Monday, May 20, 2024

ad

Homeപ്രതികരണംവിജ്ഞാനമേഖലയെ ഉൽപാദനോന്മുഖമാക്കേണ്ടത് അനിവാര്യം

വിജ്ഞാനമേഖലയെ ഉൽപാദനോന്മുഖമാക്കേണ്ടത് അനിവാര്യം

പിണറായി വിജയൻ

വിജ്ഞാനമേഖലയിലെ വളർച്ചയാണ് നാടിന്റെ പുരോഗതിയ്ക്ക് അടിത്തറ തീർക്കുന്ന അടിസ്ഥാനഘടകങ്ങളിലൊന്ന്. എന്നാൽ ഗവേഷണ മേഖലയിൽ സർക്കാർ ഇടപെടലുകൾ പൊതുവേ കുറയുന്ന സമകാലിക സാഹചര്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കാത്ത പദ്ധതികൾ കേരളം ആവിഷ്കരിക്കുകയും വിജയകരമായി നടപ്പാക്കിവരികയും ചെയ്യുകയാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയായ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഏതാനും ദിവസങ്ങൾക്കു മുൻപ് നടക്കുകയുണ്ടായി.
നവകേരളസൃഷ്ടിക്ക് ആവശ്യമായ പുതിയ അറിവുകള്‍ സൃഷ്ടിക്കുന്നതിനും അവ പൊതുസമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കുന്നതിനും ഉതകുന്ന ഗവേഷണങ്ങള്‍ക്ക് വര്‍ഷംതോറും നല്‍കിവരുന്ന ഫെലോഷിപ്പാണിത്. ഇതിലേക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതാകട്ടെ, ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഫെലോമാരെ തിരഞ്ഞെടുക്കുന്ന അതേ മാതൃക പിന്തുടര്‍ന്നാണ്.

നിരവധി സൂക്ഷ്മ പരിശോധനകളും വിദഗ്ദ്ധ പരിശോധനകളും നടത്തിയ ശേഷമാണ് ഫെലോമാരെ തിരഞ്ഞെടുക്കുന്നത്. നവകേരളസൃഷ്ടിക്ക് ആവശ്യമായ ജ്ഞാനോത്പാദനം നടത്തുക എന്നതാണ് അവരിൽ നിക്ഷിപ്തമായ ദൗത്യം. നവകേരളസൃഷ്ടിക്ക് ആവശ്യമായ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതില്‍ കാര്‍ഷികനവീകരണവും വ്യാവസായിക പുനഃസംഘടനയും നൈപുണ്യ വികസനവും ഒക്കെ ഉള്‍പ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുപ്പക്കാര്‍ക്ക് ആധുനിക കാലത്തിനനുയോജ്യമായ നൈപുണ്യങ്ങള്‍ ലഭ്യമാക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ നവീകരിക്കുകയാണ്.

ഇതിനൊക്കെപ്പുറമെ നാടിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുകയും പ്രത്യേക ശ്രദ്ധവേണ്ട വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സമഗ്രമായ ഇടപെടലുകളുമായി നമ്മള്‍ മുന്നേറുമ്പോള്‍ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. അവയെ കണ്ടെത്താനും പരിഹരിക്കാനും ഉതകുന്നതാകണം ഗവേഷണങ്ങൾ.

ഏതൊരു സമൂഹത്തിനും പുരോഗമനോന്മുഖമായി വളരണമെങ്കില്‍ അനിവാര്യമായ ഘടകമാണ് വിജ്ഞാനം. കേരളമാകട്ടെ, ഒരു വൈജ്ഞാനിക നൂതന സമൂഹമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. ഇന്ന് ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നുകൊണ്ടും നമുക്കു വിജ്ഞാനം ആര്‍ജിക്കാനും പങ്കുവെക്കാനും കഴിയും. അത്രമേല്‍ സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ലോകത്തുണ്ടാകുന്ന ഏതു വിജ്ഞാനത്തെയും ഈ കേരളത്തില്‍ നിന്നുകൊണ്ടുതന്നെ സ്വാംശീകരിക്കാന്‍ നമുക്കു കഴിയും. എന്നാല്‍, ബൗദ്ധിക സ്വത്തവകാശം, പേറ്റന്റും വ്യാപകമാകുന്ന ഇക്കാലത്ത് അത്തരം വിജ്ഞാനങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നേറാനാവില്ല. ആ പ്രതിസന്ധി മറികടക്കാനാണ് ജ്ഞാനോത്പാദനം ഏറെ അനിവാര്യമാകുന്നത്. അതില്‍ ഗവേഷണമേഖലയ്ക്കാണ് സുപ്രധാന പങ്കുവഹിക്കാനുള്ളത്. അത് മനസ്സില്‍ വച്ചുവേണം ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍.

ഗവേഷണത്തിന് അത്രകണ്ട് പ്രോത്സാഹനം ലഭിക്കുന്ന രാജ്യമൊന്നുമല്ല നമ്മുടേത്. ഈയിടെ പുറത്തുവന്ന കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ബ്രിക്സ് രാജ്യങ്ങളുടെ പട്ടികയില്‍ ഗവേഷണത്തിന് ഏറ്റവും കുറവ് തുക ചെലവഴിക്കുന്ന രാജ്യമാണ് നമ്മുടേത്. റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് മേഖലയ്ക്കായി ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 0.7 ശതമാനം മാത്രമാണ് നമ്മള്‍ ചെലവഴിക്കുന്നത്. ലോക ശരാശരി 1.8 ശതമാനമാണ് എന്നോര്‍ക്കണം. നമ്മുടെ രാജ്യത്ത് ഗവേഷണത്തിന് ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗമാകട്ടെ തികച്ചും അശാസ്ത്രീയമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന രീതിയുമുണ്ട്.

അത്തരമൊരു സാമൂഹ്യാന്തരീക്ഷത്തിലാണ് കേരളത്തിന് വിജ്ഞാനോത്പാദനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വ്യക്തിത്വം ഉറപ്പിക്കേണ്ട സ്ഥിതിയുള്ളത്. എന്നാല്‍, മറ്റു പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ഇപ്പോള്‍ മാത്രം ഏറ്റെടുക്കാന്‍ തുടങ്ങുന്ന വെല്ലുവിളികളെ കാലങ്ങള്‍ക്കുമുമ്പേ മറികടന്നവരാണ് നമ്മള്‍. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിലെല്ലാം നാം മറ്റ് ഏത് ഇന്ത്യന്‍ സംസ്ഥാനത്തിനും മാതൃകയാണ്. ഇത്തരത്തില്‍ കേരളം ആര്‍ജിച്ച നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിച്ച് മുന്നോട്ടുപോവുകയാണ് നാം. അതിനു സഹായകമാകുന്ന വിധത്തിലാണ് ഗവേഷണമേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിവരുന്നത്.

ഗവേഷണ രംഗത്തിന് രാജ്യത്ത് പൊതുവിലുള്ള പരിഗണനക്കുറവിനെക്കുറിച്ച് സൂചിപ്പിച്ചല്ലോ. എന്നാല്‍, കേരളം ഇവിടെ വേറിട്ടു നില്‍ക്കുന്നു. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 3,500 കോടി രൂപയുടെ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ബജറ്റ് നമ്മള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. വിവിധ മേഖലകള്‍ക്ക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വേണ്ടിവരുന്ന തുക എത്ര, ഓരോ മേഖലയും അതീവപ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഗവേഷണങ്ങള്‍ ഏതെല്ലാം എന്നിവയൊക്കെ അതില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഗവേഷണ ഫലങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രം പോരാ, അവയിലെ അറിവുകള്‍ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യപ്പെടുക കൂടി വേണം. അതിനുതകുന്ന വിധമാണ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. 10 സര്‍വകലാശാലകളിലായി 200 കോടി രൂപ മുതല്‍മുടക്കില്‍ അവ ഒരുങ്ങുകയാണ്.

ഗവേഷണമേഖലയിലേക്ക് എത്തുമ്പോള്‍ മാത്രമല്ല പ്രതിഭകളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത്. തുടര്‍ച്ചയായി മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അണ്ടര്‍ ഗ്രാജുവേറ്റ് തലംമുതല്‍ ബിരുദാനന്തര പഠനം വരെ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് നല്‍കിവരികയാണ്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതി മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തിനുമില്ല എന്നതാണ് വസ്തുത.

ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൈരളി അവാര്‍ഡുകള്‍ പോലെ ഒന്ന് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല. കൈരളി ലൈഫ്ടൈം അച്ചീവ്മെന്‍റ് ഗ്ലോബല്‍ പ്രൈസ്, ലൈഫ്ടൈം അച്ചീവ്മെന്‍റ് നാഷണല്‍ അവാര്‍ഡ്, ഗവേഷണ പുരസ്കാരം, ഗവേഷക പുരസ്കാരം എന്നിങ്ങനെയുള്ള അവാര്‍ഡുകളും നല്‍കിവരുന്നുണ്ട്. ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മികവിന്റെ 30 കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ ഒരുക്കുകയാണ്. അവയില്‍ പത്തെണ്ണം ഇതിനോടകം തന്നെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

നമ്മുടെ ഗവേഷണ മേഖല നേരിടുന്ന ഒരു സുപ്രധാന വെല്ലുവിളിയാണ് ബ്രെയിന്‍ ഡ്രെയിൻ. മികച്ച പ്രതിഭയുള്ള ഗവേഷകര്‍ വികസിത രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത ഇപ്പോഴും തുടര്‍ന്നുവരികയാണ്. വിദേശ ഫെലോഷിപ്പ് കിട്ടിയാല്‍, നവകേരള ഫെലോഷിപ്പ് ഉപേക്ഷിച്ച് പോകുന്നവരുമുണ്ട്. പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങളിലെ ഗവേഷണ സംവിധാനങ്ങള്‍ക്കൊപ്പം ഉടനടി ഉയരാന്‍ നമുക്കാവില്ല.

എന്നാലും, മറ്റു രാജ്യങ്ങളിലുള്ള മലയാളി ഗവേഷക പ്രതിഭകളുടെ അറിവ് നമ്മുടെ നാടിന്റെ ഗവേഷണ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്താനാകുന്നവിധം ബ്രെയിന്‍ ഗെയിൻ നടത്താനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. അതോടൊപ്പം നൊബേല്‍ ജേതാക്കളെയടക്കം ക്ഷണിച്ചുവരുത്തി നമ്മുടെ ഗവേഷകരുടെ വിജ്ഞാന നവീകരണത്തിനുപകരിക്കുന്ന സ്കോളര്‍ ഇന്‍ റസിഡന്‍സ് പദ്ധതിയും നടപ്പാക്കിവരികയാണ്.

ലോകനിലവാരത്തിലേക്ക് എത്തിയ ഗവേഷണമേഖലയല്ല നമ്മുടേത്. എന്നാലും ഗവേഷണ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച മലയാളികള്‍ ലോകത്തെമ്പാടുമുണ്ട്. ഏതു വിഷയമെടുത്താലും അതിലെ ഗവേഷകരില്‍ മലയാളികളുണ്ടാകും. ഈ ഗവേഷണ പ്രതിഭകള്‍ക്ക് ഇന്‍ഹൗസ് എക്സലന്‍സ് എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന കാര്യം നമ്മള്‍ സ്വയംവിമര്‍ശനപരമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.

പുതിയ വിജ്ഞാനം ഉത്പാദിപ്പിക്കാനും അവയെ ഉത്പാദനോന്മുഖമായി പരിവര്‍ത്തിപ്പിക്കാനും നമുക്കു കഴിയണം. അതിന് നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് നയത്തെയും പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭകത്വ നയത്തെയുമെല്ലാം പ്രയോജനപ്പെടുത്താന്‍ നമ്മൾ പരിശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ബഹുമുഖമായ ഇടപെടലുകളിലൂടെ നമുക്കൊരുമിച്ച് ഒരു നവകേരളം കെട്ടിപ്പടുക്കാം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular