതല്‍ വസ്തുനിഷ്ഠവും പ്രായോഗികവുമായ രീതികളിലേക്ക് വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തു. ബോധം, മനസ്സ്, ആശയസംഹിതകളുടെ വളര്‍ച്ച തുടങ്ങി യുക്തിവാദികള്‍ക്ക് തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ കേവല യാന്ത്രികവാദത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം വിശദീകരിച്ച ഘടകങ്ങളെ, കൂടുതല്‍ വ്യക്തതയോടെ വിശദീകരിക്കാനും മാര്‍ക്സിസത്തിന് കഴിഞ്ഞു. യുക്തിവാദം അതുവരെ നേരിട്ട ദൈവസിദ്ധാന്തങ്ങളില്‍നിന്ന് ഭിന്നമായ വെല്ലുവിളിയാണ് സാംസ്കാരിക രാഷ്ട്രീയവും ആധുനികോത്തരവാദവും ഉയര്‍ത്തിയത്. ദൈവശാസ്ത്രത്തെയും മാര്‍ക്സിസത്തെയും ഒരുപോലെ ബൃഹദാഖ്യാനങ്ങളായി വിശേഷിപ്പിച്ച അവര്‍ യുക്തിചിന്തയുടെ സാധ്യതകളും അവസാനിക്കുന്നതായി വിലയിരുത്തി. അതിനുപകരം സ്വത്വചിന്തയെയും സ്വാവബോധത്തെയും ആധാരമാക്കി മറ്റൊരു കാഴ്ചപ്പാട് രൂപീകരിക്കാന്‍ അവര്‍ ശ്രമിച്ചു. യുക്തിവാദം ക്രമേണ കേവലശാസ്ത്രവാദത്തിന്‍റെ (ടരശലിശോെ)ഒരു വകഭേദമായി കണക്കാക്കപ്പെട്ടു.

കേരളത്തിലെ യുക്തിവാദികള്‍ ആദ്യഘട്ടത്തില്‍ ദൈവശാസ്ത്രത്തിനെതിരായി ശക്തമായ വെല്ലുവിളിയുയര്‍ത്തി. ശാസ്ത്രചിന്തയെയും അതിന്‍റെ പ്രായോഗിക തലങ്ങളെയും പ്രചരിപ്പിക്കുന്നതില്‍ അവര്‍ ഊന്നി. ക്രമേണ ഇതേ ദിശയില്‍ പ്രവര്‍ത്തിച്ച മാര്‍ക്സിസ്റ്റ്-ലിബറല്‍ പ്രവര്‍ത്തകരുമായി അവര്‍ താദാത്മ്യം പ്രാപിച്ചു. ഇതിന്‍റെ ഫലമായി യുക്തിവാദ പ്രസ്ഥാനത്തിന് സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നെങ്കിലും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര സ്വാധീനമുള്ള സംഘടനയായി അത് വിലയിരുത്തപ്പെട്ടു. കഴിഞ്ഞ ദശകങ്ങളിലാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടായത്. പുതിയ ഒരു സംഘം യുക്തിവാദികള്‍ ദൈവശാസ്ത്ര വിമര്‍ശനത്തോടൊപ്പം വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തെയും അതിനിശിതമായി വിമര്‍ശിക്കാനാരംഭിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദം വികലവും അശാസ്ത്രീയവുമാണെന്നുമാത്രമല്ല യുക്തിചിന്തയുടെ വികാസത്തിനു വിലങ്ങുതടിയായി നില്‍ക്കുന്ന അബദ്ധജടിലമായ ചിന്തയെയും പ്രവര്‍ത്തനത്തെയുമാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന വിമര്‍ശനമുയര്‍ന്നു. സ്റ്റാലിന്‍റെ ഭരണകൂടത്തെയും മറ്റ് സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെയും ഫാസിസവുമായി കൂട്ടിക്കെട്ടാനും അവര്‍ മറന്നില്ല.

മാര്‍ക്സിസ്റ്റുവിരുദ്ധ ലിബറല്‍ വലതുപക്ഷത്തിന് ഇത്തരം വാദഗതികള്‍ സ്വീകാര്യമാകുന്നതില്‍ അത്ഭുതമില്ല. പക്ഷേ മാര്‍ക്സിസത്തില്‍ നിന്ന് അന്യമായ യുക്തിചിന്ത കണ്ടെത്തുക കൂടുതല്‍ ദുഷ്കരമാണ്. ഔപചാരികമായ യുക്തിക്കും യാന്ത്രിക ഭൗതികവാദത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് മാര്‍ക്സിസം വളര്‍ന്നുവന്നത്. മാര്‍ക്സിസത്തെ നിരാകരിക്കണമെങ്കില്‍ രണ്ടുവഴികളാണ് പ്രധാനം. ഒന്നുകില്‍ കേവല ആശയവാദത്തിലോ സത്താവാദത്തിലോ അനുഭവപരമായ യുക്തികളിലോ, ഏറ്റവും പ്രധാനമായി ദൈവശാസ്ത്രത്തിലോ അഭയം തേടുക, അല്ലെങ്കില്‍ മാര്‍ക്സിസം നിരാകരിച്ച യാന്ത്രികഭൗതികവാദത്തെ അംഗീകരിക്കുക. ഇവയില്‍ ഏതു വേണമെന്നറിയാതെ കുഴങ്ങുന്നവരാണ് യുക്തിവാദികളില്‍ അധികംപേരും. ഈ രണ്ടു വാദഗതികളെയും കൂട്ടിച്ചേര്‍ത്തുപയോഗിക്കുന്നവരെയും കാണാം.

