പശ്ചിമബംഗാളിലെ പരമ്പരാഗത തേയില തോട്ടംതൊഴിലാളി കുടുംബങ്ങളിലെ പുതുതലമുറ ബദൽ ജീവിതവഴികൾ തേടുകയാണ്. പ്രത്യേകിച്ചും തേയിലകൃഷിക്കു പേരുകേട്ട അലിപുർ ദുവാർ മേഖലയിൽ. അലിപുർദുവാറിൽ 64 തേയിലത്തോട്ടങ്ങളുണ്ട്. ഇവിടത്തെ തൊഴിലാളികളിലേറെയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. ട്രേഡ്യൂണിയനുകളുടെ കണക്കനുസരിച്ച് 80 % ലധികവും ഈ വിഭാഗത്തിൽപ്പെട്ടവരാണ്.
ബംഗാളിലെ തേയില തോട്ടംതൊഴിലാളികൾ ദീർഘനാളായി പട്ടിണിക്കെതിരായ പോരാട്ടത്തിലാണ്. തേയില തോട്ടങ്ങളോരോന്നായി ശിങ്കിടി മുതലാളിമാരും മൈക്രോഫിനാൻസ് സ്ഥാപനങ്ങളും കൂടി കവർന്നെടുക്കുകയാണ്. ബംഗാളിലെ തേയിലത്തോട്ടങ്ങൾ ഏകദേശം 240,000 ഏക്കറിലായി (97,280 ഹെക്ടർ) വ്യാപിച്ചുകിടക്കുന്നു. മൊത്തം പ്രതിവർഷം 226 ദശലക്ഷം കിലോ തേയില ഉൽപാദിപ്പിക്കുന്നു. ഇത് ഇന്ത്യയിലെ മൊത്തം തേയില ഉൽപാദനത്തിന്റെ നാലിലൊന്ന് വരും. പുരുഷന്മാർ കൂടുതലും കുടിയേറ്റത്തൊഴിലാളികളായി അന്യനാടുകളിലേക്കു പോയതിനാൽ ഈ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ 80% വും സ്ത്രീകളാണ്. കേരളം, തമിഴ് നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിനം 400 രൂപയിലേറെ കൂലി ലഭിക്കുമ്പോൾ പശ്ചിമ ബംഗാളിൽ ഇത് വെറും 232 രൂപയാണ്. കാലങ്ങളായി ലയങ്ങളിൽ താമസിക്കുന്ന ഇവർക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
തൊഴിൽസാഹചര്യത്തിന്റെ കാര്യമെടുത്താലും കൂലിനിരക്കിലായാലും തേയില തോട്ടംതൊഴിലാളികൾ കടുത്ത അവഗണനയാണ് നേരിടുന്നത്. മിനിമംകൂലി ലഭിക്കണമെങ്കിൽ ഒരു തൊഴിലാളി ഏകദേശം 26-24 കിലോ തേയില നുള്ളണം. പലപ്പോഴും അതിനു കഴിയാതെ വരുന്നു. കൂലി കുറയ്ക്കാനുള്ള മുതലാളിമാരുടെ തന്ത്രമാണിത്. എന്നാൽ കൂലി വെട്ടിക്കുയ്ക്കുന്നതിന്റെ പഴി തൊഴിലാളിയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്നു. ഇത്തരത്തിൽ ഏകദേശം 30 ശതമാനം പേരും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിച്ചേരും. എത്ര നടുവൊടിഞ്ഞു അധ്വാനിച്ചാലും തൊഴിലാളിക്ക് കൂലി തുച്ഛം മാത്രം.
ഇങ്ങനെ വളരെ പരിതാപകരമായി കുടുംബം മുന്നോട്ടു പോകുന്ന തേയില തോട്ടംതൊഴിലാളികളുടെ പുതു തലമുറ മാറി ചിന്തിക്കുന്നതിന്റെ ദൃഷ്യടാന്തമാണ്, ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിലെ ഇടിവും ഈ പുതുതലമുറ പുതിയ തൊഴിൽ മേഖലകൾ തേടുന്നതും. ഇത്തരത്തിൽ എടുത്തുപറയത്തക്ക മാറ്റത്തിന്റെ കഥയാണ് ടീ ഡിസ്‌ട്രിക്റ്റ് എന്നറിയപ്പെടുന്ന അലിപൂർ ദുവാഗിനു പറയാനുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും ഇവിടത്തെ കുട്ടികൾ എംബിബിഎസ് ഉൾപ്പെടെയുള്ള പഠനങ്ങൾക്ക് യോഗ്യതനേടി. പല തോട്ടംമേഖലയിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുണ്ടെങ്കിലും ഫീസ് താങ്ങാൻ കഴിയാത്തതുമൂലം വിദൂരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. കോളേജുകളുടെ സ്ഥിതിയും അതുതന്നെ. കോച്ചിങ് സെന്ററുകളിൽ പോകണമെങ്കിൽ 25 കിലോമീറ്ററോളം സഞ്ചരിക്കണം. ഒരു ദിവസം 200 രൂപവേണം യാത്രാച്ചെലവിന്. ദിവസം 250 രൂപ കൂലിക്ക് ജോലിചെയ്യുന്ന തൊഴിലാളിക്ക് ഇത് ഒരു തരത്തിലും താങ്ങാൻ കഴിയില്ല. പല കുടുംബങ്ങളിലും ഒരംഗത്തിനു മാത്രമാണ് സ്ഥിരം ജോലി ലഭിക്കുന്നത്. രണ്ടാമത്തെയാളിന് താൽകാലിക ജോലിയേ ലഭിക്കുന്നുള്ളൂ. അതും വർഷത്തിൽ മൂന്നു മാസം താൽകാലിക ജോലിക്കാർക്കാണെങ്കിൽ ദിവസം 240 രൂപയേ കൂലിയായി ലഭിക്കൂ.
തൊഴിലാളികളായ രക്ഷിതാക്കൾ തങ്ങളുടെ മക്കൾക്ക് ഈ സ്ഥിതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ “ ഞങ്ങൾക്ക് ഭക്ഷണം തികയാതെ വന്നപ്പോഴും ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ പിഠിപ്പിച്ചു.” എന്ന് തൊഴിലാളികൾ പറയുന്നത്. “ഞങ്ങളുടെ കുട്ടികൾ ഞങ്ങളുടെ പാതയിൽ നിന്നും മാറി സഞ്ചരിക്കുന്നു.” ഇതിന് ആ രക്ഷിതാക്കളും കുട്ടികളും വലിയ പോരാട്ടംതന്നെ നടത്തുകയാണ്. പല കുട്ടികളും ടീച്ചറും എഞ്ചിനീയറും ഡോക്ടറുമൊക്കെയാകാനുള്ള തയ്യാറെടുപ്പിലാണ്. ♦