Tuesday, May 7, 2024

ad

Homeകവര്‍സ്റ്റോറിനിർമിത ബുദ്ധിയും തൊഴിലാളികളും

നിർമിത ബുദ്ധിയും തൊഴിലാളികളും

കെ എസ്‌ രഞ്‌ജിത്ത്‌

സാങ്കേതികവിദ്യയുടെ പ്രയോഗവും വ്യാപനവും– പ്രത്യേകിച്ച് അതിന്റെ ഏറ്റവും പുതിയ രൂപമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) പ്രയോഗിക്കുമ്പോൾ തൊഴിൽ മേഖലയിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ്?

രാമചന്ദ്രൻ, തലശ്ശേരി

യന്ത്രവൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെടുക പുതിയ ഒരു പ്രതിഭാസമല്ല. ലാഭം മാത്രം ലക്ഷ്യമാക്കി കുതിക്കുന്ന മൂലധന വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമാണത്. വ്യാവസായിക മുതലാളിത്തത്തിന്റെ ആദ്യനാളുകൾ തൊട്ടേ ഈ പ്രക്രിയ നടന്നു വന്നിരുന്നു. കൃത്യമായി ആവർത്തന സ്വഭാവമുള്ള, മെക്കാനിക്കലായി ചെയ്യാൻ കഴിയുന്ന, ഏതൊരു പ്രവൃത്തിയും ഓട്ടോമേഷന് വിധേയമാക്കാൻ കഴിയും. യന്ത്ര നിർമാണത്തിൽ വന്നിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യകൾ മൂലം ഇന്ന് നിലവിലുള്ള ഒട്ടുമിക്ക തൊഴിലുകളിൽ നിന്നും മനുഷ്യന്റെ നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കാൻ പറ്റുന്ന സാഹചര്യം രൂപംകൊണ്ടിട്ടുണ്ട്. തൊഴിൽ മേഖലയിൽ വളർച്ച ഇല്ലാതെ തന്നെ സാമ്പത്തിക മേഖലയിൽ വളർച്ചയുണ്ടാകുന്ന സാഹചര്യം (jobless growth) 2000 മുതൽതന്നെ ദൃശ്യമാണ്.

നിർമിത ബുദ്ധിയുടെ കടന്നുവരവ് ഈ പ്രക്രിയയെ വേറൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തീർച്ചയായും ഇതൊരു കടുത്ത പ്രതിസന്ധി ഘട്ടം തന്നെയായിരിക്കും. ഇതിൽ ബ്ലൂ കോളർ തൊഴിലാളികളെന്നോ വൈറ്റ് കോളർ തൊഴിലാളികളെന്നോ ഉള്ള അന്തരമുണ്ടാവില്ല. സോഫ്റ്റ്‌വെയർ മേഖലയിൽ തന്നെ ജോലി ചെയ്യുന്നവർ, അക്കൗണ്ടിംഗ് വിദഗ്ധർ, മെഡിക്കൽ റിപ്പോർട്ടുകൾ തയാറാക്കുന്ന ഡോക്ടർമാർ എന്നിങ്ങനെ പലരും തൊഴിൽ നഷ്ടപ്പെട്ടേക്കാവുന്നവരായി മാറിയിരിക്കുന്നു. അവിദഗ്ധ തൊഴിലാളികൾക്ക് മുൻപ് യന്ത്രവൽക്കരണം കൊണ്ട് തൊഴിൽ നഷ്ടപ്പെട്ട സാഹചര്യമല്ല ഇന്നുള്ളത്. നിർമിത ബുദ്ധിയുടെ വ്യാപനത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെ ഈ ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. വലിയ സാമൂഹിക സംഘർഷങ്ങളിലേക്ക് ഇത് നീങ്ങാനിടയുണ്ട് എന്നതിനാലാണിത്.

പുതിയ സാമൂഹിക സംഘാടന രൂപങ്ങളെക്കുറിച്ചു തന്നെ ഇവരിൽ പലരും സംസാരിച്ചു തുടങ്ങിയിരിക്കുന്നു . ഉല്പാദന ശക്തികളുടെ വളർച്ച പുതിയ സാമൂഹിക ബന്ധങ്ങളിലേക്കു നയിക്കും എന്ന മാർക്സിന്റെ കണ്ടെത്തലിൽ നിന്ന് വ്യത്യസ്‍തമല്ല ഈ നിരീക്ഷണം. പക്ഷേ അടിസ്ഥാനപരമായി മൂലധനവും തൊഴിൽ ശക്തിയും തമ്മിലുള്ള ഈ സംഘർഷം ഏതൊക്കെ രൂപങ്ങൾ കൈവരിക്കുമെന്ന് പ്രവചിക്കുക ദുഷ്കരമാണ് . ഭരണകൂടതാല്പര്യങ്ങൾ തൊഴിലെടുക്കുന്നവർക്കൊപ്പമാണെങ്കിൽ സാമ്പത്തികോല്പാദനത്തിൽ സാങ്കേതികവിദ്യ ഉണ്ടാക്കുന്ന വർദ്ധന സമൂഹത്തിനു മുഴുവൻ ഗുണകരമായി മാറും.

