മണിപ്പൂര്‍ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ ചിത്രം പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് പോലും സാധ്യത നല്‍കാതെ തമസ്കരിക്കുന്ന മാധ്യമ ശ്രേണിക്ക് മുമ്പില്‍ പാര്‍ട്ടി എന്ത് ബദല്‍ നടപടികളാണ് സ്വീകരിക്കുന്നത് ?
ഷീബ ബാലന്‍, പയ്യന്നൂര്‍
ഇന്ത്യയില്‍ മാധ്യമങ്ങള്‍ പൊതുവില്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി അവര്‍ക്കെതിരായുള്ള വാര്‍ത്തകള്‍ കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാത്ത നിലയും ഉണ്ട്.
മാധ്യമങ്ങള്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുമ്പോള്‍ മൂന്ന് വഴികളാണ് നമുക്കുമുമ്പിലുള്ളത്.
1) വലതുപക്ഷ മാധ്യമങ്ങളുടെ ഇത്തരം നിലപാടുകള്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി മാധ്യമ സാക്ഷരതയുള്ളവരാക്കി ജനങ്ങളെ മാറ്റുക.
2) ബദല്‍ മാധ്യമങ്ങളെ വികസിപ്പിക്കുക.
3) ബദല്‍ മാധ്യമങ്ങളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക.
ഇതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളുടെ തെറ്റായ നിലപാടുകളെ നിരന്തരം തുറന്നുകാട്ടുന്നതിനും, ദേശാഭിമാനിയും, ചിന്തയും ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ വികസിപ്പിക്കുകയും, അവ ജനങ്ങളിലെത്തിക്കുന്നതിന് ഇടപെടുകയും ചെയ്യുന്നത്.
മണിപ്പൂരിന്റെ പ്രത്യേക സാഹചര്യത്തില്‍ ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ ആവശ്യമായി വന്നിരിക്കുകയാണ്. 2002 ഗുജറാത്ത്, 2013 മുസാഫര്‍ നഗര്‍, 2019 പുല്‍വാമ ഇപ്പോള്‍ മണിപ്പൂര്‍, ഹരിയാനയിലെ ന്യൂഹ് ഇവിടെയൊക്കെ വര്‍ഗീയ – വംശീയ കലാപങ്ങള്‍ ഉണ്ടാവുന്നത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. ഇത് വെളിച്ചത്ത് കൊണ്ടുവരേണ്ടതില്ലേ ?
ശ്രീനിവാസന്‍, തായംപൊയില്‍
ഭരണാധികാരികള്‍ അവരുടെ അധികാരം നിലനിര്‍ത്തുന്നതിന് മതത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വര്‍ഗീയത ഉണ്ടാവുന്നത്. ബ്രിട്ടീഷുകാര്‍ രാജ്യം ഭരിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഗീയത സൃഷ്ടിച്ചത്. ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന ഫ്യൂഡല്‍ മൂല്യബോധങ്ങള്‍ ഇതിന് സഹായകമായി. കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ രാജ്യത്ത് രൂപപ്പെട്ടപ്പോള്‍ അതിനെതിരായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഗീയ – വംശീയ കലാപങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത്.
രാജ്യത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇതിന്റെ പ്രതിഫലനം ലോക്-സഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് ബി.ജെ.പി ഭയപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വര്‍ഗീയവും – വംശീയവുമായ ചിന്തകള്‍ വളര്‍ത്തി കലാപങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ ഹിന്ദുത്വ അജൻഡ കൊണ്ടുവന്ന് അധികാരമുറപ്പിക്കുന്ന പദ്ധതികൾ ഇവിടെ നടന്നുവരുന്നത്.
ദേശാഭിമാനി പത്രം, വാരിക, ചിന്ത വാരിക എന്നിവ ഇത്ര കാലമായിട്ടും ജനങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കാതെ അവർ സ്വന്തം ഇഷ്ട പ്രകാരം വരിക്കാരാവാത്തതെന്തുകൊണ്ടാണ്?
ദിവാകരന്‍, കൊല്ലങ്കോട്
ദേശാഭിമാനിയുടെ പ്രചരണ ഘട്ടത്തില്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ ചിലര്‍ നടത്തിയ ക്യാമ്പയിനാണ് ഇത്തരമൊരു ചര്‍ച്ച വളര്‍ത്തിക്കൊണ്ടുവന്നത്. ദേശാഭിമാനി പത്രം എന്നത് കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളെ ജനപക്ഷത്തുനിന്ന് വിലയിരുത്തുന്ന ഒന്നാണ്. ലക്ഷക്കണക്കിനാളുകള്‍ ദേശാഭിമാനിയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചാണ് കൊണ്ടുനടക്കുന്നത്. ഒരു ദിവസം പത്രക്കെട്ട് ഏതെങ്കിലും മേഖലയില്‍ ലഭിച്ചില്ലെങ്കില്‍ വരുന്ന അന്വേഷണങ്ങള്‍ തന്നെ ഇതിന് ദൃഷ്ടാന്തമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പ്രചരണത്തിന് പത്രങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. മാര്‍ക്സ് തന്നെ പത്രപ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി അവ പ്രചരിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പത്ര പ്രചരണം എന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്. രാഷ്ട്രീയ രംഗത്ത് നടത്തേണ്ട ആശയ പ്രചരണത്തിന്റെ ഭാഗമെന്ന നിലയിലാണ് പത്ര പ്രചരണത്തെ സിപിഐ എം കാണുന്നത്. അതിനായി വരിക്കാരെ ചേര്‍ക്കുകയെന്ന രീതി പാർട്ടി നടപ്പിലാക്കുകയാണ്. രാഷ്ട്രീയ പ്രചരണം എന്ന നിലയിലാണ് അത് നടത്തുന്നത്.
ഇസ്ലാം മതത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ചിലരെങ്കിലും (പ്രത്യേകിച്ച് പെണ്‍കുട്ടികള്‍) ഏകീകൃത സിവില്‍ കോഡിന് അനുകൂലമായി ചിന്തിക്കുന്നുണ്ട്. ഇവരോട് എന്തു മറുപടിയാണ് പറയുക?
റോബര്‍ട്ട് ജോര്‍ജ്, ശ്രീകണ്ഠാപുരം
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുകയെന്നതും, സ്ത്രീകളുടെ രണ്ടാംകിട പൗരത്വത്തിന്റെ പ്രശ്നം പരിഹരിക്കുകയെന്നതും രണ്ടായിത്തന്നെയാണ് കാണേണ്ടത്. നിയമ കമ്മീഷന്‍ തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടതില്ല എന്ന ശുപാര്‍ശയാണ് സമര്‍പ്പിച്ചത്. എന്നാല്‍ സ്ത്രീകളുടെ രണ്ടാംകിട പൗരത്വം പരിഹരിക്കണമെന്ന പ്രശ്നവും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാതിരിക്കാനുള്ള ഒരു കാരണമായി നിയമ കമ്മീഷന്‍ പറഞ്ഞത് ഗോത്രവര്‍ഗത്തിന്റെ സവിശേഷമായ അധികാരങ്ങള്‍ നഷ്ടമാകും എന്നതാണ്. ഏകീകൃത സിവില്‍ നിയമത്തിലൂടെയാണ് സ്ത്രീകളുടെ രണ്ടാംകിട പൗരത്വത്തിന്റെ പ്രശ്നം പരിഹരിക്കാനാവുക എന്ന തെറ്റായ പ്രചരണം ഇവിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ പ്രചരണത്തില്‍പ്പെട്ടുപോയവരായിരിക്കും ഇത്തരത്തില്‍ ചിന്തിക്കുന്നത്. ഇക്കാര്യത്തില്‍ ശരിയായ നിലപാട് ബോധ്യപ്പെടുമ്പോള്‍ ആ ചിന്ത സ്വാഭാവികമായും ഇല്ലാതാകും.
ഒരിന്ത്യ ഒരു നിയമം എന്ന ആശയം പൗര സ്വാതന്ത്ര്യത്തിന്റെ ഏതെല്ലാം തലങ്ങളെയാണ് പ്രത്യക്ഷത്തില്‍ ബാധിക്കുക?
ഡോ. വി.കെ നിഷ, പയ്യന്നൂര്‍
നമ്മുടെ രാജ്യത്തിന്റെ സവിശേഷത വിഭിന്നങ്ങളായ നിരവധി ഭാഷകളേയും, സംസ്കാരങ്ങളേയും, ജീവിത വീക്ഷണങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ്. ചരിത്രപരമായ കാരണങ്ങളാലാണ് അത്തരം ഒരു സ്ഥിതിവിശേഷമുണ്ടായത്. സ്വാതന്ത്ര്യ പ്രസ്ഥാനം ഈ ധാരകളെയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് മുന്നോട്ടുപോയത്. ഇത്തരത്തില്‍ രൂപപ്പെട്ട ജീവിത ക്രമത്തിന് മുകളില്‍ ഒരു നിയമം അടിച്ചേല്‍പ്പിക്കുമ്പോള്‍ ജനതയ്ക്ക് അവ ഉള്‍ക്കൊള്ളാനാവില്ല. അത് വലിയ കലാപങ്ങളിലേക്കും മറ്റും നയിക്കുന്ന സ്ഥിതിയുണ്ടാകും. ഒരു നിയമം എന്ന് പറയുമ്പോള്‍ ആരുടെ നിയമം എന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. അതുകൊണ്ട് തന്നെ പൊതുവായ ഒരു നിയമമുണ്ടാക്കുമ്പോള്‍ ഓരോ ജനവിഭാഗവുമായി ചര്‍ച്ച ചെയ്ത് പൊതുവായ സമവായത്തിന്റെ അടിസ്ഥാനത്തിലേ അവയുണ്ടാക്കാന്‍ പാടുള്ളൂ. അല്ലാതെ നടത്തുന്ന ഇടപെടല്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍, കുടുംബത്തില്‍, പിന്തുടര്‍ച്ചാവകാശങ്ങളില്‍, ജനതയുടെ സംസ്കാരം ഇവയെ എല്ലാം ബാധിക്കുന്ന സ്ഥിതിയുണ്ടാവുകയും, അവ ആ ജനവിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കുകയും ചെയ്യും. ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും.
1980ലെ ചിന്തയിലെ ചോദ്യത്തിന് ഇ.എം.എസ് പറഞ്ഞ മറുപടിയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ വര്‍ഗ്ഗ – ബഹുജന സംഘടനകള്‍ ജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് പറയുന്നുണ്ട്. പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത് ഏക സിവില്‍ കോഡിനെതിരെയുള്ള ബോധവല്‍ക്കരണമല്ലേ?
കെ ദിനേഷ് ബാബു, ചൊക്ലി
ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കണമെങ്കില്‍ ഓരോ ജനവിഭാഗവും അത് അംഗീകരിക്കുന്ന നിലയുണ്ടാകണം. അത്തരമൊരു സാഹചര്യത്തിലേ അവ നടപ്പിലാക്കാവൂ എന്നാണ് സിപിഐ എമ്മിന്റെ നിലപാട്. ആ നിലപാട് തന്നെയാണ് ഇ.എം.എസും മുന്നോട്ടുവെച്ചത്. കാലത്തിനനുയോജ്യമല്ലാത്ത നിയമങ്ങള്‍ ഏതെങ്കിലും സമൂഹത്തിലുണ്ടെന്ന് ബോധ്യംവന്നാല്‍ അവ മാറ്റുന്നതിന് ആ സമൂഹത്തെ സജ്ജമാക്കുകയാണ് വേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ അവ മാറ്റുന്നതിന് സമൂഹത്തെ രൂപപ്പെടുത്താനുള്ള പ്രചരണമാണ് നടത്തേണ്ടത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ചിന്താഗതികള്‍ക്കെതിരെ വര്‍ഗ – ബഹുജന സംഘടനകള്‍ വിവിധ ഘട്ടങ്ങളില്‍ പ്രചരണം നടത്തിയിട്ടുണ്ട്. സമൂഹത്തില്‍ അത്തരം നിയമങ്ങള്‍ക്കെതിരായി ബഹുജന മുന്നേറ്റങ്ങളുണ്ടാകുകയും, അതിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ മാറ്റപ്പെടുകയുമാണ് ചെയ്തത്. സതി തൊട്ട് മരുമക്കത്തായം വരേയുള്ള നിയമങ്ങള്‍ക്ക് മാറ്റം വന്നത് ഇത്തരത്തിലാണ്. ഇത്തരം സമീപനമാണ് വര്‍ഗ –ബഹുജന സംഘടനകളും സ്വീകരിക്കേണ്ടത് എന്നതാണ് ഇ.എം.എസ് പറഞ്ഞത്. അത്തരത്തില്‍ പൊതുബോധ്യം രൂപപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമേ നിയമ നിര്‍മ്മാണം ഇത്തരം കാര്യങ്ങളില്‍ നടത്താവൂ എന്നാണ് ഇ.എം.എസ് പറഞ്ഞത്.
വിശ്വാസികളേയും, അവിശ്വാസികളേയും ഒന്നിച്ച് നിര്‍ത്തി ജനകീയ പ്രക്ഷോഭം നടത്തേണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു വിഭാഗം മതവിശ്വാസികള്‍ക്ക് വിരോധം ഉണ്ടാക്കുന്ന രണ്ട് ഐതിഹ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയാണോ?
ശാന്തകുമാരി, ആലത്തൂര്‍
ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ച് ജനങ്ങളുടെ ജീവിതത്തെ ആഹ്ലാദകരവും, സര്‍ഗാത്മകവും, ജനാധിപത്യപരവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി മതവിശ്വാസികളേയും, അല്ലാത്തവരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട് എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കുകയെന്നതാണ് പാര്‍ട്ടി നയം. അതുകൊണ്ടു തന്നെ മതവിശ്വാസം വെച്ചുപുലര്‍ത്താനുള്ള ജനതയുടെ അവകാശത്തിനോടൊപ്പം എക്കാലവും പാര്‍ട്ടി യോജിച്ച് നിന്നിട്ടുണ്ട്. അതേസമയം മിത്തുകളും, ഐതിഹ്യങ്ങളും ശാസ്ത്രമാണ് എന്ന നിലയില്‍ അവതരിപ്പിക്കുന്ന സംഘപരിവാറിന്റെ കാഴ്ചപ്പാടുകളെ എക്കാലവും നാം ചോദ്യം ചെയ്തിട്ടുണ്ട്. അത് മതവിശ്വാസത്തെ ചോദ്യം ചെയ്യലല്ല. ശാസ്ത്രത്തെ സംബന്ധിച്ച കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കലാണ്.
ഏത് കാര്യവും ശാസ്ത്ര സത്യമായി അംഗീകരിക്കണമെങ്കില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അത് തെളിയിക്കപ്പെടണം. ഒരു കാലഘട്ടത്തില്‍ ഒരു കാര്യം നിലനിന്നിരുന്നു എന്ന് അംഗീകരിക്കണമെങ്കില്‍ അതിന് ഉപയുക്തമായ തെളിവുകള്‍ ചരിത്രത്തില്‍ നിന്ന് ലഭ്യമാകണം. ഏത് കാര്യവും വ്യക്തമായ തെളിവുകളോടെ അവതരിപ്പിച്ചാല്‍ അത് സ്വീകരിക്കുവാന്‍ ശാസ്ത്രാന്വേഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ ശാസ്ത്രം വികസിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ് എന്ന് തിരിച്ചറിഞ്ഞാല്‍ കെട്ടുകഥകള്‍ പോലും ശാസ്ത്രമാകുന്ന സമീപനം ഇല്ലാതെയാകും.
മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹ മോചന സമയത്ത് നല്‍കേണ്ട അവകാശങ്ങള്‍ സംബന്ധിച്ച മുത്തലാഖ് വിരുദ്ധ ബില്ലിനെ സിപിഐ എം എന്തുകൊണ്ടാണ് എതിര്‍ത്തത് ? ഇസ്ലാം മതക്കാരായ സ്ത്രീകള്‍ക്ക് സംരക്ഷണം വേണ്ടെന്നാണോ പാർട്ടി നിലപാട‍്? മറ്റ് മതവിഭാഗങ്ങളിലെ വിവാഹ മോചനം പാര്‍ലമെന്റ് അംഗീകരിച്ച നിയമപ്രകാരം അല്ലേ?
രമേശന്‍, ഇരിട്ടി
സുപ്രീം കോടതി മുത്തലാഖ് സംബന്ധിച്ച് പരിശോധിക്കുകയും, അത് ആവശ്യമായ മത നിയമമല്ലെന്ന് കണ്ട് തള്ളിക്കളയുന്ന നിലയുമാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ മുത്തലാഖ് വിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വന്നു. ഇതിലുണ്ടായിരുന്ന പ്രധാന പ്രശ്നം കുടുംബപരമായ ഇത്തരം പ്രശ്നങ്ങളെ മറ്റ് മതങ്ങളുടെ കാര്യത്തില്‍ സിവില്‍ നിയമത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതാണ്. അതുകൊണ്ടുതന്നെ സംരക്ഷണത്തിനുള്‍പ്പെടെയുള്ള സാധ്യതകള്‍ നിലനിന്നിരുന്നു. എന്നാല്‍ മുസ്ലീം മതവിഭാഗത്തിന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. ഇങ്ങനെ ഒരു മതത്തിന്റെ കാര്യത്തില്‍ മാത്രം വിവേചനം കൊണ്ടുവരുന്നത് ശരിയല്ല എന്നതുകൊണ്ടാണ് അതിനെ സി.പി.ഐ എം എതിര്‍ത്തത്. മാത്രമല്ല, സിവില്‍ അവകാശങ്ങള്‍ക്കുള്ള സാധ്യതകളും ഇതുവഴി ഇല്ലാതാകും.
ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളിലെ 44–ാം അനുച്ഛേദമാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള അടിസ്ഥാനമായി ബി.ജെ.പി പറയുന്നത്. 44–ാം അനുച്ഛേദം വ്യക്തമാക്കുമോ?
കെ എം രസില്‍ രാജ്, മുണ്ടേരി
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഭരണഘടന അസംബ്ലി ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവ അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്ന തീരുമാനമാണ് അവര്‍ സ്വീകരിച്ചത്. പകരം അവ നിര്‍ദ്ദേശക തത്വത്തില്‍ ഉള്‍പ്പെടുത്തുകയും, പൊതുവായ ചര്‍ച്ചയിലൂടെ നടപ്പിലാക്കേണ്ടത് എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പൊതുവായ സമവാക്യത്തിലൂടെ രൂപപ്പെടുത്തേണ്ട കാര്യങ്ങള്‍ 44–ാം അനുച്ഛേദത്തിലുള്‍പ്പെടുത്തി. ദാരിദ്ര്യ നിര്‍മാർജനമുള്‍പ്പെടെ ഇതിനകത്താണ് ഉള്‍പ്പെടുത്തിയത്. അല്ലാതെ അവ നിര്‍ബന്ധിതമായി ഉണ്ടാവേണ്ടവ എന്ന നിലയിലല്ല.
വിശ്വാസം പ്രകടനപരതയിലേക്ക് വഴിമാറുമ്പോള്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് എത്രത്തോളം ബോധ്യം വന്നിട്ടുണ്ട്. ഇതിനായി പാര്‍ട്ടി നടത്തുന്ന വിദ്യാഭ്യാസ ഇടപെടലുകള്‍ എത്രത്തോളമാണ്?
കെ കെ പ്രസാദ്, കണ്ടക്കൈ
ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. പുരോഹിതന് പാര്‍ട്ടി അംഗത്വം നല്‍കണമോ എന്ന പ്രശ്നത്തിന് ലെനിന്‍ മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഭരണഘടനയും, പരിപാട്ടിയും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുണ്ടാവുകയും, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും, പാർട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ തയ്യാറാക്കുകയും ചെയ്താൽ പാര്‍ട്ടി അംഗത്വം നല്‍കാമെന്ന കാര്യം എടുത്ത് പറയുന്നുണ്ട്. എല്ലാ മതവിശ്വാസികളേയും, അല്ലാത്തവരേയും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എം. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗത്തിന്റേയും നേതൃത്വമായി പാര്‍ട്ടി കേഡര്‍മാര്‍ പ്രവര്‍ത്തിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. അതനുസരിച്ചുള്ള വിദ്യാഭ്യാസ പരിപാടികളാണ് പാര്‍ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. അതിനാലാണ് ബഹുജന വിപ്ലവ പാര്‍ട്ടി എന്ന നിലയില്‍ എല്ലാ വിഭാഗങ്ങളേയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നത്. ♦