അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളില്‍ 30,658 കുടുംബങ്ങളെ (47.89%) അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി പോലും സ്വയം ശബ്ദം ഉയര്‍ത്താനാവാത്ത, പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി അഞ്ചു വര്‍ഷം കൊണ്ട് അവരുടെ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. കേരളം പൂർണ അർത്ഥത്തിൽ ഒരു Care Society ആയി മാറുന്നതിന്റെ ഭാഗം കൂടിയാണിത്. ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യമില്ലാത്ത കേരളം സാധ്യമാക്കുക എന്നത്. 2025 നവംബര്‍ 1-ന് മുമ്പ് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ അതിദാരിദ്ര്യ മുക്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. 2024 നവംബര്‍ 1-ന് മുന്‍പ് 90% കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കും. ഇപ്പോൾ ആ ലക്ഷ്യത്തിന്റെ ഏതാണ്ട് പകുതിദൂരം കേരളം പിന്നിട്ടു. രണ്ട് വർഷം കൊണ്ട് ബാക്കി പകുതി ദൂരം കൂടി പിന്നിട്ട് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കേരളം.
ലോകത്ത് ചൈനയ്ക്ക് ശേഷം അതിദാരിദ്ര്യനിർമാർജന പ്രവർത്തനം സമഗ്രമായി നടപ്പിലാക്കുന്ന ആദ്യ പ്രദേശമാണ് കേരളം. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനവും. നിതി ആയോഗിന്റെ 2021 ലെ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് പ്രകാരം 0.71 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത്, ഇത് 2023ൽ 0.55 ആയി കുറഞ്ഞു. സ്ഥിതിവിവര കണക്കുകളുടെ അളവുകോൽ പ്രകാരം വളരെ വളരെ ചെറുത് എന്നു പറയാവുന്ന ഒന്ന്. വികസന-–ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരണം എന്നതാണ് സർക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് അവസാനത്തെ മനുഷ്യനും ക്ഷേമം ഉറപ്പാക്കാനും അന്തസുള്ള ജീവിതം ലഭ്യമാക്കാനും ഈ മഹത്തായ പ്രവർത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
സമഗ്രവും ശാസ്ത്രീയവും ജനകീയവുമായ നിർണയ പ്രക്രിയയിലൂടെ സംസ്ഥാനത്ത് അതിദരിദ്രരായ 64,006 കുടുംബങ്ങളിലായി 103099 വ്യക്തികളെ 1,032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളത്. ഇങ്ങനെ കണ്ടെത്തിയ കുടുംബങ്ങളെ അതിദരിദ്രാവസ്ഥയില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതിനായി ഓരോ കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി അവരുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് പ്രത്യേകം മൈക്രോപ്ലാനുകളും അവ ക്രോഡീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഉപപദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ അതിജീവനത്തിന് അടിയന്തിരമായും ആവശ്യമുള്ള സേവനങ്ങളും സൗകര്യങ്ങളും ചേര്‍ത്ത് ഉടന്‍ നടപ്പിലാക്കാവുന്ന സര്‍വ്വീസ് പദ്ധതികളും മൂന്നു മാസം മുതല്‍ രണ്ട് വര്‍ഷക്കാലയളവ് കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഹ്രസ്വ കാലത്തേക്കുള്ള പദ്ധതികളും ദീര്‍ഘകാല സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമുള്ള പദ്ധതികളുമാണ് നടപ്പാക്കുന്നത്. ഇതിനായി മൈക്രോ പ്ലാനുകൾ തയ്യാറാക്കുകയും സേവനങ്ങൾ നൽകുന്നത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ കഴിയുന്ന 15,276 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകളും അതിന് കഴിയാത്ത 5,336 കുടുംബങ്ങള്‍ക്ക് ജനകീയ ഹോട്ടലുകള്‍, സാമൂഹ്യ അടുക്കളകള്‍ എന്നിവ വഴി പാകം ചെയ്ത ഭക്ഷണവും എത്തിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട 21,027 കുടുംബങ്ങള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പാലിയേറ്റീവ് ചികിത്സ ആവശ്യമുള്ള 4,977 പേര്‍ക്ക് അത് നല്‍കുന്നതിനും ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ ആവശ്യമുള്ള 384 പേര്‍ക്ക് ആരോഗ്യ ഉപകരണങ്ങള്‍ നല്‍കുവാനും 9 പേര്‍ക്ക് അവയവം മാറ്റി വയ്ക്കല്‍ ചികിത്സയ്ക് വേണ്ട സഹായം നല്‍കുവാനും കഴിഞ്ഞിട്ടുണ്ട്.
ഏകാംഗ കുടുംബങ്ങളില്‍ ഉള്‍പ്പെട്ട 333 പേരും മറ്റ് കുടുംബങ്ങളില്‍പ്പെട്ട 360 പേരും ഉള്‍പ്പെടെ ആകെ 693 പേരെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി അവര്‍ക്ക് ആവശ്യമുള്ള സുരക്ഷയും ഭക്ഷണവും മരുന്നുകളും ഉറപ്പാക്കുവാന്‍ കഴിഞ്ഞു. വരുമാനം ഇല്ലാതെ കഷ്ടത അനുഭവിച്ചിരുന്ന 841 കുടുംബങ്ങള്‍ക്ക് വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞു. വരുമാനദായക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ‘ഉജ്ജീവനം’ എന്ന സമഗ്ര പദ്ധതി ആരംഭിച്ചിട്ടുണ്ട്.
അടച്ചുറപ്പുള്ള വാസസ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്ന അതിദരിദ്ര കുടുംബങ്ങളില്‍ വീട് മാത്രം ആവശ്യമുള്ള 2,930 കുടുംബങ്ങളും വസ്തുവും വീടും ആവശ്യമുള്ള 1,531 കുടുംബങ്ങളും നേരത്തെ തന്നെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്ത വീട് മാത്രം ആവശ്യമുള്ള 5,670 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,536 കുടുംബങ്ങളെയും പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലൈഫ് പട്ടികയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. 578 വീടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. 2,178 വീടുകള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗതിയിലാണ്.
ഇതോടൊപ്പം, ‘അവകാശം അതിവേഗം’ യജ്ഞത്തിന്റെ ഭാഗമായി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഭിന്നശേഷിക്കാര്‍ക്കായുള്ള യു.ഡി.ഐ.ഡി കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് മുതലായ അവകാശ രേഖകളും, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മുതലായ അടിയന്തിര സേവനങ്ങളും ലഭ്യമാകാതെയിരുന്ന 21,263 കുടുംബങ്ങള്‍ക്ക് ആയവ ലഭ്യമാക്കി. വലിയ ചികിത്സാച്ചെലവ് വേണ്ടിവരുന്നവർക്കായി 10 കോടി രൂപ വിനിയോഗിക്കാൻ നീക്കിവെച്ചു. ബാക്കി 40 കോടി രൂപ, തനത് വരുമാനം കുറവായതും 50-ല്‍ താഴെ ഗുണഭോക്താക്കള്‍ ഉള്ളതുമായ 134 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, 50-ന് മുകളില്‍ ഗുണഭോക്താക്കള്‍ ഉള്ള 133 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും അനുവദിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഒരു കുടുംബത്തിന് അത്യന്താപേക്ഷിതമായ ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത്. ഭക്ഷണം മാത്രം ക്ലേശഘടകമായ 4,756 കുടുംബങ്ങളില്‍ 4,567 ഉം ആരോഗ്യം മാത്രം ക്ലേശഘടകമായ 13,212 കുടുംബങ്ങളില്‍ 12,452 ഉം ഭക്ഷണവും ആരോഗ്യവും ക്ലേശഘടകമായ 8,681 കുടുംബങ്ങളില്‍ 8,009 ഉം ഉള്‍പ്പെടെ 3 വിഭാഗങ്ങളിലായി ക്ലേശം അനുഭവിച്ചിരുന്ന 26649 കുടുംബങ്ങളില്‍ 25,028 കുടുംബങ്ങള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരായിട്ടുണ്ട്. കൂടാതെ, മറ്റു ക്ലേശ ഘടകങ്ങള്‍ ഉണ്ടായിരുന്ന 3,281 കുടുംബങ്ങളും ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന 2,349 കുടുംബങ്ങളും അതി ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായിട്ടുണ്ട്. ഈ വിപുലമായ പ്രവർത്തനങ്ങളിലൂടെയാണ് 30,658 കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരിശോധിച്ച്, ഭരണസമിതി യോഗം ചേർന്ന് അംഗീകരിച്ച് രേഖാമൂലം ലഭ്യമാക്കിയ കണക്കാണിത്. വീടില്ലാത്ത അതിദരിദ്രരുടെ പ്രശ്നമാണ് ഇനി മുഖ്യമായി ബാക്കിയുള്ളത്. രണ്ടു വർഷം കൊണ്ട് ഈ പ്രശ്നവും പരിഹരിച്ച് രാജ്യത്തെ ആദ്യ സമ്പൂർണ അതിദാരിദ്രമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നത്. ♦