Friday, December 13, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ഫ്രഞ്ച് വിപ്ലവത്തിന്റെ അർത്ഥശാസ്ത്രം

ഫ്രഞ്ച് വിപ്ലവത്തിന്റെ അർത്ഥശാസ്ത്രം

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 13

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – മാനവ ചരിത്രത്തിൽ സുപ്രധാനമായ ഈ മൂന്ന് ആശയങ്ങൾ മുന്നോട്ടുവെച്ച ഒരു ചരിത്ര സംഭവമായിട്ടാണ് പൊതുവെ ഫ്രഞ്ച് വിപ്ലവത്തെ നോക്കിക്കാണുന്നത്.

ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ച ഘടനാപരമായ സാമൂഹിക സാമ്പത്തിക സമ്മർദങ്ങളും, അന്നത്തെ ചരിത്രപരമായ ഇടത്തിൽ നിർത്തി ഈ വാക്കുകളുടെ അർത്ഥം മനസിലാക്കാനുള്ള ശ്രമങ്ങളും ഈ മുദ്രാവാക്യങ്ങളുടെ അനശ്വരതയുടെ വായ്ത്താരിയിൽ മുങ്ങിത്താഴുകയാണ് പതിവ്.

ഇംഗ്ലണ്ടിൽ 1648ൽ നടന്ന രക്തരഹിതമായ വിപ്ലവവും ഫ്രാൻസിൽ 1789 ൽ നടന്ന രക്തരൂഷിതമായ വിപ്ലവവും വിശദമായ പഠനങ്ങൾക്ക് വിധേയമാക്കിയ ഒരാൾ മാർക്സാണ്. ഒരു പ്രത്യേക സാമൂഹിക വിഭാഗത്തിൽ നിന്നും മറ്റൊരു വിഭാഗത്തിലേക്ക് അധികാരകൈമാറ്റം നടക്കുന്ന പ്രക്രിയയെ മനസ്സിലാക്കുകയും അതിനെ സാമൂഹിക വിപ്ലവമെന്ന് പേര് വിളിക്കുകയും ചെയ്യാൻ മാർക്സിനെ പ്രേരിപ്പിച്ചത് ഈ വിപ്ലവങ്ങളാണ്. ഈ പഠനത്തിൽ നിന്നാണ് തൊഴിലാളിവർഗ വിപ്ലവമെന്ന ആശയത്തെ മാർക്സ് കരുപ്പിടിപ്പിക്കുന്നതും. ചരിത്ര സംഭവങ്ങളിൽ നിന്നും അതിൽ പങ്കാളികളായ വ്യക്തികളെയും അതിന്റെ തനതു സവിശേഷതകളെയും മറികടന്ന് അതിൽ അന്തർലീനമായ പ്രക്രിയകളെയും അതിനിടയാക്കിയ സാമൂഹിക ശക്തികളെയും നിർദ്ധാരണം ചെയ്യാനത് അവതരിപ്പിക്കാൻ സവിശേഷമായ കഴിവ് മാർക്സിനുണ്ടായിരുന്നു.

റെനിഷേ സേതുങ്ങിൽ 1848 ഡിസംബറിൽ എഴുതിയ ഒരു ലേഖനത്തിൽ ഈ ചരിത്ര സംഭവങ്ങളെ മാർക്സ് ഇങ്ങനെ അടയാളപ്പെടുത്തുന്നു. “1648ലും 1789ലും നടന്ന വിപ്ലവങ്ങൾ ഇംഗ്ലീഷ് ഫ്രഞ്ച് വിപ്ലവങ്ങളായിരുന്നില്ല, അവ യൂറോപ്യൻ ശൈലിയിൽ നടന്ന വിപ്ലവങ്ങളായിരുന്നു. പഴയ രാഷ്ട്രീയ വ്യവസ്ഥയുടെ മേൽ ഏതെങ്കിലുമൊരു സാമൂഹികവിഭാഗം നേടിയ വിജയത്തെയല്ല അവ പ്രതിനിധാനം ചെയ്യുന്നത്; പുതിയൊരു യൂറോപ്യൻ സമൂഹത്തിന്റെ ഉദയത്തെയാണ് അവ വിളംബരം ചെയുന്നത്. ഈ വിപ്ലവങ്ങളിൽ ബൂർഷ്വാസി വിജയിച്ചു എന്നത് ശരിതന്നെ, പക്ഷേ ബൂർഷ്വാസിയുടെ ഈ വിജയം പുതിയൊരു സാമൂഹിക വ്യവസ്ഥയുടെ വിജയമായിരുന്നു, ഫ്യൂഡൽ ഉടമസ്ഥയുടെ മേൽ ബൂർഷ്വാ ഉടമസ്ഥതയുടെ വിജയമായിരുന്നു, പ്രാദേശികതയുടെ മേൽ ദേശീയതയുടെ വിജയമായിരുന്നു, ഗിൽഡ് സമ്പ്രദായങ്ങളുടെ മേൽ മത്സരാത്മക വ്യവസ്ഥതയുടെ വിജയമായിരുന്നു, പൈതൃകമായി കൈമാറ്റം ചെയ്തുപോന്നിരുന്നതിൽ നിന്നും ഭൂമിയുടെ വിഭജനത്തിന്റെ മാറ്റമായിരുന്നു, ഭൂമിയുടെ ഉടമസ്ഥതയിൽ നിന്നും ഭൂ ഉടമസ്ഥനിലേക്കുള്ള മാറ്റമായിരുന്നു. അന്ധവിശ്വാസങ്ങളിൽ നിന്നും ഉൽപതിഷ്ണുതയിലേക്കുള്ള മാറ്റമായിരുന്നു, മാന്ദ്യതയിൽ നിന്നും വ്യവസായികതയിലേക്കുള്ള വിജയമായിരുന്നു, മധ്യകാലയുഗത്തിലെ മുൻഗണനാ വ്യവസ്ഥകളിൽ നിന്നും ബൂർഷ്വാ നിയമങ്ങളിലേക്കുള്ള മാറ്റമായിരുന്നു. 1648ലെ വിപ്ലവം 16‐ാം നൂറ്റാണ്ടിനുമേൽ 17‐ാം നൂറ്റാണ്ടിന്റെ വിജയമായിരുന്നു. 1789ലെ വിപ്ലവം 18‐ാം നൂറ്റാണ്ടിനു മേൽ 19‐ാം നൂറ്റാണ്ടിന്റെ വിജയമായിരുന്നു. അവ ആ കാലഘട്ടങ്ങൾ ആവശ്യപ്പെട്ടവയായിരുന്നു, അല്ലാതെ അവ എവിടെ നടന്നിരുന്നു എന്നതിൽ, ഇംഗ്ലണ്ടിലാണോ ഫ്രാൻസിലാണോ എന്നതിൽ യാതൊരു അർത്ഥവുമില്ല.

എന്തായിരുന്നു 1789ൽ ഫ്രാൻസിൽ സംഭവിച്ചത് എന്ന് ഹൃസ്വമായി മനസിലാക്കിയാൽ ഈ വിശകലനത്തിെന്റെ പൊരുൾ വ്യക്തമാകും. 18‐ാം നൂറ്റാണ്ടിൽ ഫ്രാൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. 1788ലെ കടുത്ത ശൈത്യകാലം ഗ്രാമങ്ങളെ കടുത്ത വറുതിയിലും ദുരിതത്തിലുമാഴ്ത്തി. കടുത്ത വിലക്കയറ്റം രൂക്ഷമായ ഭക്ഷ്യ ദൗർലഭ്യങ്ങൾക്കു വഴിതെളിച്ചു. ഭക്ഷ്യശാലകൾ കൊള്ളയടിക്കുകയും ഭക്ഷ്യവസ്തുക്കൾ ബലമായി കൈവശപ്പെടുത്തുകയും ചെയ്യുന്നത്‌ സാധാരണ സംഭവങ്ങളായി. 1789ൽ പ്രതിസന്ധി പിടിച്ചുനില്ക്കാൻ പറ്റാത്ത രീതിയിലേക്ക് വളർന്നു. ഭൂപ്രഭുക്കൾ നികുതി അടയ്ക്കാതായി. കർഷകർക്കാകട്ടെ നികുതിയടയ്‌ക്കുക തീർത്തും അസാധ്യവും. രാജാവായിരുന്ന ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ തീർത്തും അപര്യാപ്തനും. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ലൂയി രാജാവ് എസ്റ്റേറ്റ് ജനറലുകളുടെ മീറ്റിങ് വിളിച്ചു. ഒന്നാമത്തെ എസ്റ്റേറ്റ് പുരോഹിതരായിരുന്നു. രണ്ടാമത്തേത് ഭൂപ്രഭുക്കളും മൂന്നാമത്തേത് ബാക്കിയുള്ള പ്രമാണിമാരുമായിരുന്നു. ഭൂരിപക്ഷം ഭൂമിയും ആദ്യ രണ്ടു കൂട്ടരുടെയും കൈവശത്തായിരുന്നു. എന്നാൽ ഇവരായിരുന്നു ഏറ്റവും കുറവ് നികുതി അടച്ചിരുന്നത്. കാര്യമായ ഭൂമി കൈവശമില്ലാത്ത മൂന്നാമത്തെ കൂട്ടരാകട്ടെ കടുത്ത നികുതി അടയ്ക്കുന്നവരും.

1789 ജൂൺ 17ന് ഒരാൾക്ക് ഒരു വോട്ടെന്ന നിർദേശത്തെ ലൂയി രാജാവ് തള്ളിയതിനെത്തുടർന്ന് മൂന്നാമത്തെ എസ്റ്റേറ്റ് ദേശീയ അസംബ്ലി വിളിച്ചു. ഇതിനെ നേരിടാൻ ലൂയി രാജാവ് ജൂലൈ 11ന് സൈന്യത്തെ നിയോഗിച്ചു. എന്നാൽ ജൂലൈ 14ന് ജനങ്ങൾ ബാസ്റ്റില്ലേ ജയിൽ തകർത്ത് ആയുധങ്ങൾ പിടിച്ചെടുത്തു. പാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായി ഇത് കരുതപ്പെടുന്നു. രാജ്യമാകെ അക്രമങ്ങൾ വ്യാപിച്ചു. ഭൂപ്രഭുത്വം അവസാനിപ്പിക്കാനുള്ള ആവശ്യം പ്രക്ഷോഭകാരികൾ ശക്തമായി ഉന്നയിച്ചു. ഈ ജനകീയ മുന്നേറ്റത്തെ നേരിടാനാവാതെ പ്രഭുവർഗം പിന്തിരിഞ്ഞു. ആഗസ്റ്റ് 27ന് മനുഷ്യാവകാശ ചാർട്ടർ പുറത്തിറക്കി. സംസാരസ്വാതന്ത്ര്യം, പത്രപ്രവർത്തന സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, നിയമത്തിനു മുന്നിലുള്ള തുല്യത, വോട്ടവകാശം എന്നിവ ചാർട്ടർ മുന്നോട്ടു വെച്ചു. എന്നാൽ ഈ എല്ലാവർക്കും എന്നതിൽ അടിമകളും സ്ത്രീകളും ഉണ്ടായിരുന്നില്ല. ജനപ്രതിനിധികളാകാനായുള്ള അവകാശം ഭൂമി സ്വന്തമായുള്ളവർക്കു മാത്രമായിരുന്നു.

ജനസഭയ്ക്ക് അധികാരങ്ങൾ മുഴുവൻ നൽകിക്കൊണ്ടും രാജാവിനെ വെറുതെ പ്രതീകാത്മകമായി നിലനിർത്തിക്കൊണ്ടും അടുത്ത വേനൽക്കാലത്ത് ദേശീയ അസംബ്ലി പുതിയ ഭരണഘടന രൂപീകരിച്ചു. യൂറോപ്പ് മുഴുവൻ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ അസംബ്ലി തീരുമാനിക്കുകയും ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധത്തിലേർപ്പെടുകയും ചെയ്തു. യുദ്ധത്തിലേറ്റ തിരിച്ചടിയെത്തുടർന്ന് ലൂയി രാജാവിനെ തടവിലാക്കുകയും രാജഭരണം അവസാനിപ്പിച്ചുകൊണ്ട് ഫ്രാൻസിനെ ഒരു റിപ്ലബിക്കായി 1792ൽ പ്രഖ്യാപിക്കുകയും ചെയ്തു. 1793 ജനുവരിയിൽ ലൂയി രാജാവിനെ ശിരച്ഛേദം ചെയ്തു. തുടർന്ന് വലിയ കലാപങ്ങളിലേക്ക് ഫ്രാൻസ് വഴുതിവീണു. പ്രതിവിപ്ലവകാരികൾക്കെതിരെ ഭരണകൂടം കടുത്ത നടപടികൾ കൈക്കൊണ്ടു. ഏതാണ്ട് 40000 പേരെ വധിച്ചു. എന്നാൽ നാലു വർഷം കഴിയുമ്പോഴേക്കും പുതിയ ഭരണക്രമം നിലംപതിച്ചു. ഫ്രഞ്ച് സാമ്രാജ്യത്തിന്റെ അധിപനായി നെപ്പോളിയൻ ബോണപ്പാർട്ട് അവരോധിക്കപ്പെട്ടു.

ഈ ചരിത്രത്തിന്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ എങ്ങിനെയാണ് നോക്കിക്കാണാനാവുക. വിപ്ലവപൂർവകാലത്ത് സാമ്പത്തികവും സാമൂഹികവുമായ എല്ലാ അധികാരങ്ങളും രാജ ഭരണകൂടത്തിന്റെ കൈവശമായിരുന്നു. കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള അവകാശം, ഉത്പന്നങ്ങൾക്ക് വിലയിടാനുള്ള അവകാശം, ഉത്പാദനം, നിക്ഷേപം തുടങ്ങി മുഴുവൻ വാണിജ്യ വ്യവസായ അവകാശങ്ങളും സ്റ്റേറ്റിന്റെ രാജഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. കൃഷിയിടങ്ങളിൽ എന്ത് കൃഷി ചെയ്യണമെന്നതുവരെ രാജാവ് നിശ്ചയിച്ചിരുന്നു. പള്ളികളുടെ നിയന്ത്രണം, മതപരമായ ആഘോഷങ്ങൾ ഇവയുമെല്ലാം രാജാവ് നിശ്ചയിച്ചിരുന്നു. വലിയൊരു ബ്യുറോക്രറ്റിക് സംവിധാനത്തെയും കാര്യങ്ങൾ നിയന്ത്രിക്കാനും അനുമതികൾ’നൽകാനും ഒരുക്കിയിരുന്നു. ഉല്പാദനപ്രവർത്തങ്ങളിലും രാജാവ് നേരിട്ടിടപെടുകയും എന്ത് ഉല്പാദിപ്പിക്കണമെന്നും എത്ര ഉല്പാദിപ്പിക്കണമെന്നും തീരുമാനിക്കുകയും ചെയ്തുപോന്നു.

വലിയ ചെലവേറിയ സംവിധാനങ്ങളാണ് രാജാവ് കൈക്കൊണ്ടിരുന്നത്. സുരക്ഷയ്ക്കായി 9050 പേരടങ്ങുന്ന സേനയെ കൊട്ടാരം പണിക്കായി 4000 പേരെയും തീറ്റിപ്പോറ്റിയിരുന്നു. രാജാവിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി 383 ഓഫീസർമാരും 180 വെയ്റ്റർമാരും 128 സംഗീതജ്ഞരും 48 ഡോക്ടർമാരും ഉണ്ടായിരുന്നു. ഈ ധൂർത്ത് നടത്താനാവശ്യമായ ധനം സമാഹരിച്ചിരുന്നത് വൻതോതിലുള്ള നികുതി പിരിവിലൂടെയായിരുന്നു. ഭൂരിപക്ഷം ഭൂമിയും കൈവശം വെച്ചുപോന്നിരുന്ന പുരോഹിത – ഭൂപ്രഭുവിഭാഗങ്ങൾ എല്ലാ നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. താഴെ തട്ടിലുള്ളവരാണ് ഈ ഭാരമത്രയും പേറിയിരുന്നത്. ഉപ്പിനുമേൽ ചുമത്തിയിരുന്ന നികുതിയായിരുന്നു ഏറ്റവും വെറുക്കപ്പെട്ടിരുന്ന നികുതികളിൽ ഒന്ന്. ഗവണ്മെന്റ് നിശ്ചയിക്കുന്ന വില നൽകി ഓരോ കുടുംബത്തിലെയും ഓരോ അംഗവും 7 പൗണ്ടിന്റെ ഉപ്പ് നിർബന്ധമായും വാങ്ങേണ്ടിയിരുന്നു. ഒരുവർഷം ഇതിൽ വീഴ്ചവരുത്തിയാൽ അടുത്ത വർഷം കൂടുതൽ ഉയർന്ന നികുതി നൽകേണ്ടിയിരുന്നു. ലൂയി പതിനാറാമൻ അധികാരത്തിലേറിയ വർഷം രാജകീയ ഭരണ കൂടത്തിന്റെ കുമിഞ്ഞു കൂടിയിരുന്ന കട ബാധ്യത 2,470,000,000 ലിവർ ആയിരുന്നു. ആ വർഷത്തെ ചെലവ് 399,200,000 ലിവറും വരവ് 371,980,000 ലിവറും ആയിരുന്നു. അതായത് 27,220,000 ലിവറിന്റെ കമ്മി. വൻ തോതിൽ കടമെടുത്തായിരുന്നു ഈ കുറവ് നികത്തിയിരുന്നത്.

ഈ പ്രതിസന്ധി പരിഹരിക്കാൻ ട്യുർഗോട് എന്നൊരു സാമ്പത്തിക വിദഗ്ധനെ ധനവകുപ്പിന്റെ കൺട്രോളർ ആയി നിയമിച്ചു. ചെലവുകൾ വെട്ടിച്ചുരുക്കിയും നികുതി ഭാരം കുറച്ചും ഇത് കൈകാര്യം ചെയ്യാൻ ട്യുർഗോട് ശ്രമങ്ങൾ നടത്തി. പക്ഷേ കടുത്ത എതിർപ്പിനെത്തുടർന്ന് ട്യുർഗോട്ടിനെ ലൂയി രാജാവ് ഒഴിവാക്കി.

എസ്റ്റേറ്റ് ജനറലുകളുടെ അടിയന്തര മീറ്റിങ് വിളിക്കാൻ കാരണം ഈ കടുത്ത ധനപ്രതിസന്ധിയായിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷങ്ങളും ബാസ്റ്റില്ലേ ജയിൽ തകർക്കലുമാണ് പുതിയ സാമ്പത്തിക നയങ്ങളിലേക്ക് നീങ്ങാൻ ഫ്രാൻസിനെ നിർബന്ധിച്ചത്.

ഈ കാലത്തെക്കുറിച്ച് ഇറ്റാലിയൻ ചരിത്രകാരനായ ഗുഗ്ലിൽമോ ഫെർറോറോ പ്രിൻസിപ്പൽസ് ഓഫ് പവർ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു. “ഫ്രാൻസിലെ മുഴുവൻ ആൾക്കാരും ഒരുപോലെ കലാപത്തിലേർപ്പെട്ടു. പട്ടാളക്കാരും സന്യാസിമാരും ഉപേക്ഷിച്ചു പോയതിനാൽ ബാരക്കുകളും മഠങ്ങളും ഒഴിഞ്ഞു കിടന്നു, പട്ടാളക്കാർ നാല് വഴിക്കായി ചിതറി. നികുതികൾ ഒന്നും ആരും അടച്ചില്ല. പ്രഭുക്കളുടെയും പുരോഹിതന്മാരുടെയും കൊട്ടാരങ്ങളും ആശ്രമങ്ങളും തകർക്കപ്പെട്ടു. അതുവരെ ഭരണം കയറിയിരുന്ന ഇവർ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷരായി .”

മൂന്നുമാസത്തേക്ക് ഇനി നികുതി പിരിവ് വേണ്ടായെന്ന് ആഗസ്റ്റ് മാസത്തിൽ ദേശീയ അസംബ്ലി തീരുമാനിച്ചു. തൊഴിലുകൾ സൃഷ്ടിക്കാൻ പബ്ലിക് വർക്കുകൾ വൻതോതിൽ ആരംഭിച്ചു. പാരീസിൽ മാത്രം 160000 ലിവറിന്റെ പണികൾ ഒരു മാസത്തിനുള്ളിൽ നടന്നു. ഭക്ഷണം വാങ്ങാനായി മാത്രം 17,000,000 ലിവർ ജനങ്ങൾക്ക് നൽകി. എല്ലാ വൻകിട തോട്ടങ്ങളും പുരോഹിതന്മാർ കൈവശം വെച്ചുകൊണ്ടിരുന്ന ഭൂമിയും ദേശസാൽക്കരിച്ചു. പള്ളികളുടെ അധീനതയിലിരുന്ന ഭൂമി ഈടായി കരുതി കൂടുതൽ ‘പണം’ അച്ചടിച്ച് വിതരണം നടത്തി. തൊഴിലാളികൾക്കിടയിൽ എത്തിയ ഈ പണം വ്യവസായങ്ങൾക്ക് ഉണർവ് നൽകി. ഇത് സൃഷ്ടിച്ച പണപ്പെരുപ്പത്തെക്കുറിച്ച് പിൽക്കാലത്ത് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

പരമപ്രധാനമായത് സ്റ്റേറ്റ് ആണ് വ്യക്തികളല്ല എന്ന വസ്തുതയാണ് ഫ്രഞ്ച് വിപ്ലവം അടിവരയിട്ടു പറഞ്ഞ സംഗതി. സാമ്പത്തിക സാമൂഹിക നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന ആധുനിക ഭരണകൂട സങ്കല്പങ്ങളെയാണ് ഫ്രഞ്ച് വിപ്ലവം നിർമിച്ചെടുത്തത്.

എന്തുകൊണ്ട് ഏതാനും വർഷങ്ങൾക്കുള്ളിൽ ഫ്രഞ്ച് വിപ്ലവം തകർന്നടിഞ്ഞു. നെപ്പോളിയനെപ്പോലൊരു ഏകാധിപതി വീണ്ടും അധികാരത്തിലെത്തി. നിരവധി വ്യാഖ്യാനങ്ങൾ ഇത് സംബന്ധിച്ചുണ്ട്. വളരെ കേന്ദ്രീകൃതമായ അമിതാധികാരം കയ്യാളിയ ഒരു ഭരണകൂടത്തിന്റെ വീണുടയലായി സ്വതന്ത്ര വിപണിയുടെ വക്താക്കൾ ഇതിനെ വ്യാഖ്യാനിക്കാറുണ്ട് . അധികാര കേന്ദ്രീകരണവും സ്വാതന്ത്ര്യവും ഒരേ സമയം കയ്യാളാൻ ശ്രമിക്കുക എന്ന അസാധ്യതയാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ പതനമെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട് . മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വിപ്ലവാനന്തര ഭരണകൂടത്തിൽ ഒരു പങ്കും ഇല്ലാതെ പോയതാണ് യഥാർത്ഥത്തിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ പതനത്തിന് കാരണമായി പൊതുവെ മാർക്സിസ്റ്റ് ചിന്തകർ വിലയിരുത്തുന്നത്. ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വെച്ച മഹനീയമെന്ന് നാം ഇന്ന് കരുതുന്ന ആശയങ്ങളുടെ അക്കാലത്തെ പരിമിതമായ വ്യാഖ്യാനങ്ങളിലേക്കും ഈ പരാജയം വിരൽ ചൂണ്ടുന്നു.

The revolutions of 1648 and 1789 were not English and French revolutions, they were revolutions in the European fashion. They did not represent the victory of a particular social class over the old political system; they proclaimed the political system of the new European society. The bourgeoisie was victorious in these revolutions, but the victory of the bourgeoisie was at that time the victory of a new social order, the victory of bourgeois ownership over feudal ownership, of nationality over provincialism, of competition over the guild, of partitioning [of the land] over primogeniture, of the rule of the landowner over the domination of the owner by the land, of enlightenment over superstition, of the family over the family name, of industry over heroic idleness, of bourgeois law over medieval privileges. The revolution of 1648 was the victory of the seventeenth century over the sixteenth century; the revolution of 1789 was the victory of the eighteenth century over the seventeenth. These revolutions reflected the needs of the world at that time rather than the needs of those parts of the world where they occurred, that is, England and France.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular