Saturday, July 27, 2024

ad

Homeകവര്‍സ്റ്റോറിസാർത്ഥകമായ സംവാദസദസുകൾ

സാർത്ഥകമായ സംവാദസദസുകൾ

ആര്യ ജിനദേവൻ

മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ കേരളത്തിലെ ഒൗദ്യോഗിക ജിഹ്വയായ ചിന്ത വാരിക അതിന്റെ ചരിത്രപ്രധാനവും വിജയകരവുമായ യാത്ര ആറു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയിരിക്കുന്നു. 1963 ആഗസ്ത് 15 ന് പ്രസിദ്ധീകരണം തുടങ്ങിയ ചിന്ത വാരിക ദേശീയ സാർവ്വദേശീയ സംഭവവികാസങ്ങളോട് നിരന്തരം പ്രതികരിക്കുകയും സംസ്ഥാനത്തെ രാഷ്ട്രീയ ഗതിവിഗതികളിൽ നിർണായക കടമ നിറവേറ്റുകയും ചെയ്തുവന്നു; തൊഴിലാളിവർഗ രാഷ്ട്രീയവും ആശയവും പ്രചരിപ്പിക്കുകയും ബൂർഷ്വാ രാഷ്ട്രീയത്തിന്റെ ദുഷിപ്പുകളെയാകെ തുറന്നുകാട്ടുകയും ചെയ്തു. ആറു പതിറ്റാണ്ടുകൾ പിന്നിട്ട ഈ യാത്രയുടെ തുടക്കം മുതൽ ഇതിനോടു ചേർന്നുനിന്ന, ഇതിലെ ഉള്ളടക്കങ്ങൾക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച ഒരാളായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാർശനിക മുഖം കൂടിയായ ഇ എം എസ് നമ്പൂതിരിപ്പാട്.

1972 മുതൽ 1998 വരെയുള്ള നീണ്ടകാലം ഇ എം എസ് ചിന്ത വാരികയിൽ ചോദേ-്യാത്തരം എന്ന പംക്തി കെെകാര്യം ചെയ്തുപോന്നു. തനിക്കു വരുന്ന അനേകം ചോദ്യങ്ങളിൽനിന്നും തെരഞ്ഞടുത്ത ഒന്നോ രണ്ടോ ചോദ്യങ്ങൾക്ക് ഓരോ ലക്കത്തിലും അദ്ദേഹം മറുപടിയെഴുതി. ദർശനവും ചരിത്രവും ഇന്ത്യൻ രാഷ്ട്രീയവും സ്വാതന്ത്ര്യസമരവും ജാതി – മത –

ചിന്ത വാരികയുടെ 60–ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ എം പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 
‘ഇഎംഎസ്: തെരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ’ സംവാദം – പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ചിന്ത വാരികയുടെ ചീഫ് എഡിറ്ററുമായ തോമസ് ഐസക് ഉദ്‌ഘാടനം ചെയ്തപ്പോൾ

സ്വത്വബോധങ്ങളും തുടങ്ങി കേരള രാഷ‍്ട്രീയവും സമകാലീന സാമൂഹ്യ രാഷ്ട്രീയ സംഭവവികാസങ്ങളുമടക്കം എല്ലാ വിഷയങ്ങളും ഈ പംക്തിയിലൂടെ ഇ എം എസ് കെെകാര്യം ചെയ്തു. മാർക്സിയൻ വീക്ഷണത്തിൽനിന്നുകൊണ്ട് അദ്ദേഹം ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരമെഴുതി. പ്രബുദ്ധമായൊരു ഇടതുപക്ഷ മനസ്സ് സൃഷ്ടിക്കുന്നതിനും രാഷ്ട്രീയ വ്യക്തത കെെവരിക്കുന്നതിനും അത് പാർട്ടി പ്രവർത്തകർക്കും സാംസ്കാരിക രംഗത്തുള്ളവർക്കുമൊക്കെ സഹായകമായി. ഇരുപത്താറു വർഷക്കാലം ഇ എം എസ് തുടർച്ചയായി ചിന്തയിൽ എഴുതിപ്പോന്നിരുന്ന ചോദേ-്യാത്തരങ്ങൾ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും ഗവേഷകർക്കുമാകെ ഒരു രാഷ്ട്രീയ മാർഗദർശി ആയിരിക്കുമെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുത്ത ചോദേ-്യാത്തരങ്ങൾ ചിന്ത പബ്ലിഷേഴ്സ് 2023 ജൂണിൽ മൂന്നു വോള്യങ്ങളിലായി എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചു.

ഈ പശ്ചാത്തലത്തിലാണ് ചിന്ത വാരികയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ‘ചോദ്യം – ഉത്തരം’ എന്ന നിലയിൽ തുറന്ന സംവാദ പരിപാടിവിവിധ ജില്ലകളിൽ നടത്തുവാൻ തീരുമാനിച്ചത്. ഇ എം എസ് നിർത്തിയിടത്തുനിന്നു തുടങ്ങുക എന്നതായിരുന്നു അതിനു പിന്നിലെ കാഴ്ചപ്പാട്. ചിന്ത പബ്ലിഷേഴ്സ് പുനഃപ്രസിദ്ധീകരിച്ച ചോദേ–്യാത്തരങ്ങളുടെ മൂന്നു വോള്യങ്ങളെ ആസ്പദമാക്കി ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ടു മറുപടി പറയുക എന്ന രീതിയിലാണ് സംവാദ സദസ്സുകൾ സംഘടിപ്പിച്ചത്.

ആഗസ്ത് 7ന് കണ്ണൂർ ജില്ലയിൽ പാർട്ടി ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന സംവാദ സദസ്സ് പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ചോദ്യങ്ങളുടെ ബാഹുല്യംകൊണ്ടും മികച്ച ഒന്നായിരുന്നു. നായനാർ അക്കാദമിയിലെ ആഡിറ്റോറിയത്തിൽ നടന്ന സംവാദ സദസ്സ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം നിർവഹിക്കുന്നതിനോടൊപ്പം, എഴുതി നൽകപ്പെട്ട ഏതാനും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു. മതവും ജാതിയും നോക്കിയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളെ നിർത്തുന്നത് എന്ന പൊതുവൽക്കരണം ഒരു കൂട്ടം മാധ്യമങ്ങൾ നടത്തുന്ന കുപ്രചാരണമാണെന്നും, സിപിഐ എമ്മിന്റെ നയം അതല്ലായെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അദ്ദേഹത്തെ കൂടാതെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും ചിന്ത വാരികയുടെ പത്രാധിപരുമായ ഡോ. ടി എം തോമസ് ഐസക്, കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ടീച്ചർ, ഡോ. കെ എൻ ഗണേശ്, കെ എസ് രഞ്ജിത്ത്, ജി വിജയകുമർ തുടങ്ങിയവർ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. മുൻകൂർ എഴുതി ലഭിച്ച ഇരുന്നൂറ് ചോദ്യങ്ങളും സദസ്സിൽനിന്നും തത്സമയം ഉയർന്നുവന്ന നൂറോളം ചോദ്യങ്ങളും ക്രോഡീകരിച്ചാണ് മറുപടി പറഞ്ഞത്. ആയിരത്തോളം പേർ വരുന്ന നിറഞ്ഞ സദസ്സും ആ സദസ്സിന്റെ സജീവ പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമായിരുന്നു കണ്ണൂരിലെ സംവാദ സദസ്സ്.

പാലക്കാട് ആഗസ്ത് 9ന് വെെകിട്ട് 3 മണിക്ക് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽവെച്ച് നടന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്തത‍് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശനായിരുന്നു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അധ്യക്ഷനായ പരിപാടിയിൽ ഉദ്ഘാടനത്തോടൊപ്പം ഡോ. ടി എം തോമസ് ഐസക്, കെ എൻ ഗണേശ്, കെ എസ് രഞ്ജിത്ത്, കെ എ വേണുഗോപാലൻ എന്നിവർ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. ജി വിജയകുമാർ നന്ദി രേഖപ്പെടുത്തി.

വിവിധ വിഷയങ്ങളിൽ അനേകം ചോദ്യങ്ങളാണ് ഈ രണ്ടു സംവാദ സദസ്സുകളിലും ഉയർന്നുവന്നത്. യൂണിഫോം സിവിൽ കോഡ്, മിത്ത്, ശാസ്ത്രം, കുടുംബം, ഹിന്ദുത്വം, മതവിശ്വാസവും വർഗീയതയും, കേരള രാഷ്ട്രീയം, ഇടതുപക്ഷ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ, മണിപ്പൂർ വംശഹത്യ, പുത്തൻ വിദ്യാഭ്യാസ നയം, നിർമിത ബുദ്ധി, വിവിധ വിഷയങ്ങളിൽ സിപിഐ എമ്മിന്റെ നിലപാടും പ്രവർത്തനവും, സംഘപരിവാർ അജൻഡയ്ക്കെതിരായ ചെറുത്തുനിൽപ് തുടങ്ങിയ വിഷയങ്ങളിലായി ഉയർന്നുവന്ന അനേകം ചോദ്യങ്ങൾ കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായി. ഏറ്റവുമധികം ചോദ്യങ്ങൾ ഉയർന്നുവന്നത് ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ചും മിത്തുകൾ ശാസ്ത്രമാക്കപ്പെടുന്നതിനെ സംബന്ധിച്ചുമാണ്. ഏകീകൃത സിവിൽ കോഡിനെ ഇ എം എസ് അനുകൂലിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് ഇ എം എസിന്റെ തന്നെ എഴുത്തുകളെ ഉദ്ധരിച്ചും ബിജെപിയുടെ ദുരുദ്ദേശ്യത്തെ തുറന്നുകാണിച്ചും വ്യക്തമായ മറുപടി നൽകുകയുണ്ടായി. മതവും വർഗീയതയും തമ്മിലുള്ള ബന്ധവും ആർഎസ്എസ് നിരന്തരം നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വമെന്ന ആശയത്തിനുപിന്നിലെ വിപത്കരമായ ഘടകങ്ങളുമെല്ലാം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നു. മണിപ്പൂരും ഹരിയാനയുമെല്ലാം സംവാദസദസ്സിൽ ഉയർന്നുകേട്ടു. ആർഎസ്എസിനെതിരായ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ ഭാവി പരിപാടി സംബന്ധിച്ചും സാധ്യതകൾ സംബന്ധിച്ചും ചോദ്യങ്ങളുയർന്നു. ഗണപതി ദേശീയ രാഷ്ട്രീയത്തിൽ ചർച്ചാവിഷയമായ സമയമായതുകൊണ്ടുതന്നെ അതു സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നുവന്നു. ഗണപതിയുടെ കഥ വിശദീകരിച്ചും മിത്തിനെ ശാസ്ത്ര സത്യമാക്കി മാറ്റാനുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ അജൻഡയെ തുറന്നുകാണിച്ചുകൊണ്ടും കെ എൻ ഗണേശ് ആ ചോദ്യങ്ങൾക്ക് മറുപടി നൽകി. നിർമിത ബുദ്ധിയുടെ സാധ്യതകൾ ഭാവിയിൽ മനുഷ്യരാശിയുടെ നിലനിൽപിനെത്തന്നെ ഹാനികരമായി ബാധിക്കുമോ എന്ന ആശങ്ക നിറഞ്ഞ ഒന്നിലധികം ചോദ്യങ്ങളും ഉയർന്നുവന്നു.

ഇത്തരത്തിൽ വെെവിധ്യങ്ങളാർന്ന വിഷയങ്ങളെ സംബന്ധിച്ച് ഉയർന്ന ചോദ്യങ്ങളും അവയ്ക്കു നൽകപ്പെട്ട മറുപടികളും ഈ സംവാദസദസ്സുകളെ അറിവിന്റെ ജനകീയ വേദികളാക്കി മാറ്റിയെന്നതിൽ സംശയമില്ല. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം ഒരേസമയം പൊതുപ്രവർത്തനവും ആശയപരമായ അറിവ് ആർജിക്കലുമാണ്; അത് നിരന്തരമായ, പഠന പ്രക്രിയ കൂടിയാണ്. അത്തരത്തിൽ, കൂടുതൽ പ്രബുദ്ധമായൊരു രാഷ്ട്രീയ കേരളത്തിന്റെ രൂപീകരണത്തിൽ ഭാഗഭാക്കാകുവാൻ ഈ സംവാദ സദസ്സുകൾക്കു കഴിഞ്ഞുവെന്ന് നിസ്സംശയം പറയാനാകും. 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular