Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിനയതന്ത്രരംഗത്തെ 
ഇന്ത്യയുടെ മലക്കം മറിച്ചിൽ

നയതന്ത്രരംഗത്തെ 
ഇന്ത്യയുടെ മലക്കം മറിച്ചിൽ

ജി വിജയകുമാർ

‘‘ഇസ്രയേലിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി….ഈ ദുരിതത്തിൽ ഇസ്രയേലുമായി ഞങ്ങൾ ഐക്യപ്പെടുന്നു.’’ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച ഒക്ടോബർ 7ന് ഇന്ത്യൻ പ്രധാനമന്ത്രി ‘എക്സി’ൽ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ഈ പ്രസ്താവനയെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കയ്യോടെ റീ ട്വീറ്റ് ചെയ്തതിലൂടെ ഇന്ത്യയുടെ നിലപാട് ഇതാണ് എന്ന സ്ഥിരീകരിക്കുകയായിരുന്നു. പലസ്തീൻ ഭൂപ്രദേശത്ത് ഇസ്രയേൽ എന്ന രാജ്യം സ്ഥാപിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഇന്ത്യയുടെ മറുകണ്ടംചാടൽ ഇതോടെ പൂർത്തിയായി എന്നതാണ് യാഥാർഥ്യം. ഇസ്രയേലി ഭീകരതയുടെ ദുരന്തം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് അരിയും തുണിയും നൽകിയതിലൂടെ സമ്പൂർണമായ ഈ ചുവടുമാറ്റം സമീകരിക്കപ്പെടുന്നില്ല. വെടിനിർത്തലിനായി ഐക്യരാഷ്ട്ര പൊതുസഭയിൽ ജോർദാൻ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിലൂടെ ഇന്ത്യാ ഗവൺമെന്റ് ഇസ്രയേലി ഭീകരഭരണത്തിനൊപ്പമാണ് തങ്ങൾ എന്ന് വ്യക്തമാക്കുകയാണുണ്ടായത്.

സ്വാതന്ത്ര്യസമരകാലത്തെ 
ഇന്ത്യൻ ദേശീയ 
നേതൃത്വത്തിന്റെ നിലപാട്
ജർമനിയിൽ ജൂതർക്കെതിരായ കൂട്ടവംശഹത്യയുടെ (ഹോളോ കോസ്റ്റിന്റെ) ആരംഭമായി കണക്കാക്കപ്പെടുന്ന 1938 നവംബർ ഒമ്പതിന്റെ ക്രിസ്റ്റൽ നാക്-ത്തിനെ (തകർക്കപ്പെട്ട കുപ്പിച്ചില്ലുകളുടെ രാത്രി- Night of Broken Glasses) തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ഇന്ത്യയിലെ ജനസാമാന്യത്തിന്റെയും പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാസികളുടെ ഈ വംശഹത്യയെ ശക്തമായി അപലപിച്ചു. (അന്ന് ഹിറ്റ്ലറും സംഘവും ഈ വംശഹത്യക്ക് ന്യായീകരണമായി ചൂണ്ടിക്കാണിച്ചത് ഒരു ജർമൻ നയതന്ത്ര പ്രതിനിധിയെ ജൂത വിഭാഗത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ പാരീസിൽ വച്ച് വെടിവച്ചുകൊന്നു എന്നതാണ്). മാത്രമല്ല, ജർമനിയിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ജൂതർക്ക് ഉടൻ തന്നെ ഇന്ത്യയിൽ അഭയം നൽകാനുള്ള സന്നദ്ധതയും ഇന്ത്യൻ ദേശീയ പ്രസ്ഥാനം മുന്നോട്ടുവയ്ക്കുകയുണ്ടായി.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ, ജൂത കുടിയേറ്റം അനുവദിക്കാതിരുന്ന വേളയിലാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. ഇത് ഇവിടെ സൂചിപ്പിച്ച സ്വാതന്ത്ര്യസമരകാലം മുതൽ ഇന്ത്യ പലസ്തീൻ ജനതയ്-ക്കൊപ്പം നിന്നത് പാശ്ചാത്യരാജ്യങ്ങൾ പിന്തുടർന്നിരുന്നതുപോലെയുള്ള ജൂതവിരോധം മൂലമായിരുന്നില്ല എന്ന് വ്യക്തമാക്കാനാണ്.

രാഷ്ട്രപിതാവായ ഗാന്ധിജി 1938ൽ പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ നീക്കത്തെ എതിർത്തുകൊണ്ട് ‘ഹരിജനി’ൽ ഇങ്ങനെയാണ് എഴുതിയത്: ‘‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്ക് എന്നതുപോലെ, ഫ്രാൻസ് ഫ്രഞ്ചുകാർക്കെന്നതുപോലെ തന്നെ പലസ്തീൻ അറബികൾക്കുള്ളതാണ്. അറബികൾക്കിടയിലേക്ക് ജൂതരെ തള്ളിവിടുന്നത് തെറ്റാണ്; മനുഷ്യത്വരഹിതവുമാണ്… പലസ്തീനെ പൂർണമായോ ഭാഗികമായോ ജൂതരുടെ ദേശമാക്കി മാറ്റുന്നതിനുവേണ്ടി അഭിമാനികളായ അറബികളെ അവിടെ നിന്ന് ഒഴിവാക്കുന്നത് നിശ്ചയമായും മാനവരാശിക്കെതിരായ കുറ്റകൃത്യമായിരിക്കും.’’ പലസ്തീൻ അറബികളുടെ ദേശമാണെന്നും അതിനിടയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് ജൂതരെ കൊണ്ടുവന്ന് പാർപ്പുറപ്പിച്ച് അവിടെ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെയാണ് ഗാന്ധിജി ഈ ലേഖനത്തിൽ സംശയാതീതമായി വ്യക്തമാക്കുന്നത്.

ഇസ്രയേൽ എന്ന മതരാഷ്ട്രം സ്ഥാപിക്കുന്നതിനായി സയണിസ്റ്റുകൾ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പശ്ചാത്തലത്തിൽ ഗാന്ധിജി 1946 ജൂലെെ 14ന് വീണ്ടും ‘ഹരിജനി’ൽ ഇങ്ങനെ എഴതി: ‘‘അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ, ഇപ്പോൾ നഗ്നമായ ഭീകരപ്രവർത്തനത്തിലേർപ്പെട്ടും പലസ്തീനിൽ സ്വയം അധികാരമുറപ്പിക്കാൻ ശ്രമിക്കുന്ന ജൂതർ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നത് എന്നാണ് എന്റെ അഭിപ്രായം. പലസ്തീനിൽ ബലം പ്രയോഗിച്ച് കടന്നുകയറുന്നതിന് ജൂതർ എന്തിനാണ് ഭീകരതയെ ആശ്രയിക്കുന്നത്? ഏറെക്കുറെ പരിഹരിക്കാനാവാത്തതാണെന്ന് തോന്നുന്ന ഒരു പ്രശ്നമായി അത് മാറിയിരിക്കുകയാണ്. ഞാനൊരു ജൂതനായിരുന്നെങ്കിൽ ഭീകരതയെ ആശ്രയിക്കുന്നത്ര അൽപ്പന്മാരാകരുത് എന്ന് ഞാനവരോട് പറയുമായിരുന്നു’’. ഇവിടെ മഹാത്മജി തന്റെ പിന്തുണ പലസ്തീൻ ജനതയ‍്ക്കാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതിനൊപ്പം ജൂത തീവ്രവാദികൾ ഭീകരപ്രവർത്തനം നടത്തിയാണ് ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ചത് എന്നും വ്യക്തമാക്കുകയാണ്.

ജവഹർലാൽ നെഹ്റു

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഒരു മാസം മുൻപ‍്, 1947 ജൂലെെ 11ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ലോകപ്രശസ്ത ശാസ്ത്രജ്ഞനും സയണിസ്റ്റ് തീവ്രവാദത്തിന്റെ ശക്തനായ എതിരാളിയുമായ ആൽബെർട്ട് ഐൻസ്റ്റീന് എഴുതിയ കത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘‘ജൂതരോട് എനിക്ക് വളരെയധികം സഹതാപം ഉള്ളപ്പോൾ തന്നെ, അറബികളോടും അവരുടെ ഈ വിഷമാവസ്ഥയിൽ വളരെയേറെ സഹതാപമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ജൂത കുടിയേറ്റക്കാർ, എന്തിനാണ് അറബികൾ അവരുടെ ഇച്ഛയ്ക്കു വിരുദ്ധമായി ജൂതരുടെ ചില ഡിമാൻഡുകൾക്ക് വഴങ്ങണം എന്ന് വാശിപിടിക്കുന്നത്? ’’ രമ്യമായ ഒരു പരിഹാരം കാണുന്നതിനുവേണ്ട നിലപാടോ നടപടിയോ അല്ല സയണിസ്റ്റുകൾ സ്വീകരിക്കുന്നതെന്നും സംഘർഷം തുടരുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണ് അവരുടേതെന്നും നെഹ്റു തുടർന്നു പറയുന്നുമുണ്ട്. ഇസ്രയേൽ എന്ന ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് അനുകൂലമായ നിലപാട് സ്വതന്ത്ര ഇന്ത്യ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഐൻസ്റ്റീന്റെ കത്തിനുള്ള മറുപടിയിലാണ് നെഹ്റു ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്.

സ്വാതന്ത്ര്യാനന്തരം 
ഇസ്രയേൽ രാഷ്ട്രത്തോടുള്ള
ഇന്ത്യയുടെ ആദ്യകാല നിലപാട്
1947ൽ പലസ്തീൻ വിഭജിച്ച് ഇസ്രയേൽ രൂപീകരിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിനും 1949ൽ ഇസ്രയേലിന് ഐക്യരാഷ്ട്ര സഭയിൽ അംഗീകാരം നൽകണമെന്ന യുഎൻ പൊതുസഭയിലെ പ്രമേയത്തിനും എതിരായി ഇന്ത്യ വോട്ടു ചെയ്തു. അങ്ങനെ പലസ്തീൻ പ്രദേശത്ത് അറബികളെ പുറത്താക്കി ഇസ്രയേൽ എന്ന ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെതിരായി ശക്തമായ നിലപാടായിരുന്നു സ്വാതന്ത്ര്യാനന്തരം ഇന്ത്യ ആദ്യകാലത്ത് തുടർന്നത്.

ആൽബർട്ട്‌ ഐൻസ്റ്റീൻ

ഇസ്രയേൽ ഒരു യാഥാർഥ്യമായി നിലവിൽ വന്നപ്പോൾ ഒരു രാജ്യമെന്ന നിലയിൽ 1950കളിൽ തന്നെ ഇന്ത്യാ ഗവൺമെന്റ് ഇസ്രയേലിനായി വാതിലുകൾ തുറന്നുകൊടുത്തു. 1950 സെപ്തംബറിൽ ഇസ്രയേലിനെ ഒരു രാഷ്ട്രമായി ഇന്ത്യ അംഗീകരിച്ചതിനെതുടർന്ന് പ്രധാനമന്ത്രി നെഹ്റു പറഞ്ഞത്, ‘‘നാം മുൻപേ തന്നെ ഇസ്രയേലിനെ അംഗീകരിക്കുകമായിരുന്നു; കാരണം ഇപ്പോൾ ഇസ്രയേൽ ഒരു യാഥാർഥ്യമാണ്. അറബ് രാജ്യങ്ങളിലെ നമ്മുടെ സുഹൃത്തുക്കളുടെ വികാരങ്ങൾ മാനിച്ചാണ് അന്നു നാം അത് ചെയ്യാതിരുന്നത്.’’ എന്നാൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് പരിഗണനാവിഷയം പോലും ആക്കിയില്ല. 1950ൽ ബോംബെയിൽ ഇസ്രയേൽ ഒരു വാണിജ്യകാര്യാലയം തുറന്നു. ഇസ്രയേലിനെ ഇന്ത്യയുമായും ഹോളണ്ടുമായും ദക്ഷിണാഫ്രിക്കയുമായും ബന്ധപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു ഘടകം ശ്രദ്ധേയമായ വിധത്തിലുള്ള രത്നവ്യാപാരമായിരുന്നു. അത് കണക്കിലെടുത്താണ് ബോംബെയിൽ വാണിജ്യകാര്യാലയം സ്ഥാപിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഇസ്രയേലിനെ അനുവദിച്ചത്. 1953 ജൂണിൽ ഇത് കോൺസുലേറ്റായി വികസിപ്പിക്കപ്പെട്ടു.

എന്നാൽ ആ കാലത്തൊന്നും തന്നെ അനൗപചാരിക അംഗീകാരത്തിനപ്പുറം ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായില്ല. 1955ൽ ചേർന്ന ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ബാന്ദൂങ് സമ്മേളനത്തിലോ പിന്നീട് ചേരിചേരാ പ്രസ്ഥാനത്തിലോ ഐക്യരാഷ്ട്ര സഭയിലെ ഗ്രൂപ്പ് 77 ലോ ഇസ്രയേൽ ഉൾപ്പെടുത്തപ്പെട്ടില്ല. അറബ് രാജ്യങ്ങൾക്കൊപ്പം, പ്രത്യേകിച്ചും നാസറിന്റെ നേതൃത്വത്തിലുള്ള ഈജിപ്തിനൊപ്പം ഇന്ത്യ കൊളോണിയൽ വിരുദ്ധ കൂട്ടായ്മകളിൽ നിന്ന് ഇസ്രയേലിനെ ഒഴിവാക്കുന്നതിന് ഉറച്ച നിലപാടെടുക്കുകയാണുണ്ടായത്. ബാന്ദൂങ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇസ്രയേൽ താൽപ്പര്യപ്പെട്ടിരുന്നതാണ്. സാമ്രാജ്യത്വശക്തികൾക്കൊപ്പം നിന്നിരുന്ന സൗദി അറേബ്യ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളെ ആ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് ചൂണ്ടിക്കാട്ടി ഇസ്രയേൽ അവകാശവാദം ഉന്നയിച്ചെങ്കിലും അത് അവഗണിക്കപ്പെട്ടത് അറബ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഇസ്രയേലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതുമൂലമാണ്.

ഇന്ത്യ പിഎൽഒയ്ക്ക് ഒപ്പം
1940കളിലും 1950കളിലുമൊന്നും പലസ്തീൻ ഒരു രാഷ്ട്രമെന്ന നിലയിൽ പോയിട്ട് രാഷ്ട്രീയ അസ്തിത്വമായി പോലും അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്നിരുന്നില്ല. കാരണം ഇസ്രയേൽ രൂപീകരണത്തിനുശേഷമുള്ള പലസ്തീൻ ഭൂപ്രദേശം ജോർദാന്റെയും (വെസ്റ്റ് ബാങ്ക്) ഈജിപ്തിന്റെയും (ഗാസ) സിറിയയുടെയും (സിനായ്) ഭാഗമായി കണക്കാക്കപ്പെടുകയായിരുന്നു. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ നടന്ന 1967ലെ ആറ് ദിന യുദ്ധത്തിൽ അറബ് രാജ്യങ്ങൾക്ക് തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ 1967ലാണ് വിവിധ പലസ്തീൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പലസ്തീൻ വിമോചനത്തിനായുള്ള ഗറില്ല സംഘങ്ങളും ചേർന്ന് പലസ്തീൻ വിമോചന സംഘടന (പിഎൽഒ) രൂപീകരിച്ചത്. പിഎൽഒ യ്ക്ക് അറബ് രാജ്യങ്ങൾക്ക് പുറത്ത് ആദ്യം നയതന്ത്രപരമായ അംഗീകാരം നൽകിയത് ഇന്ത്യയായിരുന്നു. ‘‘പലസ്തീൻ ജനതയുടെ ഒരേയൊരു നിയമാനുസൃത പ്രതിനിധിയായാണ് പിഎൽഒയെ’’ ഇന്ത്യ സ്വീകരിച്ചത്. 1974ൽ ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുത്ത പിഎൽഒ ചെയർമാൻ യാസർ അറഫാത്തിനെ ഇന്ത്യ ആ നിലയിലാണ് സ്വീകരിച്ചത്.

1975 ജനുവരിയിൽ ന്യൂഡൽഹിയിൽ പിഎൽഒയ്ക്ക് ഓഫീസ് തുറക്കാൻ ഇന്ത്യാ ഗവൺമെന്റ് എല്ലാ വിധ സൗകര്യങ്ങളും നൽകി. ആ വർഷം തന്നെ ഐക്യരാഷ്ട്ര സഭയിൽ സയണിസം വംശീയത (Racism) യാണെന്ന പ്രമേയത്തിനൊപ്പം ഇന്ത്യ നിലപാടെടുത്തു. 1980ൽ ഇന്ത്യ പിഎൽഒയ്ക്ക് പൂർണമായ നയതന്ത്ര അംഗീകാരം നൽകി. 1988ൽ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് ന്യൂഡൽഹിയിലെ പിഎൽഒ ഓഫീസിനെ പലസ്തീൻ എംബസിയായി മാറ്റുന്നതിന് അംഗീകാരം നൽകി. 1996 ജൂൺ 25ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഗാസയിൽ ഓഫീസ് തുറന്നു. അന്ന് ബിജെപി ഇതര ഐക്യമുന്നണിയായിരുന്നു ഭരണത്തിൽ. നെഹ്രുവിന്റെ കാലം മുതൽ നിലനിന്നിരുന്ന ഇന്ത്യ – അറബ് സുഹൃദ് ബന്ധത്തിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യയും പലസ്തീനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ വേഗത.

നവ ഉദാരവൽക്കരണത്തിന്റെ വരവും
 പലസ്തീൻ പ്രശ്നവും
എന്നാൽ 1991ൽ ഔപചാരികമായി നവ ഉദാരവൽക്കരണ നയം ഇന്ത്യ അംഗീകരിച്ചതിനെത്തുടർന്ന് ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധവും ശക്തിപ്പെട്ടുതുടങ്ങി. മാത്രമല്ല അറബ് രാജ്യങ്ങളിൽ പലതും തന്നെ ഇസ്രയേലുമായി ബന്ധം ശക്തിപ്പെടുത്തിയതും ഇതേ കാലത്തുതന്നെ. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും തകർന്നതിനെ തുടർന്നുള്ള ആഗോള രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലത്തിലുമായിരുന്നു അത്.

1991 ജൂലൈ 4ന്, അതായത് അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തിൽ, ഇന്ത്യ ഐഎംഎഫുമായി പുതിയൊരു ബന്ധത്തിലേക്ക് കടക്കുകയാണെന്നും സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ് (ഘടനാപരമായ ക്രമീകരണം) പരിപാടി നടപ്പാക്കാൻ പോവുകയാണെന്നും ആയിടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരസിംഹറാവു രാഷ്ട്രത്തോട് പ്രഖ്യാപിച്ചു. അതേ വർഷം തന്നെയാണ് ഇസ്രയേലിനോടുള്ള ഇന്ത്യയുടെ സമീപനത്തിനും കാര്യമായ മാറ്റം വരാൻ തുടങ്ങിയത് – സയണിസം വംശീയ വാദമാണെന്ന് ഇന്ത്യയും കൂടി വോട്ട് ചെയ്ത് അംഗീകരിച്ച, 1975ലെ ഐക്യരാഷ്ട്ര പ്രമേയം റദ്ദുചെയ്യണമെന്ന നിർദ്ദേശത്തിന് അനുകൂലമായി ഇന്ത്യ 1991 ൽവോട്ട് ചെയ്തു. ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കുന്നതിനുള്ള ചർച്ചകളും തുടർന്ന് നരസിംഹറാവു ഗവൺമെന്റ് തുടങ്ങി. 1992 ജനുവരിയിൽ ഇന്ത്യാ ഗവൺമെന്റ് ഇസ്രയേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചു– ന്യൂഡൽഹിയിൽ 1992 ജനുവരിയിൽ ഇസ്രയേലിന്റെ എംബസിയും ടെൽഅവീവിൽ ഇന്ത്യൻ എംബസിയും നിലവിൽ വന്നു. എന്നിരുന്നാലും പലസ്തീനെ കൈവെടിയുന്ന നിലപാടിലേക്ക് പൂർണമായും ഇന്ത്യ എത്തിയിരുന്നില്ല. അതാണ് ഇപ്പോൾ നരേന്ദ്രമോദിയുടെ ഗവൺമെന്റ് ചെയ്തിരിക്കുന്നത്.

ഹിന്ദുത്വവും സയണിസവും 
ഒരേ തൂവൽപക്ഷികൾ
1998ൽ ബിജെപി നേതൃത്വത്തിൽ കൂട്ടുകക്ഷി ഗവൺമെന്റ് നിലവിൽ വന്നതോടെയാണ് ഇസ്രയേലുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ ബന്ധം ശക്തിപ്പെട്ടുതുടങ്ങിയത്. വാജ്പേയി മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രി എൽ കെ അദ്വാനിയാണ് ഇന്ത്യയിൽ നിന്നും ആദ്യമായി ഇസ്രയേൽ സന്ദർശിച്ച കേന്ദ്രമന്ത്രി (2000ത്തിൽ ). അദ്വാനിക്ക് പിന്നാലെ അതേ വർഷം തന്നെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങും ഇസ്രയേൽ സന്ദർശിച്ചു. 2003 സെപ്തംബർ എട്ടിന് ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷോരോൺ ഇന്ത്യ സന്ദർശിച്ചതോടെ (ഇന്ത്യാ ഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ച് ) ഇന്ത്യ – ഇസ്രയേൽ ബന്ധം ശക്തിപ്പെട്ടു.

യാസർ അറഫാത്ത്

1991ൽ നരസിംഹറാവു ഗവൺമെന്റ് ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങുമ്പോൾ ഇസ്രയേലി ലേബർ പാർട്ടിയായിരുന്നു അധികാരത്തിലെങ്കിൽ 2000ത്തിൽ ബിജെപി മന്ത്രിസഭയിലെ അദ്വാനിയും ജസ്വന്ത്സിങ്ങും ടെൽഅവീവ് സന്ദർശിച്ചപ്പോൾ ഇസ്രയേൽ സയണിസ്റ്റ് തീവ്രവാദി കക്ഷിയായ ലിക്കുഡ് പാർട്ടി അധികാരത്തിൽ. 2003ൽ ഇന്ത്യ സന്ദർശിച്ച ആദ്യ ഇസ്രായേൽ പ്രധാനമന്ത്രിയായ ഏരിയൽ ഷാരോണാകട്ടെ ലബനൺ തലസ്ഥാനമായ ബെയ്റൂട്ടിലെ ഷാദ്ര–ഷാത്തില അഭയാർത്ഥി ക്യാമ്പുകൾ ഇരുട്ടിന്റെ മറവിൽ ആക്രമിച്ച് ആയിരക്കണക്കിന് പലസ്തീൻ അഭയാർത്ഥികളെ കൊന്നൊടുക്കിയതിന് നേതൃത്വം നൽകിയ ആളായി ലോകം വിധിയെഴുതിയ കൊടും ഭീകരനുമാണ്. 14 വർഷം പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി മോദി ഇസ്രയേൽ സന്ദർശിച്ച് ബന്ധം ഉറപ്പിച്ചു. മോദി മുഖ്യമന്ത്രിയായിരിക്കെ തന്നെ 2006ൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. 2018 ൽ ഇന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനത്തോടെ ദൃഢപ്പെട്ട ഇന്ത്യയുടെ ഇസ്രായേൽ അനുകൂല ചുവടുമാറ്റം 2023 ഒക്ടോബറിൽ ഇന്ത്യ ഇസ്രയേലിനൊപ്പം എന്ന മോദിയുടെ പ്രഖ്യാപനവും സംഘപരിവാറുകാരുടെ ഇസ്രയേൽ അനുകൂല പ്രചാരണവും വന്നതോടെ പൂർണമായി.

സംഘപരിവാറിന് ജൂതമതത്തോടോ ആ മതവിശ്വാസികളോടേ അല്ല താല്പര്യം; മറിച്ച് സയണിസം എന്ന തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തോടാണ്; മൂലധന താല്പര്യത്തിന്റെ, സാമ്രാജ്യത്വത്തിന്റെ ഹിതാനുവർത്തിയായി നിൽക്കുന്ന സയണിസ്റ്റ് രാഷ്ട്രീയത്തോടാണ്. ഹിറ്റ്ലർ ജർമ്മനിയിൽ വംശ ശുദ്ധീകരണത്തിന്റെ ഭാഗമായി ജൂത വംശഹത്യ നടത്തിയപ്പോഴെല്ലാം സംഘപരിവാർ ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഹിന്ദു മഹാസഭയുടെ 1939 ൽ കൊൽക്കത്തയിൽ ചേർന്ന 21–ാമത് സമ്മേളനത്തിൽ ഹിന്ദുത്വത്തിന്റെ വക്താവായ വിഡി സവർക്കർ പ്രസ്താവിച്ചത് ഇങ്ങനെയാണ്: ‘‘ഇന്ത്യൻ മുസ്ലിംങ്ങൾ തങ്ങളുടെ തൊട്ടടുത്ത് താമസിക്കുന്ന ഹിന്ദുക്കളോട് പ്രകടിപ്പിക്കുന്ന അടുപ്പത്തേക്കാൾ അധികം അടുപ്പം പ്രകടിപ്പിക്കുന്നത് വിദേശങ്ങളിലുള്ള മുസ്ലീങ്ങളോടായിരിക്കും. അതുപോലെതന്നെയാണ് ജർമ്മനിയിലെ ജൂതരും’’. അതായത് ഹിറ്റ്ലർ നടത്തിയ ജൂത വംശഹത്യയ്ക്ക് ന്യായീകരണം ചമയ്ക്കുകയാണ് സവർക്കർ.

സവർക്കറുടേത് ഒറ്റപ്പെട്ട വാക്കുകളോ ആശയമോ ആയിരുന്നില്ല. സംഘടിത ഹിന്ദുത്വത്തിന്റെ പ്രധാന നേതാക്കളെല്ലാം ഹിറ്റ്ലറുടെയും മുസോളിനിയുടെയും ആരാധകരായിരുന്നു. സവർക്കറുടെ പ്രത്യയശാസ്ത്ര പിൻഗാമിയും ആർഎസ്എസിന്റെ രണ്ടാം സർസംഘ ചാലകുമായ എം എസ് ഗോൾവാൾക്കർ ‘‘നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’’ (We or Our Nationhood Defined) എന്ന കൃതിയിൽ ഹിറ്റ്ലർ ജൂതർക്കെതിരായ ആക്രമണങ്ങൾക്ക് ന്യായീകരണമായി മുന്നോട്ടുവെച്ച വംശശുദ്ധിയുടെയും വംശാഭിമാനത്തിന്റെയും പ്രത്യയശാസ്ത്രമാണ് ഉയർത്തിപ്പിടിക്കുന്നത്. വ്യത്യസ്ത വംശങ്ങൾക്കും സംസ്കാരങ്ങൾക്കും സഹകരിച്ചും സഹവർത്തത്തിലും കഴിയാനാവില്ല എന്ന ജനാധിപത്യവിരുദ്ധ നിലപാടാണ് ഹിറ്റ്ലറെ പോലെ ഹിന്ദുത്വത്തിന്റെ വക്താക്കളും ഉയർത്തിപ്പിടിക്കുന്നത്. സയണിസ്റ്റുകളും ഇതേ നിലപാടുയർത്തി തങ്ങൾ ഒരു പ്രത്യേക രാഷ്ട്രമാണെന്ന് വാദിക്കുന്നിടത്താണ് സംഘപരിവാറും സയണിസവും തമ്മിൽ ഒത്തുപോകുന്നത്. 1923ൽ തന്നെ സവർക്കർ തന്റെ ‘ഹിന്ദുത്വ’ എന്ന കൃതിയിൽ ഇക്കാര്യം സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്. നോക്കൂ: ‘‘സയണിസ്റ്റുകളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കപ്പെടുകയാണെങ്കിൽ പലസ്തീൻ ഒരു ജൂതരാഷ്ട്രമായി മാറുകയാണെങ്കിൽ നമ്മുടെ ജൂത സുഹൃത്തുക്കളുടെ അത്രതന്നെ അത് നമ്മെയും ആഹ്ലാദഭരിതരാക്കും’’.

ഇതേ ഹിന്ദുത്വ ശക്തികൾ തന്നെയാണ് ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനെയും ശക്തമായി ന്യായീകരിച്ചത്. എന്നാൽ ജർമ്മനിക്ക് പുറത്ത്, മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതരും ഇടകലർന്നു കലഹങ്ങളില്ലാതെ ജീവിച്ചിരുന്ന പലസ്തീനിലേക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നായി ജൂത കുടിയേറ്റക്കാരെ കൊണ്ടുവന്ന് വംശ വെറിയുടേതായ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനെ സംഘപരിവാർ തുടക്കം മുതൽ തന്നെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ മാതൃകയാക്കേണ്ടത് ഇസ്രയേലിനെയാണെന്നും 1952 ൽ സവർക്കർ പറയുന്നുണ്ട്. അങ്ങനെ സംഘപരിവാർ തുടക്കം മുതൽ പ്രകടിപ്പിച്ചിരുന്ന സയണിസ്റ്റ് അനുകൂല നിലപാടിന്റെ സ്വാഭാവികമായ അനന്തരഫലമാണ് കിട്ടിയ ആദ്യ അവസരത്തിൽതന്നെ ഇസ്രയേലുമായി രാഷ്ട്രീയമായ ബന്ധം ഊട്ടിയുറപ്പിക്കാനും അതിന്റെ തുടർച്ചയായി പലസ്തീൻ ജനതയ്ക്കെതിരായ നിലപാടിൽ ഏറ്റവും ഒടുവിൽ മോദി ചെന്നെത്തിയതും.

പലസ്തീൻ വിഷയത്തിലെ 
ഇന്ത്യയുടെ ചുവടുമാറ്റം 
ഹമാസ് ഭീകരത മൂലമോ?
ഇന്ന് ലോകമാകെ സയണിസ്റ്റുകളും അവർക്ക് ഒത്താശ ചെയ്യുന്ന സാമ്രാജ്യത്വശക്തികളും ഒരേപോലെ പ്രചരിപ്പിക്കുന്ന ആഖ്യാനമാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണമാണ് ഇപ്പോൾ സർവകുഴപ്പങ്ങൾക്കും കാരണമായതെന്നാണ്. ഒരു സുപ്രഭാതത്തിൽ ഹമാസ് ഭീകരർ ഇസ്രയേലി പൗരർക്കുനേരെ, സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള പൗരർക്കുനേരെ, ബോംബാക്രമണം നടത്തി ആയിരത്തിലേറെ ആളുകളെ കൊന്നുവെന്നതാണ് ഈ ആഖ്യാനത്തിന്റെ സത്ത. ഇതൊരു വസ്തുതയാണെന്നതിൽ സംശയം വേണ്ട. അതിലേക്കവരെ നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാനാവില്ല.

എന്നാൽ ഈ ആക്രമണം പെട്ടെന്നൊരു ദിവസം വെറുതെയങ്ങ് സംഭവിച്ചതല്ലായെന്ന യാഥാർഥ്യം കൂടി നാം കാണണം. 2023 ജൂലെെ മൂന്നിന് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച ഒരുവാർത്തയുടെ തലക്കെട്ട്, Thousands of Palestinians flee Jenin refugee camp after major Israeli raidഎന്നാണ്. അന്നേ ദിവസത്തെ അൽ ജസീറയുടെ വാർത്ത, Nine Palestinians killed as Israeli attacks jenin refugu camp എന്നാണ്. ബിബിസിയെപോലെയുള്ള മറ്റു പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും സമാനമായ വാർത്തകൾ നൽകിയിട്ടുണ്ട്. ഇവയെല്ലാം പറയുന്ന വസ്തുത വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പലസ്തീൻകാർ ആട്ടിയോടിക്കപ്പെടുകയും ചെയ്തുവെന്നാണ്. 2023 ജൂലെെ മൂന്നിനും ഒക്ടോബർ 7നും ഇടയ്ക്ക് 150 ഒാളം പലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നും അതിൽ പകുതി പേരും കുട്ടികളായിരുന്നുവെന്നുമാണ്. ഐക്യരാഷ്ട്ര സഭ പറയുന്നത് 2023 സെപ്തംബറിൽ ഇസ്രയേൽ സേന മുൻപൊരു കാലത്തും ഇല്ലാത്ത വിധം കൂടുതൽ പലസ്തീൻകാരെ കൊന്നിട്ടുണ്ട് എന്നാണ്.

ബി ടി ശെലേം എന്ന ഇസ്രയേലിലെ മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടു പ്രകാരം 1987 ഡിസംബർ 9നും 2021 ഏപ്രിൽ 30നും ഇടയ്ക്ക് പലസ്തീൻ– ഇസ്രയേൽ സംഘട്ടനങ്ങളിൽ 40,000ത്തോളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ്. അതിൽ 87 ശതമാനവും പലസ്തീൻകാരാണ്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും ഒടുവിലത്തെ ഒരു കണക്കുപ്രകാരം 6.7 ലക്ഷം ഇസ്രയേൽ പൗരർ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജെറുസലേമിലെയും 130 നിയമവിരുദ്ധ സെറ്റിൽമെന്റുകളിലായി കഴിയുന്നുവെന്നാണ്. ഈ സെറ്റിൽമെന്റ് ഏരിയകളിൽ തലമുറകളായി പാർത്തിരുന്ന പലസ്തീൻകാരെ ആട്ടിയോടിച്ചാണ് ഇസ്രയേലുകാർ അവിടത്തെ ഭരണകൂടത്തിന്റെ പിൻബലത്തിൽ പാർപ്പുറപ്പിച്ചത്. അന്താരാഷ്ട്ര നിയമപ്രകാരവും പിന്നീട് ഇരുകൂട്ടരും അംഗീകരിച്ച ഒസ്ലോ കരാർ പ്രകാരവും വെസ്റ്റ് ബാങ്കും കിഴക്കൻ ജെറുസലേമും പലസ്തീൻ പ്രദേശമായി നീക്കിവച്ചതാണ്. ഇസ്രയേലിന്റെ മുഷ്കും കടന്നാക്രമണവും ഇവിടെയും അവസാനിക്കുന്നില്ല. ആട്ടിയോടിക്കപ്പെട്ട പലസ്തീൻ ജനത കഴിഞ്ഞു കൂടുന്ന അഭയാർഥി ക്യാമ്പുകളിൽനിന്നും അവരെ ആട്ടിയോടിക്കുകയോ കൊല്ലുകയോ ആണ് ചെയ്യുന്നത് എന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ജൂലെെ മൂന്നിനും തുടർന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

മാത്രമല്ല, കഴിഞ്ഞ 16 വർഷമായി ഗാസയിലെ ജനങ്ങൾ ഇസ്രയേലിന്റെ ക്രൂരമായ ഉപരോധത്തിൻ കീഴിലാണ് കഴിഞ്ഞു കൂടുന്നത്. ഐക്യരാഷ്ട്ര സഭ ഈ ഉപരോധത്തെ നിയമവിരുദ്ധ നടപടിയായും കൂട്ടത്തോടെ ഒരു ജനതയെയാകെ ശിക്ഷിക്കലുമാണെന്നും പ്രഖ്യാപിച്ച് നിരവധി പ്രമേയങ്ങൾ പാസ്സാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഇതെല്ലാം അവഗണിക്കുകയാണ്. ഈ ഉപരോധം മൂലം ഭക്ഷണവും ഒൗഷധവും കുടിവെള്ളവും നിഷേധിക്കപ്പെട്ട് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഗാസയിൽ നിത്യേന കൊല്ലപ്പെടുകയാണ്. ഇസ്രയേലിന്റെ ഈ കൊടുംക്രൂരതയെ ഭീകരതയെന്നല്ലാതെ എന്തുപദം കൊണ്ടാണ് വിശേഷിപ്പിക്കാനാവുക? ഇങ്ങനെ ഗതികെട്ട്, മറ്റൊരുപോം വഴിയുമില്ലാതാകുന്ന ഒരു ജനതയും അവരുടെ ഭരണാധികാരികളും നടത്തുന്ന പ്രത്യാക്രമണത്തെ, ചെറുത്തുനിൽപ്പിനെ മാത്രം ഭീകരപ്രവർത്തനമായി കാണാൻ മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാത്തവർക്കല്ലേ കഴിയൂ.

മാത്രമോ? 2006 മുതൽ 2023 മെയ് മാസംവരെ ഇസ്രയേൽ ഗാസയ്ക്കുനേരെ നിരന്തരം നടത്തിയിരുന്ന ബോംബാക്രമണങ്ങളിൽ പതിനായിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടത്, വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും തകർക്കപ്പെട്ടത് ആരു നടത്തിയ ഭീകരതയുടെ പേരിലാണ്? 2014ൽ ഐക്യരാഷ്ട്ര സഭ നിയോഗിച്ച ഒരു വസ്തുതാനേ-്വഷണ കമ്മീഷൻ ഈ ആക്രമണങ്ങളെല്ലാം ഏകപക്ഷീയമായിരുന്നുവെന്നും ഇസ്രയേലിലെ സയണിസ്റ്റ് ഭീകര ഭരണകൂടമാണ് അതിനുത്തരവാദികൾ എന്നും കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടനും അമേരിക്കയും ചേർന്ന് യൂറോപ്പിലും മറ്റു വിവിധ ഭാഗങ്ങളിലും തലമുറകളായ പാർത്തിരുന്ന ജൂത സമൂഹത്തെ ഇസ്രയേൽ എന്ന വാഗ്ദത്ത ഭൂമിയുടെ മോഹവലയത്തിലാക്കി ബ്രിട്ടീഷ് അധീനതയിലായിരുന്ന പലസ്തീൻ പ്രദേശത്തേക്ക് കയറ്റി അയച്ച ചരിത്രം നമുക്ക് മറക്കാനാവില്ല. രണ്ടാം ലോകയുദ്ധാനന്തരം പ്രത്യേകിച്ച് 1944–1948 കാലത്ത് ഇങ്ങനെ പലസ്തീനിലേക്ക് കുടിയേറിയ സയണിസ്റ്റു ഭീകരസംഘങ്ങൾ നടത്തിയ കൊടുംക്രൂരതകളും ഓർക്കേണ്ടതുണ്ട്. ഹാഗന്ന, ഇർഗുൺ, ലേഹി എന്നീ സയണിസ്റ്റ് ഭീകരസംഘങ്ങൾ, സമാധാനപരമായി, ജാഥ നടത്തുകയായിരുന്നില്ലല്ലോ അക്കാലത്ത്. 1948 ഏപ്രിൽ 9ന്, പിൽക്കാലത്ത് ഇസ്രയേൽ പ്രധാനമന്ത്രിയായ മെനാച്ചെം ബെഗിൻ നേതൃത്വം നൽകിയിരുന്ന ഭീകരകൊലയാളി സംഘം ഡീർ യാസിനിൽ നടത്തിയ കൂട്ടക്കൊലയിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം 250 ലധികം ആളുകളെയാണ് കൊന്നൊടുക്കിയത്. ഇസ്രയേലിലെ ആദ്യ പ്രസിഡന്റായ ചെയിം വീസ്-മാൻ 1947 കാലത്ത് നടത്തിയ ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘‘ഇനിയും ഏതാനും ലക്ഷം കറുമ്പന്മാർ (അറബികൾ) കൂടി പലസ്തീനിലുണ്ട്; എന്നാൽ അത് പ്രസക്തമായ കാര്യമേയല്ല;’’ ഒരു പ്രദേശത്ത് പാർപ്പുറപ്പിച്ചിട്ടുള്ള മനുഷ്യർ അപ്രസക്തരാണെന്നു പറയുന്നതിന്റെ അർഥം, അവരെ കൂട്ടക്കൊല ചെയ്യുന്നതിനുള്ള ലെെസൻസ് നൽകലാണ്. അങ്ങനെ പലസ്തീൻ പ്രദേശത്ത് നൂറ്റാണ്ടുകളായി പാർത്തിരുന്ന ലക്ഷക്കണക്കിന് പലസ്തീൻകാരെ കൊന്നൊടുക്കിയും ആട്ടിയോടിച്ചുമല്ലേ അവിടെ ഇസ്രയേൽ എന്ന രാഷ്ട്രം സ്ഥാപിച്ചത്?

ഇങ്ങനെ ആട്ടിയോടിക്കപ്പെട്ട് അമ്മാനിലും (ജോർദാൻ) ബെയ്റൂട്ടിലും (ലബനൺ) അഭയാർഥി ക്യാമ്പുകളിൽ പാർത്തിരുന്ന പലസ്തീൻകാരെ സയണിസ്റ്റ് ഭീകരർ ആക്രമിച്ചതും ചരിത്രമാണ്. 1982 സെപ്തംബറിൽ ബെയ്റൂട്ടിലെ ഷാദ്ര–ഷാത്തില അഭയാർഥി ക്യാമ്പുകളിൽ, അവിടെ കാവൽനിന്നിരുന്ന പിഎൽഒയുടെ പോരാളികളെ യുഎൻ സമാധാന സംരക്ഷണസേനയുടെ സഹായത്തോടെ അവിടെ നിന്ന് ഒഴിവാക്കിയിട്ട് നടത്തിയ കൂട്ടക്കൊലയും കൂട്ടബലാത്സംഗങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഐക്യരാഷ്ട്ര സഭ 1982 ഡിസംബർ 16ന് അംഗീകരിച്ച പ്രമേയത്തിൽ വംശഹത്യയെന്ന് വിശേഷിപ്പിച്ചാണ് ഈ കൂട്ടക്കൊലയെ അപലപിച്ചത്. ബ്രിട്ടീഷ് പത്രപ്രവർത്തകനായ റോബർട്ട് ഫിസ്-ക് എഴുതിയത് ഇങ്ങനെ: ‘‘മൂന്ന് ദിവസം നീണ്ടുനിന്ന ബലാത്സംഗങ്ങൾക്കും കൂട്ടക്കുരുതികൾക്കും ശേഷം കൊലയാളി സംഘം ക്യാമ്പ് വിടുമ്പോൾ 1700ൽ അധികം ശവശരീരങ്ങളാണ് അവിടെ അവശേഷിച്ചത്’’. ഫ്രഞ്ച് പത്രമായ ലെ മോണ്ടെ ഡിപ്ലൊമാറ്റിക്കിലെ ഇസ്രയേൽകാരിയായ ലേഖിക അംനോൺ കാപ്-ലിയോക് എഴുതിയത് രണ്ടായിരത്തിലധികം ശവശരീരങ്ങളാണ് അവിടെ കൂന്നുകൂടി കിടന്നത് എന്നാണ്. അമേരിക്കൻ പത്രപ്രവർത്തകയായ ജാനറ്റ് ലീ സ്റ്റീവൻസ് തന്റെ ഭർത്താവ് ഡോക്ടർ ഫ്രാങ്ക്ളിൻ ലാംബിന് എഴുതിയത് നോക്കൂ: ‘‘പാവാട അരക്കെട്ടിന് മുകളിലേക്ക് ഉയർത്തപ്പെട്ടും കാലുകൾ അകറ്റപ്പെട്ടും തങ്ങളുടെ വീടുകളിൽ മരിച്ചുകിടക്കുന്ന നിരവധി സ്ത്രീകളെയും ഭിത്തിയോട് ചേർത്ത് നിരത്തി നിർത്തി വെടിവച്ചു കൊല്ലപ്പെട്ട ഡസൻകണക്കിന് ചെറുപ്പക്കാരെയും കഴുത്തറുക്കപ്പെട്ട നിലയിലുള്ള കുട്ടികളെയും വയറ് പിളർക്കപ്പെട്ട നിലയിൽ ഒരു ഗർഭിണിയെയും ഞാൻ കണ്ടു; അവളുടെ കണ്ണുകൾ തുറിച്ച നിലയിലായിരുന്നു; പേടിച്ച് വിറളിയിരുന്നു ആ മുഖം; പിച്ചവച്ച് നടക്കുന്ന പ്രായത്തിലുള്ള കുട്ടികളും നവജാത ശിശുക്കളും ഉൾപ്പെടെ വെട്ടിനുറുക്കപ്പെട്ടോ വലിച്ചുകീറപ്പെട്ടോ ചവറ്റുകൂനകളിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നതും ഞാൻ കണ്ടു.’’ ബെയ്-റൂട്ടിൽ കഴിയുന്ന അഭയാർഥികളെയാകെ സംരക്ഷിക്കുമെന്ന് അമേരിക്കയും ഫ്രാൻസും ഇറ്റലിയും ഉറപ്പുനൽകിയാണ് പിഎൽഒ പോരാളികളെ അവിടെ നിന്ന് പിൻവലിക്കാൻ ധാരണയുണ്ടാക്കിയത് എന്നാണ് പിഎൽഒയുടെ ചെയർമാൻ യാസർ അറഫാത്ത് ഈ സംഭവത്തെ തുടർന്ന് വേദനയോടെ പ്രതികരിച്ചത്.

ഈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചതാകട്ടെ അന്ന് ഇസ്രയേലിന്റെ യുദ്ധകാര്യമന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ ആയിരുന്നുവെന്ന് ഇസ്രയേൽ തന്നെ നിയമിച്ച കഹാൻ കമ്മീഷൻ ഉൾപ്പെടെ നിരവധി അനേ-്വഷണ കമ്മീഷനുകൾ കണ്ടെത്തിയിട്ടും അയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്നു മാത്രമല്ല, പിന്നീടയാൾ ഇസ്രയേലിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇയാളാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി. സംഘപരിവാറിനെയും സയണിസ്റ്റുകളെയും ബന്ധിപ്പിക്കുന്നത് വംശീയവാദത്തിനുമപ്പുറം മനുഷ്യത്വരഹിതമായ ഇത്തരം കൊടുംക്രൂരതകളാണ്, എന്നും കാണേണ്ടതുണ്ട്. അപ്പോൾ ഭീകരതയുടെ പേരിലാണ് മോദി ഗവൺമെന്റ് നയതന്ത്രപരമായ ചുവടുമാറ്റം നടത്തിയത് എന്ന ആഖ്യാനം അപ്രസക്തവും അർഥശൂന്യവുമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 3 =

Most Popular