മനുഷ്യന്റെ അധ്വാനത്തെയും ബുദ്ധിശക്തിയെയും കവർന്നെടുക്കുന്ന ‘നിർമിതബുദ്ധി’ (എഐ)യെ സംബന്ധിച്ച് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നിലപാട് എന്തായിരിക്കും? ട്രാക്ടർ തല്ലിത്തകർത്തു, കമ്പ്യൂട്ടർ തല്ലിത്തകർത്തു എന്നെല്ലാമുള്ള ചീത്തപ്പേര് കേട്ടതുപോലെ ഇനി റോബോട്ടിനെ തല്ലിപ്പൊളിച്ചു എന്ന ചീത്തപ്പേരു കൂടി കേൾക്കേണ്ടി വരുമോ?

രാജീവ്, ഇരിട്ടി

തൊഴിൽ മേഖലയിലെ സാങ്കേതിക വിദ്യകളുടെ വ്യാപനത്തെ സ്വാഗതം ചെയ്യുന്നവരാണ് എല്ലാകാലത്തും തൊഴിലാളികൾ. കാരണം യാന്ത്രികമായി ചെയ്യാവുന്ന പണികൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്നത് തൊഴിലാളികളുടെ സർഗാത്മകത ഉയർത്തും, കൂടുതൽ ക്രിയാത്മകമായ പ്രവൃത്തികളിലേക്ക് അവരെ നയിക്കും. മറിച്ചൊരു ആഖ്യാനം ശരിയല്ല.

ചോദ്യത്തിന് ആധാരമായി നിലനിൽക്കുന്ന അടിസ്ഥാന പരികല്പനകളിൽ ചില പിശകുകളുണ്ട്. മനുഷ്യന്റെ അധ്വാനത്തെയും ബുദ്ധിശക്തിയെയും നിർമിത ബുദ്ധി കവർന്നെടുക്കുന്നു എന്ന നിരീക്ഷണം ശരിയല്ല. മനുഷ്യനില്ലാതെ യന്ത്രമില്ല. യന്ത്രങ്ങൾ വിഭാവന ചെയ്തതും നിർമിച്ചതും മനുഷ്യരാണ്. മറിച്ചു ചിന്തിക്കുന്നത് സാങ്കേതിക അതിനിർണയവാദമാണ് (Technological determinism). മറ്റൊരു പിശക് കൂടിയുണ്ട്. മനുഷ്യൻ എന്നത് ഒരു ഏകമുഖമായ സ്വത്വമല്ല. നാം ജീവിക്കുന്നത് ഒരു വർഗരഹിത സമൂഹത്തിലുമല്ല. അതിനാൽ വിവിധ വർഗ താല്പര്യങ്ങൾ തമ്മിൽ നിരന്തരം സംഘർഷം നിലനിൽക്കും. വർഗങ്ങളായി വിഭജിക്കപ്പെട്ട ഒരു സമൂഹത്തിൽ യന്ത്രങ്ങൾ നിർമിക്കുന്നതും ഉപയോഗിക്കുന്നതും ആരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് എന്നതാണ് അടിസ്ഥാന ചോദ്യം. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തി അവരെ പട്ടിണിയിലാക്കുന്ന രീതിയിലുള്ള സാഹചര്യം വന്നാൽ തൊഴിലാളികൾ അതിൽ പ്രതിഷേധിക്കുന്നത് സ്വാഭാവികം മാത്രം. അതുപോലെ തന്നെ, സാമൂഹിക സാഹചര്യങ്ങൾ മൂർത്തമായി കണക്കിലെടുത്തിട്ടു വേണം യന്ത്രവൽക്കരണപ്രക്രിയ നടപ്പിലാക്കാൻ. മൂലധന താല്പര്യങ്ങൾ മാത്രമാവരുത് അതിനെ നയിക്കുന്നത്. സാങ്കേതിക വിദ്യയുണ്ടാക്കുന്ന സാമൂഹിക പുരോഗതിയുടെ മെച്ചം തൊഴിലാളികൾക്ക്, ഈ സാങ്കേതിക വിദ്യകൾ കഷ്ടപ്പെട്ട് കണ്ടുപിടിച്ചവർക്ക്, കൂടി ലഭിക്കണം. അത്തരമൊരു ഡിമാൻഡ് ആരെങ്കിലും ഉയർത്തിയാൽ അതിനെ ഗൗരവത്തിൽ കണക്കിലെടുക്കുകയാണ് വേണ്ടത് . മറ്റു രീതിയിൽ ചിത്രീകരിക്കുന്നതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മറ്റു പല താല്പര്യങ്ങളുമാണ്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ യന്ത്രങ്ങളുടെ വ്യാപനം സൃഷ്ടിക്കുന്ന സാഹചര്യത്തെയും ഇങ്ങിനെ തന്നെ വിലയിരുത്തേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − 2 =

Most Popular