Saturday, May 11, 2024

ad

Homeവിശകലനംസഖാക്കളെ മുന്നോട്ടിന്റെ പ്രാധാന്യം

സഖാക്കളെ മുന്നോട്ടിന്റെ പ്രാധാന്യം

ചിന്ത പബ്ലിഷേഴ്സ് 
രണ്ടു വാല്യങ്ങളായി 
1978ൽ പ്രസിദ്ധീകരിച്ച 
ഈ പുസ്തകത്തിന് 
ഇ എം എസ് എഴുതിയ അവതാരിക

 

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവെന്ന്‌ ഏതെങ്കിലും ഒരു വ്യക്തിയെ വിശേഷിപ്പിക്കാമെങ്കില്‍ മുപ്പതുകൊല്ലം മുമ്പ് അന്തരിച്ച പി. കൃഷ്ണപിള്ളയാണു് അതിനര്‍ഹനെന്ന് പറയാന്‍ മടിക്കേണ്ടതില്ല.

അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ വഹിച്ച പങ്ക്‌ നിഷേധിക്കാനല്ല ഇത് പറയുന്നത്. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അഭിമാനാര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് അവര്‍ക്കും അഭിമാനിക്കാം.

എന്നാല്‍, അവരില്‍നിന്നെല്ലാം കൃഷ്ണപിള്ളയെ വേര്‍തിരിച്ചുനിര്‍ത്തുന്ന ചില സവിശേഷതകളുണ്ട്. അതുകൊണ്ടാണ്‌ കഴിഞ്ഞ മുപ്പതു കൊല്ലക്കാലമായി കൃഷ്ണപിള്ളദിനം കേരളത്തിലങ്ങോളമിങ്ങോളം ഒരു ദേശീയ ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൃഷ്ണപിള്ള ദിനാചരണത്തില്‍ പങ്കെടുത്തുവരുന്ന പതിനായിരങ്ങളില്‍ അദ്ദേഹത്തെ നേരിട്ട്‌ കണ്ടിട്ടുള്ളവര്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍, ഒരു ചെറുന്യൂനപക്ഷം മാത്രമായിരിക്കും. ബഹുഭൂരിപക്ഷത്തിന്റെയും ദൃഷ്ടിയില്‍ അദ്ദേഹം ഒരു ഇതിഹാസപുരുഷന്‍ മാത്രമാണ്‌. ഈ ബഹുഭൂരിപക്ഷത്തിന്റെ മുമ്പില്‍ കൃഷ്ണപിള്ളയുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാനുള്ള ഒരെളിയ ശ്രമമാണീ ഗ്രന്ഥം. അദ്ദേഹവുമായി നേരിട്ട്‌ ബന്ധപ്പെടാനവസരമുണ്ടായിട്ടുള്ളവര്‍ക്ക് ഇത് തീര്‍ച്ചയായും അപൂര്‍ണമായി തോന്നും. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ളവര്‍ക്ക് ഒരതിരുവരെയെങ്കിലും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

രണ്ടു വോള്യങ്ങളായി ഇപ്പോള്‍ സംവിധാനം ചെയ്‌തിട്ടുള്ള കൃഷ്ണപിള്ള കൃതികളുടെ ഒന്നാം വോള്യമായ ഈ ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിയ എഴുപതു ലേഖനങ്ങളും ഒരു ജീവചരിത്രക്കുറിപ്പും അടങ്ങിയിരിക്കുന്നു.

ഈ രൂപത്തില്‍ ഇത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച പ്രസാധകര്‍ വായനക്കാരുടെ അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നതില്‍ സംശയമില്ല.

ഒന്നാം വോള്യത്തില്‍ സ്വാതന്ത്ര്യസമരം, വിപ്ലവപ്രസ്ഥാനവും കമ്യൂണിസ്റ്റു പാര്‍ടിയും എന്നീ തലക്കെട്ടുകള്‍ക്കു കീഴില്‍ വരുന്ന ലേഖനങ്ങള്‍ മാത്രമെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. തൊഴിലാളിവര്‍ഗ പ്രസ്ഥാനം, സമകാലിക പ്രശ്നങ്ങള്‍, കത്തുകള്‍-, പ്രസ്താവനകള്‍ എന്നീ തലക്കെട്ടുകളില്‍ വരുന്ന കൃഷ്ണപിള്ളയുടെ തന്നെ കൃതികളും ഇക്കഴിഞ്ഞ മുപ്പതുകൊല്ലങ്ങള്‍ക്കിടയ്ക്കു പലരും എഴുതിയ അനുസ്മരണക്കുറിപ്പുകളില്‍നിന്നു ചികഞ്ഞെടുത്ത ഭാഗങ്ങളും ചേര്‍ന്നതായിരിക്കും രണ്ടാം വോള്യം.

ഈ ഒന്നാം വോള്യത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ കൃഷ്ണപിള്ളയുടെ വ്യക്തിത്വം ഒരര്‍ഥത്തില്‍ മിഴിവോടെ കാണിച്ചുതരുന്നു. അതായത്, വളര്‍ത്തിയെടുക്കാന്‍ താന്‍ ശ്രമിക്കുന്ന പ്രസ്ഥാനത്തിന്റെ ആനുകാലിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ മാത്രമാണ്, അതിനു വേണ്ടിടത്തോളം കാര്യമാത്രപ്രസക്തമായി, അദ്ദേഹം എഴുതുന്നത്. സ്വാതന്ത്ര്യസമരം, അതിനകത്ത് രൂപംപൂണ്ടിരുന്ന വിപ്ലവപ്രസ്ഥാനം, അതിന് അടിസ്ഥാനമായി നില്‍ക്കുന്ന തൊഴിലാളിവര്‍ഗപ്ര സ്ഥാനം, ഈ വിവിധ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവരുന്ന കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം എന്നിവയുടെ ആനുകാലിക പ്രശ്നങ്ങളാണ്‌ സംക്ഷിപ്തമായും ശക്തമായും അദ്ദേഹം പ്രതിപാദിക്കുന്നത്. ഇതിലൂടെയെല്ലാം തെളിഞ്ഞുകാണുന്ന കൃഷ്ണപിള്ളയുടെ വ്യക്തിത്വം ഒരു പ്രായോഗിക വിപ്ലവകാരിയുടേതാണെന്നര്‍ഥം.

പക്ഷേ, പ്രായോഗികവിപ്ലവകാരിയുടേതായ ഈ വ്യക്തിത്വം വളരെ അപൂര്‍ണമായി മാത്രമേ ഇതില്‍ പ്രതിഫലിക്കുന്നുള്ളു. എന്തുകൊണ്ടെന്നാല്‍, ലേഖനമെഴുത്ത് കൃഷ്ണപിള്ളയെന്ന പ്രായോഗികവിപ്ലവകാരിയുടെ പ്രവര്‍ത്തനത്തില്‍ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. അതിനേക്കാളെത്രയോ കൂടുതല്‍ പ്രസംഗങ്ങളദ്ദേഹം നടത്തിയിട്ടുണ്ട്.

പൊതുയോഗങ്ങള്‍, പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും ജനറല്‍ ബോഡിയോഗങ്ങളും കമ്മിറ്റിയോഗങ്ങളും എന്നീ വിവിധ വേദികളില്‍വെച്ചു നടത്തിയ ഈ പ്രസംഗങ്ങള്‍പോലും അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഒരു ചെറിയ അംശമേ ആകുന്നുള്ളൂ.

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എതിരാളികളുമടക്കം എണ്ണമറ്റ വ്യക്തികളുമായി അനുദിനം നടത്തിക്കൊണ്ടിരുന്ന സംഭാഷണങ്ങള്‍, ആ സംഭാഷണങ്ങളെത്തുടര്‍ന്ന് അവരും താനും ചെയ്ത പ്രായോഗിക പ്രവര്‍ത്തനങ്ങള്‍– ഇവയാണ് കൃഷ്ണപിള്ളയുടെ പൊതുജീവിതത്തിന്റെ മുഖ്യഭാഗം.

ഏതായാലും, ഇത്രയെങ്കിലും അനുസ്‌മരണക്കുറിപ്പുകളും അദ്ദേഹത്തിന്റെ തന്നെ ലേഖനങ്ങളും ജീവചരിത്രക്കുറിപ്പുകളും ഒന്നിച്ച് ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ അവസരം സിദ്ധിച്ചിട്ടില്ലാത്ത വായനക്കാര്‍ക്ക് ആ വ്യക്തിത്വം മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം പ്രയോജനപ്പെടും. ആ നിലയ്ക്കിതിന് കേരളത്തിലെ പൊതുജനങ്ങളില്‍നിന്ന് അകംനിറഞ്ഞ സ്വാഗതം ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.

വെറുമൊരു സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അസാധാരണമായ ഒരു പ്രസ്ഥാനത്തിനു ബീജാവാപവും നേതൃത്വവും നല്‍കി, കേരളരാഷ്ട്രീയത്തിന്റെ ഗതിയാകെ തിരിച്ചുവിടുന്നതില്‍ മുന്‍നിന്ന ഒരു സമുന്നതവ്യക്തിയുടെ ജീവിതമാണ് ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

ഒരു രാഷ്ട്രീയ നേതാവാകണമെങ്കില്‍ ചുരുങ്ങിയത് കലാശാലാ ബിരുദമെങ്കിലും വേണമെന്നു കുരുതപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ്‌ നാലാംതരത്തിലു മധികം ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ പടിപടിയായി കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സമുന്നത നേതൃത്വത്തിലേക്ക് ഉയര്‍ന്നത്.

