Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിമിത്തും ശാസ്ത്രബോധവും

മിത്തും ശാസ്ത്രബോധവും

കെ എൻ ഗണേശ്‌

മിത്തും വിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്താണ്?

സി എൻ മോഹനൻ, 
മോറാഴ

സമൂഹത്തിലെ യഥാർഥ സംഭവങ്ങളെയോ പ്രകൃതിശക്തികളുടെ പ്രവർത്തനങ്ങളെയോ ആധാരമാക്കി മനുഷ്യർ തന്നെ നടത്തുന്ന ആഖ്യാനങ്ങളാണ് മിത്തുകൾ. യഥാർഥ സംഭവങ്ങളെയും ഭാവനാകൽപിതമായ സംഭവങ്ങളെയും മറ്റു കഥകളെയും കൂട്ടിച്ചേർത്ത് മിത്തുകൾ സൃഷ്ടിക്കാം. അത്തരം കഥകൾക്കുതന്നെ അതീന്ദ്രിയവും അതിഭാവുകത്വപരവുമായ വ്യാഖ്യാനം നൽകി മിത്തുകളെ പൊലിപ്പിക്കാം. ഇത്തരത്തിലുള്ള ഭാവനാസൃഷ്ടമായ ലോകങ്ങളിലും സംഭവങ്ങളെ അവതരിപ്പിക്കാം.

ലോകത്തിലെ എല്ലാ മനുഷ്യസമൂഹങ്ങൾക്കും ഇത്തരം മിത്തുകളുണ്ട്. ഇവയിൽ ഗ്രീക്ക് ഇതിഹാസങ്ങളിലും രാമായണ – മഹാഭാരതങ്ങളിലും യൂറോപ്യൻ വീരഗാഥകളിലും അറബികളുടെ ആയിരത്തൊന്നു രാവുകളിലും അടങ്ങിയ മിത്തുകൾ വളരെ ആകർഷണീയമാണ്. നിരവധി കഥാഖ്യാനങ്ങൾക്കും നോവലുകൾക്കും സിനിമകൾക്കും വരെ അവ പ്രേരകമായിട്ടുണ്ട്.

ഇത്തരം മിത്തുകളൊന്നും ഏതെങ്കിലും വിധത്തിലുള്ള വിശ്വാസത്തിനു പാത്രമല്ല. വിശുദ്ധഗ്രന്ഥമായ ബെെബിളിലെ പഴയനിയമത്തിൽ നിരവധി മിത്തുകളുണ്ട്. ഈ മിത്തുകളിൽ പലതും ദെെവശക്തിയുടെയും കരുണയുടെയും പാപികളോടുള്ള കോപത്തിന്റെയും തെളിവുകളായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതുപോലെയുള്ള കഥകൾ ഇന്ത്യയിലുൾപ്പെടെയുള്ള ഇതിഹാസ പുരാണങ്ങളിലും ഇസ്ലാമിക – ്രിസ്ത്യൻ ഗ്രന്ഥങ്ങളിലും കാണാം. ഇവിടെയെല്ലാം ജനങ്ങൾ മിത്തുകളിലല്ല വിശ്വസിക്കുന്നത്, അതിൽ വിവരിക്കുന്ന സംഭവങ്ങൾക്കു മൂലകാരണമായ ദെെവങ്ങളിലാണ്. ചില മിത്തുകളെ ദെെവവിശ്വാസത്തിൽ ജനങ്ങളെ അടിച്ചുറപ്പിച്ചുനിർത്താൻ ഉപയോഗിക്കാം. എല്ലാ മിത്തുകൾക്കും അത്തരത്തിലുള്ള സ്വഭാവമില്ല. അതുകൊണ്ടാണ് നിരവധി മിത്തുകൾ ദെെവവിശ്വാസികൾ അല്ലാത്തവരെയും ആകർഷിച്ചിട്ടുള്ളത്.

നരവംശശാസ്ത്രംപോലുള്ള ശാസ്ത്രശാഖകൾ മിത്തുകളെ ചരിത്രപരമായും സാമൂഹ്യമായും അപഗ്രഥിച്ചുപോന്നിട്ടുണ്ട്. ക്ലോദ് ലെ വിസ്ട്രോസ്, ജോസഫ് ക്യാംപ്ബെൽ, വിക്ടർ ടർണർ, ക്ലിഫോർഡ് ഗീർട്സ് മുതലായ പണ്ഡിതന്മാർ മിത്തുകളെ ശാസ്ത്രീയമായും സാമൂഹ്യമായും അപഗ്രഥിച്ചിട്ടുള്ളവരാണ്. മിത്തുകൾ എങ്ങനെയാണ് പ്രത്യേക മതങ്ങളുടെ ആശയപ്രപഞ്ചം ചമയ്ക്കുന്നത് എന്ന് മിർസയ ഏലിയാദ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജെ ഗോണ്ട, ജെ സി ഹീസ്റ്റൽമാൻ തുടങ്ങിയവർ ഇന്ത്യൻ മിത്തുകളെയും ഇതുപോലെ പഠിച്ചിട്ടുണ്ട്. മിത്തുകളെ കേവലമായ വിശ്വാസപ്രമാണങ്ങൾ ആയി എടുക്കുകയല്ല വേണ്ടത്, അവയുടെ സാമൂഹ്യ ഉറവിടങ്ങൾ പരിശോധിച്ച് നിഗമനങ്ങളിലെത്തുകയാണ് വേണ്ടത് എന്ന് ഇവരെല്ലാം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിൽ അഞ്ചാം നൂറ്റാണ്ട് മുതലാണ് ഗണപതി ആരാധന ശക്തിപ്പെട്ടത് എന്ന് കേൾക്കുന്നു. പാർവതി ജീവൻ നൽകി സൃഷ്ടിച്ച ഗണപതിയെ പരമശിവൻ വധിക്കുകയും പിന്നീട് പുനർജനിപ്പിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. ഗണപതിയുടെ കഥ വിശദീകരിക്കാമാ?

കീച്ചേരി രാഘവൻ

ഇന്ത്യയിലെ ശിവാരാധകർ അംഗീകരിക്കുന്ന ഉപദെെവമായാണ് ഗണപതി അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലും മധ്യ ഇന്ത്യയിൽ പൊതുവിലും ഗണപതി ഒരു പ്രധാന ദെെവമാണ്. 19–ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബാലഗംഗാധർ തിലക് വിനായക ചതുർഥി ഒരു പ്രധാന ഉത്സവമായി പ്രോത്സാഹിപ്പിച്ചതോടെയാണ് ഗണപതിക്ക് ആധുനികകാലത്ത് പ്രാധാന്യം ലഭിച്ചത്. പിന്നീട് ആർഎസ്എസും ശിവസേനയും ഗണപതിയുടെ ആരാധന ഏറ്റെടുത്തു. ഇപ്പോൾ ഇന്ത്യയൊട്ടാകെ വിനായക ചതുർഥി ആചരിക്കാനുള്ള ശ്രമം നടക്കുകയാണ്.

ഋഗേ-്വദത്തിൽ ഗണപതിയുണ്ട്. വെെദികഗണങ്ങളുടെ തലവനെ ഗണപതി എന്നാണ് വിളിച്ചത്. പിന്നീട് വ്യാസൻ മഹാഭാരതം ചൊല്ലിക്കൊടുത്തപ്പോൾ അത് എഴുതിയെടുത്തത് ഗണപതിയായിരുന്നു എന്ന് അതേ കൃതിയിൽ രേഖപ്പെടുത്തുന്നു. ഇവിടെയൊന്നും ആനത്തലയുള്ള ഗണപതിയില്ല. ശിവൻ ഗണപതിയുടെ തലവെട്ടിയത് തന്റെ പ്രിയശിഷ്യനായ പരശുരാമൻ ആഗ്രഹിച്ചതുപോലെയുള്ള അമരത്വം അടക്കമുള്ള സിദ്ധികൾ ശിവൻ നൽകിയപ്പോൾ അതിനെ ഗണപതി എതിർക്കുകയും മൂത്തപുത്രനായ തനിക്കുപോലും നൽകാത്ത സിദ്ധികൾ പരശുരാമന് എന്തുകൊണ്ട് നൽകി എന്നു ചോദിക്കുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ ശിവൻ ഗണപതിയുടെ തലയറുത്തു. പിന്നീട് പാർവതിയുടെ ശക്തമായ ഇടപെടൽമൂലം ഒരു ആനയുടെ തലയെടുത്തു വച്ചു പിടിപ്പിച്ചു എന്നാണ് കഥ. മഹാകവി വള്ളത്തോൾ ‘ശിഷ്യനും മകനും’ എന്ന കൃതിയിൽ ഈ കഥ ആവിഷ്കരിച്ചിട്ടുണ്ട്.

ഈ കഥയുടെ ഉറവിടം മധ്യ ഇന്ത്യയായതുകൊണ്ട് അവിടത്തെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഇതു പരിശോധിക്കാവുന്നതാണ്. പ്രാചീനകാലം മുഴുവൻ മധ്യ ഇന്ത്യ ഗോത്ര സമൂഹങ്ങളുടെയും അവയിൽനിന്നുയർന്നുവന്ന അന്ധകം, അശ്-മകം മുതലായ ജനപദങ്ങളുടെയും നാടായിരുന്നു. ഇവയുടെ അതിർത്തികളിൽ ആനക്കൂട്ടങ്ങൾ സഞ്ചരിച്ച ഹസ്തി വനങ്ങളെപ്പറ്റി പറയുന്നുണ്ട്. ഇത്തരം വനങ്ങളിൽ മനുഷ്യവാസം പ്രയാസമായിരുന്നു. ഇത്തരം വനവാസികൾ ആരാധിച്ച ദെെവമായാണ് വിഘ്നേശ്വരൻ (ബൗദ്ധർക്ക് വിനായകൻ ഒരുയക്ഷനാണ്) എന്ന ഗണപതി പ്രത്യക്ഷപ്പെടുന്നത്. വനങ്ങളുടെ നായകനായി കരുതപ്പെട്ട മൃഗത്തെ തന്നെ ആരാധിക്കുകയും അത്തരത്തിലുള്ള മൃഗത്തിന് മനുഷ്യപരിവേഷം നൽകുകയും ചെയ്തതായി കാണാം. നരസിംഹം, വരാഹം തുടങ്ങി വിഷ്ണുവിന്റെ അവതാരങ്ങളായി കണക്കാക്കപ്പെട്ട ദെെവങ്ങൾ വേറെയുമുണ്ട്. പ്രകൃതിശക്തികൾക്കും മറ്റു ജീവജാലങ്ങൾക്കും മനുഷ്യരൂപം നൽകി ആരാധിക്കുന്ന സമ്പ്രദായം (Anthropomorphism) ലോകത്തെല്ലായിടത്തുമുണ്ട്. ഗണപതിയും അത്തരത്തിലുള്ള ഒരു ആരാധനാ രൂപമാണ്.

ശാസ്ത്രം ഇത്രയും പുരോഗമിച്ച ഈ കാലഘട്ടത്തിൽപോലും എങ്ങനെയാണ് ചിലർക്ക് ശാസ്ത്രത്തെക്കാൾ വലുതാണ് മിത്ത് എന്ന് പൊതുസമൂഹത്തോട് വിളിച്ചുപറയാൻ കഴിയുന്നത്?

സുനിത, 
പാലക്കാട്

ശാസ്ത്രവും മിത്തും തമ്മിൽ ഒരു അടിസ്ഥാനഭിന്നതയുണ്ട്. ശാസ്ത്രം പ്രപഞ്ചത്തെയും ജീവജാലങ്ങളെയും മനുഷ്യസമൂഹത്തെയും സംബന്ധിച്ച നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും അപഗ്രഥനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന നിഗമനങ്ങളാണ്. തെളിവുകളുടെയും അവയുടെ യുക്തിസഹമായ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ശാസ്ത്രമുണ്ടാകുന്നത്. അത്തരം അറിവുകൾ മനുഷ്യരുടെ പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കപ്പെടുന്നു. അതുകൊണ്ടാണ് ശാസ്ത്രീയമായ അറിവുകളുടെ വികാസത്തെ മനുഷ്യരുടെ ഭൗതിക സംസ്കാരത്തിന്റെ വളർച്ചയുടെ പ്രധാന അളവുകോലായി കണക്കാക്കുന്നത്.

