Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിപലസ്തീൻ പ്രശ്നവും ഐക്യരാഷ്ട്രസഭയുടെ പ്രമേയവും

പലസ്തീൻ പ്രശ്നവും ഐക്യരാഷ്ട്രസഭയുടെ പ്രമേയവും

കെ എ വേണുഗേപാലൻ

ക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടത് രണ്ടാം ലോക യുദ്ധാനന്തരമാണ്. അതിന്റെ പ്രവർത്തനത്തിന് ആധാരമായ രേഖയെയാണ് യു എൻ ചാർട്ടർ എന്നു വിളിക്കുന്നത്. ഇന്ത്യയ്ക്ക് അതിന്റെ ഭരണഘടന പോലെയാണ് ഐക്യരാഷ്ട്രസഭയ്ക്ക് അതിന്റെ ചാർട്ടർ. ഐക്യരാഷ്ട്രസഭ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ചാർട്ടറിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. അതിന്റെ രണ്ടാം ഭാഗം ഇങ്ങനെയാണ്: ‘‘തുല്യ അവകാശങ്ങളുടെയും ജനങ്ങളുടെ സ്വയം നിർണയാവകാശത്തിന്റെയും അടിസ്ഥാനത്തിലുള്ള പരസ്പര ബഹുമാനത്തിന്റെ തലത്തിൽ രാജ്യങ്ങൾ തമ്മിൽ തമ്മിൽ സൗഹൃദബന്ധം വികസിപ്പിക്കുകയും അന്തർദേശീയ തലത്തിൽ സമാധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക’’. ഇതിനെ തുടർന്ന് അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിരവധി രേഖകളിൽ ജനങ്ങളുടെ സ്വയം നിർണയാവകാശത്തിന്റെ പ്രാധാന്യം യു എൻ എടുത്തു പറഞ്ഞിട്ടുണ്ട്.

1952ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അതുവരെ സ്വാതന്ത്ര്യം നേടാനാവാത്ത രാജ്യങ്ങളിലെ ജനങ്ങളുടെ സ്വയം നിർണയാവകാശത്തെ അംഗീകരിക്കുന്നുണ്ട്. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനാവണമെങ്കിൽ ജനങ്ങൾക്ക് സ്വന്തം രാജ്യത്ത് സ്വയംനിർണയാവകാശം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം പലവട്ടം ഐക്യരാഷ്ട്ര സഭ എടുത്തു പറയുന്നുണ്ട്. അങ്ങനെ സ്വാതന്ത്ര്യം ലഭിക്കാതിരിക്കുന്നത് ലോകസമാധാനത്തിനും സഹകരണത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒന്നാണ് എന്നും ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളിൽ പറയുന്നുണ്ട്.