ഇതൊരു തുടക്കം മാത്രമായിരുന്നു. കൃഷ്ണപിള്ളയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുശിക്ഷിത നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന ഒട്ടേറെ യുവാക്കള്‍ പിന്നീട് സമുന്നത രാഷ്ട്രീയ നേതാക്കളായി ഉയര്‍ന്ന ചരിത്രമുണ്ട്‌. വെറുമൊരു ചുമട്ടുതൊഴിലാളിയായി ജീവിതം തുടങ്ങി സ്വന്തം വര്‍ഗത്തിന്റെയും ബഹുജനങ്ങളുടെയാകെത്തന്നെയും നേതൃത്വത്തിലേക്കും കേരളത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്കുമെത്തിയ അഴീക്കോടന്‍ രാഘവന്‍ ഇതിനൊരു ഉജ്ജ്വലോദാഹരണമാണ്‌. മറ്റ് പല തരത്തിലും കേരളത്തിന്റെ പൊതുജീവിതത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ ഒട്ടേറെ സ്ത്രീപുരുഷന്മാര്‍ തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റധ്വാനിക്കുന്ന ബഹുജനങ്ങളുടെയും ഇടയില്‍നിന്ന്‌ ഉയര്‍ന്നുവരികയുണ്ടായിട്ടുണ്ട്‌. അവരുടെയെല്ലാം ഉയര്‍ച്ചയ്ക്ക് അടിത്തറ പാകിയ ഒന്നാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം.

ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന ചില വ്യക്തികളെ ചൂണ്ടിക്കാട്ടിക്കൊണ്ട് “തൊഴിലാളിവര്‍ഗപാര്‍ടിയെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ്‌പാര്‍ടി യഥാര്‍ഥത്തില്‍ ബൂര്‍ഷ്വാ–ജന്മി വര്‍ഗങ്ങളുടെ നേതൃത്വത്തിലുള്ളതാണ്” എന്ന് പ്രസ്ഥാനത്തിന്റെ എതിരാളികള്‍ ആക്ഷേപിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചെങ്കിലും ഇത് ശരിയല്ലെന്ന് അഭിമാനപൂര്‍വം ഞങ്ങള്‍ക്കവകാശപ്പെടാന്‍ കഴിയും.

കമ്യൂണിസ്റ്റ്‌ (മാര്‍ക്സിസ്റ്റ്‌) പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലുള്ള പതിനൊന്നു മെമ്പര്‍മാരില്‍ അഞ്ചുപേര്‍ കയര്‍തൊഴിലാളികളായോ നെയ്‌ത്ത് തൊഴിലാളികളായോ ഫാക്ടറി തൊഴിലാളികളായോ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്; അതത് വിഭാഗത്തില്‍പെട്ട തൊഴിലാളികളുടെ ദൈനംദിന സമരങ്ങളിലൂടെയും മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് ശിക്ഷണത്തിലൂടെയും കമ്യൂണിസ്റ്റുകാരായി മാറിയവരാണ്. ശേഷിച്ചുള്ള ആറുപേരില്‍ത്തന്നെ ഭൂരിപക്ഷവും എലിമെന്ററിസ്കൂള്‍ അധ്യാപകര്‍, മറ്റ് ചെറുകിട ഇടത്തരക്കാര്‍ എന്നിവരാണ്. കേരളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ആറു സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരിലും രണ്ടുപേര്‍ തൊഴിലാളികളെന്ന നിലയില്‍ ജീവിതം തുടങ്ങിയവരാണ്. ജില്ലാക്കമ്മിറ്റി മുതല്‍ കീഴോട്ടുള്ള നിലവാരങ്ങളില്‍ ഈ അനുപാതം ഇനിയും വര്‍ധിച്ചുനില്‍ക്കുന്നതായി കാണാം.

തൊഴിലാളിയായി ജനിച്ചാല്‍ സ്വാഭാവികമായിത്തന്നെ വിപ്ലവകാരിയാവുമെന്നോ ബൂര്‍ഷ്വാ കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കൊന്നും വിപ്ലവകാരികളാവാന്‍ കഴിയുകയില്ലെന്നോ ഇവിടെ വിവക്ഷിക്കുന്നില്ല. ബൂര്‍ഷ്വാ-ജന്മിവര്‍ഗങ്ങള്‍ക്കു മേധാവിത്വമുള്ള ഒരു സമൂഹത്തില്‍ ജീവിക്കുന്ന തൊഴിലാളിയും ഭരണവര്‍ഗങ്ങളുടെ ആശയപരമായ സ്വാധീനത്തിനു വിധേയനാവാനിടയുണ്ട്. ബുര്‍ഷ്വാ-ജന്മിവര്‍ഗ കുടുംബങ്ങളില്‍ ജനിച്ചവനും വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ സ്വാധീനത്തിനു വിധേയനായി തൊഴിലാളിവര്‍ഗത്തിന്റെ നിലപാടംഗീകരിച്ചേക്കും.

ഈ രണ്ട് വിഭാഗത്തില്‍പെട്ടവര്‍ക്കും ഒരുപോലെ അനുപേക്ഷണീയമായിട്ടുള്ളതാണ് ഭരണവര്‍ഗചിന്താഗതിക്കെതിരായി അനുദിനം നടക്കുന്ന ആശയപരവും പ്രായോഗികവുമായ സമരം. ഇതില്‍ വിട്ടുവീഴ്ച ചെയ്താല്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം പോലും പാളിപ്പോവുമെന്നതിന് ലോകചരിത്രം മുഴുവന്‍ ഉദാഹരണമാണ്.

ഈ ചരിത്രാനുഭവത്തെ ഒരിക്കല്‍ക്കൂടി ന്യായീകരിക്കുന്ന ഒരു ചരിത്ര സംഭവമാണ് കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളര്‍ച്ചയും. അതിലൂടെ ആയിരക്കണക്കിനു തൊഴിലാളികളും കൃഷിക്കാരും മറ്റധ്വാനിക്കുന്ന ബഹുജനങ്ങളില്‍പ്പെട്ടവരും വര്‍ഗബോധമുള്ളവരായി ഉയര്‍ന്നിട്ടുണ്ട്. ബൂര്‍ഷ്വാ–ജന്മി കുടുംബങ്ങളില്‍ ജനിച്ച പലരും തൊഴിലാളി വര്‍ഗത്തിന്റെ നിലപാടംഗീകരിച്ചിട്ടുണ്ട്.

ഇവരെയെല്ലാം ഒന്നിച്ചുനിര്‍ത്തിക്കൊണ്ട്, ഇവരിലോരോരുത്തര്‍ക്കുമുള്ള നന്മതിന്മകള്‍ മനസ്സിലാക്കി, പൊതുപ്രസ്ഥാനത്തിന് ഇവരില്‍നിന്നു കിട്ടാവുന്ന സംഭാവനകള്‍ പരമാവധി നേടിയെടുക്കാനാണ്‌ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നാല്‍പത്തൊന്നുകൊല്ലം മുമ്പ്‌ രൂപംകൊണ്ട കേരള കമ്യൂണിസ്റ്റ് നേതൃത്വം പ്രവര്‍ത്തിച്ചത്‌. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയ്ക്ക്‌ താന്‍ പ്രവര്‍ത്തിച്ച പതിനൊന്നുകൊല്ലക്കാലം (1937 മുതല്‍ 1948 വരെ) തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശിയായിരുന്നത് കൃഷ്ണപിള്ളയാണ്‌.

അദ്ദേഹം അന്തരിച്ചിട്ട്‌ മുപ്പതുകൊല്ലമായി. ഇതിനിടയ്ക്ക്‌ കമ്യൂണിസ്റ്റ് പ്രസ്ഥാനം അത്ഭുതാവഹമായി പുരോഗമിച്ചു. അതേ അവസരത്തില്‍ ബൂര്‍ഷ്വാ -ജന്മിവര്‍ഗചിന്താഗതികളുടെ സ്വാധീനം നിമിത്തം പ്രസ്ഥാനം പിളര്‍ന്നു. എങ്കിലും ഈ പിളര്‍പ്പിനെ അതിജീവിച്ചുകൊണ്ട്‌ പ്രസ്ഥാനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഭാഗഭാക്കുകളായ ഇന്നത്തെ തലമുറ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ അതിന്‌ ബീജാവാപം നടത്തിയ വിശിഷ്ട വ്യക്തിയുടെ ജീവിതവും പ്രവര്‍ത്തനവും കഴിയുന്നത്ര സൂക്ഷ്മമായി പഠിക്കുന്നത് അവരുടെയും പ്രസ്ഥാനത്തിന്റെയും ഭാവിപുരോഗതിക്ക്‌ അത്യാവശ്യമായിരിക്കും. അതാണീ ഗ്രന്ഥത്തിന്റെ പ്രാധാന്യം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + one =

Most Popular