മുലായം സിങ് യാദവിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്നത്തെ ഇന്ത്യയില്‍ ബിജെപിക്ക് ഒരു പ്രതിരോധം ഉയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്‍റെ സമാജ്വാദി പാര്‍ടിക്ക് വലിയ പങ്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ നേതാവായിരുന്നു മുലായം സിങ് യാദവ്.
റാം മനോഹര്‍ ലോഹ്യ പാരമ്പര്യത്തിലെ സോഷ്യലിസ്റ്റ് നേതാക്കളില്‍ സര്‍വപ്രമുഖനാണ് അദ്ദേഹം. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ജനമുന്നേറ്റത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍. പില്‍ക്കാലത്ത് പിന്നാക്ക ജാതി രാഷ്ട്രീയത്തിന്‍റെ അമരക്കാരനായി. മൂന്നു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിയും ഒക്കെ ആയി മുലായം സിംഗ് യാദവ് മാറിയതുതന്നെ പിന്നാക്ക ജാതി രാഷ്ട്രീയത്തിന്‍റെ ഒരു വിജയപ്രഘോഷണം ആയിരുന്നു. ഉത്തരേന്ത്യന്‍ സമൂഹജീവിതത്തില്‍ പിന്നാക്ക ജാതിക്കാര്‍ നേരിടുന്ന വിവേചനങ്ങളെ മുഖ്യ രാഷ്ട്രീയ പ്രശ്നം ആക്കുന്നതില്‍ മുലായം ചെയ്ത സംഭാവന വലുതാണ്. എത്ര പരിമിതികള്‍ ഉണ്ടായിരുന്നാലും ഈ ജനതയുടെ രാഷ്ട്രീയ അഭിലാഷങ്ങളെ പ്രതിനിധീകരിക്കാന്‍ മുലായമിന് കഴിഞ്ഞത് ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും മുന്നോട്ടു നയിച്ചു.
ഇത്തരം ജാതി രാഷ്ട്രീയത്തിന്‍റെ സാധ്യതകളും പരിമിതികളും മുലായമിലൂടെ പ്രകടമാക്കപ്പെട്ടു എന്നു പറയുന്നതാവും കൂടുതല്‍ ശരിയായ വിലയിരുത്തല്‍. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഉത്തര്‍പ്രദേശിലെ യാദവരുടെയും മറ്റ് പിന്നാക്ക ജാതിക്കാരുടെയും രാഷ്ട്രീയ പ്രാതിനിധ്യം ഈ ലോഹ്യ പ്രസ്ഥാനത്തിലൂടെ ഉണ്ടായി. പക്ഷേ, അവിടെ നിന്നു മുന്നോട്ട് സംഭാവന ചെയ്യാന്‍ അവര്‍ക്ക് സാധിച്ചുമില്ല. ജാതിവിവേചനം അവസാനിപ്പിക്കുന്നതിലല്ല, എന്‍റെ പിന്നാക്ക ജാതിക്ക് കൂടുതല്‍ അധികാരം എന്ന പരിമിതി ഈ ജാതിരാഷ്ട്രീയപ്പാര്‍ടികള്‍ക്കെല്ലാം ഉണ്ടായിരുന്നു.
ബിജെപിയുമായി മുന്നണി ഉണ്ടാക്കിയാണ് മുലായം ആദ്യം മുഖ്യമന്ത്രി ആയത്. 1999ല്‍ വാജ്പേയിയുടെ ബിജെപി സര്‍ക്കാരിനൊപ്പം പോയി ഇന്ത്യയില്‍ ഒരു ആര്‍എസ്എസുകാരന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദ്യമായി ഉണ്ടാവാനുള്ള കാരണക്കാരനായി. ജാതി രാഷ്ട്രീയത്തിന്‍റെ വര്‍ഗീയവിരുദ്ധ നിലപാടിലെ പരിമിതികള്‍ ഇത് തുറന്നുകാട്ടി. സ്വന്തം ജാതിക്കാര്‍ക്ക് അധികാരം എന്നതിനപ്പുറം സമൂഹത്തിന്‍റെ ജനാധിപത്യവല്‍ക്കരണം എന്നത് ഇവരുടെ ലക്ഷ്യമേ അല്ല. ഭൂപരിഷ്കരണം, വിദ്യാഭ്യാസത്തിന്‍റെ വ്യാപനം തുടങ്ങി ജാതിയുടെ വേരറുക്കുന്ന സാമ്പത്തിക മാറ്റങ്ങളോടും ഇവര്‍ മുഖം തിരിച്ചു നിന്നു. മായാവതി നേതൃത്വം കൊടുത്ത ദളിത് വിഭാഗങ്ങളോട്, വളര്‍ത്തിക്കൊണ്ടു വന്ന എതിര്‍പ്പ് യുപിയിലെ മധ്യജാതികളുടെ ദളിത് വിരോധം ഊതിക്കത്തിക്കാനാണ് സഹായിച്ചത്. ഒടുവില്‍ മായാവതിയും ബ്രാഹ്മണ്യത്തിന്‍റെ രാഷ്ട്രീയകക്ഷിയുടെ പിണിയാളായി. ഇത്തരം പരിമിതാദര്‍ശങ്ങളുള്ള കക്ഷികള്‍ക്ക് സാധാരണയായി സംഭവിക്കുന്നതുപോലെ അധികാരം ഒരു വ്യക്തിയിലും കുടുംബത്തിലും കേന്ദ്രീകരിക്കുകയും രാഷ്ട്രീയം അല്ല, അധികാരം മാത്രം ഏകലക്ഷ്യം എന്ന നില വരികയും ചെയ്തു.
അങ്ങനെയാണ് മുലായമിന്‍റെ മകന്‍ സമാജ് വാദി പാര്‍ടിയുടെ ഏകഛത്രാധിപതി ആവുന്നത്. സ്ത്രീ പുരുഷ തുല്യത, ദളിതരുടെയും മറ്റും അവകാശങ്ങള്‍ എന്നിവയുടെ കാര്യങ്ങളില്‍ മാത്രമല്ല പലപ്പോഴും ഹിന്ദുത്വവാദത്തോട് ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന ഇവരുടെ ന്യൂനപക്ഷ താല്‍പര്യവും തിരഞ്ഞെടുപ്പുകണക്കുകളുമായി ബന്ധപ്പെട്ടതാണ്, രാഷ്ട്രീയ നിലപാട് അല്ല.
ഈ പരിമിതികള്‍ക്കിടയിലും ബ്രാഹ്മണാധിപത്യമുള്ള കോണ്‍ഗ്രസ്, ജനസംഘം രാഷ്ട്രീയത്തില്‍ നിന്ന് ഉത്തര്‍പ്രദേശിനെ കീഴ്ജാതി രാഷ്ട്രീയത്തിലേക്ക് നയിച്ചതുതന്നെ മുലായമിന്‍റെ വലിയ സംഭാവന ആണ്. ഇന്ത്യന്‍ രാഷ്ട്രീയം ഇവിടെ നിന്ന് ഇനി എങ്ങോട്ട് എന്ന പ്രശ്നത്തില്‍ മുലായമിന്‍റെ വിജയങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും നാം പഠിക്കേണ്ടിയിരിക്കുന്നു.
വ്യക്തിപരമായി പരിമിതബന്ധം മാത്രമേ എനിക്ക് മുലായംജിയുമായി ഉണ്ടായിട്ടുള്ളു. അതില്‍ പ്രധാനം ക്യൂബാ ഐക്യദാര്‍ഢ്യസമിതിയുമായി ബന്ധപ്പെട്ടതാണ്.
ഏഷ്യാ പസഫിക്ക് മേഖലാതലത്തില്‍ അതിന്‍റെ ഒരു സമ്മേളനം കല്‍ക്കത്തയില്‍ ചേരുകയുണ്ടായി. 1994 ല്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ. ഇടതുപക്ഷപാര്‍ടികള്‍ മാത്രമാകാതെ മറ്റു ചിലനേതാക്കള്‍ കൂടി വേദിയില്‍ ഉണ്ടാകുന്നത് നന്നാവുമെന്ന് ഞാന്‍ സ: സുര്‍ജിത്തിനോട് പറഞ്ഞു. മുലായം സിങ് വന്നാല്‍ മതിയോ എന്ന ചോദ്യത്തിന് ഞാന്‍ സസന്തോഷം അനുകൂല മറുപടി നല്‍കി.
അങ്ങനെയാണ് വേദിയില്‍ അദ്ദേഹത്തിനൊപ്പമിരിക്കാന്‍ എനിക്ക് അവസരം ഉണ്ടായത്. ഉദ്ഘാടന സെഷന്‍ കഴിഞ്ഞും വേദിയിലുണ്ടായിരുന്ന അദ്ദേഹത്തോട് എപ്പോഴാണ് അഭിവാദ്യപ്രസംഗത്തിന് ക്ഷണിക്കേണ്ടത് എന്നു ഞാന്‍ ഹിന്ദിയില്‍ ചോദിച്ചു. “അതൊന്നും വേണ്ട; സുര്‍ജിത് സാബിന്‍റെ നിര്‍ദ്ദേശം താങ്കളുടെ അടുത്തുതന്നെ ഉണ്ടാവണമെന്നാണ്. പ്രസംഗം നിങ്ങളൊക്കെനടത്തിയാല്‍ മതി” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി!
സ. സുര്‍ജിത്തുമായി മുലായംജിയുടെ ഗാഢബന്ധമാണ് അന്ന് വെളിപ്പെട്ടത്. ‘സോഷ്യലിസ്റ്റ്’ എന്ന വിശേഷണം അഭിമാനപൂര്‍വം സ്വന്തം പാര്‍ടിയുടെ പേരിനൊപ്പം എഴുതിച്ചേര്‍ത്ത ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാവ് മുലായം സിങ് യാദവിന്‍റെ വേര്‍പാട്, അദ്ദേഹത്തിന്‍റെ സജീവസന്നിധ്യം ഏറ്റവും അത്യാവശ്യമായിരുന്ന ഒരു സന്ദര്‍ഭത്തിലാണ്. സോഷ്യലിസ്റ്റ് ആശയത്തിനു നേരേ മാത്രമല്ല; മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനത്തിന്‍റെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കെല്ലാം എതിരെ ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതാണല്ലോ നാം കാണുന്നത്. എല്ലാവരുടെയും ജീവനും സുരക്ഷയും ഉറപ്പാക്കുന്ന സമത്വ പൂര്‍ണമായ ഒരു ഭാവി ഇന്ത്യ സ്വപ്നം കണ്ടിരുന്നു മുലയംസിങ് യാദവ്. വര്‍ഗീയ സ്വേച്ഛാധിപത്യശക്തികള്‍ നരേന്ദ്രമോദിയുടെ ഇന്ത്യ യാകട്ടെ അംബാനിമാര്‍ക്കും അദാനിമാര്‍ക്കും തട്ടിപ്പു പങ്ക് വീതം വയ്പ് മുതലാളിമാര്‍ക്കും ആധിപത്യം വര്‍ധിക്കുന്ന വിചിത്രമായ മതാധിഷ്ഠിത രാഷ്ട്രമാണ്.
ശാസ്ത്രീയ സോഷ്യലിസ്റ്റ് ആശയത്തിന്‍റെ പ്രതിനിധി ആയിരുന്നില്ല മുലയംസിങ് യാദവ് എന്ന് നമുക്കറിയാം. എന്നാല്‍ മുതലാളിത്ത ചൂഷണ വ്യവസ്ഥയോട് പൊരുത്തപ്പെടാന്‍ വിസ്സമ്മതിച്ച ഒട്ടേറെ പുരോഗമനചിന്താഗതിക്കാരും സാമ്രാജ്യത്വ വിരുദ്ധപോരാളികളും ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശക്കാലത്ത് ഇന്ത്യയില്‍ ഉയര്‍ന്നുവന്നു എന്നത് പ്രസിദ്ധം. ആചാര്യ നരേന്ദ്രദേവ്, അച്യുത് പട്വര്‍ദ്ധന്‍, ജയപ്രകാശ് നാരായണന്‍, രാം മനോഹര്‍ ലോഹ്യ, മധുലിമായ്, മധു ദന്തവദേ, ജോര്‍ജ് ഫെര്‍ണാണ്ടസ്, സുരേന്ദ്രമോഹന്‍ തുടങ്ങിയ അത്തരം പ്രമുഖരുടെ നിരയിലേക്കാണ് അവരുടെ പിന്തുടര്‍ച്ചക്കാരനായി മുലയംസിങ് യാദവും ഉയര്‍ന്നുവന്നത്. എന്തൊക്കെ പരിമിതികളോടെയാണെങ്കിലും സമത്വപൂര്‍ണമായ ഒരു സമൂഹത്തിന്‍റെ സോഷ്യലിസത്തിന്‍റെ നിര്‍മിതിയാണ് തന്‍റെയും ‘സമാജ്വാദി പാര്‍ടി’യുടെയും ലക്ഷ്യം എന്നു തുറന്നു പ്രഖ്യാപിക്കുന്നത് അത്യന്തം സുപ്രധാനകാര്യമാണ്. മുതലാളിത്തം ചരിത്രത്തിന്‍റെ അന്ത്യമാണ്; അതിന് വേറെ ബദലുകളില്ല എന്ന വായ്ത്താരി എമ്പാടും ഇടതടവുകൂടാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിശേഷിച്ചും.
പാര്‍ലമെന്‍റിലേക്കും അസംബ്ലിയിലേക്കും ചേര്‍ത്തുവച്ചാല്‍ ഒന്നര ഡസനോളം പ്രാവശ്യം അദ്ദേഹം മത്സരിക്കുകയുണ്ടായി. അസംബ്ലിയിലേക്ക് 10 തവണയും പാര്‍ലമെന്‍റിലേക്ക് 7 തവണയും വിജയിച്ച റിക്കാര്‍ഡിനുടമയാണ് അദ്ദേഹം. മുലായംജി പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍ രാജ്യസഭാംഗമായിരുന്നതിനാല്‍ ചില നിവേദനങ്ങള്‍ സമര്‍പ്പിക്കുവാന്‍ നേരില്‍കണ്ട അനുഭവവുമെനിക്കുണ്ട്. എന്നാല്‍ കൂടുതല്‍ അടുത്തത് ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ വെച്ചായിരുന്നു.