നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തന കാലാവധി വരും വർഷങ്ങളിൽ അവസാനിക്കും. കൂടുതൽ സാങ്കേതിക മികവോടെ ബഹിരാകാശത്ത് ഗവേഷണം തുടരാൻ ഒരുങ്ങുകയാണ് ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയം. സമീപകാലത്ത് സജ്ജമായ ഈ നിലയത്തിന് മാനവരാശിയുടെ ഗോളാന്തര സ്വപ്‌നങ്ങൾക്ക് ശാസ്‌ത്രസാങ്കേതിക മികവിൽ പുതിയ വഴി തുറക്കാനാവും. സ്വർഗീയ കൊട്ടാരം എന്ന് വിളിപ്പേരുള്ള ടിയാൻഗോങ് ന്യൂജെൻ ബഹിരാകാശ നിലയമാണ്. ചൈനീസ് മാൻഡ് സ്‌പേയ്‌സ് ഏജൻസിയുടെ നേതൃത്വത്തിൽ 2021 മുതലാണ് നിർമാണം തുടങ്ങിയത്. ആദ്യ ദൗത്യസംഘം 2021 ജൂണിൽ നിലയത്തിലെത്തി. മൂന്നു പേരടങ്ങുന്ന സംഘം 90 ദിവസം ചിലവിട്ട് നിർമാണ പ്രവർത്തനങ്ങൾ ഉർജിതമാക്കി. 450 കിലോമീറ്റർ മുകളിലുള്ള ഭ്രമപണപഥത്തിലാണ് ടിയാൻഗോങ് ഭൂമിയെ വലംവയ്‌ക്കുന്നത്. നിലവിൽ മൂന്ന് പേരാണ് നിലയത്തിലുള്ളത്. അടുത്ത മൂന്നു പേർ കൂടി ഒക്ടോബർ 26 ന് യാത്രതിരിച്ചു. ടിയാൻഗോങ്ങിലേക്കുള്ള പന്ത്രണ്ടാമത്തെ മനുഷ്യ ദൗത്യമാണിത്. വടക്ക് പടിഞ്ഞാറൻ ചൈനയിലുള്ള ജിക്വാൻ സാററ്‌ലററ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ചൈനയുടെ ശക്തിയേറിയ റോക്കറ്റായ ലോങ്‌മാർച്ചാണ് ഷെൻഷു‐17 പേടകവുമായി കുതിച്ചത്. ടാങ് ഹോങ്‌ബോ, ടാങ് ചെങ്‌ചി, ജിയാങ് ഷിൻലിൻ എന്നിവരാണ് പുതുതായി നിലയത്തിലെത്തുക. ഇവരെത്തുന്നതോടെ നിലവിലുള്ളവർ മടങ്ങും.
നെല്ലും കൊയ്‌തു
ടിയാൻഗോങ്ങിൽ പരീക്ഷണ ഗവേഷണങ്ങൾ തുടങ്ങികഴിഞ്ഞു. ദീർഘ ബഹിരാകാശ യാത്രകളിൽ ഗഗനചാരികൾക്കാവശ്യമായ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ പരിഗണനയുണ്ട്. നാസയുടെ നിലയത്തിൽ ഇത്തരത്തിൽ നടക്കുന്ന പരീക്ഷണങ്ങളുടെ തുടർച്ചയായി ഇവയെ കാണാം. ഭാവി ഗോളാന്തരയാത്രകൾക്കുള്ള ശാസ്‌ത്ര മുതൽകൂട്ടാണ് ഇവ. സീറോ ഗ്രാവിറ്റിയിൽ പച്ചക്കറികളും നെല്ലുമെല്ലാം കൂടുതലായി ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അടുത്തകാലത്ത് ടിയാൻഗോങ്ങിൽ നടന്ന നെൽകൃഷിയുടെ വിളവെടുപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭൂമിയിൽ നിന്ന് എത്തിച്ച നെൽവിത്തുകൾ പ്രത്യേകമായി രൂപകൽപന ചെയ്‌ത ‘കൃഷിയിട’ത്തിലാണ് വിതച്ചത്. കുറഞ്ഞസമയത്തിനുള്ളിൽ അവ മുളച്ചു വളർന്നു. വിളവെടുപ്പിൽ ലഭിച്ച നെല്ല് സാധാരണ ഇനങ്ങളേക്കാൾ രുചിയും ഗുണവുമുള്ളവയായിരുന്നു എന്ന് തെളിഞ്ഞു. വിളവെടുത്ത നെല്ല് ഭൂമിയിലെത്തിച്ചായിരുന്നു ഗുണമേന്മാപരിശോധന. ടിയാൻഗോങ്ങിലെ പച്ചക്കറിതോട്ടവും വിപുലമാവുകയാണ്. ‘തലകീഴായി’ വളരുന്ന പച്ചക്കറി ഇനങ്ങളുടെ ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട നൂറിൽപരം വിത്തിനങ്ങളാണ് ഇപ്പോൾ കൃഷി ചെയ്‌തിരിക്കുന്നത്. കൂടുതൽ ഇനങ്ങൾ ഉടൻ എത്തിക്കും.
