Friday, November 22, 2024

ad

Homeനിരീക്ഷണംഏകീകൃത സിവിൽകോഡും 
നിയമ കമ്മിഷനും

ഏകീകൃത സിവിൽകോഡും 
നിയമ കമ്മിഷനും

കെ എ വേണുഗേപാലൻ

2016 ജൂണ്‍ 17 ന് മോദി ഗവണ്‍മെന്റ് അന്ന് നിലവിലുണ്ടായിരുന്ന ഇരുപത്തിഒന്നാം നിയമകമ്മിഷനെ ഒരു ജോലി ഏല്പിച്ചു. ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അവരോട് ആവശ്യപ്പെട്ടത്. ഏകീകൃത സിവില്‍ കോഡ് എന്ന സങ്കല്പനവും നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളും തമ്മില്‍ നിരവധി വൈരുധ്യങ്ങളും അവ്യക്തതകളുമൊക്കെ നിലവിലുണ്ട്. എല്ലാ കുടുംബനിയമങ്ങളിലും സ്ത്രീ പുരുഷ തുല്യതയ്ക്കെതിരായ നിരവധി വിവേചനങ്ങളും നിലവിലുണ്ട്. ഇതൊക്കെ പഠിച്ചാണ് ഇരുപത്തിയൊന്നാം നിയമ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇങ്ങനെ തയ്യാറാക്കുമ്പോള്‍ ഇന്ത്യക്കകത്ത് വ്യത്യസ്തങ്ങളായ വ്യക്തിനിയമങ്ങളിലും കുടുംബ നിയമങ്ങളിലും നിലനില്‍ക്കുന്ന വൈവിധ്യങ്ങളെയും ബഹുസ്വരതയെയും രാജ്യത്തിന്റെ സാമൂഹ്യാവസ്ഥയും സാംസ്കാരികമായ പാരമ്പര്യവുമായി ബന്ധപ്പെടുത്തിക്കാണാനാണ് കമ്മീഷന്‍ ശ്രമിച്ചത്.

നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളില്‍ പലതും സ്ത്രീകളുടെ അവകാശങ്ങള്‍ എടുത്തുകളയുന്നതാണ്. ഇത് വിവേചനപരമാണെന്നാണ് കമ്മീഷന്‍ പറഞ്ഞത്. അതോടൊപ്പം സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന അസമത്വത്തിന്റെ ഫലമായുണ്ടാവുന്ന വ്യത്യാസമാണ് ഇത് എന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഈ അസമത്വത്തെ അഭിമുഖീകരിക്കുന്നതിനായി നിലനില്‍ക്കുന്ന കുടുംബ നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചില നിയമങ്ങളുടെ ക്രോഡീകരണം ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുവഴി നിയമനടത്തിപ്പിലും വ്യാഖ്യാനത്തിലും നിലനില്‍ക്കുന്ന അവ്യക്തതകള്‍ ഒഴിവാക്കാനാവും എന്നാണ് കമ്മീഷന്റെ അഭിപ്രായം.

ഭരണഘടനയുടെ പതിമൂന്നാം അനുച്ഛേദത്തിന്റെ കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍ അതോ അനുച്ഛേദം 25, 28 എന്നിവയാല്‍ സംരക്ഷിക്കപ്പെടുന്നവയാണോ വ്യക്തിനിയമങ്ങള്‍ എന്നത് ഒരു തര്‍ക്ക വിഷയമാണ്. നിരവധി കേസുകളില്‍ ഈ വിഷയം ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏകാഭിപ്രായത്തോടെ ഇക്കാര്യത്തില്‍ വിധി പറയാന്‍ ഇതുവരെ കോടതികള്‍ക്ക് ഒന്നും കഴിഞ്ഞിട്ടില്ല. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ഇതുവരെ പൊതുവായ ഏകീകൃത അഭിപ്രായം രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിര്‍ത്തണമെന്നും അതേസമയം തന്നെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഒന്നുംതന്നെ വ്യക്തിനിയമങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല എന്നുമാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. അതിനായി ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളൊക്കെ പൂര്‍ണ്ണമായും ക്രോഡീകരിക്കുകയും അങ്ങനെ ക്രോഡീകരിക്കപ്പെട്ട നിയമങ്ങളില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഭേദഗതികളിലൂടെ അവയ്ക്ക് പരിഹാരം കാണുകയും ചെയ്യണം എന്നാണ് കമ്മിഷന്റെ അഭിപ്രായം.

വ്യക്തിനിയമങ്ങള്‍ ഇപ്പോള്‍ നിയമങ്ങളായി നിലനില്‍ക്കുന്നവയാണെന്നതിനാല്‍ അവയെ നമുക്ക് ഭരണഘടനയുമായി വൈരുധ്യമുളവാകും വിധം ക്രോഡീകരിക്കാനുമാവില്ല. ഉദാഹരണമായി വിവേചനപരമായ ഒരു ആചാരം എത്ര സ്വീകാര്യമാണെങ്കിലും അതിനെ ക്രോഡീകരിച്ചാല്‍ അതോടെ അതിലെ വിവേചനം ശാശ്വതീകരിക്കുന്നതിലേക്ക് നയിക്കും. അതിനാല്‍ ക്രോഡീകരണത്തിനുമുമ്പ് വിശദമായ പൊതുചര്‍ച്ച ആവശ്യമാണ്. അതുകൊണ്ട് നിയമകമ്മീഷന്‍ ഇക്കാര്യത്തില്‍ ചര്‍ച്ചക്കാധാരമായ വിഷയങ്ങള്‍ അവതരിപ്പിക്കുകയാണ് റിപ്പോര്‍ട്ടില്‍ ചെയ്തിരിക്കുന്നത്. വ്യത്യസ്തങ്ങളായ വ്യക്തിനിയമങ്ങള്‍ ക്രോഡീകരിക്കുന്നത് ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന് വിരുദ്ധമാണ് എന്ന വാദവും ഉയര്‍ന്നു വരാനിടയുണ്ട്. അതുകൊണ്ടു തന്നെ നിയമനിര്‍മ്മാണ സഭകള്‍ ആദ്യം ഉറപ്പുവരുത്തേണ്ടത് വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ തുല്യതയിലല്ല മറിച്ച് സമുദായങ്ങളിലെ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തുല്യത ഉറപ്പുവരുത്തുന്നതിലാണ്. ഇങ്ങനെ ചെയ്താല്‍ പൂര്‍ണമായ ഏകീകൃത സ്വഭാവം കൊണ്ടുവരാതെ തന്നെ വ്യക്തിനിയമങ്ങളിലെ അര്‍ത്ഥവത്തായ കാര്യങ്ങള്‍ സംരക്ഷിക്കാനും എന്നാല്‍ അസമത്വം ഇല്ലാതാക്കാനും കഴിയുമെന്ന് നിയമ കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

വ്യക്തികളുടെ മതസ്വാതന്ത്ര്യവും തുല്യതയ്ക്കുള്ള അവകാശവും തമ്മിലുളള ഏറ്റുമുട്ടല്‍ ദീര്‍ഘകാലമായി നടന്നുവരുന്ന ഒന്നാണ്. സമൂഹത്തിലെ കൂടുതല്‍ മതമൗലികവാദികളായ ശക്തികള്‍ ചരിത്രപരമായിത്തന്നെ ആവശ്യപ്പെടുന്നത് വ്യക്തികളുടെ പൂര്‍ണമായ മതസ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. ഭരണഘടനാ‍വ്യവസ്ഥകളാല്‍ പോലും മതാചാരങ്ങള്‍ ചോദ്യം ചെയ്യപ്പെടരുത് എന്നാണ് അവരുടെ വാദം. മറുഭാഗത്ത് തുല്യതക്കുവേണ്ടി വാദിക്കുന്നവര്‍ മനുഷ്യാവകാശങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ നിയമം സാംസ്‌കാരികമായ വ്യത്യസ്തതകള്‍ പരിഗണിക്കേണ്ടതില്ല എന്നും വാദിക്കുന്നു. ഈ രണ്ടു നിലപാടുകളും നേര്‍വിപരീതങ്ങളാണെങ്കിലും നീതിപൂര്‍വമായി നിയമം നടപ്പിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ മത സ്വാതന്ത്ര്യ അവകാശത്തെയും തുല്യതയ്ക്കുള്ള അവകാശത്തെയും സമന്വയിപ്പിക്കേണ്ടതായി വരും. ഈ രണ്ട് മൗലികാവകാശങ്ങളും വിലമതിക്കാനാവാത്തതും രാജ്യത്തെ എല്ലാ പൗരര്‍ക്കും ഉറപ്പുവരുത്തപ്പെട്ടിട്ടുള്ളതുമാണ് എന്നതിനാല്‍ ഇതില്‍ ഏതെങ്കിലും ഒന്ന് സ്ത്രീകള്‍ക്ക് മാത്രമായി വേണ്ടെന്നു വയ്ക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് അവരുടെ വിശ്വാസത്തെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പു കൊടുക്കുന്നതോടൊപ്പം തന്നെ തുല്യതയ്ക്കുള്ള അവരുടെ അവകാശത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താനുമാവില്ല. ഈ ഘട്ടത്തില്‍ ഈ അവകാശങ്ങള്‍ നിയമങ്ങളില്‍ ആവശ്യമായ ചെറിയ ചെറിയ മാറ്റങ്ങള്‍വരുത്തിക്കൊണ്ട് അനുരഞ്ജിപ്പിക്കാനാവണം.1954 ലെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പോലുള്ള മതനിരപേക്ഷ നിയമങ്ങളില്‍ പോലും പോരായ്മകള്‍ നിലവിലുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നത് ക്രോഡീകരിക്കപ്പെട്ട അല്ലെങ്കില്‍ മതനിരപേക്ഷമായ നിയമങ്ങള്‍ പോലും നീതി ഉറപ്പു വരുത്തുന്നില്ല എന്നാണ്.

അതേ സമയം തന്നെ മതവിശ്വാസം വെച്ചുപുലര്‍ത്താനും മതവിശ്വാസിയല്ലാതെ ജീവിക്കാനും ഉള്ള സ്വാതന്ത്ര്യവും മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയില്‍ ശക്തമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മതപരമായ ആചാരങ്ങള്‍ എന്ന പേരില്‍ സതി, അടിമത്തം, ദേവദാസി സമ്പ്രദായം, സ്ത്രീധനം, മുത്തലാഖ്, ശൈശവ വിവാഹം എന്നിവ പോലുള്ള ഒരുപാട് സാമൂഹ്യ തിന്മകള്‍ ഇതിന്റെ മറവില്‍ സംരക്ഷക്കപ്പെടുന്നുണ്ട് എന്ന കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. ഇവയ്ക്ക് മതത്തിന്റെ പേരില്‍ സംരക്ഷണം കൊടുക്കുന്നത് വലിയ വിഡ്ഢിത്തമാണ് എന്നാണ് കമ്മിഷന്റെ അഭിപ്രായം. ഇവയൊന്നും തന്നെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന സങ്കല്പനങ്ങളുമായി യോജിച്ചു പോകുന്നില്ല എന്നുമാത്രമല്ല അവയൊന്നും തന്നെ മതത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതവുമല്ല എന്ന നിഗമനത്തിലും കമ്മിഷന്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ വിവേചനപരമായ ഒന്നാണ് ആചാരമെങ്കിലും മതപരമായ സ്വത്വവും വ്യക്തിനിയമവും ഭാഷയും സംസ്‌കാരവുമൊക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നതിനാല്‍ അത് മതപരമായ സ്വാതന്ത്ര്യം എന്നതിന്റെ ഭാഗമായി കാണേണ്ടതുണ്ടെന്നാണ് ചില വനിതാ സംഘടനകള്‍ കമ്മിഷനോട് ആവശ്യപ്പെട്ടത്.

ഭരണഘടന നിര്‍മ്മാണ സമിതിയുടെ ചര്‍ച്ചകളില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള അംബേദ്കറുടെ നിലപാട് ശ്രദ്ധേയമായിരുന്നു. ആ നിയമത്തിന് അനുസൃതമായ ഒരു കാഴ്ചപ്പാട് ജനങ്ങളില്‍ സ്വമേധയാ വളര്‍ന്നുവരേണ്ടതാണ് എന്നായിരുന്നു അംബേദ്കര്‍ അന്ന് എടുത്ത സമീപനം. ‘‘ഭാവിയില്‍ പാര്‍ലമെന്റിന് അത്തരമൊരു നിയമത്തിന് തുടക്കം കുറിക്കാന്‍ കഴിയും എന്നത് ഉറപ്പാണ്. എന്നാല്‍ അത് തുടക്കത്തില്‍ ബാധകമാകുന്നത് അതിനെ അനുസരിക്കാം എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് മാത്രമായിരിക്കണം. അങ്ങനെ തുടക്കത്തില്‍ ആ നിയമം ബാധകമാകുന്നത് പൂര്‍ണമായും സ്വമേധയാ അത് അംഗീകരിക്കുന്നവര്‍ക്ക് മാത്രമായിരിക്കണം. അതുവഴി എന്റെ സുഹൃത്തുക്കള്‍ ഇവിടെ പ്രകടിപ്പിച്ച ഭയം ഇല്ലാതാക്കുന്നതിന് നമുക്ക് കഴിയും. ഇതൊരു പുതിയ രീതിയൊന്നുമല്ല. 1937ല്‍ അംഗീകരിച്ച ശരിയത്ത് നിയമം നടപ്പിലാക്കിയത് വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ ഒഴികെയുള്ള പ്രദേശങ്ങള്‍ക്ക് മാത്രം ബാധകമാകുന്ന വിധത്തില്‍ ആയിരുന്നു. ആ നിയമത്തില്‍ അന്ന് പറഞ്ഞത് ഇതാ ഇവിടെ ഒരു ശരിയത്ത് നിയമം പാസാക്കിയിട്ടുണ്ട്; അത് മുസല്‍മാന്മാര്‍ക്ക് ബാധകമാണ്.എന്നാല്‍ അത് ബാധകമാകണമെങ്കില്‍ അവര്‍ നിയോഗിക്കപ്പെട്ട ഒരു ഓഫീസറുടെ മുമ്പില്‍ പോകുകയും തങ്ങള്‍ക്ക് അത് ബാധകമാണ് എന്ന് സമ്മതിച്ചുകൊണ്ട് ഒരു പ്രഖ്യാപനം ഒപ്പിട്ടു കൊടുക്കുകയും വേണം. അങ്ങനെ ചെയ്താല്‍ മാത്രമേ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും ആ നിയമം ബാധകമാവു”.

1937ല്‍ മുസ്ലിം ശരിയത്ത് നിയമം നടപ്പിലാക്കപ്പെടുന്നതിനു മുമ്പ് ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന മുസ്ലിങ്ങളില്‍ പലരും അതത് പ്രദേശത്തുണ്ടായിരുന്ന ഹിന്ദു നിയമങ്ങള്‍ അംഗീകരിക്കുന്നവര്‍ ആയിരുന്നു എന്ന കാര്യം അംബേദ്കര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വത്ത് പിന്തുടര്‍ച്ചാവകാശത്തില്‍ മരുമക്കത്തായ സമ്പ്രദായം അംഗീകരിച്ചിരുന്ന മുസ്ലിങ്ങള്‍ വരെ അന്ന് തെക്കേ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഭരണഘടന നിര്‍മാണ സഭയുടെ രേഖകള്‍ പരിശോധിച്ചാല്‍ ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കുന്നതിന് കഴിഞ്ഞിരുന്നില്ല എന്ന് കാണാനാവും. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അംഗങ്ങളില്‍ ഒരു വിഭാഗം കരുതിയിരുന്നത് വ്യക്തിനിയമങ്ങളും ഏകീകൃത സിവില്‍കോഡും ഒരേസമയം ഒരുപോലെ നിലനിന്നു പോകും എന്നായിരുന്നുവെങ്കില്‍ വ്യക്തിനിയമങ്ങളെല്ലാം മാറ്റിക്കൊണ്ടായിരിക്കും ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരിക എന്നാണ് മറുഭാഗം കരുതിയിരുന്നത്. മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനെ ഇല്ലാതാക്കുന്നതായിരിക്കും ഏകീകൃത സിവില്‍ കോഡ് എന്ന് കരുതിയിരുന്നവരും അംഗങ്ങളില്‍ ഉണ്ടായിരുന്നു. ഈ അനിശ്ചിതത്വങ്ങള്‍ ഒക്കെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ എകീകൃത സിവില്‍ കോഡ് ഉള്‍പ്പെടുത്തേണ്ടതില്ലെന്നും നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്നും ഭരണഘടനാ നിര്‍മ്മാണ സമിതി അന്തിമമായി തീരുമാനിച്ചത്. ഹിന്ദുവ്യക്തി നിയമത്തിനെ എതിര്‍ത്തിരുന്നവരില്‍ തന്നെ ഏകീകൃത സിവില്‍ കോഡ് ആവും നന്നാവുക എന്ന് കരുതിയവരും ഉണ്ടായിരുന്നു. ഏകീകൃത സിവില്‍ കോഡില്‍ ഉണ്ടാകാന്‍ പോകുന്ന അവ്യക്തതകള്‍ തങ്ങള്‍ക്ക് സഹായകമാവും എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 7 =

Most Popular