ജനങ്ങളുടെ സ്വയം നിർണയാവകാശത്തിന്റെ പ്രശ്നം പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് ഐക്യരാഷ്ട്രസഭ കൈകാര്യം ചെയ്തിട്ടുള്ളത് എന്ന് പരിശോധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അന്തർദേശീയ ബന്ധങ്ങളിൽ സ്വയം നിർണയാവകാശം എന്ന സങ്കൽപ്പനം രൂപപ്പെടുന്നതിനു മുമ്പുതന്നെ, അതായത് ലീഗ് ഓഫ് നേഷൻസ് രൂപീകരിക്കപ്പെടുന്നതിന് മുമ്പുതന്നെ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്ന അറബ് ജനതയ്ക്ക് ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്ന് യുദ്ധാനന്തരം അവർക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് എന്ന ഉറപ്പ് ലഭിച്ചിരുന്നു. “ഹുസൈൻ – മക് മോഹൻ കത്തിടപാടുകൾ’ എന്ന രേഖയിലാണ് ഈ ഉറപ്പിനെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളത്. 1915–-16 കാലത്ത് മെക്കയിലെ അമീറായിരുന്ന ഷെറിഫ് ഹുസൈനും ഈജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആയിരുന്ന സർ ഹെൻറി മക്മോഹനും തമ്മിൽ നടന്നിട്ടുള്ള ആശയവിനിമയങ്ങളാണ് ഈ രേഖ. മെക്കാ ഷെരീഫ് ആവശ്യപ്പെട്ടിട്ടുള്ള അറബ് പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗത്തുനിന്നും പിന്തുണ നൽകുകയും അതിനെ തിരിച്ചറിയുന്നതിന് സഹായിക്കുകയും ചെയ്യും എന്നാണ് ഈ രേഖയിൽ ബ്രിട്ടീഷ് ഗവൺമെന്റിനുവേണ്ടി മക്മോഹൻ ഉറപ്പു കൊടുത്തിരുന്നത്. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് പിന്നീട് ഇത് മാറ്റിപ്പറയുകയും പലസ്തീൻ പ്രദേശം സ്വതന്ത്രമാക്കപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുകയില്ല എന്ന് തിരുത്തുകയും ചെയ്തു. 1917 നവംബർ മാസം രണ്ടിന് ബാൾഫർ പ്രഖ്യാപനം എന്ന രേഖയിലൂടെ സയണിസ്റ്റ് സംഘടനകൾക്ക് പലസ്തീനിൽ ജൂതർക്കൊരു ദേശീയ ഭവനം അനുവദിക്കുന്നതിന് ബ്രിട്ടീഷ് ഗവൺമെന്റ് അനുമതി നൽകി. അന്ന് ശരീഫ് ഹുസൈനോട് ബ്രിട്ടീഷ് ഗവൺമെന്റ് പറഞ്ഞത് പലസ്തീനിൽ അറബികളോ ജൂതരോ ഇതര വിഭാഗത്തിന് കീഴ്പ്പെട്ടു ജീവിക്കേണ്ടി വരില്ല എന്നായിരുന്നു. അവിടുത്തെ ജനതയുടെ ഇച്ഛയ്ക്കും സമ്മതത്തിനുമനുസരിച്ചാണ് ഭരണം നടത്തേണ്ടത് എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ആത്യന്തികമായി നോക്കിയാൽ ജനസംഖ്യയിലെ ഭൂരിപക്ഷത്തിന് ഭരണനിർവഹണം നടത്താമായിരുന്നു. അന്നത്തെ പലസ്തീനിലെ ഭൂരിപക്ഷ ജനത അറബികളായിരുന്നു. അവർ ജനസംഖ്യയുടെ 90% വരുമായിരുന്നു. എന്നാൽ പലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് സയണിസ്റ്റ് സംഘടന പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. അഞ്ചുവർഷത്തിനോ അമ്പത് വർഷത്തിനോ ഉള്ളിൽ അത് നടപ്പിലാക്കും എന്നായിരുന്നു 1897ൽ അവർ പ്രഖ്യാപിച്ചിരുന്നത്.

അവരുടെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി സംഘടിതമായ ശ്രമമാണ് പിന്നീട് നടന്നത്. സാമ്രാജ്യത്വ ശക്തികളുടെ സംഘടിതമായ ശ്രമമാണ് ഇതിനു പിന്നിൽ ഉണ്ടായിരുന്നത്. അന്ന് അതിന് അനുസൃതമായ നിലയിൽ മുൻ നിലപാടുകളിൽ നിന്നൊക്കെ ബ്രിട്ടീഷ് ഗവൺമെന്റ് പിന്മാറുകയും പൂർണമായി പലസ്തീനെ ഒരു സയണിസ്റ്റ് രാഷ്ട്രമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 1922 ജൂലൈ ഒന്നിന് ബ്രിട്ടീഷ് ഗവൺമെന്റ് ഒരു ധവളപത്രം പുറപ്പെടുവിച്ചു. സർ വിൻസ്റ്റൻ ചർച്ചിൽ ആയിരുന്നു അന്നത്തെ കൊളോണിയൽ സെക്രട്ടറി. അദ്ദേഹം പുറപ്പെടുവിച്ച ധവള പത്രത്തിൽ ഇപ്രകാരം പറഞ്ഞു: ജൂത സമുദായത്തിന് സ്വതന്ത്രമായ വികാസം നേടുന്നതിനും അവരുടെ കഴിവുകൾ പൂർണമായി പ്രകടിപ്പിക്കുന്നതിനും ഒരു അവകാശമെന്ന നിലയിൽ പലസ്തീനിൽ ജീവിക്കാൻ അവർക്ക് കഴിയണമെന്നും അത് ആരുടെയെങ്കിലും സഹനത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും ആണ് ആ ധവള പത്രത്തിൽ പറഞ്ഞത്. തുടർന്ന് പാലസ്തീനിലേക്ക് ജൂത കുടിയേറ്റത്തിന്റെ കുത്തൊഴുക്കായിരുന്നു. ലോകമെമ്പാടും വിവിധ രാജ്യങ്ങളിലായി ജീവിച്ചുവന്നിരുന്ന ജൂത വിഭാഗത്തിൽപ്പെട്ട ജനങ്ങളെ പലസ്തീനിലേക്ക് കയറ്റി വിടുന്നതിനുവേണ്ടി ആഗോള സാമ്രാജ്യത്വം സംഘടിതമായ ശ്രമം നടത്തി. 1917ൽ പലസ്തീനിലെ ജൂത ജന വിഭാഗത്തിന്റെ ജനസംഖ്യ 56,000 മാത്രമായിരുന്നുവെങ്കിൽ 1922 ആകുമ്പോഴേക്ക് അത് 84,000 ആയും 1946 ൽ 6,08,000 ആയും വർദ്ധിച്ചു. 1922 ൽ 7,50,000 മാത്രമായിരുന്ന പാലസ്തീനിലെ മൊത്തം ജനസംഖ്യ 1946 ൽ 18,50,000 ആയി വർധിച്ചു. ജൂത ജനസംഖ്യ പത്തിൽ ഒന്നായിരുന്നത് മൂന്നിലൊന്നായി വർദ്ധിച്ചു. നാസികളുടെ വംശഹത്യക്കിരയായിരുന്ന ജൂതർ പലസ്തീനിലേക്ക് രക്ഷപ്പെടുന്ന സ്ഥിതിയും രൂപപ്പെട്ടിരുന്നു.

പലസ്തീനിലെ ജനത തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെതിരെ അതിശക്തമായ പോരാട്ടം ആരംഭിച്ചു. നിരവധിതവണ പലസ്തീൻ ജനത അക്രമാസക്തമായ പോരാട്ടങ്ങൾ നടത്തി. സ്വയം നിർണയാവകാശം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടമായിരുന്നു അതൊക്കെ. വമ്പിച്ച ജന മുന്നേറ്റത്തെ ത്തുടർന്ന് ബ്രിട്ടീഷ് ഗവൺമെന്റുപോലും നിലപാടിൽ മാറ്റം വരുത്തി. അവർ 1939ൽ വീണ്ടും ഒരു ധവള പത്രം പുറപ്പെടുവിച്ചു. അതിൽ പലസ്തീൻ ജനതയ്ക്ക് അനുകൂലമായ വാക്യങ്ങൾ പലതുണ്ടായിരുന്നെങ്കിലും അതൊന്നും ഫലത്തിൽ പ്രയോഗത്തിൽ വന്നില്ല. സയണിസ്റ്റ് ആധിപത്യത്തിന് കീഴിലേക്ക് പലസ്തീൻ ജനത എടുത്തെറിയപ്പെട്ടു.

സ്വയം നിർണയാവകാശം യു എൻ ചാർട്ടർ താത്വികമായി അംഗീകരിച്ചിരുന്നെങ്കിലും പലസ്തീൻ വിഷയത്തിൽ അത് പ്രായോഗികമാക്കപ്പെട്ടില്ല. സ്വയം നിർണയാവകാശം, ഭൂരിപക്ഷത്തിന്റെ ഇച്ഛ നടപ്പിലാക്കൽ, ഒപ്പം ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം ഇതൊക്കെയായിരുന്നു ചാർട്ടറിൽ പറഞ്ഞിരുന്നതെങ്കിലും “സാമ്പത്തികമായ ഐക്യത്തോടെയുള്ള വിഭജന പദ്ധതി’യാണ് അംഗീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യമോഹികളായ പലസ്തീൻ ജനത ഈ വിഭജന നീക്കത്തെ അംഗീകരിക്കാൻ തയ്യാറായില്ല. ഭൂരിപക്ഷം വരുന്ന പലസ്തീൻ ജനതയ്ക്ക് ഭൂപ്രദേശത്തിന്റെ പകുതി പോലും നൽകാൻ ഐക്യരാഷ്ട്രസഭ തീരുമാനം തയ്യാറായില്ല. ഇതിനിടെ പലസ്തീനിൽ ജനിച്ചുവളർന്നവരും അവിടെ ജീവിച്ചു വന്നിരുന്നവരുമായ ജനങ്ങളിൽ പകുതിയിലേറെ അഭയാർത്ഥികളായി പുറന്തള്ളപ്പെട്ടു. തുടർന്നങ്ങോട്ട് ഒരു അഭയാർത്ഥി പ്രശ്നമായാണ് പലസ്തീൻ പ്രശ്നത്തെ പലപ്പോഴും ഐക്യരാഷ്ട്രസഭ കണ്ടത്. അവിടുത്തെ ജനതയ്ക്ക് സ്വയം നിർണയാവകാശം നിഷേധിക്കപ്പെട്ടു.

പിന്നീട് 1969 ലാണ് ഐക്യരാഷ്ട്രസഭ പലസ്തീൻ ജനതയുടെ നിഷേധിക്കാനാവാത്ത അവകാശങ്ങൾ അംഗീകരിക്കുന്നതിന് തയ്യാറാവുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പലസ്തീനി ജനതയുടെ സ്വയം നിർണയാവകാശം വീണ്ടും ഊന്നിപ്പറയുന്നതിന് തയ്യാറായി. പിന്നീട് ജനറൽ അസംബ്ലി 1971ലും 72 ലും ഇത് ആവർത്തിച്ചു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിന് പാലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം അംഗീകരിക്കേണ്ടതുണ്ട് എന്ന് ആ പ്രമേയങ്ങളിൽ ആവർത്തിച്ചു പറഞ്ഞു. 1974 ൽ ഐക്യരാഷ്ട്രസഭയിലെ കൂടുതൽ അംഗങ്ങൾ പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനു വേണ്ടി നിലകൊള്ളുന്ന അവസ്ഥ ഉണ്ടായി. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പിഎൽ ഒ) ജനറൽ അസംബ്ലിയിലേക്ക് പലസ്തീനി ജനതയുടെ പ്രതിനിധിയായി നിരീക്ഷകപദവി നൽകി ക്ഷണിക്കുക എന്ന അവസ്ഥയുണ്ടായി. 1975 ൽ സയണിസം ഒരു വംശീയ പ്രത്യയ ശാസ്ത്രമാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ പ്രഖ്യാപിച്ചു. 1977 നവബർ 7 ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച 32/14 നമ്പർ പ്രമേയത്തിൽ “സ്വാതന്ത്യത്തിനുവേണ്ടി ആയുധമെടുത്ത് പോരാടുവാൻ അധിനിവേശത്തിന് ഇരയാക്കപ്പെട്ട പലസ്തീൻ ജനതകയ്ക്ക് അധികാരമുണ്ടെന്നും ആ പോരാട്ടത്തിന് നിയമസാധുതയുണ്ടെന്നും’ പ്രഖ്യാപിച്ചു.

ഹമാസ് നടത്തുന്ന സായുധ പോരാട്ടം ഭീകരവാദം അല്ലാതാവുന്നത് ഐക്യരാഷ്ട്രസഭയുടെ ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് ഹമാസിനെ ഒരു ഭീകര വാദ സംഘടനയായി ഐക്യരാഷ്ട്ര സഭ കാണാതിരിക്കുന്നത്. സയണിസ്റ്റ് അധിനിവേശത്തിനെതിരെ പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അവർ നടത്തുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × three =

Most Popular