Monday, July 22, 2024

ad

Homeകവര്‍സ്റ്റോറിമുറിയ്ക്കുള്ളിലെ ‘അദൃശ്യ’നായ ആന

മുറിയ്ക്കുള്ളിലെ ‘അദൃശ്യ’നായ ആന

കെ എസ് രഞ്ജിത്ത്

An elephant in the room എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട് . എല്ലാവർക്കും മുറിക്കുള്ളിലെ ഒരു വലിയ ജീവിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. പക്ഷേ ആരും അതിനെ കണ്ടതായി ഭാവിക്കുന്നില്ല എന്ന് മാത്രം .അന്തർദേശീയ സംഘർഷങ്ങളിൽ, വിശേഷിച്ച് പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ സാമ്രാജ്യത്വ സാന്നിധ്യം പലപ്പോഴും ഈ പ്രയോഗത്തെ അനുസ്മരിപ്പിക്കുന്നതാണ് . പലസ്തീനിലെ ജൂത അധിനിവേശത്തിന് കൂദാശകൾ ചെയ്തു കൊടുക്കുകയും അവിടെ നടക്കുന്ന പലസ്തീൻകാരുടെ ഉന്മൂലനത്തെ സർവ്വഥാ പിന്തുണയ്ക്കുകയും ചെയ്തു പോരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയാണ് ഈ പ്രയോഗം ഓർമപ്പെടുത്തുന്നത് . പശ്ചിമേഷ്യയിൽ ഇടതുപക്ഷ ചിന്തകൾ വ്യാപിക്കുമെന്ന് ഭയന്ന് പി എൽ ഓ – ഇടതു സഖ്യത്തിനെതിരെ ഹമാസിനെ സൃഷ്ടിച്ച അമേരിക്കൻ സാമ്രാജ്യത്വമാണ് മറ്റൊന്ന്. ഈ രണ്ടുകൂട്ടരും പശ്ചിമേഷ്യയിലെ ജൂത – അറബ് സംഘർഷത്തിൽ വഹിച്ച പങ്ക് സമീപകാലത്ത് ആരും ചർച്ച ചെയ്യുന്നതായി കാണുന്നില്ല .ആ ചരിത്രത്തെ സൗകര്യപൂർവം മറച്ചു വെച്ചുകൊണ്ടാണ് ഇത് സംബന്ധിച്ച ആഖ്യാനങ്ങൾ മുഴുവനും ഇന്ന് രചിക്കപ്പെടുന്നത്.

ചരിത്ര കഥനത്തിന് എല്ലാവരും തങ്ങൾക്ക് സൗകര്യമുള്ള ആരംഭ ദിനം കൊടുക്കുമെന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത . ഹമാസ് ഇക്കഴിഞ്ഞ ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതാണ് മിക്ക മനുഷ്യസ്നേഹികൾക്കും ഇന്നത്തെ പലസ്തീൻ പ്രശ്നത്തിന്റെ ആരംഭം . 2500 കുട്ടികളടക്കം 7000 പലസ്തീൻകാർ അതിനു ശേഷം അരും കൊല ചെയ്യപ്പെട്ടതിനെ ന്യായീകരിക്കുവാൻ ഇത് ധാരാളം! മാത്രവുമല്ല പതിറ്റാണ്ടുകളായി ദിനം പ്രതി ഡസൻ കണക്കിന് പലസ്തീൻകാർ കൊല ചെയ്യപ്പെട്ടു വന്നിരുന്നതും അവരുടെ വീടുകളും ഗ്രാമങ്ങൾ തന്നെയും തച്ചുതകർക്കപ്പെട്ടുകൊണ്ടിരുന്നതും ഈ മനുഷ്യ സ്നേഹികളുടെ ചിന്താലോകത്തിനപ്പുറമാണ് . പലസ്തീൻകാരുടെ മേൽ പതിക്കുന്ന മിസൈലുകൾക്കും ഇസ്രായേലിൽ പതിക്കുന്ന മിസ്സൈലുകൾക്കും രണ്ടു മൂല്യമാണല്ലോ! ഈയൊരു പശ്ചാത്തലത്തിൽ, പലസ്തീൻ പ്രശ്നത്തെ കേവല മനുഷ്യ സ്നേഹത്തിൽ നിന്നും തീവ്രവാദ ആക്രമണ ആഖ്യാനങ്ങളിൽ നിന്നും മാറ്റി നിർത്തി ചരിത്രവൽക്കരിച്ചു കാണേണ്ടത് അത്യന്താപേക്ഷമാണ് . പലസ്തീൻ പ്രശ്നത്തിന്റെ ചരിത്രപരമായ വേരുകളും അതിലുള്ള സാമ്രാജ്യത്വ താല്പര്യങ്ങളും എവിടെ വരെ നീണ്ടു ചെല്ലുന്നു എന്ന് മനസിലാക്കാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്.

യൂറോപ്പിലെ ജൂത ക്രൈസ്‌തവ സംഘർഷമാണ് സിയോണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത് . ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിക്കുന്ന ജൂതരെ പശ്ചിമേഷ്യയിലെ അവരുടെ പിതൃഭൂമിയിൽ കുടിയിരുത്തുക എന്നതാണ് സിയോണിസത്തിന്റെ ലക്‌ഷ്യം . ഹീബ്രു ഭാഷയിൽ ജെറുസലേമിന്റെ പേരാണ് സിയോൺ. അതിൽ നിന്നുമാണ് സിയോണിസം എന്ന രാഷ്ട്രീയ പദത്തിന്റെ ഉത്ഭവം . മതപരമായ വിശ്വാസഭിന്നതയുടെ പേരിലുള്ള ക്രിസ്ത്യൻ ജൂത സംഘർഷങ്ങൾ യൂറോപ്പിൽ മധ്യകാലത്ത് സാധാരണമായിരുന്നു .ആധുനിക ദേശീയതാസങ്കല്പങ്ങൾ അന്യമായിരുന്ന അക്കാലത്ത് മത-വിശ്വാസ സ്വത്വങ്ങൾക്ക് യൂറോപ്പിലെ രാഷ്ട്ര ഭരണ സങ്കല്പങ്ങളിൽ നിർണായക പ്രാധാന്യമാണ് ഉണ്ടായിരുന്നത്. ഏക ദൈവ വിശ്വാസത്തെ അടിസ്ഥാനമാക്കിയ ക്രിസ്ത്യൻ, ജൂത, ഇസ്ലാം മതങ്ങളുടെ പൊതു പിതാവായ എബ്രഹാം സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഇസ്രായേലിൽ നിന്നും ജൂതർ പുറത്താക്കപ്പെടുന്നത് ക്രിസ്തു വർഷാരംഭത്തിലെ റോമൻ അധിനിവേശത്തെ തുടർന്നാണ്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി ജൂതർ ചിതറിപ്പോകുന്നത് ഇതേ തുടർന്നാണ്. പശ്ചിമേഷ്യയിലെ ഭരണാധിപന്മാരുടെ വിശ്വാസക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിലും ജൂതർക്കെതിരായ സംഘർഷങ്ങൾ പലയിടത്തും നടന്നു വന്നിരുന്നു. റോമാക്കാർ യേശുവിനെ കുരിശിലേറ്റിയതിനു ശേഷമുള്ള ഏതാനും നൂറ്റാണ്ടുകളിൽ ക്രൈസ്‌തവ ജൂത മത വിശ്വാസികൾ തമ്മിലുള്ള സംഘർഷങ്ങൾ താരതമ്യേന കുറഞ്ഞു. ഇരുകൂട്ടരും അവരവരുടെ വിശ്വാസക്രമങ്ങളുമായി മുന്നോട്ടു പോയി.പിൽക്കാലത്ത് റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രൈസ്‌തവ മതം മാറി. ആദ്യകാല പൗരോഹിത്യ നേതൃത്വം ജൂതമതത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തെ കരുതുകയും ചെയ്തു . എന്നാൽ യേശുവിനെ തങ്ങളുടെ മിശിഹയായി അംഗീകരിക്കാൻ യഹൂദർ തയ്യാറാകാതിരുന്നത് വീണ്ടും മത സംഘർഷങ്ങൾക്ക് വഴി തെളിച്ചു .റോമാ സാമ്രാജ്യത്തിനും ക്രൈസ്‌തവ പുരോഹിത നേതൃത്വത്തിനും ഇത് സ്വീകാര്യമായിരുന്നില്ല.