അസ്ഥിക്ഷയം പഠിക്കാൻ മത്സ്യങ്ങളും
മൈക്രോ ഗ്രാവിറ്റിയിൽ ബഹിരാകാശ യാത്രികർക്കുണ്ടാകുന്ന അസ്ഥിക്ഷയത്തെ പറ്റി പഠിക്കാൻ സീബ്രാ മത്സ്യങ്ങളെ ടിയാൻഗോങ്ങിലെത്തിച്ച് പരീക്ഷിക്കാനൊരുങ്ങുകയാണ് ചൈന. പ്രത്യേക അക്വേറിയം സ്ഥാപിച്ചു കഴിഞ്ഞു. മനുഷ്യ ജീനുകളുമായി ഏറെ പൊരുത്തമുള്ള ജീനാണ് സീബ്രാ മത്സ്യങ്ങളുടേത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് സീബ്രാ മത്സ്യത്തിനുണ്ട്. മൈക്രോഗ്രാവിറ്റിയിൽ ഇവ സ്വഭാവത്തിൽ മാറ്റം വരുത്തിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ബഹിരാകാശത്ത് ആൽഗകളും സൂക്ഷ്മാണുക്കളുമായി സീബ്രാമത്സ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് പഠിക്കും.
ബഹിരാകാശ ദൂരദർശിനികൾ
ടിയാൻഗോങ്ങിനടുത്ത് മറ്റൊരു ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന വിധത്തിൽ ബഹിരാകാശ ദൂരദർശിനി അടുത്ത വർഷം വിക്ഷേപിക്കാൻ ചൈന ലക്ഷ്യമിടുന്നുണ്ട്. അഞ്ച് പരീക്ഷണ ഉപകരണങ്ങളുള്ള ഷുന്റയൻ ദൂരദർശിനി പ്രപഞ്ച രഹസ്യങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ളതാണ്. ഹബ്ബിൾ ടെലിസ്‌കോപ്പിനേക്കാർ 300 ഇരട്ടി ശേഷി ഷുന്റയൻ ദൂരദർശിനിക്കുണ്ടാകും.
ചന്ദ്രനിൽ ഇടത്താവളം
2030 ഓടെ ചന്ദ്രനിൽ ബേയ്‌സ് ക്യാമ്പ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളും ചൈനീസ് ബഹിരാകാശ ഏജൻസി തുടങ്ങിയിട്ടുണ്ട്. ഇതിനായി അന്താരാഷ്‌ട്ര സഹകരണവും അവർ അഭ്യർഥിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം (ഐഎൽആർഎസ്)എന്ന പേരിലുള്ള പദ്ധതിയിൽ റഷ്യയടക്കമുള്ള രാജ്യങ്ങൾ പങ്കാളികളാകുന്നുണ്ട്. 2026നു ശേഷം നിർമാണ പ്രവർത്തനങ്ങളലേക്ക് കടക്കുകയാണ് ലക്ഷ്യം. ഇതു കൂടാതെ ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്യുന്ന ഓർബിറ്റിങ് സ്‌റ്റേഷനും. ഇവക്കെല്ലാം മുൻപ് ചന്ദ്രനിൽ ആളെയിറക്കുന്നതിനും പദ്ധതിയുണ്ട്. ഇവയ്‌ക്കാവശ്യമായ കരുത്തുറ്റ റോക്കറ്റ്, ലാന്റർ തുടങ്ങിയവയൊക്കെ തയ്യാറാവുന്നതായാണ് റിപ്പോർട്ടുകൾ. 2019 ജനുവരിയിൽ ചന്ദ്രന്റെ മറുപുറത്ത് ചൈന പേടകമിറക്കി പര്യവേക്ഷണം തുടങ്ങിയിരുന്നു. ചാങ് നാലും യുടു 2 റോവറും ചന്ദ്രന്റെ മറുപുറത്തിറങ്ങിയ ആദ്യ പേടകങ്ങളാണ്. 2020 നവംബറിൽ വിക്ഷേപിച്ച ചാങ് അഞ്ച് ചന്ദ്രനിലിറങ്ങി 1.73 കിലോഗ്രാം സാമ്പിളുമായി മടങ്ങിയെത്തി. ചന്ദ്രനിലെ ജലസാന്നിധ്യം, അഗ്‌നിപവർവതങ്ങളുടെ ശേഷിപ്പുകൾ തുടങ്ങിയവയെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാക്കി.
മറ്റ് ചിലതുകൂടി
ഛിന്നഗ്രഹങ്ങളെ പഠിക്കാനുള്ള ദൗത്യങ്ങളും ചൈന ലക്ഷ്യമിടുന്നുണ്ട്. ആദ്യത്തെ മീഥൈൻ ഇന്ധന റോക്കറ്റും പരീക്ഷിച്ചത് സമീപകാലത്താണ്. ലോകത്തെ ഏറ്റവും വലിയ സോളാർ റേഡിയോ ടെലിസ്‌കോപ്പ് പ്രവർത്തന സജ്ജമായിട്ടുണ്ട്. ഡയോചെങ് സോളാർ റേഡിയോ ടെലിസ്‌കോപ്പ് തെക്ക് പടിഞ്ഞാറൻ ചൈനയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 3.14 കിലോമീറ്റർ വൃത്താകൃതിയിൽ 313 കൂറ്റൻ ആന്റീനകളോടുകൂടിയ സംവിധാനമാണിത്. ചൈനീസ് അക്കാദമി ഓഫ് സയൻസിന്റെ നേതൃത്വത്തിൽ ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും ശക്തവും വലിപ്പമേറിയതുമായ ബഹിരാകാശ ദൂരദര്‍ശിനിയും സജ്ജമാകുകയാണ്. സമുദ്ര നിരപ്പിൽ നിന്ന് 4000 അടി ഉയരെയുള്ള ലെങ്‌ഗു പട്ടണത്തിലാണ് മോസി വൈഡ് ഫീൽഡ് സർവേ ടെലിസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സിംഗിൾ-ഡിഷ് റേഡിയോ ടെലിസ്‌കോപ്പായ അഞ്ഞൂറ് മീറ്റർ അപ്പെർച്ചർ സ്‌ഫെറിക്കൽ ടെലിസ്‌കോപ്പും(FAST) ലോക ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഇഷ്ടകേന്ദ്രമാണ്. തെക്ക് പടിഞ്ഞാറൻ ചൈനയിലുള്ള ഈ ഭീമൻ ടെലിസ്‌കോപ്പ് പ്രപഞ്ചരഹസ്യങ്ങളിലേക്കാണ് ദൃഷ്ടിപായിക്കുന്നത്.
അമ്പതുകളിൽ തുടങ്ങിയ ചൈനയുടെ ബഹിരാകാശ ഗവേഷണപദ്ധതികൾ ഇന്ന് വൻ കുതിപ്പിലാണ്. അമേരിക്ക, റഷ്യ എന്നിവക്കൊപ്പം ബഹിരാകാശ സാങ്കേതികവിദ്യയിൽ മുൻനിര രാജ്യമാണിന്നവർ. ♦