19-ാം നൂറ്റാണ്ടില്‍ തോമസ് ഹെന്‍റി ഹക്സ്ലിയും ബിഷപ്പ് വില്‍ബര്‍ ഫോഴ്സും തമ്മിലുണ്ടായ വാദപ്രതിവാദം മുതല്‍ പരിണാമസിദ്ധാന്തം, യുക്തിവാദികളും ദൈവശാസ്ത്രജ്ഞരും തമ്മിലുള്ള തര്‍ക്കവിഷയമാണ്. യുക്തിവാദവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതും പരിണാമസിദ്ധാന്തമാണ്. കാറല്‍ മാര്‍ക്സ് തന്‍റെ ‘മൂലധന’ത്തിന്‍റെ ഒന്നാം വോള്യം ഡാര്‍വിനു സമര്‍പ്പിക്കാനാഗ്രഹിച്ചിരുന്നു. തനിക്കു വേണ്ടത്ര ധാരണയില്ലാത്ത വിഷയത്തെപ്പറ്റിയുള്ള പുസ്തകം തനിക്കു സമര്‍പ്പിക്കുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാണിച്ച് ഡാര്‍വിന്‍ അതിനെ നിരാകരിച്ചു. എന്നാല്‍ എംഗല്‍സ് തന്‍റെ “പ്രകൃതിയുടെ വൈരുദ്ധ്യാത്മകത” എന്ന കുറിപ്പുകളുടെ സമാഹാരത്തില്‍ പരിണാമസിദ്ധാന്തത്തെ, ചില വിയോജിപ്പുകളോടെ അംഗീകരിച്ചു. പരിണാമം സംഭവിക്കുന്നത് അസ്തിത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് എന്ന സൂചനയെയാണ് എംഗല്‍സ് വിമര്‍ശിച്ചത്. പ്രകൃതി നിര്‍ദ്ധാരണത്തെ അംഗീകരിക്കുന്നതിനോടൊപ്പം ‘അര്‍ഹതയുള്ളവരുടെ നിലനില്‍പ്പ് ‘എന്ന ആശയത്തെ അദ്ദേഹം വിമര്‍ശിച്ചു. എങ്കിലും പിന്നീടുവന്ന മാര്‍ക്സിസ്റ്റുകള്‍ ഡാര്‍വിനെയും പരിണാമസിദ്ധാന്തത്തെയും അംഗീകരിക്കുകയും അതിനെ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ജെ ബി എസ് ഹാല്‍ഡേന്‍ മുതല്‍ റിച്ചാര്‍ഡ് ലെവോന്‍റില്‍ വരെയുള്ള ശാസ്ത്രജ്ഞരും വെര്‍ണാഡ്സ്കി, പാവ്ലോവ്, ഷ്മാല്‍ ഹൗസന്‍ മുതലായ സോവിയറ്റ് ശാസ്ത്രജ്ഞരും ഇതിനുദാഹരണമാണ്.

കേരളത്തിലെ സമകാലിക യുക്തിവാദിയായ സി രവിചന്ദ്രനും വിശദീകരിക്കാന്‍ ശ്രമിക്കുന്നത് പരിണാമവാദത്തെയാണ്. പരിണാമവാദത്തിന് മാര്‍ക്സിസവുമായിട്ടുള്ള ബന്ധത്തെ വേര്‍പ്പെടുത്തി മറ്റൊരു ദിശയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ട്. അതിന് അദ്ദേഹം ആശ്രയിക്കുന്നത് റിച്ചാര്‍ഡ് ഡോക്കിന്‍സിനെയും ഡാനിയല്‍ ഡെന്നറ്റിനെയുംപോലുള്ള സമകാലികചിന്തകരെയും പരിണാമ മനഃശാസ്ത്രംപോയുള്ള സമകാലിക ഗവേഷണ പദ്ധതികളെയുമാണ്. ജനികതത്തിലും ന്യൂറോ സയന്‍സിലും നടക്കുന്ന ആധുനികഗവേഷണത്തെ ആധാരമാക്കി ജീവശാസ്ത്രത്തിന് യാന്ത്രികഭൗതികവാദത്തിന്‍റെ അടിത്തറ സൃഷ്ടിക്കുന്ന ഗവേഷണമാണ് ഇവര്‍ നടത്തുന്നത്. നിര്‍മിതബുദ്ധിയുടെയും കംപ്യൂട്ടേഷന്‍റെയും ആശയങ്ങളും ഇവരില്‍ കാണാം. ഇവരുടെ ചില ആശയങ്ങളെ പ്രയോജനപ്പെടുത്തി ചുറ്റുപാടുമുള്ള സാമൂഹ്യസമസ്യങ്ങളെ സംബന്ധിച്ചെല്ലാം സ്വന്തം വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണ് രവിചന്ദ്രന്‍ പ്രധാനമായും ചെയ്യുന്നത്.

പ്രകൃതി നിര്‍ദ്ധാരണം എന്ന് ഇതുവരെ വിവര്‍ത്തനം ചെയ്യപ്പെട്ട വാക്കിനെ ‘സ്വാഭാവികമായ തെരഞ്ഞെടുപ്പ്’ എന്നാണ് രവിചന്ദ്രന്‍ വിവര്‍ത്തനം ചെയ്യുന്നത്. നാച്ചുറല്‍ എന്ന ഇംഗ്ലീഷ് വാക്കിന് സ്വാഭാവികം എന്നാണ് അര്‍ഥമെന്നും അതിന് പ്രകൃതി എന്ന സംസ്കൃതപദവുമായി ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. നേച്ചര്‍ എന്ന പദത്തിന് പല വിധത്തിലുമുള്ള അര്‍ഥങ്ങള്‍ ഇംഗ്ലീഷില്‍ കാണാം. ഡേവിഡ് ഹ്യൂമിന്‍റെ ട്രീറ്റൈസ് ഓഫ് ഹ്യൂമന്‍ നേച്ചര്‍ (ഠൃലമശേലെ ീള ഔാമി ചമൗൃലേ)എന്ന പുസ്തകത്തില്‍ നേച്ചര്‍ എന്ന പദം മനുഷ്യസ്വഭാവം എന്ന അര്‍ഥത്തില്‍തന്നെയാണ് ഉപയോഗിക്കുന്നത്. നാച്ചുറല്‍ എന്ന വാക്കിന് സ്വാഭാവികം എന്ന അര്‍ഥം കല്‍പ്പിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള വാക്കുകള്‍ക്ക് ശാസ്ത്രീയമായ അര്‍ഥകല്‍പ്പന നടത്തുമ്പോള്‍ വ്യത്യാസമുണ്ടാകും. ഡാര്‍വിന്‍ ‘സ്പീഷിസിന്‍റെ ഉല്‍പ്പത്തി’യില്‍ (ഛൃശഴശി ീള ടുലരശലെ) ജീവജാലങ്ങളുടെ ഏതെങ്കിലും സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ചല്ല പ്രതിപാദിച്ചത്. ഭൗതികപ്രകൃതിയില്‍വരുന്ന സൂക്ഷ്മതലത്തിലുള്ള മാറ്റങ്ങളുടെയും അവയുമായി ജൈവരൂപങ്ങള്‍ നടത്തുന്ന തുടര്‍ച്ചയായ പ്രതിപ്രവര്‍ത്തനങ്ങളുടെയും ഫലമായി ജൈവഘടനയില്‍ വരുന്ന വ്യതിയാനങ്ങളെയാണ് സെലക്ഷന്‍ എന്ന പദം കൊണ്ടുദ്ദേശിച്ചത്. ഈ മാറ്റങ്ങള്‍ ജൈവഘടനയും അവയുടെ പ്രവര്‍ത്തനരീതികളും തമ്മിലുള്ള പാരസ്പര്യത്തില്‍ വരുന്ന മാറ്റങ്ങളാണ്. ഇതിനെയാണ് സ്പീഷിയേഷന്‍ എന്നുവിളിക്കുന്നത്. ഇതിനെ സ്വഭാവപരത എന്നുവിളിക്കാം. പക്ഷേ അത് ഇംഗ്ലീഷ് ഭാഷയിലെ സ്വാഭാവികം അല്ല. അത്തരത്തിലുള്ള മാറ്റങ്ങള്‍ തെരഞ്ഞെടുപ്പുമല്ല. ജീവജാലങ്ങള്‍ അവയ്ക്കുമുമ്പുള്ള സാധ്യതകളില്‍ നിന്ന് എന്തെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നില്ല. ഭൗതികപ്രകൃതിയുമായുള്ള പ്രതിപ്രവര്‍ത്തനത്തിന്‍റെ ഫലമായി ജൈവഘടനയില്‍ നിരവധി വ്യതിയാനങ്ങള്‍ രൂപംകൊള്ളുകയും അവയില്‍ ചിലത് അല്ലെങ്കില്‍ ഒന്ന് സ്പീഷിയേഷനു വിധേയമായി നിലനില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നിലനില്‍ക്കാനുള്ള സ്പീഷിസിന്‍റെ കഴിവിനെയാണ് അര്‍ഹത (എശിലേൈ) എന്ന വാക്കുകൊണ്ടു വിശേഷിപ്പിക്കുന്നത്. ഡാര്‍വിന്‍ ഈ പദം ഉപയോഗിച്ചുവെന്നല്ലാതെ ഹെര്‍ബര്‍ട്ട് സ്പെന്‍സറിന്‍റെയോ സോഷ്യല്‍ ഡാര്‍വിനിസ്റ്റുകളുടെയോ അര്‍ഥകല്‍പ്പനയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ല. ഇത്തരത്തില്‍ വസ്തുനിഷ്ഠമായി നിര്‍വചിക്കുന്ന സാങ്കേതികപദത്തെ സ്വാഭാവികമായ തെരഞ്ഞെടുപ്പ് എന്നു വിളിക്കുന്നതോടെ തികച്ചും ഭിന്നമായ അര്‍ഥം നല്‍കുകയാണ് രവിചന്ദ്രന്‍ ചെയ്യുന്നത്. ഭൗതികപ്രകൃതിയുമായി ബന്ധപ്പെട്ട വ്യതിയാനം എന്നതിനുപകരം ജീവജാലങ്ങള്‍ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടു നടത്തുന്ന സ്വാഭാവികമായ ഇടപെടല്‍ രൂപമായി അതുമാറുന്നു.