മിത്തുകൾ ശാസ്ത്രീയമായ അറിവല്ല. പ്രകൃതിശക്തികളുമായുള്ള ബന്ധങ്ങളും മനുഷ്യബന്ധങ്ങളും മനുഷ്യർക്കു നൽകുന്ന സന്തോഷത്തിന്റെയും ദുരിതങ്ങളുടെയും അനുഭവങ്ങളാണ് മിത്തുകളെ സൃഷ്ടിക്കുന്നത്. അവയെയും ഭാവനയുടെയും വെെകാരികമായ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിൽ നാം പൊലിപ്പിക്കുന്നു. അവയിൽനിന്ന് കഥകളും കെട്ടുകഥകളും രൂപപ്പെടുന്നു. ഇവയിൽ സ്ഥായിയായ നിരവധി തലമുറകൾ കെെമാറി വന്ന കഥകളാണ് മിത്തുകൾ. അവയ്ക്ക് ചിലപ്പോൾ യാഥാർഥ്യത്തിന്റെ അംശം ഉണ്ടാകാമെങ്കിലും ശാസ്ത്രീയമായ സ്ഥിരീകരണമില്ല.

ശാസ്ത്രപഠനത്തിന്റെ അഭാവമല്ല, മിത്തുകളെ സൃഷ്ടിക്കുന്നത്. ശാസ്ത്രജ്ഞരായി അറിയപ്പെടുന്നവർപോലും മിത്തുകളുടെ പ്രചാരകരായി മാറുന്ന എത്രയോ അനുഭവങ്ങൾ നമുക്കുണ്ട്. ശാസ്ത്രബോധ(Scientific Temper) മില്ലായ്മയാണ് നമ്മുടെ പ്രശ്നം. നമ്മുടെ അനുഭവങ്ങളെയും അവയോടുള്ള വെെകാരിക പ്രതികരണങ്ങളെയും യുക്തിസഹമായി വിലയിരുത്തി, അവയുടെ ഉറവിടങ്ങൾ കണ്ടെത്താനും അവയുടെ പരിഹാരമാർഗങ്ങൾ തേടാനും മനുഷ്യർക്ക് ലഭ്യമായ സയൻസിന്റെ ഉൾകാഴ്ചകളെ ഉപയോഗപ്പെടുത്താൻ പലർക്കും കഴിയുന്നില്ല. ഇത്തരം അനേ-്വഷണ–പഠന പ്രക്രിയ നമ്മുടെ സാമാന്യബോധമായി മാറുമ്പോൾ മിത്തുകൾക്ക് ശാസ്ത്രത്തെക്കാൾ ആധികാരികത കൽപ്പിക്കുന്ന നിലപാടുകൾ മാറും. ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയമായ തിരിച്ചറിവുകളും അനേ-്വഷണരീതിയും പ്രചരിപ്പിക്കുക എന്നതാകണം പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങളുടെ കടമ.

മിത്തുകളെ ശാസ്ത്രവൽക്കരിക്കുന്ന ബോധപൂർവമായ സംഘപരിവാർ – വലത് നടപടികളെ ഏത് വിധമാണ് പ്രതിരോധിക്കാനാവുക?

കെ കെ രവി, 
പാറക്കാടി, കൊയ്യം

സംഘപരിവാർ – വലതു നടപടികൾക്കെതിരായ പ്രതിരോധം അടിയന്തര സ്വഭാവമുള്ളതാണെന്നതിൽ സംശയമില്ല. പ്രതിരോധത്തിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് സ്വയം പഠനമാണ്. മിത്തുകൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അതിന്റെ സമൂഹ സാഹചര്യങ്ങൾ എന്താണെന്നുമുള്ള കൃത്യമായ ധാരണ ആവശ്യമാണ്. ഉദാഹരണത്തിന് ഗണപതിയെ പ്ലാസ്റ്റിക് സർജറി കൊണ്ടുണ്ടാക്കിയതല്ലെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാം. പക്ഷേ ഈ സാമാന്യബോധം ഉണ്ടാകണമെങ്കിൽ ഗണപതിയെ സംബന്ധിച്ച കഥകളുടെ വളർച്ചയെയും അവ സൃഷ്ടിച്ച സാഹചര്യങ്ങളെയും സംബന്ധിച്ച് കൃത്യമായ അറിവുണ്ടാകണം. പ്രാചീനകാലത്ത് പ്ലാസ്റ്റിക് സർജറിയും ടിഷ്യു കൾച്ചറും മിസൈൽ ടെക്നോളജിയും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കണമെങ്കിൽ അക്കാലത്തെ സയൻസിന്റെ വളർച്ചയെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടാകണം. പ്രാചീന ഇന്ത്യ പലരും കരുതുന്നതുപോലെ പൂർണ്ണമായ അജ്ഞതയിലാണ്ട് അന്ധവിശ്വാസങ്ങൾ മാത്രം നിലനിന്ന സമൂഹമായിരുന്നില്ല. അതേസമയം മേൽ സൂചിപ്പിച്ച സാങ്കേതികവിദ്യകൾ വളരുന്ന വിധത്തിലുള്ള വളർച്ചയും വികാസവും ശാസ്ത്ര സാങ്കേതിക വിദ്യകൾക്കുണ്ടായിട്ടില്ല. ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഒരു സംസ്കാരത്തിനും അത്തരം വികാസം ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള ചരിത്രബോധവും ശാസ്ത്രബോധവും മിത്തിനെയും ശാസ്ത്രത്തെയും കുറിച്ചാവശ്യമാണ്.

പ്രതിരോധത്തിന്റെ പ്രധാന രൂപം ഇന്ത്യൻ സംസ്കാരത്തിന്റെ വളർച്ചയെക്കുറിച്ച് നമുക്ക് ലഭ്യമായ അറിവുകൾ ജനങ്ങളെ പഠിപ്പിക്കുന്ന വിവേകപൂർണമായ ബോധനരൂപങ്ങളാണ്. ശാസ്ത്രത്തിന്റെ രീതി പരനിന്ദയല്ല, സയൻസിന്റെ രീതി ശാസ്ത്രത്തിന്റെ കെട്ടുറപ്പ് ഉപയോഗിച്ചുകൊണ്ട് മറുഭാഗത്തിന്റെ അവകാശവാദങ്ങളെ നേരിടുകയാണ്. നമ്മുടെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ശാസ്ത്രീയവും യുക്തിസഹവുമായ പുനഃസംഘാടനം ഈ ബോധനത്തിന്റെ മുഖ്യ ഘടകമാണ്. ശാസ്ത്രബോധത്തിലും ജനാധിപത്യത്തിലും അടിയുറച്ച തലമുറകളാണ് വലത് നടപടികളെ ശക്തമായി പ്രതിരോധിച്ചത്. വിദ്യാഭ്യാസം അങ്ങനെയാണ് ജനാധിപത്യ വാദികളുടെ പോരാട്ട മേഖലയാകുന്നത്.

മിത്തും ഇതിഹാസവും (പുരാണ ഇതിഹാസം) ഒന്നാണോ ?പുരാണങ്ങൾ വിശ്വാസമായി കരുതുന്ന സമൂഹത്തിനിടയിൽ അവരുടെ വിശ്വാസപ്രമാണങ്ങളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടതല്ലേ? ശാസ്ത്രബോധവും യുക്തിബോധവും പ്രചരിപ്പിക്കുമ്പോൾ പുരാണങ്ങളെ തള്ളിപ്പറയാതെ ചെയ്യുന്നതല്ലേ നല്ലത്?

പ്രവീണ, ഒറ്റപ്പാലം

യഥാർത്ഥ അനുഭവങ്ങളും കഥകളും ഓർമ്മകളും ഭാവനയിൽ വിപുലീകരിച്ച് അതീന്ദ്രിയശക്തികളോ പ്രതിഭാസങ്ങളോ ആയി ബന്ധപ്പെടുത്തിയാണ് മിത്തുകൾ രൂപം കൊള്ളുന്നത്. ഇന്ത്യൻ പുരാണങ്ങളിലും ഇത്തരം നിരവധി മിത്തുകളുണ്ട്. അവയെ സമൂഹത്തെ വ്യാപകമായി പ്രചരിച്ച ഒരു മൂലകഥയുമായിതുന്നിച്ചേർത്താണ് ഇതിഹാസങ്ങളും പുരാണങ്ങളും ഉണ്ടാകുന്നത്. ഇതിൽ മഹാഭാരതം കൗരവരും പാണ്ഡവരും അടങ്ങുന്ന ചാന്ദ്രവംശീ ക്ഷത്രിയരുടെ കഥയാണെങ്കിൽ രാമായണം ദശരഥനും രാമനും അടങ്ങുന്ന സൂര്യവംശീക്ഷത്രിയരുടെ കഥയാണ്. എല്ലാ പുരാണങ്ങൾക്കും ഇത്തരത്തിലുള്ള ഒരു മൂല പ്രമേയമുണ്ട്. വിഷ്ണുവിന്റെ അവതാരങ്ങളെ കുറിച്ച് പുരാണങ്ങളുണ്ട്. വ്യത്യസ്ത ദേവതകളെക്കുറിച്ച് പുരാണങ്ങളുണ്ട്. മാർക്കണ്ഡേയൻ മുതലായ ഋഷികളെ സംബന്ധിച്ചും പുരാണങ്ങളുണ്ട്.

പുരാണങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഉൽപ്പന്നങ്ങളാണെന്നതിൽ തർക്കമില്ല. അവയെ അത്തരത്തിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും വിധത്തിൽ അവരെ തള്ളിപ്പറയേണ്ട ആവശ്യം പുരോഗമന ജനാധിപത്യ വാദികൾക്കില്ല. ആധുനിക സാമൂഹികശാസ്ത്ര വിശകലന രീതികളനുസരിച്ച് പുരണോതിഹാസങ്ങളെ പരിശോധിക്കുന്ന നിരവധി രചനകൾ ഇന്നുണ്ട്. അവയെ പരിചയപ്പെടുത്തിക്കൊണ്ട് പുരാണേതിഹാസങ്ങളെ ശാസ്ത്രീയമായ വിശകലനത്തിനു ജനങ്ങളെ പ്രേരിപ്പിക്കുകയും അവയുടെ ഉൾക്കാഴ്ചകൾ മനസ്സിലാക്കാൻ സഹായിക്കുകയുമാണ് വേണ്ടത്. വർഗീയവാദികൾ പുരാണേതിഹാസങ്ങളെ വികലമാക്കി ജനമധ്യത്തിൽ അവതരിപ്പിക്കുമ്പോൾ അവയെ യുക്തിസഹമായും ശാസ്ത്രീയമായും വിമർശിക്കാനുള്ള കഴിവാണ് നമുക്കുവേണ്ടത്. വിമർശനം വേദനപ്പെടുത്തലല്ല, പരസ്യമായ സംവാദങ്ങൾക്കുള്ള പ്രേരണയാണ്.

‘മതം, മാർക്സിസം, വർഗീയത’ എന്ന പുസ്തകത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു, മതത്തെയല്ല മതമുണ്ടായ കാരണങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത് എന്ന്. അടിസ്ഥാനപരമായി മതത്തെ നിരാകരിക്കലല്ലേ ഇത്? അപ്പോൾ എന്നെപ്പോലുള്ള സമ്മിശ്രതലത്തിൽ വിശ്വസിക്കുന്നവർക്ക് എങ്ങനെ പാർട്ടിയിൽ നിൽക്കാൻ കഴിയും? ഇങ്ങനെയായാൽ പാർട്ടിയെ സ്നേഹിക്കുന്ന വിശ്വാസികൾ പാർട്ടിയിൽ വരാൻ മടിക്കുകയില്ലേ?

ഹാഷിം പി കെ, 
ചെറുവാഞ്ചേരി

സഖാവ് യെച്ചൂരിയുടെ പരാമർശത്തിൽ ആശയക്കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. ഭരണകൂടം, കുടുംബം, സമ്പത്ത്, സമൂഹ ഭിന്നതകൾ, സ്ഥാപനങ്ങൾ എന്നിവയെപ്പോലെ മതബോധം വളർന്നു വരുന്നതിനും വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് മാർക്സിസ്റ്റുകളടക്കമുള്ള എല്ലാ സാമൂഹ്യ ചിന്തകരും കരുതുന്നത്. ഈ കാരണങ്ങളെന്തെന്നു തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ ഓരോ മേഖലകളിലെയും പോരായ്മകൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ. ദൈവവിശ്വാസത്തിന് ചരിത്രപരമായി ആഴത്തിലുള്ള വേരുകൾ ഉണ്ടാകാമെങ്കിലും ഓരോ മതവും സവിശേഷ സാഹചര്യങ്ങളിൽ വളർന്നു വന്നവയാണ്. റോമാസാമ്രാജ്യവുമായുള്ള കീഴാള – അടിയാള വിഭാഗങ്ങളുടെ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തുമതം വളർന്നുവന്നത്. അറബ് വംശജരും അവരെ അടിച്ചമർത്തിയ വാണിജ്യ കുത്തകകളും സാമ്രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലാണ് ഇസ്ലാം മതത്തെ വളർത്തിയത്. ക്ഷേത്ര കേന്ദ്രിതമായ ഹിന്ദുമതം മധ്യകാല ജാതി നാടുവാഴിത്തത്തിന്റെ സൃഷ്ടിയാണ്. ഈ ചരിത്ര വസ്തുതകളെല്ലാം സൂചിപ്പിക്കുന്നത് വർഗ സമൂഹങ്ങളുടെ വളർച്ചയിലാണ് മതങ്ങൾ ഇന്നത്തെ വ്യവസ്ഥാപിത രൂപം കൈക്കൊള്ളുന്നത് എന്നാണ്. വർഗ്ഗസമൂഹങ്ങളിലെ പരിവർത്തനം മതബോധത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. അത് ഓരോ മതത്തിന്റെയും ചരിത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതാണ് സഖാവ് യെച്ചൂരി പരാമർശിക്കുന്നത്.

കമ്യൂണിസ്റ്റ് പാർട്ടികൾ അംഗങ്ങളെ ചേർക്കുന്നത് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. പാർട്ടി പരിപാടിക്ക് പ്രവർത്തകർ അംഗീകാരം നൽകുന്നുണ്ടോ എന്നതിന്റെയും പാർട്ടി ഭരണഘടനയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറുണ്ടോ എന്നതിന്റെയും അടിസ്ഥാനത്തിലാണ്. സ്വന്തം മതവിശ്വാസത്തിന് അതീതമായി സമകാലികമായ പൊതുപ്രശ്നങ്ങളിൽ പാർട്ടി നിലപാടുകൾ അംഗീകരിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. സഖാവ് യെച്ചൂരിയുടെ നിലപാട് മതവിശ്വാസത്തിനുള്ള അംഗത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. അതേസമയം സമൂഹത്തെ ഭിന്നിപ്പിക്കുകയും വർഗസമരങ്ങളെ തകർക്കുകയും ജനാധിപത്യത്തെത്തന്നെ ചോദ്യംചെയ്യുകയും ചെയ്യുന്ന വർഗീയതയുടെ വളർച്ചയെ പാർട്ടിക്ക് നേരിടേണ്ടി വരും. ആ നിലപാടിൽ അഭിപ്രായഭിന്നതയില്ലെങ്കിൽ ഏതൊരു മതവിശ്വാസിക്കും പാർട്ടിയിൽ തുടരുന്നതിൽ ഒരു തടസ്സവുമില്ല. അത്തരത്തിലുള്ള ഒരു ഉൽക്കണ്ഠയും മതവിശ്വാസികൾക്ക് ഉണ്ടാകേണ്ടതില്ല.

മുതലാളിത്ത സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ആ സാമൂഹ്യവ്യവസ്ഥയിലെ പ്രധാന ഉപകരണമായ കുടുംബം വലിയ വെല്ലുവിളി നേരിടുകയാണ്. അതിന്റെ ഭാവി എന്തായിരിക്കും? അതു പുരോഗമനപരമാണോ?

ദിനേശൻ, 
മണ്ണാർക്കാട്

കുടുംബം മുതലാളിത്തസമൂഹത്തിന്റെ മാത്രം സവിശേഷതയല്ല. ആദിമകാലം മുതൽ രൂപം കൊണ്ട എല്ലാ വർഗ സമൂഹങ്ങളിലും അതതു സമൂഹവ്യവസ്ഥയുടെ സ്വഭാവമനുസരിച്ച് കുടുംബബന്ധങ്ങൾ വ‍ളർന്നു വന്നിട്ടുണ്ട്. അവയെല്ലാം ഒരേ രീതിയിലുള്ളവയല്ല. ഇന്ത്യയിൽ തന്നെ മക്കത്തായം, മരുമക്കത്തായം, ബഹുഭർത്തൃത്വം, നിയോഗം അല്ലെങ്കിൽ ജേ-്യഷ്ഠപത്നിയെ അനുജൻ സ്വീകരിക്കൽ തുടങ്ങി നിരവധി രീതികൾ കുടുംബ ബന്ധങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇനിയും കുടുംബത്തിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാകാം. ഏതെങ്കിലും ഒരു പ്രത്യേക കുടുംബരൂപം ശാശ്വതമായിരിക്കുമെന്നു വാദിക്കുന്നത് ചരിത്ര നിഷേധമാണ്.

‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന കൃതിയിൽ ഫ്രെഡറിക് എംഗൽസ് കുടുംബത്തിന്റെ ഉത്ഭവത്തെ ‘‘സ്ത്രീ ലിംഗത്തിന്റെ ലോകചരിത്രപരമായ പരാജയമായി’’ കണക്കാക്കി. സമ്പത്തിന്റെ ആർജനത്തെയും അവ നിലനിർത്താനുള്ള സ്വത്തുടമബന്ധങ്ങളുടെയും വളർച്ചയുടെ പശ്ചാത്തലത്തിൽ സ്ത്രീ ശരീരത്തിന്റെയും പ്രജനനത്തിന്റെയും മേൽ പുരുഷന്മാർ ആധിപത്യം സ്ഥാപിക്കുകയും വിവിധ തരത്തിൽ നിയമപരവും ആചാരാനുഷ്ഠാനപരവുമായ നിയന്ത്രണങ്ങളിലൂടെയും വിലക്കുകളിലൂടെയും സ്ത്രീകളുടെ അധമപദവി ഉറപ്പുവരുത്തപ്പെട്ടു. ഇതു പല രീതികളിൽ ഉറപ്പുവരുത്താനുള്ള ഉപാധികളായി കുടുംബങ്ങൾ മാറി. മുതലാളിത്ത സമൂഹത്തിലും വിവാഹത്തെയും പിന്തുടർച്ചാവകാശത്തെയും സ്വത്തുടമയെയും സംബന്ധിച്ച നിബന്ധനകളിലൂടെയും വിവാഹബന്ധങ്ങളുടെ പവിത്രതയെയും സ്ത്രീക്കു പുരുഷനോടുള്ള കടമകളെയും സംബന്ധിച്ച സദാചാര നിഷ്ഠകളിലൂടെയും കുടുംബ ബന്ധങ്ങൾ നിലനിർത്തപ്പെടുകയാണ്.

മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ സമരങ്ങൾ വളർന്നു വരുമ്പോൾ അവയെ നിലനിർത്തുന്ന നിയമപരവും പാരമ്പര്യത്തിലധിഷ്ഠിതവുമായ മാമൂലുകൾക്കെതിരായ സമരവും സ്വാഭാവികമാണ്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളി സ്ത്രീ പ്രസ്ഥാനങ്ങൾ തൊഴിൽരംഗത്തെ വിവേചനത്തിനും പീഡനമുറകൾക്കും ഗാർഹിക അടിമത്തത്തിനുമെതിരായ സമരങ്ങൾ ആരംഭിച്ചത്. ഇതിനെത്തുടർന്ന് ലിംഗനീതിയെക്കുറിച്ചുള്ള പ്രസ്ഥാനങ്ങൾ വളർന്നുവന്നു. ഇതിന്റെ ഫലമായി വർഗസമൂഹത്തെ നിലനിർത്തുന്ന വിധത്തിൽ സ്വത്തുടമബന്ധങ്ങളിലും സ്ത്രീകളുടെ ലെെംഗികമായ അടിമത്തത്തിനുമെതിരായ പൊതുവികാരം സ്ത്രീകളിലും അടിച്ചമർത്തലിനു വിധേയരായ ഭിന്നലിംഗക്കാരിലും വളർന്നുവരുന്നുണ്ട്. ഇതിനോട് പ്രതികരിക്കേണ്ടത് കുടുംബത്തിന്റെ പവിത്രത ഉയർത്തിപ്പിടിച്ചുകൊണ്ടല്ല. അതിനുപകരം ജനാധിപത്യത്തിലും പരസ്പരാംഗീകാരത്തിലും പ്രണയത്തിലും സഹവർത്തിത്വത്തിലും പുതിയ തലമുറയുടെ മൗലികാവകാശങ്ങളിലും ഊന്നുന്ന സ്വത്തുടമ ബന്ധങ്ങളിൽ അധിഷ്ഠിതമല്ലാത്ത് പുതിയ കുടുംബസങ്കൽപ്പം വിഭാവനം ചെയ്തുകൊണ്ടും നടപ്പിലാക്കിക്കൊണ്ടുമാണ‍്. ഇത് പുതിയ ജനാധിപത്യസമൂഹത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്.

സ്വകാര്യ സ്വത്ത് സമ്പ്രദായത്തെയും മതത്തെയും ജാതിയെയും രാഷ്ട്രീയത്തിനായും അധികാരത്തിനായും ഉപയോഗിക്കുന്നത് ലോകത്ത് നിലനിൽക്കുന്ന വിവാഹ സമ്പ്രദായമല്ലേ?

കുട്ടിക്കൃഷ്ണൻ പി, മണ്ണാർക്കാട്

സ്ത്രീ പുരുഷ ബന്ധങ്ങളുടെയും പ്രജനനത്തിന്റെ രീതികളുടെയുംമേൽ ഏതെങ്കിലും വിധത്തിലുള്ള ക്രമീകരണം ഗോത്ര സമൂഹങ്ങളടക്കം എല്ലാ സമൂഹങ്ങൾക്കുമുണ്ട്. മനുഷ്യരുടെ ആദിഘട്ടം സ്വതന്ത്ര സമൂഹങ്ങളുടേ തായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നാൽ ചാർച്ചക്രമങ്ങൾ വളർന്നുവരുകയും ഗോത്രങ്ങളായി വേർതിരിയുകയും ചെയ്തതിനുശേഷം ഏതെങ്കിലും വിധത്തിലുള്ള ബാന്ധവ രൂപങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്തരം ബാന്ധവ രൂപങ്ങളല്ല, സ്വകാര്യ സ്വത്തിനെയും മതത്തെയും ജാതിയെയും ഉപയോഗപ്പെടുത്തുന്നത്. മറിച്ച് സ്വത്തുടമബന്ധങ്ങളുടെയും ഗോത്രത്തിന്റെയോ കുലത്തിന്റെയോ വ്യക്തിപരമോ ആയ പിന്തുടർച്ചാവകാശങ്ങളുടെയും വളർച്ച അതനനുസരിച്ചുള്ള വിവാഹബന്ധങ്ങളെ സൃഷ്ടിക്കുകയാണ്. ലോകമാസകലം നിലനിൽക്കുന്ന വിവാഹ ക്രമങ്ങളിലെ വൈവിധ്യം ഇതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ പോലും എല്ലാ ജാതികൾക്കും ഗോത്രവർഗങ്ങൾക്കും അവരുടേതായ വിവാഹ രീതികൾ ഉണ്ട്. ഇവയെല്ലാം മാറ്റി ഒരു ഹൈന്ദവ അവകാശ ക്രമത്തിലേക്ക് എല്ലാ ജാതി ഗോത്ര സമൂഹങ്ങളെയും കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡ് എന്ന പേരിൽ ഹിന്ദുത്വ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ എതിർക്കണം എന്നത് ശരിയാണ്. അതിന്റെ അർത്ഥം വിവാഹ സമ്പ്രദായത്തെതന്നെ പൂർണമായി നിരാകരിക്കണമെന്നല്ല. സ്വത്തുടമ ബന്ധങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അതനുസരിച്ചുള്ള ലൈംഗിക ബന്ധങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള ക്രമീകരണം ആവശ്യമായി വരും. ഇന്നത്തെ സ്വകാര്യ സ്വത്തിന്റെയും അതിനെ നിലനിർത്തുന്ന ഭരണാധികാര രൂപങ്ങളുടെയും തകർച്ചയിലൂടെ മാത്രമാണ് ഇത്തരം വ്യവസ്ഥാപിത വിവാഹ ക്രമത്തിൽ മാറ്റം വരുത്താൻ കഴിയുക. ജനാധിപത്യത്തിലും സമത്വത്തിലും സഹവർത്തിത്വത്തിലും കൂട്ടായ്മാബോധത്തിലും അധിഷ്ഠിതമായ സമൂഹത്തിന്റെ വളർച്ച അനുസരിച്ചുള്ള സ്ത്രീപുരുഷബന്ധങ്ങളുടെ രൂപങ്ങളെയും സൃഷ്ടിക്കും.

Genocide Watch ന്റെ പ്രസിഡന്റ് ആയിരുന്ന സ്റ്റാന്‍ട്സണ്‍ വംശഹത്യയിലേക്ക് നയിക്കുന്ന 10 ഘട്ടങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ ഏത് ഘട്ടത്തിലാണ്? ഇവിടെ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം എങ്ങനെയാണ് നിര്‍വഹിക്കപ്പെടേണ്ടത്?

പ്രമോദ്, വെള്ളച്ചാൽ

യൂറോ അമേരിക്കൻ സംസ്കാരത്തിൽ നിലനിന്നതുപോലെയുള്ള വംശഹത്യയെക്കുറിച്ചുള്ള ധാരണകൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. യൂറോപ്യൻ കോളനിവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലും ആഫ്രിക്കയിലും ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമുള്ള തദ്ദേശവാസികളെ കൊന്നൊടുക്കിയതിന്റെയും യൂറോപ്പിൽ നാസികൾ ജൂതന്മാർക്കെതിരെ നടത്തിയ കൊടും ക്രൂരതകളുടെയും പശ്ചാത്തലത്തിലാണ് വംശഹത്യകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. യൂറോപ്പിൽ തന്നെ വളർന്നുവന്ന മനുഷ്യരാശിയുടെ വംശീയ വിഭജനത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഇതിനു ശക്തിയേകി. എന്നാൽ ഇന്ത്യയും ചൈനയുമടക്കമുള്ള പൗരസ്ത്യ രാജ്യങ്ങളിൽ വംശീയ വേർതിരിവുകളെ സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നില്ല. വിവിധ പ്രാദേശിക ജനതകളെ സവിശേഷതകളുൾക്കൊള്ളുന്ന പ്രത്യേക ജനവിഭാഗങ്ങളായി കണക്കാക്കുമെങ്കിലും കൊളോണിയൽ വംശീയതയുടെ സ്വാധീനം ഇവിടെ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ജാതിയമായ വേർതിരിവുകൾക്കായിരുന്നു ആധിപത്യം. അത് ക്രൂരമായ മർദ്ദനമുറകൾ സൃഷ്ടിച്ചുവെങ്കിലും വംശഹത്യ അതിന്റെ രീതിയായിരുന്നില്ല.

എന്നാൽ ഇന്ത്യയിൽ മത വർഗീയത ആധിപത്യത്തിലേക്കു നീങ്ങുകയും ജനങ്ങൾ തമ്മിലുള്ള വേർതിരിവുകളെ അധികാര സ്ഥാപനത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്തതോടെ കൊളോണിയൽ ഭരണാധികാരികൾ തുടങ്ങിവച്ച വംശീയ വേർതിരിവുകൾ ഇതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആര്യൻ മതവും സെമിറ്റിക് മതങ്ങളും തമ്മിലുള്ള വേർതിരിവുകൾ, ആര്യ – ദ്രാവിഡ വേർതിരിവുകൾ, ഇന്ത്യൻ ജനതയ്ക്കുള്ളിലുള്ള ഗോത്രപരമായ ഉൾപ്പിരിവുകൾ, സ്വദേശികളും വിദേശികളും തമ്മിലുള്ള വേർതിരിവുകൾ ഇങ്ങനെ സമൂഹത്തിലെ വൈവിധ്യം മുഴുവൻ വംശീയമായി വ്യാഖ്യാനിക്കുകയും അതിന് ജൈവശാസ്ത്ര – നരവംശശാസ്ത്ര പിൻബലം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതകൾ ശക്തമാണ്. ഇതിൽ ഇന്ത്യൻ ജനത മുഴുവൻ ആര്യവംശജരാണെന്നു സ്ഥാപിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായ തെളിവുകളും ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്. അത്തരം ഗവേഷണങ്ങളെ നിരുത്സാഹപ്പെടുത്താനും പഠനഫലങ്ങൾ പുറത്തുവരില്ലെന്ന് ഉറപ്പുവരുത്താനും ഇന്ത്യൻ ഭരണാധികാരികൾ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം പ്രാദേശിക സംഘർഷങ്ങളെ വംശീയമാക്കി മാറ്റാനുള്ള ശ്രമങ്ങൾ മണിപ്പൂരിലും ഹരിയാനയിലുമടക്കം കാണാൻ കഴിയും. ഹൈന്ദവ ഭൂരിപക്ഷ വർഗീയതയ്ക്ക് വംശീയാധിപത്യത്തിന്റെ നിറം നൽകാനും മറ്റുള്ളവരെ വിദേശികളും നുഴഞ്ഞുകയറ്റക്കാരും പശുമാംസം തിന്നുന്നവരുമായി അകറ്റിനിർത്താനുമുള്ള ബോധപൂർവമായ നീക്കങ്ങളും കാണാം.

വംശീയതയെ നേരിടാനുള്ള മാർഗം വൈവിധ്യങ്ങളിൽ ഊന്നിക്കൊണ്ട് ‘നാനാത്വത്തിൽ ഏകത്വം’ എന്ന പരസ്പര സഹവർത്തിത്വത്തിന്റെതായ ദേശീയോദ്-ഗ്രഥന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുക എന്നതുതന്നെയാണ്. അതിനോടൊപ്പം വംശീയതയെ പൂർണമായി നിരാകരിക്കുന്ന ആധുനിക ജീവശാസ്ത്രത്തിന്റെ കണ്ടെത്തലുകൾക്ക് വ്യാപകമായ പ്രചരണം നൽകുകയും ചെയ്യേണ്ടതുണ്ട്. വർഗീയതക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിന് ഇവയെല്ലാം പ്രധാന ഉപാധികളാണ് .

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും ദേശീയ ചരിത്രത്തിലും നിർണായക സ്വാധീനം ചെലുത്തിയ സമുന്നത വ്യക്തിത്വമാണ് സഖാവ് ഇ എം എസിന്റേത്. തന്റെ പ്രഭാഷണങ്ങളിൽ സഖാവ് തന്റെ ബാല്യത്തിലെ 8 വർഷം ‍ഋഗേ-്വദപാരായണം അർത്ഥമറിയാതെ ആലപിച്ചിരുന്നതിനെക്കുറിച്ചും അത് തുടർന്നുള്ള 5 വർഷത്തോടെ മറന്നതായും തന്റെ ജീവിതത്തിലെ പാഴായ ഒരു കാലഘട്ടമാണിതെന്നും ഇത്തരം പഠനരീതി ഒരാൾക്കും നൽകരുതെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഋഗേ-്വദ ശ്ലോകങ്ങൾ പ്രധാനമായും ഭൗതികവാദത്തിൽ അധിഷ്ഠിതമായതാണെന്നാണ് ചരിത്രകാരർ അഭിപ്രായപ്പെടുന്നത്. ഋഗേ-്വദം ഇ എം എസ് തന്റെ ജീവിതകാലത്ത് പിന്നീടെപ്പോഴെങ്കിലും പഠനവിഷയമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

ജിഷമോൾ, പറളി

സഖാവ് ഇ എം എസിന്റെ കാലത്ത് ഫ്യൂഡൽ നാടുവാഴിത്ത സംസ്കൃതിക്കുള്ളിൽ വളർന്നുവരുകയും പിന്നീട് കമ്യൂണിസ്റ്റാവുകയും ചെയ്ത ഒരു വ്യക്തിയുടെ ആത്മസംഘർഷത്തെയാണ് അദ്ദേഹം ഇവിടെ പ്രതിപാദിക്കുന്നത്. തന്റെ ജീവിതത്തിന്റെ ആദ്യകാലം വിശദീകരിക്കുന്ന ഞാൻ എങ്ങനെ കമ്മ്യൂണിസ്റ്റായി (How I became a Communist) എന്ന ഗ്രന്ഥത്തിൽ ഈ പ്രക്രിയ വിശദമായി പറയുന്നുണ്ട്. എങ്ങനെയാണ് മാറുന്ന ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സ്വയം വിമർശനത്തിന്റെയും സ്വയം ബോധവൽക്കരണത്തിന്റെയും പ്രക്രിയ തന്റെ ആർജിത മനോഭാവങ്ങളിൽ തന്നെ മാറ്റം വരുത്തുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഇഎംഎസിന്റെ അനുഭവം.

ഇഎംഎസ് ഒരിക്കലും തന്റെ ഇന്ത്യാ ചരിത്ര പഠനം ഉപേക്ഷിച്ചിരുന്നില്ല. ‘വേദങ്ങളുടെ നാട്’ ‘ഇന്ത്യാ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം’ എന്നീ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതി. വേദകാലത്തെ ഗോത്രകാലഘട്ടമായും വേദമന്ത്രങ്ങളെ ഗോത്ര ജനതയുടെ പ്രകൃതിയുമായുള്ള ബന്ധത്തിന്റെ ആവിഷ്കാരങ്ങളുമായാണ് അദ്ദേഹം വിശദീകരിച്ചത്. അതിന് കേവലമായ ഭൗതികവാദ സ്വഭാവമുണ്ട് എന്ന് അദ്ദേഹം കരുതിയിരുന്നില്ല. എന്നാൽ പിൽക്കാലത്ത് വേദ മന്ത്രങ്ങളുടെ ഉച്ചാരണം സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത യാന്ത്രികമായ അനുഷ്ഠാനപരത മാത്രമായിത്തീരുകയും ബ്രാഹ്മണാധിപത്യത്തിന്റെ രീതിക്രമമായി മാറുകയും ചെയ്തു. ഇത്തരം അനുഷ്ഠാനപരതയുടെ ജീർണദശയിലാണ് ഇ എം എസ് ഋഗേ-്വദം പഠിക്കുന്നത്. പിന്നീട് വളർന്നുവന്ന സാമൂഹ്യ നവോത്ഥാന പ്രക്രിയയിൽ ഇഎംഎസിനെപ്പോലുള്ള നിരവധി ചെറുപ്പക്കാർ പങ്കാളികളാകുന്നതും ഇതിനോടുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 2 =

Most Popular