Thursday, November 21, 2024

ad

Homeഇവർ നയിച്ചവർആനത്തലവട്ടം ആനന്ദൻ: തൊഴിലാളിവർഗത്തിന്റെ അനശ്വര നേതാവ്‌

ആനത്തലവട്ടം ആനന്ദൻ: തൊഴിലാളിവർഗത്തിന്റെ അനശ്വര നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

ക്ഷരാർഥത്തിൽ തന്നെ തൊഴിലാളിവർഗത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നല്ലോ ആനത്തലവട്ടം ആനന്ദന്റേത്‌. മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിൽ ഈ അടുത്തകാലം വരെ വളരെ സജീവമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തലമുറയ്‌ക്കും അദ്ദേഹം ഏറെ പരിചിതനായിരുന്നു. സമൂഹത്തിൽ ഏറ്റവും ദുരിതം സഹിച്ചിരുന്ന കയർത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവകാശസമര പോരാട്ടങ്ങളിലേക്ക്‌ അവരെ നയിക്കുന്നതിലും ആനത്തലവട്ടം വഹിച്ച പങ്ക്‌ അതുല്യമാണ്‌.

ചിറയിൻകീഴിലെ കയർപിരി തൊളിലാളികളുടെ ഒരണ കൂലി വർധിപ്പിച്ചു കിട്ടുന്നതിനുവേണ്ടിയുള്ള സമരത്തിനു നേതൃത്വം നൽകിക്കൊണ്ടാണ്‌ 1954ൽ ട്രേഡ്‌ യൂണിയൻ രംഗത്തേക്ക്‌ അദ്ദേഹം പ്രവേശിച്ചത്‌. കേവലം 17 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആനന്ദൻ അസാധാരണമായ സംഘടനാ മികവാണ്‌ കയർത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രദർശിപ്പിച്ചത്‌.

1937 ഏപ്രിൽ 22ന്‌ തിരുവനന്തപുരം ജില്ലയിൽ വർക്കല ചിലക്കൂറിൽ കേടുവിളാകത്ത്‌ വിളയിൽ വി കൃഷ്‌ണന്റെയും നാണിയമ്മയുടെയും മകനായാണ്‌ ആനന്ദൻ ജനിച്ചത്‌. താൻ ജനിച്ചത്‌ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ നായകനായ വി ഐ ലെനിന്റെ ജന്മദിനത്തിലാണ്‌ എന്ന അറിവ്‌ ആനന്ദനെ കുറച്ചൊന്നുമല്ല ആവേശഭരിതനാക്കിയത്‌. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്‌ പാർട്ടിയോടും സോഷ്യലിസ്റ്റ്‌ ആശയങ്ങളോടുമുള്ള ആഭിമുഖ്യം ആനന്ദന്‌ കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു.

സോവിയറ്റ്‌ യൂണിയൻ സന്ദർശിച്ച്‌ മടങ്ങിവന്ന എ കെ ജിക്ക്‌ ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തത്‌ ആനന്ദന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച സംഭവമാണ്‌. ചിറയിൻകീഴ്‌ സ്‌കൂളിൽ ആനന്ദൻ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലമാണത്‌. മീനാംബിക തിയേറ്ററിലെ സ്വീകരണത്തിൽ പങ്കെടുക്കാൻ തുറന്ന ജീപ്പിൽ എത്തിയ എ കെ ജി ഇരുവശങ്ങളിലും നിന്നവർക്കു നേരെ സ്‌നേഹപൂർവം കൈവീശി. ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ എ കെ ജിയെ കാണാനെത്തിയ ആനന്ദനുൾപ്പെടെയുള്ള കുട്ടികളെ നോക്കി എ കെ ജി വാത്സല്യം ചൊരിഞ്ഞു. കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവായിരുന്ന ജനാർദനൻ ആചാരിക്കൊപ്പം എ കെ ജി വേദിയിലേക്ക്‌ നീങ്ങിയപ്പോൾ ആനന്ദന്റെ മനസ്സ്‌ ആവേശംകൊണ്ട്‌ തിരതല്ലുകയായിരുന്നു.

സാധാരണക്കാരിലൊരാളായി വളരെ വേഗം മാറിയ എ കെ ജിയുടെ പ്രസംഗം ലളിതസുന്ദരവും സാധാരണക്കാരന്റെ ഹൃദയത്തിൽ ആഴത്തിൽ തറയ്‌ക്കുന്നതുമായിരുന്നു. സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള എ കെ ജിയുടെ വിവരണം ആനന്ദന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നതായിരുന്നു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ട്രേഡ്‌ യൂണിയന്റെയും നേതാക്കളുടെ പ്രസംഗം എവിടെയുണ്ടെന്നറിഞ്ഞാലും പോകുക എന്നത്‌ ആ കുട്ടി ശീലമാക്കി. പുഴ കടന്നാണ്‌ പലപ്പോഴും മീറ്റിങ്ങുകൾക്ക്‌ പോയിരുന്നത്‌. മീറ്റിംഗ്‌ കഴിഞ്ഞ്‌, അതു നടന്ന മൈതാനത്തുതന്നെ കിടന്നുറങ്ങി പിറ്റേദിവസം എത്തുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്‌. അതുമൂലം ചിലപ്പോഴൊക്കെ ക്ലാസിൽ പോകാൻ കഴിഞ്ഞില്ല; പലപ്പോഴും താമസിച്ചു മാത്രമേ സ്‌കൂളിലെത്താൻ കഴിഞ്ഞുള്ളൂ. അതോടെ ആനന്ദൻ സ്‌കൂൾ അധികൃതരുടെ നോട്ടപ്പുള്ളിയായി; സ്‌കൂളിൽനിന്ന്‌ ടിസി നൽകി പറഞ്ഞുവിടാൻ അധികം വൈകിയില്ല. വീട്ടിൽനിന്ന്‌ കുറച്ചുകൂടി ദൂരമുള്ള കടയ്‌ക്കാവൂർ സ്‌കൂളിൽ ചേർന്നു പഠിക്കാൻ അദ്ദേഹം അതോടെ നിർബന്ധിതനായി.

കടയ്‌ക്കാവൂർ സ്‌കൂളിലെ ലീഡർ
കടയ്‌ക്കാവൂർ സ്‌കൂളിൽ പഠിക്കുമ്പോൾ ആനന്ദൻ എസ്‌എഫിന്റെ സജീവ പ്രവർത്തകനായി മാറി. എസ്‌എസ്‌എൽസിക്കു പഠിക്കുമ്പോൾ സ്‌കൂൾ ലീഡറായി ആനന്ദനെ മത്സരിപ്പിക്കാൻ എസ്‌എഫ്‌ തീരുമാനിച്ചു. എന്നാൽ അധ്യാപകരുൾപ്പെടെ പല പ്രമാണിമാരും അതിനെ എതിർത്തു. ആനന്ദനെ വോട്ടുപിടിക്കാൻ പോലും സ്‌കൂളിൽ കയറ്റില്ലെന്ന്‌ അധ്യാപകർ നിലപാടെടുത്തു. അതോടെ വിദ്യാർഥികൾക്കും വാശിയായി. ഇന്റർവെൽ വേളയിൽ വിദ്യാർഥികൾ വെളിയിൽ വരുന്ന സമയത്ത്‌ ആനന്ദൻ വോട്ട്‌ അഭ്യർഥിച്ചു. സഹപാഠികളിൽ മഹാഭൂരിപക്ഷത്തിനും ആനന്ദനോട്‌ സഹാനുഭൂതിയായി. ബാബു എന്ന സ്ഥാനാർഥിക്കുവേണ്ടി അധ്യാപകരുൾപ്പെടെയുള്ളവർ വോട്ട്‌ ചോദിക്കുന്നു. വിദ്യാർഥി ഫെഡറേഷന്റെ സ്ഥാനാർഥിയായ ആനന്ദനെ വോട്ട്‌ അഭ്യർഥിക്കാൻ പോലും അധികൃതർ അനുവദിക്കുന്നുമില്ല. എന്നാൽ വിദ്യാർഥികൾ തുണച്ചത്‌ ആനന്ദനെയാണ്‌. വൻ ഭൂരിപക്ഷത്തോടെ ആനന്ദൻ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ്‌ പ്രമാണിമാരും അധ്യാപകരും ആനന്ദനെ എങ്ങനെയും സ്‌കൂളിൽനിന്ന്‌ പുറത്താക്കാൻ കൂടിയാലോചനകൾ നടത്തി. ആനന്ദന്റെ അച്ഛനെയും അവർ വിളിച്ചുവരുത്തി: ‘‘പള്ളിക്കൂടം നടത്താൻ നിങ്ങളുടെ മകൻ സമ്മതിക്കുന്നില്ല. ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം നിങ്ങളുടെ മകൻ കാരണം മുടങ്ങാൻ ഞങ്ങൾ അനുവദിക്കില്ല’’. ചിലർ അച്ഛനോട്‌ കയർത്തു. ആനന്ദൻ വീട്ടിലെത്തുമ്പോൾ അച്ഛൻ ഈ കാര്യങ്ങൾ പറഞ്ഞ്‌ മകനെ ഗുണദോഷിച്ചു. അതോടെ വീട്ടിലും പ്രശ്‌നങ്ങളായി. അദ്ദേഹം വീട്ടിൽ പോകാതായി. സുഹൃത്തുക്കളുടെ അച്ഛന്മാരാണ്‌ ആനന്ദനെ സ്‌കൂളിൽനിന്ന്‌ പുറത്താക്കാൻ ശ്രമിച്ചത്‌. അച്ഛന്മാരുടെയും മറ്റു ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച്‌ ആനന്ദനെ ചില സഹപാഠികൾ സംരക്ഷിച്ചു; അവർ ആനന്ദനെ സ്വന്തം വീട്ടിൽ താമസിപ്പിച്ചു. ആരുമറിയാതെ വീട്ടിലെ ഭക്ഷണം നൽകി.