തുടർന്നുള്ള മൂന്ന് നൂറ്റാണ്ടുകളിൽ (300 – 600 CE) ജൂതർക്കെതിരായ വ്യവസ്ഥാപിതമായ അതിക്രമങ്ങൾ യൂറോപ്പിലെമ്പാടും നടന്നു. ഗവണ്മെന്റ് ഉദ്യോഗങ്ങൾ വഹിക്കുന്നതിനും,കോടതികളിൽ സാക്ഷ്യം പറയുന്നതിനുമൊന്നും ജൂതർക്ക് അവകാശങ്ങൾ നൽകിയിരുന്നില്ല .ഇരുപതാം നൂറ്റാണ്ടിലുണ്ടായ ജൂതവിരുദ്ധ അതിക്രമങ്ങളുടെയും നാസി ഭീകരതയുടേയുമൊക്ക വേരുകൾ കിടക്കുന്നത് യൂറോപ്പിലെമ്പാടും പടർന്നിരുന്ന ഈ ക്രിസ്ത്യൻ ജൂത വിരുദ്ധതയിലാണ് . പിൽകാലത്ത് 1095 ൽ വിശുദ്ധ ഭൂമി മുസ്ലിങ്ങളിൽ നിന്നും തിരിച്ചുപിടിക്കാൻ ആയുധമേന്തി പോരാടാൻ പോപ്പ് ഉർബൻ രണ്ടാമൻ നടത്തിയ അഹ്വാനത്തെത്തുടർന്നുണ്ടായ കുരിശു യുദ്ധങ്ങളിലും ജൂതന്മാരുടെ ആവാസകേന്ദ്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു . പതിനാലാം നൂറ്റാണ്ടിലെ ബ്യുബോണിക് പ്ലേഗിന്റെ കാലത്തും ജൂതർക്കെതിരായ അതിക്രമങ്ങൾ വ്യാപകമായിരുന്നു .സാത്താന്റെ സന്തതികളായി പ്ലേഗ് പരത്തുന്നത് ജൂതരാണ് എന്ന വിശ്വാസത്തിന്റെ പേരിൽ ജർമനിയിലും ഓസ്ട്രിയയിലും ഒരു ലക്ഷത്തിലധികം ജൂതർ ജീവനോടെ ചുട്ടെരിക്കപ്പെട്ടു . പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റനിസം സ്ഥാപിച്ച മാർട്ടിൻ ലൂതർ 1545 ൽ പ്രസിദ്ധപ്പെടുത്തിയ ജൂത വിരുദ്ധ ലഘു ലേഖ ‘ ജൂതരും അവരുടെ വിശ്വാസങ്ങളും ‘ 1935 ൽ നാസികൾ പുനഃ പ്രസിദ്ധീകരിച്ചു.ഇത്തരത്തിൽ പതിമൂന്നാം നൂറ്റാണ്ടുമുതൽ പൗരാവകാശങ്ങൾ പലതും നിഷേധിക്കപ്പെട്ടിരുന്നതിന്റെയും പീഢിക്കപ്പെട്ടിരുന്നതിന്റെയും ചരിത്രം ജൂതർക്കുണ്ട്. ഇതിന് നേതൃത്വം നൽകിയിരുന്നത് അക്കാലത്തെ ക്രൈസ്‌തവ പൗരോഹിത്യവുമായിരുന്നു.

1873 ജർമൻ രാഷ്ട്രീയ പ്രക്ഷോഭകനായ ആൽഫ്രെഡ് ഡ്രെയ്‌ഫസാണ് ആന്റി സെമിറ്റിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് .പൊതുവായ ജൂത വിദ്വേഷത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത് . ജൂതരുടെ സവിശേഷമായ വിശ്വാസ ക്രമങ്ങൾക്കെതിരായ പ്രസ്ഥാനമായാണ് ആന്റി സെമിറ്റിസം ആരംഭിക്കുന്നത് .വംശീയ മേൽക്കോയ്മാ സിദ്ധാന്തങ്ങൾക്കും സോഷ്യൽ ഡാർവിനിസത്തിനും പ്രാരംഭം’കുറിക്കുന്നതും ഈ കാലയളവിലാണ്. റഷ്യയിലെ സാറിസ്റ്റ് ഭരണകൂടവും ജൂത വേട്ട വ്യാപകമായി നടത്തിയിരുന്നു.

ജർമനിയിലെ ജൂത നരഹത്യയുടെ കാരണങ്ങൾ വിശദമായി പഠിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ പരാജിതരായ ജർമ്മൻകാർ കടുത്ത നിരാശയിലായിരുന്നു .വിജയികളായ അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും ഫ്രാൻസിനും തങ്ങളുടെ പ്രദേശങ്ങൾ നഷ്ടപെടുത്തേണ്ടി വന്ന ദേശീയ അപകർഷതാബോധത്തിൽ നിന്നാണ് ഹിറ്റ്ലർ ആര്യവംശ മഹിമയെന്ന സങ്കല്പത്തെ മുന്നോട്ടു വെയ്ക്കുന്നതും അതിന്റെ പേരിൽ ദേശീയ വികാരം ജ്വലിപ്പിക്കുന്നതും ദേശീയ ഹീറോ ആയി ഉയരുന്നതും. ഒരു അപരത്വത്തെ സൃഷ്ടിക്കൽ ഇവിടെ അനിവാര്യമായിരുന്നു. യൂറോപ്യൻ സിരകളിൽ നൂറ്റാണ്ടുകളായി ഓടിക്കൊണ്ടിരുന്ന ജൂത വിരുദ്ധതയെ നാസികൾ ഫലപ്രദമായി വിനിയോഗിച്ചു. മധ്യകാലയുഗം മുതൽ യൂറോപ്പിലെ ക്രൈസ്‌തവർക്കിടയിൽ നിലനിന്നിരുന്ന ജൂത വിരോധത്തിൽ നിന്നും തങ്ങൾക്കാവശ്യമുള്ള ഉൻമൂലന സിദ്ധാന്തങ്ങൾ നാസികൾ സൃഷ്ടിച്ചെടുത്തു.

രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറെ പരാജയപ്പെടുത്തിയ സഖ്യകക്ഷികളിലൊന്നായ ബ്രിട്ടന്റെ ജൂത സ്നേഹം തുടങ്ങുന്നത് ഇതിൽ നിന്നുമാണ് . ഈ ജൂതസ്നേഹത്തിനു പിന്നിൽ തീർത്തും സാമ്പത്തികമായ മറ്റു പല താല്പര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ബ്രിട്ടീഷ് ഫ്രഞ്ച് കമ്പനികളുടെ അധീനതയിലായിരുന്ന സൂയസ് കനാലിന്റെ നിയന്ത്രണം നഷ്ടപ്പെടരുത് എന്ന ചിന്താഗതിയായിരുന്നു ഇതിൽ പ്രാമുഖ്യം. (ഇത് സംബന്ധിച്ച ബ്രിട്ടന്റെ ഭയം അസ്ഥാനത്തായിരുന്നില്ല എന്ന് 1956 ൽ ഈജിപ്തിലെ നാസർ ഭരണകൂടം നടത്തിയ സൂയസ് കനാൽ ദേശസാൽക്കരണം വ്യക്തമാക്കി ) . പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ മൂലധന താല്പര്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടൻ മെനഞ്ഞ തന്ത്രമാണ് പുണ്യഭൂമിയിലേക്കുള്ള ജൂതരുടെ കുടിയേറ്റം . കുടിയേറ്റത്തെക്കാളുപരി settler colonialism എന്ന് ഇതിനെ വിളിക്കുകയായിരിക്കും കൂടുതൽ അഭികാമ്യം . അമേരിക്കയിലും ഓസ്‌ട്രേലിയയിലും യൂറോപ്യന്മാർ പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രമാണ് പലസ്തീനിലും പ്രയോഗിച്ചത് . ആധുനിക ദേശരാഷ്ട്രങ്ങളെല്ലാം തന്നെ മതേതരമായി രൂപപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജൂതരാഷ്ട്രം നിർമിക്കാൻ ബ്രിട്ടീഷുകാർ നേതൃത്വം നൽകിയത് എന്നതാണ് വിചിത്രമായ മറ്റൊരു’കാര്യം . മാത്രമല്ല ക്രിസ്ത്യൻ ജൂത സംഘർഷങ്ങളുടെ ചരിത്രത്തെ ആകെ തമസ്കരിച്ച് ജൂതർക്കെതിരായ അറബ് മുസ്‌ലിം അതിക്രമം എന്നൊരു പുതിയൊരാഖ്യാനവും ഇവിടെ നിർമ്മിക്കപ്പെട്ടു.

പലസ്തീൻ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ട് നെതന്യാഹു പറയുന്നത് കഴിഞ്ഞ 3500 വർഷങ്ങൾക്ക് മുൻപ് തങ്ങൾക്ക് നഷ്ടപെട്ട ദേശം തിരിച്ചു പിടിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത് എന്നാണ്. (യൂറോപ്യൻമാർ അമേരിക്കയിലെ റെഡ് ഇൻഡ്യന്മാരെ ഉന്മൂലനം’ചെയ്ത് അവിടെ വെള്ളക്കാരുടെ അധീശത്വം ഉറപ്പാക്കിയിട്ട് ഏതാണ്ട് 500 വർഷങ്ങളെ ആയിട്ടുള്ളൂ എന്നോർക്കുക) റോമാക്കാർ തങ്ങളെ ആക്രമിച്ചു, ബൈസെന്റിയൻമാർ തങ്ങളെ ആക്രമിച്ചു,പക്ഷേ ഇവരാരും തന്നെ അറബ് മുസ്ലീങ്ങളെപ്പോലെ തങ്ങളെ തങ്ങളുടെ ഭൂമിയിൽ നിന്നും പിഴുതെറിഞ്ഞിട്ടില്ല എന്നും, ഏഴാം നൂറ്റാണ്ടു മുതൽക്കുള്ള അറബ് ആക്രമണങ്ങളാണ് ജൂതർക്ക് എല്ലാം നഷ്ടപെടുത്തിയതെന്നുെമാണ് നെതന്യാഹുവിന്റെ വാദം. എന്നാൽ ആയിരത്താണ്ടുകൾക്ക് മുൻപ് സംഭവിച്ചു എന്ന് പറയുന്ന ഈ ആക്രമണ ചരിത്ര കഥകൾ ഒന്നും തന്നെ ശാസ്ത്രീയ ചരിത്രം സാധൂകരിക്കുന്നില്ല എന്നതാണ് വസ്തുത .റോമൻ ആക്രമണമാണ് ഇന്നത്തെ പലസ്തീൻ പ്രദേശതുനിന്നും ജൂതരെ അകറ്റിയത് എന്നാണ് ആധുനിക ചരിത്രകാർ രേഖപ്പെടുത്തുന്നത് . റോമൻ കാലഘട്ടത്തിൽ 70 CE യിലാണ് ജറുസലേമിലെ ജൂത ദേവാലയം തകർക്കപെടുന്നത് .135 CE യിലെ ബാർ കൊബെച്ച കലാപത്തെത്തുടർന്നാണ് ജറുസലേമിലെ ജൂത കേന്ദ്രങ്ങൾ തകർത്ത് അവിടെ റോമൻ കോളണിയായ അലിയ ക്യാപിറ്റലോണിയ നിർമിക്കുന്നത് . വസ്തുതകൾ ഇതായിരിക്കെ പലസ്തീനിയൻ അധിനിവേശത്തിന് ആയിരത്തണ്ടുകൾക്കു മുൻപുള്ള ചരിത്രത്തിൽ നീതികരണങ്ങൾ തേടുകയാണ് നെതന്യാഹുവിന്റെ വംശ വെറി. (പ്രാചീന ഭൂതകാലത്തിൽ നിന്ന് ആധുനിക കാലത്തെ രാഷ്ട്രീയത്തിനാവശ്യമായ ആയുധങ്ങൾ തിരയുന്ന നെതന്യാഹു ഇന്ത്യയിൽ സംഘപരിവാരത്തിനും മോദി ഭരണത്തിനും പ്രിയങ്കരമാകുന്നതിൽ അത്ഭുതമില്ല).

യൂറോപ്യൻ ചരിത്രത്തിൽ ജൂതർ നേരിട്ടിരുന്ന സവിശേഷ സാഹചര്യങ്ങളെ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള ബ്രിട്ടന്റെ കുൽസിത നീക്കങ്ങളാണ് ആധുനിക കാലഘട്ടത്തിലെ പലസ്തീൻ പ്രശ്നത്തിന് തുടക്കമിടുന്നത് എന്നതാണ് യഥാർത്ഥ വസ്തുത . ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1948 വരെ , ലീഗ് ഓഫ് നേഷൻസ് നൽകിയ അനുമതിയുടെ പേരിൽ പലസ്തീൻ ഭരണം കയ്യാളിയിരുന്നത് ബ്രിട്ടനായിരുന്നു. 1918 ൽ ഒരു രാഷ്ട്രമെന്ന നിലയിൽ പലസ്തീൻ നിലവിലുണ്ടായിരുന്നില്ല . പഴയ ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്ന നാല് പ്രദേശങ്ങളായിരുന്നു ഇന്നത്തെ പലസ്തീന്റെ സ്ഥാനത്തുണ്ടായിരുന്നത് . ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്ത് സിയോണിസ്റ്റുകൾ കടുത്ത മതവിശ്വാസം വെച്ചുപുലർത്തിയിരുന്ന വളരെ ചെറിയ ഒരു വിഭാഗം മാത്രമായിരുന്നു. ഇന്നത്തെ പലസ്തീൻ പ്രദേശത്തേക്ക് കുടിയേറുക എന്ന ആശയത്തോട് മഹാഭൂരിപക്ഷം ജൂതന്മാർക്കും യോജിപ്പുമില്ലായിരുന്നു. അതിനാൽ തന്നെ ജൂത മത വിശ്വാസങ്ങളെയും രാഷ്ട്രീയ ജൂദിസത്തെയും വേർ തിരിച്ചു കാണേണ്ടതുണ്ട് . പഴയ പലസ്തീൻ പ്രദേശത്ത് 10 ശതമാനം മാത്രമായിരുന്നു ജൂതർ. ഇവരിൽ തന്നെ നല്ല പങ്കും സിയോണിസ്റ്റുകളുമായിരുന്നില്ല.

എന്നാൽ 1948ൽ ബ്രിട്ടൻ പിൻവാങ്ങുന്ന വേളയിൽ സിയോണിസം ശക്തമായ പ്രസ്ഥാനമായി വളർന്നിരുന്നു. തങ്ങളുടേതായ ദേശത്തിനുവേണ്ടിയുള്ള വാദങ്ങൾ പലസ്തീനിലെ ജൂത വിഭാഗങ്ങൾക്കിടയിൽ ഉയർന്നിരുന്നു . സമാനമായ ചിന്തകൾ അറബ് മുസ്ലീങ്ങളും ഉയർത്തി. വികസനത്തിലും സാക്ഷരതയിലും സാമ്പത്തികമായും ഏറെ പിന്നിലായിരുന്നു പലസ്തീനിലെ അറബ് വിഭാഗം .എല്ലാ അർത്ഥത്തിലും സിയോണിസ്റ്റുകളുടെ വിജയവും പലസ്തീനികളുടെ പരാജയവും സാമ്രാജ്യത്വ ബ്രിട്ടൻ ബോധപൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നു . 1917 ലെ ബാൽഫർ പ്രഖ്യാപനത്തോടെതന്നെ ഇത് മറനീക്കി പുറത്തുവന്നിരുന്നു .സിയോണിസത്തിന്റെ പരസ്യപിന്തുണയാണ് ഇതിലൂടെ ബ്രിട്ടൻ നടത്തിയത്. ജൂത വിഭാഗങ്ങളുടെ ദേശമായി പലസ്തീനെ അംഗീകരിക്കുകയായിരുന്നു ബാൽഫർ പ്രഖ്യാപനം. മാത്രമല്ല ഇത് നിലവിൽ വരുന്നതിന് സഹായകമായ നിലപാടെടുക്കുകയും ചെയ്യുമെന്ന് ഇത് വഴി പ്രഖ്യാപിച്ചു . ഈ സഹായമാണ് പിൽക്കാലത്തുണ്ടായ എല്ലാ പലസ്തീൻ പ്രശ്നങ്ങളുടെയും മാതാവ് . അനധികൃതമായ ജൂത കുടിയേറ്റങ്ങൾ, പലസ്തീൻകാരുടെ ഭൂമി കയ്യേറൽ ഇതെല്ലാം ബ്രിട്ടന്റെ ഈ സഹായത്തോടെ ആരംഭിക്കുന്നതാണ്. അന്ന് പലസ്തീനിൽ ഭൂരിപക്ഷമായിരുന്ന ജൂത ഇതരർക്ക് എന്ത് സംഭവിക്കുമെന്നോ, അവരുടെ മാതൃഭൂമി ഭാവിയിൽ എന്താകുമെന്നോ അന്ന് അധികാരം കയ്യാളിയിരുന്ന ആരും ചിന്തിച്ചില്ല. ഈ’ശൂന്യതകൾ ബോധപൂർവം സൃഷ്‌ടിച്ച ഒന്നായിരുന്നു എന്ന് വേണം കരുതാൻ. കാരണം, പലസ്തീനിൽ ഭൂരിപക്ഷം വരുന്ന അറബികളും ന്യൂനപക്ഷമായ ജൂതന്മാരും തമ്മിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള നിരന്തര സംഘർഷങ്ങൾ ബ്രിട്ടന്റെ അവിടത്തെ സാന്നിധ്യം എക്കാലത്തേക്കും ഉറപ്പുവരുത്തുമെന്ന് അവർ കരുതി. (ഇതേ കണക്കുകൂട്ടലുകൾ, ഹിന്ദു മുസ്‌ലിം സംഘർഷങ്ങൾ സൃഷ്ടിക്കുന്ന സാധ്യതകൾ, ഇന്ത്യയിലും കുറെ കാലമെങ്കിലും തങ്ങളുടെ സാന്നിധ്യം ദീർഘിപ്പിക്കാൻ സഹായിക്കുമെന്ന ധാരണകൾ അവർ വെച്ച് പുലർത്തിയിരുന്നു). ഇത് പശ്ചിമേഷ്യയിൽ തങ്ങൾക്ക്’തന്ത്രപരമായ സ്ഥാനം ഉറപ്പു വരുത്തുമെന്നും അവർ കരുതി. പലസ്തീനിലെ അറബികളിലെ വരേണ്യ വിഭാഗത്തെ ഇക്കാര്യത്തിൽ കൂടെ നിർത്താനും അവർ ശ്രമിച്ചു. എന്നാൽ സിയോണിസത്തിനു നൽകിക്കൊണ്ടിരുന്നു തുടർച്ചയായ പിന്തുണ വർഗ വ്യത്യസങ്ങളില്ലാതെ മുഴുവൻ അറബി വിഭാഗങ്ങളെയും ബ്രിട്ടനെതിരാക്കി. 1936 ലെ ആദ്യത്തെ ഇന്തിഫാദയോടെ ഇത് വ്യക്തമായി . ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെയ്ക്കപ്പെടുന്നതും പലസ്തീനിൽ നിന്നും ബ്രിട്ടൻ പിന്തിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതും ഇതേ തുടർന്നാണ്. പിന്നീട് ഐക്യരാഷ്ട്ര സഭയിലേക്ക് പലസ്തീൻ പ്രശ്നം എത്തിച്ചേർന്നപ്പോഴേയ്ക്കും ഏതാണ്ട് അപരിഹാര്യമായ രീതിയിലേക്ക് ഇത് വളർന്നു കഴിഞ്ഞിരുന്നു.

അതുവരെയും മുന്നിൽ നിന്നു കളിച്ചിരുന്നവർ പിന്നിലേക്ക് മാറി കളിക്കുന്ന കാഴ്ചയാണ് തുടർന്നിങ്ങോട്ട് കാണുന്നത്. ഒരു ഭാഗത്ത് ഇസ്രയേലിന്റെ എല്ലാ അധിനിവേശശ്രമങ്ങൾക്കും ആളും അർത്ഥവും ആയുധവും കൊടുത്ത് സഹായിക്കുമ്പോൾ, സെക്കുലർ പുരോഗമന സഖ്യങ്ങൾ പലസ്തീൻ രാഷ്ട്രീയത്തെ നയിക്കുന്ന ഒരു ഘട്ടമെത്തിയപ്പോൾ അതിനെ തകർക്കാനുള്ള നീക്കങ്ങളായി ഒരു ഭാഗത്ത്. പി എൽ ഓ യ്ക്കെതിരെ ഹമാസിനെ സൃഷ്ടിക്കാനും വളർത്താനുമുള്ള ശ്രമത്തിൽ അമേരിക്കൻ സാമ്രാജ്യത്വവും പങ്കാളികളായതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി . ഐ എസിനെയും താലിബാനേയും പാല് കൊടുത്തു വളർത്തിയ അതെ ബുദ്ധിയാണ്’ ഹമാസിന്റെ തീവ്രവാദ സ്വഭാവത്തെ വളർത്തിയെടുക്കുന്നതിൽ അമേരിക്ക കാട്ടിയത്. പി എൽ ഓ യെ തകർക്കാൻ ഒരു ഘട്ടത്തിൽ ഇസ്രായേൽ തന്നെ ഹമാസിനെ സഹായിച്ചിരുന്നു എന്നുകൂടി ഓർക്കേണ്ടതുണ്ട്.

പശ്ചിമേഷ്യയെ നിത്യ സംഘർഷ ഭൂമിയാക്കി നിലനിർത്തുകയെന്ന സാമ്രാജ്യത്വ താല്പര്യമാണ് ഇന്ന് പതിനായിരങ്ങളുടെ ജീവനും ലക്ഷങ്ങളുടെ കിടപ്പാടങ്ങളും നഷ്ടപ്പെടുന്ന നിലയിലേക്ക് വളർന്നു വലുതായിരിക്കുന്നത് എന്നതാണ് ചരിത്രം സൂക്ഷ–്മമായി പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന കാര്യം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular