Thursday, November 21, 2024

ad

Homeഅങ്കത്തട്ടില്‍പുതുപ്പള്ളിയുടെ നഷ്ടപ്പെട്ട 
അമ്പത്തിമൂന്നാണ്ടുകൾ

പുതുപ്പള്ളിയുടെ നഷ്ടപ്പെട്ട 
അമ്പത്തിമൂന്നാണ്ടുകൾ

കെ ആർ മായ

മ്മൻചാണ്ടി സാറ് നല്ല സാറാ; പക്ഷേ ജെയ്ക്ക് ജയിക്കണം’’. 5–ാം തീയതി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കുന്ന പുതുപ്പള്ളിയിലെ വോട്ടർമാർക്ക് ഒരേ സ്വരം. 53 കൊല്ലം കോൺഗ്രസിനു കുത്തിയിട്ടും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന അവസ്ഥയിലാണ് പുതുപ്പള്ളി ഇപ്പോഴും.രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആളിന്റെ മണ്ഡലമാണിതെന്നു പറയാൻ പുതുപ്പള്ളിക്കാർക്കു നാണക്കേടാണ്. എംഎൽഎയുടെ ആസ്തി വികസന -ഫണ്ടുപയോഗിച്ചു ചെയ‍്തത് എന്നെഴുതിയ പരസ്യ പലകവെച്ച ഒരു നിർമാണ പ്രവൃത്തിയും അവിടെയെങ്ങും കാണാനില്ല. പിന്നെയീ 53 കൊല്ലം ഉമ്മൻചാണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം തിരയുമ്പോഴാണ് പുതുപ്പള്ളിക്കാർ നാടിനു വികസനം വേണം എന്നു പറയാൻ തുടങ്ങിയത്. വികസനമെത്താതിന്റെ ദുരിതം ദിനംപ്രതി അനുഭവിക്കുന്നവരാണ് പുതുപ്പള്ളിയിലെ ഒന്നരലക്ഷത്തോളം വരുന്ന വോട്ടർമാർ. അവരോടു ചോദിച്ചാൽ എണ്ണിയെണ്ണിപ്പറയും ഞങ്ങൾക്ക് നല്ല റോഡുകളുണ്ടോ? എല്ലായിടത്തും കുടിവെള്ളമുണ്ടോ? ഒരു നല്ല സ്റ്റേഡിയമുണ്ടോ? ഉള്ള ഒരെണ്ണത്തിന്റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. വാകത്താനം പഞ്ചായത്തിൽ കുടിവെള്ളമെത്തിയ കഥയൊന്നു കേൾക്കണം. അതിലെന്തു പങ്കാണ് ചാണ്ടി സാറിനുള്ളതെന്നു മഷിയിട്ടുനോക്കിയാലും പിടികിട്ടില്ല. അതിങ്ങനെയാണ്. 82 കോടി രൂപയുടെ ജലജീവൻ പദ്ധതി. 40 ശതമാനം കേന്ദ്രം, 35 ശതമാനം സംസ്ഥാനം; 15 ശതമാനം പഞ്ചായത്ത് വക പിന്നീടുള്ളത് വാർഡിലെ ജനങ്ങളിൽനിന്നും പിരിച്ച തുക. എന്തായാലും സ്വാതന്ത്ര്യം കിട്ടി 76 വർഷത്തിനുശേഷം വാകത്താനംകാർക്ക് കുടിവെള്ളം കിട്ടി!

2010 ഏപ്രിലിൽ വാകത്താനം കെഎസ്-ഇബി സബ് സ്റ്റേഷൻ നിർമാണോൽഘാടനം നടത്തിയത് ഉമ്മൻചാണ്ടിയായിരുന്നെങ്കിലും അത് പ്രാവർത്തികമാക്കിയത് എൽഡിഎഫിന്റെ കാലത്ത് എ കെ ബാലൻ മന്ത്രിയായപ്പോഴാണ്. തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ ഓടി നടന്നിടുന്ന തറക്കല്ലുകളിൽ മാത്രമൊതുങ്ങുന്നു പുതുപ്പള്ളിയുടെ വികസനം. ഉമ്മൻചാണ്ടിയുടെ കാലത്തെ വികസനമേതെന്നു ചോദിച്ചാൽ കോൺഗ്രസുകാർക്ക് ഒരേ പല്ലവിയാണ് – ആയുർവേദാശുപത്രി, മൃഗാശുപത്രി, സ്പിന്നിങ് മിൽ. ഇതുതന്നെ തിരിച്ചും മാറ്റിയുമിട്ട് പറയും. പോരാഞ്ഞ്, ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ അങ്ങ് പുതുപ്പള്ളിയിലെത്തിക്കുന്ന ഒടി വിദ്യയുമുണ്ട്! ഇതൊക്കെ കാണുന്ന ജനങ്ങൾക്കറിയാം, പുതുപ്പള്ളിയിൽ വികസനമെത്തിനോക്കാൻ തുടങ്ങിയതെപ്പോഴാണെന്ന്. ഉമ്മൻചാണ്ടി പഠിച്ച, പൊട്ടിപ്പൊളിഞ്ഞ സെന്റ് ജോസ-ഫ് സ്കൂൾ ഇന്ന് ഹെെടെക്ക് ആണ്. ഇതിനായി കിഫ്ബിയിൽ നിന്നനുവദിച്ചത് 5 കോടി രൂപയാണ്. 2016ൽ എൽഡിഎഫ് ഗവൺമെന്റ് കേരളത്തിലെ സ്കൂളുകളെല്ലാം ഹെെടെക്ക് ആക്കി മാറ്റുന്നതിന്റെ ഭാഗമാണത്, കേരളത്തിന്റെ പൊതുവായുള്ള വികസനത്തിന് നാടിന്റെ എല്ലായിടത്തും വികസനമെത്തണം എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. അത് പുതുപ്പള്ളിയിലുമെത്തി എന്നതാണ് യാഥാർഥ്യം. പുതുപ്പള്ളിയിലെ ജനങ്ങൾ വികസനമെന്തെന്ന് അനുഭവിച്ചറിഞ്ഞത് അങ്ങനെയാണ്. 53 വർഷക്കാലത്തെ വികസനവും കഴിഞ്ഞ 7 വർഷം ഇടതുപക്ഷം മുന്നോട്ടുവെച്ച വികസനവും താരതമ്യം ചെയ്യാനുള്ള അവസരമാണിത്.

ഉമ്മൻചാണ്ടി ഭരണത്തിൽനിന്നിറങ്ങുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ, കുടിശ്ശിക തീർത്ത് ഒന്നാം പിണറായി സർക്കാർ 1600 രൂപയാക്കി വർദ്ധിപ്പിച്ചു. ക്ഷേമപെൻഷൻ ഇന്ന് പുതുപ്പള്ളിയിലെ 32,000 പേർക്കാണ് ആശ്വാസമേകുന്നത്.

ആരോഗ്യരംഗത്ത് അന്യമായ അടിസ്ഥാന വികസനം

2016–2021 കാലഘട്ടത്തിൽ ഈ ആരോഗ്യസ്ഥാപനങ്ങളിൽ ചെലവാക്കിയ തുകയുടെ കണക്ക് നോക്കിയാൽ എങ്ങനെയാണ് ഇടതുപക്ഷം പ്രാഥമികാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനു മുൻഗണന നൽകിയതെന്നു മനസിലാക്കാം.

13 പ്രവൃത്തികൾ 7.18 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ചു. മുണ്ടൻകുന്ന്, മണർകാട്, പാമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങളും കൂരോപ്പട, മീനടം, മുണ്ടൻകുന്ന് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയതിന്റെ ചെലവുകളും ഇതിൽപ്പെടും.

പാമ്പാടി ആശുപത്രിയിലെ കാഷ്വാലിറ്റി & ട്രോമാ കെയറും ഡയാലിസിസ് യൂണിറ്റുമടക്കം 23.84 കോടി രൂപയുടെ മൂന്നു പ്രവൃത്തികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ പുതുപ്പള്ളി, വാകത്താനം, പാമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികളുടെയും 30 സബ് സെന്ററുകളുടെയും പുനർനിർമ്മാണത്തിനും വേണ്ടി 4.92 കോടി രൂപയുടെ പ്രവൃത്തികൾ സർക്കാരിന്റെ അനുവാദം നേടി എസ്റ്റിമേറ്റുകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതു മൂന്നുംകൂടി ചേർത്താൽ 35.94 കോടി രൂപ.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എത്ര തുകയാണ് മണ്ഡലത്തിലെ ആശുപത്രികളുടെ നവീകരണത്തിനു ചെലവഴിച്ചത്?

പാമ്പാടി താലൂക്ക് ആശുപത്രിക്ക് 3.25 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചു. ഇതിന്റെ നല്ല പങ്കും മുൻ സർക്കാരിന്റെ കാലത്തു നടന്നതാണ്. തോട്ടയ്ക്കാട് സി.എച്ച്.സിക്ക് ഒരു ലാബും മറ്റക്കര സബ് സെന്ററിനു പുതിയൊരു കെട്ടിടവും. രണ്ടുംകൂടി ഒരു 20 ലക്ഷം രൂപയ്ക്ക് അപ്പുറം വരില്ല. എൻഎച്ച്എം പ്രോഗ്രാമിന്റെ നടത്തിപ്പിനായി 2.30 കോടി രൂപ ഈ സ്ഥാപനങ്ങളിൽ ചെലവഴിച്ചിട്ടുണ്ട്.

മണർകാട് ഒപി ബ്ലോക്കിന് 1.50 കോടിയും മുണ്ടൻകോട് ഐപി ബ്ലോക്കിന് 2 കോടിയും അനുവദിച്ചിരുന്നു. രണ്ടിന്റെയും നിർമ്മാണം നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. എല്ലാംകൂടി ചേർത്താലും 9.25 കോടി രൂപ. 9.25 കോടി രൂപയും 36 കോടി രൂപയും തമ്മിൽ വലിയ അന്തരമുണ്ട്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഒറ്റ പുതിയ തസ്തികപോലും അധികമായി ഈ ആശുപത്രികളിൽ സൃഷ്ടിച്ചിട്ടില്ല. എന്നാൽ പിണറായി സർക്കാർ നാല് ഡോക്ടർമാരെയും നാല് സ്റ്റാഫ് നേഴ്സിനെയും ഒരു ഫാർമസിസ്റ്റിനെയും അധികമായി പി.എസ്.സി വഴി നിയമിച്ചു. തന്മൂലം ഇപ്പോൾ ഭൂരിപക്ഷം ആശുപത്രികളിലും വൈകിട്ട് 6 മണി വരെ ഒപി സൗകര്യമുണ്ട്. ഏതുകാലത്തെയും അപേക്ഷിച്ച് മരുന്നുകളും ആശുപത്രികളിൽ ഇന്ന് ലഭ്യമാണ്.