പഠിക്കുമ്പോൾ തന്നെ നാട്ടിലെ പൊതുകാര്യ പ്രസക്തമായ സമരങ്ങൾക്ക്‌ ആന്ദൻ നേതൃത്വം നൽകി. കടയ്‌ക്കാവൂർ പ്രഭാത്‌ ടാക്കീസിനു സമീപത്ത്‌ താമസിച്ചിരുന്ന ഒരു ഈറ്റത്തൊഴിലാളി കുടുംബത്തെ കുടിയിറക്കാൻ ജന്മിമാർ ശ്രമിച്ചു. അവരുടെ വീട്ടുപകരണങ്ങൾ എടുത്ത്‌ വെളിയിലിട്ടു. കൂരയ്‌ക്ക്‌ തീവെക്കാൻ തുടങ്ങവെ ആനന്ദനും കൂട്ടുകാരും ഓടി അവിടെയെത്തി. ഒരു കാരണവശാലും കുടിയൊഴിപ്പിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന്‌ ആനന്ദൻ ജന്മിയുടെയും അയാളുടെ ഗുണ്ടകളുടെയും മുഖത്തുനോക്കി പറഞ്ഞു. അതോടെ ഒഴിപ്പിക്കാൻ വന്നവർ സ്ഥലംവിട്ടു. പിന്നീട്‌ ഈ സ്ഥലം പാവപ്പെട്ട ആ ഈറ്റത്തൊഴിലാളി കുടുംബത്തിന്‌ കുടികിടപ്പവകാശമായി ലഭിച്ചു.

കടയ്‌ക്കാവൂർ സ്‌കൂളിൽനിന്ന്‌ ആനന്ദൻ എസ്‌എസ്‌എൽസി പാസ്സായി. പക്ഷേ സ്‌കൂൾ സർട്ടിഫിക്കറ്റ്‌ നൽകാൻ സ്‌കൂൾ അധികൃതർ വിസമ്മതിച്ചു. ഒടുവിൽ ചില അധ്യാപകർ നിർബന്ധിച്ചതിനെത്തുടർന്നാണ്‌ ഹെഡ്‌മാസ്റ്റർ ആനന്ദന്‌ സർട്ടിഫിക്കറ്റ്‌ നൽകാൻ തയ്യാറായത്‌.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കയർപിരി തൊഴിലാളിയായി അദ്ദേഹം ജീവിതമാരംഭിച്ചു. ചിറയിൻകീഴ്‌ കയർത്തൊഴിലാളി യൂണിയൻ അംഗമായ അദ്ദേഹം യൂണിയന്റെ സജീവ പ്രർത്തകനായി. ഒരണ കൂലി ലഭിക്കണമെന്ന ആവശ്യമുയർത്തി കയർത്തൊഴിലാളി യൂണിയൻ സമരം നടത്തി. ആനന്ദനും ആവേശത്തോടെ അതിൽ പങ്കെടുത്തു. മുതലാളിമാർ ഗുണ്ടായിസം കൊണ്ട്‌ സമരത്തെ തകർക്കാനാണ്‌ ശ്രമിച്ചത്‌. മുതലാളിമാരുടെ ഗുണ്ടകൾ കത്തികാട്ടി തൊഴിലാളികളെ വിരട്ടാൻ ശ്രമിച്ചു. ജോലിയിൽനിന്ന്‌ പിരിച്ചുവിടുമെന്ന്‌ പലരെയും ഭീഷണിപ്പെടുത്തി. എന്നാൽ അതിനെയൊക്കെ ഇച്ഛാശക്തികൊണ്ട്‌ നേരിടാൻ തൊഴിലാളികളെ പ്രാപ്‌തരാക്കാൻ ആനന്ദനുൾപ്പെടെയുള്ള നേതാക്കൾ കഠിനമായി പരിശ്രമിച്ചു.

1956ൽ ആനന്ദൻ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി.

ഭരണവും സമരവും എന്ന പ്രഖ്യാപനം
കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ സർക്കാർ ഭരണം നടത്തുമ്പോൾ പാർട്ടിയോട്‌ അനുഭാവമുള്ള തൊഴിലാളികൾ ഗവൺമെന്റിനെതിരെ സമരം നടത്തുന്നത്‌ ശരിയോ? ഈ ചോദ്യം 1957ലെ ഇ എം എസ്‌ സർക്കാരിന്റെ കാലത്ത്‌ ഉയർന്നുവന്ന ഒരു ഗൗരവതരമായ ചോദ്യമാണ്‌. അതിനു നിമിത്തമായത്‌ ആനന്ദന്റെ പ്രവർത്തനങ്ങളും. 1958ൽ ആനന്ദന്റെ നേതൃത്വത്തിൽ കയർത്തൊഴിലാളികൾ സെക്രട്ടറിയറ്റിനു മുന്നിൽ സമരത്തിനെത്തി. സാന്പത്തികമായി ഏറ്റവും ദുരിതം സഹിക്കുന്ന കയർത്തൊഴിലാളികൾ കൂലിക്കൂടുതലിനായി നടത്തുന്ന സമരത്തിൽ ഗവൺമെന്റിന്റെ ശ്രദ്ധ തിരിക്കുക എന്നതായിരുന്നു ലക്ഷ്യം. ചിറയിൻകീഴിൽനിന്ന്‌ ട്രെയിനിലാണ്‌ തൊഴിലാളികളെ (ഏറെയും സ്‌ത്രീ തൊഴിലാളികൾ) കൊണ്ടുവന്നത്‌. തൊഴിലാളികളുമായി ആനന്ദൻ ആദ്യമെത്തിയത്‌ കമ്യൂണിസ്റ്റ്‌ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ്‌. വെളുപ്പിനെ വീട്ടിൽനിന്നിറങ്ങിയ തൊഴിലാളികളിൽ പലരും പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചിരുന്നില്ല. അതിനായി മറ്റൊരാശ്രയവുമില്ലാതെ ആനന്ദനും തൊഴിലാളികളും എത്തിയതായിരുന്നു പാർട്ടി ഓഫീസിൽ. അതിനുള്ള സൗകര്യം ലഭിക്കുകയും ചെയ്‌തു.

ആനന്ദന്റെയും കൂട്ടരുടെയും ആഗമനോദ്ദേശ്യം അറിഞ്ഞ അന്നത്തെ പാർട്ടി സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി എസ്‌ കുമാരൻ ക്ഷുഭിതനായി. പാർട്ടി ഭരിക്കുമ്പോൾ പാർട്ടിക്കാരുടെ നേതൃത്വത്തിൽ സമരമോ? ‘‘നിന്റെ പാർട്ടി മെന്പർഷിപ്പ്‌ കാണില്ല’’ എന്ന്‌ കുമാരൻ താക്കീത്‌ നൽകി.

നിശ്ചയിക്കപ്പെട്ട കൂലിയായ 9 അണ കിട്ടാതെ വന്നതുകൊണ്ടാണ്‌ തങ്ങൾ സമരത്തിനു വന്നതെന്ന ഉറച്ച ബോധ്യം ആനന്ദനുണ്ടായിരുന്നു.

പാർട്ടി സംസ്ഥാന കമ്മിറ്റി ഈ വിഷയം താമസിയാതെ ചർച്ച ചെയ്‌തു. ‘‘ഭരണവും സമരവും ഒരുമിച്ചു കൊണ്ടുപോകാൻ കമ്യൂണിസ്റ്റുകാർ നിർബന്ധിതരാകും’’ എന്ന്‌ ഇ എം എസ്‌ വ്യക്തമാക്കി. അതോടെ ആനന്ദന്റെ ആത്മാർഥതയ്‌ക്ക്‌ പാർട്ടിയുടെ അംഗീകാരമായി.

കയർപിരി തൊഴിലാളികളുടെ ശക്തമായ സമരം നടന്നുവരവെയാണ്‌ ആനന്ദന്‌ ദക്ഷിണ റെയിൽവെയിൽ ടിക്കറ്റ്‌ എക്‌സാമിനറുടെ ജോലിക്കുള്ള നിയമന ഉത്തരവ്‌ ലഭിക്കുന്നത്‌. മാസങ്ങളായി തൊഴിലാളികൾ സമരം ചെയ്‌തുവരികയാണ്‌. ഒത്തുതീർപ്പിന്റെ സാധ്യതകളൊന്നും തെളിയുന്നുമില്ല. കിട്ടിയ ജോലി സ്വീകരിക്കാൻ അച്ഛന്റെയും മറ്റു ബന്ധുക്കളുടെയും സമ്മർദം ഒരുഭാഗത്ത്‌. തൊഴിലാളികളെ തുറിച്ചുനോക്കുന്ന അനിശ്ചിതാവസ്ഥ മറുഭാഗത്ത്‌. വീട്ടിലെ മൂത്തമകനായ ആനന്ദന്‌ പ്രാരാബ്ധങ്ങൾ നിരവധി. ഒടുവിൽ ആനന്ദൻ ശക്തമായ ഒരു തീരുമാനമെടുത്തു. തൊഴിലാളികൾക്കൊപ്പം നിൽക്കുക. അവരെ ഉപേക്ഷിച്ചിട്ട്‌ എങ്ങോട്ടുമില്ല. കയർത്തൊഴിലാളികളോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം അന്ത്യംവരെ കാത്തുസൂക്ഷിച്ചു.

കയർ സഹകരണസംഘത്തിന്റെ രൂപീകരണം
1957ലെ സർക്കാർ സഹകരണമേഖലയ്‌ക്ക്‌ വലിയ പ്രാധാന്യവും പ്രചാരണവുമാണ്‌ നൽകിയത്‌. മുതലാളിമാരുടെ കണ്ണില്ലാത്ത ചൂഷണത്തിന്‌ ആശ്വാസം എന്ന നിലയിൽ കയർമേഖലയിൽ സഹകരണസംഘങ്ങൾ വ്യാപകമായി തുടങ്ങാൻ പാർട്ടി തീരുമാനിച്ചു. അതനുസരിച്ച്‌ ആനന്ദന്റെ നേതൃത്വത്തിൽ ആനത്തലവട്ടത്ത്‌ അഞ്ഞൂറുപേർ ഉൾക്കൊള്ളുന്ന ഒരു സഹകരണസംഘം രൂപീകരിച്ചു. ഒരു തൊഴിലാളിയുടെ വിഹിതം 50 പൈസയായിരുന്നു. 9.50 രൂപയുടെ വിഹിതം സർക്കാർ ഓഹരിയുമായിരുന്നു. അങ്ങനെ അഞ്ഞൂറുപേർക്ക്‌ അയ്യായിരം രൂപയുടെ ഓഹരി മൂലധനം സമാഹരിക്കപ്പെട്ടു. ഒരു സംഘത്തിനോ ഒന്നിലേറെ സംഘങ്ങൾ ചേർന്നോ തൊണ്ടും റാട്ടും വാങ്ങാൻ സാധിച്ചു. അത്‌ തൊഴിലാളികൾക്ക്‌ നൽകിയതോടെ അവർക്ക്‌ സംഘത്തിനു കീഴിൽ ജോലിചെയ്യാൻ സാധിച്ചു.

അനിരുദ്ധന്റെ മുഖ്യ തിരഞ്ഞെടുപ്പ്‌ ചുമതലക്കാരൻ
1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ ആനന്ദൻ സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്നു. കയർത്തൊഴിലാളി രംഗത്തെ നേതാക്കളും തന്റെ സഹപ്രവർത്തകരുമായ പലരും സിപിഐക്കൊപ്പം നിന്നപ്പോൾ ആനന്ദൻ സിപിഐ എമ്മിനൊപ്പം നിലകൊണ്ടു.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എം നേതാക്കളിൽ മഹാഭൂരിപക്ഷവും ജയിലിൽ കിടന്നുകൊണ്ടാണ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. ആറ്റിങ്ങൽ മണ്ഡലത്തിൽ ആർ ശങ്കറെ നേരിട്ടത്‌ കെ അനിരുദ്ധനായിരുന്നു. തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരൻ ആനന്ദനായിരുന്നു. അതേക്കുറിച്ച്‌ മുൻ എംപിയും അനിരുദ്ധന്റെ മകനുമായ അഡ്വ. എ സന്പത്ത്‌ ഇങ്ങനെ അനുസ്‌മരിക്കുന്നു: ‘‘അന്ന്‌ മൂന്ന്‌ വയസ്സുപോലുമില്ലാത്ത എന്നെ നെഞ്ചിലേറ്റി പ്രചരണരംഗത്തേക്ക്‌ കൊണ്ടുപോയവരിൽ പ്രമുഖൻ അണ്ണനായിരുന്നു (ആനത്തലവട്ടം). രാഷ്‌ട്രീയം എന്തെന്ന്‌ അറിയില്ലാത്ത ആ കുട്ടിക്ക്‌ പക്ഷേ ജയിൽ എന്തെന്ന്‌ അന്നേ മനസ്സിലായിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിനെയാണ്‌ കെ അനിരുദ്ധൻ പരാജയപ്പെടുത്തിയത്‌. ആ അട്ടിമറി വിജയം 1967ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം ആവർത്തിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല തമിഴ്‌നാട്ടിലെ ചില തിരഞ്ഞെടുപ്പുകളിലും ആനത്തലവട്ടം മുഖ്യ പ്രചാരകനായിരുന്നു. ഒന്നൊന്നര മണിക്കൂർ നീളുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രസംഗങ്ങൾ. രാഷ്‌ട്രമീമാംസയുടെയും സാന്പത്തിക ശാസ്‌ത്രത്തിന്റെയും ശാഖോപശാഖകളായി വികാസം പ്രാപിക്കുന്ന പ്രസംഗങ്ങൾ മനുഷ്യരാശിയുടെ ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. തൊഴിലും കൂലിയും സംരക്ഷിക്കുവാൻ വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും അദ്ദേഹത്തിന്റെ ജീവിതസപര്യയുടെ ഭാഗമായിരുന്നു’’.

1970ൽ കൽക്കട്ടയിൽ നടന്ന സിഐടിയു രൂപീകരണ സമ്മേളനത്തിൽ കേരളത്തിൽനിന്ന്‌ പങ്കെടുത്ത പ്രമുഖരിൽ ആനന്ദനുമുണ്ടായിരുന്നു.

കയർ വർക്കേഴ്‌സ്‌ സെന്ററിന്റെ ജനറൽ സെക്രട്ടറി
സിഐടിയുവിന്റെ തീരുമാനപ്രകാരം കയർ വർക്കേഴ്‌സ്‌ സെന്റർ രൂപീകരിക്കപ്പെട്ടു. 1971ൽ കൊല്ലത്തു നടന്ന രൂപീകരണയോഗത്തിൽ സുശീല ഗോപാലൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സി എ പീറ്ററാണ്‌ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌; ജോയിന്റ്‌ സെക്രട്ടറിയായി ആനത്തലവട്ടവും. 1972ൽ ആനന്ദൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

പട്ടിണി ജാഥകളും പണിമുടക്കുകളുമായി ഒട്ടേറെ പ്രക്ഷോഭങ്ങളാണ്‌ കയർമേഖലയിൽ തുടർന്നിങ്ങോട്ടുണ്ടായത്‌. 1972ൽ അമ്മു എന്ന തൊഴിലാളി പൊലീസ്‌ വെടിവെപ്പിൽ രക്തസാക്ഷിയായി. 1973ൽ വാഴമുട്ടത്തുനിന്ന്‌ കാസർകോട്ടേക്കും 1974ൽ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്കും 1975ൽ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്കും ആനന്ദന്റെ നേതൃത്വത്തിൽ പട്ടിണി ജാഥകൾ നടന്നു. ഇ എം എസും എ കെ ജിയും സുശീല ഗോപാലനും ഉൾപ്പെടെയുള്ള നേതാക്കൾ ജാഥയെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ എത്തിയത്‌ തൊഴിലാളികളുടെ സമരാവേശം പതിന്മടങ്ങ്‌ വർധിക്കാനിടയാക്കി.

1971ലെ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥിയായി മത്സരിച്ചത്‌ കാട്ടായിക്കോണം വി ശ്രീധറായിരുന്നു. കാട്ടായിക്കോണത്തിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ആറ്റിങ്ങലിലെത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി സി എച്ച്‌ കണാരൻ, മുഴുവൻസമയ പാർട്ടി പ്രവർത്തകനാകണമെന്ന്‌ ആനത്തലവട്ടത്തിനോട്‌ ആവശ്യപ്പെട്ടു. അതോടെ പ്രർത്തനരംഗം ആറ്റിങ്ങലിലേക്ക്‌ മാറ്റിയ ആനന്ദൻ നിരവധി യൂണിയനുകൾ ഇക്കാലത്ത്‌ സംഘടിപ്പിച്ചു. ചിറയിൻകീഴ്‌ മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ഈ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടനവധി സമരങ്ങൾ നയിച്ചു. ഓയിൽ മില്ലുകൾ, സാ മില്ലുകൾ എന്നിവിടങ്ങളിലെ തൊഴിലാളികളെയൂം തടിപ്പണിക്കാരെയും അദ്ദേഹം സംഘടിപ്പിച്ചു.

1974ൽ ചിറയിൻകീഴ്‌ പഞ്ചായത്ത്‌ പ്രസിഡന്റായി ആനന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. 1987ലാണ്‌ അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്‌. 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ ആനന്ദൻ പാട്ടുംപാടി ജയിക്കുന്ന സ്ഥിതിയായിരുന്നു. പക്ഷേ രാജീവ്‌ ഗാന്ധിയുടെ ആകസ്‌മികമായ മരണം സ്ഥിതിഗതികളെയാകെ മാറ്റിമറിച്ചു. എന്നിട്ടും വെറും 36 വോട്ടിനാണ്‌ ആനന്ദൻ അന്ന്‌ പരാജയപ്പെട്ടത്‌. 1996ലും 2006ലും അദ്ദേഹം ആറ്റിങ്ങലിൽനിന്ന്‌ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. നാടിന്റെ വികസനപ്രവർത്തനങ്ങളിൽ അദ്ദേഹം അങ്ങേയറ്റത്തെ ആത്മാർഥതയോടെ പ്രവർത്തിച്ചു. നാടിന്റെ മുഖച്ഛായതന്നെ മാറാൻ അതിടയാക്കി. സഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളെ സംബന്ധിച്ചും മറ്റു ഗഹനങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും പഠിച്ച്‌ അവതരിപ്പിക്കാൻ അസാധരണമായ പാടവംതന്നെ അദ്ദേഹം കാഴ്‌ചവച്ചു.

1985ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആനത്തലവട്ടം 2008 മുതൽ 2022 വരെ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായി പ്രവർത്തിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും സിഐടിയു സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമായിരിക്കെ 2023 ഒക്ടോബർ 5ന്‌ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു.

ലൈലയാണ്‌ ജീവിതപങ്കാളി. ജീവ ആനന്ദൻ, മഹേഷ്‌ ആനന്ദൻ എന്നിവർ മക്കൾ.

കടപ്പാട്‌: സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘സിഐടിയു കേരളചരിത്രം’ എന്ന കൃതി

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + twenty =

Most Popular