‘സഖാക്കളെ മുന്നോട്ട്’ എന്ന രണ്ട് വോള്യങ്ങളുള്ള സഖാവ് പി. കൃഷ്ണപിള്ളയുടെ രചനകളുടെ രണ്ടാം പതിപ്പ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സഖാവ് അന്തരിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞ 1978-ലാണ് ‘സഖാക്കളെ മുന്നോട്ട്’ എന്ന രണ്ട് വോള്യങ്ങളും ആദ്യമായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചത്. സഖാവ് പി. കൃഷ്ണപിള്ളയുടെ രചനകളാകെ സമാഹരിച്ച് പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് സഖാവ് ഇ.എം.എസായിരുന്നു. ചിന്ത പബ്ലിഷേഴ്സിലെ സഖാവ് ആണ്ടലാട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷണ വിഭാഗമാണ് സഖാവ് പി. കൃഷ്ണപിള്ളയുടെ രചനകള്‍ സമാഹരിച്ചത്.
രണ്ട് വാള്യങ്ങളിലെയും മുഖ്യഭാഗം സഖാവ് പി. കൃഷ്ണപിള്ള എഴുതിയ ലേഖനങ്ങളും ലഘുലേഖകളും പ്രസ്താവനകളും കത്തുകളും കുറിപ്പുകളുമാണ്. അതോടൊപ്പം ഒന്നാം വോള്യത്തില്‍ സഖാവിന്റെ വ്യക്തിജീവിതത്തെയും പ്രവര്‍ത്തനമേഖലകളെയും പറ്റി ഒരെത്തിനോട്ടം നടത്താന്‍ സഹായകമായ ഒരു ചെറിയ ജീവിതചരിത്രക്കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഖരിക്കാന്‍ കഴിഞ്ഞ സഖാവിന്റെ രചനകളാകെ ഒന്നാം വോള്യത്തില്‍ സ്വാതന്ത്ര്യസമരം, വിപ്ലവപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്നീ ഭാഗങ്ങളായും രണ്ടാം വോള്യത്തില്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനം, സമകാലിക പ്രശ്നങ്ങള്‍, കത്തുകള്‍, പ്രസ്താവനകള്‍ എന്നീ ഭാഗങ്ങളായും വേര്‍തിരിച്ച് നല്‍കിയിരിക്കുന്നു. രണ്ടാം വോള്യത്തില്‍ സഖാവ് എന്ന ഭാഗത്ത് സഖാവുമായി അടുത്തിടപഴകിയ പൊതുപ്രവര്‍ത്തകരില്‍ ചിലര്‍ നടത്തിയ അനുസ്മരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഖാവിന്റെ വൈവിധ്യമാര്‍ന്ന വ്യക്തിത്വം അവയില്‍ പ്രകടമാണ്. സഖാവ്, സഖാവിനെപ്പറ്റി പഠിക്കാനാരംഭിക്കുമ്പോള്‍, എതിരാളിക്കും അനുയായിക്കും സഖാവ്, കൈമുതല്‍, പരദുഃഖത്തില്‍ കേഴുന്ന മനസ്സ്, മര്‍ദ്ദനം; ഉശിരും ല ക്ഷ്യബോധവും ഉറപ്പിക്കാനുള്ള ചികിത്സ, നീതിക്കുവേണ്ടി പോരാടാനൊരു പാതയ്ക്കുവേണ്ടി, ഒരു പുത്തന്‍ രാഷ്ട്രീയശക്തി, കൊടുങ്കാറ്റുയര്‍ത്തിയ വീക്ഷണം, പ്രവര്‍ത്തനശൈലി, അതുല്യസംഘാടകന്‍, പ്രായോഗിക നേതൃത്വം, പാര്‍ട്ടിയുടെ സ്വര്‍ണ്ണക്കലവറ, കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍ എന്നീ തലക്കെട്ടുകളിലാണ് ഇത് നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായ സ്വഭാവത്തിലാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്ര സ്ഥാനം രൂപപ്പെട്ടതും വ ളര്‍ന്ന് ശക്തിപ്പെട്ടതും. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം, ദേശീയ പ്രസ്ഥാനത്തിലെ വിവിധ ഘട്ടങ്ങള്‍, തൊഴിലാളി കര്‍ഷക സമരങ്ങള്‍, അധ്യാപക – വിദ്യാര്‍ത്ഥി സമരങ്ങള്‍, സ്ത്രീകളുടെ സമരങ്ങള്‍, പ്രാദേശിക സമരങ്ങള്‍, നാടുവാഴിത്തത്തിനെതിരായ ഉത്തരവാദിത്വ പ്രക്ഷോഭം തുടങ്ങിയ നിരവധി സമരങ്ങളിലൂടെ കടന്നുവരുന്നവര്‍ ഒരു ബഹുജന വിപ്ലവപാര്‍ട്ടിയായി – കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുകയാണ് കേരളത്തിലുണ്ടായത്. വിവിധ ജനവിഭാഗങ്ങളെയും സാഹിത്യ കലാപ്രവര്‍ത്തകരെയും സംഘടിപ്പിക്കുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണവും വികാസവും വേറിട്ട ഒരു അനുഭവമാണ് പകര്‍ന്നുതരുന്നത്. പ്രായോഗിക പ്രവര്‍ത്തനാനുഭവങ്ങളിലൂടെ കമ്യൂണിസ്റ്റ് സിദ്ധാന്തത്തിലേക്കുള്ള വികാസമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സവിശേഷതയെന്നു കാണാം. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു ഭാഗവും പ്രായോഗിക അനുഭവങ്ങളുടെ വെളിച്ചത്തിലല്ല പ്രധാനമായും സൈദ്ധാന്തിക തലത്തിലാണ് കമ്യൂണിസത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കണ്ടത്. സഖാക്കളെ, മുന്നോട്ട് എന്ന പുസ്തകത്തിലെ ഉള്ളടക്കത്തില്‍ നിന്ന് പ്രവര്‍ത്തനാനുഭവങ്ങളില്‍നിന്ന് എങ്ങനെയാണ് സിദ്ധാന്തപരമായ നിഗമനങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എത്തിച്ചേര്‍ന്നതെന്ന് മനസ്സിലാക്കാം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ സവിശേഷത സഖാവ് ഇ.എം.എസും പലവട്ടം എടുത്തുപറഞ്ഞിട്ടുള്ളതാണ്.
സഖാവ് കൃഷണപിള്ളയുടെ ലേഖനങ്ങൾ പരിശോധിച്ചാൽ തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഈ സവിശേഷത നമുക്ക് വ്യക്തമാകും. മാർക്സിന്റെയോ എംഗത്സിന്റെയോ ലെനിന്റെയോ കൃതികൾ വേണ്ടത്ര ലഭിക്കാതിരുന്ന ഒരുകാലത്തുതന്നെ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ സത്തയിലേക്ക് കടക്കാൻ സഖാവിന് കഴിഞ്ഞത്, ലഭിച്ച പരിമിതമായ അറിവിനെ പ്രായോഗിക അനുഭവവുമായി ഉൾച്ചേർക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലനമാണ്. ഓരോ വിഷയത്തെയും സംബന്ധിച്ച പ്രതിപാദനം അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും വിശകലന പാടവവും പ്രതിഫലിപ്പിക്കുന്നു.
1934 ഏപ്രിൽ 18ന് മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘‘ഫാസിസവും കമ്യൂണിസവും’’ എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: ‘‘ഇയ്യിടെയായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേക പ്രകാരത്തിലുള്ള ആദർശവാദങ്ങൾ കേൾക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഇവയിൽ ഏറ്റവുമധികം പ്രചാരവും പ്രസിദ്ധിയും നേടിയിട്ടുള്ളത് കമ്യൂണിസം (സാമ്യവാദം), ഫാസിസം ഇതുകളാകുന്നു. ലോകപ്രസിദ്ധമായ രണ്ടു ശക്തിശാലികളായ രാഷ്ട്രങ്ങളിൽ ഈ രണ്ട് ആദർശവാദങ്ങൾ അധികാരം ഉറപ്പിച്ചിരിക്കുന്നു. പക്ഷേ, ഈ രണ്ടു ആദർശവാദങ്ങളും ഒന്നിനൊന്നു വ്യത്യസ്തമായതാണെന്നു മാത്രമല്ല, പരസ്പരം വലിയ ശത്രുക്കൾ കൂടിയാകുന്നു. (വോള്യം I പേജ് 173)
അദ്ദേഹം തുടരുന്നു: ‘‘ശാസ്ത്രീയ സാമ്യവാദത്തിന്റെ പ്രചാരത്തിന്റെ കൂടുതൽ ഇറ്റലിയിലെ ഇന്നത്തെ ഭാഗ്യവിധാതാവായ മുസോളിനി കൂടി ഒരുകാലത്ത് ലോഹോട്ട ഡി ക്ലാസേ എന്ന സാമ്യവാദി പത്രത്തിന്റെ അധിപരായിരുന്നു എന്നറിയുന്നതിൽനിന്ന് മനസ്സിലാക്കുവാൻ സാധിക്കും. അതിനുശേഷം അദ്ദേഹം ഇറ്റലിയിലെ പ്രസിദ്ധ സാമ്യവാദപത്രത്തിന്റെ പത്രാധിപരായിരുന്നിട്ടുണ്ട്. കാലക്രമത്തിൽ മുസോളിനിയുടെ സാമ്യവാദത്തിലുള്ള വിശ്വാസം കുറയുവാൻ തുടങ്ങി. അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിൽ സാമ്യവാദത്തിന്റെ മൂലസിദ്ധാന്തത്തിനു തന്നെ വിരുദ്ധമായി എഴുതുവാൻ തുടങ്ങി. ലോകമഹായുദ്ധത്തിന്റെ അഗ്നി യൂറോപ്പിൽ കത്തിജ്വലിക്കുന്ന സമയമായിരുന്നു. ഇറ്റലി യുദ്ധത്തിൽ പങ്കെടുക്കുമോ അതോ അതിനെതിരായി നിൽക്കുമോ? പങ്കെടുക്കുന്നപക്ഷം ആരുടെ പക്ഷത്തായിരിക്കും എന്നും മറ്റുമുള്ള പ്രശ്നങ്ങൾ ആ അവസരത്തിൽ വലിയ വാദപ്രതിവാദത്തിനു വിഷയീഭവിച്ചിരുന്നു. മുസോളിനിയുടെ അഭിപ്രായം ഇറ്റലി യുദ്ധത്തിൽ പങ്കെടുക്കണമെന്നായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായം തന്റെ സാമ്യവാദപത്രത്തിൽ പ്രതിപാദിക്കുവാൻ തുടങ്ങി. ഇതു സാമ്യവാദ സിദ്ധാന്തത്തിന് വിരുദ്ധമായിരുന്നതു കൊണ്ട് സാമ്യവാദികൾ അദ്ദേഹത്തെ അവരുടെ സംഘത്തിൽ നിന്നും പുറത്താക്കി. മൂന്നാഴ്ചയ്ക്കകം അദ്ദേഹം വേറൊരു പത്രം പുറപ്പെടുവിച്ചു. അതിൽ അദ്ദേഹം തന്റെ അഭിപ്രായങ്ങൾ എഴുതുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഈ ചിന്തകളാണ് ഫാസിസം എന്ന പേരിൽ ലോകമെല്ലാം അറിയപ്പെടുന്നത്. (വോള്യം I പേജ് 173,174)
അദ്ദേഹം വീണ്ടും എഴുതുന്നു: ‘‘ഫാസിസം നല്ലപോലെ പ്രചരിച്ചിട്ടുള്ള മറ്റ് രാജ്യങ്ങളിൽ, മുതലാളിത്തത്തെ ബലമായി സഹായിച്ചുവരുന്നു. ആ രാജ്യങ്ങളിൽ മുതലാളിമാരുടെ വലിയ പ്രഭാവമാകുന്നു. ഫാസിസ്റ്റുകാർ ഒരുപക്ഷേ, പറഞ്ഞേക്കാം: “ഞങ്ങൾ ഒരു വർഗത്തിന്റെയും അടിമകളല്ല ഞങ്ങൾ ഒരു പ്രത്യേക വർഗത്തെ സഹായിക്കുന്നവരുമല്ല’ എന്ന്. എന്നാൽ വാസ്തവത്തിൽ കാര്യമങ്ങനെയല്ല. സൈദ്ധാന്തികരൂപേണ അതൊരുപക്ഷേ വളരെ നല്ല കാര്യം തന്നെ, പക്ഷേ, പ്രായോഗിക രീതിയിൽ ഫാസിസം മുതലാളിത്തത്തെ സഹായിക്കുകയാണ് ചെയ്തുവരുന്നത് എന്ന് ആരും സമ്മതിക്കും’’. ഫാസിസത്തെ സംബന്ധി ചർച്ചകൾ ലോകത്ത് സജീവമായി തുടങ്ങിയ കാലത്താണ് ഇതെഴുതിയത് എന്നോർക്കുക.
1945 ജനുവരി 21ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ‘‘പൂർണ സ്വാതന്ത്ര്യദിനം നമുക്കൊരുമിച്ച് കൊണ്ടാടുക’’ എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: ‘‘ഇക്കൊല്ലത്തെ പൂർണസ്വാതന്ത്ര്യദിനം കാര്യമായൊരു ആത്മപരിശോധനയ്ക്കുള്ള സമയമാണ്. നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തെ കെട്ടിപ്പടുത്ത നമ്മുടെ നേതാക്കൻമാരെ നാം അനുസ്മരിക്കണം; അവരുടെ പാരമ്പ ര്യമെന്തായിരുന്നുവെന്നു നാം വീണ്ടും ഒന്നാലോചിച്ചുനോക്കുക. അവർ നമ്മുടെ കൂടെയുണ്ടായിരുന്നുവെങ്കിൽ, ഇന്നെന്തു നേതൃത്വം തരുമായിരുന്നുവെന്നു കഴിഞ്ഞ അനുഭവം വെച്ച് ഒന്നോർത്തുനോക്കുക. അവരുടെ സ്മരണ ഐക്യത്തിനെതിരായ നമ്മുടെ സങ്കുചിതാഭിപ്രായഗതികളെ തട്ടിനീക്കാനും പരസ്പരമുള്ള അവിശ്വാസം തീർക്കാനും സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗപൂർവം പ്രവർത്തിക്കുന്ന സംഘടനകളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായഗതികൾ മനസ്സിലാക്കാനും ഈ അഭിപ്രായഗതികളെ കൂട്ടിയിണക്കി യോജിച്ചുകൊണ്ടുള്ള ഒരു ദേശീയപ്രസ്ഥാനം ഉണ്ടാക്കാനു മല്ലേ നമ്മെ സഹായിക്കുക? അങ്ങനെ ഈ സ്വാതന്ത്ര്യദിനം സാമ്രാജ്യത്വത്തിനെതിരായ കേരളത്തിലെ ഭിന്നിച്ചു നിൽക്കുന്ന എല്ലാ സ്വാതന്ത്ര്യകാംക്ഷികളും യോജിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുവാൻ സഹായിക്കുമാറാകേണ്ടതാണ്.’’ (വോള്യം I പേജ് 285, 286)
വെെവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. 1948ൽ ദേശാഭിമാനി വിശേഷാൽ പ്രതിയിൽ എഴുതിയ ‘‘വെെക്കം സത്യാഗ്രഹം’’ എന്ന ലേഖനത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ നോക്കൂ:
‘‘ഇൗ സമരത്തിന് എന്തെല്ലാം കുറവുകളുണ്ടായാലും മലബാർ ലഹളയ്ക്കുശേഷം കേരളത്തിൽ ആദ്യമായി സംഘടിത രൂപത്തിൽ നടത്തിയ ഒരു ദേശീയ സമര പരിപാടി എന്ന നിലയിലും കേരളത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നും വളണ്ടിയർമാരും നേതാക്കന്മാരും പങ്കെടുത്ത ഒരു പ്രസ്ഥാനമെന്ന നിലയിലും തിരുവിതാംകൂറിലെ ദുഷിച്ചതും ഏതു മർദ്ദന സംവിധാനങ്ങളും കൈക്കൊള്ളാൻ മടിയില്ലാത്ത രാജാധിപത്യത്തിന്നെതിരായ പ്രക്ഷോഭണമെന്ന നിലയിലും ഈ സമരം നമ്മുടെ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ ഒരു ഉജ്വലമായ അധ്യായമാണ്.വർഗീയത ഇന്ന് മഹാവിപത്തായി നാംനേരിടുമ്പോൾ സ്വാതന്ത്ര്യാനന്തര നാളുകളിൽ രാജ്യത്ത് ഉയർന്നുവന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം 1947 നവംബർ 16ന് ‘കമ്യൂണിസ്റ്റി’ൽ എഴുതിയ ‘‘സമുദായ ലഹള തടയാൻ’’ എന്ന ലേഖനത്തിലെ ഉൾക്കാഴ്ച എത്ര ശ്രദ്ധേയമാണെന്നു നോക്കൂ.
‘‘ഇന്നു നമ്മുടെ നാട്ടിൽ സാമുദായിക ലഹളകൾ ഒരു വമ്പിച്ച രാഷ്ട്രീയ വിപത്താണ്. പണ്ടുകാലങ്ങളിൽ മതഭ്രാന്തുകൊണ്ട് അങ്ങിങ്ങു ചില ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. അത്തരമൊരു സാമുദായിക കലാപമല്ല ഇന്ന് നമ്മെ അഭിമുഖീകരിക്കുന്നത്. ജനങ്ങളുടെ പ്രക്ഷോഭംകൊണ്ട് നാടുവിടാൻ നിർബന്ധിതരായ സാമ്രാജ്യവാദികളുടെ സഹായത്തോടും പ്രേരണയോടുംകൂടി നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ നാടൻ ശത്രുക്കൾ നടത്തുന്ന ആക്രമണങ്ങളാണ് ഇന്നു കാണുന്നത്. ജാപ്പാക്രമണകാലത്ത് നമ്മൾ നാട്ടുകാരെ രാജ്യരക്ഷയുടെ പ്രാധാന്യം ധരിപ്പിച്ചണിനിരത്തിയതെങ്ങനെയോ അതുപോലെ ഇന്നു സാമുദായിക കലാപത്തിനെതിരായും അണിനിരത്തേണ്ടിയിരിക്കുന്നു. (വോള്യം II പേജ് 191)
‘‘ഇന്നു ഹിന്ദുരാഷ്ട്രവാദികളെ സഹായിക്കുന്ന ഒരു പ്രധാനശക്തി ദേശീയനേതൃത്വത്തിലൊരു വിഭാഗത്തിന്റെ സന്ധി നയമാണെന്നുള്ളതിൽ സംശയമില്ല.’’ (വോള്യം II പേജ് 199, 200)
ദേശീയ മഹിളാസംഘത്തിന്റെ ഒന്നാമത് വാർഷിക സമ്മേളനം 1945 ജൂൺ 2, 3 തീയതികളിൽ തലശ്ശേരിയിൽ ചേർന്നത് സംബന്ധിച്ച് 1945 ജൂൺ 10ന് ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ‘ദേശീയ മഹിളാ സമ്മേളനം’ എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: ‘‘സ്ത്രീകളുടെ സംഘടനകൾ നമ്മുടെ നാട്ടിൽ രണ്ടു പ്രധാന ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
1) സ്ത്രീകളുടെ പ്രത്യേകമായ അവശതകൾക്കും അവകാശങ്ങൾക്കും നിവാരണമുണ്ടാക്കുവാൻ.
2) രാജ്യത്തിന്റെ പൊതുതാൽപ്പര്യത്തിനായി പുരുഷൻമാരോടൊപ്പം ചേർന്നു നിന്നു പ്രവർത്തിക്കുവാൻ സ്ത്രീകളെ തയ്യാറാക്കുവാൻ.
ഇതിൽ ഒന്നാമത് പറഞ്ഞതായ സ്ത്രീകളുടെ പ്രത്യേകാവശ്യങ്ങൾ രൂപീകരിച്ച് അതിനുവേണ്ടി പ്രവർത്തിക്കാൻ പരിപാടിയിടാത്തപക്ഷം മഹിളാസംഘം അനാവശ്യമായ ഒരു സ്ഥാപനമായി തീരുന്നതാണ്. ഹിന്ദുനിയമംകൊണ്ട് ഹിന്ദു സ്ത്രീകൾക്കുണ്ടായിട്ടുള്ള അവശത തീർക്കുവാൻ ഇന്നൊരു പ്രക്ഷോഭണം നടക്കുന്നുണ്ട്.
ഇങ്ങനെ നാനാജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച്, സമരങ്ങളെക്കുറിച്ചുമെല്ലാം ദീർഘവീക്ഷണത്തോടെ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിഷയങ്ങളിലും കാലാതിവർത്തിയായ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
1930 ഏപ്രില്‍ മാസത്തിലാണ് സഖാവ് പി. കൃഷ്ണപിള്ള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത്. 1930 മെയ് മാസത്തില്‍ കോഴിക്കോട്ടു നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത സഖാവ് പി. കൃഷ്ണപിള്ളയെ പൊലീസ് കഠിനമായി മര്‍ദ്ദിച്ചു; അറസ്റ്റു ചെയ്തു. കോടതി അദ്ദേഹത്തെ ഒമ്പത് മാസത്തെ കഠിനതടവിന് ശിക്ഷിച്ചു. തുടര്‍ന്ന് ശിക്ഷാകാലത്ത് കണ്ണൂര്‍, വെല്ലൂര്‍, സേലം ജയിലുകളില്‍ വച്ച് നിരവധി വിപ്ലവകാരികളുമായി സഖാവിന് ബന്ധപ്പെടാന്‍ കഴിഞ്ഞു. ഇക്കാലം മുതല്‍ സഖാവ് പി. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിക്കുന്ന 1948 ആഗസ്റ്റ് 19 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ സാമ്പത്തിക,- സാമൂഹ്യ, – രാഷ്ട്രീയ,- സാംസ്കാരിക മേഖലകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൊഴിലാളി – കര്‍ഷക സംഘടനകളടക്കമുള്ള ബഹുജനസംഘടനകള്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ സംഘടനകള്‍ വഴി സഖാവ് നടത്തിയ ഇടപെടലുകളും സഖാവിന്റെ ജീവിതവുമാണ് സഖാക്കളെ മുന്നോട്ട് എന്ന രണ്ട് വോള്യങ്ങളുടെയും ഉള്ളടക്കമെന്ന് കാണാം. 1930 കള്‍ മുതല്‍ 1948 വരെയുള്ള കാലം കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ,- രാഷ്ട്രീയ,- സാംസ്കാരിക മേഖലകളില്‍ വിപ്ലവകരമായ വികാസത്തിന് തുടക്കംകുറിച്ച കാലമാണ്. അക്കാലത്തെ കേരളത്തിന്റെ സാമ്പത്തിക,- സാമൂഹ്യ,- രാഷ്ട്രീയ, – സാംസ്കാരിക വികാസത്തിന്റെ ചരിത്രവും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെയും വികാസത്തിന്റെയും സവിശേഷതകളും പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സഖാക്കളെ മുന്നോട്ട് എന്ന പുസ്തകം ഒരു നല്ല പാഠപുസ്തകമാണ്. അതോടൊപ്പം ചിന്ത പബ്ലിഷേഴ്സ് തന്നെ പ്രസിദ്ധീകരിച്ച ഡോ. ചന്തവിള മുരളി എഴുതിയ സഖാവ് പി. കൃഷ്ണപിള്ള : ഒരു സമഗ്രജീവചരിത്ര പഠനം എന്ന പുസ്തകവും വായിക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ഈ രണ്ട് പുസ്തകങ്ങളുടെയും വായന അന്നത്തെ കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, – സാംസ്കാരിക വികാസത്തിന്റെ സമഗ്രമായ ചരിത്രം മനസ്സിലാക്കുന്നതിന് ഉപകരിക്കും. വളരെ സങ്കീര്‍ണ്ണമായ ഇന്നത്തെ സ്ഥിതിഗതികളെ വിജയകരമായി നേരിടുന്നതിന് ഈ പുസ്തകങ്ങളുടെ വായന ശക്തിപകരും. ♦