തങ്ങൾ അധികാരത്തിലെത്തിയാൽ ലെെഫ് മിഷൻ പൂട്ടിക്കുമെന്നു പറഞ്ഞ കോൺഗ്രസിന്റെ പുതുപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ 564 വീടുകൾ ലെെഫ് വഴി പൂർത്തീകരിച്ച് പാവപ്പെട്ടവർക്കു നൽകി. പതിറ്റാണ്ടുകൾക്കുമുമ്പ് ഒറ്റമുറിയിൽ പണിത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മനുഷ്യനു ചെന്നു കയറാൻ പറ്റുംവിധമാകാൻ 2021 വരെ പുതുപ്പള്ളിക്കാർക്ക് കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ഗവൺമെന്റ് ആശുപത്രികളിൽ പോകുന്നവരുടെ എണ്ണം 45 ശതമാനത്തിൽനിന്ന് 70 ശതമാനമായി വർധിച്ചു. 3 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 7 പിഎച്ച്സികൾ. ഇതിൽ 4 പിഎച്ച്സികളിൽ വെെകുന്നേരം 6 മണിവരെ ഒ പി പ്രവർത്തിക്കുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും -ഫാർമസിസ്റ്റുകളുടെയും തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകി. കിഫ്ബി വഴിയുളള വികസനം വേറെ.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോട്ടയം മെഡിക്കൽ കോളേജിന് 116 കോടി രൂപ അനുവദിച്ചപ്പോൾ പിണറായി സർക്കാർ 868 കോടി രൂപയാണ് നൽകിയത്. ഇതിൽ കിഫ്ബിയിൽനിന്നു മാത്രം 564 കോടി രൂപ. താലൂക്കാശുപത്രികളുടെ കാര്യത്തിലും വലിയ അന്തരം കാണാം. ആർദ്രം മിഷന്റെ ഭാഗമായിട്ടുള്ള വികസനം പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. എല്ലാവർക്കും ചികിത്സ തേടാൻ കഴിയുംവിധം രോഗീസൗഹൃദമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം, ലിവർ ട്രാൻസ്-പ്ലാന്റ് വിഭാഗം എന്നിവ കൊണ്ടുവന്നു.

ഇങ്ങനെ ഇന്ന് പുതുപ്പള്ളിക്കാർ എന്തെങ്കിലും നേട്ടങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് ഈ കഴിഞ്ഞ 7 വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വികസനത്തിന്റെ ഭാഗമായാണ്. അവർ അതു തിരിച്ചറിഞ്ഞതുകൊണ്ടാണ്, പുതുപ്പള്ളിക്കാർ ശരിക്കും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം മനസ്സിലാക്കിയതുകൊണ്ടാണ് കോൺഗ്രസിനും കൂട്ടർക്കും സമനില നഷ്ടപ്പെട്ടത്. അവിടത്തെ കോൺഗ്രസ് പ്രവർത്തകർക്കുതന്നെ മടുത്തിരിക്കുന്നു. ഇത്രയും കാലവും മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നിട്ടും ഒരു വികസനത്തിനും മുൻകെെയെടുക്കാതെ, പെെതൃകമണ്ഡലമാക്കി സൂക്ഷിച്ചുവെച്ച ഉമ്മൻചാണ്ടി ബാറ്റൺ മകനു കെെമാറി കളമൊഴിഞ്ഞു. സഹതാപമെന്ന കച്ചിത്തുരുമ്പിൽ പിടിച്ചുകയറാൻ ചാണ്ടി ഉമ്മൻ കാട്ടിക്കൂട്ടുന്ന കോമാളിത്തങ്ങൾ കോൺഗ്രസുകാർക്കുപോലും സഹിക്കാനാവുന്നില്ല.

ഉമ്മൻചാണ്ടി 5 പതിറ്റാണ്ടിലധികം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലം വികസനമുരടിപ്പിന്റെ നേർസാക്ഷ്യമാണ്. അതറിയാവുന്ന പുതുപ്പള്ളിയിലെ ജനങ്ങൾ മാറി ചിന്തിക്കുക തന്നെ ചെയ്യും. പുണ്യാളൻ ബ്രാൻഡിറക്കിയോ, ആലപ്പുഴയിലെ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ട് പുതുപ്പള്ളിയിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചോ അതിനെ തടയാനാവില്ല. പുതുപ്പള്ളിയ്ക്കു നഷ്ടമായ 53 വർഷങ്ങളുടെ വീണ്ടെടുപ്പു കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. പെെതൃകത്തഴമ്പിന്റെ കുറ്റിയിൽ കറങ്ങുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ പുതുപ്പള്ളിക്കാർ തള്ളിക്കളയുക തന്നെ ചെയ്യും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − three =

Most Popular