നൂറുവര്‍ഷം മുന്‍പ്, 1922 മാര്‍ച്ച് 25നാണ് കമ്യൂണിസ്റ്റുകാരായ ഒന്‍പത് തൊഴിലാളിവര്‍ഗ വിപ്ലവകാരികള്‍ യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീല്‍ (ബ്രസീലിയന്‍ – പോര്‍ച്ചുഗീസ് ഭാഷയില്‍ പാര്‍ടിഡൊ കമ്യൂണിസ്റ്റ ഡൊ ബ്രസീല്‍-പിസി ഡൊ ബി) രൂപീകരിച്ചത്. രൂപീകരിക്കപ്പെടുമ്പോള്‍ ആ പാര്‍ടിയുടെ പേര് ‘ദ കമ്യൂണിസ്റ്റ് പാര്‍ടി- ബ്രസീലിയന്‍ സെക്ഷന്‍ ഓഫ് ദി കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണല്‍, (പാര്‍ടി ഡൊ കമ്യൂണിസ്റ്റ- സെസാഒ ബ്രസീലെറ ഡ ഇന്‍റര്‍നാഷണല്‍ കമ്യൂണിസ്റ്റ-പിസി-എസ്ബിഐസി) എന്നായിരുന്നു. മൂന്നാം ഇന്‍റര്‍നാഷണലിന്‍റെ ആദ്യഘട്ടത്തില്‍ ഓരോ രാജ്യത്തേയും കമ്യൂണിസ്റ്റു പാര്‍ടി, കോമിന്‍റേണിന്‍റെ ഘടക പാര്‍ടി എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പല പാര്‍ടികളുടെയും പേരും അതിനാല്‍ അത്തരത്തിലായിരുന്നു. 1962ല്‍ ഈ പാര്‍ടി പിളര്‍ന്നാണ് ഇന്നത്തെ പിസി ഡൊ ബിയും ബ്രസീലിയന്‍ കമ്യൂണിസ്റ്റു പാര്‍ടിയും (പിസിബി) രൂപംകൊണ്ടത്.
ഒന്‍പത് വിപ്ലവകാരികള്‍ പെട്ടെന്നൊരു ദിവസം യോഗം ചേരുകയായിരുന്നില്ല. ബ്രസീലിന്‍റെ പല ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്ന, കമ്യൂണിസത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് കൂലിയടിമത്വത്തില്‍നിന്നും മോചനം സാധ്യമാകൂയെന്ന് വിശ്വസിച്ചിരുന്ന വിപ്ലവബോധമുള്ള 50 തൊഴിലാളികളുടെ പ്രതിനിധികളായിരുന്നു. അവര്‍; 1922 മാര്‍ച്ച് 25ന് റിയൊ ഡി ജനീറൊയില്‍ യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ ബ്രസീലിയന്‍ ഘടകമെന്ന നിലയില്‍ അവര്‍ കമ്യൂണിസ്റ്റു പാര്‍ടി രൂപീകരിച്ചു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ പാര്‍ടിയുടെ മാതൃകം ഇന്നു വേറിട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് വിഭാഗങ്ങളും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ബ്രസീലിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ളത് പിസി ഡൊ ബിക്കാണ്. പാര്‍ടി നേതൃനിരയില്‍ പിടിമുറുക്കിയിരുന്ന റിവിഷനിസ്റ്റുകളുമായി വേര്‍പിരിഞ്ഞാണ് 1962 ഫെബ്രുവരി 18ന് സാവൊ പോളോയില്‍ അഞ്ചാം പാര്‍ടി കോണ്‍ഗ്രസ് പ്രത്യേകം ചേര്‍ന്ന് പിസി ഡൊ ബി (കമ്യൂണിസ്റ്റു പാര്‍ടി ഓഫ് ബ്രസീല്‍) രൂപീകരിച്ചത്.
രണ്ടു പാര്‍ടികളായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വര്‍ഷംതോറും യോഗം ചേര്‍ന്ന് ആശയവിനിമയം നടത്തുന്ന ഇന്‍റര്‍നാഷണല്‍ മീറ്റിങ് ഓഫ് കമ്യൂണിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടീസ് എന്ന സാര്‍വദേശീയ വേദിയില്‍ (ഐഎംസി ഡബ്ല്യൂപി) ഇപ്പോള്‍ പിസി ഡൊ ബിയും പിസിബിയും പങ്കെടുക്കുന്നുണ്ട്; ഇന്ത്യയില്‍നിന്ന് ഇതില്‍ സിപിഐ എമ്മും സിപിഐയും പങ്കെടുക്കുന്നതുപോലെ. എന്നാല്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇരുപാര്‍ടികളും ഒന്നിച്ചല്ല നീങ്ങുന്നത്. 1989 മുതല്‍ 2006 വരെ ഇരുപാര്‍ടികളും ലുലയുടെ നേതൃത്വത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ടി സഖ്യത്തിലായിരുന്നെങ്കിലും 2006നുശേഷം പിസിബി ഈ സഖ്യത്തിലില്ല.
1989 മുതല്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ മുന്നണിയിലെ സജീവ സാന്നിധ്യവും 2002 മുതല്‍ 2014 വരെ വര്‍ക്കേഴ്സ് പാര്‍ടി ഗവണ്‍മെന്‍റില്‍ പങ്കാളിയുമാണ് പിസി ഡൊ ബി. 2016ലെ തിരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന്‍റെ വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥി പിസി ഡൊ ബി നേതാവ് മാന്വേല ഡി ആവിലയായിരുന്നു-പ്രസിഡന്‍റ് സ്ഥാനാര്‍ഥി വര്‍ക്കേഴ്സ് പാര്‍ടിയിലെ ഫെര്‍ണാന്‍ഡൊ ഹദ്ദാദും. 2022ലെ തിരഞ്ഞെടുപ്പിലും വര്‍ക്കേഴ്സ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഏഴ് കക്ഷികളടങ്ങുന്ന മുന്നണിയിലെ സഖ്യകക്ഷിയാണ് പിസി ഡൊ ബി.
കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ടാണ് ബ്രസീലില്‍ കമ്യൂണിസ്റ്റു പാര്‍ടി മുന്നേറിയത്. മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്‍റെ കാഹളധ്വനിയാണ് ബ്രസീലിയന്‍ തൊഴിലാളിവര്‍ഗത്തെയും ഉണര്‍ത്തിയത്. മാര്‍ക്സിന്‍റെയും എംഗത്സിന്‍റെയും ലെനിന്‍റെയും കൃതികള്‍ക്കൊപ്പം റഷ്യയില്‍ തൊഴിലാളിവര്‍ഗം അധികാരത്തിലെത്തിയ വാര്‍ത്തയും ലോകത്തിലെ ഇതരഭാഗങ്ങളിലെ തൊഴിലാളികളെപ്പോലെതന്നെ ബ്രസീലിയന്‍ തൊഴിലാളികളെയും ആവേശഭരിതരാക്കി.
ലോകത്തെ മറ്റു വികസ്വരരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ബ്രസീല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍തന്നെ വ്യാവസായികമായി വികസിക്കുകയും രാജ്യത്തിന്‍റെ ഭൂരിപക്ഷം പ്രദേശങ്ങളും നഗരസ്വഭാവം കൈവരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ തൊഴിലാളിവര്‍ഗം നിര്‍ണായകമായ സാമൂഹിക-രാഷ്ട്രീയശക്തിയായും മാറിയിരുന്നു. ബ്രസീലില്‍, അനാര്‍ക്കിസ്റ്റുകളും അനാര്‍ക്കോ സിന്‍ഡിക്കലിസ്റ്റുകളുമാണ് ആദ്യകാലത്ത് തൊഴിലാളിരംഗത്ത് മേധാവിത്വം വഹിച്ചിരുന്നത്. 1917നു മുന്‍പുതന്നെ സാവോ പോളോയിലും മറ്റും, അനാര്‍ക്കിസ്റ്റുകളുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒക്ടോബര്‍ വിപ്ലവം ഈ തൊഴിലാളികള്‍ക്ക് പുതിയൊരു വഴി തുറന്നുകൊടുക്കുകയായിരുന്നു-കൃത്യമായ ഒരു ദിശാബോധം നല്‍കുകയായിരുന്നു. അങ്ങനെയാണ് പല നഗരങ്ങളിലും കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടത്; അവയില്‍ ചിലത് കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ ഗ്രൂപ്പുകളെല്ലാം ചേര്‍ത്ത് കമ്യൂണിസ്റ്റു പാര്‍ടി രൂപീകരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടത്.
1922 മാര്‍ച്ച് 25ന് രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റുപാര്‍ടി 1922 ഏപ്രില്‍ 4ന് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടി ആയി അംഗീകരിക്കപ്പെട്ടു; പാര്‍ടിയുടെ മാനിഫെസ്റ്റോ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നാല്‍ അധികം താമസിയാതെ കമ്യൂണിസ്റ്റു പാര്‍ടിയെ ഭരണകൂടം നിയമവിരുദ്ധമായി മുദ്രകുത്തി അടിച്ചമര്‍ത്താന്‍ തുടങ്ങി. 1925 മെയ് ഒന്നിനു ചേര്‍ന്ന രണ്ടാം പാര്‍ടി കോണ്‍ഗ്രസ്, ‘ദ വര്‍ക്കിങ് ക്ലാസ’് (ക്ലാസ്സെ ഓപ്പറേരിയ) എന്ന വാരിക ആരംഭിക്കാന്‍ തീരുമാനിച്ചു; ഇതിനൊപ്പം പ്രിന്‍സിപ്പിയ (സിദ്ധാന്തം) എന്നൊരു മാസികയും പ്രസിദ്ധീകരിച്ചു. തൊഴിലാളികളെയും വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സ്ത്രീകളെയും സംഘടിപ്പിക്കുകയും സമരങ്ങള്‍ നയിക്കുകയും ചെയ്യുന്നതിനൊപ്പംതന്നെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യത്തിലും പാര്‍ടി തുടക്കം മുതല്‍ ശ്രദ്ധചെലുത്തി.
1962ല്‍ റിവിഷനിസത്തോട് പൊരുതി വിട പറഞ്ഞെങ്കിലും, സെക്ടേറിയന്‍ നിലപാട് പാര്‍ടിയില്‍ ദീര്‍ഘകാലം നിലനിന്നു. 1964ല്‍ ബ്രസീലില്‍ സൈനിക അട്ടിമറിയിലൂടെ സ്വേച്ഛാധിപത്യവാഴ്ച നിലവില്‍വന്നു. ബ്രസീലിയന്‍ ജനതയെ ഈ സൈനികസ്വേച്ഛാധിപത്യത്തിന്‍റെ നുകത്തില്‍നിന്നും മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിന്‍റെ മുന്‍നിരയില്‍തന്നെ പിസിഡൊബി ഉണ്ടായിരുന്നു. ജനാധിപത്യപരമായും നിയമവിധേയമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങളൊന്നുംതന്നെ നിലവിലില്ലാതിരുന്ന ബ്രസീലില്‍ സായുധഗറില്ല പോരാട്ടമല്ലാതെ മറ്റു മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. 1966ല്‍ പിസി ഡൊ ബി ഗറില്ല താവളം രൂപീകരിച്ചു- അറാഗ്വായ ഗറില്ലാ ഫോഴ്സ് എന്ന സായുധപ്രസ്ഥാനത്തിനും രൂപം നല്‍കി. ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും തൊഴിലാളികളും ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന വിഭാഗങ്ങളാണ് ആ ഗറില്ലാ പ്രസ്ഥാനത്തില്‍ അണിനിരത്തപ്പെട്ടത്.
1971ല്‍ ഈ ഗറില്ലാ സേനയുടെ ആസ്ഥാനതാവളം ബ്രസീലിയന്‍ സേന കണ്ടെത്തി; ആമസോണിനു വടക്കുള്ള പ്രദേശങ്ങളിലേക്ക് ഈ കമ്യൂണിസ്റ്റ് ഗറില്ലാ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം വ്യാപിക്കാതിരിക്കാന്‍ സൈന്യത്തെ വിന്യസിക്കുകയുമുണ്ടായി. 25,000 പട്ടാളക്കാരെയാണ് ഈ ഗറില്ലാ പോരാളികളെ നേരിടാന്‍ സൈനിക ഭരണാധികാരികള്‍ അണിനിരത്തിയത്. 1972ല്‍ ആരംഭിച്ച സൈനിക നടപടി 1973 ഡിസംബര്‍ അവസാനംവരെ നീണ്ടുനിന്നു.ആദ്യത്തെ രണ്ട് സൈനികമുന്നേറ്റങ്ങളെയും ഗറില്ലാ പടയാളികള്‍ ശക്തമായി ചെറുത്തു; എന്നാല്‍ കൂടുതല്‍ സന്നാഹങ്ങളൊരുക്കി നടത്തിയ മൂന്നാമത്തെ സൈനികനീക്കത്തിനുമുന്നില്‍ അധികം ചെറുത്തുനില്‍ക്കാനാകാതെ അവര്‍ പരാജയപ്പെടുകയാണുണ്ടായത്. സാധാരണ പൗരരെ അതിക്രൂരമായി ഭേദ്യം ചെയ്യുകയും തടവുകാരെ ശിരഛേദം നടത്തി മൃതദേഹങ്ങള്‍ അജ്ഞാതകേന്ദ്രങ്ങളില്‍ കുഴിച്ചിടുകയും ചെയ്യുന്നതുള്‍പ്പെടെ ഭീകരമായ ഉന്മൂലന നടപടികളാണ് ബ്രസീലിയന്‍ സൈന്യം കമ്യൂണിസ്റ്റ് ഗറില്ലാ പോരാളികളെ കീഴ്പ്പെടുത്താന്‍ ഈ മൂന്നാമത്തെ ആക്രമണ നീക്കത്തില്‍ കൈക്കൊണ്ടത്. ഗറില്ലാ ദളത്തിന്‍റെ നായകരായിരുന്ന ഓസ്വാള്‍ഡൊ ഗ്രബോയിസും മൗറീസും ഉള്‍പ്പെടെയുള്ള പോരാളികളെല്ലാം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
തങ്ങള്‍ എന്തിനുവേണ്ടിയാണ് ഈ പോരാട്ടം നടത്തുന്നത് എന്ന് വ്യക്തമാക്കുന്ന മാനിഫെസ്റ്റോ തയ്യാറാക്കി ജനങ്ങള്‍ക്കിടയില്‍ വിപുലമായ കാംപെയ്ന്‍ സംഘടിപ്പിച്ചുകൊണ്ടാണ് ബ്രസീലിലെ ഈ കമ്യൂണിസ്റ്റു ഗറില്ലാ പോരാളികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഫ്രീഡം യൂണിയന്‍, ജനകീയ അവകാശ സംരക്ഷണ മുന്നണി (People’s Rights, ULDP) തുടങ്ങിയ പേരുകളിലാണ് നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റു പാര്‍ടി സൈനികസ്വേച്ഛാധിപത്യത്തെ ചെറുത്തുനിന്നത്. സൈനികസ്വേച്ഛാധിപത്യത്തോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചവരില്‍ മഹാഭൂരിപക്ഷവും പിസി ഡൊ ബി കാഡര്‍മാരായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ അറാഗ്വായ ഗറില്ലാ താവളത്തെ സൈനികഭരണാധികാരികള്‍ തകര്‍ത്തെങ്കിലും 1979ല്‍ സ്വേച്ഛാധിപത്യവാഴ്ചയെ മുട്ടുകുത്തിക്കുംവരെ ബ്രസീലില്‍ പാര്‍ടിയുടെ പോരാട്ടം വിവിധ രൂപങ്ങളില്‍ തുടര്‍ന്നു.
1960കളുടെ അവസാനം പിസി ഡൊ ബിക്ക് രണ്ട് പിളര്‍പ്പുകള്‍ നേരിടേണ്ടതായി വന്നു: റവല്യൂഷണറി കമ്യൂണിസ്റ്റുപാര്‍ടിയും പിസി ഡൊ ബി (റെഡ് വിങ്)യും അങ്ങനെ രൂപപ്പെട്ടവയാണ്. 1980കളില്‍ ഈ രണ്ട് വിഭാഗങ്ങളില്‍പെട്ടവരിലുമുള്ള കുറച്ചു പേര്‍ പിസി ഡൊ ബിയിലേക്ക് മടങ്ങുകയും, മറ്റുള്ളവര്‍ വര്‍ക്കേഴ്സ് പാര്‍ടിക്കൊപ്പം ചേരുകയുമാണുണ്ടായത്. ഇവയ്ക്കുപുറമേ കമ്യൂണിസ്റ്റു പാര്‍ടി നേതാവും പാര്‍ലമെന്‍റംഗവുമായിരുന്ന കാര്‍ലോസ് മാരിഗെല്ല പാര്‍ടിയുമായി വഴിപിരിഞ്ഞശേഷം രൂപംകൊടുത്ത, നഗരകേന്ദ്രിതമായി പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ലിബറേഷന്‍ ആക്ഷന്‍ (എഎല്‍എന്‍)ന്‍റെ പ്രവര്‍ത്തനവും 1967ല്‍ ക്യൂബയില്‍ രൂപീകരിച്ച ലാറ്റിനമേരിക്കന്‍ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍റെ കാംപെയ്നുകളും ബ്രസീലില്‍ അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന സൈനികവാഴ്ചയെ മുട്ടുകുത്തിക്കുന്നതില്‍ പങ്കുവഹിച്ചു.
മാരിഗെല്ല 1969ല്‍ തന്നെ രക്തസാക്ഷിത്വം വരിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന് ഈ വിഭാഗങ്ങളില്‍ പലതും പോരാട്ടം തുടര്‍ന്നു. മാരിഗെല്ലയെത്തുടര്‍ന്ന് നഗരകേന്ദ്രിത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പ്രധാനമായും കാര്‍ലോസ് ലമാര്‍ക്ക ആയിരുന്നു. ബ്രസീലിലെ അമേരിക്കന്‍ അംബാസിഡര്‍ ചാള്‍സ് എല്‍ബ്രിക്കിനെ തട്ടിക്കൊണ്ടുപോയി, അദ്ദേഹത്തെ വിട്ടുകൊടുക്കുന്നതിനുപകരമായി 15 രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞത് നഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഗറില്ലാ പോരാളികളുടെ ശ്രദ്ധേയമായ നേട്ടമായി കണക്കാക്കപ്പെടുന്നു. 1970കളുടെ ആദ്യപകുതിയില്‍തന്നെ ലമാര്‍ക്കയുടെ നേതൃത്വത്തിലുള്ള അര്‍ബന്‍ ഗറില്ലാ വിഭാഗത്തെ സൈന്യവും സാവൊ പോളൊ മിലിറ്ററി പൊലീസും ചേര്‍ന്ന് പിടികൂടുകയും ലമാര്‍ക്ക ഉള്‍പ്പെടെയുള്ള പോരാളികളെ വധിക്കുകയും ചെയ്തിരുന്നു. ഈ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ അവശേഷിച്ച ഒരു വിഭാഗം പിസി ഡൊ ബിയിലേക്ക് തിരിച്ചെത്തി. മറ്റൊരു കൂട്ടര്‍ ലുല ഡ സില്‍വയ്ക്കൊപ്പം ചേര്‍ന്ന് വര്‍ക്കേഴ്സ് പാര്‍ടിക്കു രൂപംനല്‍കി.
ഒരു നൂറ്റാണ്ടുകാലത്തെ ബ്രസീലിലെ കമ്യൂണിസ്റ്റു പാര്‍ടിയുടെ പ്രവര്‍ത്തനത്തിന് ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഉജ്വല ചരിത്രമാണുള്ളത്. സായുധപോരാട്ടങ്ങളുടെ ചരിത്രം മാത്രമല്ല, ഭൂരഹിത ജനകീയപ്രസ്ഥാനം രൂപീകരിച്ച് നടത്തിയ സുദീര്‍ഘമായ പോരാട്ടത്തിലൂടെ, പ്രക്ഷോഭങ്ങളിലൂടെ ഭൂപരിഷ്കരണം ഭാഗികമായെങ്കിലും സാധ്യമാക്കാന്‍ കഴിഞ്ഞതും ബ്രസീലിലെ കമ്യൂണിസ്റ്റു പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ്. കത്തോലിക്ക സഭയിലെ പുരോഗമനവാദികളായ ഒരു വിഭാഗം (വിമോചന ദൈവശാസ്ത്രം) നടത്തിയ പ്രവര്‍ത്തനങ്ങളും ബ്രസീലില്‍ ഇടതുപക്ഷത്തിന്‍റെ, പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റത്തിന് അടിത്തറയൊരുക്കി. സാവൊ പോളൊ നഗരത്തില്‍ നടത്തിയ വികേന്ദ്രീകൃത ആസൂത്രണപരീക്ഷണവും ബ്രസീലിലെ ഇടതുപക്ഷ മുന്നേറ്റത്തിന് കളമൊരുക്കി.