Tuesday, December 3, 2024

ad

Homeമുഖപ്രസംഗംഗവര്‍ണര്‍ സ്വന്തം നില മറക്കരുത്

ഗവര്‍ണര്‍ സ്വന്തം നില മറക്കരുത്

മുഖപ്രസംഗം

കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങളില്‍ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും സജീവമായിരുന്നു. അധികാരക്കസേരയില്‍ തുടരാനായി അദ്ദേഹം ഇടയ്ക്കിടെ പാര്‍ടി മാറിക്കൊണ്ടിരുന്നതും അക്കാലത്തെ പതിവുകാഴ്ചയായിരുന്നു. അങ്ങനെ ഭരിച്ചിട്ട് മതിവരാത്തതിന്‍റെ സൂചനയാണ് കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്നുകൊണ്ട് സംസ്ഥാന ഭരണത്തെ നിയന്ത്രിക്കാന്‍ അദ്ദേഹം നടത്തുന്ന ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍. അതിന്‍റെ ഭാഗമാണ് മന്ത്രിമാര്‍ അതിരുവിട്ടാല്‍ അവരെ പുറത്താക്കും എന്ന് അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് (മലയാള മനോരമ ഒന്നാം പേജ് തലവാചകം, ഒക്ടോ. 18). ഇതുസംബന്ധിച്ച് ഇവിടെ മുഖ്യമന്ത്രിയും ചില മന്ത്രിമാരും രാഷ്ട്രീയനേതാക്കളും പ്രതികരിച്ചതിനു പുറമെ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നീ ദിനപത്രങ്ങള്‍ ജനുവരി 19നു മുഖപ്രസംഗങ്ങള്‍ എഴുതുകയും ചെയ്തു.

‘ആരുടെ പ്രീതി’ എന്ന തലക്കെട്ടില്‍ ഹിന്ദു പത്രം എഴുതിയ മുഖപ്രസംഗത്തില്‍ ഗവര്‍ണര്‍ക്കു മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ല എന്നു സുപ്രീംകോടതി വിധിച്ചത് ചൂണ്ടിക്കാണിക്കുന്നു. ആരിഫ് മൊഹമ്മദ്ഖാനു വലിയ ആഗ്രഹമുണ്ടാകാം, തനിക്ക് കേരളത്തിലെ സര്‍ക്കാരിനെ വിറപ്പിക്കാനുള്ള അധികാരമുണ്ട് എന്നു പ്രഖ്യാപിക്കാന്‍. എന്നാല്‍, ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാനേ കഴിയൂ. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേരള സര്‍വകലാശാലാ നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2022 നിയമസഭ പാസാക്കിയതിനു അനുമതി നല്‍കാതെ ഗവര്‍ണര്‍ വച്ചുതാമസിപ്പിക്കരുതെന്നു പറഞ്ഞതില്‍ അദ്ദേഹത്തിനു നീരസം ഉണ്ടാകാം. എന്നാല്‍, ആരിഫ് ഖാന്‍ പറഞ്ഞതുപോലെ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല. മുഖ്യമന്ത്രി ആ മന്ത്രിയെ ഒഴിവാക്കണമെന്നു നിര്‍ദേശിച്ചാലേ അദ്ദേഹത്തിനു അങ്ങനെ ചെയ്യാന്‍ കഴിയൂ. ഭരണഘടനയുടെ 164-ാം അനുഛേദത്തില്‍ പറയുന്ന ഗവര്‍ണറുടെ ‘പ്രീതി’ (ജഹലമൗൃലെ) യഥാര്‍ഥത്തില്‍, നിയമസഭയില്‍ ഭൂരിപക്ഷ പിന്തുണയുള്ള, മുഖ്യമന്ത്രിയുടെ അവകാശമാണ്.

ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അധികാരം വിനിയോഗിക്കപ്പെടുന്നത് പ്രസിഡന്‍റിന്‍റെ/ഗവര്‍ണറുടെ പേരിലാണ് (ബ്രിട്ടനില്‍ കീഴ്വഴക്കം അനുസരിച്ച് രാജാവിന്‍റെ പേരിലും). അത് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ (നിയമസഭയില്‍) ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള പ്രധാനമന്ത്രി (മുഖ്യമന്ത്രി)യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നല്‍കുന്ന ഉപദേശം സ്വീകരിക്കാന്‍ പ്രസിഡന്‍റ് (ഗവര്‍ണര്‍) ബാധ്യസ്ഥനാണ്. തന്ന ഉപദേശം പുനഃപരിശോധിക്കാന്‍ മന്ത്രിസഭയോട് ആവശ്യപ്പെടാം. അങ്ങനെ തിരുത്തിയ (അല്ലെങ്കില്‍ ആവര്‍ത്തിച്ച) ഉപദേശം സ്വീകരിക്കാന്‍ പ്രസിഡന്‍റ് (ഗവര്‍ണര്‍) ബാധ്യസ്ഥനാണ്.

ഇത് കാണിക്കുന്നത് പ്രസിഡന്‍റ് (ഗവര്‍ണര്‍) ഭരണഘടനപ്രകാരം ഔപചാരിക ഭരണത്തലവനാണ് എന്നത്രെ. യഥാര്‍ഥത്തില്‍ അധികാരം കയ്യാളുന്നത് (പാര്‍ലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ പിന്തുണയോടെ) മന്ത്രിസഭയാണ്. അതാണ് പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസ്സത്ത.
മേല്‍പ്പറഞ്ഞ തരത്തിലാണ് ഭരണഘടന നിലവില്‍ വന്നശേഷമുള്ള 72 വര്‍ഷത്തിലേറെ കാലമായി ഇന്ത്യയില്‍ കേന്ദ്രത്തിലായാലും, സംസ്ഥാനങ്ങളിലായാലും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ചില അവസരങ്ങളില്‍ ഈ ഭരണഘടനാ വ്യവസ്ഥകളെ പ്രയോഗിക്കുന്നതു സംബന്ധിച്ച് അധികാരം ഔപചാരികമായി കയ്യാളുന്ന പ്രസിഡന്‍റും (ഗവര്‍ണറും) യഥാര്‍ഥ ഭരണാധികാരികളായ കേന്ദ്ര (സംസ്ഥാന) മന്ത്രിസഭയും തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടാകാറുണ്ട്. അത് സംബന്ധിച്ച് അവര്‍ തമ്മില്‍ ചര്‍ച്ചയാകാം. അതിന്‍റെ അടിസ്ഥാനത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കി പ്രവര്‍ത്തിക്കാം. എന്നാല്‍ മന്ത്രിസഭ അതിന്‍റെ നിലപാടില്‍ ഉറച്ചുനിന്നാല്‍ പ്രസിഡന്‍റ് (ഗവര്‍ണര്‍) അതിന്‍റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണ്.

കേന്ദ്ര (യൂണിയന്‍) സര്‍ക്കാരില്‍ പ്രസിഡന്‍റും മന്ത്രിസഭയും ആണല്ലൊ ഉള്ളത്. ആദ്യ പ്രസിഡന്‍റുമാരായിരുന്ന ഡോ. രാജേന്ദ്രപ്രസാദ്, ഡോ. എസ് രാധാകൃഷ്ണന്‍ മുതലായവരുടെ പേരിലല്ല സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകള്‍ അറിയപ്പെടുന്നത്. പിന്നെയോ? പ്രധാനമന്ത്രിമാരുടെ പേരിലാണ്. ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി മുതലായവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളാണ് യഥാക്രമത്തില്‍ ഇന്ത്യ ഭരിച്ചത്. അതുപോലെ കേരളത്തില്‍ 1957ലെ സര്‍ക്കാര്‍ അന്ന് ഗവര്‍ണറായിരുന്ന ബി രാമകൃഷ്ണറാവുവിന്‍റെ പേരിലല്ല, അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ പേരിലണ് അറിയപ്പെടുന്നത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണം നടത്തുന്നതും പരിഷ്കാരങ്ങള്‍ വരുത്തുന്നതും മന്ത്രിസഭകളാണ്.
ആരിഫ് മൊഹമ്മദ് ഖാന് ഭരണത്തിലും അതിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാന്‍ സ്വാഭാവികമായും താല്‍പ്പര്യമുണ്ടാകാം. ചില മാധ്യമങ്ങള്‍ അത്തരം വാര്‍ത്ത ചമച്ചു പ്രസിദ്ധപ്പെടുത്തി എന്നും വരാം. പക്ഷേ, യഥാര്‍ഥത്തില്‍ ഭരണാധികാരി ഭരണഘടന നിഷ്കര്‍ഷിക്കുന്നതുപോലെ, തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണ്, അതിന്‍റെ തലവനായ പ്രധാന (മുഖ്യ)മന്ത്രിയാണ്. ഒരാള്‍ ആഗ്രഹിച്ചതുകൊണ്ട് അത് മാറില്ല. പഴയ ചൊല്ലുണ്ടല്ലൊ. “ആണ്ടി വലിയ തല്ലുകാരനാണ്” എന്നു ആണ്ടി തന്നെ പറഞ്ഞു നടക്കുന്ന രീതിയാണിത്. ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്ത ആരിഫ് മൊഹമ്മദ്ഖാന്‍ അത്തരത്തില്‍ പെരുമാറാന്‍ ശ്രമിക്കരുത്. അത് അദ്ദേഹത്തിനു ഒട്ടും ഗുണകരമാവില്ല.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ചില സെനറ്റര്‍മാരെ പുറത്താക്കാന്‍ ചാന്‍സലര്‍ നല്‍കിയ നിര്‍ദേശം നിയമവിരുദ്ധമായതുകൊണ്ട് വൈസ്ചാന്‍സലര്‍ അങ്ങനെ ചെയ്തില്ല. അത് സാധ്യമല്ല എന്നു ചാന്‍സലറെ അറിയിക്കുകയും ചെയ്തു. അതില്‍ കുപിതനായ ചാന്‍സലറായ ഗവര്‍ണര്‍ അവരെ പിരിച്ചുവിട്ടുകൊണ്ട് നേരിട്ട് ഉത്തരവിറക്കിയിരിക്കുന്നു. ഗവര്‍ണര്‍ക്ക് അതിനു അധികാരമില്ല. അതിനാല്‍ അദ്ദേഹത്തിന്‍റെ പിരിച്ചുവിടല്‍ ഇണ്ടാസിനു ഒരു വിലയുമില്ല. “അതുകൊണ്ടരിശം തീരാതെ” എന്നു കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരിക്കാം!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + 17 =

Most Popular