Thursday, November 21, 2024

ad

Homeവിശകലനംപുതുപ്പള്ളിയിൽ 
ചർച്ചയാവേണ്ടത് വികസനപ്രശ്നങ്ങൾ

പുതുപ്പള്ളിയിൽ 
ചർച്ചയാവേണ്ടത് വികസനപ്രശ്നങ്ങൾ

സി പി നാരായണൻ

തിനഞ്ചാം കേരള നിയമസഭയിലേക്കുള്ള രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് സെപ്തംബർ 5ന് പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ്. കഴിഞ്ഞ 53 വർഷമായി അദ്ദേഹമാണ് ആ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ മറ്റൊരു നേതാവിനും മണ്ഡലത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ് ആ പ്രത്യേകത.

ഉമ്മൻചാണ്ടിയോട് ആ മണ്ഡലത്തിലെ വോട്ടർമാർക്കുണ്ടായിരുന്ന മമതയുടെ പ്രതിഫലനമായി മാത്രമേ അതിനെ കാണാൻ കഴിയൂ. ആ മണ്ഡലത്തിൽ 8 ഗ്രാമപഞ്ചായത്തുകൾ ആണുള്ളത്. അവയിൽ ആറിലും 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത് എൽഡിഎഫ് ആയിരുന്നു. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി വിജയിച്ചത് അദ്ദേഹത്തിന്റെ ആ മണ്ഡലത്തിലുള്ള വോട്ടർ പിന്തുണയുടെ സൂചികയാണ്. അതേസമയം 2011ൽ ലഭിച്ച 33,235 വോട്ടിന്റെയും 2016 ൽ ലഭിച്ച 27,092 വോട്ടിന്റെയും ഭൂരിപക്ഷം 2021 ആയപ്പോഴേക്ക് 9,044 ആയി കുറഞ്ഞത് പെട്ടെന്നുണ്ടായ സംഭവവികാസമല്ല എന്ന വ്യക്തമാക്കുന്നതാണ് 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ആറെണ്ണത്തിലും എൽഡിഎഫ് വിജയിച്ചത്.

2016ൽ മത്സരിച്ചത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു. യുഡിഎഫിന് സംസ്ഥാനത്ത് ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കിൽ അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരാനായിരുന്നു സാധ്യത. അതിന്റെ കൂടി പശ്ചാത്തലത്തിലാകാം അത്തവണ ലഭിച്ച ഭൂരിപക്ഷം. 2016ൽ നിന്ന് 2021 ആയപ്പോഴേക്ക് കഴിഞ്ഞ 40 വർഷം പതിവായി ഉണ്ടാകാറുള്ള ബഹുജന പ്രതികരണമല്ല കാണാനായത്. മറിച്ച് എൽഡിഎഫ് 2016ൽ നേടിയ 91 സീറ്റിന്റെ സ്ഥാനത്ത് 2021 ൽ 99 സീറ്റായി വർധിക്കുകയും യുഡിഎഫിന്റെത് 47ൽ നിന്ന് 41 ആയി കുറയുകയും ചെയ്തു. പുതുപ്പള്ളിയിലാകട്ടെ രണ്ടു തവണയും ജെയ്ക് സി തോമസ് ആയിരുന്നു ഉമ്മൻചാണ്ടിയുടെ എതിരാളി. ജയ്-ക്കിനെതിരെ ഉമ്മൻചാണ്ടിക്ക് ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷത്തിലും ഗണ്യമായ കുറവുണ്ടായി. 2016ൽ ഉമ്മൻചാണ്ടിക്ക് ജയ്-ക്കിന്റെമേൽ ഉണ്ടായിരുന്ന 27,092 വോട്ടിന്റെ ഭൂരിപക്ഷം 2021 ൽ 9,044 ആയി, മൂന്നിലൊന്നായി കുറഞ്ഞു.

അത് ചെറിയൊരു കുറവല്ല. ജെയ്-ക്ക് ഉയർത്തിയ വെല്ലുവിളിയുടെ ഗൗരവവും ചൂടും ഉമ്മൻചാണ്ടിയും അറിഞ്ഞിരുന്നു. അര നൂറ്റാണ്ടിലേറെക്കാലത്തെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ അതേവരെ നേരിടാത്ത തോതിലുള്ള വെല്ലുവിളിയായിരുന്നു ജെയ്-ക്ക് 2001 ൽ ഉമ്മൻചാണ്ടിക്ക് നേരെ ഉയർത്തിയത്. അതിൽ ജയ്-ക്കിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ഘടകമുണ്ട്. അതോടൊപ്പം കേരളത്തിൽ ആകെ എൽഡിഎഫ് കൈവരിച്ച വർധിച്ച ജനപിന്തുണ എന്ന ഘടകവും ഉണ്ട്. ഉമ്മൻചാണ്ടിയെപ്പോലുള്ള ഒരു ദീർഘകാല വിജയിയെ എതിർക്കുന്ന ഒരു എൽഡിഎഫ് സ്ഥാനാർത്ഥി എന്നതിനപ്പുറം ആ ചെറുപ്പക്കാരന് തന്റേതായ വ്യക്തിത്വവും കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടുകളും ഉണ്ട് എന്ന് വോട്ടർമാർ പൊതുവിൽ തിരിച്ചറിഞ്ഞു. മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ചൂട് 2021ലെ മത്സരത്തിൽ ഉമ്മൻചാണ്ടിക്ക് അനുഭവപ്പെട്ടത് അതുകൊണ്ടായിരുന്നു. അത് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ തന്നെ ജെയ്-ക്ക് വിദ്യാർഥികളുടെ മാത്രമല്ല പാർട്ടി നേതാക്കളുടെയും ജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഉമ്മൻചാണ്ടിയോട് മത്സരിക്കാനുള്ള സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പാർട്ടി നിയോഗിച്ചത്. പാർട്ടിയുടെ ലക്ഷ്യം തെറ്റിയില്ല എന്ന് രണ്ടു തിരഞ്ഞെടുപ്പുകളിലെയും വോട്ടിന്റെ കണക്കുകൾ തെളിയിച്ചു. തന്റെ എതിരാളി ചെറുപ്പക്കാരൻ ആണെങ്കിലും കരുത്തനാണ് എന്ന് ഉമ്മൻചാണ്ടി തന്നെ പരസ്യമായി അംഗീകരിക്കുന്ന നിലയുണ്ടായി. വിദ്യാർത്ഥിരംഗത്തും അതിനുശേഷം പൊതു രാഷ്ട്രീയത്തിലും പ്രവർത്തിച്ചതിനെ തുടർന്നാണ് ജയ്-ക്കിനെ താൻ ജനിച്ചുവളർന്ന നിയോജക മണ്ഡലത്തിൽ തന്നെ പ്രബലനായ എതിരാളിയെ നേരിടുന്നതിന് പാർട്ടി നിയോഗിച്ചത്. സംഘടിപ്പിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് തെളിയിച്ചതിനെ തുടർന്നാണ് പാർട്ടി അദ്ദേഹത്തെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നിയോഗിച്ചത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ മത്സരത്തിലൂടെ ഈ മേഖലയിലും തനിക്കുള്ള കഴിവ് അദ്ദേഹം പ്രകടമാക്കുകയും ചെയ്തു.

പുതുപ്പള്ളിയിൽ ഇത്തവണ ജയിക്കിന്റെ പ്രധാന എതിരാളി ചാണ്ടി ഉമ്മനാണ്. അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒട്ടുംതന്നെ പരിചയമില്ല. രാഷ്ട്രീയ രംഗത്തും വിദ്യാർത്ഥി രംഗത്തുപോലും അദ്ദേഹത്തെ സംഘാടകനോ നേതാവോ ആയി ഇതിനു മുമ്പ് കണ്ടിട്ടില്ല. ഉമ്മൻചാണ്ടിയുടെ മകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലോ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ ചാണ്ടി ഉമ്മനെ കേരളത്തിൽ നേരത്തെ കണ്ടിട്ടേയില്ല.

ധാരാളം കോൺഗ്രസ് പ്രവർത്തകരുടെ മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മൻചാണ്ടി 53 വർഷമായി മത്സരിച്ച് ജയിച്ചു വരുന്ന മണ്ഡലം അങ്ങനെയാകാനല്ലേ തരമുള്ളൂ? നല്ല മത്സരം കാഴ്ചവയ്ക്കാൻ കെൽപ്പുള്ള നേതാക്കൾക്കും പ്രവർത്തകർക്കും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പുതുപ്പള്ളിയിലും കോട്ടയം ജില്ലയിലും പഞ്ഞമുണ്ടാകില്ല. എന്നിട്ടും അത്തരം അനുഭവസമ്പന്നരും പൊതുവിൽ അറിയപ്പെടുന്നവരുമായ നേതാക്കളെയും പ്രവർത്തകരെയും അല്ല കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയോഗിച്ചത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയാണ്.

കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ രാഷ്ട്രീയ പൈതൃകമോ സമകാലിക രാഷ്ട്രീയത്തിലുള്ള പരിചയമോ തിരഞ്ഞെടുപ്പു രംഗത്തെ പരിചയമോ അല്ല ഈ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നോക്കുന്നത് എന്നുവ്യക്തം. ഉമ്മൻചാണ്ടി എന്ന വ്യക്തിയുടെ രാഷ്ട്രീയകീർത്തിയും അത് മണ്ഡലത്തിൽ ചെലുത്തുന്ന സ്വാധീനവും ഉമ്മൻചാണ്ടിക്ക് അവിടത്തെ വോട്ടർമാരുമായി ഉണ്ടായിരുന്ന അടുപ്പത്തിന്റെ ചൂടും ഓർമ്മയും ഇവയെല്ലാം അദ്ദേഹത്തിന്റെ മകനെ സ്ഥാനാർത്ഥിയാക്കി പ്രയോജനപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വോട്ടർമാരുടെ ഉമ്മൻചാണ്ടിയോടുള്ള കൂറും ഭക്തിയുമാണ് അവർ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത്. ഉമ്മൻചാണ്ടി അവിടെയും കേരളത്തിലാകെ യും പ്രചരിപ്പിക്കുകയും പ്രായോഗിക്കുകയുംചെയ്ത കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും പ്രവർത്തന ശൈലിയുടെയും പിന്മുറക്കാരനായ കോൺഗ്രസ് നേതാവിനെയോ പ്രവർത്തകനെയോ അല്ല കോൺഗ്രസും യുഡിഎഫും സ്ഥാനാർത്ഥിയാക്കിയത്. മറിച്ച് ഈ പൈതൃകം ഒന്നും അവകാശപ്പെടാൻ കഴിയാത്ത രാഷ്ട്രീയ രംഗത്ത് ഒട്ടും പ്രവർത്തന പരിചയമില്ലാത്ത ഒരാളെയാണ്, ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനെ. ഏക യോഗ്യത ഉമ്മൻചാണ്ടിയുടെ മകൻ ആണെന്നുള്ളതാണ്. നെഹ്റുവിന്റെ അനന്തരാവകാശി ഇന്ദിര, അവരുടെ അനന്തരാവകാശി രാജീവ്, തുടർന്ന് സോണിയ, സോണിയയ്ക്ക് പിന്തുടർച്ചയായി രാഹുൽ എന്ന പൈതൃകം കോൺഗ്രസിന്റെ അഖിലേന്ത്യ തലത്തിലുണ്ട്. ആ പൈതൃകം ഉമ്മൻചാണ്ടിയുടെ നിയോജക മണ്ഡലമായ പുതുപ്പള്ളിയിലും നടപ്പാക്കാനാണ് ചാണ്ടി ഉമ്മനിലൂടെ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ജാഥയിൽ കൊടിപിടിച്ചും പാർട്ടിക്കുവേണ്ടി അത്യാധ്വാനം ചെയ്തും മറ്റുമല്ല പുതിയ പുതിയ നേതാക്കൾ ഉണ്ടാകുക, പിന്നെയോ? നിലവിൽ ഉണ്ടായിരുന്ന നേതാവിന്റെ മകൻ /മകൾ എന്നൊക്കെയുള്ള നിലയിലാണ്. ഇതാണ് ചാണ്ടി ഉമ്മനെ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായ സ്ഥാനാർത്ഥിയാക്കിയതിലൂടെ കോൺഗ്രസ് സ്ഥാപിക്കുന്ന പിന്തുടർച്ചാവകാശം.

രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയകക്ഷി കെെക്കൊള്ളുന്ന മാതൃക, അത് ഏർപ്പെടുത്തുന്ന കീഴ്വഴക്കം രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തെ ഒരളവോളം സ്വാധീനിക്കും. ആ നിലയിൽ പൊതുജനങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാനോ അതിനോട് പ്രതികരിക്കാതിരിക്കാനോ കഴിയില്ല. കഴിഞ്ഞ 75 വർഷങ്ങൾക്കിടയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുടർച്ച പ്രശ്നത്തിൽ കൈക്കൊണ്ട നിലപാടും തീരുമാനവും രാജ്യത്തെ രാഷ്ട്രീയ മണ്ഡലത്തെത്തന്നെ പലപ്പോഴും ഗുരുതരമായി സ്വാധീനിച്ചു എന്നതൊരു വസ്തുതയാണ്.

പുതുപ്പള്ളിയിൽ കേരളത്തിലെ മറ്റു പല നിയോജക മണ്ഡലങ്ങളിലും കാണപ്പെടുന്ന വികസനം കാണാനില്ല. 53 വർഷക്കാലം ആ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എംഎൽഎ ഇക്കാര്യത്തിൽ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നു വന്നിട്ടുണ്ട്. കോട്ടയം ജില്ലയിലെ തന്നെ മറ്റു പല മണ്ഡലങ്ങളിലും അതല്ല സ്ഥിതി. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, റോഡ് മുതലായ പല പ്രാഥമിക സൗകര്യങ്ങളുടെയും കാര്യത്തിൽ ആ മണ്ഡലം മറ്റു മണ്ഡലങ്ങളെയും കേരള ശരാശരിയെയും അപേക്ഷിച്ചു പിന്നാക്കമായതിന് അവിടത്തെ മുൻ എംഎൽഎയുടെ പാർട്ടിയും മുന്നണിയും സമാധാനം പറയാൻ ബാധ്യസ്ഥമാണ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വികസന പ്രശ്-നം അവിടെ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നു. ഉമ്മൻചാണ്ടി ഒന്നിലേറെ തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്നതിനാൽ ഇക്കാര്യത്തിലുള്ള അവിടത്തെ വീഴ്ച ഗൗരവാവഹമാണ്.

വികസനം സാമൂഹ്യ പുരോഗതിയുടെ സൂചികയാണ്, ജനാധിപത്യവാഴ്ച നിലനിൽക്കുന്ന രാജ്യങ്ങളിൽ. യുപി, ബീഹാർ, ഗുജറാത്ത് മുതലായ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും വികസന കാര്യത്തിൽ ഏറെ പിന്നിലാണ് എന്ന് കേന്ദ്രസർക്കാരിന്റെ സ്ഥിതിവിവര കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നു. കേരളത്തിൽ സമഗ്രമായ വികസനം ഉണ്ടാകാൻ കാരണം കോൺഗ്രസോ അത് നയിച്ച സർക്കാരോ അല്ല. അതായിരുന്നെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും വികസന പുരോഗതി ഉണ്ടായേനെ. തുടർച്ചയായി ഒരു സമുന്നത കോൺഗ്രസ് നേതാവ് എംഎൽഎയായിരുന്ന മണ്ഡലം വികസന കാര്യത്തിൽ കേരളത്തിലെ ശരാശരി മണ്ഡലത്തിൽ നിന്നും പിറകിലായത് പൊതുവിൽ കോൺഗ്രസിന്റെ വീഴ്ചയുടെ ഫലമായാണ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കോൺഗ്രസ് അതിനു മറുപടി പറയാൻ ബാധ്യസ്ഥമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular