ബ്രിട്ടന്‍റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ പാദത്തില്‍ – 0.1 ആയി കുറഞ്ഞു. അങ്ങനെ വികസിത രാജ്യങ്ങളില്‍ മൈനസ് വളര്‍ച്ചയിലെത്തിയ ആദ്യരാജ്യമായി ബ്രിട്ടന്‍ മാറി. ഈ പാദത്തില്‍ ഇറ്റലി ഈയൊരു അവസ്ഥയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2023ല്‍ എല്ലാ വികസിത രാജ്യങ്ങളിലും സാമ്പത്തിക വളര്‍ച്ച കേവലമായിട്ട് കുറയാന്‍ പോവുകയാണ്. ഐഎംഎഫിന്‍റെ ഏറ്റവും പുതിയ ഇക്കണോമിക് ഔട്ട്ലുക്ക് ആഗോള സാമ്പത്തിക വളര്‍ച്ച 2021ല്‍ 6 ശതമാനം ആയിരുന്നത് 2022ല്‍ 3.2 ശതമാനവും 2023ല്‍ 2.7 ശതമാനവുമായി കുറയുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിലെ ഏറ്റവും പ്രസിദ്ധി നേടിയ വാചകം ഇതായിരുന്നു:’ഏറ്റവും മോശമായത് കേള്‍ക്കാന്‍ ഇരിക്കുന്നതേയുള്ളൂ’.
2008ഉം 2023ഉം
ഈ മാന്ദ്യത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് ധനമൂലധനം (ഫിനാന്‍സ് ക്യാപ്പിറ്റല്‍) ആസൂത്രിതമായി സൃഷ്ടിക്കുന്ന മാന്ദ്യമായിരിക്കും. 2008-09 മാന്ദ്യത്തെ നമ്മളാരും മറന്നു കാണാന്‍ ഇടയില്ല. നിയോലിബറല്‍ കാലത്തെ ഏറ്റവും രൂക്ഷമായ മാന്ദ്യമായിരുന്നു അത്. ബാങ്കുകള്‍ വലിയ തോതില്‍ ഊഹക്കച്ചവടക്കാര്‍ക്ക് വാരിക്കോരി വായ്പ നല്‍കി. ഊഹക്കച്ചവട കുമിള തകര്‍ന്നതോടെ ബാങ്കുകളുടെ തകര്‍ച്ചയുടെ മാലപ്പടക്കവും പൊട്ടി. ബാങ്കുകളെ രക്ഷിക്കാന്‍ വലിയ പാക്കേജുകള്‍ വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കു പ്രഖ്യാപിക്കേണ്ടി വന്നു. ഇതിനു നേര്‍വിപരീതമാണ് ഇപ്പോഴത്തെ സ്ഥിതി. വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ നല്ലൊരു മാന്ദ്യം ഉണ്ടാകുന്നതാണ് നല്ലതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് (ബാങ്ക്) ചെയര്‍മാന്‍ ജെറോം പവ്വല്‍ വിലക്കയറ്റത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘വിലക്കയറ്റം തടയാന്‍ സമ്പദ്ഘടനയിലെ ഡിമാന്‍റ് ഇടിക്കണം; അത് കൂലി കുറയ്ക്കാന്‍ അവസരം സൃഷ്ടിക്കും.’ ട്രംപ് നിയമിച്ച കോടീശ്വരനാണ് പവ്വല്‍. തികഞ്ഞ യാഥാസ്ഥിതികന്‍. പക്ഷേ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡനും അദ്ദേഹം സ്വീകാര്യനാണ്. ബൈഡന്‍ പറഞ്ഞത് ഇതാണ്: ‘വിലക്കയറ്റം തടയാനുള്ള പ്രവര്‍ത്തനം അതിലളിതമായ ഒരു പ്രസ്താവനയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഫെഡറല്‍ റിസര്‍വ്വിനെ ബഹുമാനിക്കുക. അവരുടെ പ്രവര്‍ത്തനം സ്വതന്ത്രമാക്കുക.’
ധനമൂലധനത്തിന്‍റെ ആവശ്യം
അമേരിക്കന്‍ തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് തുടങ്ങിയവേളയില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിനും കൂലി കുറയ്ക്കുന്നതിനുമുള്ള ഒരു നടപടിയിലേക്ക് ബൈഡന്‍ പോകുന്നത് എന്തിന്? കാരണം ലളിതമാണ്. വിലക്കയറ്റം ധനമൂലധനത്തിനു ചതുര്‍ത്ഥിയാണ്. ധനമൂലധനമാണ് ഇന്ന് ആഗോളമായും അമേരിക്കയിലും ആധിപത്യം പുലര്‍ത്തുന്നത്. വ്യവസായ മുതലാളിമാരും കച്ചവടക്കാരുമെല്ലാം അവരുടെ മൂലധനത്തില്‍ നല്ലപങ്കും ഉല്‍പ്പാദനോപാധികളോ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളോ ആയാണ് സൂക്ഷിക്കുക. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അവരുടെ സാധനങ്ങളുടെ വിലയും ഉയരും. അവര്‍ക്കു നേട്ടമാണ്. അതേസമയം, ധനമൂലധനം പണത്തിന്‍റെ രൂപത്തിലാണ് സൂക്ഷിക്കപ്പെടുന്നത്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ പണത്തിന്‍റെ മൂല്യം കുറയും. അതുകൊണ്ട് ധനമൂലധനത്തെ സംബന്ധിച്ചിടത്തോളം വിലക്കയറ്റത്തിനു കടിഞ്ഞാണിട്ടു നിര്‍ത്തുക എന്നതാണ് ധനമേഖലയിലെ ഏറ്റവും പ്രധാനമായ ലക്ഷ്യങ്ങളിലൊന്ന്.
കോവിഡ് കാലത്ത് ആഗോള സമ്പദ്ഘടന ഏതാണ്ട് നിശ്ചലമായി. 2021 ഉം, 2022 ഉം രൂക്ഷമായ മാന്ദ്യത്തിന്‍റെ വര്‍ഷങ്ങളായിരുന്നു. ഈ സ്ഥിതിവിശേഷത്തെ മറികടക്കുന്നതിനുവേണ്ടി വലിയതോതില്‍ കമ്മിപ്പണം എല്ലാ സര്‍ക്കാരുകളും സൃഷ്ടിച്ചു. വികസിതരാജ്യങ്ങളാണ് ഏറ്റവും വലിയ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചത്. 2008-09ലെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് ഉത്തേജക പാക്കേജുകള്‍ ബാങ്കുകളെ രക്ഷിക്കാനാണ് ഉപയോഗിച്ചത്. എന്നാല്‍ ഇത്തവണ ലോക്ഡൗണിലായ ജനങ്ങള്‍ക്കാണ് ഇതില്‍ നല്ലപങ്കും നല്‍കിയത്. ഇതിന്‍റെ ഫലമായി തൊഴിലാളികളുടെ വിലപേശല്‍ കഴിവ് ഉയര്‍ന്നു. പാശ്ചാത്ത്യരാജ്യങ്ങളില്‍ പലതിലും കോവിഡ് കഴിഞ്ഞപ്പോള്‍ കൂലി കൂടുതലിനു വേണ്ടിയുള്ള സമരങ്ങളും ഉയര്‍ന്നുവന്നു. ബ്രിട്ടനിലെ റെയില്‍വേ തൊഴിലാളികള്‍ സമരപാതയിലാണ്. അമേരിക്കയില്‍ ആമസോണ്‍, സ്റ്റാര്‍ബക്ക് തുടങ്ങി ഇതുവരെ തൊഴിലാളികള്‍ അസംഘടിതരായിരുന്ന പല കമ്പനികളിലും സമരങ്ങള്‍ ഉണ്ടായി. തൊഴിലാളികളെ നിലയ്ക്കുനിര്‍ത്തണമെങ്കില്‍ തൊഴിലില്ലായ്മ ഉയര്‍ത്തണം, മാന്ദ്യം ഉണ്ടാകണം എന്നാണ് പവ്വലിനെപ്പോലുള്ളവര്‍ പറയുന്നത്.
പലിശനിരക്ക്
മാന്ദ്യസൃഷ്ടിക്കുള്ള ആയുധം
ഇതിന് അവരുടെ കൈയിലുള്ള ആയുധമാണ് പലിശ നിരക്ക്. പലിശ നിരക്ക് ആത്യന്തികമായി തീരുമാനിക്കുന്നത് ഓരോ രാജ്യത്തെയും റിസര്‍വ് ബാങ്കുകളാണ്. കാരണം മറ്റു വാണിജ്യ ബാങ്കുകളെല്ലാം റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കേണ്ടിവരുമല്ലോ. അപ്പോള്‍ കൊടുക്കേണ്ട പലിശയാണ് സമ്പദ്ഘടനയിലെ അടിസ്ഥാന പലിശ. കോവിഡ് കാലത്ത് അമേരിക്കന്‍ പലിശ നിരക്ക് ഏതാണ്ട് പൂജ്യം ആയിരുന്നു.
2022 മാര്‍ച്ച് മാസത്തില്‍ അത് 0.25 – 0.50 ശതമാനം വരെ ആയിരുന്നു. മാര്‍ച്ച് മാസത്തില്‍ 25 ബേസിസ് പോയിന്‍റ് (0.25%) നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് പലിശ വര്‍ദ്ധനയുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. മെയ് 5ന് 50 ബേസിസ് പോയിന്‍റും, ജൂണ്‍ 16ന് 75 ബേസിസ് പോയിന്‍റും വര്‍ദ്ധിപ്പിച്ചു. ജൂലൈ, സെപ്തംബര്‍ മാസങ്ങളില്‍ വീണ്ടും 75 ശതമാനം വീതം വര്‍ദ്ധിപ്പിച്ചു. അങ്ങനെ അമേരിക്കയിലെ പലിശ നിരക്ക് ഇപ്പോള്‍ 3.00 – 3.25 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. ഇനിയും ഇത് കുത്തനെ ഉയര്‍ത്തുമെന്നാണ് പവ്വല്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
വോള്‍ക്കര്‍ ഷോക്ക്
പലിശ നിരക്ക് ഉയരുമ്പോള്‍ സംരംഭകര്‍ കടം വാങ്ങി നിക്ഷേപം നടത്തുന്നതു കുറയ്ക്കും. ഉപഭോക്താക്കള്‍ ഹയര്‍ പര്‍ച്ചേയ്സ് വഴിയും മറ്റും കടത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതു കുറയ്ക്കും. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍കടമെടുക്കുന്നതു കുറയ്ക്കും. അങ്ങനെ പണലഭ്യതയും കുറയും. അങ്ങനെയാണ് വിലക്കയറ്റത്തെ പിടിച്ചുകെട്ടുക.
നിയോലിബറല്‍ കാലഘട്ടം ആഗോളമായി ഉദ്ഘാടനം ചെയ്തത് താച്ചറും റീഗണും കൂടിയാണല്ലോ. അവര്‍ക്ക് അരങ്ങൊരുക്കിയത് അവിടങ്ങളിലെ റിസര്‍വ് ബാങ്കുകള്‍ ആയിരുന്നു. ഇതില്‍ അമേരിക്കന്‍ റിസര്‍വിന്‍റെ ചെയര്‍മാന്‍ പോള്‍ വോള്‍ക്കര്‍ ആണ് പുതിയ പണനയം ആദ്യമായി നടപ്പാക്കിയത്. അദ്ദേഹം ഒരു സാമ്പത്തികശാസ്ത്രജ്ഞനും ബാങ്ക് മേധാവിയുമായിരുന്നു. സാധാരണനിലയില്‍ അമേരിക്കയിലെ പലിശ നിരക്ക് 5 ശതമാനമാണ്. അദ്ദേഹം പലിശ നിരക്ക് 10 ശതമാനമായി ഉയര്‍ത്തി. 1981 തുടക്കത്തില്‍ അമേരിക്കയിലെ പലിശ നിരക്ക് 17 ശതമാനമായി. ഇതിനെയാണ് വോള്‍ക്കര്‍ ഷോക്ക് എന്നു വിളിക്കുന്നത്.
17 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് ഒരു വ്യവസായവും നടത്താനാവില്ല. പല കമ്പനികളും അടച്ചുപൂട്ടേണ്ടി വന്നു. അമേരിക്കയിലെ തൊഴിലില്ലായ്മ 11 ശതമാനമായി. കറുത്ത വംശജരില്‍ തൊഴിലില്ലായ്മ 20 ശതമാനമായി. കൂലി കുറയ്ക്കുന്നതിനുള്ള നീക്കങ്ങളെ ചെറുക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്കു കഴിയാതായി. അമേരിക്കയിലെ ഏറ്റവും ശക്തമായ ട്രേഡ് യൂണിയനുകളിലൊന്ന് മോട്ടോര്‍ വാഹന നിര്‍മ്മാണ മേഖലയിലാണ്. പലതും അടച്ചുപൂട്ടലിന്‍റെ വക്കിലെത്തി. ക്രിസ്ലര്‍ കമ്പനിയെ നിലനിര്‍ത്താന്‍ യൂണിയനു വോള്‍ക്കര്‍ പറഞ്ഞ പാക്കേജ് അംഗീകരിക്കേണ്ടിവന്നു. അതിലേറെ പ്രസിദ്ധം അമേരിക്കയിലെ പൈലറ്റുമാരുടെ സമരത്തെ തോല്‍പ്പിച്ചതാണ്. അമേരിക്കന്‍ ട്രേഡ് യൂണിയനുകള്‍ വോള്‍ക്കര്‍ ഷോക്കില്‍ നിന്ന് ഇതുവരെ വിമുക്തമായിട്ടില്ല.
വിലക്കയറ്റത്തിനു കാരണം
കൂലിയോ?
വിലക്കയറ്റത്തിനു കാരണം തൊഴിലാളികളുടെ കൂലി വര്‍ദ്ധിക്കുന്നതാണെന്ന മിഥ്യാധാരണ ഒരു പൊതുബോധമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നൊക്കെ എത്രയോ അകലത്തിലാണ്. ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോഷ് ബിവന്‍സ് എന്ന സാമ്പത്തിക വിദഗ്ദന്‍ ഇപ്പോഴത്തെ വില വര്‍ദ്ധനവിനു പിന്നിലെ ഘടകങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപ്രകാരം കോവിഡിനുശേഷമുള്ള വിലക്കയറ്റത്തിന്‍റെ 54 ശതമാനം കമ്പനികളുടെ ലാഭത്തിലുണ്ടായ വര്‍ദ്ധനയാണ്. ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളിലും കോവിഡ് കാലത്ത് രൂക്ഷമായ മാന്ദ്യവേളയിലും കമ്പനികളുടെ ലാഭനിരക്ക് കുത്തനെ ഉയര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.കൂലി വര്‍ദ്ധന 8 ശതമാനം വിലക്കയറ്റത്തിനു മാത്രമേ കാരണമായിട്ടുള്ളൂ. മറ്റു ഘടകങ്ങളാണ് 38 ശതമാനം. ഇതിലാണ് എണ്ണവിലയും മറ്റും വരിക. യഥാര്‍ത്ഥത്തില്‍ പലിശ വര്‍ദ്ധനവ് തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും മേലുള്ള ധനമൂലധനത്തിന്‍റെ ഒരു കടന്നാക്രമണമാണെന്നു പറയാം.
ബദല്‍ മാര്‍ഗം
റിസര്‍വ് ബാങ്കുകളും അധികാരികളും പലിശ നിരക്ക് ഉയര്‍ത്തുകയല്ലാതെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ മറ്റു മാര്‍ഗമില്ലായെന്ന മട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മറ്റൊരു മാര്‍ഗം ഇല്ലായെന്നാണ് അവര്‍ പറയുക. എന്താണ് ബദല്‍ മാര്‍ഗം?
കുത്തക കമ്പനികളുടെ ലാഭത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനയുണ്ടായിയെന്നു പറഞ്ഞല്ലോ. ഈ അധികലാഭത്തിനുമേല്‍ അധികനികുതി ചുമത്തുക. ഇത് എല്ലാ രാജ്യങ്ങളിലും ചെയ്യുകയാണെങ്കില്‍ നികുതി കുറഞ്ഞ രാജ്യത്തേക്ക് മൂലധനം ഓടുമെന്നു പേടിക്കുകയും വേണ്ട.
യുക്രെയ്ന്‍ യുദ്ധത്തിന് അടിയന്തരമായി വിരാമമിടുക. റഷ്യ അധിനിവേശ പ്രദേശത്തു നിന്നും പിന്‍വാങ്ങണം. സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങളെ നാറ്റോയില്‍ ചേര്‍ക്കില്ലയെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഉറപ്പുനല്‍കണം. ഗോര്‍ബച്ചേവിനു നല്‍കിയ ഉറപ്പു പാലിക്കണം. ലോകത്ത് ആഗോളമാന്ദ്യം ഉണ്ടായാലും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കില്ലായെന്ന നിലപാട് എന്തിന് യൂറോപ്യന്‍ യൂണിയനും അമേരിക്കയും എടുക്കണം? മറ്റൊന്നും അല്ലെങ്കിലും റഷ്യ ഇന്ന് ഒരു സോഷ്യലിസ്റ്റ് രാജ്യം അല്ലല്ലോ.
യുദ്ധകാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ എല്ലാ രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളതാണ്. അതില്‍ ചില നടപടികള്‍ സ്വീകരിക്കാന്‍ മടിക്കേണ്ടതില്ല. ഇന്ത്യയില്‍ തന്നെ രൂക്ഷമായ വിലക്കയറ്റത്തിന്‍റെ വേളയിലും എല്ലാ സംസ്ഥാനങ്ങളിലും വിലക്കയറ്റത്തിന്‍റെ തോത് ഒരുപോലെ അല്ലല്ലോ. പൊതുവിതരണ സമ്പ്രദായം സുശക്തമായ കേരളം പോലുള്ള സംസ്ഥാനത്ത് വിലക്കയറ്റം താരതമ്യേന താഴ്ന്ന നിരക്കിലാണ്.
എന്നാല്‍ ഇതൊന്നും നിയോലിബറലുകാര്‍ക്ക് സ്വീകാര്യമായിരിക്കില്ല. കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലായെന്നതാണല്ലോ അവരുടെ മതം. മാന്ദ്യം ഉണ്ടായാലും റഷ്യയെ യുദ്ധത്തില്‍ തോല്‍പ്പിക്കണമെന്നാണ് ബൈഡന്‍റെ വാശി. തണുപ്പുകാലത്ത് ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഗ്യാസ് വാങ്ങുന്നതിന് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാലോയെന്ന് ശങ്കിച്ചു റഷ്യയില്‍ നിന്നുള്ള ഗ്യാസ് പൈപ്പുകള്‍ അട്ടിമറിക്കുന്നതിനുപോലും അമേരിക്കക്ക് മടിയുണ്ടായില്ല.
മാന്ദ്യം പ്രശ്നം പരിഹരിക്കുമോ?
അങ്ങനെ ലോകം ആസൂത്രിതമായൊരു മാന്ദ്യത്തിലേക്ക് കടക്കാന്‍ പോവുകയാണ്. പക്ഷേ, ഇതിന്‍റെ ഫലമായി വിലക്കയറ്റം എത്ര കുറയ്ക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. കാരണം എണ്ണവില കുറയാന്‍ പോകുന്നില്ലായെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനു സൗദി അറേബ്യയെ പ്രേരിപ്പിക്കാന്‍ ബൈഡനും അതിനെതിരെ ക്യാന്‍വാസ് ചെയ്യാന്‍ പുടിനും സൗദി അറേബ്യ സന്ദര്‍ശിച്ചു. ബൈഡന്‍ വെറുംകൈയോടെയാണ് മടങ്ങിയതെന്നും പുടിനു കൈ കൊടുക്കാന്‍ സൗദി രാജാവ് തയ്യാറായെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഏതായാലും ഇതിന്‍റെ ഫലം കഴിഞ്ഞ ദിവസം വെളിപ്പെട്ടു. എണ്ണ വില കുറയുകയാണെങ്കില്‍ തങ്ങള്‍ ക്രൂഡോയില്‍ ഉല്‍പ്പാദനം കുറയ്ക്കുമെന്നു ഒപെക് രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. അവര്‍ പറഞ്ഞ കാരണമാണ് രസകരം. മാന്ദ്യം കൃത്രിമമായി പലിശ നിരക്ക് ഉയര്‍ത്തി സൃഷ്ടിക്കുന്നതാണ്. ഇതിന്‍റെ ഫലമായിട്ട് തങ്ങളുടെ എണ്ണ വരുമാനം കുറയും. ഇതിനെ ചെറുക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് എണ്ണ ഉല്‍പ്പാദനം കുറയ്ക്കും. എന്നുവച്ചാല്‍ മാന്ദ്യകാലത്ത് എണ്ണയുടെ ഡിമാന്‍റ് കുറഞ്ഞാലും എണ്ണവില കുറയില്ല. ഇതു വലിയ തലവേദന ആകാന്‍ പോവുകയാണ്.
പ്രത്യാഘാതങ്ങള്‍
പലിശ നിരക്കില്‍ ഉണ്ടാകുന്ന വര്‍ദ്ധന കുടുക്കിലാക്കാന്‍ പോകുന്ന ഒട്ടേറെ മൂന്നാംലോക രാജ്യങ്ങളുണ്ട്. പലിശ നിരക്ക് ഗണ്യമായി ഉയരുമ്പോള്‍ കടം സര്‍വീസ് ചെയ്യുന്നതിനുള്ള ചെലവ് കൂടും. കയറ്റുമതി കുറയുന്നതുമൂലം വിദേശവിനിമയ വരുമാനവും കുറയും. ശ്രീലങ്കയിലെപ്പോലെ വിദേശവിനിമയ പ്രതിസന്ധി ഒട്ടേറെ രാജ്യങ്ങളില്‍ ഉണ്ടാകാം.
ഇന്ത്യയ്ക്കുപോലും അമേരിക്കയിലെ പലിശ നിരക്ക് ഉയര്‍ന്നത് തലവേദന ആയിട്ടുണ്ടല്ലോ. 2022ല്‍ 10000 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശവിനിമയ ശേഖരത്തില്‍ കുറഞ്ഞത്. എന്നിട്ടുപോലും രൂപയുടെ മൂല്യം ഏതാണ്ട് 10 ശതമാനം ഇടിഞ്ഞ് 82 രൂപ കടന്നിരിക്കുകയാണ്. മാന്ദ്യം നമ്മുടെ വ്യാപാരകമ്മി വര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടന 8 ശതമാനം വളരുമെന്നൊക്കെ മോദി സര്‍ക്കാര്‍ വമ്പ് പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 6.2 ശതമാനത്തിലേക്കു താഴ്ന്നിട്ടുണ്ട്. അത് അവിടെയും നില്‍ക്കുന്നമട്ടില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ജനങ്ങളുടെ എതിര്‍പ്പിനു തടയിടാന്‍ വര്‍ഗീയതയാണ് ഇന്ത്യയില്‍ ആയുധമാക്കുന്നത്. ഇത് ഒറ്റപ്പെട്ട പ്രതിഭാസമല്ല. യൂറോപ്പിലെമ്പാടും വലതുപക്ഷ വംശീയവാദക്കാര്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ട്രംപ് ഒരു തിരിച്ചുവരവിനു ശ്രമിക്കുകയാണ്. ആഗോള സാമ്പത്തിക രംഗവും രാഷ്ട്രീയവും സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്.