അര്‍ഥകല്‍പ്പനയില്‍ വരുന്ന ഈ മാറ്റം ജനിതകവുമായി ബന്ധപ്പെടുത്തി പില്‍ക്കാലത്ത് രൂപംകൊണ്ട പരിണാമസിദ്ധാന്തത്തെയും അതിന് ഡോക്കിന്‍സും കൂട്ടരും പില്‍ക്കാലത്തു നല്‍കിയ വിശദീകരണത്തെയും സംബന്ധിച്ച് രവിചന്ദ്രന്‍ നടത്തുന്ന അഭിപ്രായങ്ങളിലും കടന്നുവരുന്നു. ജനിതക ഉള്‍പരിവര്‍ത്തനങ്ങളെ പ്രകൃതിനിര്‍ദ്ധാരണവുമായി ബന്ധപ്പെടുത്തുകയും അതിനെ ആന്തരികഘടനയിലും (ഏലിീ്യേുല) ബാഹ്യഘടനയിലും (ജവലിീ്യേുല)വരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുമാണ് സെവല്‍റൈറ്റ്, ഫിഷര്‍, ഹാല്‍ഡേന്‍ മുതലായ ശാസ്ത്രജ്ഞര്‍ ചെയ്തത്. രവിചന്ദ്രന്‍ പ്രസ്താവിക്കുന്ന ജനിതകഡ്രിഫ്റ്റ് അതിന്‍റെ ഭാഗമാണ്. ഡാര്‍വിന്‍ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച വാദഗതിക്ക് ശാസ്ത്രീയമായ സ്ഥിരീകരണം ലഭിച്ചത് ഇതോടെയാണ്. എന്നാല്‍ ജനിതക ഉള്‍പരിവര്‍ത്തനങ്ങള്‍ വ്യക്തിഗതമായ “സ്വാഭാവിക തെരഞ്ഞെടുപ്പാണ്” എന്ന ആശയം ഇവര്‍ അവതരിപ്പിച്ചിട്ടില്ല. ഡ്രിഫ്റ്റ് എന്നത് നിരവധി കാലഘട്ടങ്ങളിലൂടെയും നിരവധി ജൈവരൂപങ്ങളിലൂടെയും കടന്നുപോകുന്ന ഉള്‍പരിവര്‍ത്തനങ്ങളുടെ ഒരു ശൃംഖലയാണ്. അവയുടെ അന്തിമരൂപം മറ്റൊരു സ്പീഷിസായി മാറുന്നു എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഈ പ്രക്രിയയുടെ ഭാഗമായി നിരവധി ജീനുകള്‍ പുനരാവിഷ്കരിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമത തുടരുകയും ചെയ്യുന്നു. ചിലത് സുഷുപ്തിയിലാഴുന്നു (റീൃാമിേ). ചിലത് പുതിയതായി നിര്‍മിക്കപ്പെടുന്നു. ഈ സൂക്ഷ്മ പരിവര്‍ത്തനങ്ങള്‍ ജനിതകഘടനയുടെ പൊതുരീതിയെ കാണിക്കുന്നു എന്നല്ലാതെ ഏതെങ്കിലും വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലേക്കു നയിക്കുന്നില്ല. ജനിതകഘടനയുടെ ഭൂരിഭാഗം രീതികളും ഒരു ജീവിയില്‍നിന്ന് അതിന്‍റെ സന്തതിയിലേക്കോ വംശപരമ്പരയിലേക്കോ കൈമാറ്റം ചെയ്യപ്പെടുന്നതുകൊണ്ടുമാത്രം പ്രകൃതിയിലെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരുപോലെയാകണമെന്നില്ല. ആന്തരികഘടനയും ബാഹ്യഘടനയും തമ്മിലുള്ള ബന്ധം എത്രമാത്രം അനുരൂപമായിരുന്നാലും ഒരു സ്പീഷിസ് എന്ന നിലയിലുള്ള ജീവജാലങ്ങളുടെ പ്രവര്‍ത്തനങ്ങളെ ജനിതകഘടന മാത്രം നിര്‍ണയിക്കുന്നുമില്ല. അവിടെ ജനിതകഘടന മാത്രമല്ല ബാഹ്യപ്രകൃതിയും നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അനുരൂപീകരണം (മറമുമേശേീി)എന്ന സംജ്ഞ പ്രസക്തമാകുന്നത്. സ്പീഷിസിന്‍റെ വളര്‍ച്ചയില്‍ തന്നെ നിരവധി വ്യതിയാനങ്ങള്‍ രൂപപ്പെടുന്നുണ്ട്. ജെനോ ടൈപ്പിനെയും ഫെനോ ടൈപ്പിനെയും അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനം ഏതെങ്കിലും വ്യക്തിനിഷ്ഠമായ തെരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്നില്ല. മാറ്റങ്ങള്‍ വരുന്നത് സ്പീഷിസിന്‍റെ തലത്തിലാണ്, വ്യക്തിപരമായ സവിശേഷതകളെ പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങളായി കണക്കാക്കാനാവില്ല. രവിചന്ദ്രന്‍ പറയുന്ന നിശാശലഭങ്ങളുടെ ഉദാഹരണത്തിന്‍റെ പ്രശ്നവും അതാണ്.

എന്നാല്‍ ഇത്തരത്തിലുള്ള വാദങ്ങളാണ് രവിചന്ദ്രന്‍ എഴുന്നള്ളിക്കുന്നത്. വ്യക്തിഗതമായ സവിശേഷതകള്‍, അവരുടെ ആസ്വാദന രീതികള്‍, കലാവൈഭവങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങി എല്ലാ വേര്‍തിരിവുകളെയും “സ്വാഭാവികമായ തെരഞ്ഞെടുപ്പിന്‍റെ” അടിസ്ഥാനത്തില്‍ നിലനില്‍പ്പിന്‍റെ രൂപങ്ങളായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത് അതിനായി അദ്ദേഹം പ്രയോജനപ്പെടുത്തുന്നത്. പരിണാമ മനഃശാസ്ത്രം എന്ന, ലെഡാ കോസ്മിസസും ജോണ്‍ ടൂബിയും ചേര്‍ന്ന് രൂപപ്പെടുത്തിയ ശാസ്ത്രശാഖയെയും ന്യൂറോ സയന്‍സിനെയും ഡാനിയല്‍ ഡെന്നറ്റിനെപ്പോലുള്ള “ശാസ്ത്രചിന്തകരു”ടെ മാതൃകകളെയുമാണ്. കോസ്മിസസും ടൂബിയും അവരുടെ പിന്‍മുറക്കാരും നടത്തിയ പരീക്ഷണങ്ങളെല്ലാം മനുഷ്യരുടെ വ്യത്യസ്തമേഖലകളിലെ ചേഷ്ടകളെ (യലവമ്ശീൗൃ)അവരുടെ ജനിതകഘടനയുമായി ബന്ധപ്പെടുത്തി നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി സൃഷ്ടിച്ചെടുത്ത നിഗമനങ്ങള്‍ മാത്രമാണത്. അനന്തമായ വൈവിധ്യങ്ങളോടെ നിരവധി പാരിസ്ഥിതിക വ്യൂഹങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രവര്‍ത്തനരീതികളെയും ആശയസംഹിതകളെയും കുറിച്ച് എന്തെങ്കിലും തരത്തിലുള്ള പൊതുനിഗമനത്തിലെത്താന്‍ ഈ പരീക്ഷണങ്ങള്‍ പര്യാപ്തമല്ല. അവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ആശയസംഹിതയോ പ്രവര്‍ത്തനരൂപങ്ങളോ “സ്വാഭാവികമായ തെരഞ്ഞെടുപ്പി”ന്‍റെ രീതികളാണെന്ന് വാദിക്കുന്നത് ബാലിശമായിരിക്കും. ചൂഷണമര്‍ദ്ദനരൂപങ്ങളും വിവേചനരൂപങ്ങളും യുദ്ധങ്ങളും അമിതാധികാര രൂപങ്ങളുമെല്ലാം സ്വാഭാവികമായ തെരഞ്ഞെടുപ്പിന്‍റെ രീതിയായി വ്യാഖ്യാനിക്കാനാവില്ല. ഏതെങ്കിലും തരത്തിലുള്ള വിശ്വാസസംഹിത ഒരു പ്രത്യേക സമൂഹവിഭാഗം സ്വീകരിക്കുന്നത് അവരുടെ നിലനില്‍പ്പിനുള്ള അര്‍ഹതയെ തെളിയിക്കുന്നുമില്ല. നാച്ചുറല്‍ സെലക്ഷന്‍റെ വികൃതവും അശാസ്ത്രീയവുമായ വലിച്ചുനീട്ടല്‍ മാത്രമാണിത്.

“സ്വഭാവികമായ തിരഞ്ഞെടുപ്പി”നെ സാമൂഹ്യ വികാസതത്വമായി ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം രവിചന്ദ്രന്‍ “കൃത്രിമമായ തെരഞ്ഞെടുപ്പി”നെ (അൃശേളശരശമഹ ടലഹലരശേീി) നിരാകരിക്കുന്നു. കൃത്രിമമായ തിരഞ്ഞെടുപ്പ് എന്നത് ജീവജാലങ്ങളുടെ ജനിതകഘടനയില്‍ ബോധപൂര്‍വം കൃത്രിമമായി വരുത്തുന്ന മാറ്റങ്ങളാണ്. അതായത് യുജെനിക്സിനെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. എന്നാല്‍ നിയന്ത്രിതരൂപത്തില്‍ സമൂഹവികാസത്തിനു വേണ്ടി സ്വീകരിക്കുന്ന പ്രക്രിയകളെ കൃത്രിമമായ തെരഞ്ഞെടുപ്പായി കണക്കാക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അത് വ്യക്തിപരമായ വികാസത്തിനു വേണ്ടിക്കൂടിയാകാം. ഹാരപ്പന്‍ സംസ്കാരത്തിന്‍റെയും അമേരിക്കയിലെ മായന്‍  സംസ്കാരത്തിന്‍റെയും തകര്‍ച്ച മരുഭൂവല്‍ക്കരണത്തിന്‍റെ ഫലമാണെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ഈ മരുഭൂവല്‍ക്കരണം അമിതവിഭവശോഷണത്തിന്‍റെ ഫലമാണെന്നു അഭിപ്രായമുണ്ട്. പക്ഷേ, ഏതെങ്കിലും വിധത്തിലുള്ള ‘കൃത്രിമമായ തെരഞ്ഞെടുപ്പാ’ണ് ഈ നാശത്തിനു കാരണമെന്നു പറയാനാവില്ല. അടിമസമ്പ്രദായവും ഫ്യൂഡലിസവും മുതലാളിത്തവുമെല്ലാം നിര്‍ബന്ധിതമായ പരിവര്‍ത്തനരൂപങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. റോമാ സാമ്രാജ്യം നിലനിന്നത് ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടിച്ചുകൊണ്ടുപോയ അടിമകളുടെ അധ്വാനത്തിലാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന രാഷ്ട്രത്തിന്‍റെ അടിത്തറ ആഫ്രിക്കന്‍ അടിമകളുടെ അധ്വാനവും അമേരിന്ത്യന്‍ വംശജരുടെ കൂട്ടക്കൊലയുമാണ്. കോളനിരാഷ്ട്രങ്ങളില്‍ നിരവധി കൊടുംക്ഷാമങ്ങളും പകര്‍ച്ചവ്യാധികളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇവയൊന്നും “കൃത്രിമമായ തിരഞ്ഞെടുപ്പ”ല്ല; സോഷ്യലിസം പോലുള്ള വ്യവസ്ഥകള്‍ മനുഷ്യരാശിയില്‍ ബോധപൂര്‍വമായ പരിവര്‍ത്തനം വരുത്താന്‍ ശ്രമിക്കുന്നവയാണ്. അവയും “കൃത്രിമമായ തിരഞ്ഞെടുപ്പ”ല്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും സ്വാഭാവികമായോ കൃത്രിമമായോ ഉള്ള തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നില്ല. അതിനുപകരം മനുഷ്യരാശിയുടെ ജൈവവികാസത്തിന്‍റെ സവിശേഷതകള്‍ മാത്രമാണ് കാണിക്കുന്നത്.

എന്നാല്‍ രവിചന്ദ്രന്‍ ഇതൊന്നും അംഗീകരിക്കുകയില്ല. യുക്തിവാദിയെന്ന നിലയില്‍ മനുഷ്യരാശിയുടെ വളര്‍ച്ചയിലെ അശാസ്ത്രീയതകളെ അദ്ദേഹം വിമര്‍ശിക്കുന്നു. അത് ശരിയാണ്. പക്ഷേ, ഇവയെ “സ്വാഭാവിക”മായും കൃത്രിമമായുമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുമ്പോഴാണ് അദ്ദേഹത്തിന്‍റെ വാദഗതികള്‍ വികലമാകുന്നത്. മനുഷ്യരാശിയുടെ വളര്‍ച്ചയിലെ വൈകാരികവും ചേഷ്ടാപരവുമായ തലങ്ങളെല്ലാം “സ്വാഭാവിക”മാണെന്നും അവയെ പുനഃനിര്‍മിക്കാനുള്ള ശ്രമങ്ങള്‍ കൃത്രിമമാണെന്നും വാദിച്ചാല്‍ മനുഷ്യരെ സ്വാധീനിക്കുന്ന ആത്മനിഷ്ഠതലങ്ങളെല്ലാം അതേപടി നിലനിര്‍ത്തേണ്ടതാണെന്നും അവയുടെ വിമര്‍ശനങ്ങളും അവയെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളും കൃത്രിമമാണെന്നും വാദിക്കപ്പെടും. പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ദൈവശാസ്ത്രം അവരുടെ രീതിയില്‍ നടത്തുന്നുണ്ട്. അതേസമയം ലോകമാസകലമുള്ള സാമൂഹ്യപ്രവര്‍ത്തകരും വിപ്ലവകാരികളും അവരുടെ കാഴ്ചപ്പാടുകളനുസരിച്ച് പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മാര്‍ക്സിസ്റ്റുകളും സോഷ്യലിസ്റ്റുകളുമെല്ലാം ഇവരില്‍പെടും. ഇവരെയെല്ലാം ഒറ്റയടിക്ക് കൃത്രിമമായ തെരഞ്ഞെടുപ്പിന്‍റെ വക്താക്കളാക്കി മാറ്റുന്നതോടെ നിലനില്‍ക്കുന്നത് മനുഷ്യരുടെ അനുഭവസാക്ഷ്യങ്ങളും വൈകാരിക പരിപ്രേക്ഷ്യങ്ങളും മാത്രമാണ്. ഇവയെ ആധാരമാക്കിയുള്ള വിശ്വാസപ്രമാണങ്ങളും പ്രവര്‍ത്തനരീതികളും മാത്രം അവശേഷിക്കുന്നു. അവയില്‍ ചിലത് “സ്വാഭാവികമായ” തെരഞ്ഞെടുപ്പിലൂടെ മനുഷ്യരുടെ ജൈവഘടനയുടെ ഭാഗമാകുന്നു. ദൈവശാസ്ത്രമില്ലാതെ ദൈവങ്ങള്‍ക്കും വിശ്വാസസംഹിതകളില്ലാതെ വിശ്വാസങ്ങള്‍ക്കും സിദ്ധാന്തങ്ങളില്ലാതെ പ്രയോഗരീതികള്‍ക്കും വ്യവസ്ഥാപിതമല്ലാത്ത എല്ലാ അധികാരരൂപങ്ങള്‍ക്കും ഇത്തരത്തില്‍ യുക്തിവാദ പരികല്‍പ്പനകളുടെ ഭാഗമാകാം.

യുക്തിവാദം നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും തീവ്രമായ രൂപമാണിത്. യുക്തിവാദത്തിന് നിലനില്‍ക്കാന്‍ അതിനെത്തന്നെ നിഷേധിക്കേണ്ടിവരുന്നു. പ്രകൃതിനിര്‍ധാരണത്തെ ‘സ്വാഭാവികമായ തെരഞ്ഞെടുപ്പാ’യി അവതരിപ്പിക്കുന്നതോടെ വസ്തുനിഷ്ഠ യുക്തിക്കുപകരം ആത്മനിഷ്ഠ യുക്തിസ്ഥാനം പിടിക്കുകയും അതിനെ ജൈവപരിണാമത്തിന്‍റെ ആധാരശിലയായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ജനിതകമാറ്റങ്ങളെ സംബന്ധിച്ച ഡോക്കിന്‍സിന്‍റെ ആശയങ്ങളും ഡാനിയല്‍ ഡെന്നറ്റിന്‍റെ ഔപചാരികയുക്തിയും യാന്ത്രികഭൗതികവാദവും ചേര്‍ന്ന സമീപനവും ഉപയോഗിച്ച് ഈ “ആത്മനിഷ്ഠ”യുക്തിക്ക് വ്യക്തിഗതവും ഉള്‍പ്രേരണയുടെ അടിസ്ഥാനത്തിലുള്ളതുമായ പ്രവര്‍ത്തനതലങ്ങള്‍ കണ്ടെത്തുന്നു. ഇതിനെ യുക്തിവാദമായി അവതരിപ്പിക്കുകയും ഇതുമായി വിയോജിക്കുന്ന മാര്‍ക്സിസമടക്കമുള്ള ഭൗതികവാദപ്രവണതകളെ നിരാകരിക്കുകയും ചെയ്യുന്നു. ജീവജാലങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം യാന്ത്രികമാണെന്ന, ലീനിയര്‍ പ്രോഗ്രാമിങ്ങിനുവിധേയമാക്കാന്‍ സാധിക്കുന്നതാണെന്ന ഡാനിയല്‍ ഡെന്നറ്റിന്‍റെ വാദത്തിലാണ് ഈ ആത്മനിഷ്ഠ യുക്തിയെ ഭൗതികവാദവുമായി ബന്ധിപ്പിക്കുന്നത്. യാന്ത്രികമായ ചലനനിയമങ്ങള്‍ മനുഷ്യരാശിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതോടെ മനുഷ്യരാശിയുടെ പരിവര്‍ത്തനത്തിനുള്ള എല്ലാ ആസൂത്രിതമായ പരിശ്രമങ്ങളും കൃത്രിമമായ ഇടപെടലുകളായി മാറുന്നു. അവ “സ്വാഭാവികമായ” തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുന്നതുകൊണ്ട് അത്യന്തം ആപല്‍ക്കരമായിത്തീരുന്നു. യാന്ത്രികമുഖം മൂടിയണിഞ്ഞ യുക്തിരാഹിത്യം യുക്തിവാദത്തിന്‍റെ സ്ഥാനം പിടിക്കുന്നു.

പല സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നതുപോലെ രവിചന്ദ്രനെ സംഘപരിവാര്‍ പ്രചാരകനായും മറ്റും വിശേഷിപ്പിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അദ്ദേഹം വാദിക്കുന്നത് വേറൊന്നാണ്. ഇന്നത്തെ നവലിബറലിസത്തിന്‍റെയും മുതലാളിത്ത യുക്തിയുടെയും വികാസം മനുഷ്യരാശിയുടെ സ്വാഭാവികമായ തെരഞ്ഞെടുപ്പാണ്. സോഷ്യലിസം അതിനെ തടസ്സപ്പെടുത്താനുള്ള കൃത്രിമവും സ്വേച്ഛാധികാരപരവുമായ ശ്രമമായിരുന്നു. അത് കൃത്രിമവും നിരാകരിക്കപ്പെടേണ്ടതുമാണ്. അതുപോലെ നവലിബറലിസത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും തടയാനുള്ള ഇസ്ലാമിസ്റ്റുകളുടെ ശ്രമങ്ങളും നിരാകരിക്കേണ്ടതാണ്.

പാശ്ചാത്യ സാമ്രാജ്യത്വമാണ് യുക്തിയെങ്കില്‍ ഇസ്ലാമിസം യുക്തിരാഹിത്യമാണ്. ഹിന്ദുത്വം ആധിപത്യം സ്ഥാപിക്കുന്നതും ജനങ്ങളുടെ തീരുമാനപ്രകാരമാണ്. അതുകൊണ്ട് അത് സ്വാഭാവികമാണ്. അത് ജനാഭിലാഷപ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്വാഭാവികമായും പുറന്തള്ളപ്പെടും. ഇവിടെയെല്ലാം പ്രകൃതിനിര്‍ദ്ധാരണത്തെ സംബന്ധിച്ച് ഇതുവരെ വളര്‍ത്തിക്കൊണ്ടുവന്ന ശാസ്ത്രീയ നിഗമനങ്ങള്‍, അവയുടെ യാന്ത്രികമായ പുറംചട്ടക്കൂടുകളൊഴിച്ച്, പുറന്തള്ളപ്പെടുകയാണ്. “സ്വാഭാവികമായ തിരഞ്ഞെടുപ്പ്” എന്നത് മനുഷ്യര്‍ എന്ന സ്പീഷിസിന്‍റെ പരിണാമത്തെ നിജപ്പെടുത്തുന്ന ഏതാണ്ട് ദൈനംദിന പ്രക്രിയയാകുകയാണ്. “മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു” എന്ന പ്രാഥമികതത്ത്വംപോലും നിരാകരിക്കപ്പെടുന്നതോടെ യാന്ത്രികവും സ്വാഭാവികവുമായ വികസനത്തിനപ്പുറമുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ക്ക് പ്രസക്തിയില്ലാതാകുന്നു. ഇങ്ങനെ മനുഷ്യരുടെ വികാസത്തെ സംബന്ധിച്ച വലതുപക്ഷ കാഴ്ചപ്പാടാണ് ‘യുക്തിവാദം’ എന്നപേരില്‍ രവിചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ഇതേ നിലപാട് സ്വീകരിക്കുന്നതില്‍ ഹിന്ദുത്വവാദികള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ല എന്നതാണ് ഇന്നത്തെ യുക്തിവാദത്തിന്‍റെ യഥാര്‍ഥ പ്രതിസന്ധി

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular