Tuesday, May 21, 2024

ad

Homeകവര്‍സ്റ്റോറിഞങ്ങൾ മരിച്ചേക്കാം, പക്ഷേ ഞങ്ങളുടെ 
ഭൂമിയിൽനിന്നും ഞങ്ങൾ മരണത്തെ പിഴുതെറിയും

ഞങ്ങൾ മരിച്ചേക്കാം, പക്ഷേ ഞങ്ങളുടെ 
ഭൂമിയിൽനിന്നും ഞങ്ങൾ മരണത്തെ പിഴുതെറിയും

അർവ അബു ഹഷാഷ് (പീപ്പിൾസ് പാർട്ടി ഓഫ് പലസ്തീൻ)

ലസ്തീൻ പ്രതിനിധി സംഘത്തിന് ഇപ്പോൾ അവിടെ നിലനിൽക്കുന്ന പ്രയാസപൂർണമായ സാഹചര്യവും പലസ്തീൻ ജനത ഇപ്പോൾ അനുഭവിക്കുന്ന ശ്വാസം മുട്ടിക്കുന്ന ഉപരോധവുംമൂലം ഈ സമ്മേളനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. അതിനാലാണ് പ്രതിനിധി സംഘത്തിനുവേണ്ടി ഞാൻ സംസാരിക്കുന്നത്.

നിങ്ങളെ ഞാൻ അഭിസംബോധന ചെയ്യുന്ന ഈ നിമിഷത്തിൽ (2023 ഒക്ടോബർ 21) ഉപരോധത്തിലാക്കപ്പെട്ട ഗാസയിലെയും പലസ്തീനിലെയാകെയും ജനങ്ങൾ ഫാസിസ്റ്റുകളായ സയണിസ്റ്റ് അധിനിവേശശക്തികളിൽനിന്നും വംശഹത്യാ ഭീഷണി നേരിടുകയാണ്. തുടർച്ചയായി 12–ാം ദിവസവും ഇസ്രയേലി യുദ്ധതന്ത്രം പലസ്തീൻകാരെ കൂട്ടക്കൊല ചെയ്യുന്നത് തുടരുകയാണ്; കുട്ടികളെയും സ്ത്രീളെയും യുവജനങ്ങളെയും വൃദ്ധരെയും അവർ കൊന്നൊടുക്കുകയാണ്. ഒക്ടോബർ 7 മുതൽ ഇതിനകം 3,400ൽ അധികം പലസ്തീൻകാരാണ് ഇങ്ങനെ രക്തസാക്ഷിത്വം വരിച്ചത്; ഇതിൽ അധികവും കുട്ടികളാണ്. നിരവധി തലമുറകൾ ഇങ്ങനെ രക്തസാക്ഷിത്വം വരിച്ചതിനെ തുടർന്ന്, ഡസൻകണക്കിന് കുടുംബങ്ങൾ തന്നെ പൗരത്വ രജിസ്റ്ററിൽനിന്നും സമ്പൂർണമായി തുടച്ചുനീക്കപ്പെട്ടു; ആശുപത്രികളും സ്കൂളുകളും മോസ്-ക്കുകളും ക്രിസ്ത്യൻ പള്ളികളും സർക്കാർ കെട്ടിടങ്ങളും മാധ്യമ സ്ഥാപനങ്ങളും ഉൾപ്പെടെ പശ്ചാത്തല സൗകര്യങ്ങളാകെ ഭീകരമായ വിധം തകർക്കപ്പെട്ടിരിക്കുകയാണ്. ഗാസയിലെ 10 ലക്ഷത്തിലധികം ആളുകൾ അവരുടെ പാർപ്പിടങ്ങളിൽനിന്നും പുറത്താക്കപ്പെടുന്നതിനും ഇത് ഇടയാക്കിയിരിക്കുന്നു. ഇതിനുപുറമെയാണ് ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഉപരോധവും; ആ പ്രദേശത്ത് പാർപ്പുറപ്പിച്ചിട്ടുള്ള 20 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഭക്ഷണവും മരുന്നുകളും ഇന്ധനവും വെള്ളവും വെെദ്യുതിയും നിഷേധിച്ച് പട്ടിണിക്കിടാനുള്ള നീക്കവും നടക്കുന്നു.

ഇന്ന് പലസ്തീൻ ജനത വംശഹത്യ ചെയ്യപ്പെടുന്നതിനെ ലോകത്തെ സാമ്രാജ്യത്വശക്തികൾ, പ്രത്യേകിച്ചും അമേരിക്കയും അവർക്കൊപ്പം നിൽക്കുന്ന ചില പാശ്ചാത്യരാജ്യങ്ങളും സമാനതകളില്ലാത്ത പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുകയാണ്. ഈ രാജ്യങ്ങൾ ഭീകരവും ഒപ്പം തന്നെ നിഷ്ഫലവുമായ ഒരു ശ്രമമാണ് ഇപ്പോൾ നടത്തുന്നത് – പലസ്തീൻ – ഇസ്രയേൽ സംഘർഷത്തിന്റെ സത്ത ഭീകരവാദ വിഷയമാക്കി ചുരുക്കുകയാണ് ഇപ്പോൾ ഈ രാജ്യങ്ങൾ; പലസ്തീൻ ജനതയെയും അവരുടെ ചെറുത്തുനിൽപ്പിനെയും ഐഎസ്ഐഎസുമായി ഉപമിക്കാനും ഹമാസിനെയും പലസ്തീൻ ജനതയെ ആകെയും ‘ഭീകരതയ്ക്കെതിരായ യുദ്ധം’ എന്ന് അവർ വിശേഷിപ്പിക്കുന്നതിന്റെ പരിധിക്കുള്ളിൽ കൊണ്ടുവരാനുമാണ് സാമ്രാജ്യത്വശക്തികളുടെ നീക്കം. ആ ആഖ്യാനത്തെ ബലപ്പെടുത്തി സ്ഥാപിച്ചെടുക്കാനുള്ള തങ്ങളുടെ ബോധപൂർവമായ നീക്കത്തിന്റെ ഭാഗമായി ഈ ശക്തികൾ ലക്ഷ്യമിടുന്നത്, ഇസ്രയേൽ നിതേ-്യന നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെയും കൊലപാതകങ്ങളെയും സാധൂകരിക്കുകയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനത്തിനുപിന്നിലുള്ള യാഥാർഥ്യമെന്തെന്ന് ലോകം കാണുന്നതും മനസ്സിലാക്കുന്നതും തടയാനാണ് അവർ ശ്രമിക്കുന്നത്; പലസ്തീൻ പ്രശ്നം ദേശീയ വിമോചനത്തിന്റെ വിഷയമാണെന്ന സത്യത്തെ മൂടിവെയ്ക്കാനും അവഗണിക്കാനുമാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് നാമിന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തി ഇവിടെ കൂടിയിരിക്കുന്നത്; നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും മൗലികമായ കടമകളിലൊന്ന് നിർവഹിക്കാനാണ് നാം ശ്രമിക്കുന്നത്; മുതലാളിത്ത വ്യവസ്ഥയുടെ ഉപകരണങ്ങൾ എന്തെല്ലാമെന്ന് കൃത്യമായി കണ്ടെത്തേണ്ടത് അതിന് അനുപേക്ഷണീയമാണ്; അങ്ങനെ ആയാൽ മാത്രമേ, ഈ വ്യവസ്ഥയെ മറികടക്കാനും ഒരു സോഷ്യലിസ്റ്റ് ബദൽ കരുപ്പിടിപ്പിക്കാനും നമുക്ക് നിർദ്ദേശിക്കാൻ കഴിയൂ.

പലസ്തീനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ, ഒരു അടിസ്ഥാന ഉപകരണമെന്ന നിലയിൽ അറബ്, മഗ്-രിബ് പ്രദേശങ്ങളിൽ നടന്നിട്ടുള്ള അധിനിവേശങ്ങളെപ്പറ്റി മനസ്സിലാക്കുകയെന്നത് നിർണായകമാണ്. ഈ പ്രദേശത്തെ സാമ്രാജ്യത്വ താൽപര്യങ്ങളെയും അവിടെ അവരുടെ നിയന്ത്രണവും അധീശാധിപത്യവും ഉറപ്പാക്കുന്നതിനായി സേവനം നടത്തുന്ന, അഭിവൃദ്ധി നേടിയ സെെനിക താവളങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. മാനവികത നേരിടുന്ന പ്രതിസന്ധികളിലൂടെയുള്ള ഞങ്ങളുടെ നിരന്തരമുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുള്ള, ആശയപരമായ പോരാട്ടത്തിന്റെ ഭാഗമാണിത്.

75 വർഷങ്ങൾക്കുമുമ്പ് ഇസ്രയേൽ എന്ന രാജ്യം നിലവിലില്ലായിരുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ വംശീയ ഉന്മൂലനത്തിലൂടെ, അക്കാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും പിന്നീട് ഫ്രഞ്ച്, യൂറോപ്യൻ ശക്തികൾക്കുമൊപ്പം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും അചഞ്ചലമായ പിന്തുണയോടെ അത് സ്ഥാപിക്കപ്പെട്ടു. നമ്മുടെ പ്രദേശത്തെ വിഭവങ്ങൾ കൊള്ളയടിയ്ക്കാനും സമ്പത്ത് ചൂഷണം ചെയ്യാനും സാമ്രാജ്യത്വശക്തികളുടെ താൽപര്യങ്ങളുമായി സയണിസ്റ്റ് പ്രസ്ഥാനം കൂട്ടുചേർന്നു. പലസ്തീൻ പ്രദേശത്തെ കോളനിവൽക്കരിച്ചും അവിടത്തെ ജനതയെ അവരുടെ സ്വന്തം ഭൂമിയിൽനിന്നും ആട്ടിപ്പായിച്ചും ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ യൂറോപ്പിലെ ജൂതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന നിർദ്ദേശം സാമ്രാജ്യത്വശക്തികൾ മുന്നോട്ടുവെച്ചു.

ഈ സാമ്രാജ്യത്വശക്തികൾ അമേരിക്കയെ മുൻനിർത്തി ഇസ്രയേൽ ദെെനംദിനമെന്നോണം പലസ്തീൻ ജനതയ്ക്കുനേരെ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്തു. ഭൂമി പിടിച്ചെടുക്കുക, വീടുകൾ തകർക്കുക, അനധികൃത സെറ്റിൽമെന്റുകൾ പണിയുക, പലസ്തീനിലെ നിരപരാധികളായ ചെറുപ്പക്കാരെയും സ്ത്രീകളെയും പ്രായമായവരെയും അറസ്റ്റു ചെയ്യുക, തടവിലാക്കുകയും അപമാനിക്കുകയും കൊലപ്പെടുത്തുകയുമെല്ലാം ഇസ്രയേൽ ദിവസവും പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളിൽപെടുന്നു.

1948ൽ ഇസ്രയേൽ, പലസ്തീനിന്റെ ഭൂരിഭാഗം പ്രദേശവും പിടിച്ചെടുത്തശേഷം 8 ലക്ഷത്തോളം പലസ്തീൻകാരെ – പലസ്തീനിൽ അക്കാലത്തുണ്ടായിരുന്ന ജനസംഖ്യയുടെ വലിയൊരു ഭാഗം – നക്ബ എന്നു കുപ്രസിദ്ധിയാർജിച്ച വംശീയ ഉന്മൂലനത്തിലൂടെ പലസ്തീൻകാരെ അവരുടെ സ്വന്തം രാജ്യത്തുനിന്നും പുറത്താക്കുകയും 1967ൽ വെസ്റ്റ് ബാങ്കും ഗാസചീന്തും പിടിച്ചെടുക്കുകയും ചെയ്തതു വഴി ചരിത്രപരമായ പലസ്തീന്റെ ശേഷിച്ച ഭാഗവും കെെവശപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ഇസ്രയേൽ എല്ലാ അന്താരാഷ്ട്ര കരാറുകളും ലംഘിച്ചുകൊണ്ട് 200 ലധികം അനധികൃത സെറ്റിൽമെന്റുകൾ നിർമിച്ചു. ആയിരക്കണക്കിന് പാർപ്പിട യൂണിറ്റുകളടങ്ങുന്ന ഓരോ സെറ്റിൽമെന്റിലുമായി മൊത്തം 7 ലക്ഷത്തോളം പേരാണ് ഇപ്പോൾ കഴിയുന്നത്. ഈ സെറ്റിൽമെന്റുകളുടെ നിർമാണത്തിനായി ഏക്കറുകണക്കിന് പലസ്തീൻ ഭൂമി പിടിച്ചെടുക്കുക മാത്രമല്ല, പലസ്തീൻ ജനതയുടെ ഭൂമിയും അവരുടെ അടിസ്ഥാന ഉപജീവനമാർഗങ്ങളും ഇല്ലാതാക്കുകയും ചെയ്തു. മാത്രവുമല്ല പലസ്തീൻ നഗരങ്ങളെയും പട്ടണങ്ങളെയും പരസ്പരം വേർപെടുത്തുകയും പലസ്തീൻകാരുടെ ചലന – സഞ്ചാരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പലസ്തീൻ പ്രദേശമായി ലോകം മുഴുവൻ അംഗീകരിക്കുന്ന പ്രദേശത്തുപോലും ഒരു അയൽപക്ക രാഷ്ട്രം സ്ഥാപിക്കുകയെന്ന സാധ്യതയെപ്പോലും തുരങ്കംവെച്ചു.

മാത്രവുമല്ല, വിചാരണയോ കുറ്റം ചുമത്തലോ ഇല്ലാതെ (അന്താരാഷ്ട്ര നിയമംമൂലം നിരോധിച്ച സമ്പ്രദായം) 1,264 അഡ്മിനിസ്ട്രേറ്റീവ് തടവുകാർ ഉൾപ്പെടെ 5000ത്തിലേറെ പേരെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് ഇസ്രയേൽ ഇപ്പോഴും തുടരുകയാണ്. 170 കുട്ടികളും 16 നും 30 നുമിടയിൽ പ്രായമുള്ള സ്ത്രീകളും ഇതിൽപെടും. ഈ തടവുകാരിൽ 1000ത്തിലേറെപ്പേർ വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇതിൽ 200 പേർ ഗുരുതര രോഗങ്ങളുള്ളവരാണ്. ഇവർക്ക് ഇസ്രയേൽ ജയിലധികൃതർ ചികിത്സ നിഷേധിക്കുന്നു. അവശ്യം വേണ്ട മരുന്നുകളും ശസ്ത്രക്രിയകളും നിഷേധിക്കുക, രോഗബാധിതരായ തടവുകാരെ ക്ലിനിക്കുകളിലോ ആശുപത്രികളിലോ എത്തിച്ച് ചികിത്സ നൽകാതെ അവരെ തടങ്കലിൽ പാർപ്പിക്കുക എന്നിവയെല്ലാം പലസ്തീൻകാരോടുള്ള ക്രൂരമായ അവഗണനകളിൽപെടുന്നു.

വൻതോതിൽ സ്ഫോടക വസ്തുക്കളും അന്താരാഷ്ട്ര തലത്തിൽ തന്നെ നിരോധിക്കപ്പെട്ട ആയുധങ്ങളും ഉപയോഗിച്ച് ഗാസയ്ക്കുമേൽ ഇസ്രയേൽ അതിക്രൂരമായ വംശഹത്യ നടത്തുകയാണ്. കഴിഞ്ഞ 16 വർഷമായി ഗാസ ശ്വാസംമുട്ടിക്കുന്ന ഉപരോധത്തിൻ കീഴിലാണ്. ഈ ഉപരോധത്തിനിടയിലും ഇസ്രയേൽ ഗാസയ്ക്കുമേൽ ആറിലധികം രക്തരൂഷിതമായ ആക്രമണങ്ങൾ നടത്തി. പതിനായിരക്കണക്കിനാളുകൾക്ക് മാരകമായി മുറിവേറ്റു. അവരിൽ പലർക്കും സ്ഥായിയായ വെെകല്യങ്ങളുണ്ടായി. നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു. രണ്ടു ലക്ഷം പലസ്തീൻകാരുടെ തുറന്ന ജയിലായി ഇന്ന് ഗാസ മാറിയിരിക്കുന്നു. നൂറുകണക്കിന് വീടുകൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ആരാധനാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കുമേൽ ഷെല്ലാക്രമണം നടത്തി അവയെയെല്ലാം പൂർണമായി തകർത്തു. ഇത് പലസ്തീൻകാരെ സ്ഥായിയായി കുടിയൊഴിപ്പിക്കുക എന്ന ഗുരുതരമായ പ്രതിസന്ധിയിലേക്കു നയിച്ചു. ഇവരിൽ ഭൂരിഭാഗവും 1948 ലെ നക്ബയിൽ (വംശഹത്യയിൽ) നേരത്തെ തന്നെ അവരവരുടെ ദേശങ്ങളിൽനിന്ന് പുറത്താക്കപ്പെട്ട അഭയാർഥികളായിരുന്നു. ഗാസ നിവാസികളെ ബലം പ്രയോഗിച്ച് കുടിയിറക്കാൻ ഇസ്രയേൽ നടത്തുന്ന വ്യക്തമായ ശ്രമമാണ് ഇന്നുകാണുന്നത്. അതവർ മറച്ചുവയ്ക്കാതെ, യാതൊരു മറയുമില്ലാത്ത ടെലിവിഷൻ പ്രക്ഷേപണങ്ങളിലൂടെ പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്നു.

75 വർഷത്തിലേറെയായി പലസ്തീൻ ജനത സഹിക്കുന്ന ക്രൂരമായ കോളനിവൽക്കരണത്തിന്റെ അനന്തരഫലങ്ങളെ അഭിമുഖീകരിക്കുമ്പോൾ പാശ്ചാത്യസാമ്രാജ്യത്വവും സയണിസ്റ്റ് ശക്തികളും ഇസ്രയേലിനുള്ള തങ്ങളുടെ അചഞ്ചലമായ പിന്തുണയെ ന്യായീകരിക്കുന്നതിനായി നിരവധി അസത്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പലസ്തീൻ പ്രദേശത്തെ ‘‘ആൾത്താമസമില്ലാത്ത ഒരു പ്രദേശം’’ ആയി ചിത്രീകരിക്കുക, പലസ്തീൻകാരും ഇസ്രയേലികളായ കുടിയേറ്റക്കാരും തമ്മിലുള്ള സംഘർഷത്തെ മതപരമായ പോരാട്ടം എന്ന നിലയിൽ ചിത്രീകരിക്കാനുള്ള ശ്രമംവരെ സമീപകാലത്തായി. ഈ സംഘർഷങ്ങളെ തീവ്രവാദത്തിനെതിരായ യുദ്ധമായി കെട്ടിച്ചമയ്ക്കുന്നതുവരെ ഈ അസത്യപ്രചരണത്തിൽപ്പെടുന്നു.

ഇന്ന്, ഈ പാശ്ചാത്യ ആഖ്യാനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് പകരം പലസ്തീൻ ജനതയുടെ യഥാർഥ കഥ, അവരുടെ ന്യായമായ പോരാട്ടം, അവരുടെ വിമോചനത്തിനും അവകാശങ്ങൾക്കും വേണ്ടി അവർ നടത്തുന്ന ചെറുത്തുനിൽപ്പ് എന്നിവയെ ലോകത്തിനുമുമ്പാകെ തുറന്നുകാട്ടുക എന്നതാണ് നമ്മുടെ അടിസ്ഥാനപരമായ കടമ.

ഇന്ന് ഞങ്ങൾ മറ്റൊരു യുദ്ധത്തിലും കൂടി വ്യാപ്യതരാണ്–വെെകാരികതയുടെ യുദ്ധം. ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലിയിലെ (ഐപിഐ) ഞങ്ങളുടെ പ്രവർത്തനത്തിൽ അത് ഞങ്ങൾ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ഈ യുദ്ധത്തിൽ സാമ്രാജ്യത്വശക്തികൾ പലസ്തീൻ ജനത ഉൾപ്പെടെയുള്ള മനുഷ്യരാശിയുടെ ചെറുത്തുനിൽപ്പിന്റെ സാധ്യതയിലുള്ള വിശ്വാസത്തെ ഇല്ലാതാക്കാനും പകരം നിരാശയുടെയും തോൽവിയുടെയും അടിസ്ഥാനത്തിലുള്ള ഒരുസംവാദം പ്രചരിപ്പിക്കാനും അവർ ശ്രമിക്കുന്നു. പലസ്തീൻ ജനതയുടെ കഴിഞ്ഞ 75 വർഷത്തിലേറെയായുള്ള പോരാട്ടത്തിന്റെ അവിഭാജ്യഭാഗമാണ് ഒക്ടോബർ 7ലെ സംഭവം. കൊളോണിയലിസത്തിനും അധിനിവേശത്തിനുമെതിരായ ചെറുത്തുനിൽപ്പ് എല്ലാ അന്താരാഷ്ട്ര നിയമങ്ങളാലും സംരക്ഷിക്കപ്പെടുന്ന ന്യായമായ മനുഷ്യാവകാശമാണ്. സംഭവിച്ചതിനെ ‘ആക്രമണ’മായോ ‘ഭീകരവാദ’മായോ ചിത്രീകരിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും അധിനിവേശ രാഷ്ട്രത്തിന്റെ ഭീകരതയെ മൂടിവയ്ക്കലാണ്; അതിനെ നിയമാനുസൃതമാക്കാനുള്ള ശ്രമവുമാണ്.

ഇന്ന് പലസ്തീൻ ജനതയ്ക്ക് എല്ലാ സ്വതന്ത്ര ജനതകളിൽനിന്നും, സാധ്യമായ ഏറ്റവും വിപുലമായ ഐക്യദാർഢ്യം ആവശ്യമായ ഘട്ടമാണ്. ഐക്യദാർഢ്യത്തിനായുള്ള ഈ ആഹ്വാനം മാനുഷികമായ ഒരു നിലപാടിൽ നിന്നോ പ്രതീകാത്മകമായ ഐക്യദാർഢ്യത്തിൽനിന്നോ ഉണ്ടായതല്ല. മറിച്ച് നമ്മുടെ പോരാട്ടത്തിന്റെ ഒരവിഭാജ്യഭാഗമാണത്. ഇന്ത്യയിലോ ഹെയ്തിയിലോ വെനസേ-്വലയിലോ ക്യൂബയിലോ മറ്റെവിടെയെങ്കിലുമോ സംഭവിക്കുന്നതിൽനിന്നു വ്യത്യസ്തമല്ല ഇന്ന് പലസ്തീനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തെ സാമ്രാജ്യത്വ ആക്രമണങ്ങളുടെ പരാജയം, നമ്മുടെയെല്ലാവരുടെയും വിജയമാണ്.

പലസ്തീൻ ജനതയോട് ഐക്യദാർഢ്യവുമായി പ്രവർത്തിക്കുന്ന എല്ലാ സാമൂഹിക പ്രസ്ഥാനങ്ങൾക്കും പലസ്തീനിന്റെ ലക്ഷ്യം എക്കാലവും അംഗീകരിച്ചിട്ടുള്ള ഐപിഎയ്ക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇസ്രയേൽ എന്ന കൊലയാളി ഭരണം പലസ്തീൻ ജനതയുടെ ജീവനെടുക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു യഥാർഥ്യമാണ്. എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നത് ഇത് ചെറുത്തുനിൽപ് തുടരാനുള്ള ഞങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യൂ എന്നാണ്. പലസ്തീനിയൻ കമ്യൂണിസ്റ്റ് കവി മുയിൻ ബിസെയ്സോയുടെ ഒരു ഉദ്ധരണിയോടെ അവസാനിപ്പിക്കാൻ എന്നെ അനുവദിക്കണം. ‘‘അതേ,ഞങ്ങൾ മരിച്ചേക്കാം, പക്ഷേ ഞങ്ങളുടെ ഭൂമിയിൽനിന്നും ഞങ്ങൾ മരണത്തെ പിഴുതെറിയും.’’

ചെറുത്തുനിൽപ്പിന് വിജയം! പലസ്തീന് സ്വാതന്ത്ര്യവും പരമാധികാരവും! 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + nine =

Most Popular